ഇസ്ലാമിക പൈതൃകം പറയുന്ന ഇന്ത്യയിലെ സ്മാരക മന്ദിരങ്ങൾ

ആദിൽ പുല്ലരിക്കോട്

വൈവിധ്യങ്ങളുടെ ഭൂമികയാണ് ഇന്ത്യ. വിഭിന്നങ്ങളായ സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമ ഭൂമി. കാലാനുസൃതം മാറി വന്ന ഭരണകൂടങ്ങളും നിയമസംവിധാനങ്ങളും ഈ സാംസ്കാരിക ഭൂമികയിൽ അവരുടേതായ തനത് അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും ഉൾപ്പെടെയുള്ള പാശ്ചാത്യരും മറ്റ് ഭരണാധികാരികളും ഇന്ത്യയിൽ തീർത്ത വിപ്ലവാത്മകവും ചരിത്രപ്രധാനവുമായ അടയാളപ്പെടുത്തലുകൾ, നിത്യഹരിത യൗവനം എന്നപോലെ കഴിഞ്ഞുപോയ പ്രതാപ കാലത്തിന്റെ സ്മരണകൾ പേറി ഇന്ത്യൻ മണ്ണിൽ തലയുയർത്തി നിൽക്കുന്നു. കാലാന്തരങ്ങളിൽ മാറി വന്ന ഭരണകൂടങ്ങൾ അവയെ പോരാട്ടങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും പകർപ്പുകളായി കണക്കിലെടുത്ത് ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലന കേന്ദ്രങ്ങളായി സംരക്ഷിച്ചു വന്നിരുന്നു.

എന്നാൽ സമകാലിക ഇന്ത്യയിൽ സ്ഥിതിഗതികൾ അല്പം വിഭിന്നമാണ്. ചരിത്രം വക്രീകരിക്കുന്നതിലും പാർശ്വവൽക്കരിക്കുന്നതിലും വ്യാപൃതരായിരിക്കുകയാണ് ഇന്ത്യയിലെ ഒരു വിഭാഗം. തീവ്ര മത വർഗീയത നിറഞ്ഞ ഇത്തരം ചിലർ കാലാന്തരങ്ങളിൽ ഇന്ത്യയെ തൊട്ടറിഞ്ഞ ഈ ദേശത്തിന്റെ ഒട്ടനവധി ജീവിതകഥകളെയും സംസ്കാരങ്ങളെയും തുടച്ചുനീക്കുവാനുള്ള തത്രപ്പാടിലാണ്. ഭൂരിപക്ഷ വർഗീയതയുടെ ഇത്തരം പ്രവണതകളിൽ കേന്ദ്രമായി തീരുന്ന പ്രഥമ വിഭാഗമാണ് ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിം വിഭാഗം. ‘ഹിന്ദു രാഷ്ട്രം’ എന്ന മിഥ്യാ സങ്കല്പത്തിനനുസൃതമായി ഇന്ത്യയിലെ മുസ്ലിംകളെ അസ്തിത്വം ഇല്ലാത്തവരായി ചിത്രീകരിച്ച്, നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്തി ന്യൂനപക്ഷങ്ങളായ മുസ്ലിം വിഭാഗത്തെ ഇന്ത്യയിൽ നിന്നും ആട്ടിയകറ്റാനാണ് തീവ്ര വർഗീയതയിൽ അഭിരമിക്കുന്ന ഒരുപറ്റം ആളുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ മുസ്ലിം ചരിത്രത്തെ ഉന്മൂലനം ചെയ്യുന്ന വിധത്തിൽ ചരിത്രത്താളുകളിൽ പ്രാഥമികമായി അവർ മാറ്റങ്ങൾ വരുത്തി. സ്വാതന്ത്ര്യസമരം ഉൾപ്പെടെയുള്ള ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന വേളകളിലെ മുസ്ലിം പ്രാതിനിധ്യവും സംഭാവനകളും അവർ മനഃപൂർവം വിസ്മരിച്ചു എന്നതാണ് വാസ്തവം. ചരിത്രത്താളുകളിലെ മാറ്റത്തിരുത്തലുകളിലൂടെ പുതു തലമുറക്ക് മുമ്പിൽ യഥാർത്ഥ ചരിത്രത്തെ തിരശ്ശീലക്ക് പിന്നിലേക്ക് മറക്കുവാനും, അവർ രചിച്ച ചരിത്രത്തിന്റെ കപട മുഖത്തെ അരങ്ങത്തേക്ക് എത്തിക്കുവാനും ഈ വർഗീയവാദികൾക്ക് സാധിച്ചു എന്നതും ഖേദകരമായ യാഥാർത്ഥ്യമാണ്.

ചരിത്ര വക്രീകരണത്തിലൂടെ ഇന്ത്യയിലെ മുസ്ലിംകളുടെ പൈതൃകത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുമ്പോഴും, വിമർശന പാത്രമാക്കുമ്പോഴും, അവർക്ക് മുമ്പിൽ വിലങ്ങു തടിയായി നിൽക്കുകയാണ് ഇന്ത്യൻ ചരിത്രത്തിലേക്ക് ആഴത്തിൽ വേരുകൾ ഊന്നിയ ഇന്ത്യയിലെ മുസ്ലിം പാരമ്പര്യം ഉയർത്തി കാണിക്കുന്ന ഒരുപിടി ചരിത്ര സ്മാരകങ്ങൾ. അഥവാ ഇന്ത്യയിലെ മുസ്ലിം പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും നേർ സാക്ഷ്യങ്ങളായ ചരിത്രസ്മാരകങ്ങൾ.

ഈ ചരിത്ര സ്മാരകങ്ങളിലൂടെ ഇന്ത്യയിലെ ഇസ്ലാമിക പാരമ്പര്യത്തെ വിശകലനം ചെയ്യുമ്പോൾ ഇന്ത്യയിലേക്കുള്ള ഇസ്ലാമിന്റെ ആഗമനത്തെ കൂടി പ്രതിപാദിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. CE മൂന്നാം നൂറ്റാണ്ട് മുതൽ അറബി കച്ചവട സംഘങ്ങൾ ഇന്ത്യയുടെ പടിഞ്ഞാറേ ഭാഗങ്ങളുമായി കച്ചവട ബന്ധങ്ങൾ പുലർത്തിയതായും, ഏഴാം നൂറ്റാണ്ടോടുകൂടി ഈ കച്ചവട ബന്ധങ്ങൾ സുദൃഢമായി തീർന്നിരുന്നതായും ചരിത്ര രേഖകളിൽ കാണാം. ഇങ്ങനെയുള്ള കച്ചവടക്കാർ ഇന്ത്യയിലെ തുറമുഖ നഗരങ്ങളോട് ചേർന്ന് ഗേഹങ്ങളും ആരാധന കേന്ദ്രങ്ങളും പണിഞ്ഞിരുന്നതായും തദ്ദേശീയരുമായി വിവാഹബന്ധങ്ങൾ പുലർത്തിയിരുന്നതായും ചരിത്രം പറയുന്നു.

മാലിക് ബിനു ദിനാറും സംഘവും AD 624-ൽ ഇന്ത്യയിലെത്തിയതോടെ അനേകം പ്രദേശങ്ങളിലേക്ക് ഇസ്ലാം വ്യാപിക്കുകയും പള്ളികൾ ഉൾപ്പെടെ ഇസ്ലാമിക സംസ്കാരത്തിന്റെ ഉദാത്ത ഉദാഹരണങ്ങൾ ഒട്ടനവധി പ്രവിശ്യകളിൽ ഉയരുകയും ചെയ്തു. കച്ചവട തല്പരരായിരുന്ന ഇവർ നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന ഇന്ത്യയെ സൈനികമായി ആക്രമിക്കാനോ ഇസ്ലാമിക രാഷ്ട്രം പടുത്തുയർത്താനോ ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിൽ മുസ്ലിം ഭരണകൂടങ്ങൾ ഉയരുന്നതും ശക്തിയാർജിക്കുന്നതും പിന്നെയും ഒട്ടനവധി വർഷങ്ങൾക്കുശേഷമാണ്. സിലോണിൽ നിന്നും ഖലീഫക്കും സൈന്യാധിപൻ ഹജ്ജാജ് ബിൻ യൂസഫിനും കൊടുത്തയച്ച സമ്മാനങ്ങൾ അപഹരിച്ച ദിബാലിലെ കടൽ കൊള്ളക്കാരെ പ്രതിരോധിച്ചതിലൂടെയാണ് ഇന്ത്യയിലേക്ക് സൈനികമായി മുസ്ലിംകൾ കടന്നുവരുന്നത്.

മുഹമ്മദ് ബിൻ ഖാസിമിന്റെ നേതൃത്വത്തിലുള്ള സൈന്യം എഡി 712-ൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ കീഴടക്കിയതോടെയാണ് ഇസ്ലാമിക ഭരണകൂടങ്ങൾക്ക് ഇന്ത്യയിൽ പ്രാരംഭം കുറിക്കുന്നത്. കാലക്രമേണ ഒട്ടനവധി ഇസ്ലാമിക വിഭാഗങ്ങൾ ശക്തിയാർജിക്കുകയും ഇന്ത്യയെ ഭരണസിരാകേന്ദ്രങ്ങൾ ആക്കി മാറ്റുകയും ചെയ്തു. AD 963 മുതൽ AD 1857 വരെയുള്ള സുദീർഘമായ കാലം ഗസ്‌നവികളും, ഗോരികളും, മംലൂക്-ലോധി-ഖിൽജി-തുഗ്ലക് വംശങ്ങളടങ്ങുന്ന ഡൽഹി സൽത്തനത്തും, ശേഷം ഇന്ത്യയിലെ മുസ്ലിം ഭരണത്തിന്റെ സുവർണ്ണ കാലഘട്ടമായി അറിയപ്പെട്ട മുഗൾ ഭരണാധികാരികളും ഇന്ത്യയെ അടക്കിവാണു. ഈ കാലയളവിലാണ് ഇന്ത്യയിലെ മുസ്ലിം പൈതൃകത്തിന്റെ വളർച്ചക്ക് നിദാനമായ ഒട്ടനവധി നിർമ്മിതികൾ ഉയരുന്നത്.

രാജ്യസുരക്ഷക്കും പ്രജാക്ഷേമത്തിനും ഉപരിയായി ചരിത്ര നിർമ്മിതികൾക്ക് ജന്മം കൊടുക്കുന്നതിനും ഈ ഭരണാധികാരികൾ ശ്രദ്ധ പുലർത്തി. ആ കാലത്ത് ലഭ്യമായ ഏറ്റവും മികച്ച വാസ്തു വിദ്യയിൽ നിപുണരായ ശിൽപ്പികളെ വിനിയോഗിച്ചായിരുന്നു ഇവയുടെയെല്ലാം നിർമ്മാണം. ഭരണ കാലയളവിലെ ഭരണ സിരാകേന്ദ്രങ്ങളിൽ സ്ഥാപിക്കപ്പെട്ട ഇത്തരം നിർമ്മിതികൾ ഭരണാധികാരികളുടെയും ഇസ്ലാമിക സംസ്കാരത്തിന്റെയും അടയാളപ്പെടുത്തലുകൾ കൂടിയായിരുന്നു.

സമകാലിക ഇന്ത്യയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളായ പല സ്ഥലങ്ങളും അവിടെയുള്ള ബഹു ഭൂരിഭാഗം നിർമ്മിതികളും ഈ കാലയളവിൽ നിർമ്മിക്കപ്പെട്ടതും അവയിലെല്ലാം ഇസ്ലാമിക സംസ്കാരത്തിന്റെ സ്പർശനങ്ങൾ നിറഞ്ഞവയുമാണ്. കുത്തബ് മിനാർ, ജമാമസ്ജിദ്, താജ്മഹൽ, ഹുമയൂണിന്റെ ശവകുടീരം, ചാർമിനാർ, അലഹബാദ് കോട്ട, നിസാമുദ്ദീൻ ദർഗ, ഹൈദരാബാദിലെ മക്കാ മസ്ജിദ്, ചെങ്കോട്ട തുടങ്ങിയവ ഇന്ത്യയിലെ മുസ്ലിം പാരമ്പര്യം തുളുമ്പുന്ന നിർമ്മിതികളിൽ ആർജിച്ചതും അന്താരാഷ്ട്രതലത്തിൽ ചരിത്രാന്വേഷകരുടെ പ്രധാന ഗവേഷണ കേന്ദ്രങ്ങളുമാണ്.

കേവലം നിർമിതികൾ എന്നതിലുപരി എങ്ങനെയാണ് ഇവ ഇന്ത്യയിലെ മുസ്ലിം പാരമ്പര്യത്തിന്റെ സ്മാരക മന്ദിരങ്ങൾ ആയി തീരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. മുസ്ലിം രാജാക്കന്മാർ പണികഴിപ്പിച്ചു എന്നതിലുപരി ഇസ്ലാമിക സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി സവിശേഷതകൾ ഇത്തരം നിർമിതികളിൽ പ്രകടമാണ് എന്നതാണ് ഉത്തരം. പുരാതന ഇന്ത്യയിലെ വാസ്തു ശൈലികൾക്ക് പകരം ഒരു ഇൻഡോ-ഇസ്ലാമിക്‌ നിർമ്മാണ രീതികൾ ഇത്തരം നിർമ്മിതികളിൽ അവലംബിച്ചിരുന്നു. കുത്തബ് മിനാറും ഡൽഹി ജുമാ മസ്ജിടും ചാർമിനാറും അടങ്ങുന്ന ഒട്ടനവധി നിർമ്മിതികൾ ഈ ആധുനിക വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളാണ്.

ആയിരക്കണക്കിന് ആളുകൾക്ക് ഒരുമിച്ച് നമസ്കരിക്കാൻ ഉതകുന്ന രീതിയിൽ ഉസ്താദ് ഖലീൽ എന്ന മികച്ച വാസ്തു ശിൽപ്പിയെ ഉപയോഗിച്ച് 6 വർഷം എടുത്ത് നിർമിച്ച ഡൽഹി ജമാ മസ്ജിദ് ഈ കാലയളവിൽ മത വ്യാപനത്തെയും സൂചിപ്പിക്കുന്ന ചരിത്ര ഗേഹമാണ്. ദേവന്മാരെയും ദേവതകളെയും പൂർവ്വ ഇന്ത്യയുടെ ഹൈന്ദവ സംസ്കാരത്തിന് ബദലായി ജാമിതീയ രൂപങ്ങളും ഖുർആനിക വചനങ്ങളും ആലേഖനം ചെയ്യപ്പെടുകയും, താഴികക്കുടങ്ങളും വൃത്താകൃതിയിലുള്ള വളവുകളും മിനാരങ്ങളും ഉൾപ്പെടുന്ന പേർഷ്യൻ വാസ്തു ശൈലിയും ഇവയിൽ വിനിയോഗിച്ചുകൊണ്ട് ഇസ്ലാമിക സംസ്കാരത്തിന്റെ നേർക്കാഴ്ച ആവുകയായിരുന്നു ഈ നിർമ്മിതികൾ.

ചിത്രങ്ങളും കൊത്തുപണികളും ചതുരാകൃതിയിലുള്ള നിർമ്മിതികളും ഉൾപ്പെട്ടിരുന്ന ഹൈന്ദവ സംസ്കാരത്തിൽ നിന്ന് മാറി ഇസ്ലാമിക സംസ്കാരത്തിന്റെ പ്രതീകമായി ഇവ മാറി. ഇന്ത്യൻ നിർമ്മിതികളിലെ സവിശേഷതകളെ നിലനിർത്തിക്കൊണ്ട് അവയോടൊത്ത് ഇസ്ലാമിക സംസ്കാരത്തെ കോർത്തിണക്കി കൂടുതൽ മികവുറ്റ സംസ്കാരത്തിന്റെ പ്രതിഫലനത്തിന് ഹേതു ആവുകയായിരുന്നു ഇത്തരം നിർമിതികൾ.

ഇന്ത്യയിലെ മുസ്ലിം ആധിപത്യ കാലയളവിലെ ഈ നിർമിതികൾക്ക് ക്ഷേമത്തിന്റെയും അതിജീവനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പരസ്പര സഹകരണത്തിന്റെയും കഥകൾ ഏറെ പറയാൻ ഉണ്ട്. 1591-ൽ അസ്തരാബാദി എന്ന പ്രശസ്തനായ വാസ്തു ശില്പിയെ ഉപയോഗിച്ച് നിർമ്മിച്ച ഹൈദരാബാദ് നഗരത്തിന്റെ സ്ഥാപന ചിഹ്നമായി അറിയപ്പെടുന്ന ചാർമിനാറിനു പിന്നിൽ പ്രജകളുടെ ക്ഷേമത്തിൽ തൽപരനായിരുന്ന മുഹമ്മദ് ഖുലി കുത്തുബ് ഷാ എന്ന രാജാവിന്റെ ചരിത്രം മറഞ്ഞുകിടപ്പുണ്ട്. ഹൈദരാബാദിൽ പടർന്നുപിടിച്ച ‘പ്ലേഗ്’ (Plague) നിർമ്മാർജ്ജനം ചെയ്തതിന്റെ ഓർമ്മക്കായി നിർമ്മിച്ചതായിരുന്നു ചാർമിനാർ.

പള്ളി ഉൾപ്പെടെ ഉൾക്കൊള്ളുന്ന രീതിയിൽ നിർമ്മിച്ച ചാർമിനാർ ആ കാലയളവിലെ ഇസ്ലാമിക വ്യാപനത്തിന്റെയും ഇസ്ലാമിക സംസ്കാരത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെയും പ്രതീകമാണ്. കുത്തബ് മിനാറും ഡൽഹി ജമാ മസ്ജിദും മക്ക മസ്ജിദ് ഉൾപ്പെടെയുള്ള ഒട്ടനവധി ആരാധന കേന്ദ്രങ്ങൾ ഖ്യാതിയാർജിച്ച ഇസ്ലാമിക സംസ്കാരത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ലോകാത്ഭുതങ്ങളിൽ ഒന്നായി എണ്ണപ്പെട്ട, സ്മാരക സൗധം എന്നറിയപ്പെടുന്ന, ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായി നാം വിലയിരുത്തുന്ന താജ്മഹൽ, മുഗൾ ചക്രവർത്തിയായ ഷാജഹാൻ പ്രിയ പത്നി മുംതാസിന്റെ സ്മരണാർത്ഥം ഉസ്താദ് ഇസ എന്ന വാസ്തുശില്പിയെ കൊണ്ട് പണികഴിപ്പിച്ചതാണ്.

അതിർവരമ്പുകൾ ഇല്ലാത്ത സ്നേഹത്തിന്റെ വിശ്വ കേന്ദ്രമായി ഇന്ന് താജ്മഹൽ കണക്കാക്കപ്പെടുന്നു. ഖുർആനിക സൂക്തങ്ങളും അല്ലാഹുവിന്റെ നാമങ്ങളും ആലേഖനം ചെയ്യപ്പെട്ടതും, ഇസ്ലാമിക സങ്കല്പ പ്രകാരമുള്ള സ്വർഗ്ഗത്തെ പ്രതീകവൽക്കരിച്ചുകൊണ്ടുള്ള ഉദ്യാനങ്ങളോടു കൂടിയ താജ്മഹൽ ഇസ്ലാമിക സംസ്കാരത്തെയും ഇസ്ലാമിക ആശയങ്ങളെയും ലോകത്തിനു മുമ്പിൽ വിളിച്ചോതുന്ന ലോകാത്ഭുതങ്ങളിൽ ഒന്നാണ്. എല്ലാ വർഷങ്ങളിലെയും സ്വാതന്ത്ര്യദിനാചരണ വേളകളിൽ ഇന്ത്യയുടെ പ്രധാനമന്ത്രിമാർ പൊതുജനത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും സമാനമായ ഇസ്ലാമിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകൾ പ്രകടമാണ്.

ഫത്തേപുർ സിക്രിയും ചെങ്കോട്ടയും ഉൾപ്പെടുന്ന ഒട്ടനവധി കോട്ടകൾ സുദൃഢമായ ഇസ്ലാമിക ഭരണകൂടത്തിന്റെ പ്രതീകമായി നിലകൊള്ളുമ്പോൾ ഗോൽക്കൊണ്ട ഫോർട്ട്‌ പോലെയുള്ളവ ആ കാലയളവിലെ സാമ്പത്തിക സിരാകേന്ദ്രങ്ങളായും കവികളുടെയും സാഹിത്യകാരന്മാരുടെയും സംഗീതജ്ഞരുടെയും കേന്ദ്രമായും ഖ്യാതി ആർജിച്ചവയാണ്. ഇസ്ലാമിക പണ്ഡിതരെ ആദരിച്ചുകൊണ്ട് സ്മരണാർത്ഥം നിർമ്മിച്ച ദർഗകളും ആ കാലയളവിൽ വ്യാപിച്ചിരുന്ന ഇസ്ലാമിക സംസ്കാരത്തിന്റെ നേർസാക്ഷ്യമാണ്. ഇസ്ലാമിക ശിക്ഷണത്തിൽ നിന്നുയർന്ന ആത്മീയതയുടെയും ആരാധനയുടെയും ഭക്തിയുടെയും കേന്ദ്രങ്ങളായി ഇത്തരം ദർഗകൾ ഇന്നും നിലകൊള്ളുകയാണ്. ശൈഖ് നിസാമുദ്ദീൻ ദർഗയും അജ്മീർ ദർഗയും ഉൾപ്പടെ എണ്ണമറ്റ ദർഗ്ഗകൾ അതിന് കേവല ഉദാഹരണങ്ങൾ മാത്രം.

നഗര സിരാകേന്ദ്രങ്ങളിൽ നിർമ്മിതമായ ഇവയ്ക്ക് ചുറ്റും പടർന്നുപന്തലിച്ച പുതിയ ഒരു നാഗരികതയുടെ രൂപീകരണത്തിനും ഇവ സാക്ഷ്യം വഹിച്ചു. ഇസ്ലാമിക സംസ്കാരത്തിന്റെ വാഹകരായി മാറിയ ഈ നിർമിതികൾ ഒരിക്കലും ഹൈന്ദവ സംസ്കാരത്തിന്റെ ഉച്ചാടനത്തിന് ഹേതുവായിട്ടില്ല എന്നുള്ളതും ഇതോടൊപ്പം ശ്രദ്ധേയമാണ്. പൂർണ്ണമായ ഉന്മൂലനത്തിന് പകരം ഇരു സംസ്കാരങ്ങളെയും കൂട്ടിയോജിപ്പിച്ച് ‘ഇന്തോ-ഇസ്ലാമിക്’ സംസ്കാരത്തിന് രൂപം കൊടുക്കുകയാണ് ഇസ്ലാമിക ഭരണാധികാരികൾ ചെയ്തത്. മുസ്ലിം ഭരണാധികാരികൾ പണികഴിപ്പിച്ച ചരിത്ര നിർമ്മിതികളിലെ ഹൈന്ദവ സംസ്കാര ചിഹ്നങ്ങളും ഇന്തോ-ഇസ്ലാമിക് സ്പർശവും ഇതിന്റെ ഉദാത്ത ഉദാഹരണമാണ്.

ചുരുക്കത്തിൽ ഇന്ത്യയിൽ നിലനിന്നിരുന്ന ഇസ്ലാമിക ഭരണകൂടത്തിന്റെയും ഇസ്ലാമിക സംസ്കാരത്തിന്റെയും നേർസാക്ഷ്യം ആവുകയാണ് ഒരുപറ്റം ചരിത്ര നിർമ്മിതികൾ. പോയ കാലത്തിലെ ഇസ്ലാമിക സംസ്കാരത്തിന്റെ പൈതൃകത്തിന്റെ അണയാത്ത ഓർമ്മകളുമായി, ഖ്യാതി ആർജിച്ച ഇസ്ലാമിക പാരമ്പര്യത്തിന്റെ നേർസാക്ഷ്യമായി ഇന്നും അവ നിലകൊള്ളുകയാണ്. കപട ചരിത്രത്തിന്റെ കുത്തൊഴുക്കിലും ഒരിക്കലും വറ്റാത്ത ശുദ്ധജലസ്രോതസ്സായി അവ ഇന്നും ലോകത്തിന്റെ ചരിത്രദാഹത്തെ ശമിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ മുസ്ലിംകളുടെ ചരിത്രം ചികയുന്ന, അതിനെ കാർന്നു തിന്നുന്ന കിരാതഹസ്തങ്ങൾക്കു മുമ്പിൽ കവചമൊരുക്കുകയാണ് ഇവ. കാപട്യത്തിൽ നിന്നും വെറുപ്പിൽ നിന്നും ഉയരുന്ന ഒട്ടനവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാവുകയാണ്. തലയുയർത്തി നിൽക്കുന്ന ഒട്ടനവധി സ്മരാക ശിലകൾ കവചം തീർക്കാൻ ഉള്ളിടത്തോളം ഇന്ത്യൻ മുസ്ലിംകളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും ചോദ്യം ചെയ്യുക അസാധ്യമാണ്. മാറ്റിയ ചരിത്രത്താളുകൾക്കു മുമ്പിൽ മായാത്ത ചരിത്രവുമായി ഈ സ്മാരക മന്ദിരങ്ങൾ കവചം ഒരുക്കുമെന്ന് തീർച്ചയാണ്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading