ലോക നരവംശശാസ്ത്ര പഠനത്തിൽ മതത്തെയും മതേതരത്വമെന്ന പരികല്പനയെയും ആഴത്തിൽ പഠിക്കുകയും പശ്ചിമേഷ്യൻ പഠനങ്ങൾ, ഫെമിനിസം, മതം, വിമർശനാത്മക സാമൂഹിക ചിന്ത എന്നീ വിഷയങ്ങളിലെ ചിന്താ രീതികളെയും നൂതനമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്ത കാലിഫോർണിയ സർവകലാശാലയിലെ നരവംശശാസ്ത്ര പ്രൊഫസറായിരുന്നു സബ മഹമൂദ്. 1962 ഫെബ്രുവരി 3 ന് പാകിസ്ഥാനിലെ ക്വിറ്റയിൽ ജനിച്ച അവർ വാസ്തുവിദ്യയും നഗരാസൂത്രണവും പഠിക്കുന്നതിനായി 1981 ൽ അമേരിക്കയിലെത്തി. 1985-ൽ സിയാറ്റിലിലെ വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് വാസ്തുവിദ്യയിൽ ബിരുദം നേടി. 1987-ൽ ആൻ അർബറിലെ മിഷിഗൺ സർവകലാശാലയിൽ നിന്ന് സബ മഹ്മൂദ് വാസ്തുവിദ്യയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട് 1992-ൽ സിയാറ്റിലിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും 1994-ൽ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നരവംശശാസ്ത്രത്തിലും എം.എയും കരസ്ഥമാക്കി. 1998-ൽ സ്റ്റാൻഫോർഡിൽ പിഎച്ച്.ഡി കൂടി നേടിയ സബ അക്കാദമിക ലോകം സജീവമാക്കി. 2004-ൽ UC ബെർക്ക്‌ലിയിൽ എത്തുന്നതിന് മുമ്പ് ചിക്കാഗോ സർവകലാശാലയിൽ പഠിപ്പിക്കുകയും ചെയ്തു. UC ബെർക്ക്‌ലിയിലെ പ്രൊഫസറായിരിക്കെ നരവംശശാസ്ത്രത്തിലും സെന്റർ ഫോർ മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൗത്ത് ഏഷ്യ സ്റ്റഡീസ്, ക്രിട്ടിക്കൽ തിയറിഎന്നിവയിലെല്ലാം ബൗദ്ധിക ശക്തിയായി വർത്തിച്ചു. പാക്കിസ്ഥാന്റെ ചരിത്രം, രാഷ്ട്രീയം, സംസ്കാരം എന്നിവയെക്കുറിച്ചുള്ള പഠനത്തിനായി സമർപ്പിച്ചിരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഇത്തരത്തിലുള്ള ആദ്യത്തെ ബെർക്ക്‌ലി പാകിസ്ഥാൻ ഇനിഷ്യേറ്റീവ് (The Berkeley Pakistan Initiative) സൃഷ്ടിക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു.
റിലീജിയസ് ഡിഫറൻസ് ഇൻ എ സെക്യുലർ ഏജ് ; എ മെയ്നോരിറ്റി റിപ്പോർട്ട് (Religious Difference in a Secular Age: A Minority Report) എന്ന കൃതിയിലൂടെ അവരുടെ നൂതന ഗവേഷണം അക്കാദമിക ലോകത്ത് ചലനം സൃഷ്ടിച്ചു. പരമ്പരാഗത മതേതരത്വ സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുകയും ഭക്തി, നൈതികത, പൊതുജീവിതത്തിലെ മതത്തിന്റെ പങ്ക് എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മമായ മനസ്സിലാക്കലുകൾ നടത്തുകയും ചെയ്തു. മതപരമായ വ്യത്യാസം, മതവും മതേതരത്വവും തമ്മിലുള്ള വ്യത്യാസം തുടങ്ങിയവയെക്കുറിച്ച് അനുമാനങ്ങൾ രൂപീകരിച്ചു. ഈജിപ്ഷ്യൻ രാഷ്ട്രീയത്തിലെ കോപ്റ്റിക് ക്രിസ്ത്യാനികളുടെയും ബഹായികളുടെയും സ്വാധീനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മഹ്മൂദ്, മതേതരത്വം മതത്തിന്റെ ‘നിഷ്പക്ഷത’ അല്ലെന്നും രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് മതത്തെ പിൻവലിക്കുന്നതല്ലെന്നും വാദിച്ചു. പകരം, സമകാലിക രാഷ്ട്രീയ ചിന്തകൾക്ക് വിരുദ്ധമായി, ഭരണഘടനയിലും സംഘടനയിലും മതത്തിന്റെയും മതപരമായ വ്യത്യാസത്തിന്റെയും അടിസ്ഥാനത്തിൽ മതേതരത്വം എങ്ങനെ ആഴത്തിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാണിച്ചു. നാഗരികവും രാഷ്ട്രീയവുമായ സമത്വത്തിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, മതേതര രാഷ്ട്രത്തിന് യഥാർത്ഥത്തിൽ മതപരമായ അസമത്വങ്ങളും മതാന്തര അക്രമങ്ങളും എങ്ങനെ സുഗമമാക്കാൻ കഴിയുമെന്ന് കാണിക്കുന്നതായിരുന്നു അവരുടെ ഈ പഠനം. പൊളിറ്റിക്സ് ഓഫ് പൈറ്റി (The Politics of Piety) എന്ന സബ മഹ്മൂദിന്റെ എത്നോഗ്രാഫിക് പഠനം കൂടുതൽ പ്രശസ്തമാണ്. ഈജിപ്തിലെ കെയ്‌റോയിലെ പള്ളികളിലെ ഒരു സ്ത്രീ ഭക്തി പ്രസ്ഥാനത്തെ കുറിച്ചുള്ള എത്നോഗ്രഫിക് പഠനമായിരുന്നു ഇത്. പാശ്ചാത്യ സ്ത്രീവാദ ധാരണകളെ വെല്ലുവിളിക്കുകയും മതേതരത്വം മതവും ആധുനികതയും തമ്മിലുള്ള ദ്വന്ദ്വവിരുദ്ധതയെ അടിച്ചേൽപ്പിക്കാറുണ്ടെന്നും അവർ വാദിച്ചു. ഈജിപ്തിലെ ഇസ്ലാമിക പുനരുദ്ധാനത്തിന്റെ ഭാഗമായി സ്ത്രീകളുടെ ഇസ്ലാമിക പ്രസ്ഥാനം, ഫെമിനിസ്റ്റ് സിദ്ധാന്തത്തിനും വിശിഷ്യാ ലിബറൽ – മതേതര ചിന്തയ്ക്കും നേരെ ഉയർത്തുന്ന ആശയപരമായ ചില വെല്ലുവിളികളെയാണ് ആ പുസ്തകം പ്രധാനമായും അന്വേഷിക്കുന്നത്. ഈ ഗ്രന്ഥം അമേരിക്കൻ പൊളിറ്റിക്കൽ സയൻസ് അസോസിയേഷനിൽ നിന്ന് വിക്ടോറിയ ഷക്ക് അവാർഡിന് അർഹമായി. നരവംശശാസ്ത്രം, ചരിത്രം, മതപഠനം, പൊളിറ്റിക്കൽ സയൻസ്, ക്രിട്ടിക്കൽ തിയറി, ഫെമിനിസ്റ്റ് സിദ്ധാന്തം, കലാവിമർശനം എന്നീ മേഖലകളിലെ ജേണലുകളിലും അവരുടെ ലേഖനങ്ങൾ ധാരാളമായി പ്രസിദ്ധീകരിച്ചു വന്നു, കൂടാതെ തലാൽ അസദ്, വെൻഡി ബ്രൗൺ, ജൂഡിത്ത് ബട്ട്‌ലർ, ഭർത്താവ് ചാൾസ് ഹിർഷ്‌കിൻഡ് എന്നിവരുമായും അവർ സഹകരിച്ച് പഠനങ്ങൾ നടത്തി.
ഇസ്ലാമിക ധാർമ്മികവും മതപരവുമായ അനുഭവങ്ങളെ മനസ്സിലാക്കുന്നതിലുള്ള അപൂർണതയെ ചോദ്യം ചെയ്യുകയും ഇസ്‌ലാമിക-ഭൂരിപക്ഷ രാഷ്ട്രങ്ങളെയും അപൂർണ്ണമായ ആധുനികതയുടെ പല വശങ്ങളും പുരാതന മതാത്മകതയുടെ രൂപങ്ങളെയും അവരുടെ കൃതികളിൽ പ്രധാനമായും പ്രതിഫലിച്ചു. ആദ്യ പുസ്തകമായ പൊളിറ്റിക്സ് ഓഫ് പയറ്റി നരവംശശാസ്ത്ര, രാഷ്ട്രീയ, ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളിലെ സ്വാതന്ത്ര്യം, ധാർമ്മികത എന്നിവയെ കുറിച്ചുള്ള കേന്ദ്ര സംവാദങ്ങളെ പുനഃക്രമീകരിച്ച രീതി ‘നിയർ കാനോനിക്കൽ പദവി’ നേടിയെടുത്തുകൊണ്ട് ‘ഒരു ആധുനിക ക്ലാസിക്’ ആയി കണക്കാക്കപ്പെടുന്നു. കെയ്‌റോയിൽ തന്റെ കൂടെ ജോലി ചെയ്തിരുന്ന ഭക്തരായ മുസ്‌ലിം സ്ത്രീകൾ ആധിപത്യ വ്യവസ്ഥയുടെ ബുദ്ധിശൂന്യതയെ അനുസരിക്കുന്നവരല്ലെന്ന് സബ വാദിച്ചു. പാശ്ചാത്യ ധാർമ്മിക തത്ത്വചിന്ത നൽകുന്ന ആത്മനിഷ്ഠാപരമായ സ്വാതന്ത്ര്യത്തിന്റെ വീക്ഷണങ്ങൾ ഉയർത്തി അവർ ധീരവും ചില സമയങ്ങളിൽ വിവാദപരവുമായ വാദങ്ങൾ ഉന്നയിച്ചു. ഇസ്‌ലാമിനുള്ളിലെ ഭക്തിയുള്ള സ്ത്രീകളെ മനസ്സിലാക്കാൻ, ദൈവികവും സാങ്കൽപ്പികവുമായ പ്രതിനിധാനങ്ങളുമായി ബന്ധപ്പെട്ട് നിർവചിക്കപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സ്വാതന്ത്ര്യത്തെയും ഏജൻസിയെയും കുറിച്ചുള്ള നമ്മുടെ ധാരണകളെ രൂപപ്പെടുത്തുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മാത്രമല്ല, ധാർമ്മിക പരിശീലനത്തിലൂടെ ഈ മൂർത്തമായ മാനദണ്ഡങ്ങൾ വളർത്തിയെടുക്കുന്നതിലും രൂപപ്പെടുന്ന ആശയങ്ങളായി പുനഃക്രമീകരിക്കണമെന്ന് പുസ്തകം ആവശ്യപ്പെട്ടു.
അവരുടെ പ്രസിദ്ധീകരണങ്ങളും വാദങ്ങളും സമൂഹത്തിലും സാമൂഹിക ശാസ്ത്രങ്ങളിലും ഉടനീളം പ്രതിധ്വനിച്ചു നിന്നു . ആധുനികതയിൽ മതത്തോടുള്ള ചിന്തനീയവും വിജ്ഞാനപരവും വിമർശനാത്മകവുമായ സമീപനം വികസിപ്പിച്ചെടുത്ത സബ മഹ്മൂദിന്റെ പഠനങ്ങൾ ലോകത്ത് ചലനം സൃഷ്ടിക്കുന്നവയാണ്. കൊളോണിയൽ, മുതലാളിത്ത ശക്തികളെ കുറിച്ചുള്ള സൂക്ഷ്‌മമായ വിശകലനങ്ങൾ നടത്തുക മാത്രമല്ല, ആധുനിക മതേതരത്വത്തെ കുറിച്ചുള്ള തന്റെ വിവരണത്തിൽ ഫെമിനിസം, റിലേഷണൽ സബ്‌ജക്‌ടിവിറ്റി, മതസ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, മതപരവും മതേതരവുമായ താരതമ്യ വിശകലനം എന്നീ വിഷയങ്ങൾ മനസ്സിലാക്കുന്നതിനുള്ള പുതിയ വഴികൾ ആവിഷ്‌ക്കരിക്കുകയും ചെയ്തു.
സെന്റർ ഫോർ ദ സ്റ്റഡി ഓഫ് റിലീജിയൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൗത്ത് ഏഷ്യ സ്റ്റഡീസ്, ഹാസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എ ഫെയർ ആൻഡ് ഇൻക്ലൂസീവ് സൊസൈറ്റി, അക്കാദമിക് സെനറ്റിന്റെ ഗ്രാജ്വേറ്റ് കൗൺസിൽ (2015-16) എന്നിവയിലെ സെർച്ച് കമ്മിറ്റികളിൽ അവർ സേവനമനുഷ്ഠിച്ചു, കൂടാതെ ഒന്നിലധികം ഫെലോഷിപ്പ് അംഗവുമായിരുന്നു. 2010 മുതൽ 2012 വരെ കാലിഫോർണിയ സർവകലാശാല പ്രസ്സിന്റെ എഡിറ്റോറിയൽ ബോർഡിൽ സേവനമനുഷ്ഠിച്ചും സബ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
നരവംശശാസ്ത്ര വിഭാഗത്തിൽ അവർ ഒരു ബിരുദ അധ്യാപികയും പരിവർത്തനാത്മകമായ ഗ്രാജ്യൂവേറ്റ് മെന്ററും ആയിരുന്നു. അവരുടെ കൃതികൾ അറബി, ഫ്രഞ്ച്, പേർഷ്യൻ, പോർച്ചുഗീസ്, സ്പാനിഷ്, ടർക്കിഷ്, പോളിഷ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ബഹുമതികൾക്കും അവാർഡുകൾക്കും ഇടയിൽ, പ്രൊഫസർ മഹ്മൂദ് ബെർലിനിലെ അമേരിക്കൻ അക്കാദമിയിൽ ആക്‌സൽ സ്പ്രിംഗർ ഫെലോഷിപ്പും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെയും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ഹ്യുമാനിറ്റീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും ബിഹേവിയറൽ സയൻസസിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയിൽ ഫെലോഷിപ്പുകളും നേടി. അമേരിക്കൻ കൗൺസിൽ ഓഫ് ലേൺഡ് സൊസൈറ്റീസിൽ നിന്ന് ഫ്രെഡറിക് ബർഖാർഡ് ഫെലോഷിപ്പ് ലഭിച്ച അവർ ഒരു യുവ പണ്ഡിതയെന്ന നിലയിൽ ആൻഡ്രൂ കാർണഗീ സ്‌കോളേഴ്‌സ് പ്രോഗ്രാമിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2013-ൽ സ്വീഡനിലെ ഉപ്സാല സർവകലാശാലയിൽ നിന്ന് അവർക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ചു.
സബാ മഹ്മൂദിന്റെ ബൗദ്ധിക സംഭാവനകൾ മതം, മതേതരത്വം, സ്ത്രീവാദം എന്നിവയിലുള്ള സമകാലിക ചർച്ചകളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നു. ഭക്തി, നൈതികത, അധികാരം എന്നിവയെക്കുറിച്ചുള്ള അവരുടെ സൂക്ഷ്മ സമീപനം മതേതരവും മതപരവുമായ നമ്മുടെ ധാരണകളെ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നു. ഇസ്ലാമിൽ നിലനിൽക്കുന്ന പരമ്പരാഗതമായ ചില അനുമാനങ്ങൾ വിമർശന വിധേയമാക്കാനും മതത്തിലെ പ്രായോഗിക തലത്തിൽ നിർമിക്കുന്ന സങ്കീർണതകൾ മനസിലാക്കാനും അവ ബാധിക്കുന്ന വ്യതികളെയും സമൂഹത്തെയും ഗ്രഹിക്കാനും സബ മഹമൂദിന്റെ പഠനങ്ങൾ ഇന്ന് പലരും ഉപയോഗപ്പെടുത്തുന്നു. സമകാലിക നരവംശ ശാസ്ത്രത്തിലെ സംവാദോത്മകമായ വളർച്ചക്ക് അവർ പ്രധാന പങ്ക് വഹിച്ചുവെന്നത് സംശയരഹിതമായ കാര്യമാണ് . 2018 ൽ അവർ ഈ ലോകത്തോട് വിടപറഞ്ഞു.
