ആധുനിക കാലത്തെ വിപ്ലവ ചരിതങ്ങളില്‍ പേരു കേട്ട പ്രശസ്ത ഇസ്ലാമിക പ്രബോധകനും പണ്ഡിതനുമാണ് ശൈഖ് ഉസ്മാന്‍ ദാന്‍ ഫോദിയോ. 1754 ഡിസംബര്‍ പതിനഞ്ചിനാണ് ഇന്നത്തെ വടക്കന്‍ നൈജീരിയയിലെ ഗോബിറിനടുത്തുള്ള മറാട്ട ഗ്രാമത്തില്‍ അദ്ദേഹം ജനിക്കുന്നത്. വെസ്റ്റ് ആഫ്രിക്കയിലെ പ്രമുഖ ഗോത്രവര്‍ഗമായ ഫുലാനി ഗോത്രത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ മതവിദ്യാഭ്യാസം നേടിയിരുന്നു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളില്‍ നിന്നും ഖുര്‍ആന്‍ പഠിക്കുകയും പ്രബോധനം, അധ്യാപനം, എഴുത്ത് എന്നിവയ്ക്കായി തന്റെ യൗവ്വനത്തെ മാറ്റിവെക്കുകയും ചെയ്തു.
ജിബ്രീല്‍ ബിന്‍ ഉമര്‍ എന്ന പണ്ഡിതനില്‍ നിന്ന് അഗാഡിസില്‍ വെച്ചാണ് നിയമം, ദൈവശാസ്ത്രം, ഫിലോസഫി എന്നിവ സ്വായത്തമാക്കിയത്. മത വിജ്ഞാനീയങ്ങളിലെ നൈപുണ്യം അദ്ദേഹത്തെ ശൈഖ് ഉസ്മാന്‍ എന്ന പദവിയില്‍ എത്തിച്ചു. മാലികി മദ്ഹബിലെ നിയമജ്ഞനായിരുന്നുവെങ്കിലും മറ്റു മദ്ഹബുകളിലും ശൈഖ് ഉസ്മാന് അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു. നൂറിലേറെ രചനകൾ നടത്തിയപ്പോൾ അതിൽ ഏറെയും അറബിയിലാണെങ്കിലും തന്റെ ഗോത്ര ഭാഷയായ ഫുലാനിയിലും അദ്ദേഹം രചനകൾ നിർവഹിച്ചു.
ഖാദിരിയ്യ, തീജാനിയ്യ, സനൂസിയ്യ തുടങ്ങിയ സൂഫി പരമ്പരകളിലെ അംഗമായിരുന്നു ശൈഖ് ഉസ്മാന്‍. ഇരുപത് വയസ്സായപ്പോഴേക്കും സമൂഹത്തിന് അറിവ് പകര്‍ന്നു നല്‍കുന്ന ഒരു പണ്ഡിതനായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. ആത്മീയതയിലും മറ്റു പ്രധാന വിഷയങ്ങളിലും രചിച്ച കവിതകള്‍ അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കി. ഉറച്ച ആദര്‍ശം പ്രകടമാക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളും എഴുത്തുകളും അദ്ദേഹത്തിന് ‘നേരിന്റെ വാള്‍’ എന്ന പേര് നേടിക്കൊടുത്തു.
ഹൗസയിലെ ഗ്രാമങ്ങളിലും ഫുലാനി ഗോത്രത്തിലെ സാധാരണക്കാര്‍ക്കിടയിലും മതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പരിചയപ്പെടുത്താന്‍ ഒരുപാട് സമയം വിനിയോഗിച്ച ശൈഖ് ഉസ്മാനെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കുന്ന പണ്ഡിതരും അദ്ദേഹത്തെ കേള്‍ക്കുന്ന സാധാരണക്കാരും ഒരുപോലെ ആദരിച്ചു. ഇസ്ലാമിനെ ഒരു വിശാലതയുടെ മതമായാണ് അദ്ദേഹം പരിഗണിച്ചതും അവതരിപ്പിച്ചതും. എന്നാല്‍ ഇസ്ലാമിനെ സങ്കുചിത ചട്ടക്കൂടായി കാണുകയും ദൈവ ശാസ്ത്രത്തിലോ മതത്തിലെ മറ്റു ഉന്നത വിജ്ഞാനീയങ്ങളിലോ അവഗാഹമില്ലാത്ത, സാധാരണക്കാരെ മുസ്ലിംകളായി പരിഗണിക്കുക പോലും ചെയ്യാത്ത ചില പണ്ഡിതരെ ഇക്കാര്യം വല്ലാതെ ചൊടിപ്പിച്ചിരുന്നു.
ഉസ്മാന്‍ ദാന്‍ ഫോദിയോ സമൂഹത്തിലെ വരേണ്യരുടെ കൊള്ളരുതായ്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും വടക്കന്‍ നൈജീരിയയില്‍ ഒരു നവ രാഷ്ട്രീയക്രമം രൂപപ്പെടുത്തുകയും ചെയ്തു. അക്കാലത്തെ ഭരണാധികാരികളായിരുന്ന ഹൗസ രാജാക്കന്മാര്‍ യഥാര്‍ത്ഥ ഇസ്ലാമിക മൂല്യങ്ങളില്‍ നിന്ന് അകലുകയും പാഗന്‍ സംസ്കാരത്തെ മതത്തിലേക്ക് കുട്ടിക്കുഴക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വന്നപ്പോള്‍ അവരെ വിമര്‍ശിച്ചു കൊണ്ട് ദാന്‍ ഫോദിയോ രംഗത്തു വന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് നേരെ ഭരണാധികാരികളില്‍ നിന്ന് വധ ശ്രമങ്ങള്‍ ഉണ്ടാവുകയും പ്രവാചകന്റെ മദീനാ പലായനത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് തന്റെ നൂറോളം അനുയായികളോടൊപ്പം രാജ്യത്തിന്റെ മറുഭാഗത്തേക്ക് പലായനം ചെയ്യുകയും ചെയ്തു. 1802-ല്‍ ആയിരുന്നു ഈ പലായനം. ഇവിടെ വെച്ചാണ് അദ്ദേഹം തന്റെ നവോത്ഥാന ശ്രമങ്ങള്‍ക്ക് ഊടും പാവും നല്‍കിയത്.
തന്റെ കീഴില്‍ അഭ്യസ്തവിദ്യരായ ഒരു സംഘത്തെ മത സംരക്ഷണത്തിനായുള്ള വിശുദ്ധ യുദ്ധത്തിനായി സജ്ജരാക്കിയെടുത്തതും ഇക്കാലഘട്ടത്തില്‍ തന്നെയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗോബിറിലെ സൈനിക കമാന്‍ഡര്‍ ആയ യുന്‍ഫ ഡാന്‍ നഫാറ്റ ഉസ്മാന്റെ സംഘത്തെ നേരിടാന്‍ പട്ടാളത്തെ അയച്ചു. ഇതിനകം കന്നുകാലി നികുതിയുമായി ബന്ധപ്പെട്ട് ഹൗസ ഭരണകൂടത്തിനെതിരെ തിരിഞ്ഞ ഫുലാനി ഇടയസമൂഹവും ദാന്‍ ഫോദിയോക്കൊപ്പം ചേര്‍ന്നിരുന്നു. ഗോബിര്‍ രാജാക്കന്മാര്‍ക്കെതിരെ യുദ്ധാഹ്വാനം നടത്താന്‍ ഈ സംഭവം അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. ഇതേ തുടര്‍ന്ന് 1808-ല്‍ ദാന്‍ ഫോദിയോയും സംഘവും ഗോബിര്‍, കാനോ, ഹൗസ് എന്നിവിടങ്ങളും മറ്റ് സമീപനഗര രാഷ്ട്രങ്ങളും കീഴടക്കി. ദാന്‍ ഫോദിയോ നയിച്ച യുദ്ധത്തിനു പിന്നില്‍ മതപരവും സാമൂഹികപരവും സാമ്പത്തികപരവുമായ കാരണങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. അനിവാര്യമാകുമ്പോള്‍ മാത്രമേ ജിഹാദ് ആവശ്യമുള്ളൂ എന്ന മതത്തിന്റെ നിലപാടില്‍ തന്നെയായിരുന്നു ദാന്‍ ഫോദിയോ.
ഇസ്ലാമിന് പുതുജീവന്‍ നല്‍കാനും മതത്തിന്റെ പരമ്പരാഗത രൂപത്തിലേക്കുള്ള മടക്കത്തിനും വേണ്ടിയായിരുന്നു ഈ ജിഹാദ്. ഇത് വെസ്റ്റ് ആഫ്രിക്കക്ക് എല്ലാ തരത്തിലും ഒരു നവോന്മേഷം പകര്‍ന്നു. പൊതുവെ സമാധാനകാംക്ഷികള്‍ ആയിരുന്നു വെസ്റ്റാഫ്രിക്കയിലെ പണ്ഡിതര്‍. മതാനുഷ്ഠാനങ്ങള്‍ നടത്തിയും ജനങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയും ഖുര്‍ആന്‍ എഴുതിയ ഏലസ്സുകള്‍ തയ്യാറാക്കി കൊടുത്തും മറ്റും ജീവിച്ചു പോന്നിരുന്ന അവരില്‍ നിന്ന് ഇത്തരമൊരു നീക്കം ഭരണ കൂടം പ്രതീക്ഷിച്ചിരുന്നില്ല. തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അവര്‍ക്ക് മനസ്സിലായില്ല.
കേവലം മുസ്ലിംകള്‍ ഭരണകൂടത്തിനെതിരെ നയിച്ച ജിഹാദ് എന്നതിലപ്പുറം ഇത് സ്വത്വപരമായി തന്നെ മുസ്ലിം ആയവര്‍, അഥവാ കൃത്യമായി പാരമ്പര്യ ഇസ്ലാം അനുഷ്ഠിക്കുന്നവര്‍ അല്ലാത്തവര്‍ക്ക് നേരെ നയിച്ച യുദ്ധം കൂടിയാണ്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതും പോരാടുന്നതുമെല്ലാം സ്രഷ്ടാവിലേക്കുള്ള പാത തന്നെയാണെന്ന് വിശ്വസിക്കുന്നവരാണ് ഖാദിരിയ്യാ സൂഫി പരമ്പരയിലുള്ളവര്‍.
ഖാദിരിയ്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകളും മറ്റും അനുയായികളെ സൂഫിസത്തിലേക്ക് നയിക്കുകയും ഇസ്ലാമിന് വേണ്ടി പോരാടാന്‍ മാനസികമായി സജ്ജരാക്കുകയും ചെയ്തു. ഇതും ജിഹാദിന്റെ കാരണങ്ങളില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. മതപരമായുള്ള സമരങ്ങളാണെങ്കില്‍ പോലും വംശബോധം കൂടിയുണ്ടാവുമ്പോഴാണ് അവ വിജയത്തിലേക്കെത്താറുള്ളത് എന്ന് ഇബ്നു ഖല്‍ദൂന്‍ മുഖദ്ദിമയില്‍ പറയുന്നുണ്ട്. അത്തരത്തിലൊരു വംശപരമായ ഘടകം ഫുലാനികളുടെ ജിഹാദിനെ ഉദ്ദീപിപ്പിക്കുന്നതിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നേരത്തെ സൂചിപ്പിച്ചതു പോലെ, കന്നുകാലി വളര്‍ത്തല്‍ മുഖ്യ ജീവനോപാധിയായി സ്വീകരിച്ചവരായതിനാല്‍ പ്രത്യേക നികുതിയടക്കമുള്ള പ്രശ്നങ്ങള്‍ ഭരണകൂടത്തില്‍ നിന്നും അവര്‍ നേരിട്ടിരുന്നു. ഒറ്റക്കെട്ടായി രാജാക്കന്മാര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങാന്‍ ഇതും പ്രേരകമായി. ജീവിതത്തിന്റെ നിഖില മേഖലകളേയും ചര്‍ച്ചയാക്കുന്ന മതമാണ് ഇസ്ലാം എന്നതു കൊണ്ട് തന്നെ സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയിലും ഉസ്മാന്‍ ദാന്‍ ഫോദിയോ പ്രത്യേക ശ്രദ്ധ പുലര്‍ത്തിപ്പോന്നിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തേതും വളരെ പ്രാധാന്യമര്‍ഹിക്കുന്നതുമായ കൃതി ‘ഇഹ്യാഉസ്സുന്നയില്‍’ (1793) സാമൂഹിക പുരോഗതിക്കും മറ്റുമുള്ള ആശയങ്ങളായിരുന്നു പ്രധാന പ്രതിപാദ്യം. യാത്രകളില്‍ നിന്ന് കിട്ടിയ അവബോധങ്ങളും തന്റെ മതബോധ്യങ്ങളും ചേര്‍ത്ത് സമൂഹത്തെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് അദ്ദേഹം അതില്‍ നടത്തുന്നത്.
രാജ്യം ഈ മേഖലകളില്‍ എങ്ങനെയായിരിക്കണമെന്ന അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുകയും അവ യുദ്ധത്തിന്റെ കാരണമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1811 ഓടെ യുദ്ധം മതിയാക്കി ഉസ്മാന്‍ ദാന്‍ ഫോദിയോ അധ്യാപനത്തിലേക്കും എഴുത്തിലേക്കും മടങ്ങിയെങ്കിലും 1815 വരെ അദ്ദേഹം സൈനിക മുന്നേറ്റം തുടര്‍ന്നു കൊണ്ടിരുന്നു.
ഇതിനോടകം ഇന്നത്തെ നൈജര്‍, വടക്കന്‍ കാമറൂണ്‍, നൈജീരിയ തുടങ്ങിയ മേഖലകള്‍ ദാന്‍ഫോദിയോയുടെ സാമ്രാജ്യത്തിന് കീഴില്‍ ആയിക്കഴിഞ്ഞിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഈ മേഖലയെല്ലാം ഒരൊറ്റ ഭരണാധികാരിക്ക് കീഴില്‍ വരുന്നത്. സൊകോതോയില്‍ തന്റെ സാമ്രാജ്യത്തിന് ഒരു തലസ്ഥാന നഗരിയും അദ്ദേഹം സ്ഥാപിച്ചു. പില്‍ക്കാലത്ത് ഇത് സൊകോതോ ഖിലാഫത്ത് എന്നറിയപ്പെട്ടു. നൈജീരിയയുടെ ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ സംഭവം. സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കുന്നതില്‍ ദാന്‍ ഫോദിയോയുടെ ഭരണകൂടം പ്രത്യേക ശ്രദ്ധ വെച്ചു പുലര്‍ത്തിയിരുന്നു.
