പൊളിറ്റിക്കൽ അപ്പാത്തി: ജനാധിപത്യത്തെ മരവിപ്പിക്കുന്ന നിശബ്ദത

“ഞാൻ വോട്ട് ചെയ്താൽ ഈ രാഷ്ട്രീയത്തിൽ എന്ത് മാറ്റം വരാനാണ്?” ഇന്നത്തെ തലമുറയിലെ ഒരു കൂട്ടർക്കിടയിൽ സാധാരണമാകുന്ന നിസ്സംഗതയുടെ ഭാവമാണിത്. ഈ ചോദ്യം കേവലം ഒരു വ്യക്തിയുടെ നിരാശയിൽ നിന്ന് ഉടലെടുക്കുന്ന ഒന്നല്ല, മറിച്ച് സാമൂഹികാവബോധത്തിലുണ്ടായ തകർച്ചയിൽ നിന്നും ഉരുവപ്പെടുന്ന അമർഷമാണ്. ഈ സാഹചര്യത്തിൽ, രാഷ്ട്രീയത്തിൽ നിന്നും പൊതുവിഷയങ്ങളിൽ നിന്നും പൗരന്മാർ മനഃപൂർവം അകന്നുനിൽക്കുന്ന മടിയൻ മനോഭാവമാണ് രാഷ്ട്രീയ നിസ്സംഗത (Political Apathy) എന്നറിയപ്പെടുന്നത്.

വിവിധ രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ, ജനാധിപത്യത്തിൻ്റെ ജീവനാഡിയായ പൗരപങ്കാളിത്തം കുറയുമ്പോൾ, അല്ലെങ്കിൽ രാഷ്ട്രീയ പ്രശ്നങ്ങളെ ഗൗരവത്തിൽ സമീപിക്കാതിരിക്കുമ്പോൾ, യഥാർത്ഥത്തിൽ രാജ്യത്തിൻ്റെ ഭാവിയെയാണ് അത് നിരർത്ഥകമാക്കുന്നത്. രാഷ്ട്രീയ നിസ്സംഗത കേവലം വോട്ടിംഗ് ശതമാനത്തിലെ കുറവിൽ മാത്രം ഒതുങ്ങുന്നില്ല. രാഷ്ട്രീയ വിഷയങ്ങളിലെ താൽപര്യമില്ലായ്മ, പൗരാവകാശങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ, രാഷ്ട്രത്തിന്റെ പുരോഗമനാത്മകമായ ചർച്ചകളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കാതിരിക്കൽ, ഭരണകൂടത്തോട് പ്രതികരിക്കാതിരിക്കൽ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഏറെ ഗൗരവമേറിയ ജനാധിപത്യ തകർച്ച കൂടിയാണത്.

നിസ്സംഗതയുടെ മനഃശാസ്ത്രം

രാഷ്ട്രീയ നിസ്സംഗതയുടെ അടിത്തറ അന്വേഷിക്കുമ്പോൾ രണ്ട് പ്രധാന സൈദ്ധാന്തിക ആശയങ്ങൾ വായിച്ചെടുക്കാൻ കഴിയും. ഒന്ന്, രാഷ്ട്രീയ ശേഷി (Political Efficacy). തൻ്റെ പ്രവൃത്തികളോ, വോട്ടോ, അഭിപ്രായമോ രാഷ്ട്രീയ തീരുമാനങ്ങളിൽ മാറ്റം വരുത്താൻ കെൽപ്പുള്ളതാണ് എന്ന പൗരൻ്റെ ആത്മവിശ്വാസമാണിത്. ഈ വിശ്വാസം തകരുമ്പോഴാണ് (Inefficacy) നിസ്സംഗത ഉടലെടുക്കുന്നത്. ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്, ആന്തരിക ശേഷിക്കുറവ് (Internal Inefficacy). ‘രാഷ്ട്രീയം മനസ്സിലാക്കാൻ എനിക്ക് കഴിയില്ല’, ‘രാഷ്ട്രീയ വ്യവസ്ഥ സങ്കീർണ്ണമാണ്’, ‘എൻ്റെ വിദ്യാഭ്യാസം അതിന് പോരാ’ തുടങ്ങിയ ചിന്തകൾ ഒരു വ്യക്തിയെ പിന്നോട്ട് വലിയാൻ നിർബന്ധിക്കുന്നു.

ഇതോടൊപ്പം തന്നെ സാമൂഹികാവബോധത്തിലെ അവ്യക്തതകളും (External Inefficiency) നിസ്സംഗതയ്ക്ക് കാരണമാകാറുണ്ട്. അധികാരികളെ ചോദ്യം ചെയ്താൽ ഫലമുണ്ടാകില്ല, നേതാക്കൾ അവരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കും, ഭരണകൂടത്തിന് ജനങ്ങളെ ശ്രദ്ധിക്കാൻ സമയമില്ല തുടങ്ങിയ ഭരണസംവിധാനങ്ങളോടുള്ള വിശ്വാസക്കുറവ് ഇതിന് ഉദാഹരണമാണ്.

രണ്ടാമതായി വിലയിരുത്തപ്പെടുന്നതാണ് രാഷ്ട്രീയപരമായ അകൽച്ച (Political Alienation). രാഷ്ട്രീയ വ്യവസ്ഥയുമായി വൈകാരികമായോ സാമൂഹികമായോ ബന്ധമില്ലാത്ത ഒരാളുടെ ചിന്തകളിൽ നിന്നാണ് ഈ അവസ്ഥ രൂപപ്പെടുന്നത്. ഇവിടെ, ഉത്തരവാദിത്തങ്ങളും അവകാശങ്ങളും മറന്ന് രാജ്യം തൻ്റേതല്ലെന്നും താൻ അതിൻ്റെ ഭാഗമല്ലെന്നും തോന്നുന്നത് നിസ്സംഗത വർദ്ധിപ്പിക്കുന്നു. ഇതിന് കാരണമാകുന്ന സമീപനമാണ് രാഷ്ട്രീയത്തോടുള്ള നിരർത്ഥകമായ മനോഭാവം (Meaninglessness). ജോലി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ തന്റെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിൽ രാഷ്ട്രീയ തീരുമാനങ്ങൾ ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്ന വിലയിരുത്തൽ ഇതിന് ഉദാഹരണമാണ്.

ജീവിത സാഹചര്യങ്ങൾ കൊണ്ട് രൂപപ്പെടുന്ന നിയമരാഹിത്യം (Anomie) പോലുള്ള പ്രേരണകൾ, ഭരണ വ്യവസ്ഥയും രാഷ്ട്രീയ സംവിധാനങ്ങളും തൻ്റെ വ്യക്തിപരമായ മൂല്യങ്ങളുമായി ഒരിക്കലും ഒത്തുപോകുന്നില്ലെന്ന് വിശ്വസിക്കുന്നതിന് കാരണമാകുന്നു. നിയമപരവും ധാർമ്മികവുമായ കാര്യങ്ങൾ ഒരുപോലെ ലംഘിക്കപ്പെടുന്നു എന്ന് തോന്നുമ്പോൾ ഒരാൾ വ്യവസ്ഥിതിയിൽ നിന്ന് മനപ്പൂർവ്വം പിൻവാങ്ങുന്ന മനോഭാവം രൂപപ്പെടുത്തുക സ്വാഭാവികമാണ്.

ഇതോടൊപ്പം തന്നെ ഇന്നത്തെ സാമൂഹിക, സാമ്പത്തിക, സാങ്കേതിക സാഹചര്യങ്ങൾ രാഷ്ട്രീയ-സാമൂഹിക നിസ്സംഗത വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിൽ മുഖ്യ ഘടകമാണ് അറുതി വരുത്താൻ കഴിയാത്ത അഴിമതിക്കഥകൾ. രാഷ്ട്രീയ നേതാക്കൾ അഴിമതി ആരോപണങ്ങളിൽ കുടുങ്ങുന്നത് ഒരു സ്ഥിരം സംഭവമായി മാറുമ്പോൾ, രാഷ്ട്രീയ വിശ്വാസ്യത (Political Credibility) പൂർണ്ണമായും നഷ്ടപ്പെടുന്നു. ഇത് രാഷ്ട്രീയത്തെ ഒരു ‘കച്ചവട’മായി മാത്രം കാണാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

മാധ്യമങ്ങളിലെ നിഷേധാത്മകമായ വാർത്തകളും പൊതുജനത്തെ സ്വാധീനിക്കുന്നുണ്ട്. രാഷ്ട്രീയ വാർത്തകൾ അധികവും പോരാട്ടങ്ങളും ആരോപണങ്ങളും മാത്രമാകുമ്പോൾ, നല്ല കാര്യങ്ങളൊന്നും രാഷ്ട്രീയത്തിൽ സംഭവിക്കുന്നില്ല എന്ന ചിന്ത സാധാരണ പൗരനിലുണ്ടാകുന്നു. ഇത് രാഷ്ട്രീയ വിഷയങ്ങൾ ശ്രദ്ധിക്കുന്നത് കേവലം ‘സമയംകൊല്ലി’ ഏർപ്പാട് മാത്രമാണെന്ന പൊതുബോധം സൃഷ്ടിക്കുന്നു. കൂടാതെ, സാമ്പത്തിക അസമത്വവും ഒരു ഘടകമാണ്. സാധാരണക്കാരായ ജനവിഭാഗം സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിനായുള്ള നെട്ടോട്ടത്തിനിടയിൽ രാഷ്ട്രീയത്തെ കണ്ടില്ലെന്നു നടിക്കാൻ നിർബന്ധിതരാകുന്നു.

ജനാധിപത്യത്തെ മരവിപ്പിക്കുന്ന പ്രത്യാഘാതങ്ങൾ

രാഷ്ട്രീയ നിസ്സംഗത ജനാധിപത്യത്തിൽ ഏൽപ്പിക്കുന്ന മുറിവുകൾ ആഴത്തിലുള്ളതാണ്. ഇതിനെ തുടർന്ന് വരുന്ന വ്യവസ്ഥിതിയാണ് ന്യൂനപക്ഷ ഭരണം (Minority Rule). ഭൂരിപക്ഷം പൗരന്മാരും വോട്ട് ചെയ്യാതിരിക്കുമ്പോൾ, ഏറ്റവും സജീവമായ ന്യൂനപക്ഷ വിഭാഗങ്ങൾ, ശക്തമായ ലോബികൾ, സംഘടിത മത വിഭാഗങ്ങൾ എന്നിവർക്ക് താൽപര്യമുള്ള നേതാക്കളെ തെരഞ്ഞെടുക്കാൻ അവസരമൊരുങ്ങുന്നു. ഇത് ഭരണകൂടത്തിൻ്റെ ജനകീയ പ്രാതിനിധ്യം തകർക്കുന്നു.

വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പരിസ്ഥിതി തുടങ്ങിയ ജനകീയ വിഷയങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ ആളില്ലാതാകുമ്പോൾ, ഭരണകൂടം സാമ്പത്തിക ശക്തികളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന നയങ്ങൾക്ക് മുൻഗണന നൽകാൻ ഇടവരുന്നു. പ്രതിപക്ഷം ദുർബലമാവുകയും, അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നതിൽ നേതൃത്വം നിസ്സംഗരാവുകയും ചെയ്യുമ്പോൾ ജനാധിപത്യ സംവാദം ആരോഗ്യകരമല്ലാതാകുന്നു.

പരിഹാരമാർഗ്ഗങ്ങൾ

നിസ്സംഗതയെ നേരിടാനുള്ള പ്രതിവിധി സജീവമായ പൗരത്വം (Active Citizenship) വളർത്തുക എന്നതാണ്. കുട്ടിക്കാലം മുതൽ തന്നെ രാഷ്ട്രീയ പ്രക്രിയകളെക്കുറിച്ചും പൗരൻ്റെ കടമകളെക്കുറിച്ചും ബോധവൽക്കരണം നൽകുന്നത് ഉത്തമമായ പരിഹാരമാകും. രാഷ്ട്രീയ സംവിധാനങ്ങളും വോട്ടിംഗ് രീതികളും കൂടുതൽ സുതാര്യമാക്കുകയും (Transparency), തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പുരോഗതി ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നത് വിശ്വാസ്യത വീണ്ടെടുക്കാൻ സഹായിക്കും.

സമൂഹ്യ മാധ്യമങ്ങളിലെ ക്രിയാത്മക ഇടപെടലും അത്യന്താപേക്ഷിതമാണ്. ട്രോളുകൾക്കും വിമർശനങ്ങൾക്കും അപ്പുറം, കൃത്യമായ വിവരങ്ങളും ചർച്ചകളും നൽകുന്ന രാഷ്ട്രീയ ബോധവൽക്കരണ പേജുകൾ പ്രോത്സാഹിപ്പിക്കണം. ചുരുക്കത്തിൽ, വോട്ട് ചെയ്യുന്നത് പൗരൻ്റെ കടമയുടെ അവസാനമല്ല, മറിച്ച് തുടക്കം മാത്രമാണ് എന്ന ചിന്ത വളർത്തണം. വോട്ട് ചെയ്ത ശേഷം, ജനപ്രതിനിധിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും ഓരോ പൗരനും ബാധ്യസ്ഥനാണ്. രാഷ്ട്രീയ നിസ്സംഗത ഒരു പകർച്ചവ്യാധി പോലെ പടരുന്ന ഈ കാലഘട്ടത്തിൽ, ഓരോ പൗരനും രാഷ്ട്രീയത്തിൽ ഇടപെടേണ്ടത് രാജ്യത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമാണ്. നമ്മുടെ വിരൽത്തുമ്പിലെ മഷിയല്ല, മറിച്ച് ആ മഷി അടയാളപ്പെടുത്തുന്ന നമ്മുടെ നിലപാടാണ് ജനാധിപത്യത്തിൻ്റെ യഥാർത്ഥ ശക്തി.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading