തുര്‍ക്കിയുടെ പതനത്തില്‍ അറബികളുടെ പങ്ക്

വിശ്വപ്രസിദ്ധ പണ്ഡിതനും ഇന്ത്യന്‍ മുസ്ലിംകളുടെ അഭിമാനവുമായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദവി ഒരിക്കല്‍ പറയുകയുണ്ടായി. രണ്ട് കാര്യങ്ങള്‍ക്ക് കൃത്യമായ സമയനിര്‍ണയം ആസാധ്യമാണ്. ഒന്ന് ഒരു വ്യക്തി ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയവും മറ്റൊന്ന് ഒരു സമുദായം അധഃപതനത്തിനു വിധേയമായ സമയവും. ശക്തി പ്രാപിച്ച ശേഷമല്ലാതെ രണ്ടും അറിയുകയില്ല. മിക്ക സമുദായങ്ങളുടെ കാര്യത്തിലും ഇത് ശരിയാണ്. എന്നാല്‍ മുസ്ലിം സമുദായത്തിന്‍റെ ജീവിതത്തില്‍ ഇതര സമുദായങ്ങളെ അപേക്ഷിച്ച് അധഃപതനം കൂടുതല്‍ പ്രകടമായിരുന്നു. പരിപൂര്‍ണതയില്‍ നിന്നുള്ള പടിയിറക്കത്തിന്‍റെ പ്രാരംഭബിന്ദു അടയാളപ്പെടുത്തണമെന്ന് ഉദ്ദേശിക്കുകയാണെങ്കില്‍ ഖിലാഫത്തുറാശിദയില്‍ നിന്ന് രാജാധിപത്യത്തിലെക്കുള്ള വ്യതിയാനം ആരംഭിച്ച ആ ചരിത്ര സന്ധിയിലായിരിക്കും നാം വിരല്‍ തൊടുക. (മുസലിംകളുടെ പതനവും ലോകത്തിന്‍റെ നഷ്ടവും, അബുല്‍ ഹസന്‍ അലി നദവി, 133)

ചരിത്രത്തിലെ തുര്‍ക്കി

യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന തുര്‍ക്കിക്ക് ചരിത്രത്തില്‍ പറഞ്ഞു നീണ്ട പ്രതാപ കാലഘട്ടമുണ്ടായിരുന്നു. ഒട്ടോമന്‍ സാമ്രാജ്യമായിരുന്നു തുര്‍ക്കിക്ക് സുവര്‍ണ്ണ കാലം സമ്മാനിച്ചത്. ഏഷ്യ മൈനര്‍ ആസ്ഥാനമാക്കി ക്രി. 13-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടിന്‍റെ ആദ്യപാദം വരെ മുസ്ലിം ലോകം ഭരിച്ച തുര്‍ക്കി രാജവംശമാണ് ഉഥ്മാനിയ്യ ഖിലാഫത്ത്. ഒട്ടോമന്‍ സാമ്രാജ്യം എന്ന പേരിലും ഇത് അറിയപ്പെടുന്നു. സ്ഥാപകനായിരുന്ന ഉഥ്മാന്‍ ഖാനിലേക്ക് ചേര്‍ത്തുകൊണ്ടാണ് ഉഥ്മാനികള്‍ എന്ന പേര് വന്നത്. ഉഥ്മാനിയ്യ ഖിലാഫത്തിന് എന്നാണോ പതനം സംഭവിച്ചത് അന്ന് മുതല്‍ക്കാണ് തുര്‍ക്കിയുടെയും പതനം അക്ഷരാര്‍ത്ഥത്തില്‍ തുടങ്ങുന്നത്.

അറബ് തുര്‍ക്കി ദേശീയ വാദത്തിന്‍റെ തുടക്കം

ഉഥ്മാനി ഖിലാഫത്തിനെ തകര്‍ച്ചയിലേക്ക് നയിച്ച ഘടകങ്ങള്‍ അനേകമാണ്. അതില്‍ എടുത്തു പറയേണ്ട ഘടകം അറബ് തുര്‍ക്കി ദേശീയതകളായിരുന്നു. സുല്‍ത്വാന്‍ സലീം ഓമന്‍റെ കാലം മുതല്‍ക്കാണ് അറബ് പ്രദേശങ്ങള്‍ ഉഥ്മാനി ഖിലാഫത്തിന് കീഴില്‍ വരാന്‍ തുടങ്ങിയത്. അറബ് പ്രദേശങ്ങളില്‍ ഇടക്കിടെ വിഘടന പ്രവര്‍ത്തനങ്ങള്‍ ഉടലെടുത്തിരുന്നെങ്കിലും അറബികള്‍ ഉഥ്മാനി ഖിലാഫത്തിനെ ഉമവി, അബ്ബാസി ഖിലാഫത്തിന്‍റെ പിന്തുടര്‍ച്ചയുള്ള ഇസ്ലാമിക ഖിലാഫതായിട്ടാണ് കണ്ടിരുന്നത്.

തന്‍ളീമത്ത് യുഗം വരെ അറബികളും തുര്‍ക്കികളും തമ്മില്‍ നല്ല ബന്ധം നിലനിന്നിരുന്നു. ഉഥ്മാനികളില്‍ തുര്‍ക്കി അറബി ദേശീയതകളുടെ വിത്ത് പാകിയത് ചില ക്രിസ്ത്യന്‍ ജൂത എഴുത്തുകാരായിരുന്നു. അറബികളുടെയും തുര്‍ക്കികളുടെയും പൗരാണിക ഭാഷയും സംസ്കാരവും ചരിത്രവും മഹത്വവല്‍ക്കരിച്ചുകൊണ്ട് ചില യുറോപ്യന്‍ എഴുത്തുകാര്‍ രചനകള്‍ നടത്തി ഉഥ്മാനികള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ചില തുര്‍ക്കി എഴുത്തുകാര്‍ തുര്‍ക്കി വംശീയ-ദേശീയ വികാരങ്ങള്‍ സജീവമാക്കാനും തുര്‍ക്കി ഭാഷ പരിഷ്കരിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിത്തുടങ്ങി. യുവ തുര്‍ക്കികള്‍ അധികാരത്തില്‍ വന്നതോടെ തുര്‍ക്കി ദേശീയതയും അറബ് ദേശീയതയും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങി. 1914-ല്‍ ഒന്നേകാല്‍ കോടി തുര്‍ക്കികളും 35 ലക്ഷം അറബികളും അടങ്ങുതായിരുന്നു സല്‍ത്വനത്തിന്‍റെ ജനസംഖ്യ. 259 അംഗ തുര്‍കി പാര്‍ലമെന്‍റെില്‍ 144 തുര്‍ക്കികളും 84 അറബികളുമാണുണ്ടായിരുന്നത്. പാര്‍ലമെന്‍റെിലെ അറബികളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ കൂടുതലായിരുന്നു. എന്നിട്ടും അറബികള്‍ സംതൃപതരായിരുന്നില്ല. അറബികള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ചില നേതാക്കള്‍ വാദിക്കാന്‍ തുടങ്ങി.

അറബ് ദേശീയ വാദ സംഘടനകള്‍

അറബികള്‍ പാശ്ചാത്യ രീതിയിലുള്ള ദേശീയ വാദം പ്രചരിപ്പിക്കുന്നതിന് സിറിയയിലെയും ഈജിപ്തിലെയും അറബി ക്രിസ്ത്യാനികള്‍ സുപ്രധാന പങ്കുവഹിച്ചു. യൂറോപ്യന്‍ മിഷനറികള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരായിരുന്നതിനാല്‍ അവര്‍ക്ക് യൂറോപ്പിനോട് സൗഹാര്‍ദ്ദ സമീപനമാണുണ്ടായിരുന്നത്. പാന്‍ ഇസ്ലാമിക് ആശയങ്ങളോട് അവര്‍ക്ക് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഉഥ്മാനി സല്‍ത്വനതിനോട് കൂറു പുലര്‍ത്തേണ്ട ആവശ്യമില്ലായിരുന്നു. അറബികളില്‍ ദേശീയ വാദത്തിന് ആദ്യം വേരോട്ടം ലഭിച്ചത് സിറിയയിലെയും ലബ്നാനിലെയും ക്രിസ്ത്യാനികളിലായിരുന്നു. നാസ്വീഫത്തുല്‍ യാസിജി, ബുത്വ്റസൂല്‍ ബുസ്താനി, ഇബ്റാഹീമുല്‍ യാസിജി എന്നിവരാണ് ഈ ദേശീയവാദികളില്‍ പ്രമുഖര്‍. ഇവര്‍ 1847ല്‍ സിറിയയില്‍ സൊസൈറ്റി ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ് എന്ന സംഘടനക്കും 1850ല്‍ നാഷണല്‍ സൊസൈറ്റി എന്ന സംഘടനക്കും രൂപം നല്‍കി. അറബികളില്‍ ദേശീയ വാദം പ്രചരിപ്പിക്കുകയായിരുന്നു ഇരു സംഘടനകളുടെയും ലക്ഷ്യം. ഇവ രണ്ടും ശുദ്ധ ക്രൈസ്തവ സംഘടനകളായിരുന്നു. പക്ഷെ, മുസ്ലിംകളില്‍ ദേശീയവാദം വേര് പിടിക്കണമെങ്കില്‍ അവരില്‍ നിന്നു തന്നെ ചില വക്താക്കളെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ടായിരുന്നു.


ഈ ആവശ്യാര്‍ഥം അവര്‍ 1857-ല്‍ അല്‍ ജാമിഅത്തുല്‍ ഇല്‍മിയ്യതുസ്സുഊദിയ്യ എന്ന മറ്റൊരു സംഘടനക്ക് രൂപം കൊടുത്ത് അതില്‍ മുസ്ലിംകളെയും അംഗങ്ങളാക്കി. ഇതിന്‍റെ ഭാഗമായി സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന്‍റെ കാലത്ത് തന്നെ മുസ്ലിം അറബികള്‍ സ്വന്തം നിലയില്‍ ഈജിപ്തിലും പശ്ചിമ യൂറോപ്പിലും ചില രഹസ്യ സംഘങ്ങള്‍ക്ക് രൂപം കൊടുത്തു.

നജീബ് ആസൂരി എന്ന ക്രിസ്ത്യന്‍ എഴുത്തുകാരന്‍ അറബ് ദേശീയവാദം വിളിച്ചോതി ‘യഖ്ളതുല്‍ ഉന്മതില്‍ അറബിയ്യ’ എന്ന പേരിലും അബ്ദുറഹ്മാനില്‍ കവാകിബി ‘ഉമ്മുല്‍ ഖുറാ’ എന്ന പേരിലും ഗ്രന്ഥങ്ങള്‍ ഇറക്കി. അറബ് പ്രദേശങ്ങള്‍ ഉഥ്മാനി ഖിലാഫത്തില്‍ നിന്ന് വിഘടിച്ച് പോരാനും മക്ക കേന്ദ്രമാക്കി ഒരു അറബി ഖിലാഫത്ത് സ്ഥാപിക്കാനും കവാകിബി ആഹ്വാനം ചെയ്തു. ഒന്നാം ബാള്‍ക്കന്‍ യുദ്ധത്തിന്‍റെ അവസരത്തില്‍ അറബ് ദേശീയവാദികള്‍ ഹിസ്ബുല്ലാമര്‍കസിയ്യ എന്ന പേരില്‍ ഒരു സംഘമുണ്ടാക്കി. ബ്രിട്ടീഷുകാര്‍ ഈ സംഘത്തിന് സംരക്ഷണവും ഈജിപ്തില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കി. അതുപോലെ അബ്ദുല്‍ കരീമില്‍ ഖലീലും അസീസുല്‍ മിസ്വരിയും ചേര്‍ന്ന് അല്‍ ജംഇയ്യത്തുല്‍ ഖഹ്ത്വാനിയ്യ എന്ന ഒരു രഹസ്യ സംഘത്തിനും രൂപം നല്‍കി. ആസ്ട്രിയ-ഹംഗറി സാമ്രാജ്യങ്ങളെപ്പേലെ അറബ് പ്രദേശങ്ങളെ ഏകീകരിച്ച് ഒരു തുര്‍ക്കി അറബി സാമ്രജ്യം രൂപികരിക്കാനാണ് ഇവര്‍ ശ്രമിച്ചത്. അതുപോലെ പാരീസില്‍ വെച്ച് യുവ തുര്‍ക്കികളുടെ മാതൃകയില്‍ യുവ അറബികള്‍ (അല്‍ ജംഇയത്തുല്‍ അറബിയ്യത്തുല്‍ ഫതാത്) എന്ന പേരിലും ഒരു സംഘം രൂപീകരിച്ചു. പാശ്ചത്യന്‍ ചിന്തകളും മാസൂണിയന്‍ ബന്ധങ്ങളും പുലര്‍ത്തിയിരുന്ന ഇവരുടെ ലക്ഷ്യം അറബ് പ്രദേശങ്ങളുടെ പൂര്‍ണ മോചനമായിരുന്നു. പാരീസിലെ ആസ്ഥാനം അവര്‍ ബൈറൂതിലേക്കും പിന്നീട് ദമസ്കസിലേക്കും മാറ്റി. അവിടെ അതിന്‍റെ അംഗ സംഖ്യ പെട്ടെന്ന് വര്‍ധിച്ചു.

1910ല്‍ ബൈറൂതിലെ ചില അറബ് നേതാക്കള്‍ ലജ്നത്തുല്‍ ഇസ്ലാഹ് എന്ന പേരില്‍ ഒരു സംഘമുണ്ടാക്കി. പ്രദേശിക ഭരണം, തുര്‍കി പാര്‍ലമെന്‍റെില്‍ തുര്‍കി ഭാഷക്കൊപ്പം അറബി ഭാഷക്കും സ്ഥാനം നല്‍കല്‍, കേന്ദ്ര ഭരണത്തില്‍ അറബികള്‍ക്ക് പങ്കാളിത്തം എന്നീ പരിഷ്കരണങ്ങള്‍ ഇവര്‍ ആവശ്യപ്പെട്ടു. ഈ സംഘം സിറിയയിലും ഇറാഖിലും ശക്തി പ്രാപിച്ചതറിഞ്ഞപ്പോള്‍ യുവ തുര്‍കി ഭരണകൂടം അത് പിരിച്ചുവിടുകയും കേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തു. പിന്നീട് ഈ സംഘം ജംഇയ്യത്തുഹ്ദതില്ലബ്നാനിയ്യ എന്ന സംഘടനുമായി ചേര്‍ന്ന് ഫ്രഞ്ച് ഭരണകൂടത്തോട് സിറിയയിലും ലബ്നാനിലും അധിനിവേശം നടത്താന്‍ ആവശ്യപ്പെട്ടു.

അറബ് ദേശീയത തിരിച്ചടി നേരിടുന്നു

യുവ തുര്‍ക്കികളുടെ അടിച്ചമര്‍ത്തല്‍ ശക്തമായിരുന്നതിനാല്‍ യുവ അറബികള്‍ തങ്ങളുടെ ആസ്ഥാനം പാരീസിലേക്ക് തന്നെ മാറ്റി. 1911ല്‍ അവിടെ ഒരു അറബ് ദേശീയ സമ്മേളനം ചേരുകയുണ്ടായി. എല്ലാ അറബ് പ്രദേശങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനത്തിന് ഫ്രഞ്ചുകാര്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളില്‍ പകുതിയും ക്രിസ്ത്യാനികളായിരുന്നു. പരിഷ്കരണ പദ്ധതികള്‍ നടപ്പിലാക്കുക, കേന്ദ്ര ഭരണത്തില്‍ അറബികള്‍ക്ക് പങ്കാളിത്തം നല്‍കുക, അറബ് നാടുകളില്‍ അറബി ഭാഷ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഈ സമ്മേളനം ഉഥ്മാനി ഭരണകൂടത്തോട് ഉന്നയിച്ചു. യുവതുര്‍ക്കി ഭരണകൂടം എതിര്‍ നടപടികള്‍ ആരംഭിച്ചു. സമ്മേളനം നിര്‍ത്തിവെപ്പിക്കാന്‍ ഫ്രാന്‍സിനുമേല്‍ സമ്മര്‍ദം ചെലുത്താനായി അവര്‍ ശ്രമിച്ചു.

ഇതിനെ തുടര്‍ന്ന് അറബി നേതാക്കളും യുവതുര്‍കി നേതൃത്വവും തമ്മില്‍ ഒരു ഒത്തുതീര്‍പ്പ് നിലവില്‍ വന്നു. തഥടിസ്ഥാനത്തില്‍ സമ്മേളനം ഉന്നയിച്ച ആവശ്യങ്ങള്‍ യുവതുര്‍കി നേതൃത്വം അംഗീകരിച്ചു. തുര്‍കി ഭരണകൂടത്തില്‍ അറബികളില്‍ നിന്ന് മൂന്ന് മന്ത്രിമാരും അഞ്ച് ഗവര്‍ണര്‍മാരും പത്ത് കലക്ടര്‍മാരും പ്രതിനിധിസഭയില്‍ രണ്ട് അറബ് പ്രതിനിധികളും ഉണ്ടാവുമെന്ന് ഉറപ്പു നൽകി. എന്നാല്‍ യുവതുര്‍ക്കികള്‍ ഈ കരാര്‍ പാലിച്ചില്ല. ഇതോടെ അറബ് നേതാക്കള്‍ക്ക് യുവതുര്‍ക്കികളില്‍ വിശ്വാസം നഷ്ടപ്പെട്ടു. വഞ്ചനാകുറ്റം ചുമത്തി അസീസ് മിസ്വരിയെ അറസ്റ്റ് ചെയ്ത് വധിച്ചതോടെ അറബ് നേതാക്കള്‍ക്ക് തുര്‍കികളോടുള്ള വിരോധം ആളിക്കത്തി. അറബികള്‍ക്കിടയില്‍ ഉടലെടുത്ത രഹസ്യ സംഘങ്ങളെല്ലാം തന്നെ അറബ് പ്രദേശങ്ങള്‍ തുര്‍കിയില്‍ നിന്ന് സ്വതന്ത്രമാവണമെന്ന വാദക്കാരായിരുന്നു.

ചിലര്‍ ഈ ആവശ്യാര്‍ഥം യൂറോപ്യന്‍ സഹായം തേടണമെന്ന് വരെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഭൂരിഭാഗം അറബികളും ഇസ്ലാമിക ഖിലാഫതിനെതിരെ രംഗത്തുവന്നിരുന്നില്ല. അറബികളില്‍ നിന്ന് അമീര്‍ ശകീബ് അര്‍സലാന്‍, ശരീഫ് സനൂസി, റശീദ് രിദാ, തുടങ്ങിയവും തുര്‍കികളില്‍ നിന്ന് സഈദ് ഹലീം പാഷ, മുഹമ്മദ് ആകിഫ്, അശ്റഫ് അദീബ് എന്നിവരും അറബ് തുര്‍കി ഐക്യത്തിന് വേണ്ടി തീവ്രയത്നം നടത്തി. എന്നാല്‍ അവസാനം അറബ് തുര്‍കി ദേശീയതകള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഇസ്ലാമിക ഐക്യം തകരുകയും ചെയ്തു. ഒന്നാം ലോക യുദ്ധകാലത്ത് ഹിജാസ്, ശാം, ഇറാഖ് എന്നിവിടങ്ങളിലെ അറബികള്‍ ബ്രിട്ടീഷുകാരുടെ ഉപജാപത്തിനിരയായി തുര്‍ക്കികള്‍ക്കെതിരെ കലാപം നടത്തി.യുദ്ധം അവസാനിച്ചപ്പോഴേക്കും അറബികള്‍ ഉഥ്മാനി സല്‍ത്വനത്തില്‍ നിന്ന് വിഘടിച്ചു പോരുകയാണുണ്ടായത്.

അറബ് തുര്‍ക്കി പരസ്പര ഐക്യം പരാജയപ്പെടുന്നു

സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് പാന്‍ ഇസ്ലാമിസത്തിന്‍റെ ഭാഗമായി തുര്‍ക്കികളെയും അറബികളെയും പരസ്പരം ഐക്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. എന്നാല്‍ യുവതുര്‍ക്കികളില്‍ ഭൂരിഭാഗവും തുര്‍ക്കി ദേശീയ വാദികളായിരുന്നു. ഉഥ്മാനികള്‍ക്കിടയില്‍ തുര്‍ക്കി ദേശീയത ഉടലെടുത്തത് തുര്‍ക്കി ഭാഷാവല്‍ക്കരണവുമായി ബന്ധപ്പെട്ടാണ്. തന്‍ളീമാത്ത് കാലഘട്ടത്തിലാണ് ഇതിന്‍റെ തുടക്കം. ഈ കാലത്ത് ഇത്തരം നീക്കങ്ങള്‍ ദുര്‍ബലമായിരുന്നു. രണ്ടാമത്തെ ഘട്ടത്തില്‍ തുര്‍ക്കി ദേശീയതക്ക് വേണ്ടി വാദിക്കുന്ന പ്രസിദ്ധീകരണങ്ങളും ചെറു സംഘങ്ങളും അതിനെ മഹത്വവല്‍ക്കരിക്കുന്ന യൂറോപ്യന്‍ രചനകളുമാണ് ഇതിന് പ്രേരകമായിത്തീര്‍ന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ ഇസ്ലാമിക ഐക്യം എന്ന ബോധം നിലനിന്നിരുന്നതിനാല്‍ തുര്‍ക്കി ദേശീയ വാദികള്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നു. എന്നാല്‍ ക്രമേണ തുര്‍ക്കി ദേശീയതക്ക് പ്രചാരം ലഭിച്ചു. യുവ തുര്‍ക്കികള്‍ അധികാരത്തില്‍ വന്നതോടെ തുര്‍ക്കി ദേശീയത അതിന്‍റെ ഉച്ചിയിലെത്തി. സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന്‍റെ കാലത്ത് അദ്ദേഹം അറബികളില്‍ നിന്നു നിശ്ചയിച്ചിരുന്ന കൂടിയാലോചകരെ യുവ തുര്‍ക്കികള്‍ ആട്ടിയോടിച്ചു. ഇറ്റാലിയന്‍ ആക്രമണവും ബാള്‍ക്കന്‍ യുദ്ധങ്ങളും തുര്‍ക്കി ദേശീയതക്ക് ശക്തി പകര്‍ന്നു. തുര്‍ക്കി ഭാഷ മാത്രം പഠിപ്പിക്കപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത് തുര്‍ക്കി ഭാഷയുടെ ലിപി അറബിയില്‍ നിന്ന് ലാറ്റിനിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

യഥാർത്ഥത്തിൽ ഉഥ്മാനിയ്യാ സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയില്‍ അറബികളുടെ പങ്ക് ചെറുതല്ല എന്നാണ് ഇത് വരച്ചുകാട്ടുന്നത്. യാഥാർത്ഥ്യം ഇതായിരിക്കെത്തന്നെ ഉഥ്മാനീ ഭരണകൂടം ഇസ്ലാമിന്‍റെ ഭദ്രമായ ഒരു കോട്ടയായി നില കൊണ്ടിരുന്നു എന്ന സത്യവും സംശയാതീതമാണ്. മധ്യ പൗരസ്ത്യ ദേശത്ത് സ്ഥിതി ചെയ്യുന്ന ഹിജാസും ഫലസ്തീനും ഉള്‍പ്പെടെയുള്ള അറബ് ഇസ്ലാമിക രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സുശക്തമായ ഒരു സംരക്ഷണ ഭിത്തിയായിരുന്നു അത്. പാശ്ചാത്യ ശക്തികളുടെ അധിനിവേശങ്ങളിൽ നിന്നും ഈ രാജ്യങ്ങളെയും അവയിലെ പുണ്യ സ്ഥലങ്ങളെയും സംരക്ഷിച്ചു നിര്‍ത്താന്‍ അതിനു സാധിച്ചിരുന്നു. സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് ഖാന്‍റെ കാലത്തെ ക്രൈസ്തവ ഗൂഢാലോചനകളില്‍ നിന്നും യഹൂദ കുതന്ത്രങ്ങളില്‍ നിന്നും ഇസ്ലാമിന്‍റെ ഈ പുണ്യസ്ഥലങ്ങളെ സംരക്ഷിക്കാന്‍ അതിനു സാധിച്ചു. ഒന്നാം ലോക യുദ്ധത്തോടെ (1914 – 1918) യാണ് ഇതിന് മാറ്റം സംഭവിക്കുന്നത്. അറബികളെ തങ്ങളുടെ പക്ഷത്തേക്ക് കൂട്ടിപ്പിടിച്ച സാമ്രാജത്വ ശക്തികള്‍ അവര്‍ക്കിടയില്‍ ദേശീയ വികാരം കുത്തിപ്പൊക്കി തുര്‍ക്കികള്‍ക്കെതിരില്‍ കലാപം സൃഷ്ടിച്ചു. അങ്ങനെ അറേബ്യൻ നാടുകള്‍ ഉഥ്മാനിയാ സാമ്രാജ്വത്തില്‍ നിന്ന് വിഘടിച്ചു ചെറുതും വലുതുമായ രാജ്യങ്ങളും ഇമാറത്തുകളുമായി മാറി. ദീര്‍ഘകാലം ബ്രട്ടീഷ് മാന്‍ഡേറ്റിനു കീഴില്‍ കഴിഞ്ഞു കൂടിയ ശേഷം അവ സ്വതന്ത്രങ്ങളായി മാറി. എന്നാല്‍ അവയെ സംരക്ഷിക്കാന്‍ കഴിവുള്ള ഒരു കരമോ ലോകത്തെ ഭയപ്പെടുത്താന്‍ പോന്ന സ്വരമോ അപ്പോള്‍ അവശേഷിച്ചിരുന്നില്ല.

യൂറോപ്പിന്‍റെ സഹായത്തിലും സംരക്ഷണത്തിലും അറബ് ലോകത്തിന്‍റെ ഹൃദയത്തില്‍ ഇസ്രയേല്‍ എന്ന രാജ്യം സ്ഥാപിക്കപ്പെട്ടു. ഒടുവില്‍ 1967 ല്‍ പടിഞ്ഞാറേക്കരയും സിനായും ഇസ്രയേല്‍ പിടിച്ചെടുത്തു. ചരിത്രത്തില്‍ ആദ്യമായി ജൂതന്മാര്‍ ഖുദ്സ് കീഴടക്കി. അറബ് ലോകത്തിന് കൈയും കെട്ടി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ചുരുക്കത്തില്‍ ഉഥ്മാനിയാ സാമ്രാജ്യത്തിന്‍റെ പതനം യൂറോപ്യന്‍ ക്രൈസ്തവതയുടെയും ലോക സയണിസത്തിന്‍റെയും വലിയ വിജയമായിത്തീര്‍ന്നു. നികത്തപ്പെടാത്ത ഭീകരമായ ഒരു ശൂന്യതയാണ് ഇസ്ലാമിക ലോകത്ത് അത് അവശേഷിപ്പിച്ചത്.

അവലംബം

മുസ്ലിംകളുടെ പതനവും ലോകത്തിന്‍റെ നഷ്ടവും / മൗലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദവി (143 167)
-സര്‍ തോമസ് ആര്‍ണാള്‍ഡ് – ഇസ്ലാം പ്രബോധനവും പ്രചാരവും (128-170)
-സര്‍വത് സൗലത് – ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം ഭാഗം -3 (205- 224)
-പ്രെഫ.കെ എം ബഹാവുദ്ദീന്‍ – കേരള മുസ്ലിംകള്‍ ചെരുത്ത് നിലപ്പിന്‍റെ ചരിത്രം (69)
-ഇസ്ലാമിക വിജ്ഞാന കോശം -ഭാഗം 6 (37- 457)

-ENCYCLOPAEDIA BRITANICA- OTTOMAN EMPIRE
-DAVID MURPHY – THE ARAB REVOLT (1916-18)
-DONALD QUATAERT – THE OTTOMAN EMPIRE( 1700- 1922 )
-ARAB NATIONALISM IN THE TWENTIETH CENTURY, FROM TRIUMPH TO DESPAIR, ADEED DAWISHA

-تاریخ الدولة العثمانیة 1924 – 1280 لأ .د .تیسیر جباره
-تاریخ الدولة العثمانیة لیلماز إزتونا – الدولة العثمانیة: عوامل النھوض وأسباب السقوط لعلى محمد محمد الصلابي

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading