മുഹമ്മദ് ദിൽഷാദ്, എടപ്പറ്റ
സാർവ്വജനീനമായ നാഗരിക പൈതൃകം ക്രമപ്രവൃദ്ധമായ മനുഷ്യ ബുദ്ധി വികാസത്തിൻ്റെ രൂപരേഖ കൂടിയാണ്. അതിനെ ഏകമാനികമായി ചുരുക്കുന്നത് ദൗർഭാഗ്യകരമാണ്. നവോത്ഥാനവും ജ്ഞാനോദയവും പരുവപ്പെടുത്തിയ ബൗദ്ധിക മണ്ഡലത്തിൽ നിന്നുകൊണ്ട്, ലോകത്തോളം പടർന്ന് പന്തലിച്ച പാശ്ചാത്യ നാഗരികതക്ക് സഹകാരിയായ പൂർവ്വ നാഗരികതകളെ വിസ്മരിക്കുന്നത് കടുത്ത അനീതിയാണ്. വൈജ്ഞാനിക അധികാരമാണ് ലോകത്തിൻ്റെ രാഷ്ട്രീയ അധികാരത്തെ നിർണ്ണയിച്ചുപോന്നിട്ടുള്ളത്. യൂറോപ്യൻ മേധാവിത്വത്തിന് മുമ്പ് അത് മുസ്ലിം കേന്ദ്രീകൃതമായിരുന്നെങ്കിൽ, ഇന്നതിൻ്റെ നേരവകാശികളായി വാഴ്ത്തപ്പെടുന്നത് പാശ്ചാത്യൻ വ്യവഹാരങ്ങളാണ്. ഇവിടെയാണ് ഇബ്നു ഖൽദൂൻ്റെ “Every civilization builds upon what came before” എന്ന തത്ത്വം പ്രസക്തമാകുന്നത്. ഈ മൗലിക അടിത്തറയിൽ നിന്ന് കൊണ്ട് യൂറോപ്യൻ വടവൃക്ഷത്തിൻ്റെ ഉള്ളകങ്ങൾ ചികഞ്ഞ് ചെല്ലുമ്പോൾ അതിൻ്റെ അടിവേര് ഊന്നി നിൽക്കുന്ന അന്ദലൂസിൻ്റെ നഗര ചത്വരങ്ങൾ ദൃശ്യമാകും.
നാഗരിക നിർമ്മിതിയിലെ അന്ദലൂസിയൻ മാതൃക
ഭൗമ രാഷ്ട്രീയ ഭൂപടത്തിൽ പോർച്ചുഗലും സ്പെയിനും ഉൾക്കൊണ്ട ഐബിരിയൻ പെനിൻസുലയാണ് ചരിത്ര പ്രസിദ്ധമായ അന്ദലൂസ്. എ. ഡി 711-ൽ വിസിഗോത്തുകളെ പരാജയപ്പെടുത്തി ഉമവി സൈന്യാധിപനായിരുന്ന ത്വാരിഖു ബ്നു സിയാദിൻ്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ കീഴടക്കിയ അന്ദലൂസ്, വൈജ്ഞാനിക നിർമ്മിതിയുടെ കേന്ദ്രവും യൂറോപ്പിലേക്കുള്ള വിജ്ഞാന പ്രസരണത്തിന്റെ വാതായനവുമായിത്തീർന്നു. ഇസ്ലാംമതവും അറബിഭാഷയും പരുവപ്പെടുത്തിയ അടിത്തറയിൽ നിന്ന് രൂപംകൊണ്ട ഈ നാഗരിക സ്വരൂപം, വിജ്ഞാന സേവകരായ ഭരണാധിപന്മാരുടെ പിന്തുണയോടെ, കഴിവുറ്റ പണ്ഡിതന്മാരുടെ സേവനഫലമായി അനവധി വിജ്ഞാനങ്ങളുടെ കിഴക്കിൽ നിന്നും പടിഞ്ഞാറോട്ടുള്ള ഒഴുക്കിന്റെ മാർഗ്ഗമായിത്തീർന്നു. മതവിജ്ഞാനങ്ങൾക്കപ്പുറം ഭൗതികവിജ്ഞാനങ്ങളിലേക്കും വ്യാപിച്ച അന്ദലൂസിന്റെ വൈജ്ഞാനിക ഉൽക്കർഷം ശാസ്ത്രം, സാഹിത്യം എന്നിവയിൽ നൽകിയത് വലിയ സംഭാവനകളാണ്. രാഷ്ട്രീയ സ്ഥിരതയുടെ ശാക്തിക കാലമായിരുന്ന ഉമയ്യദ് ഭരണകാലത്തും, അരക്ഷിതവും സംഘർഷഭരിതവുമായിരുന്ന മുലൂക് ത്വവാഇഫ് ഭരണത്തിലും, ശേഷമുള്ള മുറാബിതൂൻ, മുവഹ്ഹിദൂൻ കാലഘട്ടവും അതിജീവിച്ച ഈ നാഗരിക പൈതൃകം, ബനു അഹ്മാറിന്റെ കീഴിൽ ഗ്രാനഡയിലേക്ക് ഒതുങ്ങിയ അന്ദലൂസിൻ്റെ അവസാന രണ്ട് നൂറ്റാണ്ടിലും സജീവമായി തുടർന്നു. Legacy of Islam എന്ന ഗ്രന്ഥത്തിൽ തോമസ് അർനോൾഡും ആൽഫ്രഡ് ഗുലോമും പ്രതിപാദിക്കുന്നത് ഇതിൻറെ വസ്തുതാ വിവരണമാണ്: “യൂറോപ്യന്മാർ ഭൗതികവും ആത്മീയവുമായ അനേകം പ്രശ്നങ്ങളിൽ ഉലയുമ്പോൾ അന്ദലൂസിലെ മുസ്ലിങ്ങൾ വലിയ ഒരു നാഗരികത കെട്ടിപ്പടുത്ത് കൃത്യമായ സാമ്പത്തിക അഭിവൃദ്ധിയിലായിരുന്നു. അവർ സയൻസ്, ഫിലോസഫി, കവിത, കല എന്നിവയിൽ വലിയ സംഭാവനകൾ നൽകി.” (Legacy of Islam 1963 11:10)
നാഗരിക പൈതൃകത്തിന്റെ ശക്തമായ സ്വരൂപമാക്കി അന്ദലൂസിനെ മാറ്റുന്നതിന് കാതലായ പങ്കുവഹിച്ച അനേകം പണ്ഡിതർ ദൃശ്യമാണ്. ഗ്രാനഡ, ടോളിഡോ, സെവില്ല, കൊർഡോവ എന്നിവിടങ്ങളിലെ യൂണിവേഴ്സിറ്റികൾ പണ്ഡിതന്മാരെ വാർത്തെടുക്കുന്ന കേന്ദ്രങ്ങളായിരുന്നു. വിവർത്തന മുന്നേറ്റങ്ങളിലൂടെ പൂർവ്വ നാഗരികതകളെ തൊട്ടറിഞ്ഞ അവർ ഗ്രീക്ക്-പേർഷ്യൻ ഗ്രന്ഥങ്ങളെ പരിചയപ്പെട്ടു. അന്ധമായി അവയെ അനുകരിക്കുന്നതിനപ്പുറം അവയെ പുനർനിർവചിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ഇബ്നു തുഫൈലും ഇബ്നു ബഷ്കവാലും ഇബ്നു റുഷ്ദും ഇബ്നു ബാജയും ഇബ്നു ഹസ്മും തുടങ്ങിയ പണ്ഡിതവൃന്ദം അതിലെ പ്രഗത്ഭരാണ്. അവറോസ് (Averroes) എന്ന പേരിൽ പാശ്ചാത്യലോകത്ത് ചിരപരിചിതനായ ഇബ്നു റുഷ്ദ് “പ്ലാറ്റോയുടെ ദി റിപബ്ലിക്” എന്ന ആശയത്തിന് വ്യാഖ്യാനം എഴുതുകയും, തഹാഫുത്ത് അൽ തഹാഫുത്ത് (Tahafut al-Tahafut / The Incoherence of the Incoherence) എന്ന ഗ്രീക്ക് ഫിലോസഫിയെ സംബന്ധിക്കുന്ന ആധികാരിക ഗ്രന്ഥം രചിക്കുകയും ചെയ്തു. ‘Commentator of Aristotle’ എന്ന അപര നാമത്തിൽ വിശ്രുതനായ ഇദ്ദേഹം തർക്കശാസ്ത്രം (Logic), ഇസ്ലാമിക് ഫിലോസഫി, നിയമം, വൈദ്യശാസ്ത്രം എന്നീ വിഷയങ്ങളിലും ശ്രദ്ധേയ സാന്നിധ്യമാണ്. ‘ഹയ്യ് ബ്നു യഖ്ളാൻ’ ഇബ്നു തുഫൈലിന്റെ ഫിലോസഫിക്കൽ ശ്രേണിയിലെ പ്രശസ്ത ഗ്രന്ഥമാണ്. ഇത്തരം രചനകളിൽ നിന്നാണ് യൂറോപ്പ്യർ ഗ്രീക്ക് ഫിലോസഫിയെ അടുത്തറിയുന്നത്. ലാറ്റിനിലേക്കും ഹീബ്രുവിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥങ്ങൾ റോമൻ സംസ്കാരത്തിൻ്റെ തകർച്ചയോടെ യൂറോപ്പിന് കൈമോശം വന്ന വിജ്ഞാനീയങ്ങളെ തിരികെ നൽകി. അദ്ദേഹത്തിൻറെ ലാറ്റിൻ പരിഭാഷകൾ ‘Omnia opera cum commentariis Averrois’ എന്നപേരിൽ 1967-ൽ പുന:പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
സ്പാനിഷ് ഓറിയൻ്റലിസ്റ്റായിരുന്ന ജൂലിയൻ റബാർ പറയുന്നു: “അന്ദലൂസിലെ ജനങ്ങളായിരുന്നു ശാസ്ത്രത്തിലും കലയിലും സാഹിത്യത്തിലുമെല്ലാം ഇടപെടുകയും അതിനെ ജീവസ്സുറ്റതാക്കുകയും ചെയ്തിരുന്നത്. സാങ്കേതികവിദ്യയിലും ഫിലോസഫിയിലും സാഹിത്യരംഗത്തും യൂറോപ്പ് ഇടപെടുകയും കൈവെച്ചു തുടങ്ങുകയും ചെയ്യുന്നതിന് മുമ്പ് തന്നെ വൈദ്യശാസ്ത്രം, പോയറ്ററി എന്നിവയിൽ അന്ദലൂസ് വലിയ സംഭാവനകൾ നൽകിയിരുന്നു” (Julian Ribera y Tarrago Disertaciones y opusculos, Madrid, 1928, Vol. I). ചരിത്ര വിജ്ഞാന രംഗത്ത് അൽ റാസി, ഇബ്നു അബ്ദുറബ്ബ്, ഇബ്നു ഖത്തീബ്, അബൂ ഉബൈദുള്ളാഹ്, അൽബക്രി, അൽ മർവാൻ തുടങ്ങിയവർ ഉദാഹരണങ്ങളാണ്. സാമൂഹ്യശാസ്ത്ര വിജ്ഞാന ശാഖക്ക് അടിത്തറയിട്ട ഇബ്നു ഖൽദൂനും അദ്ദേഹത്തിൻറെ ‘മുഖദ്ദിമ’ എന്ന ഗ്രന്ഥവും അവിസ്മരണീയമാണ്. ചരിത്രവിജ്ഞാനങ്ങളിലേക്ക് വ്യാപിക്കുന്ന അദ്ദേഹത്തിൻറെ സിദ്ധാന്തങ്ങൾ പിൽക്കാല യൂറോപ്പ്യൻ പണ്ഡിതർക്ക് അവലംബമായിരുന്നു. ലിസാനുൽ ദീൻ ഇബ്നുൽ ഖത്വീബും അബു മർവാനുബ്നു സുഹ്റും വൈദ്യശാസ്ത്രത്തിലെ ശോഭിക്കുന്ന മുഖങ്ങളിയിരുന്നു. അക്കാലത്തെ അന്ദലൂസിലെ ഭിഷഗ്വരന്മാർ ശസ്ത്രക്രിയ, മെഡിസിൻ, ഫാർമസി എന്നീ രംഗങ്ങളിൽ വിദഗ്ധരായിരുന്നു. ആധുനിക ശസ്ത്രക്രിയക്ക് സമാനമായ രീതിശാസ്ത്രം അവർ വികസിപ്പിച്ചു. അതുകൊണ്ട് തന്നെ അന്ദലൂസിൻ്റെ ഉത്തരഭാഗങ്ങളിൽ നിന്നും യൂറോപ്പിൻ്റെ ഇതര ഭാഗങ്ങളിൽ നിന്നും ഭരണാധികാരികളും സാധാരണക്കാരും ഒരുപോലെ ഇവിടങ്ങളിലേക്ക് ചികിത്സ തേടി എത്തിയിരുന്നു. അൽ ഗാഫിക്കിയുടെ ‘അൽ അദവിയ്യ’ തുടങ്ങിയ ഗ്രന്ഥങ്ങൾ ഈ കാലത്തെ പ്രധാനപ്പെട്ട വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളായിരുന്നു. ഗോളശാസ്ത്രത്തിൽ പ്രഗത്ഭരായ അബൂ ഇസ്ഹാഖ് അൽ സർഖാലി, നൂറുദ്ദീൻ അൽ ബീത്റൂജി തുടങ്ങിയവർ പ്രമുഖ പണ്ഡിതരാണ്. ടോളിഡോ ടേബിൾ എന്ന ഗ്രന്ഥത്തോടൊപ്പം, അസ്തൂർലാബ് എന്ന ഗോള നിരീക്ഷണ ഉപകരണം പരിഷ്കരിച്ച അൽ സർഖാലിയും, റൈറ്റ് സഹോദരന്മാർക്കു നൂറ്റാണ്ടുകൾക്ക് മുമ്പ് റുസാഫയിലെ പള്ളി മിനാരത്തിൽ നിന്ന് പരീക്ഷണ പറക്കൽ നടത്തിയ അബ്ബാസുബ്നു ഫർനാസും ഇസ്ലാമിക് സ്പെയിനിന്റെ തിളക്കമുള്ള അധ്യായങ്ങളാണ്.
വിവർത്തന ഉദ്യമങ്ങളുടെയും ശാസ്ത്രീയ പരീക്ഷണങ്ങളുടെയും ഗവേഷണ പഠനങ്ങളുടെയും കേന്ദ്രമായി പരിലസിച്ച നഗരങ്ങളായിരുന്നു ഗ്രാനഡയും, ടോളിഡോയും, ഖുർത്തബയും (കൊർഡോവ). വൈദ്യശാസ്ത്രം, സാങ്കേതിക വിദ്യാഭ്യാസകേന്ദ്രങ്ങൾ, കെമിക്കൽ ലബോറട്ടറികൾ, ഒബ്സർവേറ്ററികൾ എന്നിവയാൽ സമ്പുഷ്ടമായിരുന്ന ഈ നഗരങ്ങൾ അറിവിൻറെയും സംസ്കാരത്തിന്റെയും ഗവേഷണങ്ങളുടെയും വിളക്കുമാടമായിരുന്നു. ആർക്കിടെക്ചർ, സിവിൽ എൻജിനീയറിങ് വൈദഗ്ധ്യവും അവിടങ്ങളിലെ പള്ളികളിലും കെട്ടിടങ്ങളിലും കൊട്ടാരങ്ങളിലും പ്ലാൻഡ് സിറ്റികളിലും ദൃശ്യമാണ്. അബ്ദുറഹ്മാൻ നാസ്വിർ നിർമ്മിച്ച അൽ സഹ്റാ പട്ടണവും, ഖസ്റ് അൽ ഹംറയും കോർഡോവ പള്ളിയും മുസ്ലിം വാസ്തുവിദ്യ വൈദഗ്ധ്യത്തിൻ്റെ മൂർത്ത രൂപങ്ങളാണ്. പത്താം നൂറ്റാണ്ടിൽ യൂറോപ്പിലെ ഏറ്റവും കൂടുതൽ സംസ്കാരം സിദ്ധിച്ച നഗരമായിരുന്നു കൊർഡോവ. 70 ലൈബ്രറികളും 900 പൊതു സ്നാന ഗേഹങ്ങളും ഉണ്ടായിരുന്ന ആ നഗരങ്ങളിലേക്ക് വെള്ളം കൊണ്ടുവരാൻ പ്രത്യേക ഫൗണ്ടനുകളും പൊതുവായതും സ്വകാര്യവുമായ കുളിപ്പുരകളും ഉണ്ടായിരുന്നു.
ഇസ്ലാമിക നാഗരികതയേയും, അന്നത്തെ യൂറോപ്പിന്റെ ഭൗതിക സാഹചര്യത്തെയും പ്രൊഫസർ വിക്ടർ റോബിൻസണിൻ്റെ താരതമ്യം ഇവ്വിഷയകമായ വ്യക്തമായ വിവരം നൽകുന്നതാണ്: “യൂറോപ്പ് പകൽ വെളിച്ചത്തിലും അന്ധകാരത്തിൽ ഉലയുകയായിരുന്നു. അന്നേരം കൊർഡോവ പൊതുവിളക്കുകളാൽ ഒരുങ്ങി നിൽക്കുകയായിരുന്നു. യൂറോപ്പ് വൃത്തിഹീനമായിരുന്നെങ്കിൽ, കൊർഡോവയിൽ ആയിരക്കണക്കിന് കുളിപ്പുരകൾ ഉണ്ടായിരുന്നു. യൂറോപ്യൻ പാതകൾ മണ്ണ് നിറഞ്ഞതായിരുന്നെങ്കിൽ, കൊർഡോവയിലേത് കല്ലുവിരിച്ചതായിരുന്നു. അന്ദലൂസിലെ കെട്ടിട നിർമ്മാണം മനോഹരവും കൊത്തുപണികൾ നിറഞ്ഞതുമായിരുന്നു. ശരീരത്തിലെ മാലിന്യം അലങ്കാരമായിക്കണ്ട യൂറോപ്യർ രോഗാണുക്കളുടെ പിടിയിലായിരുന്നെങ്കിൽ, അന്ദലൂസിലെ ജനങ്ങൾ ദിനേന കുളിക്കുന്നവരും ദേഹശുദ്ധി വരുത്തുന്നവരുമായിരുന്നു. യൂറോപ്പിലെ ആളുകൾക്ക് തങ്ങളുടെ പേരുകൾ പോലും എഴുതാൻ അറിയാതിരുന്ന കാലത്തിൽ അന്ദലൂസിൽ ചെറിയ കുട്ടികളടക്കം വിദ്യാലയങ്ങളിൽ പോയി അക്ഷരാഭ്യാസവും അറിവും ഉള്ളവരായിരുന്നു” (Victor Robinson, The Story of Medicine, New York, 1931). ഈ നാഗരിക ഉദ്ധാനം കൊർഡോവയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല, മറിച്ച് അന്ദലൂസിലെ മറ്റു നഗരങ്ങളിലും സമാനമായ സ്ഥിതിവിശേഷം തന്നെയായിരുന്നു. ഈ നാഗരിക മാതൃകയെ നേരിട്ട് അനുഭവിച്ച യൂറോപ്യരിൽ വളരാനും ചിന്തിക്കാനുമുള്ള ത്വരയുണ്ടായത് സ്വാഭാവികത മാത്രം. അവരുടെ വൈജ്ഞാനിക നാഗരിക വാതായനമായി അന്ദലൂസ് പരിലസിച്ചത് കാലഘട്ടത്തിൻ്റെ നീതിയായിരുന്നു.
അന്ദലൂസ് യൂറോപ്പിനെ സ്വാധീനിച്ച വിധം
ചർച്ചിന്റെയും പൗരോഹിത്യത്തിന്റെയും ആധിപത്യത്തിൽ കഴിഞ്ഞിരുന്ന മധ്യകാല യൂറോപ്പ് ശാസ്ത്രീയ അന്വേഷണങ്ങൾക്കും ബൗദ്ധിക ആദാന പ്രദാനങ്ങൾക്കും വിഘ്നം നിന്നിരുന്നു. പൗരോഹിത്യവും ചർച്ചും പറയുന്നതിനപ്പുറം ചിന്തിക്കാനോ അവരുടെ വാചാടോപങ്ങളിലെ അബദ്ധങ്ങളും ശരികേടുകളും തുറന്നുകാട്ടുന്നതിനോ സാധാരണക്കാരന് അനുവാദമുണ്ടായിരുന്നില്ല. അത്തരം നീക്കങ്ങളെ കായികമായി തന്നെ നേരിടുന്നതായിരുന്നു അധികാരിവർഗ്ഗത്തിൻ്റെ രീതിശാസ്ത്രം. വിജ്ഞാനത്തെ പൂർണമായും പൗരോഹിത്യത്തിന്റെ കുത്തകയാക്കി പ്രതിഷ്ഠിക്കുകയും അവർ പറയുന്നത് മറ്റുള്ളവർക്ക് വേദവാക്യമാവേണ്ടുന്ന സാമൂഹിക പരിതസ്ഥിതിയിൽ ചർച്ചും പൗരോഹിത്യവും സാമ്പത്തികമായും ധാർമ്മികമായും അങ്ങേയറ്റം ദുഷിച്ചു പോയിരുന്നു. സമ്പത്തിനും സുഖാസ്വാദനത്തിനുമായി എന്ത് അധാർമിക പ്രവർത്തനവും സ്വാഭാവികവത്ക്കരിക്കുകയും അതിനെല്ലാം മതകീയമായ ഛായ നൽകി പൊതുബോധത്തിന് മുന്നിൽ അവതരിപ്പിച്ച് നിയമ സാധുതയുള്ളതാക്കുന്നതിനും ഒരു മടിയുമുണ്ടായിരുന്നില്ല. പൗരോഹിത്യവും പ്രഭുത്വവും രാഷ്ട്രീയ സാമ്പത്തിക അധികാര രംഗങ്ങൾ കുത്തകവത്ക്കരിച്ചപ്പോൾ അടിസ്ഥാന വർഗ്ഗമായ അടിത്തട്ട് ജനത അരക്ഷിതമായിരുന്നു. അവർക്ക് ബൗദ്ധികമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മറിച്ച് അന്ധമായ അനുകരണത്തിന്റെയും വിധേയത്വത്തിൻ്റേയും പാതയായിരുന്നു അവരുടെ മാർഗ്ഗം. എന്നാൽ കാർഷികരംഗം വളരാൻ തുടങ്ങിയതും വ്യാപാരം വികസിച്ചതും അതിൻറെ സഹകാരികളായ തൊഴിലാളികളുടെയും സംവിധാനങ്ങളുടെയും ആവശ്യകതയിലേക്ക് വഴിതുറന്നു. ശക്തമായ ഭരണ വ്യവസ്ഥയ്ക്കും ഉദ്യോഗസ്ഥവൃന്ദത്തിനും വിജ്ഞാനവും കാഴ്ചപ്പാടും അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ ഇത്യാദി കാര്യങ്ങൾക്ക് പൂരണം കണ്ടെത്താൻ കഴിഞ്ഞിരുന്ന അന്ദലൂസ് യൂറോപ്യന്മാരുടെ പ്രഥമ പരിഗണനയായി മാറി.
വിജ്ഞാനത്തെ ജനാധിപത്യവത്ക്കരിച്ചതാണ് ഇസ്ലാമിൻറെ പ്രധാനപ്പെട്ട ഒരു സംഭാവന. അന്നോളമുള്ള ലോക ഘടനയിലെ വിപ്ലവാത്മകമായ മാറ്റമായിരുന്നു ഇത്. കേവലം സാമ്പത്തികമായും മതപരമായും വർഗ്ഗപരമായും ഉന്നത ശൃംഗങ്ങളിൽ കുടികൊള്ളുന്നവർ മാത്രം കൈയടക്കിവെച്ചിരുന്ന വിജ്ഞാനത്തിൻ്റെ കുത്തകാവകാശം എടുത്ത് കളഞ്ഞ് മുഴുവൻ മനുഷ്യർക്കും അതിനെ പ്രാപ്യമാക്കി മാറ്റാൻ ഇസ്ലാമിന് സാധ്യമായി. അതുകൊണ്ടുതന്നെ അതുവരെ ശീലിച്ചുപോന്ന അറിവധ്വാനത്തിൻ്റെ നിരാകരണ കെട്ടുപാടുകളിൽ നിന്ന് വൈജ്ഞാനിക മുന്നേറ്റത്തിന്റെ അന്ദലൂസിലേക്ക് യൂറോപ്യർ പ്രവഹിച്ചപ്പോൾ അവർ കരയിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തെറിയപ്പെട്ട മത്സ്യത്തെപ്പോലെ ജീവശ്വാസം ആവോളമെടുത്തു.
ഇറ്റലി, ഫ്രാൻസ് തുടങ്ങി യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അന്ദലൂസിലെ വ്യത്യസ്ത വിജ്ഞാനകേന്ദ്രങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങി. വിദ്യാഭ്യാസത്തിനും അറിവന്വേഷണത്തിനും പുറമെ തങ്ങളുടെ ചികിത്സ, വാണിജ്യ ആവശ്യങ്ങൾക്കായി അവർ സമീപിച്ചിരുന്ന അന്ദലൂസ് അവരെ ആകർഷിക്കാതിരുന്നില്ല. ആധിപത്യം പുലർത്തുന്നവരെ അനുകരിക്കുക എന്ന തത്ത്വം ഇവിടെ യൂറോപ്യരിലും പ്രവർത്തിച്ചു. അന്ദലൂസിലേക്കെത്തിയ യൂറോപ്യർ അറബികളുടെതു പോലെ വസ്ത്രം ധരിച്ചും അവരുടെ ഭാഷയിൽ സംസാരിച്ചും എഴുതിയും കഴിഞ്ഞുകൂടി. പൂർണ്ണമായും അറബീയതയിൽ മുഴുകി ജീവിച്ച യൂറോപ്യൻ യുവത്വം ലാറ്റിനും, ഇതര യൂറോപ്യൻ ഭാഷകളും അവഗണിച്ചത് അന്നത്തെ ക്രൈസ്തവ പൗരോഹിത്യത്തെയും ആശങ്കയിലാക്കിയിരുന്നു. “എന്തെങ്കിലും കഴിവുള്ള ക്രിസ്ത്യൻ യുവാക്കൾക്ക് മുഴുവൻ അറബി ഭാഷയും സാഹിത്യവും മാത്രമേ അറിയൂ” എന്ന് അൽവാറൊ എന്ന ക്രിസ്ത്യൻ പാതിരി പരിതപിക്കുന്നുണ്ട്. സെവില്ലയിലെ ആർച്ച് ബിഷപ്പിന് ബൈബിൾ അറബിയിലേക്ക് വിവർത്തനം ചെയ്യണമെന്ന് തോന്നി; മതം പ്രചരിപ്പിക്കാനല്ല, മറിച്ച് ക്രിസ്ത്യാനികൾക്ക് തന്നെ വായിക്കാൻ. അത്ര മാത്രം തങ്ങളുടെ ജീവിതത്തേയും വിശ്വാസത്തേയും നിർണ്ണയിക്കാൻ പോന്നതായിരുന്നു യൂറോപ്യരെ സംബന്ധിച്ച് ഇസ്ലാമിക് സ്പെയിൻ.
മധ്യകാല യൂറോപ്പിനെ ആധുനികവൽക്കരിക്കുന്നതിൽ ഇസ്ലാമിക സംസ്കാരം വഹിച്ച പങ്ക് വലുതാണ്. മതപണ്ഡിതന്മാരുടെ വാക്കുകളും പ്രവർത്തികളും വേദഗ്രന്ഥങ്ങളുമായി ഒത്തു നോക്കുകയും വേദഗ്രന്ഥങ്ങളോട് യോചിക്കാത്ത അവരുടെ പ്രവർത്തനങ്ങളെയും അഭിപ്രായങ്ങളെയും ചോദ്യം ചെയ്യുന്ന സ്വഭാവം മുസ്ലിങ്ങളിൽ നിന്ന് യൂറോപ്യന്മാർ പഠിച്ചു. ലാറ്റിൻ അറിയുന്ന ബിഷപ്പുമാർ മാത്രമേ അന്നുവരെ ബൈബിൾ വായിച്ചിരുന്നുള്ളൂ. എന്നാൽ ഇസ്ലാമിക ലോകത്തെ സാധാരണക്കാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം ഖുർആൻ പഠിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്ത്യാനികൾ ബൈബിളിനെ കുറിച്ച് അന്വേഷിക്കാനും മനസ്സിലാക്കാനും താല്പര്യം കാണിച്ചു. ഇതിലൂടെ പുരോഹിതരുടെ പ്രവർത്തികളിലധികവും ബൈബിളിനെതിരാണെന്ന വസ്തുത സാധാരണക്കാർ മനസ്സിലാക്കി. ഇതാണ് പിന്നീട് മത നവീകരണ പ്രസ്ഥാനത്തിൻറെ ഉത്ഭവത്തിലേക്കും വളർച്ചയിലേക്കും വഴി വെച്ചത്.
വിവർത്തന മുന്നേറ്റങ്ങൾ തന്നെയാണ് അന്ദലൂസിൽ നിന്ന് വിജ്ഞാനത്തിന്റെ ഉറവ യൂറോപ്പിലേക്കാകമാനം തിരിച്ചുവിട്ടത്. ഫിലോസഫിയിലും ശാസ്ത്ര വിഷയങ്ങളിലും സാഹിത്യത്തിലും ബാഗ്ദാദിലെയും അന്ദലൂസിലേയും മുസ്ലിം പണ്ഡിതർ രൂപപ്പെടുത്തിയ വൈജ്ഞാനിക ഗ്രന്ഥങ്ങൾ വ്യാപകമായി ലാറ്റിൻ, ഇതര യൂറോപ്യൻ ഭാഷകളിലേക്ക് മൊഴിമാറ്റി. ടോളിഡോ പ്രധാന വിവർത്തന കേന്ദ്രമായിരുന്നു. അവിടെവച്ച് യൂറോപ്യന്മാർ ഗ്രീക്ക് ചിന്തകരായ അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും ഗ്യാലന്റേയും അറബി വിവർത്തനങ്ങൾ പരിചയപ്പെടുകയും അത് തങ്ങളുടെ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തു. പുറമേ ഇസ്ലാമിക പണ്ഡിതന്മാരായിരുന്ന ഇബ്നു സീന, അൽ റാസി, ഇബ്നു തുഫൈൽ, ഇബ്നു ബാജ, ഇബ്നു റുഷ്ദ് എന്നിവരുടെ ഗ്രന്ഥങ്ങളും ഉൾപ്പെട്ടു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വിവർത്തിത ഗ്രന്ഥങ്ങൾ യൂറോപ്പിലാകമാനം വ്യാപിക്കുകയും യൂറോപ്പിലെ പ്രധാന യൂണിവേഴ്സിറ്റികളിൽ അവ പഠന വിഷയമായിത്തീരുകയും ചെയ്തു. പാശ്ചാത്യ വിവർത്തകരിൽ പ്രധാനപ്പെട്ട പണ്ഡിതനായിരുന്നു ഗെറാർഡ് ഓഫ് ക്രെമോണ എന്ന 1187-ൽ അന്തരിച്ച ഇറ്റലിക്കാരൻ. 1150-ൽ അന്ദലൂസിലെത്തിയ ഇദ്ദേഹം അറബിയിൽ നിന്ന് നൂറോളം ഗ്രന്ഥങ്ങൾ ലാറ്റിനിലേക്ക് വിവർത്തനം ചെയ്തു. അതിൽ 21 എണ്ണം മെഡിസിൻ സംബന്ധമായിരുന്നു. ഇബ്നു സീനയുടെ ‘അൽ ഖാനൂൻ ഫി ത്വിബ്ബ്’ (The Canon of Medicine), അൽ റാസിയുടെ ‘കിതാബുൽ ഹാവി ഫി ത്വിബ്ബ്’ എന്നിവ ഇതിൽ ഉൾപ്പെട്ടു. ഏകദേശം ആറ് നൂറ്റാണ്ട് കാലത്തോളം യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ വൈദ്യശാസ്ത്ര പഠന ഗ്രന്ഥമായിരുന്ന ഇബ്നു സീനയുടെ അൽ ഖാനൂൻ ഫി ത്വിബ്ബ് അതിൻ്റെ പ്രാധാന്യം നിമിത്തം ‘The Medical Gospel’ (ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ സുവിശേഷം) എന്ന പേര് സിദ്ധിച്ചു. ഇതിൻറെ വ്യത്യസ്ത പതിപ്പുകൾ വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത ഭാഷകളിൽ പുറത്തിറങ്ങുകയുമുണ്ടായി.
അൽ മജ്‌രീത്വി, അൽ സർഖാലി തുടങ്ങിയവർ പ്രശസ്ത ഗോളശാസ്ത്ര പണ്ഡിതന്മാരായിരുന്നു. ഇവർ അറബിയിൽ രചിച്ച ഗോളശാസ്ത്ര ഗ്രന്ഥങ്ങൾ ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്തതാണ് യൂറോപ്പിലെ ഗോളശാസ്ത്ര മേഖലയിൽ വിപ്ലവങ്ങൾക്ക് നിമിത്തമായത്. ഗ്രഹങ്ങൾ ഭൂമിയെ ചുറ്റുന്നു എന്ന ടോളമി സിദ്ധാന്തത്തിന്റെ ഗോളശാസ്ത്ര സംബന്ധമായ നിഗമനങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു അൽ സർഖാലിയുടെ ഗ്രന്ഥങ്ങൾ. Azimuth (അൽ-സുമുത്), Nadir (നദീർ), Zenith (സംത്) തുടങ്ങിയ ഗോളശാസ്ത്ര സംബന്ധിയായ പദങ്ങളും, Delphinus (അൽ ദൽഫീൻ) തുടങ്ങിയ നക്ഷത്രസമൂഹ നാമങ്ങളും ഇന്ന് യൂറോപ്യർ ഉപയോഗിക്കുന്ന നിരവധി ഗോള ശാസ്ത്ര സാങ്കേതിക പദങ്ങളിൽ അറബി മൂലപദമുള്ളവയാണ്. Al Handel (അൽ ഹൻദൽ), Al Hennan (അൽ ഹന്ന) തുടങ്ങിയ അറബിയിലുള്ള സസ്യങ്ങളുടെ നാമങ്ങളും അവയുടെ കണ്ടുപിടുത്തവും സ്പെയിനിലെ മുസ്ലിം പണ്ഡിത സംഭാവനകളാണ്. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഒരുപാട് സ്പാനിഷ് യൂറോപ്യൻ പണ്ഡിതർ വിവർത്തന പ്രവർത്തനങ്ങളുടെ ഭാഗമായി. കാസ്റ്റൽ ഭരണാധികാരിയായിരുന്ന അൽഫോൺസോ പത്താമൻ തന്റെ ഭരണ പ്രദേശങ്ങളിൽ ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും അറബി ഗ്രന്ഥങ്ങൾ ലാറ്റിനിലേക്കും ക്യാസ്റ്റൽ ഭാഷയിലേക്കും വിവർത്തനം ചെയ്യുന്നതിന് സഹായങ്ങൾ ചെയ്യുകയും ചെയ്തു. AD 1085-ൽ ടോളിഡോ ക്രിസ്ത്യാനികൾ കീഴടക്കിയപ്പോൾ ആർച്ച് ബിഷപ്പ് ഒന്നാമന്റെ നേതൃത്വത്തിൽ തർജ്ജമക്ക് വേണ്ടി മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. അങ്ങനെ മുസ്ലിം സംസ്കാരത്തെക്കുറിച്ച് പഠിക്കുവാനായി യൂറോപ്യന്മാർ ടോളിഡോയിലേക്ക് കുതിച്ചു. ഖവാരിസ്മിയുടെ ഗ്രന്ഥങ്ങൾ ഭാഷാന്തരം ചെയ്ത റോബർട്ടും ഇംഗ്ലണ്ടിലെ മൈക്കിൾ സ്റ്റുവർട്ടും ഇങ്ങനെ അന്ദലൂസിലെത്തിയവരിൽ ഉൾപ്പെടുന്നു. അതുവരെ തങ്ങൾക്ക് അന്യമായിരുന്ന ഗ്രന്ഥങ്ങളടക്കം ഈ കാലഘട്ടത്തിൽ യൂറോപ്യന്മാർ തങ്ങളുടെ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. യൂറോപ്യർക്ക് അറബി അക്ഷരങ്ങൾ പരിചയപ്പെടുത്തി കൊടുത്ത ഗർബർട്ടും നിരവധി അറബീ ഗ്രന്ഥങ്ങൾ ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്ത ഗൈറാഡോ ഡി മാനോ, അൽബത്താനിയുടെ ഗോളശാസ്ത്ര ഗ്രന്ഥം ഭാഷാന്തരം ചെയ്ത ടൈബർട്ടിനോ തുടങ്ങിയവർ സ്പെയിനിലെ മുസ്ലിം കലാലയങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരാണ്. സ്പെയിനിലെ ഇസ്ലാമിക ഭരണം അവസാനിച്ച 12-15 നൂറ്റാണ്ട് വരെ ഭാഷാന്തരപ്രക്രിയ നിർലോഭമായി തുടർന്നുകൊണ്ടേയിരുന്നു. ഈ വിവർത്തന പ്രവർത്തനങ്ങൾ നടന്നില്ലായിരുന്നുവെങ്കിൽ യൂറോപ്പിൻ്റെ ശാസ്ത്ര മുന്നേറ്റങ്ങൾ വളരെ പതുക്കെയാകുമായിരുന്നു എന്നതിൽ സംശയമില്ല. ഭാഷാന്തരം നടത്തിയതിലൂടെ അവർക്ക് പല പഠനങ്ങളും ലഭിച്ചു. സ്വാഭാവികമായി അതിൻറെ തുടർ ഗവേഷണങ്ങൾ മാത്രമാണ് പിന്നീട് നിർവ്വഹിക്കേണ്ടി വന്നത്. എല്ലാ പഠനത്തിനും പ്രാരംഭം കുറിച്ചത് മുസ്ലിം ശാസ്ത്രജ്ഞരായിരുന്നു. മുസ്ലിങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും അധ്വാനങ്ങൾക്കും ശേഷം രൂപപ്പെടുത്തിയ സിദ്ധാന്തങ്ങൾ യൂറോപ്യർക്ക് ഒറ്റയടിക്ക് ലഭിക്കുകയായിരുന്നു.
ഇത്തരം വൈജ്ഞാനിക സംഭാവനകളാണ് യൂറോപ്യൻ നവോത്ഥാനത്തിന് ചാലകശക്തിയായത്. നവോത്ഥാന യൂറോപ്പ്യൻ പണ്ഡിതന്മാരുടെ രചനകളിൽ ഉദ്ധൃത മുസ്ലിം പണ്ഡിതരുടെ ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരം വൈജ്ഞാനികവും സാഹിതീയവുമായ സംഭാവനകൾ ഇല്ലായിരുന്നെങ്കിൽ യൂറോപ്പ്യൻ നവോത്ഥാനവും വൈജ്ഞാനിക പുരോഗതിയും പിന്നെയും കാലങ്ങൾ പിന്തുമായിരുന്നു. വൈജ്ഞാനികമായ ഇത്തരം മാതൃകയുടെ പ്രതിഫലനമെന്നോണം യൂറോപ്പിൽ രൂപപ്പെട്ട അനേകം യൂണിവേഴ്സിറ്റികൾ, വ്യവസ്ഥാപിതമായി യൂറോപ്യൻ നാടുകളിൽ വിജ്ഞാന പ്രസരണത്തിന്റെ കേന്ദ്രങ്ങളായി. എങ്കിലും അത്തരം വിജ്ഞാനം യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന ചുരുക്കം ചിലരിൽ മാത്രം ഒതുങ്ങി കൂടുന്നതായിരുന്നു പ്രകൃതം. പുസ്തക നിർമ്മാണത്തിൻ്റെ വർദ്ധിച്ച ചിലവും, നിർമ്മിച്ച പുസ്തകങ്ങളുടെ വലിയ വിലയും ഇതിന് ഹേതുകമായിരുന്നു. എന്നാൽ AD 1450-ൽ ജോഹന്നാസ് ഗുട്ടൻബർഗ് പ്രിൻ്റിങ് പ്രസ് കണ്ടുപിടിച്ചതോടെ സാഹിത്യ പ്രവർത്തനങ്ങളുടെയും വിജ്ഞാനപ്രസരണത്തിന്റെയും മാർഗം എളുപ്പമാകുകയും ചിലവ് കുറയുകയും ചെയ്തത് ഈ അവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. സ്പെയിനിൽ നിന്ന് കടലാസ് നിർമ്മാണം യൂറോപ്പ് പഠിച്ചെടുത്തത് അച്ചടിവിദ്യയെ ത്വരിതപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്ത മറ്റൊരു ഘടകമാണ്. അബ്ബാസി ഖലീഫ ഫസലു ബ്നു യഹിയയുടെ കാലത്ത് പൗരസ്ത്യ മുസ്ലിം ശാസ്ത്രജ്ഞർ കണ്ടുപിടിച്ച കടലാസ് നിർമ്മാണ രീതി ബാഗ്ദാദിൽ നിന്ന് മൊറോക്കോയിലേക്കും, അവിടെ നിന്ന് സ്പെയിനിലേക്കും, സ്പെയിനിൽ നിന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ അച്ചടിയന്ത്രത്തിന്റെ ഫലം സാർവ്വജനീനമായി. പല പുസ്തകങ്ങളും പിന്നെയും 100 വർഷം വിവർത്തനം ചെയ്തും പ്രിൻ്റ് ചെയ്തും സാമൂഹിക ചലനാത്മകതയുടെ ഊന്നുവടികളായി. മുസ്ലിം പണ്ഡിത ഗവേഷണ ഗ്രന്ഥങ്ങളും, പഠനങ്ങളും യൂറോപ്പിന് കൂടുതൽ കണ്ടുപിടുത്തങ്ങൾക്കും അന്വേഷണങ്ങൾക്കും പ്രേരണയായി. യൂറോപ്യൻ ചിന്തകന്മാരുടെ ആശയ അടിത്തറ ഭദ്രമാക്കിയ വിജ്ഞാന ശാഖകളുടെ രൂപീകരണവും സിദ്ധാന്തങ്ങളും വിജ്ഞാനീയങ്ങളും രൂപപ്പെടുത്തിയതിൽ മുസ്ലിം പണ്ഡിത പാരമ്പര്യ വേര് സുവ്യക്തമാണ്. അത്തരം ആശയ പ്രതലത്തിൽ നിന്നാണ് യൂറോപ്പ് ചിന്തിച്ചതും അത് നവോത്ഥാനമായും സയിന്റിഫിക് റവല്യൂഷനായും മാറിയതും.
ചുരുക്കത്തിൽ യൂറോപ്യൻ നവോത്ഥാനവും, ജ്ഞാനോദയവും, സൈന്റിഫിക് റവലൂഷനും ഒറ്റപ്പെട്ട യൂറോപ്പ്യൻ ആഭ്യന്തര പ്രക്രിയകളുടെ മാത്രം സൃഷ്ടിയല്ല. മറിച്ച് അന്ദലൂസും, സിസിലിയും ബാഗ്ദാദുമെല്ലാം പരുവപ്പെടുത്തിയ നാഗരിക വൈജ്ഞാനിക ഉണർവിന്റെ പ്രതിപ്രവർത്തനമായിരുന്നു. അതിനെ ഇരുട്ടിൽ നിർത്തി പൂർണ്ണമായ ഏകാധിപത്യ ബോധത്തോടെ സർവ്വതിൻ്റെയും അസ്തിത്വം സ്വയം അവകാശപ്പെടുന്നതും കുത്തകയാക്കുന്നതും നീതിയുക്തമല്ല. യൂറോപ്പും പാശ്ചാത്യ ലോകവും ഇന്ന് കൈവരിച്ചിട്ടുള്ള സാങ്കേതിക ഭൗതിക പുരോഗതികളുടെ പിതൃത്വം കവർന്നെടുക്കാനുള്ള ശ്രമമല്ല ഇത്. മറിച്ച് ആ സാംസ്കാരിക സ്വരൂപം ലോകത്തിന് സമർപ്പിച്ചിട്ടുള്ള അഭൂതപൂർവ്വമായ സംഭാവനകളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ, അതിന് ഇന്ധനമായ പൂർവ്വനാഗരികതകളെ അംഗീകരിക്കുമ്പോഴാണ് അത് സാർവ്വജനീനമാകുന്നത്, മാനവികമാകുന്നത്.
