മുല്ലപ്പെരിയാര്‍; ഭീതിയും യാഥാര്‍ഥ്യവും

വര്‍ഷാവര്‍ഷം കേരളജനതയുടെ ആശങ്ക പുതുക്കുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍ ഡാം. ഇടുക്കി മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗം ഡീന്‍ കുര്യാക്കോസ് പറഞ്ഞത് മുല്ലപ്പെരിയാര്‍ ഡാം ജല ബോംബാണെന്നാണ്. വയനാട്ടിലെ മുണ്ടക്കയ്യില്‍ ഉണ്ടായ ഉരുള്‍പൊട്ടലാണ് വീണ്ടും മുല്ലപ്പെരിയാർ ഡാം സംബന്ധിയായ ചര്‍ച്ചകള്‍ സജീവമാക്കിയത്. ഭീതി പടര്‍ത്തുന്ന വിധം വിദഗ്ധരുടെയടക്കം വാദങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുകയും യാഥാര്‍ഥ്യമറിയാതെയുള്ള അനാവശ്യ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നത് വീണ്ടും മുല്ലപ്പെരിയാറിന്റെ ചരിത്രവും വര്‍ത്തമാനവും പഠിക്കപ്പെടാന്‍ അവസരമൊരുക്കുകയാണ്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രം

ഇന്ന് കേരളത്തില്‍ ഏറ്റവും സുരക്ഷിതമായിട്ടുള്ളതും ഇന്ത്യയില്‍ തന്നെ ഏറ്റവും പഴക്കം ചെന്നതുമായ ഡാമുകളിലൊന്നാണ് മുല്ലപ്പെരിയാര്‍. 1887 മുതല്‍ 1895 വരെയുള്ള എട്ട് വര്‍ഷ കാലയളവിലാണ് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ‘കേണല്‍ ജോണ്‍ പെന്നിക്വിക്ക്’ ആണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. പെരിയാര്‍, മുല്ലയാര്‍ നദികളുടെ സംഗമ സ്ഥലത്താണ് ഡാം നിര്‍മിച്ചിട്ടുള്ളത്. 999 വര്‍ഷത്തേക്കായിരുന്നു അന്നത്തെ മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി തിരുവിതാംകൂര്‍ മഹാരാജാവുമായി മുല്ലപ്പെരിയാറിന്‍റെ റിസര്‍വോയറും അണക്കെട്ടും ഉള്‍പ്പെടുന്ന എണ്ണായിരത്തോളം ഏക്കര്‍ പ്രദേശം ഡാം നിര്‍മാണത്തിനായി പാട്ടക്കരാര്‍ ഒപ്പിട്ടത്. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാര്‍ ഡാം നിലനില്‍ക്കുന്നത് കേരളത്തിലാണെങ്കിലും അതിന്‍റെ നിയന്ത്രണം തമിഴ്നാടിന്‍റെ പക്കലുമാണ്. അന്നത്തെ മദ്രാസ് സ്റ്റേറ്റിലെ പ്രദേശങ്ങളിലേക്കുള്ള ജലസേചനം തന്നെയായിരുന്നു നിര്‍മ്മാണത്തിന് പിന്നിലെ മുഖ്യലക്ഷ്യം. ഡാമിന്‍റെ നിര്‍മാണച്ചുമതല ഏറ്റെടുത്ത ബ്രട്ടീഷ് എന്‍ജിനീയറായ ജോണ്‍ പെന്നിക്വിക്ക് വളരെ ത്യാഗം സഹിച്ചാണ് നിര്‍മാണം നിയന്ത്രിച്ചത്. ആദ്യ സമയത്ത് പല തവണ മഴയും നദിയിലെ കുത്തൊഴുക്കും നിര്‍മ്മാണത്തിന് വലിയ തടസ്സമായിട്ടുണ്ടായിരുന്നു. അധികാരികളില്‍ നിന്നും മറ്റും കുത്തുവാക്കുകളും ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലുള്ള തന്‍റെ സ്വത്തും സമ്പാദ്യവുമെല്ലാം വിറ്റ് ഡാം നിര്‍മാണത്തിനായി ഉപയോഗിക്കേണ്ടി വന്ന പെന്നിക്വിക്ക് ദീര്‍ഘകാലത്തേക്കുള്ള ജലസേചനമാര്‍ഗം മുന്നില്‍ കണ്ട് വളരെ കരുത്തുറ്റ രീതിയില്‍ തന്നെ ഡാമിന്‍റെ നിര്‍മാണം ക്രമപ്പെടുത്തി. എങ്കിലും നിര്‍മാണത്തിനിടെ ഇരുന്നൂറിലധികം ജോലിക്കാര്‍ മരണപ്പെട്ടിട്ടുണ്ട്.

ഡാമിന്‍റെ സുരക്ഷിതത്വം

അന്ന് മറ്റു പല രാജ്യങ്ങളിലും നിര്‍മിച്ചു വിജയം കണ്ട ‘ഗ്രാവിറ്റി എര്‍ത്ത്’ ഘടനയിലാണ് മുല്ലപ്പെരിയാര്‍ രൂപപ്പെടുത്തിയത്. ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നതെങ്കിലും മറ്റു ഡാമുകളെ അപേക്ഷിച്ച് ഭൂകമ്പങ്ങളെ കൂടുതല്‍ കാലം ചെറുക്കാന്‍ കഴിയുമെന്നതാണ് ഗ്രാവിറ്റി ഡാമുകളുടെ പ്രത്യേകത. കല്ലുകള്‍ പരസ്പരം ലോക്ക് ചെയ്ത്, അടിത്തറ ഭൂമിയില്‍ ആഴത്തില്‍ ഘടിപ്പിക്കുന്ന രീതിയിലാണ് ഗ്രാവിറ്റി എര്‍ത്തിന്‍റെ ഘടന വരുന്നത്. ചുണ്ണാമ്പ്, സുര്‍ക്കി, കരിങ്കല്ല് എന്നിവ ഉപയോഗിച്ചാണ് ഡാമിന്‍റെ ഭിത്തി പണിതിട്ടുള്ളത്.

പാട്ടക്കരാര്‍ 999 വര്‍ഷത്തേക്കുണ്ടെന്നിരിക്കെ എട്ടു വര്‍ഷങ്ങളെടുത്ത്, പല പ്രതിസന്ധികളും മറികടന്ന് ഒരു ഡാം നിര്‍മ്മിക്കുമ്പോള്‍ ഇന്ന് പറയപ്പെടുന്ന പോലെ കേവലം 50 വര്‍ഷത്തേക്കുള്ള ഡാമല്ല അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് മനസ്സിലാക്കാം. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ നിര്‍മ്മാണം കഴിഞ്ഞ് 130 വര്‍ഷം പിന്നിടുമ്പോഴും ഡാമിന്‍റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നു എന്നത് തന്നെ അത്ഭുതമാണ്. ഈ കാലയളവില്‍ ഡാമില്‍ വന്നിട്ടുള്ള വീഴ്ച എന്ന് പറയാവുന്നത് കരിങ്കല്ലുകള്‍ക്ക് മുകളിലൂടെ പാകിയിട്ടുള്ള സുര്‍ക്കി മിശ്രിതം പലയിടത്തും ഒലിച്ചു പോയിട്ടുണ്ട് എന്നതാണ്. അതുമൂലം തന്നെ ഡാമിന്‍റെ പല ഭാഗങ്ങളിലും വെള്ളത്തിന്‍റെ ലീക്ക് ഉണ്ടാവുന്നുമുണ്ട്. അത് സ്വാഭാവികമായും കല്ലുകള്‍ക്കിടയിലൂടെ വരുന്ന വെള്ളമാണ്. അങ്ങനെ വരുന്ന വെള്ളം ഒഴുകിപ്പോകാന്‍ ടണലുകള്‍ക്കുള്ളിലൂടെ ഒരു പാത്തി അണക്കെട്ടിനൊപ്പം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അതുകാരണം കരിങ്കല്ലിനോ കല്ലുകളുടെ കെട്ടുറപ്പിനോ യാതൊന്നും സംഭവിച്ചിട്ടുമില്ല. ഇതല്ലാതെ മറ്റൊരു ബലക്ഷയം ഉണ്ടെന്ന് ഒരു സമിതിക്കും ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ 1979 ലും 2011 ലും ഉണ്ടായ ഭൂകമ്പങ്ങളില്‍ ഡാമില്‍ വിള്ളലുകളുണ്ടായിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ സാധാരണ ഡാമുകളെ പോലെ കൃത്യമായ ഇടവേളകളില്‍ മൈന്റനന്‍സ് പണികള്‍ നടക്കുന്നതിനാല്‍ ഇത്രയും കെട്ടുറപ്പുള്ള മുല്ലപ്പെരിയാര്‍ ഡാമിലെ വിള്ളലുകളെ ഭയക്കേണ്ടതില്ല.

142 അടി ഉയരമുള്ള റിസര്‍വോയറില്‍ 50 അടിയോളം മാത്രമേ ഡാം വരുന്നുള്ളൂ. വെള്ളം കെട്ടിക്കിടക്കുന്നതാണെങ്കിലോ പ്രകൃത്യ താഴ്ന്ന ഒരു പ്രദേശത്താണ്. 100 അടിയോളം പൊക്കമുള്ള ഇടത്താണ് അണ കെട്ടിയിരിക്കുന്നതും. ഡാമില്‍ വരുന്ന വെള്ളത്തിന്‍റെ പ്രഷറിനെ തടയാന്‍ ആവശ്യമായതിന്‍റെ രണ്ടര ഇരട്ടി ഭാരത്തിലാണ് കല്ല് കെട്ടിയിരിക്കുന്നത്. അത് പൊളിയണമെങ്കില്‍ മാഗ്നിറ്റ്യൂഡ് ആറിന് മുകളില്‍ തീവ്രതയുള്ള ഭൂചലനമെങ്കിലും വരണം.

കേസുകളും കോടതിയുടെ ഇടപെടലും

ഒരു സാധാരണ അണക്കെട്ടിന്‍റെ ആയുസ്സ് 50 മുതല്‍ 60 വര്‍ഷംവരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാര്‍ ഡാം പ്രവര്‍ത്തനരഹിതമാക്കണമെന്നും പുതിയ ഡാം പണിയണമെന്നുമായിരുന്നു കേരളത്തിന്‍റെ ആവശ്യം. പക്ഷേ, ഇത്രയധികം ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും സുപ്രീം കോടതിയുടെ അടുത്ത് നിന്ന് കേരളത്തിന് അനുകൂലമായ ഉത്തരവുകളൊന്നും ഇതു വരെ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിന്‍റെ ആശങ്ക പരിഗണിച്ച് സംഭരണശേഷിക്ക് മുകളില്‍ വെള്ളമുയര്‍ത്തരുതെന്ന തീരുമാനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. മാത്രമല്ല, തമിഴ്നാടിന്‍റെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ കോടതി ശ്രദ്ധിച്ചിട്ടുമുണ്ട്. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും തമിഴ്നാട് മുല്ലപ്പെരിയാറിനെ കാര്യമായി ആശ്രയിക്കുന്നതിനാല്‍ അവര്‍ നിരന്തരം ഉന്നയിച്ചിരുന്ന ആവശ്യമായിരുന്നു അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നത്. ഈ ആവശ്യവുമായി 2006-ല്‍ കേസുമായി ചെന്ന തമിഴ്നാടിന്‍റെ വാദങ്ങള്‍ക്ക് മറുവാദവുമായി സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് കേരളവും ചെന്നെങ്കിലും കേരളത്തിന്‍റെ വാദങ്ങളെ തള്ളുകയാണ് സുപ്രീം കോടതി ചെയ്തത്. ഈ കേസില്‍ അന്തിമമായി 2014-ല്‍ വിധി വന്നത് തമിഴ്നാടിന്‍റെ ആവശ്യപ്രകാരം ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്താമെന്നാണ്. 2006-ല്‍ തന്നെ തമിഴ്നാടിന് അനുകൂലമായി വിധി വന്നെങ്കിലും കേരളം വീണ്ടും കേസുകളുമായി മുന്നോട്ടു പോകുകയായിരുന്നു.

അതിനിടെ 2010-ല്‍ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് എ. എസ്. ആനന്ദിന്‍റെ കീഴില്‍ ശാക്തീകരണ കമ്മിറ്റി രൂപീകരിക്കുകയും 2012-ല്‍ മുല്ലപ്പെരിയാര്‍ ഡാം എല്ലാ തരത്തിലും സുരക്ഷിതമാണെന്ന് നിരീക്ഷിച്ച് കമ്മിറ്റി പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അതിനു മുന്നെ 1979-ല്‍ ഗുജറാത്തില്‍ മച്ചു അണക്കെട്ട് തകര്‍ന്നതിന്‍റെ ഭീതിയിലും മുല്ലപ്പെരിയാറില്‍ വിള്ളല്‍ കണ്ടതിനാലും ജലനിരപ്പ് കുറച്ചതായിരുന്നു. ശേഷം 2000-2001 കാലയളവില്‍ സുപ്രീം കോടതിയുടെ ആവശ്യപ്രകാരം ഡാം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ കേന്ദ്ര ജല കമ്മീഷനിലെ അണക്കെട്ട് വിദഗ്ധനായ കെ. ബി. മിറ്റലിന്‍റെ കീഴില്‍ മിറ്റല്‍ കമ്മിറ്റി രൂപീകരിക്കുകയും അവര്‍ തമിഴ്നാടിന് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ജലനിരപ്പ് 142 അടി ആക്കുന്നതില്‍ തടസ്സങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, 152 അടി ആക്കിയാലും ഡാമിന് കുഴപ്പമൊന്നും വരില്ലെന്നും ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഇതൊന്നും കൂടാതെ കേരളത്തിന്‍റെ ഭാഗത്ത് നിന്നും തമിഴ്നാടിന്‍റെ ഭാഗത്ത് നിന്നും ഔദ്യോഗികമായും അനൗദ്യോഗികമായും പല പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും അതെല്ലാം ഇരു സംസ്ഥാനങ്ങളെ പരസ്പരം അസ്വാരസ്യങ്ങളിലേക്ക് നയിക്കുകയാണ് ചെയ്തത്. അവസാനമായി യു.എന്‍.ഓ യുടെ കീഴിലും 2021-ല്‍ മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് പഠനറിപ്പോര്‍ട്ട് പുറത്തു വരികയുണ്ടായി. അത് കേരളത്തിന് അനുകൂലമായിരുന്നെങ്കിലും കൃത്യമായ സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ആ റിപ്പോര്‍ട്ടിനായിട്ടില്ല. എന്തായാലും സ്വന്തം രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരെ കൊലക്ക് കൊടുത്തുകൊണ്ടുള്ള ഒരു നീക്കത്തിനും സുപ്രീം കോടതി തയ്യാറാവില്ല എന്നത് ഉറപ്പാണ്.

മുല്ലപ്പെരിയാര്‍ ഡാമിന് ഇനിയും വര്‍ഷങ്ങള്‍ അതിജീവിക്കാനുള്ള ശേഷിയുണ്ട്. ഡാമിനെ കുറിച്ചുള്ള അനാവശ്യ ധാരണകളെല്ലാം ഒഴിവാക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കില്‍ ഈ ജനത ഇനിയും ഭീതിയോടെ കഴിയേണ്ടി വരും. ഡാം നിലനില്‍ക്കേണ്ടത് തമിഴ്നാടിന്റെയും കൂടി ആവശ്യമാണെന്നിരിക്കെ കാര്യങ്ങളെ യാഥാർത്യ ബോധത്തോടെ ഉള്‍കൊള്ളാന്‍ കേരളജനതയും തയ്യാറാവണം.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading