ത്വബഖ’: മധ്യപൂർവ്വ നാടുകളിലെ വിഭാഗീകരണങ്ങളും അർത്ഥവൈജാത്യങ്ങളും

‘ഇസ്ലാമിൽ ജാതിയുണ്ടോ?’ എന്ന ചോദ്യം പലപ്പോഴും പ്രസിദ്ധിയാർജിക്കുന്ന ഒരു ചോദ്യമാണ്. ഇന്ത്യയുൾപ്പെടെ പല നാടുകളിലും മുസ്‌ലിംകൾക്കിടയിൽ പല വിഭാഗീകരണങ്ങൾ കാണമെങ്കിലും അത് ഇസ്ലാമിൽ ജാതി സമ്പ്രദായം ഉണ്ടെന്നതിന് തെളിവായി ആരും വിലയിരുത്തിയതായി അറിവില്ല. എങ്കിലും ചിലരെങ്കിലും എന്തിച്ചേരുന്ന ഒരു പദം ‘ത്വബഖ’ (طبقة) എന്നതാണ്.

ത്വബഖ എന്ന അറബി പദത്തിന്റെ അർത്ഥം ‘സാമൂഹിക ജാതി’ എന്നല്ല. എന്നാൽ അങ്ങനെയൊരു അർത്ഥം യൂറോപ്യൻ / പാശ്ചാത്യ ഭാഷകളുടെ സ്വാധീനത്താൽ രൂപപ്പെട്ട സമകാലിക പ്രസക്തിയുള്ള ഒരു വാക്കായി കരുതാവുന്നതാണ്. അതിന്റെ യഥാർത്ഥ അർത്ഥം ‘വേർതിരിച്ച മുതൽ’ (estate), ‘നിലനിൽക്കുന്ന അവസ്ഥ’ (condition), അല്ലെങ്കിൽ ‘ജനങ്ങളിലെ ഒരു തലമുറ’ എന്നൊക്കെയാണ്. സാമൂഹിക വീക്ഷണത്തിൽ നോക്കുമ്പോൾ, ‘ഒരു കൂട്ടരെ പിന്തുടർന്ന് വരുന്ന അടുത്ത കൂട്ടം’ എന്ന അർത്ഥം നൽകാം. ഈ വിഭാഗീകരണം ഒന്നെങ്കിൽ കാലക്രമമോ അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തിലോ ആകാം.

ഉദാഹരണത്തിന് ചില പുസ്തകങ്ങളുടെ തലക്കെട്ടുകളിൽ നമുക്ക് കാണാവുന്നതാണ്: ‘ത്വബഖ അൽ ശുഅറാ’ (طبقات الشعراء), ‘ത്വബഖ അൽ അത്വിബ്ബാ’ (طبقات الأطباء) മുതലായവ. അവയെ ‘കവികളുടെ തലമുറ’ (generations of poets), ‘ഭിഷഗ്വരന്മാരുടെ തലമുറ’ എന്നീ രൂപത്തിലാണ് വായിക്കേണ്ടത്. ‘ത്വബഖ അൽ ഹനാബില’ (طبقات الحنابلة), ‘ത്വബഖ അൽ ഉമം’ (طبقات الأمم) എന്നിവകളെ നമുക്ക് ‘ഹമ്പലി കർമ്മശാസ്ത്ര സരണിയിലെ പണ്ഡിതരുടെ തലമുറ’ എന്നും ‘മാനവസമൂഹങ്ങളിലെ വിഭാഗങ്ങൾ’ എന്നും യഥാക്രമം വായിക്കാം. എന്നാൽ ഈ അവസാനം പറഞ്ഞ ഉദാഹരണത്തിന് (طبقات الأمം) ഒരു വ്യത്യാസമുണ്ട്. അത് അതിലടങ്ങിയ ഘടകങ്ങളെ വ്യത്യസ്ത സ്ഥാനങ്ങളിലേക്കാക്കുന്നു, അഥവാ സമൂഹത്തിന്റെ ഉയർച്ച – താഴ്ചകളെ പറയാൻ ഉപയോഗിക്കുന്ന ശൈലിയാണത് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഇവിടെയാണ് ആ വാക്ക് (ത്വബഖ) മറ്റൊരു ദിശയിലേക്ക് വ്യതിചലിക്കുന്നത്. പലരും ആശങ്കാകുലരാകുന്നതും ഇവിടെയാണ്.

ഇവിടെ നാം മധ്യകാല സാമൂഹിക സാഹചര്യങ്ങളിലേക്ക് ഒരു അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന വിഭാഗീയരണത്തെപ്പറ്റി മധ്യകാല അറബ് പണ്ഡിതർക്ക് നല്ല ധാരണയുണ്ടായിരുന്നു. അതിനാൽ, അവരിലെ എഴുത്തുകാർ സമൂഹത്തിലെ വിഭാഗങ്ങളെ തരംതിരിച്ചു മനസ്സിലാക്കാൻ വ്യത്യസ്ത ഭാഷാ രൂപകങ്ങൾ വികസിപ്പിച്ചെടുത്തു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, ദൗർഭാഗ്യകരമെന്നു പറയട്ടെ അത് ഏറെ കുഴപ്പം പിടിച്ചതും ഖണ്ഡിതമാക്കാൻ കഴിയാത്തതും, മാറ്റത്തിനു വിധേയമാകുന്നതുമായ ‘ഖാസ്സ’ (خاصة), ‘ആമ്മ’ (عامة) എന്നീ രണ്ട് പദങ്ങളായിരുന്നു.

ഇവ സാധാരണ പരിഭാഷപ്പെടുത്താറുള്ളത് ‘പ്രത്യേക വിഭാഗമെന്നും’ ‘സാമാന്യ ജനമെന്നുമാണ്’. പക്ഷേ, ഇത് കുറച്ച് പ്രയാസം സൃഷ്ടിക്കുന്നതാണ്. കാരണം, ആ രണ്ടു വാക്കുകളുടെ അർത്ഥത്തിൽ തന്നെ അവയ്ക്ക് പല തലങ്ങളുണ്ട്. ആരാണ് അവ കൈകാര്യം ചെയ്യുന്നത് എന്നതിനനുസരിച്ച് അവകളുടെ അർത്ഥത്തിനു മാറ്റം വരും എന്നു പറഞ്ഞാൽ അധികമാവില്ല. ‘എപ്പോഴാണ്’, ‘എന്തിനാണ്’ എന്നീ ഘടകങ്ങളും അതിനെ സ്വാധീനിക്കും. ഉദാഹരണത്തിന്, ‘ഖാസ്സ’ എന്ന പദം, ‘പ്രത്യേക വിഭാഗം’ എന്നതിന് അർത്ഥം പറയാമെങ്കിലും, അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരുപറ്റം നേതാക്കളെയോ അവിടുത്തെ പ്രധാന ഭരണാധികാരികളെയോ ആവണമെന്നില്ല. ആ വാക്കിനുള്ളിലടങ്ങിയിട്ടുള്ള പ്രധാന ഘടകം, എഴുതാനും പരമ്പരാഗത അറബിഭാഷാ നിയമങ്ങൾ കൈകാര്യം ചെയ്യാനും അറിയുന്നവനായിരിക്കണം. മാത്രമല്ല, മതപരമായ ജ്ഞാനത്തോടൊപ്പം ഭൗതിക സാഹിത്യവും ധാരണയുള്ള വ്യക്തിയായിരിക്കണം എന്ന വായനയുമതിനുണ്ട്. ഇത് തീർച്ചയായും ആഴമുള്ള പഠനം നടത്തിയ ഒരാൾക്കേ മനസ്സിലാക്കാൻ സാധിക്കൂ. അതിനാൽ ‘അറിവ് നേടിയവൻ’ (the educated) എന്ന് ആ പദത്തിന് (ഖാസ് / خاص) അർത്ഥം നൽകാം. എന്നാൽ പോലും, അത് പരിപൂർണ്ണ അർത്ഥത്തിൽ എത്തുന്നില്ല. ‘ഖാസ്’ വിഭാഗത്തിൽ, വിദ്യാഭ്യാസ ഘടകം മാനിക്കാതെ രാഷ്ട്രീയ നേതൃത്വത്തെ ഉൾപ്പെടുത്തിയ ഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. മറ്റു ചിലപ്പോൾ, മതപരമായ ബന്ധമുള്ള വ്യക്തി എന്ന ഒറ്റ ഘടകം കൊണ്ടുമാത്രം ആ വിഭാഗത്തിൽ ഉൾപ്പെടും. ഒരു കാര്യം ചേർത്തു പറയേണ്ടത്, തുർക്കി ഭരണത്തിന് കീഴിലുണ്ടായിരുന്ന അൾജീരിയൻ മഹാനഗരങ്ങളിൽ കാവലിരുന്നിരുന്ന ‘ജാനിസ്സറിമാർ’ (janissaries), അവരുടെ ബന്ധക്കാർ എന്നിവരായിരുന്നു ‘ഖാസ്’ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നത്.

പാരമ്പര്യ വരേണ്യ ഇസ്ലാമിക നിയമസംഹിതയിലും ഭൂരിപക്ഷ മുസ്‌ലിം രാജ്യങ്ങളിലും നിലനിൽക്കുന്നില്ല എങ്കിലും, യൂറോപ്പുമായി തട്ടിച്ചു നോക്കി ചില സാമ്യതകൾ നമുക്ക് സങ്കൽപ്പിക്കാവുന്നതാണ്. പൂർണ്ണമായും അതുപോലെ ആകുന്നില്ലെങ്കിലും അതിൽ ഏറെ പ്രധാനപ്പെട്ടത് പ്രവാചക കുടുംബങ്ങളിലെ പിൻതുടർച്ചക്കാർക്ക് ലഭിക്കുന്ന സ്നേഹവും ബഹുമാനവുമാണ്. അതിൽ യഥാർത്ഥ വംശാവലിയിൽ പെട്ടവരും കെട്ടിച്ചമയ്ക്കപ്പെട്ടവരും ഉണ്ട് എന്നതാണ് യാഥാർത്ഥ്യം! പ്രവാചക കുടുംബവുമായി ശിയാ വിഭാഗക്കാർക്കുള്ള ബന്ധത്തെ കുറിച്ച് നാം ഇവിടെ കൂടുതൽ ചർച്ച ചെയ്യുന്നില്ല. ശിയാ വിശ്വാസങ്ങളിലും നിയമസംഹിതകളിലും പ്രവാചക കുടുംബത്തിനുള്ള പ്രസക്തിയെപ്പറ്റി എല്ലാവർക്കും അറിയുന്നതാണല്ലോ. സുന്നി വിഭാഗത്തിലും പ്രവാചക വംശാവലിയിൽ പെട്ടവർക്ക് പ്രത്യേക സാമൂഹിക പദവികൾ നൽകിവരുന്നുണ്ട്. എത്രത്തോളമെന്നാൽ ചില നാടുകളിൽ തങ്ങളെ വേറിട്ടൊരു വിഭാഗമായി നിലനിർത്തുകയും തങ്ങൾക്കായി പ്രത്യേക നിയമങ്ങൾ രൂപീകരിക്കുകയും തങ്ങൾ കൈകാര്യം ചെയ്താൽ മാത്രമേ അധികാരശ്രേണി പരിപൂർണ്ണമാകൂ എന്ന് അവകാശപ്പെടുന്നവരുമുണ്ട്. മധ്യകാലഘട്ടത്ത് പല ഭരണകർത്താക്കളും ഖജനാവിൽ നിന്ന്, കുറവല്ലാത്ത ഒരു സംഖ്യ തന്നെ ‘ശരീഫ്’ (Sharif/ ശ്രേഷ്ഠർ) വിഭാഗങ്ങൾക്ക് നൽകുവാൻ മാറ്റിവച്ചിരുന്നു. അവർ ഒന്നുകിൽ ഭരണാധികാരിയുടെ കോടതിയിലെ അംഗങ്ങളോ അല്ലെങ്കിൽ പല കാരണങ്ങളാൽ അത്തരം പദവികളിൽ എത്തിച്ചേർന്നവരോ ആകാം. ഇതു കാരണത്താൽ ഇങ്ങനെ സ്വീകരിച്ചിരുന്നവർ ദൂരദേശങ്ങളിൽ നിന്നു പോലും അവർക്കുള്ള വിഹിതം വാങ്ങാൻ എത്തിച്ചേർന്നിരുന്നു.

ഇറാഖിനെ കുറിച്ച് ഇവിടെ കൂടുതൽ പരാമർശമർഹിക്കുന്നു. ഇറാഖിൽ, ജനങ്ങൾ പ്രവാചക പരമ്പരയിലെ ആർക്കെതിരെയും (അവരെ സാദാത്ത് എന്നു വിളിക്കും/ sāda) കരമോ ശബ്ദമോ ഉയർത്തില്ല. ആ വ്യക്തി ജനത്തിൽ നിന്നുള്ളവരെ വേദനിപ്പിക്കുകയോ അനർഹമായി അവരുടെ സമ്പത്ത് പിടിച്ചെടുക്കുകയോ ചെയ്താൽ പോലും ഇറാഖിലെ ഗ്രാമപ്രദേശങ്ങളിൽ ഓരോ വ്യക്തിയുടെയും ഉൽപാദനത്തിന്റെ അഞ്ചിലൊന്ന് പ്രവാചക കുടുംബങ്ങൾക്ക് നൽകുന്ന പതിവ് ഏറിയോ കുറഞ്ഞോ നടപ്പാക്കപ്പെട്ടിട്ടുണ്ട്. എത്രത്തോളമെന്നാൽ അത് തങ്ങൾക്കുള്ള പിതൃസ്വത്താണെന്ന് (ഹഖ് ജിദ്ദീ / haqq jaddī) പറഞ്ഞ് അവർ സ്വമേധയാ ആവശ്യപ്പെടുകയും സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. (ഇപ്രകാരം നിലവിലും നടക്കുന്നുണ്ടോ എന്നത് അന്വേഷണം ആവശ്യമായ കാര്യമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ അത്തരം പ്രവർത്തനങ്ങൾ ഇറാഖി ഗ്രാമങ്ങളിൽ നടന്നിരുന്നു).

ഈജിപ്തിലെ പ്രവാചക പരമ്പര ചെയ്തിരിക്കുന്നത് പണ്ടുമുതലേ അവരുടെ ഒരു സംഘം രൂപീകരിക്കുകയും തങ്ങളുടെ വംശാവലി വ്യക്തമായി രേഖപ്പെടുത്തി വെക്കുകയും (family tree documentation) ചെയ്തു എന്നതാണ്. അതിനാൽ, പുറമെ നിന്നുള്ളവർക്ക് അവർക്കിടയിൽ ഒരു നിലക്കും കയറിക്കൂടാൻ കഴിയുകയില്ല. പ്രവാചക പരമ്പരയിലുള്ളവർ അനുഭവിക്കുന്ന പ്രത്യേക അവകാശങ്ങളുടെ ഏറ്റവും പഴയതും സംശയരഹിതവുമായ ഉദാഹരണമാണ് പരമ്പരാഗത യമനീ സമൂഹങ്ങളിൽ കാണുന്ന ജാതി സമ്പ്രദായം (ജാതിയല്ലെങ്കിലും ഉപയോഗത്തിന്റെ എളുപ്പത്തിന് തൽക്കാലം അങ്ങനെ ഉപയോഗിക്കാം). പ്രവാചകരുടെ(സ) രണ്ടു പേരമക്കളായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ പിന്മുറക്കാരാണ് ആദ്യ തട്ടുകളിൽ നിലകൊള്ളുന്നത്. രണ്ടാമത്തെ തട്ടിൽ ഉൾക്കൊള്ളുന്നത് തെക്കൻ അറബ് ഗോത്രങ്ങളിലെ മഹാപണ്ഡിതരും ധനാഢ്യ കച്ചവടക്കാരുമായ ‘ശൈഖു’മാരാണ്. പിന്നെ സാധാരണക്കാരുടെയും നാടോടികളുടെയുമൊക്കെ ഉൾക്കൊള്ളുന്ന സമൂഹം. ശേഷം ഏറ്റവും താഴെ തട്ടിലാണ് സാധുക്കൾ (the poor/مساكين) അഥവാ ദുർബലർ (the weak/ضعفاء) നിലനിൽക്കുന്നത്. ഈ വിഭാഗത്തിൽ പെട്ടവർക്ക് ആയുധങ്ങൾ കൈവശം വെക്കാൻ അവകാശമില്ല. എത്രത്തോളമെന്നാൽ സാധാരണ പുരുഷന്മാർ അരയിൽ കൊണ്ടുനടക്കാറുള്ള ഒരു ‘പിച്ചാത്തി’ അഥവാ കഠാരി പോലും അനുവദനീയമല്ല. ഇവർക്കാണ് ഉയർന്ന വിഭാഗത്തിൽ പെട്ടവർക്ക് എല്ലാവിധ സേവന ജോലികളും ചെയ്യേണ്ടതായിട്ടുള്ളത്. വീട്ടുജോലി, ക്ഷൗരം ചെയ്യൽ, ഇറച്ചി വെട്ട്, പച്ചക്കറി കൃഷി അങ്ങനെ തുടങ്ങി പലതും അതിൽ പെടുന്നു. അങ്ങനെ എല്ലാ സമൂഹങ്ങളിലെയും പോലെ ഇവിടെയും ഏറ്റവും താഴെ തട്ടിലുള്ളവർ അടിമകളെപ്പോലെയായി മാറുന്ന സ്ഥിതിവിശേഷം നിലനിൽക്കുന്നു.

ശ്രദ്ധേയമായ മറ്റൊരു മേഖല ഉസ്മാനീ ഭരണകാലമാണ്. ഉസ്മാനികളുടെ തുർക്കി ഭരണകാലത്ത് പാരമ്പര്യമായി കൈമാറുന്ന വരേണ്യത നിലനിന്നിരുന്നില്ല. ഇനി ചിലപ്പോൾ മുൻനിര രാഷ്ട്രീയക്കാരിൽ ആർക്കെങ്കിലും ഭരണാധികാരി തന്റെ മമതയാലും താൽപര്യത്താലും ഉയർന്ന പദവികൾ നൽകിയാലും അവ വെട്ടിക്കുറയ്ക്കാനും സ്ഥാനഭ്രഷ്ടനാക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. എന്നാൽ അവിടെ നിലനിന്നിരുന്ന ഒരു കാര്യമുണ്ടായിരുന്നു: തുർക്കിയിൽ അറബിഭാഷ സംസാരിക്കുന്ന ചില ഭാഗങ്ങളിൽ ചില ഭൂവുടമകളുണ്ടായിരുന്നു. അവർ അവിടുത്തെ രാഷ്ട്രീയ – സാമ്പത്തിക ചക്രങ്ങൾ തിരിച്ചു കൊണ്ടിരുന്നു. അവർ വലിയ ഭൂവുടമകളാകയാൽ, അവർ വലിയ നഗരങ്ങളിൽ താമസിച്ചാൽ അവിടുത്തെ കർഷകരുടെ ജീവിതത്തിന്റെയും മരണത്തിന്റെയും അധിപന്മാരായി മാറുമായിരുന്നു അഥവാ അവരുടെ സർവ്വം ഭരിക്കുമായിരുന്നു. റഷ്യയിലെ അധികാര വർഗ്ഗമായിരുന്ന ബോയാറുകളെ (boyars) ഓർമ്മിപ്പിക്കുന്ന ഇവർ വടക്കൻ ലെബനോണിൽ ‘അഗാവതു’കൾ (Agas) എന്ന് വിളിക്കപ്പെട്ടു. അവിടുത്തെ പലയിടങ്ങളിലും ഇന്നും രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ അധികാരം കൈകാര്യം ചെയ്യുന്നത് ഇവർ തന്നെയാണ്. ‘അഗാവത്’ എന്ന വാക്ക് അതേ അധികാരത്തിന്റെ അർത്ഥത്തിനു തന്നെയാണ് തുർക്കി സാമ്രാജ്യം നിലനിന്നിരുന്ന പ്രദേശങ്ങളിൽ ഇന്നും ഉപയോഗിക്കുന്നത്. മാത്രമല്ല ഈ വിഭാഗങ്ങളിൽ ജനിച്ച എല്ലാവരും ഇന്നും മറ്റു പല രാജ്യങ്ങളിലും പലതരം ആനുകൂല്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു പ്രത്യേകിച്ച് ഇറാഖിലും പരിസരപ്രദേശങ്ങളിലും.

ഇനി മറ്റൊരു പദത്തിലേക്ക് കടക്കാം അഥവാ ‘കഫാഅത്ത്’. ‘കഫാഅത്ത്’ (كفاءة) അല്ലെങ്കിൽ ‘കുഫ്’ (كفء) അഥവാ ‘പരസ്പര യോജിപ്പ്’ എന്ന ആശയം ഇസ്ലാമിക നിയമസംഹിതയിലെ വിഭാഗീകരണവുമായി അംശബന്ധപ്പെട്ടിരിക്കുന്നുണ്ട്. വിവാഹിതരാകുന്ന ഇണകൾ തമ്മിലുള്ള യോജിപ്പിനാണ് ഈ പദം ഉപയോഗിക്കുന്നത്. അധിക മതപണ്ഡിതരും ഇതിനെ ‘ധാർമികപരമായ വിഷയത്തിലുള്ള യോജിപ്പ്’ എന്നാണ് പരിഗണിച്ചിരുന്നത്. അവർ ഇരുവശങ്ങളിലെയും സാമ്പത്തിക നില പരിശോധിച്ചിരുന്നുവെങ്കിലും ചിലയിടത്ത് പ്രത്യേകിച്ച് കിഴക്കൻ ആഫ്രിക്ക, തെക്കൻ അറേബ്യ, തെക്കുകിഴക്ക് ഏഷ്യ തുടങ്ങിയ ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിൽ ആധിപത്യം പുലർത്തിയ ശാഫിഈ മദ്ഹബ് എല്ലാ ഘടകങ്ങൾക്കും പുറമെ ഇരു കുടുംബങ്ങളിലെയും വംശാവലി കൂടെ പരിഗണിച്ചിരുന്നു. പ്രവാചക കുടുംബത്തിൽ പെടാത്ത പുരുഷന്, അതിൽ പെട്ട സ്ത്രീയെ വിവാഹം കഴിക്കാനാവുകയില്ലായിരുന്നു. ഖുറൈശി പരമ്പരയിൽ പെട്ട ഒരു സ്ത്രീക്ക് അതേ വിഭാഗത്തിലെ പുരുഷൻ മാത്രമേ പറ്റുമായിരുന്നുള്ളൂ (അഥവാ പുരുഷൻ സ്ത്രീയേക്കാൾ മേലെ ആവുക മാത്രമേ അനുവദനീയമാകൂ). ഈയൊരു ഘടകത്തിന് ഇമാം ശാഫി (റ) തന്റെ വിവരണങ്ങളിൽ ഊന്നൽ നൽകിയിരുന്നു എന്ന് ചുരുക്കം.

പരമ്പരാഗത വരേണ്യതയും കുലമഹിമയും മധ്യപൂർവ്വ (middle east) സമൂഹത്തിന്റെ അടിസ്ഥാനപരമായ ഒരു പ്രത്യേകതയായിരുന്നില്ല. യഥാർത്ഥത്തിൽ മേൽപ്പറഞ്ഞ ചില ഉദാഹരണങ്ങളുണ്ടെങ്കിലും അങ്ങനെയൊരു വായന സംഭവിക്കാൻ കാരണം താരതമ്യേന കുറഞ്ഞ സാമൂഹിക വിഭാഗീകരണവും സാമ്പത്തിക ഏറ്റക്കുറച്ചിലുകളും കണ്ട പാശ്ചാത്യ ഗവേഷകർ അവ ഊന്നിപ്പറയുകയായിരുന്നു എന്നതാണ്. പ്രത്യേകിച്ച് നാടോടി വിഭാഗങ്ങളുടേത്. എന്തുകൊണ്ടാണ് നാടോടി വിഭാഗങ്ങളിൽ നിന്ന് അവർ പൊതുധാരണ രൂപീകരിച്ചതെന്നത് കൂടുതൽ അന്വേഷണമർഹിക്കുന്നു. ലളിതമായ ഒരു ഉത്തരം ഇങ്ങനെ കാണാവുന്നതാണ്: മധ്യപൂർവ്വ നാടുകളിലെ നാടോടികളെ നിരീക്ഷിക്കാനും വിവരിക്കാനും സാമാന്യവൽക്കരിക്കാനും വളരെ എളുപ്പമായിരുന്നു എന്നതാണത്. അത്തരം ജീവിതരീതിയുള്ളയിടത്തെ സാഹചര്യം അതായിരുന്നു.

നാടോടി ബദുക്കളിലെ നേതാവ് – അദ്ദേഹം ആദ്യകാലത്ത് ‘സയ്യിദ്’ എന്നും ഇപ്പോൾ ‘ശൈഖ്’ എന്നും വിളിക്കപ്പെടുന്നു. അധികാരമില്ലെങ്കിലും നേതൃത്വത്തിൽ നിൽക്കുന്ന വ്യക്തിയായിരുന്നു (primus inter pares) അയാളെ പരിഗണിക്കപ്പെട്ടിരുന്നത്. അധികാരത്തിൽ നിന്ന് ഒഴിവാക്കാവുന്ന സാധാരണ രാഷ്ട്രീയക്കാരിൽ നിന്നും വിഭിന്നമായ ഒരു സംവിധാനമാണത്. ഇത്തരത്തിലുള്ള അധികാര രൂപങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രത്യേകിച്ച് അറേബ്യൻ ഉപദ്വീപിലെ രാജവാഴ്ചാ പ്രദേശങ്ങളിൽ. എന്നിരുന്നാലും പ്രാദേശിക നേതാക്കൾക്കും അവരുടേതായ അധികാരങ്ങൾ നിലനിൽക്കുന്നുണ്ട്. അവർ തങ്ങളുടെ സമൂഹങ്ങളിൽ വലിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. അവിടെയാണെങ്കിൽ പ്രതിഷേധങ്ങൾക്കും പ്രതിപക്ഷങ്ങൾക്കും കുറഞ്ഞ അവസരങ്ങളെ ലഭ്യമാകുന്നുള്ളൂ എന്നതാണ് എടുത്തുപറയേണ്ടത്. ഭരണാധികാരി തന്റെ ഭരണപ്രദേശങ്ങളിൽ നിരന്തരം ചുറ്റി സഞ്ചരിക്കുകയും ജനങ്ങൾക്ക് പരാതികൾ ഉണ്ടെങ്കിൽ അത് സമർപ്പിക്കുകയും ചെയ്യാവുന്ന രീതി അവിടങ്ങളിൽ നിലനിൽക്കുന്നു. ഈ പരാതികൾക്കെല്ലാം പ്രതികരിക്കുമോ എന്നത് തീർത്തും അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനങ്ങളിൽ അടങ്ങിയിരിക്കുന്നുതാനും.

മറ്റൊരു കാര്യം നാം ചർച്ച ചെയ്യേണ്ടത്, ‘ബൈഅത്ത്’ (بيعة) സംവിധാനമാണ്. ‘ഉടമ്പടി കരാർ’ എന്നു പറയാം. ഗോത്രീയ സ്വരൂപങ്ങളിൽ നിന്നുരിത്തിരിഞ്ഞ ഒരു സംവിധാനമാണത്. ഭരണാധികാരികൾ നിലവിൽ വരുന്നതിന്റെ വഴികളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു ഘടകമാണത്. എന്തൊക്കെയായാലും, മധ്യപൂർവ്വ ദേശങ്ങളിലെ ഭൂരിപക്ഷം ജനക്കൂട്ടങ്ങളും അങ്ങേയറ്റം തട്ടുകളായതും സങ്കീർണ്ണവുമായ സാമൂഹിക സാഹചര്യങ്ങളിലാണ് ജീവിതം നയിച്ചത് എന്ന് നാം അടിവരയിടേണ്ടിയിരിക്കുന്നു. അതിൽ, ലളിതമായ നാടോടി വിഭാഗങ്ങളുടെ ഉദാഹരണങ്ങൾ മാത്രം പറഞ്ഞ് നിർത്താൻ കഴിയില്ലെന്നതും വസ്തുതയാണ്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading