“റ്റാറ്റയുമൊത്ത് 40 വര്‍ഷം ഞാന്‍ ജീവിച്ചു. അത് വെറുമൊരു ജീവിതമല്ല.
മലയാളത്തിന്‍റെ മഹാനായ ഒരു എഴുത്തുകാരന്‍റെ ജീവിതസഖിയാണ്
ഞാനെന്ന്, സ്വകാര്യമായി അഹങ്കരിച്ചിരുന്നു.”
-ബഷീറിന്‍റെ എടിയേ (ഫാബി ബഷീര്‍)
അനുഭൂതികളും ഭാവനകളും മജ്ജയായും മാംസമായും തൂലിക ചേര്‍ന്നാല്‍ അന്തരാത്മാവില്‍ ഉരുത്തിരിയുന്ന രൂപ ശില്പത്തിനും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഭാവസത്തക്കും അനുവാചകരെ രസിപ്പിക്കാനും തൃപ്തിപ്പെടുത്താനും കഴിയുമെങ്കില്‍, അതാണ് വൈക്കം മുഹമ്മദ് ബഷീറെന്ന സാഹിത്യ നിയമങ്ങള്‍ക്ക് അതീതനായ സാഹിത്യകാരന്‍. വേദനകളുടെ ഏകാന്ത തീരങ്ങളിലൂടെ തനിച്ചു സഞ്ചരിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. വേദനകളുടെയും ദുഃഖങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഇടമുറിയാത്ത ഒഴുക്കിനെതിരെ ഏകനായി നീന്തി കൊണ്ടിരുന്ന ബഷീര്‍ ജീവിതത്തിന്‍റെ അര്‍ത്ഥങ്ങളെക്കുറിച്ചും ജീവിച്ചിരിക്കുന്നവരുടെ അനര്‍ത്ഥങ്ങളെക്കുറിച്ചും എഴുതി. പ്രപഞ്ചത്തെക്കുറിച്ച്, മനുഷ്യനെക്കുറിച്ച്, സൃഷ്ടിപ്പിനെ കുറിച്ച്, ജീവിതത്തിന്‍റെ അര്‍ത്ഥങ്ങളെ കുറിച്ച് മഹാജ്ഞാനിയുടെ ഉള്‍ക്കാഴ്ചയോടെ ബഷീര്‍ നടത്തിയ ദാര്‍ശനിക നിരീക്ഷണങ്ങളാണ് ബഷീറിയന്‍ എഴുത്തിന്‍റെ സാക്ഷാല്‍ സത്ത. കെട്ടുറപ്പുള്ള കുടുംബം വീണുടഞ്ഞ, ബഷീര്‍ ഉറവ വറ്റാത്ത അനുഭവങ്ങളുടെയും ജീവിതവീക്ഷണങ്ങളും പിന്‍ബലത്തില്‍ ആത്മാംശമുള്ള കഥാപാത്ര സൃഷ്ടികളിലൂടെ ഒരു ഐതിഹ്യ പുരുഷനെ പോലെ ബഷീറിന്നും അക്ഷരങ്ങളുടെ സുല്‍ത്താനായി ജനമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. അറ്റമില്ലാത്ത നര്‍മ്മബോധവും ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള രചനാവൈഭവം ബഷീര്‍കൃതികളുടെ മാത്രം പ്രത്യേകതയാണ്.
1908 ജനുവരി 21 കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലെ ഒരു മരവ്യാപാരിയുടെ മൂത്തമകനായി ജനിച്ച ബഷീര്‍ ബാല്യത്തില്‍ തന്നെ ഗാന്ധിയന്‍ ചിന്തകളിലും ആദര്‍ശങ്ങളിലും ആകൃഷ്ടനായിരുന്നു. സ്വാതന്ത്ര്യ സമരരംഗത്ത് പ്രവര്‍ത്തിക്കുകയും ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് ഒരു പക്ഷെ അലഞ്ഞു നടന്ന് നേരിട്ട് പഠിച്ച ജീവിതാനുഭവങ്ങള്‍ ബഷീറിന്‍റെ രചനകള്‍ക്ക് ഏറെ പ്രചോദനമേകിയിട്ടുണ്ട്. അന്യാദൃശ്യമായ പ്രമേയങ്ങള്‍, അന്യൂനമായ പാത്രസൃഷ്ടി, അനുപമമായ ആഖ്യാനശൈലി എന്നിവയായിരുന്നു, ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് സ്നേഹവായ്പോടെ മലയാളികള്‍ വിളിച്ചിരുന്ന ബഷീറിന്റെ പ്രണയം, ദാരിദ്ര്യം, പരുക്കന്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ എന്നിങ്ങനെ സുല്‍ത്താന്റെ തൂലികയ്ക്ക് വിഷയീഭവിക്കാത്തതായി ഒന്നുമില്ല. ഉന്നത ജാതീയനായ കേശവന്‍ നായരുടെയും തൊഴില്‍ രഹിതയായ ക്രിസ്ത്യന്‍ യുവതി സാറാമ്മയുടെയും നര്‍മ്മം തുളുമ്പുന്ന പ്രണയ കഥയായ ‘പ്രേമലേഖന’ത്തോടെയാണ് ബഷീര്‍ സാഹിത്യ പ്രവേശം നടത്തിയത്. പില്‍ക്കാലത്ത് മലയാളത്തില്‍ വികാസം പ്രാപിച്ച പല ഭാവുകത്വധാരയുടെയും ആരംഭം കുറിച്ചത് ബഷീറായിരുന്നു. മലയാള പുരോഗമന സാഹിത്യത്തിന്‍റെ മുഖ്യ പ്രയോക്താക്കളില്‍ ഒരാളും കൂടിയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍.
ബഷീറിയന്‍ കൃതികളിലെ ഭാഷ, പ്രമേയം
വ്യാകരണ ബന്ധത്തില്‍ നിന്നും മലയാളഭാഷയെ മോചിപ്പിച്ച ആത്മ തേജസ്സുള്ള കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. തൻ്റേതു മാത്രമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് മലയാളത്തിലെ എഴുത്തുകാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന അദ്ദേഹം, ‘ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്’, ‘വെളിച്ചത്തിനെന്തു വെളിച്ചം’ എന്നുപറയാന്‍ വേറെ ഏതു സാഹിത്യകാരനാണ് ധൈര്യപ്പെടുക. ‘തന്റെ എഴുത്തിലെ ആഖ്യാത എവിടെ?’ എന്ന ചോദ്യവുമായി എത്തിയ അബ്ദുല്‍ ഖാദറിനോട് ‘പോടാ അവിടുന്ന്, അവന്‍റെ ഒരു ലൊട്ടു ലൊടുക്ക് ആഖ്യാതാ..’ എന്ന ബഷീറിന്‍റെ മറുപടി എല്ലാ വ്യാകരണ വാദങ്ങള്‍ക്ക് വേണ്ടിയുള്ള തുറന്നുപറച്ചില്‍ ആയിരുന്നു. ജനകീയ എഴുത്തുകാരനായിരുന്ന അദ്ദേഹത്തിന്‍റെ കൃതികളും ഭാഷാശൈലിയും വേഗത്തില്‍ ഗ്രഹിക്കാന്‍ സാധിക്കുന്നതായിരുന്നു. ‘ആഖ്യവും ആഖ്യതവുമില്ലാത്ത നല്ല ചപ്ലാച്ചി ഭാഷയില്‍ ബഷീര്‍ ലോകസത്യങ്ങള്‍ വരച്ചുവച്ചു’ അനിയന്‍ അബ്ദുല്‍ ഖാദറിന്‍റെ വാക്കുകള്‍. തേച്ചു മിനുക്കി എടുത്ത് ഭാഷയോടുള്ള വിരക്തിയാണ് അദ്ദേഹത്തെ ജനകീയമാക്കിയത്. വായനക്കാരുടെ മനസ്സില്‍ ബഷീര്‍ ഇന്നും ജീവിക്കുന്നതിന് കാരണം മറ്റൊന്നുമല്ല. വീടും പുറവും തെരുവും എരിവും പുളിയും വരെ ബഷീറിന്‍റെ കേന്ദ്ര കഥാപാത്രങ്ങളായി.
സമൂഹത്തിന് നേരെ എഴുതി വിടുന്ന ഹാസ്യത്തിൽ ഊട്ടിയെടുത്ത കരുത്തുറ്റ അക്ഷരങ്ങള്‍ക്ക് ഇന്നും അതേ ചൂടും ചൂരും നിലനിര്‍ത്താന്‍ ആയത് അദ്ദേഹത്തിന്‍റെ ആവിഷ്കാര ശൈലി ഒന്നു കൊണ്ടു മാത്രമാണ്. പ്രകൃതിയും സംസ്കൃതിയും തമ്മിലുള്ള കൂട്ടായിരുന്നു ബഷീര്‍കൃതികളുടെ മറ്റൊരു മുഖ്യമുദ്ര. അനുഭവകഥ കുറിക്കാന്‍ വ്യാകരണത്തിന് പിന്നാലെ പോകാതെ സ്വതസിദ്ധമായ ശൈലിയില്‍ നെയ്തെടുത്തത് കൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ എഴുത്തുകള്‍ പ്രകൃതിയോട് ഇത്രമേല്‍ പുണര്‍ന്നു കിടക്കുന്നത്. മലയാള സാഹിത്യത്തില്‍ തന്നെ സാഹിത്യജീവിതത്തില്‍ പ്രകൃതിയുടെ പിന്നാലെ കൂടിയ എഴുത്തുകാരില്‍ മുന്‍പന്തിയിലാണ് ബഷീര്‍, കാടുകള്‍, പുഴകള്‍ തുടങ്ങിയ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും തന്റെ മഷിത്തൂവല്‍ അദ്ദേഹം ജീവനാംശം നല്‍കിയിരുന്നു. പ്രകൃതിയുടെ സമൂഹമായ ആവിഷ്കാരം കൊണ്ട് ശ്രദ്ധേയമായ ‘ഭൂമിയുടെ അവകാശികള്‍’ എന്ന കഥ അദ്ദേഹത്തിന്റെ പ്രകൃതിയോടുള്ള സമീപനത്തിന് ഉത്തമ ഉദാഹരണമാണ്. മനുഷ്യര്‍ മാത്രമല്ല, ഭൂമിയിലെ മറ്റ് ജീവജാലങ്ങള്‍ക്കും ഈ ഭൂമിയുടെ അവകാശികള്‍ ആണെന്ന് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അദ്ദേഹം ചെയ്തത്. ബുസ്സാട്ടോ, ഡ്രങ്ക് ഡിങ്കാഹോ, ഹുലീ ഹലീയോ ഹുലി, ഹുലാലോ, ഹന്‍ധോന്തു തുടങ്ങിയ വാക്കുകളും ശബ്ദപ്രയോഗങ്ങളും ഭാഷണ വൈവിധ്യങ്ങളും കൊണ്ട് സമ്പുഷ്ടമായ ബഷീര്‍സാഹിത്യത്തിലൂടെ തീര്‍ത്ഥാടനം നടത്തുന്നത് ഭാഷയുടെയും ശൈലീപ്രയോഗങ്ങളുടെയും മൂലസ്രോതസ്സിലേക്കാണെന്നു കാണാം.
ശബ്ദവും വസ്തുവും തമ്മിലുള്ള യുക്തി ബന്ധത്തില്‍നിന്നാണ് ഭാഷയുടെ പിറവി എന്ന് സിദ്ധാന്തിക്കുന്ന ഭാഷാപണ്ഡിതന്മാരുടെ വാമൊഴികളും ബഷീര്‍ പിന്‍പറ്റുന്നുണ്ടെന്നു അദ്ദേഹത്തിന്‍റെ ഭാഷാപ്രയോഗം സാക്ഷ്യം നല്‍കുന്നുണ്ട്. ആഗ്നേയവും യുക്തിരഹിതവും ആയ ശോകത്തെ ചിത്രീകരിക്കാന്‍ പ്രസാദാത്മകമായ ഒരു ഭാഷ നോവലിലും കഥകളിലും കൊണ്ട് വന്നതിലൂടെ ബഷീറിന്‍റെ ശബ്ദങ്ങളിലൂടെ വാക്കുകളുടെ അര്‍ത്ഥ തലങ്ങളിലേക്കല്ല ശബ്ദത്തിന്‍റെ പ്രയുക്തതയിലേക്കാണെന്നു ബോധ്യമാകും. വ്യാകരണത്തിന്‍റെ കടുംപിടുത്തങ്ങളും അലങ്കാരങ്ങളുടെ കടുംകെട്ടുകളുമില്ലാത്ത മേലാളന്മാരുടെ വ്യാകരണക്കെട്ടുകളില്‍ നിന്നും ജീവിതത്തിന്‍റെ അനുഭവവര്‍ത്തമാനങ്ങളിലേക്കദ്ദേഹം ഭാഷയെ ഇറക്കിപ്രതിഷ്ഠിച്ചു. ബഷീറിന്‍റെ ‘ആഖ്യാന’ ശൈലി ഉദാത്തമാവുന്നത് പദസന്നിവേശത്തിലെ അടുക്കും ചിട്ടയും പാലിച്ചാണ്. അതുപോലെ പ്രസാധനത്തെ മുകരുന്ന വിഷാദഭാവവും നര്‍മ്മം ചേര്‍ത്തൊപ്പിച്ച അനുഭവസാന്ദ്രമായ ഗ്രാമീണശൈലിയും നാടന്‍ പദപ്രയോഗങ്ങളും മലയാളത്തിന്‍റെ ഏറ്റുപറച്ചിലിന്‍റെ തുടര്‍ച്ചയായി അദ്ദേഹത്തിന്‍റെ കൃതികളെ വ്യത്യസ്തമാക്കി. ചിലപ്പോഴൊക്കെ പച്ച മലയാളത്തില്‍നിന്നും മാറി സംസ്കൃതഭാഷയുടെയും ആംഗലേയ ഭാഷയുടെയും പിന്നാലെ ബഷീര്‍ സഞ്ചരിക്കുന്നതായി കാണാന്‍ സാധിക്കുമെങ്കിലും അക്ഷരങ്ങളുടെ മെഴുതിരിവെട്ടം കൂടാതെതന്നെ ബഷീറിയന്‍ ഭാഷാലോകത്തേക്ക് ഏതൊരു വായനക്കാരനും അനായാസേന കടന്നുചെല്ലാമെന്നത് പ്രതിഭാധനനായ ബഷീറിന്‍റെയും ബഷീര്‍സാഹിത്യത്തിന്‍റെയും ബഷീറിയന്‍ ഭാഷയുടെയും മാത്രം പ്രത്യേകതയാണ്.
ഭാഷയിലെ ഭാവനയാണ് സാഹിത്യമെങ്കില്‍ സാഹിത്യത്തിലെ ലാളിത്യമായിരുന്നു ബഷീര്‍. ബഷീര്‍ വ്യാകരണമല്ല തെറ്റിക്കുന്നത് വ്യാകരണം ഭാഷയില്‍ ചെലുത്തുന്ന അധികാരത്തെയാണ്. ഭാഷയെന്നത് മാനകീകൃതപദങ്ങളല്ല, മറിച്ച് മാനവശബ്ദങ്ങളാണെന്നും അദ്ദേഹത്തിന്‍റെ കൃതികളിലൂടെ നമുക്ക് തിരിച്ചറിയാം. ഭാഷയെ അധികാരസംസ്കാരത്തിന്‍റെ കേന്ദ്രമാക്കുന്ന ആധുനിക യുക്തിക്കെതിരായ പ്രതിരോധമായി മാറുന്ന ബഷീറിന്‍റെ ശൈലികളും ഭാഷാ പ്രയോഗങ്ങളുമെല്ലാം ഭാഷണ വൈവിധ്യത്തെയും അര്‍ത്ഥഘടനയെയും ഉടനീളം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. ഭാഷാപ്രയോഗങ്ങളില്‍ കേവലം ഊന്നലിലെ വ്യതാസംകൊണ്ട് അര്‍ത്ഥ ഘടന മാറുകയും ഖണ്ഡികകള്‍ മാറുമ്പോള്‍ മുന്‍കൂറായി കരുതപ്പെട്ട അര്‍ത്ഥങ്ങള്‍ അവസാന ഖണ്ഡികയിലേക്കെത്തുമ്പോള്‍ തലകീഴായി മറിയുകയും ചെയ്യുന്ന പ്രതിഭാസവും ബഷീറിയന്‍ സാഹിത്യത്തിന്‍റെ മാത്രം സാമാന്യസ്വഭാവമെന്നത് ഏറെ ശ്രദ്ധനീയവും ചിന്തനീയവുമായ കാര്യമാണ്. ‘ഡും പാത്തുമ്മയുടെ ആട് പെറ്റു’ ,ഇത്തരം ശബ്ദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ എവിടെയും മുഴച്ചുനില്‍ക്കാതെ കഥയിലുടനീളം ലയിപ്പിക്കാനുള്ള വിശ്വശൈലീപിതാവിന്‍റെ അസാമാന്യമായ കഴിവ് അനിര്‍വ്വചനീയമാണ്.
സുല്‍ത്താന്‍റെ കൃതികളിലൂടെ
ലാളിത്യമായിരുന്നു എന്നും ബഷീര്‍ കൃതികളുടെ മുഖമുദ്ര. മലയാളികള്‍ക്ക് ബഷീറിന്‍റെ കഥാസരണിയും ശൈലികളും പരിചിതമെങ്കിലും അന്യഭാഷകളിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അവ പ്രയാസമുള്ളതായി മാറിയിരുന്നു. ഫ്രഞ്ച്, മലയ, ചൈനീസ്, ജാപ്പനീസ്, ഭാഷകളില്‍ ബഷീര്‍ കഥകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ നോവലുകളും പൂവന്‍പഴം ഉള്‍പ്പടെ16 കഥകളുടെ ഒരു സമാഹാരവും ഓറിയന്‍റ് ലോംഗ്മാന്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷുകാരനായ ഭാഷാശാസ്ത്രജ്ഞനും ദ്രാവിഡഭാഷാ പണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ ഡോ. റൊണാള്‍ഡ് ഇ.ആഷര്‍ പാത്തുമ്മയുടെ ആട്, ന്‍റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നൂ, ബാല്യകാലസഖി എന്നീ നോവലുകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ഈ കൃതികള്‍ സ്കോട്ട്ലന്‍റിലെ എഡിന്‍ബറോ സര്‍വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷകളും കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യശരങ്ങള്‍ ബഷീര്‍ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ പറഞ്ഞു ഫലിപ്പിച്ചു. ഉന്നതന്മാരായ സവര്‍ണ പ്രഭുക്കളെ നായകന്മാരാക്കുകയും, മുസ്ലിം കഥാപാത്രങ്ങളെ ദുഷ്ടന്മാരും വില്ലന്മാരുമാക്കി ചിത്രീകരിച്ചിരുന്ന ഒരു ദുഷ്പ്രവണതയില്‍ നിന്ന് നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറായിരുന്നു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത ബഷീര്‍ കൃതികളെ അനശ്വരമാക്കി.
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, പ്രേമലേഖ ശബ്ദങ്ങള്‍ എന്നിങ്ങനെ മലയാളി എന്നും ഓര്‍ത്തുവയ്ക്കുന്ന രചനകള്‍ ആ തൂലികയില്‍ നിന്നും പിറവിയെടുത്തു. ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു അദ്ദേഹത്തിന്‍റെ രചനകള്‍. താന്‍ കണ്ടുമുട്ടിയുള്ള കഥാപാത്രങ്ങളെ അദ്ദേഹം രചനകളിലും ആവിഷ്കരിച്ചു. അതി ദീര്‍ഘമായ രചനകള്‍ക്ക് പകരം അടുക്കും ചിട്ടയോടും കൂടിയ വളരെ കുറച്ച് എഴുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതിനാല്‍ അദ്ദേഹം എഴുതിയ എല്ലാ നോവലുകളും ദൈര്‍ഘ്യം കുറഞ്ഞവയാണ്. ബഷീറിന്‍റെ മാസ്റ്റര്‍പീസുകളിലൊന്ന് എന്ന് വിലയിരുത്തപ്പെടുന്ന ബാല്യകാലസഖിക്ക് കേവലം 75 പേജുകളാനുള്ളത്. എന്നാലും ജീവിതമോ അതിനപ്പുറവും എന്തെല്ലാമായോ അതില്‍ അടങ്ങിയിരിക്കുന്നതായി ഓരോ വായനക്കാരനും തോന്നും. അത്രത്തോളം തീവ്രമാണ് ബാല്യകാലസഖി. അസാധാരണമായ മറ്റൊരു പ്രണയകഥയാണ് പ്രേമലേഖനം. ബഷീര്‍ എഴുതിയ പ്രണയകഥകളില്‍ നിന്നും അസാധാരണമായ കൃതിയാണ് മതിലുകള്‍. സ്വന്തം ജീവിതപുസ്തകത്തില്‍ നിന്നും കണ്ടെടുത്ത കഥയുടെ ആവിഷ്കാരമാണ് പാത്തുമ്മയുടെ ആട് എന്ന നോവല്‍. അതില്‍ നിന്നെല്ലാം തികച്ച വ്യത്യസ്തമാണ് ശബ്ദങ്ങള്‍. പ്രമേയത്തിലും ആഖ്യാനത്തിലും പുലര്‍ത്തിയിരുന്ന ഈ വൈവിധ്യം ബഷീറിന്‍റെ സാഹിത്യ ജീവിതത്തിലുടനീളം കാണാന്‍ സാധിക്കും.
ബഷീര്‍ എന്ന മനുഷ്യസ്നേഹി
ബഷീര്‍ വെറുമൊരു കാഥികനോ നോവലിസ്റ്റോ ആയിരുന്നില്ല, മറിച്ച് മനുഷ്യത്വമുള്ള മനുഷ്യന്‍ കൂടിയായിരുന്നു.ാറൂമിയോടും ജീവജാലങ്ങളോടും വലിയൊ അളവില്‍ സ്നേഹവും ആദരവും നല്‍കുന്നതില്‍ ബഷീര്‍ ഒട്ടും പിശുക്കനായില്ല. അദ്ദേഹത്തോട് അടുത്തിടപഴകിയ പലരെയും ആകര്‍ഷിച്ചത് ബഷീര്‍ എന്ന മനുഷ്യനെയാണ്. പുതുമയുടെ സൗഹാര്‍ദ്ദത്തിന്‍റെ, ശുപ്രതീക്ഷശീലത്തിന്‍റെ ഒരു പര്യായമാണ് ബഷീര്‍. തീര്‍ച്ചപ്പെടുത്തുന്നത്, ബഷീറെന്ന മനുഷ്യനെ കുറിച്ചാണ്. തത്തി കളിക്കുന്ന കുഞ്ഞു കിളികളെയും അണ്ണാന്‍ കുഞ്ഞിനേയും സ്നേഹിക്കുന്ന സ്നേഹനിധിയായ ബഷീര്‍. ആഗന്തുകന് സ്നേഹത്തോടെ സുലൈമാനിയും ബിരിയാണിയും വിളമ്പുന്ന ബഷീര്‍.
ഇസ്ലാം മതത്തിലെ യോഗാത്മക ആത്മീയ ധാരയാണ് സൂഫിസം കാരുണ്യം ദൈവത്തിന്‍റെ ഗുണമാണ് ഈ ദൈവ ഗുണം ജീവിതത്തിലുടനീളം പുലര്‍ത്തുവാന്‍ ബഷീര്‍ പ്രയത്നിച്ചിട്ടുണ്ട്. കാരുണ്യത്തിന്‍റെ നിറകുടങ്ങളാണ് ബഷീര്‍ കൃതികള്‍. തന്നെ കടിച്ച് അട്ടയോട് പോലും കാരുണ്യം കാണിക്കുന്ന കുഞ്ഞി പാത്തുമ്മ (ന്‍റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു), എല്ലാവരും തന്നെ ചൂഷണം ചെയ്യുകയാണ് എന്നറിഞ്ഞിട്ടും അതിനെല്ലാം ഒപ്പം നില്‍ക്കുന്ന വല്യക്കാക്ക (പാത്തു മ്മയുടെ ആട്), അങ്ങനെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും എടുത്തു കാണിക്കാം. ഏതൊരു പ്രവര്‍ത്തിയും ദൈവ നാമത്തില്‍ തുടങ്ങുക എന്നത് ഒരു സൂഫി രീതിയാണ്. ‘ബാപ്പാ വെളുപ്പിനെ എണീറ്റു പല്ലുതേച്ചു പ്രാത പ്രാര്‍ത്ഥനയായ സുബഹ് നിസ്കരിച്ചു കഴിയുമ്പോള്‍ അവള്‍ ഒരു പാത്രം കടും ചായ തയ്യാറാക്കിയിട്ടുണ്ടാവും. ബാപ്പാ അതു കുടിച്ച് ബിസ്മീം ചൊല്ലി ദൈവാനുഗ്രഹത്തോടെ നീണ്ടുനിവര്‍ന്ന് നടന്നുപോകും’ (ന്‍റെപ്പൂപ്പാക്കൊരാനേണ്ടര്‍ന്നു). ബഷീര്‍ കൃതികളില്‍ ഇത്തരം പല സന്ദര്‍ങ്ങളും കടന്നുവരുന്നുണ്ട്.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും തന്‍റെതായ സാന്നിധ്യം അദ്ദേഹം അറിയിച്ചു. സ്കൂള്‍ പഠനകാലത്ത് കോഴിക്കോട് സമരമുഖത്ത് എത്തിയ മഹാത്മാഗാന്ധിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയ സംഭവമാണ് ബഷീറിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറിയത്. അവിടെ വച്ച് ഗാന്ധിജിയെ അദ്ദേഹം തൊട്ട സംഭവം പിന്നീട് വളരെ അഭിമാനപൂര്‍വ്വം പരാമര്‍ശിച്ചിട്ടുണ്ട്.
വാക്കുകളില്‍ ആകാശങ്ങളെ ഒളിപ്പിച്ച ബഷീര്‍ സാഹിത്യത്തിലെ നിത്യയൗവനമായി നിലനില്‍ക്കും. വരും കാലങ്ങളില്‍ എഴുതപ്പെടുന്നവാക്കുകള്‍ക്കും മീതെ ബഷീറിന്‍റെ എഴുതപ്പെട്ട വാക്കുകള്‍ അനവധി കാലം നിലയുറപ്പിക്കും. ഈ വാക്കുകളാണ് മലയാളത്തിനു ബഷീര്‍ നല്‍കിയ സ്വത്ത്. ജീവിതത്തിലും സാഹിത്യത്തിലും ഏകാകിയായി സഞ്ചരിച്ച് ദുഃഖങ്ങളെ സന്തോഷങ്ങളായെടുത്ത്, ഈ കൊച്ചു മലയാളത്തിന്‍റെ സാഹിത്യ സമ്പന്നതയെ വിശ്വമഹത്വത്തിന്‍റെ ശിഖരങ്ങളിലേക്ക് എടുത്തുര്‍ത്തിയ മഹാനായ ഈ മനുഷ്യനോട് മലയാളികളായിപ്പിറന്ന, മനുഷ്യരായിപ്പിറന്ന പ്രപഞ്ചത്തിലെ അനേകം ജീവിവര്‍ഗങ്ങളില്‍ ഒരു ജീവിവര്‍ഗമായിപ്പിറന്ന നമുക്ക് കടപ്പാടുകളുണ്ട്.തന്‍റെ തലയിലെ മുടിയെല്ലാം മലയാള സാഹിത്യത്തിന് ആഹുതി ചെയ്തുവെന്ന ബഷീറിന്‍റെ മൊഴി അനേകം ബഷീറിയന്‍ നര്‍മങ്ങളിലൊന്നായി ആസ്വദിക്കുകയും, ഉരുകിത്തീര്‍ന്നുകൊണ്ടിരുന്ന ആ ജീവിതത്തിന്‍റെ വേവില്‍നിന്ന് വാര്‍ന്നുവീണ് അനശ്വര കൃതികളാണ് ബാല്യകാലസഖിയും നറുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നുവും പാത്തുമ്മായുടെ ആടും മതിലുകളും ശബ്ദങ്ങളും.
1994 ജൂലൈ 5 ന് സുല്‍ത്താന്‍ നമ്മോട് വിടപറഞ്ഞെങ്കിലും, ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ തികച്ചും വേറിട്ട അദ്ധ്യായമായി ‘ബേപ്പൂര്‍ സുല്‍ത്താന്‍’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജീവിതം ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാള സാഹിത്യത്തിന് ബഷീറേകിയ സംഭാവനങ്ങള്‍ ഉദാത്തവും നിസ്തുലവുമാണ്. ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് കടന്നുചെല്ലുന്ന എഴുത്തിന്‍റെ വഴിയില്‍ ബഷീര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, പാത്തുമ്മയുടെ ആടും മജീദും സുഹ്റയും നാരായിണിയും ഒന്നും മതിലുകള്‍ക്കപ്പുറമായിട്ടില്ല ഒരു കാലത്തും..!
