വിശ്വ സാഹിത്യത്തിലേക്ക് കോഴിക്കോടിന്റെ അടയാളപ്പെടുത്തൽ

ജുനൈദ് കാരാട്

കോഴിക്കോട്, കേട്ടറിഞ്ഞവർക്ക് ഒരു വിസ്മയദേശമാണ്. കണ്ടറിഞ്ഞവർക്ക് അത്ഭുതങ്ങളുടെ നാട്. ഒരിക്കലെങ്കിലും അനുഭവിച്ചവർ വീണ്ടും എത്തിച്ചേരാനും പുതിയ ഭാവങ്ങൾ തേടാനും കൊതിക്കുന്ന നഗരം. കേരളത്തിലെ ഒരു തുറമുഖ നഗരമായ കോഴിക്കോട് ചരിത്ര സമ്പന്നത കൊണ്ടും, സാംസ്കാരിക ഔന്നത്യം കൊണ്ടും, കോസ്മോപൊളിറ്റൻ വിശേഷണം കൊണ്ടുമെല്ലാം ഇന്ത്യൻ നഗരങ്ങളിൽ ഏറെ മുന്നിലാണ്. കേവലം ഭൂമിശാസ്ത്രപരമായ സ്ഥാനം മാത്രമല്ല ഈ ദേശത്തിനുള്ളത്. പിന്നെ, വീറുറ്റ സമര പോരാട്ടങ്ങളുടെ ചരിത്രവും, സാംസ്കാരിക വൈവിധ്യങ്ങളുടെ വികാസവുമാണ് കോഴിക്കോടിനെ വേറിട്ടു നിർത്തുന്നത്.

കോസ്മോപൊളിറ്റൻ സംസ്കാരം, കൂടിച്ചേരലിന്റെ സൗന്ദര്യം

വൈവിധ്യങ്ങളെ സ്വാഗതം ചെയ്യാനും, അതുമായി ഇഴകിച്ചേരാനുമുള്ള സവിശേഷമായ ഗുണം കോഴിക്കോടിനുണ്ട്. സംസ്കാരങ്ങളുടെ ലയനബിന്ദുവായി ഈ നഗരത്തെ ചരിത്രം പലപ്പോഴും അടയാളപ്പെടുത്തിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ കോഴിക്കോട് കപ്പലിറങ്ങിയ പോർച്ചുഗീസുകാരെയും യൂറോപ്യന്മാരെയും ചൈനക്കാരെയും എന്തിനേറെ, ഇന്ത്യൻ ജനസമൂഹങ്ങളായ ചെട്ടിമാരെയും റാവൂത്തർമാരെയും വരെ ആതിഥേയ മര്യാദകൾ കൊണ്ട് ഈ നഗരം വിസ്മയിപ്പിച്ചിട്ടുണ്ട്. ഒരുപാട് വാണിജ്യ സംഘങ്ങളും മതസമൂഹങ്ങളും ഇടയ്ക്കിടയ്ക്ക് വന്നു പോകാറുണ്ടായിരുന്ന നഗരമാണിത്. കച്ചവടക്കാർ മാത്രമായിരുന്നില്ല, സഞ്ചാരികൾ, യുദ്ധോത്സുകർ, മതപ്രചാരകർ, വെറുതെ നാടുകാണാൻ വരുന്നവർ എന്നീ വിഭാഗങ്ങളൊക്കെ നഗരത്തിന്റെ നിത്യസന്ദർശകരായിരുന്നു.

ഇബ്നുബത്തൂത, ബർസോസ, അബ്ദുറസാഖ് തുടങ്ങിയ വിദേശ സഞ്ചാരികൾ ഇതുവഴി കടന്നു പോവുകയും പിൽക്കാലത്ത് അനുഭവസാന്ദ്രമായ ഓർമ്മകൾ അയവിറക്കി നഗരത്തെ ലോകത്തിനുമുന്നിൽ അടയാളപ്പെടുത്തുന്ന രീതിയിൽ ഗ്രന്ഥരചനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. കോഴിക്കോടിന്റെ മധ്യകാലഘട്ടം അടയാളപ്പെടുത്തുമ്പോൾ, ചരിത്ര സാംസ്കാരിക നിർമ്മിതിയിൽ കോസ്മോപൊളിറ്റൻ സംസ്കാരം നിർവഹിച്ച പങ്ക് വിസ്മരിക്കുക അബദ്ധജടിലമാണ്. അക്കാലത്തുണ്ടായിരുന്ന വാസ്തു ശില്പങ്ങളിൽ, കെട്ടിടങ്ങളിൽ, സംസ്കാരിക സൗധങ്ങളിൽ എല്ലാം ഈ സവിശേഷ സാന്നിധ്യം തെളിഞ്ഞുകാണാം. അക്കാലത്തെ അമ്പലങ്ങളിൽ, പള്ളികളിൽ, ചർച്ചുകളിൽ പ്രത്യക്ഷപ്പെട്ട വാസ്തുവിദ്യകൾ സാംസ്കാരിക കൈമാറ്റത്തിന്റെ സൗന്ദര്യം ഇന്നും വിളിച്ചോതുന്നതാണ്.

ചരിത്ര പ്രാധാന്യം കൊണ്ടും സാംസ്കാരിക സമ്പന്നത കൊണ്ടും ലോകത്തിനു മുന്നിൽ സവിശേഷ മാതൃകകൾ അടയാളപ്പെടുത്തിയ കോഴിക്കോടിന്റെ കീർത്തിയും പ്രശസ്തിയും വാനോളം ഉയർത്തിക്കൊണ്ടാണ് വിശ്വസാഹിത്യ നഗരം എന്ന യുനെസ്കോയുടെ അംഗീകാരം കൈവരുന്നത്. 2004-ലാണ് യുനെസ്‌കോ സാംസ്കാരിക സർഗാത്മക പൈതൃകം പേറുന്ന നഗരങ്ങളെ ബന്ധിപ്പിച്ച് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്ക് (UCCN) ആരംഭിക്കുന്നത്. വിവിധ നഗരങ്ങളുടെ സാംസ്കാരിക സർഗാത്മക പാരമ്പര്യവും, അവിടത്തെ ജീവിതത്തിൽ സാഹിത്യം, കല, സംസ്കാരം എന്നിവ എത്രത്തോളം ഇഴചേർന്നിരിക്കുന്നു എന്നതുമാണ് യുനെസ്‌കോ പ്രധാനമായും അന്വേഷിക്കുന്നത്. നിലവിൽ, ഈ നെറ്റ് വർക്കിൽ ലോകമെമ്പാടുമുള്ള 350-ൽ അധികം നഗരങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിൽ ‘സാഹിത്യ നഗരം’ (City of Literature) എന്ന പദവി ലഭിച്ചിട്ടുള്ളത് വെറും 54 നഗരങ്ങൾക്ക് മാത്രമാണ്. ഈ കണക്ക്, കോഴിക്കോടിന് കൈവന്ന നേട്ടത്തിൻ്റെ ശ്രേഷ്ഠതയും പ്രാധാന്യവും വർദ്ധിപ്പിക്കുന്നു. യുനെസ്‌കോയുടെ ഈ അന്താരാഷ്ട്ര പട്ടികയിൽ ഇടം നേടുക എന്നത് ഒരു നഗരത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.

നഗരത്തിന്റെ സാഹിത്യ പൈതൃകം, വായനാശാലകളുടെ എണ്ണം, പ്രസാദകരുടെ എണ്ണം, ഓരോ വർഷവും അച്ചടിച്ച് ഇറക്കുന്ന പുസ്തകങ്ങൾ, സാഹിത്യ സംവാദങ്ങൾ, നഗരം സംഭാവന ചെയ്ത എഴുത്തുകാർ, എഴുത്തുകളിൽ നഗരത്തിന്റെ പ്രതിപാദനവും സ്വാധീനവും, എന്നിവയെല്ലാം വിശദമായി പഠിച്ച്, പരിശോധിച്ച് വിദഗ്ധ
സമിതി നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് ‘സാഹിത്യ നഗരം’ എന്ന അംഗീകാരം നൽകുക. മാത്രമല്ല, കഴിഞ്ഞ നൂറ്റാണ്ടുകളിലായി സാഹിത്യ വളർച്ചക്കും പ്രചാരണത്തിനും എന്ത് ചെയ്തു? തുടർന്നുള്ള വർഷങ്ങളിൽ സാഹിത്യ സംരക്ഷണത്തിനായി എന്തൊക്കെ ചെയ്യുമെന്ന വിശദമായ റിപ്പോർട്ടും നൽകേണ്ടതുണ്ട്. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ നേതൃത്വത്തിൽ നടന്ന നിരന്തര പരിശ്രമത്തിന്റെ ഫലമായിട്ടാണ് യുനെസ്കോയുടെ
വിശ്വ സാഹിത്യ നഗരങ്ങളുടെ പട്ടികയിലേക്ക് കോഴിക്കോടും കടന്നുവരുന്നത്.

സാഹിത്യ പാരമ്പര്യം

പണ്ടുകാലം മുതൽക്ക് തന്നെ സാഹിത്യത്തെ ഇഷ്ടപ്പെടുന്ന, ജീവനുതുല്യം സ്നേഹിക്കുന്ന ജീവ താളമായി കൊണ്ട് നടക്കുന്ന ഒരു വലിയ ജനസമൂഹം കോഴിക്കോട് ഉണ്ടായിരുന്നു. അധിനിവേഷ, ദേശീയ പ്രസ്ഥാന കാലത്താണ് കോഴിക്കോടൻ സാഹിത്യ വളർച്ചക്ക് പ്രാമുഖ്യം ലഭിക്കുന്നതെങ്കിലും അതിനും ഒരുപാട് കാലം മുമ്പ് തന്നെ ഭാഷയും സാഹിത്യവും നഗരത്തിൽ വേരുറച്ചിരുന്നു. സാമൂതിരി ഭരണകാലത്തെ പറ്റി ജനങ്ങൾക്ക് അത്ര നല്ല ഓർമ്മകളൊന്നുമില്ലെങ്കിൽ പോലും മനുഷ്യർ തമ്മിൽ നല്ല സൗഹാർദ്ദം നിലനിന്നിരുന്നു എന്നും രേവതി പട്ടത്താനം പോലുള്ള ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവങ്ങളും പണ്ഡിത ചർച്ചകളും സംഘടിപ്പിക്കപ്പെട്ടിരുന്നു എന്നുമാണ് ചരിത്രം.

അറബി മലയാളത്തിൽ കണ്ടുകിട്ടിയ ആദ്യത്തെ അറബി മലയാള കാവ്യമായ മുഹിയുദ്ധീൻ മാലയുടെ ഉപജ്ഞാതാവും പണ്ഡിതനുമായ ഖാളി മുഹമ്മദിന്റെ ജീവിതവും കർമ്മമണ്ഡലവും കോഴിക്കോടായിരുന്നു. ഇവിടത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ പോലും സാഹിത്യവും കലയും ഇടകലർന്നിരുന്നു. അത് ഈ നഗരത്തിലെ ജനങ്ങളുടെ രാഷ്ട്രീയ നിലപാടിനെ കൂടി നിർണയിക്കുന്ന രീതിയിൽ വളർന്നു. ദേശീയ പ്രസ്ഥാന കാലം മുതൽ കേരളത്തിന്റ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ദിശ നിർണയിക്കുന്നതിൽ സാഹിത്യവും കലയും പ്രധാന പങ്ക് വഹിച്ചു.

മലയാള സാഹിത്യമണ്ഡലത്തിൽ ചിരപ്രതിഷ്ഠ നേടിയ പല എഴുത്തുകാരും ജനിച്ചതും എഴുത്തിടങ്ങളായി തിരഞ്ഞെടുത്തതും മലബാറിലെ ഈ സുന്ദര ദേശത്തെയാണ്. ക്രിയേറ്റീവായി എഴുതാനും ചിന്തിക്കാനും ഭാവസാന്ദ്രമായി എഴുത്തിനെ സമീപിക്കാനും മലയാള ഭാവുകത്വങ്ങളുടെ അതിരുകൾ ലംഘിച്ച് സ്വതന്ത്രമായി എഴുതാനും പ്രാപ്തമാക്കുന്ന എന്തോ ഒരുതരം അത്ഭുതം ഈ നഗരം ഒളിപ്പിക്കുന്നുണ്ടെന്ന് അവർ വിശ്വസിച്ചു. ദേശീയ പ്രസ്ഥാന കാലത്ത് തന്നെ നിരവധി സാഹിത്യ സൃഷ്ടികളും എഴുത്തുകാരും നഗരത്തിന്റെ മുക്കിലും മൂലയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. സ്വാതന്ത്ര്യാനന്തര കാലത്താണ് എഴുത്തും വായനയും സജീവമാകുന്നതും ജനകീയമാകുന്നതും.

നഗരത്തിൽ ജനിച്ചുവളർന്ന എഴുത്തുകാർ പിന്നീട് നഗര ജീവിതത്തെയും, സാധാരണ മനുഷ്യരെയും,അവരുടെ ജീവൽ പ്രശ്നങ്ങളെയും ആധാരമാക്കി കഥകളും നോവലുകളും നാടക രചനകളും നടത്തി. എസ്. കെ പൊറ്റക്കാടിന്റെ തെരുവിന്റെ കഥ, ദേശത്തിന്റെ കഥ, എൻ. പി മുഹമ്മദിന്റെ എണ്ണപ്പാടം, മുഹമ്മദ് കോയയുടെ സുൽത്താൻ വീട്, സുറുമയിട്ട കണ്ണുകൾ എന്നിവ ഈ കൂട്ടത്തിൽ പ്രധാനപ്പെട്ടവയാണ്. കോഴിക്കോടിനെ പച്ചയായി അടയാളപ്പെടുത്തിയ എഴുത്തുകാരൻ എന്ന നിലയിൽ സാഹിത്യ നഗരം എസ്. കെ പൊറ്റക്കാടിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. നഗരത്തെ ഗൗരവത്തോടെ വീക്ഷിക്കുന്ന കാരണവർ എന്ന നിലയിൽ നഗരത്തിന്റെ ഒത്ത നടുവിൽ ഉയർത്തപ്പെട്ട ശിലാപ്രതിമ അദ്ദേഹത്തോടുള്ള കോഴിക്കോടിന്റെ ആദരവും ബഹുമാനവും സൂചിപ്പിക്കുന്നു.

കേരളത്തിന്റെ വിവിധ ദിക്കുകളിൽ നിന്നും ഈ നഗരത്തിൽ വന്ന് സ്ഥിരതാമസമാക്കുകയും മലയാളി വായനക്കാരുടെ ഇഷ്ട എഴുത്തുകാരായി മാറുകയും ചെയ്ത സാഹിത്യകാരന്മാരും നിരവധിയുണ്ട്. ഇക്കൂട്ടത്തിലാണ് ഉറൂബിനെയും തിക്കോടിനെയും എം.ടി വാസുദേവൻ നായരെയും, എൻ കക്കാടിനെയും, പട്ടത്തുവിള കരുണാകരനെയും, അക്ബർ കക്കട്ടിലിനേയും, എൻ ഖാദറിനെയും എണ്ണുന്നത്. ഇവിടത്തെ സാഹിത്യം നഗരത്തിലും നഗരം സാഹിത്യത്തിലും ഉൾ ചേർന്നതാണ്. നഗരത്തിന്റെ ചരിത്ര-സംസ്കാര സവിശേഷതയാണത്. നഗര പ്രാന്തത്തിലുള്ള മനുഷ്യരുടെ രാഷ്ട്രീയ ബോധവും എഴുത്തിനോടും വായനയോടുമുള്ള അഭിനിവേശവും സാഹിത്യ പ്രതിബദ്ധതയും അതിശയിപ്പിക്കുന്നതാണ്. തലമുറകളായി കൈമാറിപ്പോന്ന സാഹിത്യ പാരമ്പര്യം അവകാശപ്പെടാനുണ്ട് നഗരത്തിന്. എഴുത്തുകാരുമായി നിരന്തര ബന്ധവും സമ്പർക്കവും പുലർത്താൻ ഇവിടുത്തെ ജനങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തി എന്നതും പ്രധാനമാണ്.

സ്വാതന്ത്ര്യാനന്തര കാലത്തും ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയിലും നഗരത്തിന്റെ മുക്കിലും മൂലയിലും ധാരാളം നാടകവേദികൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. അക്കാലത്ത് നിലനിന്നിരുന്നതും ധാരാളം ആളുകൾ ഇഷ്ടപ്പെട്ടതുമായ പ്രതിരോധ കലാരൂപം ആയിരുന്നു നാടകങ്ങൾ. എഴുതാനും വായിക്കാനും വലിയ ഉത്സാഹം കാണിച്ചിരുന്ന ഒരു വലിയ വിഭാഗം ആളുകൾ അവിടെ നിലനിന്നിരുന്നു. സാധാരണക്കാർ മുതൽ ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, കച്ചവടക്കാർ, നഗരത്തിൽ മറ്റു ജോലികൾ ചെയ്യുന്നവർ തുടങ്ങിയവർക്കൊക്കെ അടിസ്ഥാനപരമായ സാഹിത്യ ബോധം ഉണ്ടായിരുന്നു എന്ന് യുനെസ്കോ പഠന റിപ്പോർട്ടിൽ നിരീക്ഷിക്കുന്നുണ്ട്.

ഇവിടെ കാതൽ പകർന്ന് എഴുത്തും വായനയും സജീവമാക്കാൻ നൂറുകണക്കിന് ഗ്രന്ഥശാലകളും ഉണ്ടായിരുന്നു. ഇപ്പോഴും നഗരത്തിന്റെ വിവിധ കോണുകളിലായി 545-ഓളം ലൈബ്രറികൾ ഉണ്ടെന്നാണ് കണക്ക്. അതിൽ 62 എണ്ണം പൊതു ലൈബ്രറികളാണ്. ഇന്ത്യയിലൊട്ടാകെ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ പല സാഹിത്യോത്സവങ്ങളും സാഹിത്യസംവാദങ്ങളും ഇന്നും മുടങ്ങാതെ നഗരം ഏറ്റെടുത്ത് വിജയിപ്പിക്കുന്നുണ്ട്.

എന്ത് കൊണ്ട് കോഴിക്കോട്?

കോഴിക്കോടിന് വിശ്വ സാഹിത്യ നഗരം എന്ന ബഹുമതി ലഭിച്ചതിന് പിന്നാലെ ഉയർന്നുവന്ന ഒരുപാട് ചോദ്യങ്ങളിൽ ഒന്ന് എന്തുകൊണ്ട് കോഴിക്കോടിന് ഈ അംഗീകാരം ലഭിച്ചു എന്നതാണ്. അതിനോട് ചേർത്ത് കൊണ്ടുള്ള മറ്റൊരു ചോദ്യം എന്തുകൊണ്ട് കൊൽക്കത്തക്ക് ഈ അംഗീകാരം ലഭിച്ചില്ല എന്നതാണ്. നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ് ടാഗോറിനെ പോലൊരു സാഹിത്യ പ്രതിഭ ഉണ്ടായിട്ടും കൊൽക്കത്തയെ തേടി ഈ അംഗീകാരം എത്താത്തതിന്റെ കാരണം ലളിതമാണ്. വിശ്വ പ്രസിദ്ധ സാഹിത്യ സാമ്രാട്ടുകളൊന്നും ഇല്ലെങ്കിലും കോഴിക്കോടിന്റെ കഴിഞ്ഞ പത്ത് നൂറ്റാണ്ട് കാലത്തെ സാഹിത്യ സംഭാവനകളെ സമഗ്രമായി ഡോക്യുമെന്റ് ചെയ്യാൻ സാധിച്ചു എന്നതാണ് ആദ്യത്തെ കാര്യം. വരും കാലങ്ങളിൽ ഏതൊക്കെ രീതിയിലുള്ള സാഹിത്യപ്രവർത്തനങ്ങൾ നഗരത്തിന് ചെയ്യാൻ സാധിക്കും എന്നതിന്റെ വ്യക്തമായ രൂപരേഖ സമർപ്പിക്കാൻ സാധിച്ചു എന്നത് മറ്റൊരു കാരണം. സാധാരണക്കാരനിൽ പോലും അതിശയകരമായ വായനാശീലവും സാഹിത്യ ബോധവും നിലനിൽക്കുന്നുണ്ടെന്നതാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം.

കോഴിക്കോടിന്റെ സാഹിത്യ സാംസ്കാരിക പാരമ്പര്യവും പൈതൃകവും വേരറ്റു പോകാതെ തല മുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടട്ടെ, വിശ്വ സാഹിത്യത്തിലേക്ക് ചേർത്ത് വെക്കാവുന്ന ഒരുപിടി നല്ല എഴുത്തുകാരെയും രചനകളെയും പെറ്റ് പോറ്റാൻ നഗരത്തിന് ഇനിയും സാധിക്കട്ടെ, നഗരത്തിന്റെ ആത്മാവിലലിഞ്ഞ സാഹിത്യം അനശ്വരത കൈവരിച്ച് തലമുറകളെ വായിച്ചു ത്രസിപ്പിക്കട്ടെ.

Reference

1)Malabar literature ഫെസ്റ്റിവൽ
2)കോഴിക്കോടിന്റെ സാഹിത്യ പൈതൃകം സാംസ്കാരിക സമ്മേളനം- sys
3)Madyamam
4)Manorama online
5)Truecopy
6)Risala update
7)Samakalika malayalam
8)മലബാർ ചരിത്ര പഠനം

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading