മില്ലറുടെ മാപ്പിള മുസ്‌ലിംകൾ

സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയപരവും ചരിത്രപരവുമായ ഘടകങ്ങൾ കൊണ്ട് ഇന്ത്യൻ മുസ്‌ലിംകളിൽ നിന്ന് വ്യത്യസ്തരായ ജനതയാണ് മലബാറിലെ മാപ്പിള മുസ്‌ലിംകൾ. വൈവിധ്യമായ ഈ ഘടകങ്ങളെയും ചരിത്രത്തെയും അക്കാദമികതലത്തിൽ രേഖപ്പെടുത്തിയ പഠനമാണ് കനേഡിയൻ ഗവേഷകനായ റോളണ്ട് ഇ. മില്ലറുടെ “Mappila Muslims of Kerala: A Study In Islamic Trends”. മലബാറിലെ മലപ്പുറത്ത് ലൂദർ മിഷന്റെ പ്രവർത്തകനായി എത്തിയ മില്ലർ 30 വർഷത്തോളം മാപ്പിളമാർക്കിടയിൽ ജീവിച്ചാണ് ഈ പഠനം തയ്യാറാക്കിയത്.

മാപ്പിള പരിസരത്തെ വിശദീകരിച്ച് ആരംഭിക്കുന്ന പഠനത്തിൽ മാപ്പിള എന്ന പേരിന്റെ അർത്ഥവ്യാപ്തിയെ കുറിച്ച് മില്ലർ ഗഹനമായി തന്നെ വിശദീകരിക്കുന്നുണ്ട്. കേരളത്തിന്റെയും മലയാളി സമൂഹത്തിന്റെയും മലയാള ഭാഷയുടെയും കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളുടെയും ഹ്രസ്വമായ വിശദീകരണങ്ങൾ നൽകിയാണ് മില്ലർ മലബാറിലേക്കെത്തുന്നത്. മാപ്പിളമാരുടെ മതപരമായ പശ്ചാത്തലങ്ങൾ പരിശോധിക്കാൻ, സഹോദരസമുദായങ്ങളായ ഹൈന്ദവ, ക്രൈസ്തവ വിഭാഗങ്ങളുടെ ചരിത്രപാരമ്പര്യങ്ങൾ കൂടി വിശകലനം ചെയ്യുന്നു. ഭൂതകാല ചരിത്രമെന്നും വർത്തമാനകാല ചരിത്രമെന്നും രണ്ട് ഭാഗങ്ങളായാണ് അദ്ദേഹം പഠനം മുന്നോട്ട് കൊണ്ടു പോവുന്നത്. കേരളത്തിലെ ഇസ്‌ലാമിന്റെ ആഗമനവും അതിന് തദ്ദേശീയർ നൽകിയ സ്വീകരണവും ഭൂതകാല പൈതൃകമെന്ന ഭാഗം വിവരിക്കുന്നു. ചേരമാൻ പെരുമാളുടെ ഇസ്‌ലാമാശ്ലേഷണ യാത്രയും, പോർച്ചുഗീസുകാരുടെ കടന്നു വരവും അവരുമായുണ്ടായ മത്സരങ്ങളും ഏറ്റുമുട്ടലുകളും, ബ്രിട്ടീഷുകാരുടെ കടന്നു കയറ്റവും തുടങ്ങിയ കാര്യങ്ങളാണ് പ്രസ്തുത ശീർഷകത്തിന് കീഴിൽ വരുന്നത്.

പതിനാറാം നൂറ്റാണ്ടു വരെ മുസ്‌ലിം സമുദായത്തിന്റെ പുരോഗതിയുടെ കാലഘട്ടമായാണ് മില്ലർ കണക്കാക്കുന്നത്. പതിനാറാം നൂറ്റാണ്ടിലുണ്ടായ പോർച്ചുഗീസ് അധിനിവേശമാണ് മാപ്പിളമാരെ സാമൂഹികമായും രാഷ്ട്രീയമായും പിന്നോട്ട് നയിച്ചത്. മലബാറിലെ ടിപ്പുസുൽത്താന്റെ ഭരണവും തുടർന്നുണ്ടായ ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയും വ്യക്തമായി പറയുന്ന ആദ്യഭാഗത്തിലെ അവസാന അധ്യായത്തെ “വിജയത്തിൽ നിന്ന് ദുരന്തത്തിലേക്ക്” എന്നാണ് മില്ലർ അഭിസംബോധന ചെയ്യുന്നത്. ടിപ്പുസുൽത്താന്റെ ഭരണത്തിന് കീഴിൽ മാപ്പിള മുസ്‌ലിംകൾക്ക് ഒരുപാട് നേട്ടങ്ങൾ ലഭിക്കുകയും പിന്നീട് ബ്രിട്ടീഷ് ആഗമനത്തോട് കൂടി വീണ്ടും മാപ്പിളമാരുടെ തകർച്ച തുടങ്ങുകയും അതിനെതിരെയുള്ള മാപ്പിളമാരുടെ പ്രതികരണങ്ങളാണ് മലബാർ കലാപമായി പര്യവസാനിച്ചത് എന്നുമാണ് മില്ലർ സംഗ്രഹിക്കുന്നത്.

മാപ്പിളമാർ സമൂഹത്തിൽ നേരിട്ടിരുന്ന സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാടുകളെയും പ്രതിസന്ധികളെയും കുറിച്ചാണ് ‘വർത്തമാന കാലത്തെ അഭിമുഖീകരിക്കുമ്പോൾ’ എന്ന രണ്ടാം ഭാഗം വിവരിക്കുന്നത്. നാല് അധ്യായങ്ങളിലായി കലാപാനന്തര മാപ്പിള ജീവിതത്തിന്റെ വിവിധ തലങ്ങൾ സൂക്ഷ്മ വിശകലനത്തിന് മില്ലർ വിധേയമാക്കുന്നു. മാപ്പിള മുസ്‌ലിം സമുദായം അഭിമുഖീകരിച്ച സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ പ്രശ്നങ്ങളാണ് ആദ്യ അധ്യായത്തിൽ ചർച്ച ചെയ്യുന്നത്.1921 ശേഷമുള്ള കലാപാനന്തര മലബാറും സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും മില്ലർ വിശദമായി പരിശോധിക്കുന്നുണ്ട്. മാപ്പിളമാർക്കിടയിൽ ഉണ്ടായ പാരമ്പര്യ വാദത്തിന്റെയും പരിഷ്കരണ വാദത്തിന്റെയും ഏറ്റുമുട്ടലുകൾ, അസ്തിത്വ ബോധം, സാമുദായിക രാഷ്ട്രീയം, മതേതരത്വം തുടങ്ങിയ ഒരുപാട് സങ്കീർണമായി ഘടകങ്ങൾ ഈ കാലഘട്ടത്തിൽ കാണാൻ കഴിയും.

മാപ്പിളമാരുടെ അസ്തിത്വം രൂപപ്പെടുത്തുന്നതിൽ മുസ്‌ലിംലീഗ് വഹിച്ച പങ്ക് മില്ലർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഉത്തരേന്ത്യൻ മുസ്‌ലിംകളുമായുള്ള കേരള മുസ്‌ലിംകളുടെ ബന്ധങ്ങളും വർഗീയതയെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും ഇതിനോട് ഹൈന്ദവ ക്രൈസ്തവ വിഭാഗങ്ങളെ പ്രതികരണങ്ങളും പഠനവിധേയമാക്കുന്നു. മാപ്പിളമാർക്കിടയിൽ ആധുനിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മുസ്‌ലിം എഡ്യൂക്കേഷണൽ സൊസൈറ്റി നടത്തിയ പ്രവർത്തനങ്ങൾ എടുത്ത് പറയുന്നുണ്ട്. എഴുപതുകളിലുണ്ടായ വൻതോതിലുള്ള ഗൾഫ് കുടിയേറ്റവും സാമ്പത്തിക ഉയർച്ചയും വർത്തമാനകാലത്ത് മാപ്പിളമാർ നേരിടുന്ന പ്രശ്നങ്ങളും അവസാന ഭാഗത്ത് അഭിസംബോധന ചെയ്യുന്നുണ്ട്. കഴിഞ്ഞ 8 നൂറ്റാണ്ട് കാലം  അമുസ്‌ലിം ഭരണത്തിന് കീഴിൽ സ്വന്തമായി അസ്ഥിത്വം നിലനിർത്തി ന്യൂനപക്ഷമായ ഇസ്‌ലാമിക സമൂഹമായി നിലനിന്നു എന്നതാണ് മാപ്പിളമാരുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് മില്ലർ അഭിപ്രായപ്പെടുന്നുണ്ട്.

മാപ്പിള സമുദായത്തിന്റെ സമകാലികത പല തലങ്ങളിലും വീക്ഷണ കോണുകളിൽ നിന്നുകൊണ്ടും അന്വേഷണ വിധേയമാക്കി എന്നതാണ് മില്ലറുടെ ‘മാപ്പിള മുസ്‌ലിംകളുടെ’ സവിശേഷത. എന്നാൽ സലഫി ചരിത്രമെഴുത്ത് പോലെ തന്നെ മില്ലറും മാപ്പിളമാർക്കിടയിലെ പാരമ്പര്യ പണ്ഡിതന്മാരുടെ നവോത്ഥാന മുന്നേറ്റങ്ങളെ കാണാതെ പോകുന്നുണ്ട്. മാപ്പിള സ്ത്രീകളുടെ ഇടങ്ങളും ഇടപെടലുകളും ഇതോടപ്പം അവഗണിക്കപ്പെട്ട മറ്റൊരു മേഖലയാണ്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading