മുഹമ്മദ് അലി ജൗഹറും പാന്‍ ഇസ്ലാമിസവും

ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ താമസിച്ചുവരുന്ന മുസ്ലിംകൾക്കിടയിൽ പരസ്പരം ഐക്യവും സാഹോദര്യവും നിലനിര്‍ത്തുവാനുള്ള ശ്രമത്തെയാണ് ചില യൂറോപ്യന്‍ നിരൂപകന്മാര്‍ പാന്‍ ഇസ്ലാമിസം എന്ന് വിളിക്കുന്നത്. ഇസ്ലാം മതത്തെപ്പറ്റി അഗാധജ്ഞാനമുണ്ടെന്നു നടിക്കുന്ന ചില ലേഖകന്മാർ പലപ്പോഴായി പല രൂപങ്ങളില്‍ എഴുതിയിട്ടുള്ള അബദ്ധങ്ങളും പക്ഷപാതപരമായ ചിന്തകളുമാണ് ഇത്തരം വികലമായ ബോധങ്ങള്‍ക്ക് വഴിയൊരുക്കിയത്.

പാന്‍ ഇസ്ലാമിസം ലോകത്താകമാനം നാശം വിതയ്ക്കുന്ന, ലോകത്തിന്‍റെ സമാധാനത്തെ ചോദ്യം ചെയ്യുന്ന ആശയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഈ ചിന്തകള്‍ക്ക് ശക്തി പകരുന്ന പ്രസ്താവനകള്‍ പല പത്രങ്ങളിലൂടെയും മാസികകളിലൂടെയും ജനങ്ങളിലേക്ക് കുത്തിവെക്കപ്പെടുന്നു. പല ഇംഗ്ലീഷ് മാധ്യമങ്ങളും ഇത്തരത്തിലുള്ള പാതകങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്നു. പാന്‍ ഇസ്ലാമിസം യൂറോപ്പിനെ തന്നെ നശിപ്പിക്കുന്ന, അവിടുത്തെ ഭരണകൂടങ്ങളെ തകര്‍ത്ത് തരിപ്പണമാക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരുടെ പ്രസ്ഥാനമായിട്ട് വിലയിരുത്തപ്പെടുന്നത്.

യഥാര്‍ഥത്തില്‍ മുസ്ലിംകള്‍ക്കിടയിലെ പാന്‍ ഇസ്ലാമിസം മതപരമായ സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സത്യവിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണെന്ന പ്രവാചകന്‍ തിരുനബി (സ) തങ്ങളുടെ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രഖ്യാപനത്തിൽ നിന്നാണ് ഈ പ്രസ്ഥാനം പിറവികൊള്ളുന്നത്. അതിനാൽ ഇതൊരിക്കലും മുസ്ലിംകള്‍ക്ക് പുതുമയുള്ള ഒന്നല്ല. പാന്‍ ഇസ്ലാം എന്ന നാമം തന്നെ യൂറോപ്യന്മാര്‍ നല്‍കിയതാണ്. അതിന്‍റെ പേരിലുള്ള ഭീതിതമായ വാര്‍ത്തകൾ അവരുടെ തന്നെ സൃഷ്ടികളുമാണ്. പാന്‍ ഇസ്ലാമിസം എന്ന വാക്ക് പ്രസിദ്ധിയാര്‍ജിക്കുന്നത് ബാള്‍ക്കന്‍ യുദ്ധകാലത്താണ്. മുസ്ലിം ലോകത്തെങ്ങും സാഹോദര്യവും സ്നേഹവും അലയടിച്ചിരുന്ന സാഹചര്യമായിരുന്നു അന്ന്. ലോകത്തെങ്ങുമുള്ള മുസ്ലിം സമുദായത്തിന്‍റെ നേതൃത്വ പദവി അലങ്കരിച്ചിരുന്ന ഉസ്മാനിയ ഖിലാഫത്തിനോടുള്ള അനുകമ്പയായിരുന്നു അതിന് പ്രധാന കാരണം.

ഇന്ത്യയിലും ഇതിന്‍റെ അലയൊലികള്‍ ഉയർന്നു. ചില ഹിന്ദു നേതാക്കന്മാര്‍ പാന്‍ ഇസ്ലാമിസത്തെ തെറ്റിദ്ധരിച്ചതായി കാണാം. ബിപിന്‍ ചന്ദ്ര പാല്‍ അദ്ദേഹത്തിന്‍റെ ‘രഷ്ട്രവും സാമ്രാജ്യവും’ എന്ന പുസതകത്തില്‍ ഇസ്ലാമിക ഐക്യത്തിനുള്ള മുസ്ലിംകളുടെ പരിശ്രമം മുസ്ലിംകളോടൊപ്പം താമസിച്ചുവരുന്ന സഹോദര സമുദായങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുമെന്നും ലോകമാകെ ഇസ്ലാമിക ആധിപത്യത്തിന് വഴിയൊരുക്കുമെന്നും മുസ്ലിം നേതാക്കളുടെ അഹങ്കാരത്തിന് ഗവണ്‍മെന്‍റ് വഴിപ്പെടുക വഴി പാന്‍ ഇസ്ലാമിസത്തിനും അതിന്‍റെ വ്യാപനത്തിനും സഹായിക്കുകയാണ് ചെയ്യുന്നതെന്നും എഴുതുകയുണ്ടായി. ‘ഡാനുമാഗസിന്‍’ എന്ന മാസികയില്‍ അലിഗഡ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് പാന്‍ ഇസ്ലാമിസ പ്രചാരണത്തിനു വേണ്ടിയാണ് എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നു.

ലോകത്തിന്‍റെ വ്യത്യസ്ത പ്രദേശങ്ങളിലെ മുസ്ലിംകള്‍ തുര്‍ക്കികള്‍ക്ക് വന്നു ഭവിച്ച കഷ്ടതകളിൽ ദുഃഖം പ്രകടിപ്പിച്ചപ്പോൾ ഈ അനുകമ്പാ പ്രകടനത്തെ പോലും അതി ഭീകരമായാണ് കൃസ്തീയ വിഭാഗം നോക്കിക്കണ്ടത്. കൃസ്തീയ രാജ്യങ്ങളെ നശിപ്പിക്കുന്നതിനുള്ള രഹസ്യശ്രമങ്ങളായി ഇവ ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ കൃസ്തീയ രാജ്യങ്ങളോട് മുഴുവനായി സമരത്തിനിറങ്ങലോ അവരുടെ ഭരണങ്ങളെ അട്ടിമറിക്കലോ യൂറോപ്യന്‍ രാജ്യങ്ങളെ തകര്‍ത്തെറിയലോ ഇതിന്‍റെ ലക്ഷ്യമായിരുന്നില്ല. മുസ്ലിം സമുദായത്തിന് നേതൃത്വം നല്‍കുകയും അവരുടെ പവിത്രമായ പ്രദേശങ്ങളെ സംരക്ഷിച്ച് പരിപാലിച്ച് പോരുകയും ചെയ്തിരുന്നവരോടുള്ള സ്നേഹം മാത്രമായിരുന്നു ഇത്.

അധപതിച്ചു കിടക്കുന്ന മുസ്ലിംകളെ സമുദ്ധരിച്ചു സമത്വവും സ്വാതന്ത്ര്യവും നീതി ന്യായവും അവകാശങ്ങളും അവര്‍ക്ക് നേടിക്കൊടുക്കുകയും മുസ്ലിം രാജ്യങ്ങള്‍ തമ്മിലുള്ള കച്ചവടത്തിലും മറ്റു ഇതര സാമ്പത്തിക കാര്യങ്ങളിലും സാമുദായിക കാര്യങ്ങളിലും ഐക്യമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ വെച്ചു കൊണ്ടുള്ള പ്രസ്ഥാനമായിരുന്നു യഥാര്‍ത്ഥത്തില്‍ പാന്‍ ഇസ്ലാമിസം. ഈയൊരു രീതിയില്‍ വീക്ഷിച്ചാല്‍ ഈ പ്രസ്ഥാനത്തിന് ഒരു രാഷ്ട്രീയ സ്വഭാവം കാണാമെങ്കിലും ഭീകരചിന്തകളുടേയോ ഗൂഢാലോചനകളുടെയോ മാനങ്ങള്‍ ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നില്ല എന്ന് വ്യക്തമാകും.

മഹാന്മാരായ പല പണ്ഡിതരും ഈ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ച ആഗ്രഹിച്ചിരുന്നു. മുഹമ്മദലി ജൗഹറിനും ഇതില്‍ നിന്ന് മാറിനില്‍ക്കാന്‍ സാധിച്ചിരുന്നില്ല. മുഹമ്മദലിക്ക്‌ മാത്രമല്ല, മുസ്ലിം സമുദ്ധാരണത്തിനും ഇസ്ലാമിക ഐക്യത്തിനും വേണ്ടി നിലകൊണ്ട ആര്‍ക്കും ഇതില്‍ നിന്നും വിട്ട് നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇസ്ലാം മുന്നോട്ടു വെക്കുന്ന സാഹോദര്യം വര്‍ഗ്ഗ ബോധത്തിനും ദേശീയ ബോധത്തിനും അതീതമായിരുന്നു. അതിനെയെല്ലാം കവച്ചു വയ്ക്കുന്ന സാഹോദര്യമാണ് ഇസ്ലാമില്‍ നിലനില്‍ക്കുന്നത്. തങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളിലെ ഇതര സമുദായങ്ങളുടെ സുരക്ഷക്കോ, അവരുടെ അവകാശങ്ങള്‍ക്കോ, രാജ്യത്തിന്‍റെ പൊതു താത്പര്യങ്ങൾക്കൊ യാതൊരു ഭീഷണിയും ഉയർത്താതെ സ്വന്തം സമുദായത്തിന്‍റെ സരക്ഷണം ഉറപ്പുവരുത്തലാണ് ഇതിലൂടെ ചെയ്യുന്നത്.

ഈ മുന്നേറ്റത്തിലുള്ള ഏറ്റവും വലിയ മാത്യകയാണ് ഖിലാഫത്ത് പ്രസ്ഥാനം. സാമുദായിക വിദ്വേഷം മറന്ന് മുസ്ലിമും മറ്റു സമുദായവും ഒന്നിച്ച് ചേര്‍ന്ന് ബ്രിട്ടീഷുകാരെ നേരിട്ടു. ഇത് കേവലം ഒരു വിപ്ലവമായിരുന്നില്ല. തുര്‍ക്കി സുല്‍ത്താന്‍റെ ആണിക്കല്ലിളക്കിയ ബ്രിട്ടീഷുകാരോടുള്ള അമര്‍ഷത്തിന്‍റെ ഫലമായി ഉയര്‍ന്നു വന്ന രോഷമായിരുന്നു ഇത്. മുഹമ്മദലിയുടെ അഭിപ്രായത്തില്‍ സ്വരാജ്യത്തോടുള്ള സ്നേഹം ഒരു മതത്തിന്‍റെയും അനുയായികള്‍ തമ്മിലുള്ള ആത്മീയ ബന്ധത്തിന് വിരുദ്ധമല്ല. ഒരു ആത്മീയശക്തി എന്ന നിലയില്‍ ഇസ്ലാം മതം ലോകമെമ്പാടും വ്യാപിക്കുകയും യുക്തവും കൃത്യവുമായ അതിന്‍റെ തത്വചിന്തകള്‍ അന്ധവിശ്വാസത്തില്‍ നിന്നും അനാത്മവാദത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിച്ചു നിർത്തുകയും ചെയ്യും. ഇതായിരുന്നു അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നത്.

ലോകത്തിന്‍റെ നാനാതുറകളില്‍ ചിന്നിച്ചിതറി കിടക്കുന്ന മുസ്ലിംകൾക്കിടയില്‍ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു പാന്‍ ഇസ്ലാമിസത്തിന്‍റെ പ്രധാന ഉദ്ദേശ്യം. മുസ്ലിംകള്‍ പരസ്പര സഹോദരന്മാരാണെന്ന പ്രവാചക സന്ദേശത്തിന്‍റെ പൊരുളും അത് തന്നെയാണ്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത രാജ്യങ്ങളിലെ മുസ്ലിങ്ങൾ അവരുടെ സഹോദരന്മാരാണ്. അപ്പോള്‍ ഇസ്ലാമിന്‍റെ ആശയങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന, യഥാര്‍ഥ വിശ്വാസിയായ മുഹമ്മദ് അലി ഇതില്‍ നിന്നും വിട്ടുനില്‍ക്കുമായിരുന്നില്ല.

ഗാന്ധിജി പറയുന്നു: ‘പാൻ ഇസ്ലാമിസം മുസ്ലിം രാജ്യങ്ങള്‍ തമ്മില്‍ മൈത്രിയും സൗഹാര്‍ദവും ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന പ്രസ്ഥാനം മാത്രമാണ്, അത് അമുസ്ലിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നുള്ള വാദം നിരര്‍ത്ഥകമാണ്’.

ഈ വിശ്വാസത്തിന്‍റെ ഭാഗമായാണ് തൃപ്പൂണിയിലും തുര്‍ക്കിയിലും മുസ്ലിംകൾ കഷ്ടത അനുഭവിച്ചിരുന്ന വേളയിൽ അവരെ സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിന്നും പണം ഒരുമിച്ചു കൂട്ടുന്നതിനും, ചികിത്സയ്ക്കുവേണ്ടി ഒരു വൈദ്യ സംഘത്തെ പറഞ്ഞയക്കുന്നതിനും മുഹമ്മദലി മുന്നോട്ട് വന്നത്. ഇതോടെയാണ് മുഹമ്മദലി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തി പ്രാപിച്ചു തുടങ്ങിയതും. പിന്നീടങ്ങോട്ട് ലോക മുസ്ലിംകളുടെ കാര്യത്തില്‍ അദ്ദേഹം സജീവമായി ഇടപെടുകയും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വിദേശ രാഷ്ട്രങ്ങളില്‍ ചെന്ന് സംസാരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മുഹമ്മദലിയുടെ രാഷ്ട്രീയം തീക്ഷ്ണമായ പോരാട്ടത്തിന്‍റേതായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യം മുസ്ലിംകളോട് ചെയ്യുന്ന അനീതിക്കെതിരെ ശബ്ദിക്കുകയും അവര്‍ക്കെതിരില്‍ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യം തുർക്കിക്കെതിരെ നടത്തിയ ഓരോ നീക്കങ്ങള്‍കെതിരെയും മുഹമ്മദലി പ്രതികരിച്ചു. അനീതിക്ക് എതിരെയുള്ള ശബ്ദമായിരുന്നു അത്. ഇന്ത്യയിലെ അതിന്‍റെ അന്തിമ രൂപമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading