ഇന്ത്യൻ മുസ്‌ലിമും സ്ഥിതി വിശേഷങ്ങളും



സവിശേഷമായ ചരിത്രമുള്ളവരാണ് ഇന്ത്യൻ മുസ്‌ലിംകൾ. ഇന്ത്യൻ ചരിത്രത്തിന്റെ വ്യത്യസ്ത തുറകളിൽ സാംസ്കാരികമായും രാഷ്ട്രീയമായുമൊക്കെ പങ്കു വഹിച്ചവരാണവർ. മുസ്‌ലിംകളുടെ ആഗമനത്തെ പ്രധാനമായും രണ്ട് രീതിയിലാണ് മനസ്സിലാക്കാൻ സാധിക്കുക. ദക്ഷിണേന്ത്യയിലേക്ക്, അഥവാ കേരളത്തിലേക്ക് മാലിക് ഇബ്നു ദീനാറും സംഘവും ഇസ്‌ലാം മത പ്രചരണാർത്ഥം കടന്നു വന്നതും മറ്റൊന്ന് മുഹമ്മദ് ഇബ്ൻ ഖാസിം സിന്ധ് വഴി രാഷ്ട്രീയ പ്രേരിതമായി വന്നതുമാണത്. ഇതിന്റെയൊക്കെ പിന്തുടർച്ചയെന്നോണം ഉത്തരേന്ത്യയിൽ മുസ്‌ലിം ഭരണാധികാരികളുണ്ടായി, ദക്ഷിണേന്ത്യയിൽ, പ്രധാനമായും അധിനിവേശ കാലങ്ങളിൽ, രാഷ്ട്രീയ സ്വാധീനമുള്ളവരും ഉണ്ടായി. സ്വാതന്ത്ര്യ പൂർവ ഇന്ത്യയിൽ രാഷ്ട്രീയതലങ്ങളിൽ നേരിട്ട് ഇടപെടാനുള്ള അവസരങ്ങൾ തന്നെയായിരുന്നു ഇതെല്ലാം. 

ഇന്ത്യൻ മുസ്‌ലിംകൾക്കിടയിൽ സ്വത്വ രാഷ്ട്രീയം അല്ലെങ്കിൽ രാഷ്ട്രീയ ചിന്ത ഉടലെടുക്കുന്നത് കോളനിവത്കരണ കാലഘട്ടത്തിലാണെന്ന് പറയേണ്ടി വരും. നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്നിടത്ത് നിന്ന് ഒരു പൊതുവായ രാഷ്ട്രീയ താല്പര്യത്തോടെ ഇന്ത്യൻ ജനത അപ്പോഴാണ് സംഘടിക്കുന്നത്. സാമുദായികമായ ഉച്ചനീചത്വങ്ങളും രാഷ്ട്രീയ തലത്തിൽ ബ്രിട്ടീഷ് അധിനിവേശവും സാംസ്‌കാരിക തലത്തിൽ യൂറോപ്യൻ ആധുനിക മൂല്യങ്ങളുടെ ആധിപത്യവും വളരെ വ്യാപകമായിരുന്ന സാഹചര്യം കൂടിയായിരുന്നു. അതിനിടയിൽ മറ്റു തത്വങ്ങൾ പൊലെ തന്നെ മുസ്‌ലിം സ്വത്വ രാഷ്ട്രീയവും സങ്കീർണ്ണമായാണ് നിലകൊള്ളുന്നത്. അധിനിവേശ ചരിത്രത്തോടൊപ്പം മുന്നേറുന്നതാണ് ഇന്ത്യയിൽ മുസ്‌ലിം രാഷ്ട്രീയം. അതിന്റെ കൂടെ തന്നെ ജാതീയത എന്ന പ്രതിഭാസവും സാംസ്‌കാരിക പരിസരത്ത് നിലനിൽക്കുന്നുണ്ടായിരുന്നു.

രാഷ്ട്രീയത്തെയും മതത്തെയും വേറിട്ട നിർത്താൻ ഇസ്‌ലാമിൽ പ്രേരണയില്ല, ഭരണാധികാരി ഉണ്ടായിരിക്കേണ്ടതിനെ കുറിച്ചും ആ ഭരണാധികാരി നീതി നിഷ്‌ട പുലർതുന്നവനും സത്യസന്ധനുമൊക്കെ ആവണമെന്ന മത കല്പന തന്നെ നിലനിൽക്കുന്നുണ്ട്, അഥവാ രാഷ്ട്രീയത്തെ  മൂല്യാധിഷ്ടിതമായി കൊണ്ടു പോവുകയാണ് ഇസ്‌ലാം. മറ്റൊരർത്ഥത്തിൽ സാമൂഹ്യവും വൈയക്തികവുമായ രീതിശാസ്ത്രം മതത്തിന്റെ പരിഗണനയിൽ വരുന്നതാണ്.

പ്രവാചക ചരിത്രത്തിലെ സുപ്രധന അധ്യായമാണ് മദീന ചാർട്ടർ. മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത് മദീനയിലെത്തിയപ്പോൾ മദീന നിവാസികളുമായി ചെയ്ത ഉടമ്പടിയാണത്, ഇസ്‌ലാമിക് സ്റ്റേറ്റ് സംസ്ഥാപിക്കുന്നതിന്റെ പ്രാഥമിക ഘട്ടം എന്ന് അതിനെ വിശേഷിപ്പിക്കാം. മുഹാജിറുകളും അൻസ്വാറുകളും മദീനയിലെ ജൂതരും ഇതിനെ അംഗീകരിച്ചിരുന്നു. മദീനയിൽ എല്ലാവരുടെയും സ്വൈര്യ വിഹാരത്തിനും സഹവർത്തിത്വത്തിനും അടിത്തറ പാകുന്ന ഒരു ഭരണഘടന തന്നെയായിരുന്നു അത്. അതിന് മുൻപായി രണ്ട് അഖബാ ഉടമ്പടികൾ ഹിജ്റക്ക് മുൻപും നടന്നിട്ടുണ്ട്.
ഹജ്ജത്തുൽ വിദാഅ മറ്റൊരു സുപ്രധാന സംഭവമാണ്. മാനവിക കുലത്തോടുള്ള ഇസ്‌ലാമിന്റെ നിലപാട് വിളിച്ചോതുന്ന, ഉന്നതമായ ഒരു മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അത്. ഇങ്ങനെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ചരിത്രത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതിന് പുറമെ വിശുദ്ധ ഖുർആനിന്റെ അധ്യാപനങ്ങളുമുണ്ട്. നീതിക്ക് വേണ്ടി നിലകൊള്ളാനും വിശ്വാസ്യത കാത്തുസൂക്ഷിക്കാനും സാമൂഹികവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും സദാ അത് ഉണർത്തുന്നുണ്ട്. മുസ്‌ലിം രാഷ്ട്രീയത്തെ ചുരുങ്ങിയ തോതിൽ ഇങ്ങനെ മനസ്സിലാക്കാം. അത് പോലെ മതത്തെയും രാഷ്ട്രീയത്തെയും വേറിട്ട് നിർത്തേണ്ടതില്ല. മതം രാഷ്ട്രീയത്തെ ഉൾക്കൊള്ളുന്നുണ്ട്.

ഒരു ഭരണാധികാരിക്ക് കീഴിൽ സംഘടിക്കുവാനും സുസ്ഥിരമായ ഒരു സമൂഹത്തെ വാർത്തെടുക്കാനുമുള്ള പ്രേരണ മനുഷ്യകുലത്തിനുണ്ട്. ദേശീയതയും അനുബന്ധമായ തർക്കങ്ങളെയും അങ്ങനെ എതിർക്കപ്പെടുന്നുമുണ്ട്. അറേബിയയിൽ നിലനിന്നിരുന്ന ഗോത്ര തർക്കങ്ങൾക്ക് ഇന്നത്തെ ദേശീയതയുടെ മുഖം തന്നെയാണ്. അതിർത്തികൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന ഒരു ദേശീയതാ സങ്കൽപം അപര വിദ്വേഷത്തിലേക്കും നിരന്തര യുദ്ധങ്ങളിലേക്കും കൊണ്ടു ചെല്ലുന്നുണ്ട്. പക്ഷെ ആധുനിക ദേശ രാഷ്ട്ര സങ്കല്പങ്ങൾക്കിടയിൽ ഉമ്മത് എന്ന ബോധ്യത്തിലേക്ക് എത്തിച്ചേരുക പ്രയാസമായിരിക്കും. തമീം ബർഗൗഥി പറയുന്ന പോലെ പലസ്തീനിൽ അക്രമം നടക്കുമ്പോൾ ചുരുങ്ങിയ തോതിൽ വേദനിച്ചെങ്കിലും കഴിഞ്ഞാൽ ആ ഉമ്മത് എന്ന ബോധത്തിന്റെ കേവല സാക്ഷാത്കാരമായിരിക്കും. ഈ ആധുനിക ദേശ രാഷ്ട്ര സങ്കല്പത്തിലേക്ക് തന്നെയാണ് ഇന്ത്യയിൽ മുസ്‌ലിം സ്വത്വ രാഷ്ട്രീയത്തെയും ചേർക്കേണ്ടത് എന്ന് തോന്നുന്നു.

വ്യത്യസ്ത രാജാക്കന്മാർക്ക് കീഴിലായി മുസ്‌ലിംകൾ സംഘടിച്ചിരുന്നു. അതിന് ഒരു പക്ഷെ ധീരമായ ചലനാത്മകത ലഭിക്കുന്നത് കോളനിവത്കരണത്തോടെയാണ്, പ്രധാനമായും 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം. കൂടാതെ ഉസ്മാനി ഖിലാഫത്തിന്റെ പതനവും അതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. തങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഭരണാധികാരികളെ നഷ്ടപ്പെട്ടത് മുസ്‌ലിം സമുദായത്തെ വീണ്ടും ഒരുമിപ്പിക്കാനും സംഘടിതമായ രാഷ്ട്രീയ പ്രവർത്തനത്തിനും അവരെ പ്രേരിപ്പിച്ചു എന്ന് മനസ്സിലാക്കാം.

1857ലെ സമരപരാജയം മുസ്‌ലിം രാഷ്ട്രീയ നവജാഗരണത്തിന്റെ തുടക്കമായി വിലയിരുത്താം. ആരെയും ആശ്രയിക്കാതെ വേറിട്ട് നിന്ന് സംഘടിക്കാനും രാഷ്ട്രീയ വിദ്യാഭ്യാസ പ്രവർത്തിനെലേർപ്പെടാനുമുള്ള പ്രേരണ ഉണ്ടായിത്തീർന്നു. അതിന് മുൻപന്തിയിൽ നിന്നത് സർ സയ്യിദ് അഹ്മദ് ഖാൻ ആയിരുന്നു. വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയ സംഘടനത്തിന് മൂർച്ച കൂട്ടാനുള്ള ശ്രമമായിരുന്നു അലിഗഡ് മൂവ്മെന്റിന്റെ വക്താവായ സർ സയ്യിദ് ലക്ഷ്യം കണ്ടതും. പിന്നീട് 1885ല്‍ രൂപീകരിച്ച ഓള്‍ ഇന്ത്യാ മുഹമ്മദന്‍ എജ്യൂക്കേഷനല്‍ കോണ്‍ഫറന്‍സിന്റെ ഇരുപതാം വാർഷിക യോഗത്തിലാണ് സർവ്വേന്ത്യ മുസ്‌ലിം ലീഗ് സ്ഥാപിതമാവുന്നത്. സ്വാതന്ത്ര്യ പൂർവ കാലത്തെ മുസ്‌ലിം രഷ്ട്രീയതിലെ പ്രധാന ചുവടുവെപ്പായിരുന്നു അത്. രാഷ്ട്രീയ പ്രതിനിധാനത്തിനടക്കം സമുദായത്തിന്റെ ചലനാത്മകതയിൽ മുസ്‌ലിം ലീഗിന് പങ്കുണ്ട്. അതിന്റെ കൂടെ തന്നെ വിഭജനത്തിലും കോൺഗ്രസിനോടൊപ്പം മുസ്‌ലിം ലീഗിന്റെ പങ്കും പറയാതെ വയ്യ. വിഭജനത്തെ ഒരു അവശ്യകതയായി കാണുമ്പോഴും, പല മുസ്‌ലിം നേതാക്കളും ഇന്ത്യയിൽ തന്നെ നിലനിൽക്കുമ്പോഴും സ്വാതന്ത്ര്യ ഇന്ത്യയിൽ മുസ്‌ലിം സാംസ്‌കാരിക – രാഷ്ട്രീയ പരിസരത്ത് വലിയ വിള്ളൽ, വിഭജനം ഉണ്ടാക്കി വെച്ചിട്ടുണ്ട്. അത് വരെ ഇന്ത്യൻ സ്വത്വ രഷ്ട്രീയതിലെ പ്രധാന മുഖങ്ങൾ പാകിസ്താനിലേക്ക് കുടിയേറി, ധൈഷണിക സംഭാവന നൽകിയ പലരുടെയും പാരമ്പര്യം മറ്റു രാജ്യങ്ങളിലേക്ക് ചേർക്കപ്പെട്ടു. അങ്ങനെ മുൻകാല പ്രതാപത്തിന്റെ പൊലിമകളിൽ ഒതുങ്ങിക്കൂടാൻ മാത്രം പലരും ആഗ്രഹിച്ചു, അഥവാ അവരുടെ രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിൽ നിന്ന് പലരും വിരമിക്കൽ പ്രഖ്യാപിച്ചു.

മുസ്‌ലിം സ്വത്വ രാഷ്ട്രീയത്തിന് ഇങ്ങനെയൊരു മുഖം നിലനിൽക്കുന്നതോടൊപ്പം മുസ്‌ലിം രാഷ്ട്രീയ ചിന്ത താത്വികമായി വേറെയും നിലകൊള്ളുന്നു. ഭരണകാര്യങ്ങളിൽ ഇടപെടുന്ന മുസ്‌ലിം രാഷ്ട്രീയ രീതി ഒരു വശത്തു നിലനിൽക്കുമ്പോൾ മുസ്‌ലിം രാഷ്ട്രീയത്തിന് ദാർശനിക പിന്തുണ കൊടുക്കുന്ന ചിന്തകളും ഉണ്ടായി എന്ന് മനസ്സിലാക്കാം. പല അർത്ഥത്തിലും സമ്പന്നമായ മുസ്‌ലിം സമുദായം കോളനീകരണത്തിലൂടെ പിന്നോക്കം ആയിട്ടുണ്ട്. അത് പിന്നീട് അവരുടെ രാഷ്ട്രീയത്തെയും ബാധിച്ചു. ഇത്തരം സാഹചര്യങ്ങളെ കൂടെ പരിഗണിച്ചാണ് മുസ്‌ലിം രാഷ്ട്രീയ ചിന്ത വികസിക്കുന്നത് എന്ന് പറയാം.

അസ്ഗറലി എഞ്ചിനീയർ മുസ്‌ലിം രാത്രീയ ചിന്തയിലെ പ്രധാന മുഖമാണ്. മുസ്‌ലിം പിന്നോക്കാവസ്ഥയും പൗരോഹിത്യ ചൂഷണങ്ങളുമാണ് അദ്ദേഹം പ്രശ്നവത്കരിച്ചത്. ഇസ്‌ലാമിനെ ഒരു മോചന മാർഗമായി അവതരിപ്പിക്കുന്ന അദ്ദേഹം സമുദായത്തിന്റെ പ്രധാന പ്രശ്നമായി മത പുരോഹിതരുടെ ചൂഷണത്തെ എണ്ണുന്നു. സർവ്വേന്ത്യ ലീഗിന്റെ പ്രവർത്തനം അടിത്തട്ടിലുള്ള മുസ്‌ലിം ഉന്നമനത്തിന് കരണമായിട്ടില്ല എന്നും ലീഗ് മേലാള വിഭാഗത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പ് വരുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിമർശിക്കുന്നു.

അദ്ദേഹം മുന്നോട്ട് വെച്ച ആശയമാണ് ലിബറേഷൻ തീയോളജി (വിമോചന ദൈവശാസ്ത്രം). മനുഷ്യത്വ രാഹിത്യത്തിനെതിരെയും മൗലിക വാദങ്ങൾക്കെതിരെയുമുള്ള ഒരു ചലനമായിട്ടാണ് അദ്ദേഹം ഇതിനെ കാണുന്നത്. സാമൂഹികമായി നിലനിൽക്കുന്ന വരേണ്യതയെയും സവർണ്ണത്വത്തെയും, പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തിനിടയിൽ, ഉടച്ചു വാർക്കാനുള്ള ശ്രമമായിട്ടാണ് അദ്ദേഹം ഇതിനെ അവതരിപ്പിക്കുന്നത്. ഇസ്‌ലാം അവതീർണ്ണമായതിന്റെ ലക്ഷ്യം ഇങ്ങനെയുള്ള മനുഷ്യ വിമോചനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അത് കൊണ്ട് ഇസ്‌ലാമിന്റെ പ്രാമാണിക ഗ്രന്ഥമായ ഖുർആൻ അറേബ്യൻ സാഹചര്യത്തെ അനുസരിച്ച് ഇറങ്ങിയതാണെന്നും അതിലെ മൂല്യങ്ങളെ ഉൾക്കൊണ്ട് നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് പുനർവായന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു വെക്കുകയാണ്.

സാമുദായിക ഐക്യം സാധ്യമാവുന്നത് മത സൗഹാർദത്തിലൂടെയാണെന്ന് എഞ്ചിനീയർ പറയുന്നു, അഥവാ അദ്ദേഹം ഒരു മതേതരവാദിയാണ്. എല്ലാ മതങ്ങളും നിലകൊള്ളുന്നത് അടിസ്ഥാന മൂല്യങ്ങളുടെ സംസ്ഥാപനത്തിനാണെന്നിരിക്കെ എല്ലാവരും ആശയ തലത്തിൽ ഒന്നാണെന്നും ആരാധനാ കർമ്മങ്ങളിൽ മാത്രമാണ് വ്യത്യാസം സംഭവിക്കുന്നത്. ആധുനിക മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം തുടങ്ങിയവയോട് ചായ്‌വ് പ്രകടിപ്പിക്കുന്ന നിലപാടാണിത്. പ്രവാചക ചരിത്രത്തിൽ ഇത്‌ നേരിട്ട് ദൃശ്യമല്ലെങ്കിലും ഉത്തമ സമുദായത്തെ സൃഷ്ടിക്കാനുള്ള ശ്രമം തന്നെയാണ് അന്ന് നടന്നത്, അതിന്റെ മറ്റൊരു രൂപമെന്ന നിലക്ക് ആധുനിക മൂല്യങ്ങൾ സ്വീകാര്യമാണെന്ന് അദ്ദേഹം കരുതുന്നു.

ഇന്ത്യയിലെ മുസ്‌ലിംകൾ നേരിടുന്ന സാമൂഹ്യവും വർഗീയവുമായ പ്രശ്നങ്ങൾക്ക് എഞ്ചിനീയർ നിർദേശിക്കുന്ന പ്രധാന പരിഹാര മാർഗമാണ് ജനാധിപത്യം. ജനാധിപത്യ മതേതര കക്ഷികളെ രാഷ്ട്രീയമായി പിന്തുണയ്ക്കാനും അങ്ങനെ ഉയർന്നു വരാനുമുള്ള പ്രേരണയാണ് എഞ്ചിനീയർ നൽകുന്നത്, അങ്ങനെ തുല്യതയുള്ള അവസ്ഥയിലേക്ക് നീങ്ങാനും.

ജനാധിപത്യം, തുല്യത, സ്ത്രീ വിമോചനം തുടങ്ങിയ കാര്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയാണ് എഞ്ചിനീയറുടെ ചിന്ത കടന്നു പോവുന്നത്. ഇത്‌ തന്നെ പ്രധാനമായും ഇന്ത്യയിലെ മുസ്‌ലിം പിന്നോക്കാവസ്ഥ കൂടെ പരിഗണിച്ചുള്ള ആശയങ്ങളാണെന്ന് മനസ്സിലാവുന്നു. വിഭജനാനന്തരം രാഷ്ട്രീയ സാമൂഹ്യ തലങ്ങളിൽ പിന്നോക്കാവസ്ഥ നേരിട്ടവരാണ് ഇന്ത്യൻ മുസ്‌ലിംകൾ. ആ ഇടങ്ങളിലാണ് എഞ്ചിനീയർ മുസ്‌ലിം സ്ത്രീത്വത്തെ ഈ തരത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. സർവ്വേന്ത്യ ലീഗ് രാഷ്ട്രീയ പ്രാതിനിധ്യവും പ്രാവർത്തിക മാർഗങ്ങളും മുന്നോട്ട് വെക്കുമ്പോൾ എഞ്ചിനീയർ ആന്തരിക മാറ്റങ്ങളാണ് പറഞ്ഞു വെക്കുന്നത്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading