കാവൽക്കാർ തന്നെ കണ്ണടക്കുമ്പോൾ

India is the ‘Mother of Democracy’ and a ‘Model of Diversity’ ഈ പറഞ്ഞ വാക്കുകൾ 2023 ൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസിൽ വച്ച് ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്യുന്ന പ്രസംഗത്തിൽ പരാമർശിച്ചതാണ്.

ഇന്ത്യ എന്ന രാജ്യം ലോകത്തിനു മുമ്പിൽ ശ്രദ്ധ ആകർഷിക്കുന്നത് ഇവിടത്തെ ജനസംഖ്യ കൊണ്ട് മാത്രമല്ല. മറിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന വിശേഷണം കൊണ്ട് കൂടിയാണ്. വിവിധ മതങ്ങൾ ആചരിക്കുന്നവരും, വൈവിധ്യമാർന്ന സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരും, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും ഒത്തൊരുമയോടുകൂടി ഇവിടെ ജീവിക്കുന്നതിൽ ജനാധിപത്യത്തിലുറച്ച വിശ്വാസത്തിന്റെ പങ്ക് വലുതാണ് . അവരവരുടെ ആചാരങ്ങളെയും, സംസ്കാരങ്ങളെയും,ഭാഷയേയും സംരക്ഷിക്കാൻ പ്രാപ്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുക്കാമെന്നതാണ് ഈ ഉറച്ച വിശ്വാസത്തിന്റെ കാതൽ . അത്തരമൊരു സാമൂഹിക അന്തരീക്ഷത്തിലേക്കാണ് കുറച്ചുകാലമായി പല സംശയങ്ങളും കടന്നുവരുന്നത്.ഭരണഘടനാ സ്ഥാപനമായ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭരണകൂടത്തിന്റെ സ്വഭാവത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ ജനാധിപത്യത്തോടുള്ള വിശ്വാസത്തിൽ സംശയം ഉടലെടുക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഈയൊരു വിശ്വാസ തകർച്ച ഏറെ നിർണായകമാണ്.

ഇന്ത്യൻ മാധ്യമങ്ങൾ പലപ്പോഴും തീവ്രവാദത്തിന്റെ മണ്ണായി തെറ്റിദ്ധരിപ്പിക്കാറുള്ള കാശ്മീറിലെ പ്രശ്നങ്ങളുടെ തുടക്കം 1989 ലെ ഇലക്ഷനിലുള്ള ഞങ്ങളുടെ അവിശ്വാസമായിരുന്നു. ആ ഇലക്ഷനിൽ കൂടുതൽ ജനപിന്തുണ ഉണ്ടായിരുന്ന മുസ്ലിം യുണൈറ്റഡ് ഫ്രണ്ടിൻ്റെ (MUF) പരാജയത്തിൽ നിന്നാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്ന് ആരോപണം ഉണ്ടായതും പിന്നീട് അവിടം ഒരു സംഘർഷഭൂമിയായി മാറിയതും. പൗരന്മാരുടെ ജനാധിപത്യത്തിലുള്ള വിശ്വാസം അവിശ്വാസമായി തീരുമ്പോഴാണ് പല രാജ്യങ്ങളും സംവിധാനങ്ങളും തകർച്ചയിൽ എത്തിയത്. ഈയൊരു പശ്ചാത്തലത്തിൽ ചരിത്രപരമായി അനേകം സംഭവങ്ങളെ ഉദ്ധരിക്കാനും നമുക്ക് സാധിക്കും. വൈകാതെ ഇന്ത്യയുടെ സ്ഥിതിയും ഇത്തരത്തിലൊരു പതനത്തിലുള്ളതാവും എന്ന സൂചനയാണ് ഈയിടെ വന്ന വെളിപ്പെടുത്തലുകൾ.
റഷ്യയുടെ തലവനായ വ്‌ളാഡിമിർ പുടിനെ വിജയിപ്പിക്കുക എന്നരീതിയാണ് അവിടത്തെ ഇലക്ഷൻ കമ്മീഷന്റെ ഉത്തരവാദിത്വം എന്ന് പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്. ഇന്ത്യയിലെ സ്ഥിതിയും മറ്റൊന്നല്ല എന്നാണ് സമീപകാല ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനത്തിൽ നിന്ന് മനസ്സിലാകുന്നത്. ജനാധിപത്യ സംരക്ഷണം ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് അത്യന്താപേക്ഷികമാണ്. ഹിന്ദുത്വ രാഷ്ട്രീയ കക്ഷികൾ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ അധീനതയിലാക്കുന്ന ഈ സന്ദർഭത്തിൽ ഇതിനെതിരെയുള്ള ചലനങ്ങൾ സമൂഹത്തിൽ നിന്നുമുണ്ടാകൽ വളരെ അത്യാവശ്യമാണ്.

വിശ്വാസ്യത തകർച്ചയുടെ ഒരു പതിറ്റാണ്ട്

ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പ്രാരംഭം ഏകദേശം 2014- ന് ശേഷമാണ്.
മോദി ഗവൺമെൻ്റ് അധികാരം ഏറ്റെടുത്തത് മുതൽ ഭരണഘടനയ്ക്ക് തുരങ്കം വെക്കുന്ന പ്രവർത്തനങ്ങളാണ് ഭരണകക്ഷികളിൽ നിന്നും സംഭവിക്കുന്നത്. സുപ്രീം കോടതി ജഡ്ജിയുടെ അധികാരമുണ്ടായിരുന്ന ഇലക്ഷൻ കമ്മീഷണറുടെ പദവി ക്യാബിനറ്റ് സെക്രട്ടറിക്ക് തുല്യമായി മാറ്റിയത് തന്നെ ഭരണകൂടഹിതങ്ങൾക്ക് അനുസരിച്ചുള്ളതാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. കൂടാതെ ഇലക്ഷൻ പെരുമാറ്റ ചട്ടം ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ ഇലക്ഷൻ കമ്മീഷൻ യാതൊരുവിധ താക്കീതും നൽകിയില്ല എന്നതും ഈ സംശയത്തിന് ആക്കം കൂട്ടുന്നതാണ്‌. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ ഇലക്ഷനിലും ഡൽഹിയിലും ഇലക്ഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അവിടെങ്ങളിലെ രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കുമ്പോൾ സംശയങ്ങൾക്ക് വ്യക്തമായി മറുപടി നൽകേണ്ട ഇലക്ഷൻ കമ്മീഷൻ അധികാര ഗർവ്വോടെയാണ് എതിർ ശബ്ദങ്ങളെ സമീപിച്ചത്. ഇലക്ഷൻ കമ്മീഷനിൽ നിന്നുള്ള ഇത്തരം പ്രവണതകൾ സംശയങ്ങൾക്ക് കൂടുതൽ ബലം നൽകുന്നു.

ബീഹാറിൽ നിന്ന് വരുന്ന വാർത്തകൾ അനുസരിച്ച് ഇലക്ഷൻ കമ്മീഷൻ ഭരണകൂടത്തിന്റെ താല്പര്യങ്ങളാണ് നടപ്പിലാക്കുന്നത് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. അവിടെ നടക്കുന്ന SlR (Special Intensive Revision) ഭരണകക്ഷിയുടെ താൽപര്യങ്ങൾക്കനുസരിച്ച് ജനങ്ങളെ ഇലക്ഷനിൽ നിന്നും പുറത്താക്കുന്നു. ഇന്ത്യയിലെ പരമാവധി ജനങ്ങളെ ഇലക്ഷനിലേക്ക് കൂട്ടിച്ചേർക്കുന്നതിന് പകരം അവരെ പുറന്തള്ളുന്ന ഇലക്ഷൻ കമ്മീഷന്റെ സമീപനം ഭരണഘടനാ താല്പര്യങ്ങളെ പോലും ഹനിക്കുന്നതാണ്. ഏകദേശം അവിടുത്തെ ജനസംഖ്യയുടെ 8.3% വരുന്ന 65 ലക്ഷം പേരാണ് പ്രാഥമികമായി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. ‘ദ വയർ’ പുറത്തുവിട്ട കണക്കുകളനുസരിച്ച് അവിടുത്തെ ആകെ വരുന്നു 38 ജില്ലകളിൽ 15 ജില്ലകളിലും സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് ജനങ്ങൾ പുറത്താകുന്നത്. ഗോപാൽ ഗഞ്ച്-15.1% ,പൂർണിയ- 12.07%, കിഷൻ ഗഞ്ച് – 11.82% ഈ പറയപ്പെട്ട ജില്ലകൾ പ്രതിപക്ഷ കക്ഷികൾക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളാണ്. ഇവിടെ വോട്ടർ ലിസ്റ്റിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ രീതിയിൽ തന്നെ അവിടുത്തെ വിജയത്തെ സ്വാധീനിക്കുമെന്ന നിരീക്ഷണമാണ് ‘The wire’ ലേഖനത്തിൽ പറയുന്നത്. സംസ്ഥാനത്തെ പ്രധാന പോരാട്ട ഭൂമികയായി കരുതുന്ന സമസ്തിപൂർ, വൈശാലി, മുസാഫർപൂർ തുടങ്ങിയ മണ്ഡലങ്ങളിൽ 8% കൂടുതൽ ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടത് തികച്ചും സ്വാഭാവികമാണെന്ന് കരുതാൻ സാധിക്കില്ല. ഇത്തരം പശ്ചാത്തലങ്ങളിലെല്ലാം വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു.

അവസാനം നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും നിരവധി തിരഞ്ഞെടുപ്പ് അട്ടിമറികൾ ആരോപിക്കപ്പെട്ടിരുന്നു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു അനുശക്തി നഗറിൽ മത്സരിച്ചിരുന്ന എൻ.സി. പി മത്സരാർത്ഥി ഫഹദ് അഹമ്മദ് മുന്നോട്ട് വെച്ച സംശയം. അദ്ദേഹം ആരോപിക്കുന്നത് വോട്ടെണ്ണുന്ന ആദ്യ റൗണ്ടുകളിൽ അദ്ദേഹം ലീഡ് നേടുകയും അവസാനം വോട്ടെണ്ണിയ ബൂത്തുകളിൽ അദ്ദേഹം പുറകോട്ട് പോവുകയും ചെയ്തു എന്നാണ്. ഇത് സ്വാഭാവികമാണെന്ന് കരുതാമെങ്കിലും അവസാന റൗണ്ടുകളിൽ എണ്ണിയ EVM കളിൽ 95% മുകളിൽ ചാർജ്ജ് ഉണ്ട് എന്ന ഗുരുതരമായ ആരോപണം അദ്ദേഹം ഉന്നയിച്ചു. എന്നാൽ ഇലക്ഷൻ കമ്മീഷൻ ഇത് ഗൗരവത്തിൽ എടുത്തില്ല എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇനിയും ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് സമീപകാലങ്ങളിൽ കാണാൻ സാധിക്കുന്നതാണ്.യുപി ഇലക്ഷനിൽ ഒരു വ്യക്തി 7 വോട്ട് ചെയ്യുന്ന വീഡിയോ പുറത്തുവിടുകയുണ്ടായി. അത് അയാൾ തന്നെ പുറത്തുവിട്ടതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾ ഇത്തരത്തിൽ ക്രമക്കേടുകൾ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയത്. ഇയാളെപ്പോലെ നിരവധിപേർ ചെയ്തിട്ടുണ്ടാകുമെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്.
ഈ പറയപ്പെട്ട കാരണങ്ങളെല്ലാം ഇലക്ഷൻ കമ്മീഷനെതിരെയുള്ള ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. ഈ സംഭവങ്ങളെല്ലാം നടന്നത് നരേന്ദ്രമോദിയുടെ ഭരണകാലത്താണ് താനും. അതുകൊണ്ടുതന്നെയാണ് മോദി ഗവൺമെന്റിന്റെ ഭരണകാലം ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യത തകർച്ചയുടെ കാലമായി വിശേഷിപ്പിക്കുന്നത്.

വോട്ട് ചോറി

കർണാടകയിലെ ബാംഗ്ലൂർ സെൻ്റർ ലോക്സഭ മണ്ഡലത്തിന് കീഴിൽ വരുന്ന മഹാദേവപുര മണ്ഡലവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്നത്. ഏകദേശം ആറുമാസത്തോളം കൂട്ടം മനുഷ്യരുടെ നിരന്തര പരിശ്രമിച്ചതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ച കണ്ടെത്താൻ സാധിച്ചത്. ഇതിലെ പല ക്രമക്കേടുകളും സ്വാഭാവികമായി സംഭവിച്ചതാണ് എന്ന് കരുതാൻ സാധിക്കില്ല. ഇതിന് പിന്നിൽ കൃത്യമായി ഇലക്ഷൻ കമ്മീഷന്റെ സഹായം ലഭിച്ചു എന്നുവേണം മനസ്സിലാക്കാൻ. നിരവധി ആളുകളുടെ വീട്ടുനമ്പർ 0, പിതാവിൻ്റെ പേരിനു നേരെ ഇംഗ്ലീഷ് അക്ഷരമാലയിലെ ലെറ്ററുക്കൾ (xtrvm), ഫോട്ടോ പതിപ്പിക്കാത്ത ആളുകൾ, ഇരട്ട വോട്ടുകൾ തുടങ്ങി കൃത്യമായി പറഞ്ഞാൽ 1,00,250 വോട്ടുകളിലാണ് കൃത്രിമം വരുത്തിയിട്ടുള്ളത്. തുടർന്ന് രാജ്യത്താകമാനം നടന്ന പരിശോധന ഫലമായി കേരളത്തിലെ തൃശ്ശൂരിലും പലതരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്താൻ സാധിച്ചു. ഇലക്ഷന് മുമ്പ് തന്നെ അവിടുത്തെ ക്രമക്കേടുകളെ സംബന്ധിച്ച പരാതികൾ ഇലക്ഷൻ കമ്മീഷണർക്ക് നൽകിയിരുന്നു എങ്കിലും നടപടികൾ ഉണ്ടായില്ല എന്നാണ് രാഷ്ട്രീയ കക്ഷികൾ ആരോപിക്കുന്നത്. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ചാണ് അധികാരം നേടിയത് എന്ന വാദവും ശക്തിപ്പെടുന്നുണ്ട്.

ഗുരുതരമായ വീഴ്ചകൾ സംഭവിക്കാനുള്ള പ്രധാന കാരണം ഇലക്ഷൻ കമ്മീഷന്റെ ഭരണകൂട വിധേയത്വമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. തിരഞ്ഞെടുപ്പുകളുടെ സുതാര്യത ഉറപ്പുവരുത്തേണ്ട ഇലക്ഷൻ കമ്മീഷൻ പലപ്പോഴും അധികാര പാർട്ടിയുടെ സഖ്യകക്ഷികളെ പോലെയാണ് പെരുമാറുന്നത്. ഇതിന് ഉദാഹരണമാണ് തൃശ്ശൂർ. കൂടാതെ EVM ബന്ധപ്പെട്ട ഗുരുതര വീഴ്ചയെ കുറിച്ച് ഇന്ത്യൻ സമൂഹം ഇതുവരെ കാര്യക്ഷമതയാർന്ന ചർച്ച പോലും ചെയ്തിട്ടില്ല. 2019 -ൽ ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടർന്നുണ്ടായ അന്വേഷണത്തിൽ മനസ്സിലായത് ഏകദേശം 20 ലക്ഷത്തോളം EVM നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ്. ബാക്കിയുള്ളവ എവിടെയാണെന്നതിനെ കുറിച്ചുള്ള ഗൗരവമായ ചർച്ചകൾ പ്രതിപക്ഷ കക്ഷികൾ പോലും ഉന്നയിക്കുന്നില്ല എന്നിടത്താണ് പ്രശ്നം കൂടുതൽ സങ്കീർണ്ണമാവുന്നത്. ഇത്തരത്തിൽ സമൂഹത്തിൽ നിന്നും പ്രതിപക്ഷത്തിൽ നിന്നും ഉണ്ടാകുന്ന വീഴ്ചകളും തിരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യം നൽകുന്നുണ്ട്. വോട്ടർ പട്ടികയിലും ഇവിഎമ്മിലും, ഇലക്ഷൻ പെരുമാറ്റ ചട്ടത്തിലുമെല്ലാം ഭരണകക്ഷികൾക്ക് ആവശ്യമായ ഇളവുകളാണ് ഇലക്ഷൻ കമ്മീഷൻ നൽകുന്നത്. ഇതിനെതിരെ കടുത്ത രീതിയിലുള്ള നിയമ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.

എല്ലാ രാഷ്ട്രീയ കക്ഷികളും ഇലക്ഷന്റെ ഭാഗമാവുന്നത് അവർക്ക് അധികാരം ലഭിക്കുന്നതിനുവേണ്ടിയാണ്. ഈ സന്ദർഭത്തിൽ ഇത്തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടാകുന്നത് ഒരു രാഷ്ട്രീയ അസ്ഥിരതക്ക് കാരണമാകും. തങ്ങളെ ഭരിക്കുന്നവർ ക്രമക്കേടുകൾ നടത്തിയിട്ടാണ് ഭരണം നിർവഹിക്കുന്നത് എന്ന് മനസ്സിലാക്കിയാൽ ജനങ്ങൾ ഭരണകൂടത്തോടുള്ള വിധേയത്വം പിൻവലിക്കും. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് രാജ്യത്തെ നയിക്കും. തുടർന്ന് ജനങ്ങളും ഭരണകൂടവും തമ്മിൽ പോരാട്ടങ്ങൾ ഉണ്ടാവുകയും നമ്മുടെ അയൽ രാജ്യങ്ങളെപ്പോലെ നമ്മുടെ സാമൂഹിക അന്തരീക്ഷവും ഭരണവ്യവസ്ഥയും ശിഥിലമാകും.

വിശ്വാസ്യത തിരിച്ചുപിടിക്കാൻ സാധിക്കുമോ?

നമ്മൾ ചർച്ച ചെയ്തതുപോലെ ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെങ്കിൽ നമ്മുടെ രാജ്യത്തിൻറെ സ്ഥിതി മോശമാകും. നിരവധി രാജ്യങ്ങളാണ് ഇവിഎമ്മുമായി ബന്ധപ്പെട്ട സുതാര്യത പ്രശ്നങ്ങൾ ഉണ്ടായത് കാരണത്താൽ ബാലറ്റിലേക്ക് തന്നെ മടങ്ങിയത്. അതിൽ പ്രധാനപ്പെട്ട രാജ്യമാണ് ജർമ്മനി. ഇലക്ഷൻ പ്രക്രിയയെ വേഗത്തിലാക്കാനാണ് ഇവിഎം ഉപയോഗിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തിൽ ഇവിഎമുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടി എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നൽകുകയും അവയിൽ ക്രമക്കേടുകൾ നടക്കില്ല എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഇലക്ഷൻ കമ്മീഷന്റെ ബാധ്യതയാണ്. അതിന് സാധിക്കില്ല എങ്കിൽ ബാലറ്റിലേക്ക് മടങ്ങേണ്ടതിനെ കുറിച്ചുള്ള ചർച്ചകൾക്ക് ഇലക്ഷൻ കമ്മീഷൻ മുൻകൈ എടുക്കണം. പ്രധാനപ്പെട്ട പ്രശ്നമായി രാഹുൽ ഗാന്ധി ഉയർത്തി കാണിച്ചത് വോട്ടർ പട്ടികയുടെ ഡിജിറ്റൽ കോപ്പി ഇലക്ഷൻ കമ്മീഷൻ നിൽക്കുന്നില്ല എന്നാണ്. മിഷൻ റീഡിങ് സാധ്യമായ വോട്ടർ പട്ടിക ഇലക്ഷൻ കമ്മീഷൻ ലഭ്യമാക്കുക എന്നതാണ് രാഷ്ട്രീയ കക്ഷികൾക്ക് വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്താനുള്ള ഒരു പ്രധാന മാർഗ്ഗം. ഇതിനെല്ലാം തന്നെ ഭരണ കക്ഷികളുടെ പ്രതികരണങ്ങൾ പര്യാപ്തമല്ല താനും.

നിലവിലെ ഭരണകൂടം ബഹുജന പോരാട്ടങ്ങൾക്ക് മുന്നിൽ മാത്രമേ മുട്ടുമടക്കിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പൗരന്മാരുടെ കൂട്ടായ പ്രതിഷേധങ്ങളെ മികച്ച മാറ്റങ്ങൾക്ക് കാരണമാകൂ. ഇത്തരം പ്രതിഷേധങ്ങൾക്ക് പര്യാപ്തമായ സാമൂഹിക ബോധം സൃഷ്ടിക്കൽ ജനാധിപത്യ മൂല്യങ്ങളിൽ ഊന്നി നിന്നുകൊണ്ടാവണം. 2023-ൽ സുപ്രീം കോടതി മുമ്പോട്ട് വെച്ച ചീഫ് ഇലക്ഷൻ കമ്മീഷണർ സെലക്ഷൻ കമ്മിറ്റി നിലവിൽ വരുത്തുകയും വേണം. സുപ്രീം കോടതി നിർദ്ദേശിച്ചത് പ്രകാരം പ്രധാനമന്ത്രിയും, പ്രതിപക്ഷ നേതാവ് / ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ്, സുപ്രീംകോടതി ജഡ്ജിയുമാണ് ഇലക്ഷൻ കമ്മീഷണറെ തെരഞ്ഞെടുക്കേണ്ടത്. ഈ ഒരു സെലക്ഷൻ കമ്മിറ്റി രൂപം നിലവിൽ വന്നാൽ ഇലക്ഷൻ കമ്മീഷന്റെ സുതാര്യതയും, സ്വതന്ത്ര അധികാരവും ഉറപ്പ് വരുത്താനാകും. പക്ഷേ മോദി ഗവൺമെൻ്റ് പാർലമെന്റിൽ മറ്റൊരു ബില്ല് കൊണ്ടുവന്ന് സുപ്രീം കോടതി ജഡ്ജിയെ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി പകരം തൽസ്ഥാനത്തേക്ക് യൂണിയൻ ക്യാബിനറ്റ് മിനിസ്റ്ററെ തിരഞ്ഞെടുത്തു. ഇത് വീണ്ടും ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട വിശ്വാസ്യത പ്രശ്നത്തിന് കാരണമായി, അതുകൊണ്ടുതന്നെ സുപ്രീം കോടതി നിർദ്ദേശം നടപ്പിലാക്കുന്നതാണ് പ്രഥമ പരിഹാരം.ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങൾക്ക് ഇല്ലാതായാൽ അതോടുകൂടി ആ രാജ്യത്തിന്റെ സ്ഥിതി ദയനീയമാകും എന്നാണ് നമുക്ക് ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നത്. നമ്മുടെ ജനാധിപത്യ പ്രക്രിയയ്ക്ക് സംഭവിച്ച വൈകല്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ബഹുജന പ്രതിഷേധങ്ങളിലൂടെ മാത്രമേ സാധ്യമാകൂ. ആ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ പ്രതിപക്ഷ കക്ഷികൾക്ക് സാധിക്കണം. ഇന്ത്യൻ ഭരണ വ്യവസ്ഥ ‘അടിയന്തരാവസ്ഥ’ കാലത്ത് നേരിട്ട വെല്ലുവിളികളെ പോലും അതിജയിച്ചു. ലോകചരിത്രം എടുത്തു നോക്കിയാൽ അധികാരത്തിന്റെ ഭ്രമം ബാധിച്ച നിരവധി ഭരണാധികാരികൾ ഉണ്ടായിട്ടുണ്ട്. അവരുടെ പതനത്തിനും ചരിത്രം സാക്ഷ്യമായിട്ടുണ്ട്. ഇന്ത്യയുടെ ആരോഗ്യകരമായ ജനാധിപത്യം വീണ്ടെടുപ്പ് സാധ്യമായ ഒന്നാണ്. ആ വീണ്ടെടുപ്പിൽ നമ്മൾ നമ്മുടെ ഉത്തരവാദിത്വവും പൂർത്തീകരിക്കേണ്ടതുണ്ട്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading