രാഷ്ട്രീയവും സാമ്പത്തികവും ധാർമികവുമായ ഒരു ദർശനമാണ് ലിബറലിസം. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ദാർശനികനായ ജോൺ ലോക്കാണ് ലിബറലിസത്തിന്റെ പിതാവായി അറിയപ്പെടുന്നത്. തന്റെ മുൻഗാമിയായ തോമസ് ഹോബ്സിന്റെ ആശയങ്ങളും സമാനമായ ചിന്തയിൽ അധിഷ്‌ഠിതമായിരുന്നു. സമൂഹത്തിന്റെ കേന്ദ്രം വ്യക്തിയാണ്, അവന് ഇഷ്ടമനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. ഭരണകൂടങ്ങൾ നിയമങ്ങൾ ഉണ്ടാക്കേണ്ടതും ആവശ്യമായ തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതും, എല്ലാവർക്കും പരമാവധി സ്വാതന്ത്ര്യവും പരിഗണനയും ലഭിക്കാൻ വേണ്ടിയാവണം. ഇഷ്ടമില്ലാത്ത കാര്യങ്ങൾ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഗുണത്തിനുവേണ്ടി അല്ലാതെ നിർബന്ധിക്കാൻ പാടില്ല. അതായത്, മറ്റുള്ളവരിൽ നിന്ന് തന്റെ അവകാശം സംരക്ഷിക്കപ്പെടാൻ വേണ്ടി തങ്ങളുടെ ചില വിഷയങ്ങളിൽ ഉള്ള കൈകാര്യ കർതൃത്വം ഭരണകൂടങ്ങളെ ഏൽപ്പിക്കുന്നു. ഇതാണ് അടിസ്ഥാനപരമായി ലിബറലിസം. വ്യക്തികളെ ദൈവതുല്യമായി കാണുന്നു എന്നതാണ് ലിബറലിസത്തിന്റെ രീതിശാസ്ത്രം. ദൈവത്തിന്റെ വിശേഷണങ്ങളായി പൊതുവിൽ പറയപ്പെടുന്ന അതുല്യതയും പരാശ്രയരാഹിത്യവും മനുഷ്യനിൽ ചാർത്തി കൊടുക്കുന്നു. എന്നാൽ മനുഷ്യന് ഒരിക്കലും പരാശ്രയ രഹിതനാവുന്നില്ല. മനുഷ്യ ജീവിതം സദാസമയവും മറ്റുള്ളവരുമായി ബന്ധപ്പെട്ടിരിക്കുന്നു.
നാസ്തികത പ്രസവിച്ച ചതുർ സ്തംഭങ്ങൾ
പ്രസിദ്ധ നാസ്‌തിക ചിന്തകനായ ജോൺ ഗ്രെയുടെ വീക്ഷണത്തിൽ പ്രധാനമായും നാലു തൂണുകളിലാണ് ലിബറലിസം നിർമിക്കപ്പെട്ടിട്ടുള്ളത്.
1.ഇൻഡിവിജ്വലിസം
ജോൺ ലോക്ക് അഭിപ്രായപ്പെട്ടതുപോലെ, എല്ലാ വ്യക്തികൾക്കും സ്വന്തം ശരീരത്തിനും സ്വത്തിനും മേൽ പൂർണ്ണ അവകാശങ്ങളുണ്ട്. അത് ഭരണകൂടത്തിന് മീതെയാണ്. കാരണം അവരും മനുഷ്യരാണ്. വ്യക്തിയുടെ അവകാശങ്ങളിൽ ഭരണകൂടത്തിന് യാതൊരു നിയന്ത്രണാധികാരവും പാടില്ല. ഗുണത്തിനുവേണ്ടി പ്രവർത്തിക്കലും, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുന്നതിൽ നിന്ന് അവനെ തടയലുമാണ് ഭരണകൂടത്തിന്റെ ചുമതല.
2.ഇഗാലിറ്റേറിയനിസം
എല്ലാ മനുഷ്യരും തുല്യരാണ്. അവർ തുല്യമായ അവകാശങ്ങളും അവസരങ്ങളും അർഹിക്കുകയും ചെയ്യുന്നു. സോഷ്യലിസം മുന്നോട്ടു വെക്കുന്ന അപ്രായോഗിക സമത്വമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ആരുടെയും അവസരം നിഷേധിക്കപ്പെടുന്നില്ലെന്നും ഒരാളും വിവേചനത്തിന് ഇരയാകുന്നില്ലെന്നും ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അറിവിനും കഴിവിനും പൂരകമായി കൂടുതൽ സമ്പാദിക്കാനും ഉയർന്ന ജീവിതരീതി ആസ്വദിക്കാനും എല്ലാവർക്കും അവകാശമുണ്ട്.
3.യൂണിവേഴ്‌സലിസം
ലിബറലിസം മുന്നോട്ടു വെക്കുന്ന ധാർമിക വ്യവസ്ഥ എല്ലാവരും പാലിച്ചിരിക്കണം. നിങ്ങൾ ഏതു സംസ്‌കാരത്തിൽ ജീവിക്കുന്ന ആളാണെങ്കിലും അതിൽ വിട്ടുവീഴ്ചയില്ല. എന്നാൽ ഇതിനെ വിമർശിക്കുന്ന ധാരാളം പേരുണ്ട്. മറ്റേത് ജീവിതദർശനവും പോലെ ഇവിടെയും മനുഷ്യൻ നിർബന്ധിക്കപ്പെടുന്നുണ്ടെന്നാണ് വിമർശനങ്ങളുടെയെല്ലാം അടിസ്ഥാനം.
4.മെലിയോരിസം
രാഷ്ട്രീയവും സാമൂഹികവുമായ സ്ഥാപനങ്ങളെ പോലെ വ്യക്തികൾക്കും സ്വയം തന്നെ മികച്ചതാവാനുള്ള ശേഷിയുണ്ട്. അവനെ നന്നാക്കാൻ വേണ്ടി ഭരണകൂടം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതില്ല.
അടിസ്ഥാനപരമായ അപാകത
ലിബറലിസം മതാധിഷ്ഠിത ഭരണവ്യവസ്ഥ പോലെ തന്നെയാണ്. നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടതിന്. എന്നാൽ ഭരണകൂടത്തിന്റെ താത്പര്യം വ്യക്തികൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടാവണം എന്നതിനാലാണ് വ്യതിരിക്തത അവകാശപ്പെടുന്നത്. കമ്മ്യൂണിസത്തിന് ശേഷം ഇസ്ലാമിക ശരീഅത്തിന് ബദലായിട്ടാണ് ലിബറലിസം ഉയർത്തിക്കാണിക്കുന്നത്. ഇസ്ലാമിക വാദം വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയല്ല എന്നതാണ് ഇവരുടെ വാദം. എന്നാൽ ഇവിടെ വ്യക്തി സ്വാതന്ത്ര്യമെന്നത് എങ്ങനെ നിശ്ചയിക്കുന്നു എന്നതാണ് കാര്യങ്ങളെ വേർതിരിക്കുന്ന ഘടകം. വ്യക്തികൾ തന്നെയോ ഭരണകൂടം നേരിട്ടോ ആണ് ഏതൊക്കെയാണ് വ്യക്തിയുടെ അവകാശവാദങ്ങൾ എന്ന് തീരുമാനിക്കേണ്ടതെന്ന് ലിബറലിസം പറയുമ്പോൾ മനുഷ്യന്റെ സ്രഷ്ടാവായ ദൈവമാണ് (Theo Centrism) ഏറ്റവും യോഗ്യനെന്ന് ഇസ്ലാം വ്യക്തമാക്കുന്നു. അമാനവ അതോറിറ്റിക്കല്ലാതെ ഒന്നിലും നിഷ്ഠമായ തീരുമാനം പറയാൻ കഴിയില്ലെന്ന ഇസ്ലാമിക ഭാഷണമാണ് കൂടുതൽ യുക്തിസഹവും. വ്യത്യസ്‌ത ധാരകളിൽ പരന്നുകിടക്കുകയാണ് ലിബറലിസം. ലിബറലിസത്തിന്റെ രാഷ്ട്രീയ അർത്ഥം സെക്യുലറിസവും, സാമ്പത്തിക അർത്ഥം ക്യാപിറ്റലിസവും ആണ്. ധാർമികമായി ലിബറലിസം പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഇതിനെ യൂട്ടിലിറ്റേറിയനിസം എന്ന് വിളിക്കാം.
ഇറ്റാലിയൻ തത്ത്വചിന്തകനായ ഡൊമനിക്കോ ഡോസർഡേയുടെ വാക്കുകളിൽ ലിബറലിസത്തിന്റെ യഥാർത്ഥ മുഖം അനാവൃതമാകുന്നു. മാനവചരിത്രത്തിലെ ഏറ്റവും വികൃതമായ സംവിധാനങ്ങളെ സംഭാവന ചെയ്തത് ലിബറലിസമാണ്. അടിമത്തം, കോളനിവത്ക്കരണം, വംശഹത്യ, വർണവിവേചനം എന്നിവയാണത്. കോളനിവത്ക്കരണത്തിലൂടെ വ്യക്തിക്ക് സ്വത്ത് സമ്പാദിക്കാൻ അവകാശമുണ്ടെന്ന ക്യാപിറ്റലിസത്തിന്റെ വാദമാണ് പിന്നീട് കൊളോനിയലിസത്തിന്റെ സൈദ്ധാന്തിക അടിത്തറയായി വർത്തിച്ചത്. ഈ ആശയം തന്നെയാണ് വെള്ളക്കാരെ ഇതര രാജ്യങ്ങളെ കീഴടക്കാനും കോളനിയാക്കാനും പ്രേരിപ്പിച്ചതെന്ന് ചിലരെയെങ്കിലും ആശ്ചര്യപ്പെടുത്തിയേക്കാം.
പക്ഷേ മനുഷ്യനെ മനുഷ്യനായി ഗണിക്കുന്നവർക്കേ സ്വാതന്ത്ര്യവും അവകാശവും കൽപ്പിക്കപ്പെടുകയുള്ളൂ. അതുകൊണ്ടാണ് ഇതര വിശ്വാസികൾ വധശിക്ഷക്ക് വിധേയരാകുന്നതിൽ നിന്ന് ലിബറലിസം ഇവരെ പിന്തിരിപ്പിക്കാതിരുന്നത്.
അടിമത്തം
കോളനികളായി പിടിച്ചെടുക്കുന്ന നാടുകളിലെ ജനങ്ങളെ ഇവർ മനുഷ്യരായി കണ്ടില്ല. കോടിക്കണക്കിന് മനുഷ്യരെ കൊന്നു കളഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ മാത്രം അഞ്ചു കോടി മനുഷ്യജീവനുകളെയാണ് കൊളോണിയൽ ഭീകരന്മാർ വധിച്ചത്. ലിബറലിസത്തിന്റെ രാഷ്ട്രീയ വീക്ഷണമായ ക്യാപിറ്റലിസം ആണ് പലരെയും ഈ നെറികേടിലേക്കു നയിച്ചത്.
ആഗോള കോളനിവത്ക്കരണത്തിലൂടെയും അടിമ വ്യാപാരത്തിലൂടെയും ഇതര നാടുകളിലെ വിഭവശേഷിയും മാനവശേഷിയും കൊള്ള ചെയ്താണ് യൂറോപ്പ് ഇന്ന് കാണുന്ന അഭിവൃദ്ധി നേടിയത്. വൈജ്ഞാനിക അഭിവൃദ്ധി ഒരു ഭാഗത്ത് നടക്കുമ്പോൾ തന്നെയാണ് മറുഭാഗത്ത് ഇത് നടന്നത് എന്നതിൽ സന്ദേഹമില്ല. മുസ്ലിം ഭരണകാലത്തെ കൊർദോവ കേന്ദ്രീകരിച്ച് സ്പെയിനിൽ നടന്ന വൈജ്ഞാനിക മുന്നേറ്റത്തിൽ പ്രചോദിതമായി, അവരുടെ അറിവ് ലാറ്റിൻ ഭാഷയിലേക്ക് തർജ്ജമ ചെയ്‌തതിന്റെ ബലത്തിൽ യൂറോപ്പിൽ നവോത്ഥാനവും ജ്ഞാനോദയവും സംഭവിച്ചു. ശാസ്ത്ര സാങ്കേതികരംഗം വളർന്നു, യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടു. ഉത്പാദനം വർധിപ്പിക്കാൻ അസംസ്കൃതവസ്തക്കളും തൊഴിലാളികളും, വിജയിക്കാൻ കമ്പോളങ്ങളും ആവശ്യമായിവന്നു. തുടർന്നാണ് കോളനിവത്ക്കരണം സംഭവിക്കുന്നത്.
വംശീയത
ഡൊമനിക്കോ ലോസർഡോയുടെ വീക്ഷണത്തിൽ ലിബറലിസത്തിന്റെ ഏറ്റവും അപകടകരമായ പ്രത്യാഘാതം വംശീയതയെ ലോകമൊന്നാകെ വ്യാപിപ്പിച്ചു എന്നതാണ്. വെളുത്തവന് കറുത്തവനേക്കാൾ ജീവിക്കാൻ അവകാശമുണ്ടെന്ന വാദത്തിന് സൈദ്ധാന്തിക പിന്തുണ നൽകി എന്നതാണ് അതിന് കാരണം. ഈ വാദം തന്നെയാണ് ഫാഷിസത്തിലേക്കും നയിച്ചതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. നാസി ജർമനിയേക്കാൾ ഭീതിതമായിരുന്നു ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ നിലനിന്നിരുന്ന വംശീയത. പരമ്പരയിൽ ആരെങ്കിലും കറുത്തവർഗക്കാർ ആയിരിക്കാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നവരെ പോലും കറുത്തവർഗക്കാരായി കാണുമായിരുന്നു. ഇന്നും അമേരിക്ക ഈ വിപത്തിൽ നിന്ന് മോചിതമായിട്ടില്ല.
വംശഹത്യ
ഈ പദം ആദ്യമായി പ്രയോഗിച്ചത് പോളണ്ടിലെ അഭിഭാഷകനായിരുന്ന റാഫേൽ ലംകിനാണ്. അദ്ദേഹം നൽകിയ വിശദീകരണമിങ്ങനെ; ഏതെങ്കിലും ഒരു വംശക്കാരെയോ പ്രത്യേകതരത്തിലുള്ളവരെയോ രാജ്യക്കാരെയോ മതക്കാരെയോ മൊത്തമായോ ഭാഗികമായോ ബോധപൂർവ്വമായി വധിക്കുകയോ ആക്രമിക്കുകയോ നാടുകടത്തുകയോ ചെയ്യുന്നതിനെയാണ് വംശഹത്യയെന്ന് പറയുന്നത്. ഈ നിർവചനമാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ അംഗീകരിച്ചതും. അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും ആഫ്രിക്കയിലേയും ഏഷ്യയിലേയും തദ്ദേശീയരായ ജനങ്ങൾക്കെതിരെ ബ്രിട്ടനും സ്പെയിനും നിരന്തരം വംശഹത്യ നടത്തിയിരുന്നു. ഒരാൾ പോലും കൊലചെയ്യപ്പെട്ടിട്ടില്ലെങ്കിലും കോളനിവത്ക്കരണം വംശഹത്യയാണെന്ന് ലംകിൻ അഭിപ്രായപ്പെടുന്നു. തദ്ദേശീയരുടെ ജീവിതരീതി തകർക്കലും തങ്ങളുടെ ജീവിതരീതി അവരുടെ മേൽ അടിച്ചേൽപ്പിക്കലും വംശഹത്യ തന്നെ.
ഇസ്ലാമും ലിബറലിസവും
ഇസ്ലാമിക ശരീഅത്തിനെ പരിഷ്കരിക്കണമെന്നും ഓരോ പൗരനും കൂടുതൽ വ്യക്തിസ്വാതന്ത്ര്യം നൽകണമെന്നും ലിബറലിസ്റ്റുകൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക ഭരണവ്യവസ്ഥയിലുള്ളതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യവും അവകാശവും ലിബറലിസം മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷേ അവിടെയും നിയമങ്ങളുണ്ട് അവ അനുസരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കില്ല. പൊതു നന്മയുടെ ഭാഗമായ ചില നിയന്ത്രണങ്ങൾ അവിടെയുമുണ്ട്. അപ്പോൾ വിഷയം മനുഷ്യ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും പരിധികൾ നിശ്ചയിക്കുന്നതാര്? എന്നത് മാത്രമാണ്. ഇസ്ലാമിനേക്കാൾ സ്വാതന്ത്ര്യം ലിബറലിസം നൽകുന്നുണ്ട്. എന്നാൽ ലിബറലിസത്തേക്കാൾ സ്വാതന്ത്ര്യം നൽകുന്ന വ്യവസ്ഥിതികളോടുള്ള ലിബറലിസ്റ്റുകളുടെ സമീപനമെങ്ങനെയായിരിക്കും. അതിനെ അംഗീകരിക്കുമോ? ഒരിക്കലുമില്ല.
ഇസ്ലാം ലിബറലിസത്തെ എങ്ങനെ നോക്കി കാണുന്നുവോ അതേപോലെ ലിബറലിസവും ഈ വ്യവസ്ഥിതിയെ നോക്കി കാണും. അപ്പോൾ പൗരസ്വാതന്ത്ര്യത്തിന്റെ ഏറ്റവ്യത്യാസങ്ങൾ എങ്ങനെ മാനദണ്ഡമാക്കും.
ലിബറൽ വ്യവസ്ഥയിലും വിലക്കുകൾ ഉണ്ട്
ഇസ്ലാമിക നിയമങ്ങളുടെ കണിശതയെയും ശിക്ഷാരീതികളെയും കുറിച്ച് വാചാലമാകുന്ന ലിബറൽ വ്യവസ്ഥയിലും വിലക്കുകളും നിയമങ്ങളുമുണ്ട്. കോവിഡ് ഭീതിതമായി പടരുന്ന സമയത്താണ് അമേരിക്കയിലെ ലിബറലിസ്റ്റുകൾ പുതിയൊരു ക്യാമ്പയിനുമായി വന്നത്. ഞങ്ങളുടെ ശരീരത്തിന്റെ മേൽ ഞങ്ങൾക്ക് മാത്രമാണ് അവകാശം. അസുഖം വന്നാൽ ഞങ്ങൾക്ക് പ്രശ്‌നമില്ല. അതിനാൽ മാസ്ക് ഒഴിവാക്കാനും സാമൂഹിക അകലം ഒഴിവാക്കാനും അനുവാദം വേണം. അവരുടെ ആവശ്യമിതായിരുന്നു. എന്തുകൊണ്ട് അമേരിക്ക ഈ ആവശ്യം അംഗീകരിച്ചില്ല? അവരുടെയും അവർ കാരണം ജീവിതം അപകടത്തിലാകാൻ പോകുന്നവരുടെയും ജീവൻ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയായി ഭരണകുടം കാണുന്നു. ജനങ്ങൾക്ക് ഏതാണ് ഗുണകരമെന്ന് പ്രതിനിധികൾ തീരുമാനിക്കുകയും അത് ജനങ്ങളെ അടിച്ചേൽപ്പിക്കുകയുമാണല്ലോ ലിബറൽ രീതി. ഇസ്ലാം ഇതുപോലെ തന്നെയാണ്.
പക്ഷേ ഇവിടെ ഗുണദോഷങ്ങളും വരുംവരായ്കകളും കൃത്യമായി തിരിച്ചറിഞ്ഞ് ഐഛികമായി പാലിക്കേണ്ട ജീവിതക്രമവും നിർബന്ധമായി അനുസരിക്കേണ്ട നിയമക്രമവും ഉണ്ടാക്കിയത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവാണ്. മനുഷ്യനേതാണ് നല്ലതെന്ന് ഏറ്റവും അറിയാവുന്നത് പ്രപഞ്ചനാഥനാവുമ്പോൾ ആ തീരുമാനത്തിനാണല്ലോ മുൻഗണന നൽകേണ്ടത്.
ലിബറലിസം ബലപ്രയോഗമാണ്
തങ്ങളുടെ ആശയം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നു എന്നതാണ് ലിബറലിസത്തിലെ മറ്റൊരു പ്രധാന പ്രശ്‌നം. ആരെയും ഒന്നും അടിച്ചേൽപ്പിക്കരുത് എന്നതാണ് ലിബറൽ ആശയം. അതുതന്നെ ഇതര രാജ്യങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്നു എന്നത് എത്ര പരിഹാസ്യമാണ്.
1.ഇറാഖ് അധിനിവേശം
മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരിയെ താഴെയിറക്കി കുറ്റമാരോപിച്ച് തൂക്കിക്കൊന്ന് ആ രാജ്യത്തെ നിവാസികളെ അസ്ഥിരതയിലേക്ക് തള്ളിവിടാൻ തുനിയണമെങ്കിൽ വരേണ്യവർഗ്ഗത്തിന്റെ കാഴ്‌ചപ്പാടുകൾ എത്ര മൂർദ്ധന്യാവസ്ഥയിൽ ആയിരിക്കണം. അഞ്ചുലക്ഷം കുരുന്നുകളാണ് അമേരിക്കയുടെ മരുന്ന് ഉപരോധത്തിലൂടെ ഇറാഖിൽ മരണപ്പെട്ടത്. കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശങ്ങളുണ്ടെന്ന് കരുതാൻ കഴിയാത്ത വിധമാണ് ലിബറലിസമെന്ന ആശയം അവരെ നയിക്കുന്നത്.
2.അമേരിക്കൻ ഡോളർ
ലോകത്തിന്റെ കറൻസിയായി ഗണിക്കപ്പെടുന്നത് അമേരിക്കൻ ഡോളറാണ്. എന്തുകൊണ്ട് മറ്റു നാണയങ്ങൾ ആയില്ല; ആകുന്നില്ല. സ്വർണ്ണ വിലയുടെ അടിസ്ഥാനത്തിൽ നാണയങ്ങൾക്ക് മൂല്യം നിശ്ചയിക്കപ്പെട്ടപ്പോൾ എല്ലാവർക്കും തുല്യപ്രാധാന്യം ഉറപ്പിക്കപ്പെട്ടിരുന്നു. ഇന്ന് ആ അച്ചുതണ്ട് ഡോളറിലേക്ക് ചുരുങ്ങിയിരിക്കുന്നു. അതെല്ലാം ലിബറലിസം അവർക്ക് നൽകിയ പ്രിവിലേജിന്റെ ധാർഷ്ഠ്യങ്ങളാണ്.
3.ഐക്യരാഷ്ട്രസഭ
ലോകം മുഴുവൻ ജനാധിപത്യഭരണം നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്ന യു.എൻ.ഒ.യിൽ ജനാധിപത്യമില്ല. പരമാധികാര ബോഡിയായ സെക്യൂരിറ്റി കൗൺസിലിൽ അഞ്ചു രാഷ്ട്രങ്ങൾക്കു
മാത്രമേ സ്ഥിരാംഗത്വമുള്ളൂ. ചൈന, യുണൈറ്റഡ് കിങ്ഡം, അമേരിക്ക, റഷ്യ, ഫ്രാൻസ് എന്നിവക്ക് പിന്നിൽ പത്തു രാഷ്ട്രങ്ങൾക്ക് താത്ക്കാലിക അംഗത്വം. ഓരോ രണ്ടു വർഷം കൂടുമ്പോഴും അതിൽ മാറ്റം വരുകയും ചെയ്യും. ഇന്നുവരെ അംഗത്വം ലഭിച്ചിട്ടില്ലാത്ത അമ്പതിലേറെ രാജ്യങ്ങളുമുണ്ട്. ഇതാണ് മാതൃകാ ജനാധിപത്യം.
ലിബറലിസത്തിന്റെ ധാർമിക കാഴ്ചപ്പാടുകൾ
സുഖം പരമാവധി വർദ്ധിപ്പിക്കുകയെന്നതാണ് ലിബറൽ വീക്ഷണത്തിൽ ജീവിതലക്ഷ്യം. അതിനു സഹായകമായതെല്ലാം ധാർമികമായി ശരിയാണ്. ഇതുതന്നെയാണ് പുരാതന ഗ്രീസിൽ ഹെഡോണിസമെന്നറിയപ്പെട്ടതും. ഈ വീക്ഷണം വിശദീകരിച്ചത് കേവലം ഭൗതിക സുഖങ്ങളാണ് മനുഷ്യന് സമാധാനം നൽകുകയെന്നതായിരുന്നു. എന്നാൽ മനശാസ്ത്രപരമായി പറയുന്നത് മനുഷ്യ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് സുഖവും ദുഃഖവും ആണെന്നാണ്. ഹെഡോണിസത്തിന്റെ രൂപ മാറ്റമാണ് യൂട്ടിലിറ്റേറിയനിസം. ഇംഗ്ലീഷ് തത്വചിന്തകനായ ജെറേമി ബെന്താമാണ് ഈ തത്വത്തിന്റെ ഉപജ്ഞാതാവ്.
സുഖവും സന്തോഷവും നൽകുന്നതെല്ലാം അനുവദനീയവും, വേദനയും ദുഃഖവും നൽകുന്നത് ഒഴിവാക്കപ്പെടേണ്ടതുമാണെന്നാണ് യൂട്ടിലിറ്റേറിയനിസം വ്യക്തമാക്കുന്നത്. കേവലം കർമ്മങ്ങളെ ധാർമികമായി വിലയിരുത്താനുള്ള മാനദണ്ഡം മാത്രമല്ല, ഏതൊരു ആശയം തിരഞ്ഞെടുക്കുമ്പോഴും തീരുമാനം കൈക്കൊള്ളുമ്പോഴും ഉപയോഗിക്കാവുന്ന മാനദണ്ഡമായി യൂട്ടിലിറ്റേറിയനിസം സ്വീകരിക്കപ്പെട്ടിരിക്കുന്നു. ആർക്കും എന്തും ചെയ്യാം; പക്ഷേ മറ്റൊരാൾ അതിന്റെ പേരിൽ വേദനിക്കരുത്. ഇതാണ് ഹാം പ്രിൻസിപ്പൽ തത്വം. ജോൺ സ്റ്റുവർട്ട് മില്ലാണ് ഇത് സ്ഥാപിച്ചത്.
ലിബറൽ ധാർമിക മാനങ്ങളുടെ പ്രശ്നങ്ങൾ
ഹെഡോണിസം പ്രകാരം പരമാവധി സുഖാസ്വാദനമാണ് ജീവിതലക്ഷ്യമെങ്കിൽ ആ സുഖത്തിനുവേണ്ടി അപരന്റെ സുഖം ഹനിക്കുന്നതിനെ എങ്ങനെ എതിർക്കാനാവും.
യൂട്ടിലിറ്റേറിയനിസം പ്രകാരം സുഖം ഉണ്ടാക്കുന്നത് എല്ലാം നന്മകൾ ആണെങ്കിൽ ഏതാണ് സുഖമെന്ന് ആരാണ് തീരുമാനിക്കുന്നത്. വ്യക്തിനിഷ്ഠമായ അനുഭവങ്ങളാണ് സുഖവും ദുഃഖവും. അത് ആപേക്ഷികവും ആനുപാതികവുമാണ്. ആസ്വാദനം തരുന്ന അതേ മന്ദമാരുതനാണ് പനി വരുമ്പോൾ അലോസരപ്പെടുത്തുന്നത്. ചിലർക്ക് പ്രതികരിക്കാനായിരിക്കും ഇഷ്ടം മറ്റുള്ളവർക്ക് ക്ഷമിക്കുകയും. ഇങ്ങനെ വരുമ്പോൾ കർമങ്ങളെ ധാർമികമെന്നും അധാർമികമെന്നും ഈയൊരടിസ്ഥാനത്തിൽ വിലയിരുത്തുന്നത് എങ്ങനെ.!
നമുക്ക് സുഖം നൽകുന്ന കാര്യങ്ങൾ ചെയ്യുന്നത് മറ്റുള്ളവർക്ക് ദുഃഖം ഉണ്ടാക്കാനുള്ള സാധ്യതയെന്തായാലും ഉണ്ട്. ഓട്ടമത്സരം നടക്കുമ്പോൾ വിജയിക്കുന്നത് സന്തോഷവും പരാജയപ്പെടുന്നത് ദുഃഖകരവുമാണ്. ഹാം പ്രിൻസിപ്പൽ (Harm Principle) പ്രകാരം എതിരാളികളുടെ വേദന മനസ്സിലാക്കി ജയിക്കാതിരിക്കാൻ ശ്രമിക്കുകയല്ലേ ചെയ്യേണ്ടത്. അനന്തമായ ഇത്തരം ചോദ്യങ്ങൾക്ക് മുൻപിൽ ലിബറലിസ്റ്റുകൾക്ക് പൊതുവായി ഉത്തരങ്ങൾ ഉണ്ടാവാറില്ല.
ലിബറലിസം അബദ്ധജഡിലമാവാനുള്ള പ്രധാന കാരണം
- മനുഷ്യനെ ദൈവത്തിൻ്റെ സ്ഥാനത്ത് സൃഷ്ടിക്കുന്നു.
- ഗുണവും ദോഷവും തീരുമാനിക്കാനുള്ള കഴിവ് മനുഷ്യനുണ്ടെന്നു വിശ്വസിക്കുന്നു.
- തങ്ങളുടെ ആശയം മികച്ചതാണെന്നു കരുതി മറ്റുള്ളവരിലും അടിച്ചേൽപിക്കുന്നു.
നിയോ ലിബറലിസം
പൊതുവിൽ നിയോ ലിബറൽ നയങ്ങളെ മൂർദ്ധന്യതയോടെ നിർവചിക്കുക ദുഷ്കരമായാണ് നിരൂപകർ ചൂണ്ടിക്കാണിക്കുന്നത്. ഈ പദം ആദ്യമായി പ്രയോഗിച്ചത് അലക്സാണ്ടർ റസ്‌റ്റോ എന്ന ജർമ്മൻ പണ്ഡിതനാണെന്ന് മിറോസ്കിയും ഹാർവിച്ചും രേഖപ്പെടുത്തുന്നു. നവ ഉദാത്തവാദത്തിന്റെ പ്രയോഗം 1970-80 കളിലാണ് വ്യാപകമാവുന്നത്. ഈ പുത്തൻ പരിപ്രേക്ഷ്യത്തിന്റെ അർത്ഥം ഓൺലൈൻ- ഓഫ്ലൈൻ മാധ്യമങ്ങളിൽ തിരയുകയാണെങ്കിൽ ലഭിക്കുന്ന പഴയ നിർവചനങ്ങളിൽ പ്രശസ്‌തമായത് എലിസബത്ത് മാർട്ടിനസും അർണോൾഡ് ഗാർഷ്യയും ചേർന്ന് നൽകുന്നതാണ്. ഇവരുടെ നിരീക്ഷണത്തിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി ലോകത്താകമാനം സ്വീകരിച്ച് വരുന്ന ഒരു കൂട്ടം സാമ്പത്തിക നയങ്ങളാണ് നവലിബറൽ നയങ്ങൾ എന്നറിയപ്പെടുന്നത്. പല മുതലാളിത്ത രാഷ്ട്രങ്ങളും ഈ പദം ഉപയോഗിക്കാറില്ലെങ്കിലും ഇതിന്റെ കൃത്യമായ പ്രതിഫലനം ദൈനംദിന ജീവിതത്തിലും പ്രവർത്തനങ്ങളിലും അടയാളപ്പെടുത്തുന്നത് കാണാം. രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്താകമാനം സ്വീകരിച്ച സാമ്പത്തിക നയം സർക്കാർ ഇടപെട്ടുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ്. മുതലാളിത്ത വ്യവസ്ഥക്കും അതിന്റെ മൂർത്ത സങ്കൽപമായ ലാഭത്തിനും വൻതോതിലുള്ള ഇടിവ് ഈ വികസന രീതി സമ്മാനിച്ചു. ഇതിനെ തരണം ചെയ്യുന്നതിന് ആഗോള ധനമൂല, ആഗോള സാമ്പത്തിക സ്ഥാപനങ്ങളായ ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, അന്തർദേശീയ അമേരിക്കൻ വികസന ബാങ്ക് മുതലായവയുടെ സഹകരണത്തോടെ നടപ്പിലാക്കിയ സാമ്പത്തിക രാഷ്ട്രീയ നയങ്ങളാണ് നവലിബറൽ ക്രമം.
ലിബറലിസം, മുതലാളിത്തം: നവലിബറൽ ആഗോള വത്കരണം
പദങ്ങൾ സമാനമാണെങ്കിലും നവലിബറലിസം ആധുനികതയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. 19-ാം നൂറ്റാണ്ടിലെ ക്ലാസിക്കൽ ലിബറലിസത്തിലാണ് ഇരുവർക്കും അവരുടെ പ്രത്യയശാസ്ത്ര വേരുകളുള്ളത്. അത് മാന്ദ്യത്തിനും വ്യക്തികളുടെ സ്വാതന്ത്രത്തിനും വേണ്ടി പോരാടി. ലിബറലിസത്തിന്റെ ആ വകഭേദം, പലപ്പോഴും ദ വെൽത്ത് ഓഫ് നേഷൻസിൽ വാദിച്ച സാമ്പത്തിക ശാസ്ത്രജ്ഞനായ ആദം സ്‌മിത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. വിപണികളെ നിയന്ത്രിക്കുന്നത് അദൃശ്യമായ ഒരു കൈയാണ്. അതിനാൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതമായിരിക്കണം. എന്നാൽ ലിബറലിസം കാലക്രമേണ വ്യത്യസ്തമായ പാരമ്പര്യങ്ങളായി പരിണമിച്ചു. സാമൂഹിക ലിബറൽ പാരമ്പര്യത്തിൽ നിന്നാണ് ലിബറലിസം വികസിച്ചത്. അത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള ദാരിദ്ര്യവും അസമത്വവും രോഗവും വിവേചനവും അജ്ഞതയുമുൾപ്പെടെയുള്ള തടസ്സങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അനിയന്ത്രിതമായ മുതലാളിത്തത്താൽ സൃഷ്ടിക്കപ്പെട്ടതും വഷളാക്കപ്പെട്ടതും നേരിട്ടുള്ള ഭരണകൂട ഇടപെടലിലൂടെ മാത്രമേ അത് മെച്ചപ്പെടുത്താനാകൂ. 1970കളോടെ സാമ്പത്തിക സ്തംഭനാവസ്ഥയും പൊതുകടം വർധിച്ചതും ചില സാമ്പത്തിക വിദഗ്ദ്ധരെ തിരിച്ചുവരാൻ വാദിക്കാൻ പ്രേരിപ്പിച്ചു. ക്ലാസിക്കൽ ലിബറലിസം അതിന്റെ പുനരുജ്ജീവന രൂപത്തിൽ നവലിബറലിസം എന്നറിയപ്പെട്ടു. ലിബർട്ടേറിയനിസം ഒരു രാഷ്ട്രീയ ശക്തിയെന്ന നിലയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലിബർട്ടേറിയൻ പാർട്ടിയുടെ വർദ്ധിച്ച് വരുന്ന പ്രാമുഖ്യത്തിലൂടെയും വിവിധ രാജ്യങ്ങളിൽ ചിന്താധാരകൾ സൃഷ്ടിക്കുന്നതിലൂടെയും തെളിയിക്കപ്പെടുന്നു. ഇത് വിപണികളുടെ ലിബർട്ടേറിയൻ ആദർശം പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. 2007 മുതൽ സാമ്പത്തിക പ്രതിസന്ധിയും യൂണൈറ്റഡ് സ്റ്റേറ്റ്സിലേയും പടിഞ്ഞാറൻ യൂറോപ്പിലെയും വലിയ മാന്ദ്യവും ചില സാമ്പത്തിക വിദഗ്ദ്ധരെയും രാഷ്ട്രീയ നേതാക്കളെയും പരമാവധി സ്വതന്ത്ര വിപണികൾക്കായുള്ള നവലിബറലുകളുടെ നിർബന്ധം നിരസിക്കാനും പകരം സാമ്പത്തിക ബാങ്കിംഗ് വ്യവസായങ്ങളിൽ കൂടുതൽ സർക്കാർ നിയന്ത്രണത്തിനായി ആവശ്യപ്പെടാനും പ്രേരിപ്പിച്ചു.
അന്തസ്സും സ്വാതന്ത്ര്യവും വ്യക്തികളെ സംബന്ധിച്ച് അങ്ങേയറ്റം പ്രലോഭനപരമായ കാഴ്ച്ചപ്പാടാണ്. ഇത് ആധുനികതയുടെ വ്യക്തി മുദ്ര കൂടിയാണ്. അഥവാ ലിബറൽ വാദത്തിന്റെ കേന്ദ്രബിന്ദു തന്നെയാണ്. ഇവിടെ അന്തസ് എന്ന പ്രയോഗത്തിന് പകരം തുല്യത എന്ന മാനദണ്ഡമാണ് ക്ലാസിക്കൽ ലിബറൽ വീക്ഷണത്തിൽ ഊന്നുന്നത്. നവ ഉദാത്തവാദികളുടെ അഭിപ്രായത്തിൽ മാനുഷികമായ ഈ നന്മകളെ പ്രതിരോധത്തിലാക്കുന്ന ഭരണവ്യവസ്ഥകളാണ് ഫാസിസവും ഏകാധിപത്യവും തുടങ്ങി എല്ലാ സർക്കാർ നിയന്ത്രിത വ്യവസ്ഥകളും. കാരണം, ഇവയെല്ലാം വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അവരുടെ അന്തസ്സിനെയും പ്രതിരോധത്തിലാഴ്ത്തുന്നു. തീർച്ചയായും സ്വാതന്ത്ര്യവും അന്തസ്സും രണ്ട് പ്രധാന മൂല്യങ്ങളാണ് എന്നതിൽ തർക്കമില്ല. ഇവ സർക്കാറുകൾ ഇല്ലാതെ സാധ്യമാണോ എന്നത് മാത്രമാണ് തർക്കമുള്ള വിഷയം.
ലോകമെമ്പാടുമുള്ള സാമൂഹിക-രാഷ്ട്രീയ-വിദ്യാർത്ഥി പ്രസ്ഥാനങ്ങളും അവർ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുമെല്ലാം ലിബറലിസത്തിന്റെ അന്തസത്തയായ സ്വാതന്ത്ര്യവും അന്തസ്സും തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത്.
