തല മറക്കൽ തലമുറകളിലൂടെ

സുഫിയാൻ വിളക്കോട്

അനുഷ്‌ഠാനം എന്നതിലുപരി ഇസ്ലാമിക സാംസ്‌കാരിക ചരിത്രത്തിൽ തല മറക്കലിന് സുപ്രധാനമായ പങ്കുണ്ട്. സാമൂഹിക ശ്രേണീകരണത്തിലെ ഒരു വ്യക്തിയുടെ സ്ഥാനം അടയാളപ്പെടുത്തൽ മുതൽ പ്രതിരോധത്തിൻ്റെയും പ്രൗഢിയുടെയും അടയാളമായി വ്യത്യസ്‌ത ഇസ്ലാമിക സമൂഹങ്ങളിൽ തൊപ്പി സംസ്കാരം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇസ്ലാമിൻ്റെ ആവിർഭാവകാലത്ത് നഗ്ന-ശിരസ്‌കരായവരെ കാണൽ അത്യപൂർവ്വമായിരുന്നുവെന്ന് സാംസ്കാരിക ചരിത്രസൂചകങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്. പിന്നീട് അത് ഇസ്ലാമിക വ്യാപനാനന്തരം ഓരോ ജനതയിലൂടെയും മാറ്റങ്ങൾക്ക് വിധേയമായി ഒരു സാംസ്‌കാരിക മുദ്രയായി പരിണമിച്ചു. ഇന്ന് ഉപയോഗത്താൽ കുറഞ്ഞപക്ഷം വിശ്വാസികൾ മാത്രം സ്വീകരിച്ചു പോന്ന വസ്ത്രധാരണയായി തല മറക്കലിനെ അടയാളപ്പെടുത്തുമ്പോഴും വർത്തമാന സാമൂഹിക രാഷ്ട്രീയ ചുറ്റുപാടിൽ തന്നെ തൊപ്പിക്ക് മതിയായ സ്ഥാനമുണ്ട്.

വ്യവഹാരങ്ങളിലെ തലപ്പാവ് സംസ്കാരം

പ്രവാചകർ (സ) തലപ്പാവ് ധരിക്കുന്നതും അനുചരന്മാരോട് അത് ധരിക്കാൻ പ്രേരിപ്പിക്കുന്നതുമായ ധാരാളം പ്രവാചക ഉദ്ധരണികൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാചകർ (സ) തലപ്പാവ് ധരിച്ച് ഇരു ചുമലുകൾക്കിടയിലും അത് താഴ്ത്തിയിട്ടിരുന്നതായുമുള്ള നിവേദനം ഇബ്നു ഉമറിൽ (റ) നിന്ന് ഉദ്ധരിക്കപ്പെടുന്നുണ്ട്. മക്കാ വിജയവേളയിൽ പ്രവാചകൻ (സ) കറുത്ത തലപ്പാവ് ധരിച്ചതായും അൻസാറുകൾ അവരുടെ പതിവ് വസ്ത്രധാരണ ശൈലിയിൽ മഞ്ഞനിറത്തിലുള്ള തലപ്പാവുകൾ ഉപയോഗിച്ചതുമായ റിപ്പോർട്ടുകളും ഉണ്ട്. സുബൈർ ബിൻ അവ്വാം (റ) നോടുള്ള ആദരസൂചകമായി ബദ്‌ർ യുദ്ധത്തിന് സഹായഹസ്‌തവുമായി പറന്നിറങ്ങിയ മാലാഖമാർ സുവർണ്ണ തലപ്പാവ് ധരിച്ചതായുള്ള ചരിത്രം വിശ്വാസികൾക്കിടയിൽ വ്യാപിതമാണ്.

പ്രവാചകരുടെ വഫാത്തിന് ശേഷം പ്രസ്‌തുത തിരുചര്യ മതവിശ്വാസികൾ കൈവെടിയാതെ തുടർന്നുപോന്നു. ഇമാം മാലിക്ക് (റ) ഉപരിപഠനത്തിനായി യാത്ര തിരിക്കുമ്പോൾ മാതാവ് ഒരു പ്രത്യേകതരം തലപ്പാവ് ധരിപ്പിച്ചതായി മഹാനവർകൾ ഉദ്ധരിക്കുന്നുണ്ട്. അമവി-അബ്ബാസി കാലഘട്ടങ്ങളിൽ ലോകത്തിന്റെ ദിക്കുകളിലേക്ക് ഇസ്ലാം വ്യാപിച്ചപ്പോൾ ഓരോ നാട്ടു സംസ്‌കാരങ്ങൾക്കനുസൃതമായി തല മറയ്ക്കൽ ശൈലിയിൽ മാറ്റങ്ങൾ വന്നു. ഇന്ന് വിശ്വാസപരമായി വ്യതിരക്ത ധാരകളെ സ്വാധീനിച്ചത് കൊണ്ടും മതസ്ഥാപനങ്ങൾക്ക് ആധാരമായും തല മറയ്ക്കൽ നടപ്പു രീതിയിൽ പ്രകടമായ മാറ്റങ്ങൾ കാണാം.

ആഗോളതലത്തിൽ തന്നെ സുപ്രസിദ്ധി ആർജിച്ച അൽ അസ്ഹർ ഇസ്ലാമിക സർവ്വകലാശാലയിൽ നിന്ന് പഠിച്ചിറങ്ങുന്ന ബിരുദധാരികളെ ചുവന്ന നിറമുള്ള പ്രത്യേക തലപ്പാവ് ധരിച്ച് ആദരിക്കുന്ന പതിവ് ഇന്നും നിലനിന്നു പോരുന്നതാണ്. ലോകത്തിലെ പല ഇസ്ലാമിക സ്ഥാപനങ്ങളിലും പ്രസ്‌തുത രീതി സാർവത്രികമായി കണ്ടുവരപ്പെടുന്നുണ്ട്. ഒരാളുടെ തലപ്പാവ് രീതിയെ ആധാരമാക്കി അവൻ ഏത് സ്ഥാപനവുമായി ബന്ധപ്പെട്ടയാളാണെന്ന് മനസ്സിലാക്കൽ ഇന്ന് സാധ്യമാണ്. ചുവന്ന തൊപ്പി ധരിച്ച് അതിനു ചുറ്റും വെളുത്ത നിറത്തിലുള്ള തലപ്പാവ് ചുറ്റി തല മറക്കൽ സർക്കാർ നിയമിത ഇമാമുമാരുടെയും ഖത്തീബുമാരുടെയും നിർബന്ധിത വസ്ത്രധാരണമാക്കി തുർക്കി നിയമമാക്കിയിരുന്നു.

അബ്ബാസി ഭരണകാലഘട്ടത്തിൽ ഭരണകൂട നേതാക്കളും രാഷ്ട്രീയ തന്ത്രജ്ഞരും തലപ്പാവ് അടക്കം കറുത്ത വസ്ത്രം ധരിക്കൽ നിർബന്ധമാക്കിയിരുന്നു. നോർത്ത് ആഫ്രിക്കയുടെ പരമാധികാരം ബർബറുകൾ കൈക്കലാക്കിയപ്പോൾ മുറാബിത്തൂൻ ഭരണകൂടം (1050-1147) പുരുഷന്മാർ ഒരു പ്രത്യേക രൂപത്തിൽ തല മറക്കാൻ ഉത്തരവിടുകയും, പിന്നീട് അവരിൽ നിന്ന് മുവഹിദുകൾ ഭരണം പിടിച്ചെടുത്തപ്പോൾ ബാർബേറിയൻ ശൈലിയിൽ അത് നിരോധിച്ച് തലപ്പാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതുപോലെ തല മറക്കലിന്റെ രാഷ്ട്രീയ മാനങ്ങളെ ആധാരപ്പെടുത്താൻ സാധ്യമായ സംഭവങ്ങൾ അനവധിയാണ്.

വ്യക്തിത്വവും തലാവരണവും

മംലൂക്കി-ഒട്ടോമൻ കാലഘട്ടങ്ങളിൽ തലപ്പാവ് അതിൻ്റെ നീളം, നിറം, കെട്ടുന്ന രീതി, തുണികളുടെ പദാർത്ഥം എന്നിങ്ങനെയുള്ള അതിൻ്റെ വ്യതിരക്ത സ്വഭാവങ്ങളിൽ വ്യത്യസ്‌തമായ സാമൂഹിക സ്ഥാനങ്ങളെ സൂചിപ്പിക്കുന്നതായി കാണാം. ഒട്ടോമൻ കാലഘട്ടത്തിൽ മനുഷ്യരെ അവരുടെ തലാവരണത്തെ നിജപ്പെടുത്തി ഏതു മത ധാരയെ പിന്തുണക്കുന്നു എന്ന് തിരിച്ചറിയൽ സാധ്യമായിരുന്നു. വെളുത്ത തലപ്പാവ് മുസ്ലീങ്ങളും ജൂതർ പച്ചയും പാഴ്‌സികൾ കറുപ്പും ക്രിസ്‌തീയർ നീലയും ധരിച്ചിരുന്നതായി ‘Dress Codes in the Ottoman Empire’ എന്ന പുസ്‌തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഒട്ടോമൻ കാലഘട്ടത്തിൽ ഔദ്യോഗിക ഭരണകാര്യകർത്താക്കളും രാജാക്കന്മാരും തലപ്പാവ് ശീലയിൽ കഫൻ തുണി കൂടി ചേർത്ത് തല മറക്കാനായി ഉപയോഗിച്ചിട്ടുണ്ട്. അധികാരത്തിന്റെ അന്ധതയിൽ പെട്ടുപോകുന്ന, നിയമാനുസൃതമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്നും അനീതിപരമായ നിലപാടുകളിൽ നിന്നും ഭരണകർത്താക്കളെ തടയാനുള്ള ആത്മീയ വശമായി ഇതിനെ മനസ്സിലാക്കപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ വ്യാപകമായ സൂഫി മുന്നേറ്റങ്ങളുടെ ഭാഗമായി പ്രകടമായ മാറ്റങ്ങൾ തലമറക്കൽ രീതിയിൽ വന്നിട്ടുണ്ട്. നഖ്‌ശബന്തി സരണി പിന്തുടരുന്നവർ താജ് ശൈലി സ്വീകരിച്ച് പല നിറങ്ങളുള്ള വലിയ തലപ്പാവുകൾ ധരിച്ചിരുന്നത് പ്രസ്‌തുത കാലഘട്ടത്തിനു ശേഷമാണ്. ഒട്ടോമൻ കാലഘട്ടത്തിലെ അഹ്ലു ബൈത്ത് പച്ചനിറത്തിലുള്ള തലപ്പാവ് ധരിച്ചിരുന്നതായി “Ottoman Costumes” എന്ന പുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, വംശ സൂചകങ്ങളായ മറ്റു പല രീതികളും സർവത്രികമായി ഒട്ടോമൻ കാലഘട്ടത്തിൽ കണ്ടെത്തപ്പെട്ടതായും പഠനങ്ങളിലുണ്ട്.

മധ്യേഷ്യയിൽ ജീവിച്ചിരുന്ന തുർക്കി വംശജരായ നാടോടികൾ വ്യത്യസ്‌തമായ നിറത്തിലുള്ള കമ്പിളി പുതപ്പുകൾ ഉപയോഗിച്ച് രോമത്തൊപ്പികൾ മനോഹരമായി അലങ്കരിച്ച് അവരുടെ നിത്യ വസ്ത്രധാരണ ശൈലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. അഫ്‌ഗാനികൾ നീളമുള്ള തലപ്പാവും ഒമാനികൾ പ്രസിദ്ധമായ ഒമാനി തൊപ്പി ശൈലിയും അവരുടെ വ്യക്തിത്വത്തിന്റെയും രാഷ്ട്രത്തിന്റെയും പ്രതീകമായി ഉപയോഗിച്ചു പോകുന്നു.

ആധുനികവൽക്കരണവും തല മറക്കലും

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഒട്ടോമൻ രാഷ്ട്രീയത്തിൽ പ്രതിഫലിച്ച നയമാറ്റങ്ങൾ തല മറക്കൽ സംസ്‌കാരത്തെയും സാരമായി ബാധിച്ചു. സുൽത്താൻ മുഹമ്മദ് രണ്ടാമൻ്റെ കാലത്ത് നിരന്തരമായി പല സൈനിക മുന്നേറ്റങ്ങളിലും സൈന്യം പരാജയപ്പെട്ടപ്പോൾ ചില ആധുനിക മാറ്റങ്ങൾ സ്വീകരിച്ച് അദ്ദേഹം പല കാര്യത്തിലും നയം മാറ്റത്തെ സ്വീകരിച്ചു. 1826-ൽ അതുവരെ ഉപയോഗിച്ചു പോന്ന തലപ്പാവുകളെ നിരോധിച്ച് പണ്ഡിതർ ഒഴികെ മറ്റെല്ലാവരും ഒരു പ്രത്യേകതരം തുർക്കിത്തൊപ്പി ധരിക്കാൻ അദ്ദേഹം ഉത്തരവിട്ടു. ഒട്ടോമൻ സമൂഹത്തിൽ നിലനിന്നിരുന്ന വംശീയ ചിഹ്നങ്ങളെ ഒഴിവാക്കാനും സജാതീയമാക്കാനുമായിരുന്നു പ്രസ്‌തുത പരിഷ്‌കാരം. 1860-കൾക്ക് ശേഷം പ്രസ്തുത തൊപ്പി ആഗോളതലത്തിൽ തന്നെ പ്രസിദ്ധിയാർജിച്ചു.

കൊളോണിയൽ കാലഘട്ടത്തിലും ഇസ്ലാമിൻ്റെ ചില സാംസ്‌കാരിക സൂചകങ്ങൾ പൗരത്വ ആചാരങ്ങളുമായി സംയോജിച്ചതായി കാണാം. 1830-കൾക്ക് ശേഷം ഫ്രാൻസ് കാലാൾപടയുടെ വസ്ത്രത്തിൽ തല മറക്കുന്ന രീതി കൂടി ഉൾപ്പെടുത്തിയത് പ്രസ്തു‌ത സാംസ്കാരിക കൈമാറ്റത്തിൻ്റെ ഭാഗമായാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലമായി തുർക്കി ഒരു ദേശരാഷ്ട്രമായി രൂപാന്തരപ്പെട്ടതിനു ശേഷം 1925-ൽ അവരുടെ പഴയ തുർക്കി തൊപ്പി നിരോധിക്കപ്പെടുകയും പകരം പടിഞ്ഞാറൻ സംസ്കാരത്തെ അനുകരിച്ചുള്ള തലമറക്കൽ രീതിയെ സ്വീകരിക്കുകയും ചെയ്യുകയുണ്ടായി. അത് മാത്രമല്ല പ്രസ്‌തുത പഴയ തൊപ്പി ധരിക്കുന്നവർ അപരിഷ്കൃതരായും സമൂഹത്തിൽ ഗണിക്കപ്പെട്ടു.

മറ്റു ദേശരാഷ്ട്രങ്ങളിൽ തല മറക്കുന്നത് അടിസ്ഥാനപ്പെടുത്തി പൊതുവേ നിയമനിർമ്മാണങ്ങൾ ഒന്നും നടന്നിരുന്നില്ലെങ്കിലും രാഷ്ട്രീയ താൽപര്യങ്ങളെ പ്രകടമാക്കുന്ന രൂപത്തിലുള്ള തല മറക്കൽ സമ്പ്രദായങ്ങൾക്ക് പല രാജ്യങ്ങളും ഊന്നൽ നൽകിയതായി കാണാം. സൗദികളുടെ വസ്ത്രമായി വെളുപ്പും ചുവപ്പും കലർന്ന കഫിയ്യകൾ മനസ്സിലാക്കിപ്പെടുന്നത് തൽഫലമാണ്. ഇന്ന് സാർവലൗകികമായി തല മറയ്ക്കൽ ആഗോള മുസ്ലീങ്ങളിൽ നമസ്‌കാര സമയങ്ങളിലേക്കും ചില പ്രത്യേക ആചാരങ്ങളിലേക്കും ചുരുങ്ങിയെന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ പ്രസ്‌തുത യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുമ്പോൾ തന്നെ രാഷ്ട്രീയ സാമൂഹിക മാനങ്ങളിൽ തല മറയ്ക്കൽ സമ്പ്രദായം കാര്യമായ സ്വാധീനം ഇപ്പോഴും ചെലുത്തുന്നുണ്ട്. ഇസ്രായേൽ അതിക്രമത്തെ പ്രതിരോധിക്കുന്നതിൽ ഫലസ്തീനികൾ ധരിക്കുന്ന കറുപ്പും വെളുപ്പും കലർന്ന കഫിയ്യകൾ ഇന്ന് പ്രതിരോധത്തിന്റെയും ചെറുത്തുനിൽപ്പിൻ്റെയും പ്രതീകമായി മാറിയത് അതിനുദാഹരണമാണ്.

Ottoman Costumes: From Textile to Identity -Suraiya Faroqhi
Dress Codes in the Ottoman Empire – Donald Quataert

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading