ഹിന്ദുത്വ രാഷ്ട്രീയം അതിരു കടക്കുമ്പോള്‍

നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യയില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു. ഈ രാജ്യം മനോഹരമാവുന്നത് അതിന്റെ ബഹുസ്വരതയിലൂടെയാണ്. വിവിധ സംസ്കാരങ്ങള്‍, മതങ്ങള്‍, ജാതികള്‍, ഉപജാതികള്‍, എന്നിവയുടെ സംഗമവേദി കൂടിയാണ് ഇന്ത്യ. ബഹുസ്വര മടിത്തട്ടില്‍ ഹിന്ദുത്വ രാഷ്ട്ര സങ്കല്പത്തിന് ഒരു നൂറ്റാണ്ട് തികയുമ്പോള്‍ അധികാരത്തിന്റെ ഹുങ്കിന് മേല്‍ ആഘാതമേറ്റിട്ടും വിഘടനവാദത്തിന് വാതായനകള്‍ തുറക്കുകയും അന്യവല്‍ക്കരണത്തിന്റെ ആക്കം കൂട്ടുകയും ചെയ്യുന്ന ഹിന്ദുത്വത്തിന്റെ ഒടുവിലെത്തെ ഉദാഹരണങ്ങളാണ് അസമിലെ മുസ്ലിം വേട്ടയും മധ്യപ്രദേശിലെ ട്രെയിനിലെ കിരാത പ്രവര്‍ത്തനങ്ങളും. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ വിനയാകുന്ന മതേതര രാജ്യത്ത് അതിനെതിരെയുള്ള ചെറുത്തുനില്‍പ്പിന് ഭരണഘടനാപരമായ സാധ്യതകള്‍ പൗരസമൂഹത്തിന് സാധ്യമാണെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അതിനോടൊപ്പം പരിതി വിടുന്ന ഹിന്ദുത്വത്തെ അടക്കിനിര്‍ത്തലും ഭാരതത്തിന്റെ പാരമ്പര്യ നിലനില്‍പ്പിന് അത്യാവശ്യമാണ്. ഇന്ത്യയെന്ന ബഹുസ്വര രാജ്യത്ത് ഒരിക്കല്‍ കൂടി മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരം കയ്യാളാം എന്ന വ്യാമോഹത്തെ കുപ്പത്തൊട്ടിയിലേക് എറിയേണ്ടി വന്നിട്ടും ഹിന്ദുത്വ രാഷ്ട്ര സങ്കല്‍പ്പത്തിന് പുതിയ മുഖഭാവം നിര്‍മ്മിക്കപ്പെടുന്നത് സഗൗരവം ശ്രദ്ദിക്കേണ്ടതാണ്.

ഇന്ത്യ എത്രത്തോളം ഹിന്ദുവിന്റെതാണോ, അത്രത്തോളം മുസ്ലിമിന്റെതും കൂടിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ഏതൊരാള്‍ക്കും സ്വയം ഇഷ്ട്ടാനുസരണം  ഏതു മതത്തില്‍ വിശ്വസിക്കാനും, ആചാരങ്ങളനുഷ്ടിക്കാനും, മത പ്രചരണത്തിനുമെല്ലാം അവകാശമുണ്ട്. ഇന്ത്യ ഒരു മതത്തോടും പ്രത്യേക അനുകമ്പ കല്‍പിക്കാത്ത, എന്നാല്‍ എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന മനോഹരമായ രീതിശാസ്ത്രമാണ് പിന്തുടരുന്നത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഹിന്ദുത്വ രാഷ്ട്ര സമീപനം ജനങ്ങള്‍ സ്വീകരിക്കുന്നില്ല എന്നാണ് പുതിയ കാലത്ത് വ്യക്തമാവുന്നത്. ഹിന്ദുത്വ രാഷ്ട്രീയം തകര്‍ച്ചയുടെ വക്കിലാണെന്നാണ് പുതിയ ഇന്ത്യയുടെ ചിത്രം.

നവ മോദിയുഗം വരച്ചുകാട്ടുന്നത്
2014 ലാണ് നരേന്ദ്ര മോദി ആദ്യമായി അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ. സര്‍ക്കാരിനെതിരെ അഴിമതിയാരോപണം നടത്തിയും യുവ ജനങ്ങള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയും അധികാരത്തില്‍ കയറിയ എന്‍.ഡി.എ. സര്‍ക്കാര്‍ പിന്നീട് മുസ്ലിം വിരോധവും ഹിന്ദു പ്രീണനവും ഉള്‍പ്പെടുത്തിയുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിച്ചത്. എന്നാല്‍ ബുള്‍ഡോസര്‍ രാജിലൂടെയും കുത്തക മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിലൂടെയും അധികാര കസേര ഉറപ്പിച്ച എന്‍.ഡി.എ. സര്‍ക്കാര്‍ മൂന്നാമുഴത്തില്‍ കൂടുതല്‍ വിയര്‍ക്കുന്നതാണ് കാണുന്നത്. മണിപ്പൂരിലെ ആഭ്യന്തര പ്രശ്നത്തെ പരിഹരിക്കാന്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന് സാധിക്കാതെ പോയത് വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. പ്രതിപക്ഷത്തെ തെരഞ്ഞുപിടിച്ചുള്ള രാഷ്ട്രീയ വേട്ടയാടല്‍ ജനാധിപത്യ ഇന്ത്യയെ ചരിത്രത്തിലില്ലാത്ത അപമാനത്തിലേക്ക് എത്തിച്ചു.

എന്‍.ഡി.എ. സര്‍ക്കാര്‍ മോദിയുടെ കാല്‍ക്കീഴിലാണ് ഇതുവരെ നിലനിന്നതെങ്കില്‍ പുതിയ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ചിത്രം മാറിമറിയുകയാണ്. ആര്‍.എസ്.എസും, ബി.ജെ.പി. യും ഇന്ന് പരോക്ഷ യുദ്ധത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ആര്‍.എസ്.എസ്. മുഖപ്പത്രം മോദിയെ പരസ്യമായി കുറ്റപ്പെടുത്തുന്നതിനെ വര്‍ത്തമാന ലോകം നിരീക്ഷിക്കുന്നത് ഹിന്ദുത്വ രാഷ്ട്രത്തിന്റെ പരാജയ ചിത്രമായാണ്. 25% എന്‍.ഡി.എ. മുന്നണി സ്ഥാനാര്‍ഥികളും മറ്റു പാര്‍ട്ടികളില്‍ നിന്ന് കുടിയേറി വന്നവരാകുന്നതും അതിരു കടന്ന മുസ്ലിം വിരോധവുമെല്ലാം ബി.ജെ.പി. യുടെ നേതൃ ദോഷമായി ആര്‍. എസ്. എസ് നേതാവ് മോഹന്‍ ഭഗവത് കുറ്റപ്പെടുത്തുന്നു. ബി.ജെ.പി. ഒറ്റക്ക് ഭരണസിരാ പദവി കരസ്ഥമാക്കുമെന്ന ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നന്ദയുടെ ആത്മവിശ്വാസത്തിന് വലിയ തിരിച്ചടിയാണ് മതേതര ഇന്ത്യ തെരഞ്ഞെടുപ്പിലൂടെ സമ്മാനിച്ചത്. നവ എന്‍.ഡി.എ. മുന്നണിയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് ചലനശേഷി നഷ്ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്.

റാം മന്ദിറും ഗോദി മീഡിയയും
2019 ലെ മോദി ഭരണത്തില്‍ ഹിന്ദു വികാരത്തെ ഇളക്കിവിട്ട പ്രഖ്യാപനമായിരുന്നു റാം മന്ദിര്‍. ബാബരി മസ്ജിദ് തര്‍ക്ക മന്ദിരമാവുകയും അത് റാം മന്ദിറായി പരിണമിക്കുകയും ചെയ്തതില്‍ കൃത്യമായ ഹിന്ദുത്വ രാഷ്ട്രീയമുണ്ട്. അമിതമായ ഹിന്ദു മതഭ്രമത്തെ ഇളക്കി വിട്ട മോദി ഭരണകൂടം ഹിന്ദുക്കള്‍ക്കിടയില്‍ തങ്ങളുടെ അപ്രമാദിത്വം സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയില്‍ ഇതര മതസ്ഥര്‍ക്കിടയില്‍ സ്വീകാര്യത നഷ്ടപ്പെട്ടതിൽ സ്വയം പഴിക്കുന്നുമുണ്ട്. അയോധ്യയിലെ റാം മന്ദിര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്തതിലൂടെ ഹിന്ദു രാഷ്ട്രത്തിന്റെ പരസ്യമായ ശിലാസ്ഥാപനമാണ് മതേതര ഇന്ത്യയില്‍ നാം ദര്‍ശിച്ചത്. എന്നാല്‍ അതിനെല്ലാം മറുപടി നല്‍കുകയായിരുന്നു ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ മതേതര ഇന്ത്യ. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി. ദയനീയമായ തോല്‍വി വഴങ്ങിയതിലൂടെ ആശയങ്ങളെ ആമാശയം അതിജയിച്ച പ്രതീതിയാണ് സ്ഥാപിക്കപ്പെട്ടത്.

സമാജ്വാദി പാര്‍ട്ടിയുടെ അവദേഷ് പ്രസാദ്, ലല്ലു സിങ്ങിനെ തോല്‍പ്പിച്ചതിലൂടെ ഹിന്ദുത്വ രാഷ്ട്രത്തിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് മാരകമായ പ്രഹരമേല്‍ക്കുകയാണുണ്ടായത്. 84.75% ഹിന്ദുക്കള്‍ വസിക്കുന്ന ഒരു മണ്ഡലത്തില്‍ കേവലം 14.80% മാത്രം മുസ്ലിംകള്‍ ഉണ്ടായിട്ടുകൂടി ഹിന്ദു രാഷ്ട്രത്തിന്റെ വക്താക്കള്‍ തോല്‍വിയുടെ കയ്പ്പുനീര്‍ രുചിച്ചത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പതനത്തിന്റെ തുടക്കമായി കണക്കാക്കാം. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. യുടെ അടിവേരിളക്കിയ തിരഞ്ഞെടുപ്പു തന്നെയായിരുന്നു ഇത്. 2019 ല്‍ 80 സീറ്റില്‍ അറുപത്തിമൂന്നും കരസ്ഥമാക്കിയ എന്‍.ഡി.എ. മുന്നണി ഈ തിരഞ്ഞെടുപ്പില്‍ മുപ്പത്തിമൂന്നില്‍ ഒതുങ്ങുകയായിരുന്നു.

ജനാധിപത്യത്തിന്‍റെ നാലാമത്തെ നെടും തൂണായി കണക്കാക്കാറുള്ള മാധ്യമങ്ങള്‍ രാഷ്ട്രീയ അടിമത്തത്വത്തില്‍ ഞെരിഞ്ഞമരുമ്പോള്‍ ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും തകര്‍ന്നടിയുകയാണ് ചെയ്യുന്നത്. ഗോദി മീഡിയകള്‍ തെരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പ് വരെ എന്‍.ഡി.എ. മുന്നണി മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലമാണ് പുറത്തു വിട്ടത്. ബി.ജെ.പി. അനുകൂല വാര്‍ത്തകള്‍ക്കിടയില്‍ പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടുകയും അവമതിക്കുകയും ചെയ്തു. ബി.ജെ.പി. ക്കെതിരെ ശബ്ദിക്കുന്ന ഗൗരി ലങ്കേഷുമാരെ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വേണ്ടി നാമാവശേഷമാക്കി. ധ്രുവ് റാട്ടിയെ പോലുള്ളവര്‍ സത്യത്തിന്റെ ധവളവസ്ത്രമണിഞ്ഞപ്പോള്‍ ഗോദി മീഡിയയുടെ പര്‍വതീകരിച്ച പെരും നുണകള്‍ ബാഷ്പമായി മാറിയെന്നതാണ് വാസ്തവം. ഹിന്ദുത്വ രാഷ്ട്രവാദികളുടെ പണക്കെട്ടുകള്‍ക്കപ്പുറം നിലപാട് പറയുന്ന യുവ തലമുറയുടെ ആവിര്‍ഭാവം ശീതീകരിച്ച റൂമില്‍ നിന്ന് മോദിയും കൂട്ടരും മനസ്സിലാക്കിയില്ല.

വിശ്വാസം നഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍
ഹിന്ദുക്കളെ വംശീയതയുടെ പേരില്‍ ഒന്നിപ്പിക്കുന്ന കുടില തന്ത്രമാണ് സംഘ്പരിവാര്‍, വിശിഷ്യ ബി.ജെ.പി. പയറ്റാറുള്ളത്. പക്ഷെ, സവര്‍ണര്‍ക്ക് മാത്രം സ്ഥാനമുള്ള രാഷ്ട്രീയപാര്‍ട്ടിയാണിത് എന്ന് സ്വയം വിമര്‍ശനങ്ങളാണ് അണികള്‍ക്കിടയില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം വന്ന കണക്ക് സൂചിപ്പിക്കുന്നത് ദലിദര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മുന്നില്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തു വിട്ട ഇത്തരം കണക്കുകള്‍ ഹിന്ദുത്വ വക്താക്കളില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. ‘സവര്‍ണാധിപത്യത്തെ ഒളിച്ചുകടത്താനുള്ള ഒരു ട്രോജന്‍ കുതിരയാണ് ഹിന്ദുത്വ രാഷ്ട്രീയം ‘ എന്ന് അരുന്ധതി റോയ് പ്രസ്താവിച്ചിട്ടുണ്ട്. അത് ശരിവെക്കുന്നത് കൂടിയായിരുന്നു 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പു ഫലം. ഉത്തര്‍പ്രദേശില്‍ ഗ്രാമീണര്‍ മോദിക്കെതിരെ രംഗത്ത് വരികയുണ്ടായി. തങ്ങളെ സംബന്ധിക്കുന്ന യഥാര്‍ഥ വിഷയങ്ങള്‍ ടെലിവിഷനില്‍ കാണുന്നതല്ലെന്നും ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ് ഇതൊന്നും മീഡിയയില്‍ പറയുന്നില്ല എന്നും അവര്‍ തിരിച്ചറിഞ്ഞു. കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന ടെലിവിഷനില്‍ ഇവിയൊന്നും ചര്‍ച്ചാവിഷയമായിരുന്നില്ല. ഹിന്ദു സ്വത്വബോധമെല്ലാം കെട്ടുകഥയാണെന്നും സവര്‍ണര്‍ക്കും ധനികര്‍ക്കും അധികാരം നിലനിര്‍ത്താനുള്ള ഒരു ഉപകരണമാണ് ഇതെന്നും അവര്‍ മനസ്സിലാക്കി.

സംഘ്പരിവാര്‍ ഹിറ്റ്ലര്‍ അവതരിപ്പിച്ച പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. ആത്മീയതയും മതത്തിന്റെ സൗന്ദര്യവും അന്യമായ ബ്രാഹ്മണാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യസങ്കല്പമാണ് അതിനുള്ളത്. തിരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പ് നമ്മുടെ മതേതരത്വ സങ്കല്പത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചുകൊണ്ട് നടത്തപ്പെട്ട ബാബരി തകര്‍ത്തിടത്തെ ക്ഷേത്രനിര്‍മാണം ഇന്ന് ചോര്‍ന്നൊലിക്കുന്ന രീതിയില്‍ പരിവര്‍ത്തിക്കപ്പെട്ടത് അവരുടെ ലക്ഷ്യം ക്ഷേത്രമല്ല, ഹിന്ദു വോട്ടുകളെ ഏകീകരിച്ചുകൊണ്ടുള്ള വോട്ട്ബാങ്കാണ് എന്ന് വ്യക്തമാക്കുന്നതാണ്. ഹിന്ദു പ്രീണനത്തിന് വഴിയൊരുക്കിയുള്ള സംഘ്പരിവാര്‍ നുണകള്‍ ഇന്ന് ലോകം മനസ്സിലാക്കി. ‘മുസ്ലിംകള്‍ കൂടുതല്‍ പെറ്റുപെരുകുന്നു’ എന്ന് വലിയ വായില്‍ ആര്‍.എസ്.എസ്. അഖിലേന്ത്യാ അധ്യക്ഷന്‍ വിളിച്ചുപറയുമ്പോഴും കണക്കുകള്‍ അവര്‍ക്കെതിരാവുന്നു. പത്ത് വര്‍ഷം മുമ്പുള്ള ജനന നിരക്കിലുള്ള മുസ്ലിം-ഹിന്ദു അന്തരം 1.1 ശതമാനത്തില്‍ നിന്ന് 0.3 ശതമാനമായി കുറഞ്ഞ കണക്കുകള്‍ അവരുടെ നുണകളെ പൊളിച്ചെഴുതുന്നതാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വരെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം സമീപ ഭാവിയില്‍ ഇല്ലാതാവുമെന്നാണ് മനസ്സിലാക്കുന്നത്.

എന്തു കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയം തകര്‍ച്ചയിലേക്ക്
ഹിന്ദുത്വരാഷ്ട്രത്തിന്റെ ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെ ‘നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു’ എന്ന പുസ്തകത്തില്‍ എങ്ങനെയാണ് ഒരു ഹിന്ദു രാഷ്ട്രം രൂപീകരിക്കപ്പെടുന്നതെന്ന് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. വിദേശ വംശങ്ങള്‍ അഥവാ ഹിന്ദുവേതര വിഭാഗങ്ങളെല്ലാം ഹിന്ദു സംസ്കാരത്തെ സ്വീകരിക്കണം, ഹിന്ദു രാജ്യം സ്ഥാപിച്ചു കഴിഞ്ഞാല്‍ ആ രാജ്യത്തെ മഹത്വപ്പെടുത്തുകയും ഹിന്ദു വംശത്തിനധീനപ്പെടുകയും ചെയ്യണം. അദ്ദേഹത്തിന്റെ തന്നെ ‘വിചാരധാര’ യില്‍ വിദേശ വംശങ്ങളെ പ്രതിപാതിക്കുന്നുണ്ട്. ഇസ്ലാം മതവും, ക്രിസ്തു മതവും, കമ്മ്യൂണിസവുമെല്ലാം വിദേശവംശങ്ങളാണ്.

ഇവരെല്ലാം ഒരവകാശത്തിനും അര്‍ഹതയില്ലാതെ കഴിയണമെന്ന് ഗോള്‍വാള്‍ക്കര്‍ പറയുമ്പോള്‍ ഇടക്ക് രംഗപ്രവേശനം നടത്താറുള്ള പൗരത്വ ബില്ലും, യൂണിയന്‍ സിവില്‍ കോഡും ഹിന്ദുവേതര വംശങ്ങളെയെല്ലാം നശിപ്പിക്കാനുള്ള കുടലതന്ത്രമാണെന്ന് മതേതര ഇന്ത്യ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആദ്യ ഇര മുസ്ലിംകളാണെങ്കില്‍ ക്രമേണ എല്ലാവരും ഇരകളാകേണ്ടി വരുമെന്നുള്ളത് തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയം എതിര്‍ക്കപ്പെടണമെന്ന് പറയുന്നതിന്റെ പൊരുള്‍.


ജര്‍മനിയില്‍ വംശശുദ്ധി വരുത്തുന്നതില്‍ ഹിറ്റ്ലറിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് പ്രസ്താവിക്കുന്നത് ഹിന്ദുത്വ രാഷ്ട്രത്തിന്റെ മുഖ്യ കാര്യദര്‍ഷി ഗോള്‍വാള്‍ക്കര്‍ തന്നെയാണ്. ഹിറ്റ്ലറെ മാതൃകയാക്കുന്ന ഹിന്ദുത്വദര്‍ശനം ഹിന്ദു മതത്തിന്റെ ധാര്‍മികതക്ക് യോജിക്കാത്തതാണ്. ജൂതരെ ഓരോരുത്തരെയും തിരെഞ്ഞുപിടിച്ചു കൊല്ലുന്നതിന്റെ സമയ-സാമ്പത്തിക നഷ്ടം കുറക്കാന്‍ ഗ്യാസ് ചേമ്പറുകള്‍ സ്ഥാപിച്ച് അറുപത് ലക്ഷത്തോളം പേരെ ശ്വാസം മുട്ടിച്ചു കൊന്ന ഹിറ്റ്ലറിനെ മാതൃകയാക്കണമെന്ന് ഹിന്ദുത്വ രാഷ്ട്രാചര്യന്‍ പറയുന്നതിലൂടെ ഈ ആശയത്തെ എതിര്‍ക്കപ്പെടേണ്ട അനിവാര്യതയാണ് സമൂഹത്തിന് ബോധ്യമാവുന്നത്. അഭിനവ സമൂഹം ഇത്തരം തീവ്ര വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ മുന്നോട്ടുവരുന്നതിലൂടെ വലിയ നാശമാണ് ഹിന്ദുത്വ രാഷ്ട്രീയം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.

ഗോപ്യമായ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആശയങ്ങള്‍ക്ക് ഇന്ന് കാര്യമായ പിന്തുണ അന്യമായിരിക്കുന്നുവെന്നുള്ളത് അത് എത്രത്തോളം മൂല്യ ശോഷണം നേരിട്ടുകൊണ്ടിരിക്കുന്നു എന്നാണ് വിളിച്ചോതുന്നത്. ബി.ജെ.പി. തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കളാണെങ്കില്‍ മൃദുഹിന്ദുത്വത്തിന്റെ നാട്യങ്ങളെ പിന്തുടരണമെന്നര്‍ത്ഥമില്ല. ജനാധിപത്യ ബഹുസ്വര സ്വഭാവം അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുകയാണ് വേണ്ടത്. മതേതര മൂല്യങ്ങള്‍ക്ക് വിലങ്ങു തടിയാവുന്ന ഹിന്ദുത്വം ഹിന്ദു മതമല്ലെന്ന് പ്രഖ്യാപിക്കുന്ന അഭിനവ കാലത്ത് പ്രതീക്ഷയുടെ ചിറകുകള്‍ക്ക് താങ്ങും തണലുമാവാം.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading