പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് കേരളത്തിൽ വൈദേശിക ആക്രമണം തുടങ്ങുന്നത്. തുടക്കത്തിൽ കച്ചവട സംഘമായിട്ടാണ് അവരെ അനുഭവപ്പെട്ടതെങ്കിലും അവർ നാടിന്റെ ആഭ്യന്തര രാഷ്ട്രീയങ്ങളിലും മറ്റും സജീവമായി ഇടപെടുകയും ഭരണസാരഥ്യം നേടിയെടുക്കുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടു വരെ കേരളതീരത്ത് സജീവമായ കച്ചവടങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ജീവിച്ചിരുന്ന മാപ്പിളമാരെ വൈദേശിക ആധിപത്യം ഉൾനാട്ടിലേക്ക് പിൻവലിയാൻ നിർബന്ധിക്കുകയായിരുന്നു. അധിനിവേശ ശക്തികൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് പ്രതിരോധം തീർക്കുന്നതിൽ ഒരു പരിധിവരെ മുസ്ലിംകൾ വിജയിച്ചിരുന്നു. 1498ൽ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയ വാസ്കോഡഗാമയുടെ നേതൃത്വത്തിൽ പറങ്കികളും അവർക്ക് ശേഷം ഡച്ചുകാരും പിന്നീട് ഇംഗ്ലീഷുകാരും കേരളതീരത്ത് അധിനിവേശം ശക്തിമാക്കിയപ്പോൾ അവരെ പ്രതിരോധിക്കാനും സ്വന്തം മണ്ണിനെ സംരക്ഷിക്കാനും ഉയിരു കൊടുത്തും മാപ്പിളമാർ മുന്നിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് ഈ യുദ്ധങ്ങളുടെ ഫലമായി അവർക്ക് ഉൾനാടുകളിലേക്ക് ഉൾവലിയേണ്ടിവന്നു. ആ ഉൾവലിയലുകളിലും അവർ ചേർത്തുനിൽപ്പ് അവസാനിപ്പിച്ചില്ല. ഉൾനാടുകളിലെ ഹൈന്ദവ സംസ്കാരവുമായി ഇഴകി ചേർന്നുകൊണ്ട് പിൽക്കാലത്ത് മുസ്ലിം സമൂഹത്തിൽ രൂപം കൊണ്ട പല സാംസ്കാരിക മതകീയ ജീർണ്ണതകളുടെ ഫലമായി സ്വത്വബോധം പോലും നഷ്ടപ്പെട്ട മുസ്ലീങ്ങളെ നേർവഴിക്കു നയിക്കുവാനും അവരെ വൈദേശിക ആക്രമണങ്ങൾക്കെതിരെ അണിനിരത്തുവാനും അക്കാലത്ത് ജീവിച്ചിരുന്ന മുസ്ലിം പണ്ഡിതന്മാർ രൂപീകരിച്ച ആശയ പരിസരം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. തങ്ങളിലെ സാംസ്കാരിക ജീർണതകളെ ഫലപ്രദമായി ഇല്ലാതാക്കാൻ അവർ തങ്ങളുടേതായ സ്വത്വബോധം രൂപീകരിച്ചു. രാഷ്ട്രീയവും ആത്മീയതയും രണ്ടും രണ്ടെല്ലെന്നും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്നും അവരെ മനസ്സിലാക്കി കൊടുത്തത് ഈ പണ്ഡിതന്മാർ ആയിരുന്നു. ഇത്തരത്തിൽ മാപ്പിള സമൂഹത്തിന് ദിശാബോധം നൽകിയ പണ്ഡിതന്മാരെ കുറിച്ചും അവരുടെ സംഭാവനകളെ കുറിച്ചും നാം ചർച്ച ചെയ്യേണ്ടതുണ്ട്. ഉൾനാടുകളിലേക്ക് മാറിയ മുസ്ലീങ്ങളിലേക്ക് പിൽക്കാലത്ത് പല സാമൂഹിക ജീർണ്ണതകളും കടന്നുവന്നു എന്ന് നേരത്തെ പറഞ്ഞുവല്ലോ. ഹൈന്ദവ സമൂഹത്തിൽ നിന്നും ജാതി വർണ്ണ വ്യവസ്ഥയിൽ അതൃപ്തരായി ഇസ്ലാമിക വിശ്വാസങ്ങളിലേക്ക് കടന്നുവന്ന ഹൈന്ദവർ, തങ്ങളുടെ ആചാരങ്ങളെ പലവിധേനയും പിൻപറ്റിയതിന്റെ ഫലമായി മറ്റു വിശ്വാസികളിലേക്കും അത് കടന്നു കൂടുകയായിരുന്നു. ഇതിനെ ഫലപ്രദമായി നേരിടുകയും അവരെ ഒരു കുടക്കീഴിൽ വൈദേശിക ആക്രമണത്തിനെതിരെ അണിനിരത്തുകയും ചെയ്തതാണ് ഈ പണ്ഡിതന്മാർ ചെയ്ത മഹത്തായ ധർമ്മം.
ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമൻ
ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ അറേബ്യയിൽ നിന്നെത്തിയ മഖ്ദൂം കുടുംബത്തിന്റെ സ്ഥാപകൻ ശൈഖ് അഹമ്മദ് മഹ്ബരിയുടെ പൗത്രനാണ്. അറേബ്യയിൽ നിന്ന് അദ്ദേഹം തമിഴ്നാട്ടിൽ എത്തി. അവിടെയാണ് മഖ്ദൂം കുടുംബം വളർന്നു പന്തലിച്ചത്. തമിഴ്നാട്ടിലെ കീലക്കര, കായൽ പട്ടണം, മധുര, തിരുച്ചിറപ്പള്ളി നാഗൂർ എന്നിവിടങ്ങളിൽ അവർ വ്യാപിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ പിതാമഹൻ കൊച്ചിയിലേക്ക് വരികയും അവിടെ താമസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് അലി ബിൻ അഹമ്മദ് ആയിരുന്നു. പിതാവിന്റെ കാലശേഷം അദ്ദേഹം പിതൃവ്യനായിരുന്ന ഇബ്രാഹിം മഹബരിയുടെ കൂടെ പൊന്നാനിയിൽ താമസമാക്കി. അവിടെ അവർ ദർസ് സ്ഥാപിക്കുകയും സാമൂഹിക ഉദ്ധാരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ആശയങ്ങൾ പരലോകപരവും ഭൗതികവിരക്തി നിറഞ്ഞതുമായിരുന്നു. പോർച്ചുഗീസുകാർ കേരളത്തിലെ മുസ്ലിങ്ങൾക്ക് എതിരെ വൈദേശിക ആക്രമണം പുറപ്പെടുവിക്കുവാൻ കാരണം മുസ്ലിങ്ങളിൽ ബാധിച്ചിരുന്ന ആന്തരിക ജീർണത മൂലമാണെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. വൈദേശിക ആക്രമണത്തിനെതിരെ പ്രതികരിക്കേണ്ടത് ഓരോ മുസൽമാന്റെയും കടമയാണെന്ന് അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു. മാത്രമല്ല, പ്രസ്തുത ജിഹാദ് സാമൂതിരിക്ക് കീഴിൽ സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്ന മറ്റു വർഗ്ഗക്കാരെയും കൂട്ടിക്കൊണ്ട് കൂട്ടായ അധിനിവേശവിരുദ്ധ സമരമാണ് വേണ്ടതെന്നും അദ്ദേഹം അവരെ പറഞ്ഞു മനസ്സിലാക്കി. മഖ്ദൂം ഒന്നാമൻ ‘തഹരീള്’ എന്ന ഗ്രന്ഥം രചിച്ചുകൊണ്ട് വൈദേശിക ആധിപത്യത്തിനെതിരെ താൻ സ്വീകരിച്ച പ്രായോഗിക നിലപാടിന് പ്രത്യയശാസ്ത്ര സാധൂകരണം നൽകി. തഹരീളിന്റെ ആദ്യഭാഗത്ത് പോർച്ചുഗീസ് ചരിത്രവും രണ്ടാം ഭാഗത്ത് വൈദേശിക ആക്രമങ്ങൾക്കെതിരെ സമരം ചെയ്യാനുള്ള ആഹ്വാനവുമാണ് ഉള്ളത്. തഹരീദു അഹ്ലു ഈമാനി അലാ ജിഹാദി അബദത്തി സുൽബാൻ, മുര്‍ശിദുത്തുല്ലാബ്, സിറാജുൽ കുലൂബ്, ശംസുൽ ഹുദാ, തുടങ്ങിയവ അദ്ദേഹം രചിച്ച കൃതികളാണ്. 1522 ലാണ് അദ്ദേഹം വഫാത്തായത്.
സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ
സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ ഒന്നാമന്റെ പുത്രൻ മുഹമ്മദ് ഗസ്സാലിയുടെ പുത്രനാകുന്നു. 1531ൽ വടക്കേ മലബാറിലെ മാഹിക്ക് അടുത്ത ചോമ്പാലിൽ അദ്ദേഹം ഭൂജാതനായി. പിതാവിന്റെ വഫാത്തിന് ശേഷം പിതൃവ്യൻ അബ്ദുൽ അസീസ് ആയിരുന്നു അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്. അബ്ദുൽ അസീസിന്റെ കീഴിൽ അദ്ദേഹം പൊന്നാനി ദർസിൽ പഠിച്ചു. പിന്നീട് അദ്ദേഹം മക്കയിലേക്ക് പോവുകയും അവിടെവച്ച് പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യത്വം വരിക്കുകയും ചെയ്തു. ശൈഖ് ഇബ്നു ഹജർ അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. അധിനിവേശ ആക്രമണങ്ങളുടെ ഫലമായി ഉണ്ടായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാറ്റങ്ങളിലൂടെ ആയിരുന്നു അദ്ദേഹം ജീവിച്ചത്. ലക്ഷ്യബോധവും അന്തസ്സും ആഭിജാത്യവും ധാർമിക മൂല്യങ്ങളും ഇല്ലാത്തത് കാരണമാണ് മുസ്ലിങ്ങൾ പോർച്ചുഗീസ് അധിനിവേശത്തിന് മുമ്പിൽ കീഴടങ്ങിയത് എന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു. തന്റെ വിശ്വവിഖ്യാത ചരിത്രഗ്രന്ഥമായ ‘തുഹ്‌ഫത്തിൽ മുജാഹിദീനിൽ’ അക്കാലത്തു ജീവിച്ചിരുന്ന മുസ്ലിം പണ്ഡിതന്മാരെ വിമർശിച്ചുകൊണ്ട് എഴുതുന്നുണ്ട്. സാമൂതിരിയുടെ കീഴിൽ ഒരു സംഘടിത ജന മുന്നേറ്റം വൈദേശിക ആക്രമണങ്ങൾക്കെതിരെ വേണമെന്ന് അദ്ദേഹത്തിന്റെ ആഹ്വാനം പല മുസ്ലിം രാജാക്കന്മാരും തിരസ്കരിച്ചതാണ് അതിനു കാരണം. മുസ്ലിങ്ങൾ സാമൂതിരിക്ക് കീഴിൽ വൈദേശിക ആക്രമണങ്ങൾക്കെതിരെ യുദ്ധം ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. വൈദേശിക ആധിപത്യത്തിനെതിരെ തൂലിക ചലിപ്പിച്ചു എന്നത് മാത്രമല്ല, ചരിത്രത്തിലെ എക്കാലവും സ്മരിച്ചു കൊണ്ടിരിക്കുന്ന ഒരു സാമൂഹിക പരിഷ്കർത്താവ് കൂടിയായിരുന്നു അദ്ദേഹം.
ഖാളി മുഹമ്മദ്
സാമൂതിരി രാജവംശത്തിന് കീഴിലെ കോഴിക്കോട് ഖാസി വംശ പരമ്പരയിലായിരുന്നു ഖാളി മുഹമ്മദിന്റെ ജനനം. കേരളത്തിൽ മതപ്രബോധനത്തിനു വന്ന മാലിക് ബിൻ ഹബീബ്, ഹബീബ് ബിൻ മാലിക് എന്നിവരുടെ പിന്മുറക്കാരാണ് ചാലിയം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഖാളിമാർ. ഇവർ പിന്നീട് ആസ്ഥാനം കോഴിക്കോട്ടേക്കു മാറുകയായിരുന്നു. ഖാളി പരമ്പരയിലെ പ്രമുഖനും സൈനുദ്ധീൻ ഒന്നാമന്റെ ആത്മീയ-കർമ്മ ശാസ്ത്ര ഗുരുവുമായിരുന്ന അബൂബക്കർ ശാലിയാത്തി ഖാളി മുഹമ്മദിന്റെ പിതാമഹനും, ഖാളി അബ്ദുൽ അസീസ് പിതാവുമാണ്. സൂഫികളിലെ പ്രസിദ്ധനായ ഖാളി മുഹിയുദ്ധീൻ മകനാണ്.
മത രംഗത്തെന്ന പോലെ സാഹിത്യ സാമൂഹിക രംഗങ്ങളിലും ഖാളി മുഹമ്മദ് സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. പോർച്ചുഗീസുകാർക്കെതിരായ ചാലിയം യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഖാദിരിയ്യ സൂഫി സരണിയിലെ ഗുരുവായിരുന്ന ഖാളി മുഹമ്മദ് വൈദേശിക ആധിപത്യത്തിനെതിരെ ശക്തമായി നിലക്കൊള്ളുകയും, പൊരുതുകയും ചെയ്ത പോരാളിയായിരുന്നു. സാമൂതിരിയുടെ കപ്പൽ പട തലവൻ കുഞ്ഞാലി മരയ്ക്കാർ മൂന്നാമനും നാലാമനും ഇദ്ദേഹത്തിന്റെ ആത്മീയ ശിഷ്യന്മാരായിരുന്നു.
ഖാളി മുഹമ്മദിന്റെ വിഖ്യാതമായ കൃതിയാണ് മുഹ്‌യുദ്ദീൻ മാല. 1607 ലാണ് അദ്ദേഹം രചന പൂർത്തിയാക്കിയത്. വൈദേശിക ആധിപത്യത്തിനെതിരെയുള്ള മുസ്ലിം പണ്ഡിതന്മാരുടെ ചെറുത്തുനിൽപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ മുഹിയുദ്ദീൻ മാലയിലെ രാഷ്ട്രീയം പലപ്പോഴും നാം കാണാതെ പോകുന്നു. ശൈഖ് ജീലാനിയെ പ്രകീർത്തിച്ചുകൊണ്ട് ഖാളി മുഹമ്മദ് രചിച്ച അതുല്യമായ രചനയാണ് മുഹിയുദ്ധീൻ മാല. ശൈഖ് ജീലാനിയുടെ ഖാദിരിയ്യാ ത്വരീഖത്തിലേക്ക് മറ്റു ത്വരീഖത്തുകൾ ഐക്യപ്പെടണമെന്നും അതുവഴി ഉണ്ടാകുന്ന സാമുദായിക ഐക്യം വൈദേശിക ആധിപത്യങ്ങൾക്കെതിരെ രാഷ്ട്രീയമായി പടപൊരുതാൻ ജനങ്ങളെ സഹായിക്കുകയും ചെയ്യുമെന്ന രാഷ്ട്രീയ വീക്ഷണം മുഹിയുദ്ധീൻ മാല അനുധാവനം ചെയ്യുന്നു. 1571 ലായിരുന്നു ചാലിയം യുദ്ധം അരങ്ങേറിയത്. ചാലിയത്ത് പണിതിരുന്ന പോർച്ചുഗീസ് കോട്ട തകർക്കാൻ സാമൂതിരിയുടെ നേതൃത്വത്തിൽ സൈന്യം രൂപീകരിച്ചപ്പോൾ അതിൽ അദ്ദേഹവും പങ്കുചേരുകയായിരുന്നു. പോർച്ചുഗീസുകാർക്കെതിരെ പടപൊരുതിയ സാമൂതിരിമാരെ അദ്ദേഹം പ്രകീർത്തിച്ചിട്ടുണ്ട്. പോർച്ചുഗീസുകാർക്കെതിരെ പട പൊരുതാനും അവരിൽ സ്വാതന്ത്ര്യവാഞ്ഛ നിലനിർത്തുവാനും ഖാളി മുഹമ്മദ് രചിച്ച കവിതാ ശകലങ്ങൾ ഏറെ സഹായകമായിരുന്നു. ഇങ്ങനെ കോഴിക്കോട് നടന്ന പല വൈദേശികവിരുദ്ധ സമരങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.
മമ്പുറം തങ്ങൾ
1753ല്‍ യമനിലെ ഹളറമൗത്തിൽ വച്ചാണ് അദ്ദേഹം ജനിക്കുന്നത്. മുഹമ്മദ് ബിൻ മൗലദ്ദവീല, ഫാത്തിമ ജിഫ്രി എന്നിവരുടെ മകനാണ്. അദ്ദേഹത്തിന് മുന്നേ കേരളത്തിൽ എത്തിയവരാണ് അദ്ദേഹത്തിന്റെ അമ്മാവന്മാരായ ശൈഖ് ജിഫ്രിയും ഷെയ്ഖ് ഹസൻ ജിഫ്രിയും. 1769 ലാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. തങ്ങൾക്ക് മതാധ്യാപനങ്ങൾ പകർന്നു നൽകുവാനും സാംസ്കാരികമായി ഉദ്ധരിക്കുവാനും തിരൂരങ്ങാടിയിൽ വന്ന താമസിക്കണമെന്ന നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചു ഹസൻ ജിഫ്രി തങ്ങൾ അവിടെ താമസിക്കുകയായിരുന്നു. അങ്ങോട്ടേക്കാണ് പിന്നീട് അലവി തങ്ങളും എത്തിയത്. തിരൂരങ്ങാടിയും പരിസരവും മമ്പുറം തങ്ങളുടെ വരവോടെ സാംസ്കാരികമായും മതപരമായും പുരോഗതി പ്രാപിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അന്നാട്ടുകാരെ പോരാട്ടത്തിനായി തയ്യാറാക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. യഥാർത്ഥത്തിൽ തിരൂരങ്ങാടിയിലും ചുറ്റും താമസിക്കുന്ന മാപ്പിളമാരെല്ലാം പോർച്ചുഗീസുകാർ കേരളതീരം ആക്രമിച്ചപ്പോൾ സ്വദേശം വിട്ടുകൊണ്ട് ഉൾനാടുകളിലേക്ക് കുടിയേറിപ്പാർത്ത ആളുകളുടെ പിൻഗാമികൾ ആയിരുന്നു. അതുകൊണ്ടുതന്നെ അവരിൽ വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ മുൻഗാമികളുടെ വീറും വാശിയും ഉണ്ടായിരുന്നു. അക്കാലത്ത് അന്നാട്ടുകാരിൽ വ്യാപകമായി കണ്ടുവന്നിരുന്ന സാംസ്കാരിക ജീർണ്ണതകളെ അദ്ദേഹം ഫലപ്രദമായി നേരിട്ടു. ഖുർആനും സുന്നത്തും മുറുകെ പിടിച്ചു കൊണ്ട് സാമൂഹിക ജീർണ്ണതകൾക്കെതിരെ അദ്ദേഹം പോരാടി. ആ പോരാട്ടം സമുദായത്തിന്റെ രാഷ്ട്രീയ അതിജീവനത്തിന്റെ ഇന്ധനമായി അദ്ദേഹം മാറ്റുകയായിരുന്നു. മുട്ടിയാറയിൽ ബ്രിട്ടീഷുകാരോട് പോരാടി മരിച്ച പതിനൊന്ന് മാപ്പിളമാരുടെ രക്തസാക്ഷിത്വത്തിൽ മാപ്പിളമാരിലെ പോരാട്ടത്തെ ചൂടുപിടിപ്പിക്കാൻ അദ്ദേഹം രചിച്ചതാണ് ‘സൈഫുൽ ബത്താർ’. പ്രശസ്തമായ ചേറൂർ പട അദ്ദേഹം രചിച്ചതാണ്. ചേറൂരിലെ ഒരു ദുരിത സ്ത്രീയായിരുന്ന ചിരുതയെ ഉന്നതകുലജാതിയിൽപ്പെട്ട കൃഷ്ണപ്പണിക്കർ പരസ്യമായി പൊതുവഴിയിൽ വിവസ്ത്രയാക്കിയതിനെ തുടർന്ന് മാപ്പിളമാരിലെ ചിലർ അദ്ദേഹത്തെ വധിച്ചു. അവർക്കെതിരെ അറുപതിലധികം പട്ടാളക്കാർ അണിനിരക്കുകയും ആ പോരാട്ടത്തിൽ ഏഴ് മാപ്പിളമാരും മൂന്ന് ബ്രിട്ടീഷ് പടയാളികളും മരിച്ചുവീഴുകയും ചെയ്തു.
ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സംഭാവനകൾ കൊണ്ട് വൈദേശിക ആക്രമണത്തെ ചെറുത്തു തോൽപ്പിക്കുന്നതിൽ അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചു. കൊളോണിയലിസം നിയമനിർമ്മാണ രംഗത്തുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നു എന്ന തിരിച്ചറിവ് അദ്ദേഹത്തിൽ കൊളോണിയൽ വിരുദ്ധ ആശയങ്ങൾ ജനിപ്പിക്കുന്നതിൽ മുഖ്യ ഹേതുവായി.
ഫസൽ പൂക്കോയ തങ്ങൾ
മമ്പുറം തങ്ങൾ അടിത്തറ പാകിയ പ്രത്യയശാസ്ത്രത്തിന് പ്രായോഗിക രൂപം നൽകിയ മഹാനാണ് അദ്ദേഹത്തിന്റെ പുത്രൻ ഫസൽ പൂക്കോയ തങ്ങൾ. അടങ്ങാത്ത വൈജ്ഞാനിക തൃഷ്ണ മൂലം അദ്ദേഹം മക്കയിലേക്ക് പോയി.1849ൽ കേരളത്തിൽ തിരിച്ചെത്തി അദ്ദേഹം പിതാവ് ബാക്കിവെച്ച ലക്ഷ്യങ്ങൾ പിന്തുടർന്നു. വൈദേശിക പോരാട്ടങ്ങൾക്കെതിരെ നിരന്തരം അദ്ദേഹം പോരാടിക്കൊണ്ടിരുന്നു. പള്ളി മിഹ്റാബുകളും ഖുത്തുബകളിലും അദ്ദേഹം വൈദേശിക ആധിപത്യത്തിനെതിരെയും അവരിൽനിന്ന് സ്വാതന്ത്ര്യംനേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് പിന്തുണയോടെ ജന്മി വ്യവസ്ഥ കൊടികുത്തി വാണിരുന്ന അക്കാലം കുടിയാന്മാർക്കും മറ്റു കീഴാള ജനതക്കും അഭിമാനകരമായ അസ്ഥിത്വം എന്നുള്ളത് തികച്ചും അന്യമായ ഒന്നായിരുന്നു. ബ്രിട്ടീഷുകാരുടെ പിന്തുണയോടുകൂടി പലപ്പോഴും കുടിയാന്മാരെ ജന്മികൾ അടിച്ചമർത്തി. ഇത്തരത്തിൽ സാമൂഹികവും ധാർമികവും രാഷ്ട്രീയവുമായ അസ്ഥിത്വ വെല്ലുവിളികൾ മുസ്ലിംകൾ നേരിടുന്ന ഒരു പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ രംഗപ്രവേശം. ഉയർന്ന കുലത്തിൽ പെട്ടവരെ ‘അങ്ങുന്നെ’ എന്ന് വിളിക്കുന്ന സമ്പ്രദായം അക്കാലത്തെ കുടിയാൻമാർ സ്വീകരിച്ചു പോന്നിരുന്നതായിരുന്നു. ഇസ്ലാം ശാസിക്കുന്ന സാഹോദര്യവും സമത്വവും ഉണ്ടായിരിക്ക തന്നെ പുതു മുസ്ലിങ്ങളിലും ഇത് ഉണ്ടാവാൻ കാരണം അവരിൽ നിലനിന്നിരുന്ന പൂർവ്വ മതത്തിന്റെ ആചാരങ്ങളുടെ സ്വാധീന മൂലമായിരുന്നു. ഇത്തരം സാമൂഹ്യ ഉച്ച നീചത്വങ്ങളെ നീക്കം ചെയ്ത് സമൂഹത്തെ ഉന്നമനത്തിലേക്ക് നയിക്കുക എന്നുള്ളതും അദ്ദേഹത്തിന് ലക്ഷ്യമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സമരം ചെയ്യാൻ മാപ്പിളമാരോട് അദ്ദേഹം ആഹ്വാനം ചെയ്യുന്ന കൃതിയാണ് ഉദ്ധത്തുൽ ഉമറാഹ്. മുസ്ലിങ്ങൾക്ക് സംഭവിച്ച ആന്തരിക ജീർണ്ണതകൾ കാരണമാണ് പോർച്ചുഗീസുകാർക്ക് കേരളത്തിൽ വൈദേശിക ആക്രമണം സാധ്യമായത് എന്ന സൈനുദ്ദീൻ മഖ്ദൂമിന്റെ നിരീക്ഷണത്തോട് സമാനമാണ് അദ്ദേഹത്തിന് നിരീക്ഷണവും. ഇതോടുകൂടി അദ്ദേഹത്തെ നാടുകടത്താൻ ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനിച്ചു. മറ്റൊരു രാഷ്ട്രീയ കലാപം ഉണ്ടാകുന്നത് അദ്ദേഹം വെറുത്തിരുന്നു. അതിനാൽ അദ്ദേഹം സ്വയമേവ കുടുംബത്തെയും കുട്ടി അറേബ്യയിലേക്ക് യാത്രയായി. ഒമാനിലെ മസ്കത്തിൽ ആദ്യം താമസിച്ച അദ്ദേഹം പിന്നീട് ഉസ്മാനിയ സുൽത്താന്റെ ക്ഷണപ്രകാരം തുർക്കിയിലേക്ക് പോവുകയും അദ്ദേഹത്തിന്റെ ക്യാബിനറ്റിൽ ഇടം നേടുകയും ചെയ്തു. പലപ്പോഴും വൈദേശിക ആക്രമണത്തിനെതിരെ മമ്പുറം തങ്ങൾമാർ നടത്തിയ ശ്രദ്ധേയമായ സമരമുറകൾ ചരിത്രത്തിൽ ഇടംനേടാതെ പോയി. പക്ഷപാതിത്വവും ചരിത്രത്തെ വക്രീകരിക്കുക എന്നാൽ നീച ലക്ഷങ്ങളുമാണ് പലപ്പോഴും അതിന് കാരണമായി തീർന്നത്.
വെളിയങ്കോട് ഉമർ ഖാസി
1765ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം മമ്പുറം തങ്ങളുടെ സമകാലികനും അദ്ദേഹത്തിന്റെ ശിഷ്യനുമായിരുന്നു. ബ്രിട്ടീഷുകാരുടെ നികുതി പിരിവിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് തിരികൊളുത്തിയ കൊളോണിയൽ വിരുദ്ധ പോരാളിയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ശാപമായി തീർന്ന സാംസ്കാരിക ജീർണ്ണതയെ അദ്ദേഹം ഫലപ്രദമായി നേരിട്ടു. സ്വയം നികുതി നിഷേധം നടത്തിയും മറ്റുള്ളവരെ അതിനു പ്രേരിപ്പിച്ചും അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തെ വെല്ലുവിളിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ട് ഹാജരാക്കുവാൻ ബ്രിട്ടീഷ് സർക്കാർ ആജ്ഞാപിച്ചു. എന്നാൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കളക്ടർ മെക്കിലിൻ അദ്ദേഹത്തെ അറസ്റ്റ് അവർ ചെയ്യുകയും ജയിലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് മമ്പുറം തങ്ങൾ ഇടപെട്ടാണ് അദ്ദേഹത്തെ ബ്രിട്ടീഷുകാർ മോചിപ്പിച്ചത്. ജയിലിൽ നിന്നുകൊണ്ട് അദ്ദേഹം മമ്പുറം തങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. “അല്ലാഹുവിന്റെ ഭൂമിക്ക് കരം പിടിക്കാൻ ബ്രിട്ടീഷുകാർക്ക് അർഹതയില്ല” എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ബ്രിട്ടീഷ് രാജിനെതിരെ വിപ്ലവത്തിന് ആഹ്വാനം ചെയ്തു പ്രസിദ്ധീകരിച്ച കൃതി ഗവൺമെന്റ് നിരോധിക്കുകയുണ്ടായി. ആത്മീയ ഗുരുവായിരുന്ന മമ്പുറം സയ്യിദ് അലവിയുമൊത്തായിരുന്നു ഉമർ ഖാസിയുടെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളിലധികവും. ആത്മീയ ബന്ധമുണ്ടായിരുന്ന ടിപ്പു സുൽത്താൻ ബ്രിട്ടീഷ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഉമർ ഖാസിയുടെ ബ്രിട്ടീഷ് വിരുദ്ധതയ്ക്കു കാരണമായി പറയുന്നുണ്ട്. ഒരു സാമൂഹിക വിപ്ലവകാരി എന്ന രീതിയിൽ ഉമർ ഖാസി ശ്രദ്ധിക്കപ്പെടുന്നത് തന്റെ നികുതിനിഷേധ നിലപാടിലൂടെയായിരുന്നു. ഭാരതത്തിൽ ബ്രിട്ടീഷ് സർക്കാരിനെതിരെ നികുതി നിഷേധം ഒരു സമര മുറയായി ആദ്യം സ്വീകരിച്ചത് ഉമർ ഖാളിയാണ്.
ആലി മുസ്‌ലിയാർ
1921 ലെ മലബാർ കലാപത്തിന്റെ ഏറ്റവും വലിയ ധാർമികശക്തിയായി ആലി മുസ്ലിയാരെ ചരിത്രം വിലയിരുത്തുന്നു. ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ അദ്ദേഹം നടത്തിയ വൈജ്ഞാനിക പ്രഭാവമാണ് മലബാർ കലാപത്തിന് ജനകീയത ഉണ്ടാക്കിക്കൊടുത്തത്. പാണ്ടിക്കാട് നെല്ലിക്കുത്തിന് അടുത്ത് എലികുന്നൻ പാലത്ത് മൂലയിൽ കുഞ്ഞു മൊയ്തീന്റെയും പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ ഒറ്റകത്ത് മുഹമ്മദ് കുട്ടി മുസ്ലിയാരുടെ മകൾ ആമിനയുടെ മകനായി 1864 ലാണ് അദ്ദേഹത്തിന്റെ ജനനം. വൈദേശിക ആക്രമണത്തിനെതിരെ പൊരുതി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പിതാമഹൻ ഇരിക്കുന്നിൽ അബ്ദുല്ലഹാജി രക്തസാക്ഷി ആയത്. മക്കയിൽ പോയി പഠനം നടത്തിയതിനുശേഷം ലക്ഷദ്വീപിൽ ഖാളിയും മുദരിസും ആയി ജോലി ചെയ്തിരുന്ന അദ്ദേഹം 1891ലെ മാപ്പിള കുടിയന്മാർ മണ്ണാർക്കാട് നടത്തിയ ജന്മിത്ത വിരുദ്ധ കലാപത്തിൽ അദ്ദേഹത്തിന് സഹോദരനായിരുന്ന മമ്മദ് കുട്ടി മുസ്ലിയാർ വഫാത്തായതോടെ ജോലി മതിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിലെത്തി അദ്ദേഹം വൈദേശിക ആക്രമണങ്ങൾക്ക് നേതൃത്വം പകരുന്ന രീതിയിൽ വൈജ്ഞാനികമായും ധാർമികമായും യുവാക്കളെ പ്രബുദ്ധരാക്കാനുള്ള ശ്രമങ്ങളിലാണ് ആദ്യം ഏർപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ശ്രമഫലമായി മലബാർ ദേശത്ത് ധാരാളം മദ്രസകളും ദർസുകളും സ്ഥാപിക്കപ്പെട്ടു. സയ്യിദ് ഫസൽ തങ്ങളെ ബ്രിട്ടീഷുകാർ നാടുകടത്തിയതിനുശേഷം മതകീയ മുഖമുള്ള രാഷ്ട്രീയ നേതൃത്വം നഷ്ടപ്പെട്ട തിരൂരങ്ങാടിക്കാർ അദ്ദേഹത്തെ തിരൂരങ്ങാടിയിലേക്ക് കൊണ്ടുവന്നു. അദ്ദേഹം നടത്തിയ ദർസുകളും മതപ്രബോധന സദസ്സുകളും വൈദേശികാധിപത്യത്തിനെതിരെ ജനങ്ങളെ സമരോത്സുകരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ
1921 മലബാര്‍ സമരം കൊടുമ്പിരി കൊള്ളുന്ന സമയം, ബ്രിട്ടീഷുകാരുടെ തിരൂരങ്ങാടി ഓഫീസ് കൊള്ളയടിക്കാന്‍ ഒരു പറ്റം പോരാളികള്‍ പുറപ്പെട്ടു. വഴിക്കുവെച്ച് സമരക്കാരെ തടഞ്ഞു കൊണ്ട് ഒരു മുസ്‌ലിം പണ്ഡിതന്‍ ഘോരമായി പ്രസംഗിക്കുകയുണ്ടായി. “സുഹൃത്തുക്കളെ നമ്മള്‍ ഖിലാഫത് അനുയായികളാണ്, ബ്രിട്ടന്‍ നമ്മുടെ ശത്രുക്കളും, അവര്‍ ഇന്ത്യ വിട്ടു പോകുന്നത് വരെ നാം അഹിംസയുടെ കൂടെ അവര്‍ക്കെതിരെ പോരാടണം. ഗവണ്‍മെന്റിനെതിരെ യുദ്ധത്തിനോ കൊള്ളക്കോ നില്‍ക്കരുത്. സമാധാന പോരാട്ടത്തിന് തയ്യാറാകൂ.” ഗാന്ധിയന്‍ സമരമുറ മുറുകെ പിടിച്ച, വിപ്ലവ കാലത്തും സമൂഹത്തിന് വിദ്യാഭ്യാസം നല്‍കാന്‍ പ്രയത്‌നിച്ച, ഊര്‍ജ്ജസ്വലനായ ആ പണ്ഡിതന്‍ പാങ്ങില്‍ എ.പി അഹ്‌മദ്കുട്ടി മുസ്‌ലിയാരായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകരില്‍ പ്രമുഖനായ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ മലബാറിലെ സ്വതന്ത്ര സമര പോരാട്ടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായ നിലപാട് എടുത്തു.1921ലെ മലബാര്‍ സമരത്തിന്റെ നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിച്ച പണ്ഡിതനാണ് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍. ഖിലാഫത്ത് പ്രസ്ഥാനത്തെ അനുകൂലിച്ച് പ്രസംഗിച്ചതിന്റെ പേരിലാണ് മണ്ണാര്‍ക്കാട് നിന്നും രാജിവെക്കേണ്ടി വന്നത്. 1921 ജൂലൈ 24ന് പുതുപൊന്നാനിയില്‍ നടന്ന ഉലമാ സമ്മേളനത്തിലും അദ്ദേഹവും പങ്കെടുത്തിരുന്നു. ഖിലാഫത്ത് സമരം പ്രചരിപ്പിക്കുന്നതില്‍ മൗലാനാ പാങ്ങിലിന്റെ പങ്ക് ഇ. മൊയ്തു മൗലവി അനുസ്മരിച്ചിട്ടുണ്ട്. 1921 ആഗസ്റ്റ് 16 ന് കലക്ടര്‍ ഇ.എഫ് തോമസ് സമര്‍പ്പിച്ച നിര്‍ബന്ധമായും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ ലിസ്റ്റില്‍ മോസ്റ്റ് ഡെയ്ഞ്ചറസ് ആയ 18 പേരില്‍ അദ്ദേഹത്തെയും സഹോദരന്‍ അലവിക്കുട്ടി മുസ്‌ലിയാരെയും കാണാം. കല്‍പ്പകഞ്ചേരിയിലെ വടക്കുമ്പ്രത്ത് സമരം പ്രചരിപ്പിച്ചതായിരുന്നു ചാര്‍ത്തപ്പെട്ട കുറ്റം. എന്നാല്‍ സമരം അതിന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടപ്പെട്ടപ്പോള്‍ ശാന്തമാക്കാന്‍ ശ്രമിച്ചതും അദ്ദേഹമായിരുന്നുവെന്ന് കെ. കോയക്കുട്ടി മൗലവിയും എഴുതിയിട്ടുണ്ട്. ഗവണ്‍മെന്റ് ഓഫീസുകള്‍ കൊള്ളയടിക്കാന്‍ പോകുന്നവരെ പിന്തിരിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. എ.കെ. കോഡൂര്‍ എഴുതുന്നു: “ആലി മുസ് ലിയാര്‍ വിചാരണയെ നേരിട്ട് കൊലമരത്തിലേക്ക് നീങ്ങുകയും കെ.എം. മൗലവി നാടുവിടുകയും ചെയ്തപ്പോള്‍ ഒളിച്ചു നടന്ന് വഴിതെറ്റുന്ന സമര ഭടന്മാരെ ധനമോഹത്തിനും തീവ്രവാദത്തിനുമെതിരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച വള്ളുവനാടിന്റെ ഈ ധീര പുത്രന്‍ രോഗശയ്യയിലെത്തി. രാത്രിയുടെ നിശബ്ദയാമങ്ങളില്‍ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് നടന്ന് നീങ്ങി. സമര നേതാക്കളെ ഉപദേശിച്ചിരുന്ന അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സന്നിപാതജ്വരം പിടിച്ച് മുള്ള്യാകുര്‍ശ്ശിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കിടക്കുന്നതറിഞ്ഞ കിളിയമണ്ണില്‍ മൊയ്തു സാഹിബ് പെരിന്തല്‍മണ്ണയിലൊരു ഡോക്ടറുടെ അടുത്ത് കിടത്തി രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന്റെ പേരിലുള്ള അറസ്റ്റ് വാറണ്ട് മൊയ്തു സാഹിബ് തന്റെ സ്വാധീനമുപയോഗിച്ച് പിന്‍വലിപ്പിച്ചു.”
