ഉമർ ഖാലിദ്: നീതി നിഷേധത്തിന്റെ ഇരുണ്ട ഇന്നലെകൾ

കഴിഞ്ഞ സെപ്റ്റംബർ പതിനാലിന് ഡൽഹിയിലെ ജവഹർ ഭവൻ ഓഡിറ്റോറിയത്തിൽ ഒരു ഡോക്യുമെന്ററി പ്രദർശനം നടക്കുകയാണ്. ‘പ്രിസണർ നമ്പർ 626710 ഈസ് പ്രെസെന്റ് ‘ എന്നായിരുന്നു അതിന്റെ പേര്. നാലു വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം യു.എ.പി.എ ചുമത്തപ്പെട്ട് തിഹാർ ജയിലിലടക്കപ്പെട്ട ‘ഉമർ ഖാലിദിനെ’ ഓർമ്മിക്കുന്നതായിരുന്നു ആ ഡോക്യുമെന്ററി. മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 53 പേർക്ക് ജീവൻ നഷ്ട‌മാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിലെ മുഖ്യസൂത്രധാരനെന്ന് ആരോപിച്ചാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 17ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ ഉമർ ഖാലിദ് നടത്തിയ 17 മിനിട്ടുള്ള പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പുറത്തിറക്കിയത് പ്രചരിപ്പിച്ച്, ഈ പ്രസംഗം ഡൽഹി കലാപത്തിനുള്ള ആഹ്വാനമാണെന്ന വ്യാജ ആരോപണവും ഉമർ ഖാലിദിനെതിരെ ഉന്നയിച്ചിരുന്നു. 1967 ലെ ആയുധം കൈവശം വെക്കൽ നിയമം, യുഎപിഎ, കലാപശ്രമം, കൊലപാതകം, വധശ്രമം, രാജ്യദ്രോഹം, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കൽ തുടങ്ങി നിരവധി വകുപ്പുകളാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാൽ, തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ച് താൻ നിരപരാധിയാണെന്നും ഡൽഹിയിൽ നടന്ന സമാധാനപരമായ പ്രതിഷേധത്തിലാണ് താൻ പങ്കെടുത്തതെന്നും ഉമർ ഖാലിദ് വ്യക്തമാക്കുന്നുമുണ്ട്. എന്നാൽ നാലു വർഷമായി ഉമർ ഖാലിദിനെ വിചാരണ ചെയ്യാനോ ജാമ്യം നൽകാനോ കീഴ്ക്കോടതികൾ മുതൽ സുപ്രീം കോടതി വരെ തയ്യാറായിട്ടില്ല. നൽകിയ ജാമ്യാപേക്ഷകളെല്ലാം കോടതി മടക്കി അയക്കുക മാത്രം ചെയ്തു.

മുമ്പും പല കേസുകളിലും പോലീസിനെയും കോടതികളെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും 2020 സെപ്റ്റംബർ പതിനാലിനാണ് അദ്ദേഹത്തെ അവസാനമായി അറസ്റ്റ് ചെയ്യുന്നത്. യഥാർത്ഥത്തിൽ പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള ഉമർ ഖാലിദിന്റെ പ്രസംഗങ്ങളും പ്രതിഷേധങ്ങളുമാണ് ഈ അറസ്റ്റിലേക്ക് നയിച്ചത്. പൗരത്വ ബില്ലിനെതിരെ ഇന്ത്യയൊട്ടാകെ സമരങ്ങൾ നടന്നതിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയതും സർക്കാരിനെ ഏറ്റവും ചൊടിപ്പിച്ചതും ഷഹീൻബാഗിൽ നടന്ന സമരമായിരുന്നു. ഷഹീൻബാഗിൽ തടിച്ചു കൂടിയ ആയിരങ്ങൾക്ക് മുന്നിൽ ഉമർ ഖാലിദും  ശക്തമായി പ്രസംഗിച്ചു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയിൽ അയാൾ പൗരത്വ ബില്ലിനെതിരെയും മോദി സർക്കാരിന്റെ കൊള്ളരുതായ്മകൾക്കെതിരെയും മൂർച്ചയേറിയ വാക്കുകൾ തൊടുത്തു വിട്ടു. അങ്ങനെയാണ് ഉമർ ഖാലിദിനെ ഡൽഹി പോലീസ് വ്യാജകേസുകൾ ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടക്കുന്നത്.

ഇവിടെ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരായിട്ടാണ് ഡൽഹി കലാപം പൊട്ടിപ്പുറപ്പെട്ടത് എന്നതാണ് വിരോധാഭാസം. കലാപത്തിൽ കൂടുതൽ കൊല്ലപ്പെട്ടത് മുസ്‌ലിംകളാണ് താനും. എന്നിട്ടും ഡൽഹി കലാപവുമായി യാതൊരു ബന്ധവുമില്ലാത്ത ഉമർ ഖാലിദിനെ കലാപത്തിന്റെ സൂത്രധാരൻ എന്നാരോപിച്ച് ജയിലിൽ അടക്കുന്നു. ഉമർ ഖാലിദിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവരെയെല്ലാം ഇതിനോടകം ജാമ്യത്തിലോ നിരപരാധികളെന്ന് തെളിഞ്ഞോ പുറത്തു വിട്ടിട്ടുണ്ട്.

“ജാമ്യമാണ് നിയമം, ജയിൽ അപവാദമാണ്”, ഈയിടെയായി സുപ്രീം കോടതിയിൽ നിന്നും ഇടക്കിടെ പുറത്തു വരുന്ന പ്രസ്താവനകളിൽ ശ്രദ്ധേയമായ ഒരു വാചകമാണ് ഇത്. അവസാനമായി എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ കാര്യത്തിൽ പോലും കോടതി ഈ പ്രസ്താവന ശരി വെച്ചിട്ടുണ്ട്. ഗുരുതര കുറ്റം ചുമത്തി അറസ്റ്റിലായവർക്കും ചട്ടം പരിശോധിച്ച് ആവശ്യമെങ്കിൽ കോടതികൾക്ക് ജാമ്യം അനുവദിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞതും അർഹമായ കേസുകളിൽ പോലും ജാമ്യം നിഷേധിക്കുന്നത് മൗലികവകാശ ലംഘനമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഒക്ക, അഗസ്റ്റിൻ ജോസ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചതും ഈയടുത്ത കാലത്താണ്. പക്ഷേ ഉമർ ഖാലിദിനെ പോലെ ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ചില വ്യക്തികളിൽ കോടതിക്ക് ഈ പ്രസ്താവന സാർത്ഥകമാക്കാൻ സാധിക്കുന്നില്ല. ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ടുതന്നെ മാസങ്ങൾക്കുള്ളിൽ വിവിധ കേസുകളിലായി 2500 ഓളം പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിൽ 2000 ഓളം പേർക്ക് പലപ്പോഴായി കീഴ്ക്കോടതികൾ തന്നെ ജാമ്യം അനുവദിക്കുകയും ചെയ്തു‌. എന്നാൽ, ഉമർ ഖാലിദിന്റെ കാര്യത്തിൽ വിചാരണ പോലും ആരംഭിക്കാതെ ജയിൽ ജീവിതം നീളുകയാണ്. അതിനു പിന്നിലെ കാരണമന്വേഷിക്കുന്നവർ ആദ്യമെത്തുന്നത് ഈ ആരോപിതരുടെ പേരിലേക്കാണ്. കേവലം സംശയം മാത്രമല്ല, മുസ്‌ലിം പേരുള്ളവരെ എന്തും ചെയ്യാമെന്ന ധാരണയിൽ ഭരണകൂടം നിലകൊള്ളുമ്പോൾ ഇത് സംഭവ്യമായ ഒരു യാഥാർഥ്യം തന്നെയാണ്.

അറസ്റ്റ് ചെയ്യപ്പെട്ട ഈ നാല് വർഷങ്ങളിൽ ഉമർ ഖാലിദ് ജാമ്യാപേക്ഷയുമായി നിരവധി തവണ കീഴ്ക്‌കോടതി മുതൽ സുപ്രീംക്കോടതി വരെ കയറിയിറങ്ങി. രണ്ട് തവണ കീഴ്ക്‌കോടതിയും ഒരു തവണ ഡൽഹി ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളി. അവസാനം ജാമ്യലബ്‌ധി പ്രതീക്ഷിച്ച് പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിലും ഉമർ ഖാലിദെന്ന 36 കാരനെത്തി. അവിടെ നിന്നും ജാമ്യം ലഭിച്ചില്ലെന്ന് മാത്രമല്ല, പലതവണ ഹർജി മാറ്റിവെച്ചു. 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 11 മാസത്തിനിടയിൽ 14 തവണയാണ് ഉമർ ഖാലിദുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി മാറ്റിവെച്ചത്. ഒടുവിൽ സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിൻവലിച്ച് വിചാരണക്കോടതിയിൽ വീണ്ടും ഹർജി സമർപ്പിച്ചു. എന്നാൽ, ആ ഹർജിയും കോടതി തള്ളി. വീണ്ടും ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ഉമർ ഖാലിദ്.

2016 ഫെബ്രുവരിയിലാണ് ഉമർ ഖാലിദിനെ ആദ്യമായി പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനും കശ്മീരി വിഘടനവാദി മഖ്ബൂൽ ഭട്ടിനും വധശിക്ഷ വിധിച്ചതിനെതിരെ ജെ എൻ യു ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തിയതിനാണ് അന്ന് കനയ്യകുമാർ, അനിർബൻ ഭട്ടാചാര്യ തുടങ്ങിയവർക്കൊപ്പം ഉമർ ഖാലിദിനെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ജെ എൻ യു ഭരണസമിതിയിൽ നിന്നും അക്കാദമിക സമിതിയിൽ നിന്നും പലവിധ വിലക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.
പിന്നീട് 2018ലെ ഭീമ കൊറേഗാവ് സംഭവത്തിന്റെ പേരിലും ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഉമർ ഖാലിദ് പല തവണ ഭരണകൂടത്തിന്റെ നെറികേടുകൾക്കെതിരെ ജെ എൻ യു വിലെ പ്രതിഷേധങ്ങൾക്കും പ്രപ്രകടനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.

ലോകത്തിന് മുന്നിൽ ഇന്ത്യൻ നീതിന്യായവ്യവസ്ഥക്ക് തലകുനിക്കാൻ പാകത്തിന് ഉമർ ഖാലിദ് എന്ന വ്യക്തി ഇപ്പോഴും തലയുയർത്തി നിൽക്കുകയാണ്. പക്ഷേ ഇത്തരം നടപടികൾ പൗരന്റെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യതയെയാണ് നഷ്ടപ്പെടുത്തുന്നത്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading