ഹമാസ് രാഷ്ട്രീയ കാര്യവിഭാഗം തലവന്‍ ഇസ്മാഈല്‍ ഹനിയ്യ 2024 ജൂലൈ 31 ന് ഇറാനില്‍ വെച്ചുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. രാഷ്ട്രീയ രംഗത്ത് തങ്ങള്‍ക്കെപ്പോഴും തലവേദന സമ്മാനിച്ച ഹനിയ്യയെ കൊലപ്പെടുത്തുക എന്നത് ഇസ്രാഈലിന്‍റെ പ്രഖ്യാപിത ലക്ഷ്യം തന്നെയായിരുന്നു. കൃത്യവും കണിശവുമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹത്തിന് തന്‍റെ രാഷ്ട്രീയ പോരാട്ടത്തിലൂടെ എതിരാളികളെ സമ്മര്‍ദ്ദത്തിന്‍റെ തീച്ചൂളയില്‍ നിര്‍ത്താന്‍ സാധിച്ചിരുന്നു. ഇറാന്‍റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മസൂദ് പോഷ്കിയാന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിക്കാനായി ഇറാനിലെത്തിയ അദ്ദേഹം അവിടെ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസില്‍ വെച്ച് കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട വിവരം. ഗസ്റ്റ് ഹൗസിനുള്ളില്‍ ശത്രുക്കള്‍ മുന്‍കൂട്ടി ഒളിപ്പിച്ചു വെച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടതെന്നും, അല്ല മിസൈലാക്രണമാണ് മരണകാരണമെന്നും അഭിപ്രായങ്ങളുണ്ട്.
സജീവ രാഷ്ട്രീയത്തിലേക്ക്
ഇന്ന് ഇസ്രാഈലിന്‍റെ ഭാഗമായിത്തീര്‍ന്ന അഷ്കലോണിന്‍റെ പ്രാന്തപ്രദേശത്തുനിന്നും കുടിയിറക്കപ്പെട്ട ഫലസ്തീനി ദമ്പതികളുടെ മകനായി 1962–ല്‍ ജനിച്ച ഇസ്മാഈല്‍ ഹനിയ്യ ഗസ്സയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് തന്‍റെ ബാല്യകാലം ചിലവഴിച്ചത്. യു.എന്നിന് കീഴിലുള്ള പ്രാദേശിക വിദ്യാലയത്തില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ അറബി സാഹിത്യ വിഭാഗത്തില്‍ പഠനം നടത്തുന്ന വേളയിലാണ് അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ട് തുടങ്ങിയത്. മുസ്‌ലിം ബ്രദര്‍ഹുഡുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു ഇസ്‌ലാമിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് എന്നതായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്‍റെ മേല്‍വിലാസം. 1987ലെ ഒന്നാം ഇന്‍തിഫാദയില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ആറുമാസം അദ്ദേഹത്തെ ഇസ്രാഈല്‍ തടവില്‍ വെച്ചു. 1988ല്‍ ഹമാസ് നിലവില്‍ വന്നപ്പോള്‍ അതിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. 1989 മുതല്‍ 1992 വരെയുള്ള കാലയളവില്‍ അദ്ദേഹം വീണ്ടും തുറങ്കലിലടക്കപ്പെടുകയും പിന്നീട് 400 സഹതടവുകാര്‍ക്കൊപ്പം തെക്കേ ലബനാനിലേക്ക് നാട് കടത്തപ്പെടുകയുമുണ്ടായി. 1993ല്‍ ഓസ്ലോ കരാറിനെ തുടര്‍ന്ന് ഗസ്സയിലെക്ക് തിരിച്ചെത്തിയ അദ്ദേഹം താമസിയാതെ ഗസ്സ യൂണിവേഴ്സിറ്റിയുടെ ഡീനായി നിയമിതനായി. ഹമാസിന്‍റെ തലവനും ആത്മീയ ആചാര്യനുമായിരുന്ന ഷെയ്ഖ് അഹ്മദ് യാസിനുമായി ഹനിയ്യ അഭേദ്യബന്ധം പുലര്‍ത്തിയിരുന്നു. 1997ൽ ഷെയ്ഖ് യാസിനിന്‍റെ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതോടെ അദ്ദേഹം ഫലസ്തീന്‍ രാഷ്ട്രീയത്തിന്‍റെ മുന്‍നിരയിലേക്ക് പ്രവേശിച്ചു.
അധികാര മുന്‍നിരയിലേക്ക്
ഓസ്ലോ കരാറിലൂടെ ഗസ്സയും വെസ്റ്റ് ബാങ്കും സ്വതന്ത്രമായി ഭരിക്കാനുള്ള അധികാരം ഫലസ്തീനിന് ലഭിച്ചു. ഫതഹ് പാര്‍ട്ടി നേതാവ് യാസര്‍ അറഫാത്തിന്‍റെ നായകത്വത്തില്‍ രൂപീകരിക്കപ്പെട്ട പാലസ്തീന്‍ വിമോചന മുന്നണി(PLO) യായിരുന്നു 1996 മുതല്‍ 2006 വരെ അധികാരത്തിലുണ്ടായിരുന്നത്. 2006ലെ ഫലസ്തീന്‍ അതോറിറ്റി തിരഞ്ഞെടുപ്പില്‍ മിതവാദികളായ PLOയെ പിന്നിലാക്കി തീവ്ര ആശയക്കാരായ ഹമാസ് അധികാരത്തിലെത്തുകയും ഫതഹ് പാര്‍ട്ടിയുടെ അഹ്മദ് അലി ഖുറേ പ്രധാനമന്ത്രി പദം ഒഴിയുകയും പുതിയ പ്രധാനമന്ത്രിയായി ഇസ്മാഈല്‍ ഹനിയ്യ ചുമതലയേല്‍ക്കുകയും ചെയ്തു. പിന്നീട് ഫലസ്തീന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രബലരായ രണ്ട് പാര്‍ടികള്‍ തമ്മിലുള്ള രൂക്ഷമായ അധികാര തര്‍ക്കങ്ങള്‍ക്കാണ് ചരിത്രം സാക്ഷിയായത്. ദീര്‍ഘകാലം കൈവശം വെച്ചിരുന്ന അധികാരം ഒടുവില്‍ നഷ്ടപ്പെട്ടപ്പോള്‍ ഫതഹ് പാര്‍ട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പുതിയ സര്‍ക്കാരിന് മുന്നില്‍ ഇസ്രാഈല്‍ വെച്ച നിബന്ധനകള്‍ ഹമാസ് അംഗീകരിക്കാത്തതിനാല്‍ PLO ഭരണ കാലത്ത് അനുവദിച്ചിരുന്ന അന്താരാഷ്ട്ര സഹായങ്ങള്‍ ഇസ്രാഈല്‍ തടഞ്ഞുവെക്കുകയും ഹനിയ്യ ഭരണകൂടം സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുകയും ചെയ്തു.
ഫലസ്തീന്‍ പ്രസിഡന്‍റും ഫതഹ് പാര്‍ട്ടി അനുഭാവിയുമായ മഹ്മൂദ് അബ്ബാസ് ഹമാസിന്‍റെ അധികാരശേഷി പരിമിതപ്പെടുത്തുന്നതിന് വേണ്ടി തന്‍റെ പദവി ഉപയോഗിച്ച് സുരക്ഷാകാര്യങ്ങളുടെ തലവനായി ഫതഹ് പാര്‍ട്ടിയുടെ അബൂശബ്കിനെ ഹമാസ് ആഭ്യന്തര മന്ത്രിക്ക് മുകളില്‍ പ്രതിഷ്ഠിച്ചത് ഹമാസ്- ഫതഹ് ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കി. 2007 മാര്‍ച്ചില്‍ ഐക്യശ്രമങ്ങളുടെ ഭാഗമായി ഹനിയ്യ ഭരണകൂടം നിലവിലെ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഫതഹ് പാര്‍ട്ടിയുമായി ചേര്‍ന്ന് സംയുക്ത സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ജൂണില്‍ ഗസ്സയില്‍ വെച്ച് ഹമാസ്-ഫതഹ് ഏറ്റുമുട്ടലുണ്ടായതോടെ സംയുക്ത സര്‍ക്കാര്‍ തകരുകയും പ്രസിഡന്‍റ് അബ്ബാസ് മഹ്മൂദ് നിലവിലെ സര്‍ക്കാര്‍ പിരിച്ചുവിട്ട് സലാം ഫയ്യാദിനെ പ്രധാനമന്ത്രിയാക്കി ഫതഹ് ഭരണകൂടത്തെ അംഗീകരിക്കുകയുമുണ്ടായി. അബ്ബാസിന്‍റെ നടപടിയെ അംഗീകരിക്കാതിരുന്ന ഹനിയ്യ അദ്ദേഹം തന്നെ അധികാരഭ്രഷ്ഠനാക്കാന്‍ ശത്രുരാജ്യങ്ങളുമായി സഹകരിക്കുയാണെന്നും ആരോപിച്ചു.
2007 ജൂണ്‍ മുതല്‍ ഗസ്സയുടെ നിയന്ത്രണം ഹമാസിന്‍റെ സ്വതന്ത്ര ഭരണകൂടവും വെസ്റ്റ് ബാങ്കിന്‍റെ നിയന്ത്രണം സലാം ഫയ്യാദിന്‍റെ ഫതഹ് ഭരണകൂടവും ഏറ്റെടുത്തു. 2007 മുതല്‍ 2014 വരെ ഹമാസ് ഭരണകൂടത്തിന്‍റെ പ്രധാനമന്ത്രിയായി ഇസ്മാഈല്‍ ഹനിയ്യ പ്രവര്‍ത്തിച്ചശേഷം 2014ലെ ഹമാസ്-ഫതഹ് അനുരഞ്ജന ചര്‍ച്ചയുടെ ഫലമായി പ്രധാനമന്ത്രിപദം ഫതഹ് നേതാവായ ഹംദുല്ലക്ക് ഒഴിഞ്ഞു കൊടുത്തു. 2017 വരെ ഹമാസിന്‍റെ നേതൃസ്ഥാനത്ത് ഹനിയ്യ തുടരുകയും പിന്നീട് യഹിയ സിന്‍വാര്‍ പ്രസ്തുത സ്ഥാനം ഏറ്റടുത്തപ്പോള്‍ ഖാലിദ് മിഷാലിന്‍റെ ഒഴിവില്‍ ഹമാസിന്‍റെ രാഷ്ട്രീയകാര്യ വിഭാഗം തലവനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഹനിയ്യയുടെ നിലപാടുകള്‍
അധിനിവേശ ഇസ്രാഈലിനോട് ഒരു നിലക്കും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഹനിയ്യ സ്വീകരിച്ചത്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇസ്രാഈല്‍ പുതിയ ഗവണ്‍മെന്‍റിനെ അംഗീകരിക്കുവാന്‍ വേണ്ടി മുന്നോട്ട് വെച്ച നിബന്ധനകളെല്ലാം അദ്ദേഹം നിരാകരിച്ചു. മുന്‍ സര്‍ക്കാരില്‍ നിന്ന് വിഭിന്നമായി ഇസ്രാഈല്‍ രാഷ്ട്രത്തെയും അവരുടെ അധിനിവേശ ശ്രമങ്ങളെയും ഒരു തരത്തിലും അംഗീകരിക്കില്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചു. തങ്ങള്‍ മുന്‍ സര്‍ക്കാരുമായി ഒപ്പിട്ട എല്ലാ തീരുമാനങ്ങളും ഹമാസ് ഭരണകൂടവും അംഗീകരിക്കണമെന്നതായിരുന്നു ഇസ്രാഈലിന്‍റെ നിബന്ധനകളിലൊന്ന്. അധിനിവേശം ഭാഗികമായി അംഗീകരിച്ചു ഇസ്രാഈലുമായി അധികാരം പങ്കുവെക്കാന്‍ സമ്മതിച്ച മുന്‍ സര്‍ക്കാറിന്‍റെ നിലപാടിനെ അദ്ദേഹം നഖശിഖാന്തം എതിര്‍ക്കുകയാണുണ്ടായത്. പ്രസ്തുത നിലപാടുകളുടെ അനന്തരഫലമായി ഫലസ്തീന് ലഭ്യമായിരുന്ന സഹായ സഹകരണങ്ങള്‍ ലോക രാജ്യങ്ങള്‍ പിന്‍വലിക്കുകയും പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയായി ചുമതലയേറ്റടുത്ത ശേഷം നടത്തിയ തന്‍റെ ആദ്യ വിദേശ പര്യടനത്തിന് ശേഷം അനുഭാവികളില്‍ നിന്ന് സംഭാവനയായി സ്വീകരിച്ച 30 മില്യണ്‍ ഡോളറുമായി ഗസ്സയിലേക്ക് മടങ്ങുകയായിരുന്ന ഹനിയ്യയെ ഇസ്രാഈല്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രസിഡന്‍റിന്‍റെ സുരക്ഷാ ഭടന്മാര്‍ റഫ അതിര്‍ത്തിയില്‍ തടഞ്ഞു വെക്കുകയും പണം ഈജിപ്തിന് കൈമാറിയാല്‍ മാത്രമേ ഗസ്സയില്‍ പ്രവേശിക്കുവാന്‍ അനുവദിക്കൂ എന്ന് ഉപാധി പറയുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് ഹമാസ് സൈനികരും പ്രസിഡന്‍റിന്‍റെ സുരക്ഷാ ഭടന്മാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഒടുവില്‍ പണം ഈജിപ്തിനു കൈമാറിക്കൊണ്ട് തന്നെ ഗസ്സയില്‍ പ്രവേശിക്കാന്‍ ഹനിയ്യ നിര്‍ബന്ധിതനായി.
ഫലസ്തീനിലേക്കുള്ള സഹായങ്ങള്‍ ഹമാസിനെ മറികടന്ന് പ്രസിഡന്‍റ് വഴി എത്തിക്കുന്നതിന് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ ‘Temporary International Mechanism’ എന്ന പദ്ധതി മുന്നോട്ടു വെക്കുകയും അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും അത് അംഗീകരിക്കുകയും ചെയ്തു. എതിര്‍കക്ഷിയായ ഫതഹ് പാര്‍ട്ടി പല മാർഗ്ഗേനയും ഹമാസിനെയും അതിന്‍റെ നേതാവ് ഹനിയ്യയെയും അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചുവെങ്കിലും ആഭ്യന്തര ഐക്യത്തിന് വേണ്ടി ഹനിയ്യ പലപ്പോഴും പ്രതികാരം മറക്കുകയും ഒന്നിച്ചുനില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഭരണഘടന പ്രകാരം ഫലസ്തീന്‍റെ യഥാര്‍ത്ഥ ഭരണാധികാരികള്‍ തങ്ങളാണെന്നും ഫതഹ് ഭരണകൂടം നിയമവിരുദ്ധമാണെന്നുമായിരുന്നു ഹനിയ്യയുടെ നിലപാടെങ്കിലും 2014 ല്‍ രാഷ്ട്രീയ ഐക്യത്തിനുവേണ്ടി അദ്ദേഹം പ്രധാനമന്ത്രി പദവി ഉപേക്ഷിച്ചു. 2017 ല്‍ ഹമാസിന്‍റെ ഏറ്റവും പരമോന്നത പദവിയായ പൊളിറ്റിക്കല്‍ ബ്യൂറോ ചീഫായി നിയമിതനായ അദ്ദേഹം ഹമാസിന്‍റെ വിദേശ നയതന്ത്ര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഔദ്യോഗികമായി താമസം മാറ്റുകയും ചെയ്തു. മറ്റു മുസ്‌ലിം രാഷ്ട്രതലവന്മാരുമായി ഫലസ്തീന്‍ വിഷയത്തില്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയത് വഴി ഫലസ്തീനിന്‍റെ തന്നെ മുഖമായി അദ്ദേഹം മാറി.
2020ല്‍ തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാനുമായും ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുമായും സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇസ്രാഈലുമായി നയതന്ത്ര സഹകരണം സ്ഥാപിച്ച യു.എ.ഇ നടപടിയെ നിശിതമായി വിമര്‍ശിച്ച അദ്ദേഹം ഫലസ്തീന്‍ സമൂഹത്തോട് ചെയ്ത വഞ്ചന എന്നാണ് അതിനെ വിശേഷിപ്പിച്ചത്. 2023 ഒക്ടോബര്‍ 7ന് ഹമാസും മറ്റു സായുധ സംഘടനകളും സംയുക്തമായി ഇസ്രാഈല്‍ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണത്തെ അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീനികളുടെ അവകാശങ്ങള്‍ തിരിച്ചുചോദിക്കാനുള്ള പോരാട്ടമെന്നാണ് ഹനിയ്യ വിലയിരുത്തിയത്.
യുദ്ധത്തെ തുടര്‍ന്ന് ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഹമാസിനെ പ്രതിനിധീകരിച്ച ഇസ്മാഈല്‍ ഹനിയ്യ ഇസ്രാഈലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുകയും തങ്ങളുടെ കൈവശമുള്ള ഇസ്രാഈലി ബന്ധികള്‍ക്ക് പകരമായി മുഴുവന്‍ ഫലസ്തീന്‍ ബന്ധികളെയും വിട്ടയക്കണമെന്നും ഗസ്സക്ക് മുകളില്‍ ഏര്‍പെടുത്തിയ എല്ലാ ഉപരോധങ്ങളും എടുത്തുകളയണമെന്നും ഉപാധി വെക്കുകയുണ്ടായി.
ഫലസ്തീൻ- ഇസ്രാഈല്‍ സംഘര്‍ഷത്തിന്‍റെ പരിഹാരമായി ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ച ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ പോലെ തന്നെ ഹനിയ്യയും അംഗീകരിച്ചിട്ടില്ല. ഇസ്രാഈലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കണമെന്നുമുള്ള ഇസ്രാഈല്‍ ആവിശ്യങ്ങളാണ് ഹനിയ്യ ദിരാഷ്ട്രസിദ്ധാന്തത്തെ എതിര്‍ക്കുന്നതിനുള്ള മുഖ്യകാരണങ്ങള്‍. ഏറ്റവും ഒടുവിലായി 2024 ഏപ്രിലില്‍ ഫതഹ് പ്രതിനിധിയുമായി ചൈനയില്‍ വെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ഹമാസും ഫതഹും സംയുക്തമായി ഒരു ഇടക്കാലസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. പലസ്തീൻ ചരിത്ര താളുകളിൽ അനിഷേധ്യമായിട്ടുള്ള സ്ഥാനം കൈവരിച്ചു കൊണ്ടാണ് ഇസ്മായിൽ ഹനിയ ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്. അദ്ദേഹത്തെപ്പോലെ തെരുവോരങ്ങളിൽ കെട്ടിയുയർത്തിയ ടെൻ്റിൽ പിറന്ന ആയിരക്കണക്കിന് ബാല്യങ്ങൾക്ക് സ്വന്തം രാജ്യത്തിനുവേണ്ടി പോരാടാനുള്ള പാഠങ്ങൾ അദ്ദേഹം ബാക്കിയാക്കിയിട്ടുണ്ട് എന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ഭാവിയിൽ ഇനി ഇസ്രാഈൽ ഭയപ്പെടേണ്ടി വരിക ഫലസ്തീനിൻ്റെ ഭൂതകാലത്തെയാണ് എന്ന് പറയപ്പെടുന്നത്.
