അബ്ബാസ് മഹ്മൂദ് അൽ അക്കാദ്; സർവ്വവ്യാപിയായ സാഹിത്യകാരൻ



അറബ് സാഹിത്യ ലോകത്ത് സൗന്ദര്യ സങ്കൽപ്പത്തിനു തുടക്കമിട്ട വിഖ്യാത സാഹിത്യകാരനാണ് അബ്ബാസ് മഹമൂദ് അൽ അക്കാദ്. എങ്കിലും സർവ മേഖലയിലെയും പരിവർത്തനത്തിന് ഉത്തേജനം നൽകിയ നായകനായാണ് അക്കാദിനെ ലോകം പരിചയപ്പെടുന്നത്. ആധുനിക ഈജിപ്തിലെ പ്രമുഖ സാഹിത്യകാരൻ, കവി, ബഹുഭാഷാ പണ്ഡിതൻ, പത്ര പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, ബുദ്ധിജീവി, വിമർശകൻ, ചരിത്രകാരൻ തുടങ്ങി തന്റെ കഴിവ് കൊണ്ടും പ്രാപ്തികൊണ്ടും സർവ വ്യാപിയായ അക്കാദിനെയാണ് ലോകം ഇന്നും സ്മരിക്കുന്നത്. താൻ ലോകത്തിനു മുമ്പിൽ സമർപ്പിച്ച സംഭാവനകളിലത്രയും സമൂഹം ഇതുവരെ എത്തിച്ചേർന്നിട്ടില്ലാത്ത പരിവർത്തനത്തിന്റെ സന്ദേശമുണ്ടായിരുന്നു. ആ പരിവർത്തനങ്ങളാണ് സർവ മേഖലയിലും പുത്തനുണർവ് സൃഷ്ടിച്ചത്.

വിജ്ഞാന സമ്പാദനത്തിലെ ഉദാത്ത മാതൃക
1898ൽ ഈജിപ്തിലെ അസ്‌വാൻ പട്ടണത്തിൽ ജനിച്ച അക്കാദിന് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പഠനത്തിനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു. 1903ലാണ് പ്രാഥമിക പഠനം പൂർത്തിയാക്കുന്നത്. സാമ്പത്തിക ഞെരുക്കം മൂലം വല്ല്യുപ്പയോടൊപ്പം പട്ട് നിർമ്മാണ ഫാക്ടറിയിലും റെയിൽവേയിലും തൊഴിലെടുത്താണ് അദ്ദേഹം ആദ്യകാലങ്ങളിൽ നിത്യവൃത്തി കഴിച്ചിരുന്നത്. എന്നിരുന്നാലും വായനയിലും എഴുത്തിലും അണയാത്ത തീക്കനൽ അദ്ദേഹത്തിന്റെയുള്ളിൽ എരിഞ്ഞുകൊണ്ടേയിരുന്നു. തന്റെ സഹപാഠികളിൽ നിന്ന് വ്യത്യസ്തമായി തന്റെ പ്രതിവാര അലവൻസ് മുഴുവൻ പുസ്തകങ്ങൾ വാങ്ങാനായി ചെലവഴിക്കുമായിരുന്നു.

മതം, ഭൂമിശാസ്ത്രം, ചരിത്രം തുടങ്ങിയ നിരവധി മേഖലകളിൽ അഗാധമായ പണ്ഡിത്യം നേടിയെടുക്കാൻ അക്കാദിന് സാധിച്ചു. അറബി ഭാഷക്ക് പുറമെ മറ്റുപല ഭാഷകളിലും അക്കാദിന് പരന്ന വായനാ ശീലമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തനുമായിരുന്നു വിശ്വ സാഹിത്യകാരനായ അക്കാദ്. ഈ കാലഘട്ടങ്ങൾക്ക് ശേഷമാണ് അക്കാദ് കൈറോയിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പഠനത്തിന് പോകുന്നത്. ഗുരുക്കന്മാരുടെ പ്രിയ ശിശ്യനായി മാറാനും തന്റെ വിജ്ഞാന ശേഖരം കൊണ്ട് അവരെ അമ്പരപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അസ്ഹറിനും സമുദായത്തിനും അക്കാദ് നേടിക്കൊടുത്ത മൂല്യങ്ങളും സമർപ്പിച്ച സാമ്പാവനകളും വിലമതിക്കാനാവാത്തതാണ്. ഇതിന്റെയൊക്കെ ആദര സൂചകമെന്നോണം അൽ അസ്ഹറിലെ അറബി ഭാഷ വിഭാഗത്തിലെ ഒരു ഹാളിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയയിട്ടുള്ളത്. കൂടാതെ ഈജിപ്തിലെ നാസർ സിറ്റിയിലെ ഒരു തെരുവിന് അദ്ദേഹത്തിന്റെ പേര് നൽകിയതായി കാണാൻ സാധിക്കും.

രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ
ഒരു സാഹിത്യകാരനെന്നതിലുപരി സമൂഹത്തെ കുറിച്ചും സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ചും അക്കാദിന് കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. രാഷ്ട്രീയത്തിൽ വെച്ചുപുലർത്തിയിരുന്ന ആത്മവിശ്വാസവും വിമർശനാത്മക സമീപനവും നിമിത്തം പലപ്പോഴും ഈജിപ്ഷ്യൻ ഭരണകൂടവുമായി അദ്ദേഹം അകലം പാലിച്ചു പോന്നു. ‘ലിബറൽ കൺവെൻഷണൽ പാർട്ടി’ രൂപീകരിച്ച് ഏകാധിപത്യ ഭരണത്തിനെതിരെ അദ്ദേഹം വിവിധ മാധ്യമങ്ങളിലൂടെ കൈക്കൊണ്ട നിലപാടുകൾ നിമിത്തം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആയിരത്തിലധികം ലേഖനങ്ങൾ പത്രങ്ങളിൽ മാത്രം എഴുതിയിട്ടുണ്ട്. ഭരണാധിപന്മാരുടെ അടിച്ചമർത്തൽ ശക്തമായപ്പോൾ പാർലമെന്ററി ജനാധിപത്യത്തെ സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ 1930-31 കാഘട്ടത്തിൽ ഭരണകൂടം അദ്ദേഹത്തെ ജയിലിലടച്ചു. 1906ൽ തൻ്റെ 17 വയസ്സിലാണ് ആദ്യത്തെ പ്രൊഫഷണൽ ജോലിയായ പത്രപ്രവർത്തനം തുടങ്ങുന്നത്.

1907ൽ “അദ്ദസ്ത്തൂർ”എന്ന പത്രത്തിലും 1911ൽ “അൽ ബയാൻ”എന്ന പത്രത്തിലും 1912ൽ ‘ഔകാസ് “എന്ന പത്രത്തിലും പ്രവർത്തിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി ജർമനിയും ഹിറ്റ്ലറും നടത്തുന്ന കൊള്ളരുതായ്മക്കും അക്രമത്തിനുമെതിരെ അക്കാദ് ശക്തമായി ശബ്ദമുയർത്തിയിരുന്നു. അതിന്റെ പ്രതിഫലനങ്ങൾ അക്കാലത്ത് ഉണ്ടായിട്ടുമുണ്ട്. ഹിറ്റ്ലർക്കെതിരെ നടത്തിയ നിരൂപണങ്ങളും വിമർശങ്ങളും അവരെ ചൊടിപ്പിച്ചു. ഇതിനെ തുടർന്ന് അദ്ദേഹം സുഡാനിലേക്ക് കുടിയേറ്റം നടത്തി.

രാഷ്ട്രീയ കാര്യങ്ങളിലും രാജ്യത്തിന്റെ പുരോഗതിക്കും വേണ്ടി പ്രയത്നിച്ചതിനോടൊപ്പം ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനത്തിന് വേണ്ടി ആശയങ്ങൾ രൂപീകരിക്കുകയും അത് നടപ്പിലാക്കാൻ പരിശ്രമിക്കുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു  അക്കാദ്. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വേണ്ടി പുതിയ ആശയങ്ങൾ പ്രചരിപ്പിക്കുകയും സമൂഹത്തെ  ഉൽബോധിപ്പിക്കുവാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുമായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും തന്റെ വീട്ടിൽ ചിന്തകരെയും തത്വജ്ഞാനികളെയും ബുദ്ധിജീവികളെയും ഒരുമിച്ചുകൂട്ടി സാമൂഹിക നന്മയ്ക്ക് വേണ്ടി തങ്ങളാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളും മറ്റും ചർച്ചക്ക് വിധേയമാക്കുകയും അതിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങൾ സമൂഹനന്മയ്ക്കായി പ്രയോഗവൽക്കാരിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു.

കവിതാ രചനയിലെ സൗന്ദര്യ സങ്കല്പങ്ങൾ പരിപോഷിപ്പിക്കുന്നതിനും പരമ്പരാഗത ചിന്താഗതികളെ മാറ്റിമറിക്കുന്നതിനുമായി സമാന ചിന്താഗതിക്കാരായ ഇബ്റാഹീം അൽമസ‌, അബ്ദുറഹ്മാൻ ശുക്രി എന്നീ സാഹിത്യകാരൻമാരോടൊപ്പം ചേർന്ന് അദ്ദീവാൻ എന്ന പേരിൽ കവിതാ പഠനത്തിനായി സ്ഥാപനം ആരംഭിക്കുകയും ചെയ്തു.

എഴുതിത്തീരാത്ത ജീവിതം

ഒരു കവി എന്നതിനപ്പുറം വിജ്ഞാനത്തിന്റെ വിവിധ മേഖലകളിൽ വിലമതിക്കാനാവാത്ത സംഭാവനകൾ ലോകത്തിനു മുമ്പാകെ സമർപ്പിക്കാൻ അക്കാദിന് സാധിച്ചു. ദിവസത്തിലെ മുഴുവൻ സമയവും എഴുതാൻ വേണ്ടി വിനിയോഗിക്കുമായിരുന്നു. ആയിരത്തിലധികം പത്രലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 80ലധികം ശ്രേഷ്ഠ രചനകളെങ്കിലും അദ്ദേഹം സംഭാവന ചെയ്യാത്ത ഒരു വർഷവും അദ്ദേഹത്തിന്റെ കാലത്ത് കടന്നു പോയിട്ടില്ല. കഥകൾ, കവിതകൾ, ജീവചരിത്രം, സമൂഹ ചരിത്രം, ഫിലോസഫി തുടങ്ങി വിജ്ഞാനത്തിന്റെ നാനാ മേഖലകളിലേക്കും തന്റെ രചനാ വൈഭവത്താൽ എത്തിച്ചേർത്തിരുന്നു അക്കാദ്. തനിക്ക് താല്പര്യമുള്ള മേഖല കവിതയായിരുന്നിട്ടും തൊട്ടതെല്ലാം പൊന്നാക്കി താൻ കയ്യൊപ്പ് ചാർത്തിയ എല്ലാ മേഖലകളിലും ഒരു പുതിയ ഉണർവ്വ് പകരാനും പുതുതലമുറയെ അതിലേക്ക്  പ്രചോദിപ്പിക്കാനും അക്കാദിന് സാധിച്ചു. 1915 ലാണ്  അക്കാദിന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങുന്നത്. 37 വയസ്സിൽ കവിതാരൂപത്തിൽ വിമർശനാത്മകവും നിരൂപണാത്മകവുമായ രാഷ്ട്രീയ വ്യാഖ്യാനം പുറത്തിറക്കി. കാല്പനിക കവിതകളുടെ അറേബ്യൻ ശൈലിയാണ് അക്കാദ് തന്റെ രചനാ ശൈലിയിൽ ഉൾപ്പെടുത്തിയത്. തന്റെ കഥകളിലും കവിതകളിലും പ്രണയവും രാഷ്ട്രീയവും വിമർശനവും തത്വജ്ഞാനവും കാല്പനികതയും പ്രകൃതിയുമെല്ലാം ഒരുപോലെ സ്ഥാനം പിടിച്ചിരുന്നു. തന്റെ പ്രണയാനുഭവങ്ങൾ സാറ എന്ന നോവലിലൂടെ 1938ൽ പ്രസിദ്ധീകരിച്ചു. ഇതിനെല്ലാം പുറമേ ലോകം അക്കാദമികമായി നോക്കിക്കാണുന്ന അദ്ദേഹത്തിന്റെ പ്രമുഖ സംഭാവനയാണ് സമൂഹത്തിലെ ഉത്തമ പുരുഷന്മാരെ കുറിച്ച് 1942ൽ ആരംഭിച്ച ‘അബ്‌ഖരിയ്യാത്’ എന്ന 14 വാല്യങ്ങളുള്ള  പരമ്പര. ലോകത്ത് എഴുതപ്പെട്ടിട്ടുള്ള ജീവചരിത്രങ്ങൾക്കും മറ്റും ഇതുവരെ എത്തിപ്പിടിക്കാൻ സാധിച്ചിട്ടില്ലാത്ത വ്യത്യസ്ത ശൈലിയിലാണ് ഈ പരമ്പര അദ്ദേഹം പൂർത്തിയാക്കുന്നത്. വിഷയങ്ങളെക്കുറിച്ച് പ്രാഥമിക അറിവുകളുള്ളവർക്ക് കൃത്യമായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്ന വിധത്തിലുള്ള രചനയായിരുന്നു അത്. ഒരു ജീവചരിത്രം എന്ന നിലയിൽ മാത്രമല്ല അത് എഴുതിയിട്ടുള്ളത്. മറിച്ച് പരാമർശിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തിൽ നിന്ന് സമൂഹം ഉൾക്കൊള്ളേണ്ട സദ്ഗുണങ്ങളും ഉൾക്കാഴ്ചകളും വരച്ചുകാട്ടുകയാണ് ഈ പരമ്പരയിലൂടെ അക്കാദ് ലക്ഷ്യം വെക്കുന്നത്. പ്രവാചകൻ(സ്വ) തങ്ങളെയാണ് ആദ്യ വിഷയമായി സ്വീകരിച്ചിട്ടുള്ളത്. തുടർന്ന് അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) തുടങ്ങി പ്രമുഖ സ്വഹാബിമാരുടെ ജീവിതരീതികൾ വ്യത്യസ്ത ശൈലിയിൽ അദ്ദേഹം ആവിഷ്കരിച്ചു.  അദ്ദേഹത്തിന്റെ അല്ലാഹു, സാറ എന്നീ പുസ്തകങ്ങൾ ഇംഗ്ലീഷ് ഫ്രഞ്ച് ഉറുദു എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം മരണപ്പെട്ടത്തിന് ശേഷം 1980ൽ العملاق എന്ന പേരിൽ ഗവൺമെൻറ് അദ്ദേഹത്തിന്റെ ജീവിതം അനാവരണം ചെയ്യുന്ന ടെലിവിഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. മഹ്മൂദ് മുർസി എന്ന ഈജിപ്ഷ്യൻ നടനാണ് ഈ പരമ്പരയിൽ അബ്ബാസ് മഹ്മൂദ് അക്കാദായി പ്രേക്ഷകർക്ക് മുമ്പിൽ എത്തിയത്.
ചുരുക്കത്തിൽ എഴുത്തിനോടും വായനയോടും തനിക്കുണ്ടായിരുന്ന അഗാധമായ താൽപര്യം തന്റെ ജീവിതത്തിൽ മാത്രം ഒതുക്കി നിർത്താതെ സമൂഹത്തിനുവേണ്ടി പ്രയത്നിക്കുവാനും ഉപകാരപ്രദമായ സംഭാവനകൾ അർപ്പിക്കാനും അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് സാധ്യമായി എന്നത് നമുക്ക് ഉണർവും പ്രചോദനവുമാണ്. ജയിലിൽ കിടക്കേണ്ടിവന്ന സമയത്ത് പോലും അവശ്യസാധനങ്ങളും വസ്ത്രങ്ങളും ഒരുക്കുന്ന തിടുക്കത്തിൽ വായിച്ചു തീർക്കേണ്ട പുസ്തകങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തയ്യാറാക്കി അത് കൃത്യമായി തന്റെ പെട്ടിയിൽ അടുക്കിവെക്കാൻ അക്കാദ് കാണിച്ച വ്യഗ്രത അദ്ദേഹത്തിന്റെ എണ്ണിയാൽ തീരാത്ത രചനകളുടെയും മാതൃകാപരമായ ജീവിതത്തിന്റെയും കാതലിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading