സമാധാനത്തെയും ഐക്യത്തെയും വിളിച്ചോതേണ്ട ഒളിമ്പിക് വേദികള്‍ വര്‍ഷങ്ങളായി അശാന്തി പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആധുനിക ഒളിമ്പിക്സ് 1896 ല്‍ പിയറി ഡി കൂബര്‍ട്ടിനിലൂടെയാണ് (Pierre de Coubertin) ഏഥന്‍സില്‍ ആരംഭിക്കപ്പെടുന്നത്. ഇതേ ഒളിമ്പിക്സില്‍ തന്നെ നടമാടിയ സ്ത്രീ വിവേചനം ആധുനിക ഒളിമ്പിക്സിന്‍റെ ഇരട്ടത്താപ്പിനെ സൂചിപ്പിക്കുന്നു. പിന്നീട് നടന്ന ബെര്‍ലിന്‍ ഒളിമ്പിക്സ് മുതല്‍ ഇന്നെത്തി നില്‍ക്കുന്ന പാരീസ് ഒളിമ്പിക്സ് വരെ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രശ്നങ്ങളില്‍ നിമഗ്നമായി നിന്നു.’ഒളിമ്പിക്സ് പലപ്പോഴായി അതാത് കാലത്തിന്‍റെ പ്രധാന സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നു’ എന്നാണ് ഒളിമ്പിക്സ്: ആധുനിക ഗെയിംസിന്‍റെ ചരിത്രം (The Olympics: A History of the Modern Games) എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് ഗുട്ട്മാന്‍. ഐ പറയുന്നത്.
ആധുനികതയിലും ഉത്തരാധുനികതയിലും രൂപം കൊണ്ട മതേതര-സ്വതന്ത്ര ചിന്താസങ്കല്പങ്ങള്‍ ഒളിമ്പിക്സിനെ കൂടുതല്‍ കലുഷിതാന്തരീക്ഷത്തിലെത്തിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ തീവ്രമായ കടന്നുവരവും ഹിജാബ് നിരോധനവും അതിന്‍റെ ഭാഗമാണ്.
ജൂതവിരുദ്ധതയും (Anti-Semitism) ഒളിമ്പിക്സും
ജൂതസമൂഹം നേരിടുന്ന മതപരവും രാഷ്ട്രീയവും സാമൂഹികവുമായ വിരോധത്തില്‍ നിന്ന് ഒളിമ്പിക്സിന്‍റെ കളങ്ങളും മോചിതമായിട്ടില്ല. 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്സ്, ഹിറ്റ്ലറുടെ നാസി പ്രഭാവത്തിന്‍റെയും ജര്‍മന്‍ ഏകാധിപത്യത്തിന്‍റെയും പ്രതീകമായി മാറിയതും, സ്വജാതിവാദവും വര്‍ഗീയതയും പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതും ഇതിനുള്ള മകുടോദാഹരണമാണ്. ഇതേ വേദിയില്‍ ജെസ്സി ഓവന്‍സിനെ പോലുള്ള ആഫ്രിക്കന്‍-അമേരിക്കന്‍ അത്ലറ്റുകളുടെ വിജയം ഹിറ്റ്ലറിന്‍റെ വിവേചന ശാസ്ത്രത്തിനുള്ള തിരിച്ചടിയായിരുന്നു.
പിന്നീട് 1972-ല്‍ നടന്ന മ്യൂണിക് ഒളിമ്പിക്സില്‍, ഫലസ്തീനിയന്‍ സംഘടനയായ ‘ബ്ലാക്ക് സെപ്റ്റംബര്‍’ ഏഴ് ഇസ്രായേലി അത്ലറ്റുകളെ ഇരയായാക്കിയ സംഭവത്തിന് പിന്നിലുളള രാഷ്ട്രീയ പ്രചോദനങ്ങളെ കുറിച്ച് സൈമണ്‍ റീവ് (Simon Reeve) തന്‍റെ ‘One Day in September’ എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. ഫലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന് ലോക ശ്രദ്ധ നേടാന്‍ വേണ്ടി ‘ബ്ലാക്ക് സെപ്റ്റംബര്‍’ എങ്ങനെയാണ് ഈയൊരു അക്രമത്തിന് പദ്ധതിയിട്ടിട്ടുള്ളതെന്ന് അദ്ദേഹം പ്രസ്തുത കൃതിയിലൂടെ വ്യക്തമാക്കുന്നു. സമാനമായി, ഇന്ന് ഇസ്രായേല്‍ കാണിക്കുന്ന ക്രൂരതകള്‍ക്ക് പകരമായി ഇസ്രായേലിനെ പാരീസ് ഒളിമ്പിക്സില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചില ഫലസ്തീന്‍ അനുകൂലികള്‍ അന്താരാഷ്ട്ര ഒളിമ്പിക് സംഘടനയുടെ (IOC) പ്രസിഡന്‍റായ തോമസ് ബാച്ചിനോട് (Thomas Bach) ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, ‘ഇതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല’ എന്നുള്ള അദ്ദേഹത്തിന്‍റെ മറുപടി ഏറെ ആശ്ചര്യം ജനിപ്പിക്കുന്നതാണ്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ കടന്നുവരവ്
2024-ലെ പാരിസ് ഒളിമ്പിക്സ് അവസാനിച്ചതോടുകൂടി ലോക ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ലൈംഗിക ന്യൂനപക്ഷങ്ങള്‍ പങ്കെടുത്ത ഒളിമ്പിക്സായി പാരിസ് ഒളിമ്പിക്സ് മാറിയിരിക്കുകയാണ്. അതിനുമുമ്പ് നടന്ന 2020-ലെ ടോക്കിയോ ഒളിമ്പിക്സില്‍ 180-ലധികം ലൈംഗിക ന്യൂനപക്ഷങ്ങളാണ് പങ്കെടുത്തതെങ്കില്‍ ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്തവരുടെ കണക്ക് 200-ലധികമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടോടു കൂടി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക് സംഘടന അംഗീകരിച്ചത് മുതലാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഒളിമ്പിക് വേദികളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
ജെന്‍ഡര്‍-സെക്സ് വര്‍ഗീകരണത്തിലൂടെ കടന്നുകയറിയ ലൈംഗിക അരാജകത്വം, ലിംഗ നിര്‍ണയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. 2022-ല്‍ NCAA (National Collegiate Athletics Association) സംഘടിപ്പിച്ച നീന്തല്‍ മത്സരത്തില്‍ 2020 ടോക്കിയോ ഒളിമ്പിക്സില്‍ വാട്ടര്‍ മാരത്തോണില്‍ വെള്ളി നേടിയ എറിക്ക സള്ളിവനെയും (Erica Sullivan) മറികടന്ന് ട്രാന്‍സ് വുമണായ ലിയ തോമസ് (Lia Thomas) ജേതാവായത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. റഷ്യ പോലുള്ള, ലൈംഗിക ന്യൂനപക്ഷങ്ങളുടെ മുന്നേറ്റങ്ങളെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ ഇത്തരം അരാജകത്വങ്ങള്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ നഷ്ടമാവുന്നത് ഒളിമ്പിക് വേദികള്‍ ഉറപ്പ് നല്‍കേണ്ട സമാധാനന്തരീക്ഷമാണ്.
ഹിജാബ് നിരോധനവും ഒളിമ്പിക്സും
പാരീസ് ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സിന്‍റെ റിലേ താരം സുന്‍കാംബ സിലയ്ക്ക് (Sounkamba sylla) ശിരോവസ്ത്രം ധരിക്കാന്‍ ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി അനുവാദം നല്‍കാതിരിക്കുകയും പിന്നീട് വിവാദമായതിനെ തുടര്‍ന്ന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഫ്രാന്‍സിലെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ബാധകമായ മതേതര തത്വങ്ങള്‍ ഫ്രഞ്ച് ഒളിമ്പ്യന്മാര്‍ക്കും ബാധകമാണെന്നും, ഇതില്‍ ഹിജാബ് വിലക്കും ഉള്‍പ്പെടുമെന്നുമുള്ള ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ഡേവിഡ് ലാപ്പാര്‍ട്ടിന്‍റെ (David Lappartient) നിലപാടാണ് സിലയ്ക്ക് തിരിച്ചടിയായത്. കായിക മത്സരങ്ങളില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കുമെന്ന് ഫ്രഞ്ച് കായിക മന്ത്രി കഴിഞ്ഞ സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സിലെ ന്യൂനപക്ഷ മുസ്ലിം കായിക താരങ്ങളോട് കാണിക്കുന്ന ഇത്തരം വിവേചനങ്ങള്‍ തീര്‍ത്തും അപലപനീയമാണ്.
മതത്തിന്‍റെ ഭാഗമായി ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രത്യേക നിയമങ്ങള്‍ കൊണ്ടുവന്നിട്ടില്ലായെങ്കിലും ദേശീയ ഒളിമ്പിക് കമ്മിറ്റികള്‍ എടുക്കുന്ന ഇത്തരത്തിലുള്ള മതവിരുദ്ധ നിലപാടുകള്‍ സാമൂഹിക ഐക്യത്തെ തച്ചുടക്കുകയാണ്. ക്രോണോസെന്‍ട്രിസത്തിന്‍റെ (Chronocentrism) ഭാഗമായി സ്വന്തം മൂല്യങ്ങളെ അടിച്ചേല്‍പ്പിക്കുമ്പോള്‍, ഹനിക്കപ്പെടുന്നത് മറ്റുള്ളവരുടെ അവകാശങ്ങളാണെന്നവര്‍ തിരിച്ചറിയുന്നില്ല. ഉത്തരാധുനികതയുടെ ഭാഗമായിട്ടുള്ള സബ്ജക്ടിവിസത്തെ (Subjectivism) ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള തിടുക്കത്തിന് ആക്കം കൂടുമ്പോഴും മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുക തന്നെയാണ്.
വിവിധ ലോകരാജ്യങ്ങളിലെ വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരിക വഴി സാഹോദര്യവും സമാധാനവുമൊക്കെ ഊട്ടിയുറപ്പിക്കേണ്ട ഒളിമ്പിക് വേദികള്‍ അസഹിഷ്ണുതയുടെയും വിവേചനത്തിന്‍റെയും വര്‍ഗീയതയുടെയും ഇടങ്ങളായി മാറിക്കൂടാ. അന്തര്‍ദേശീയതയും സൗഹൃദവും വളര്‍ത്തുന്ന തരത്തിലേക്ക് ഒളിമ്പിക്സ് മാറേണ്ടതുണ്ട്. അതിനായി അന്താരാഷ്ട്ര ഒളിമ്പിക് സംഘടനയുടെ പ്രസിഡന്‍റായിട്ടുള്ള തോമസ് ബാച്ചിന്‍റെ തന്നെ വാക്കുകള്‍ കടമെടുക്കാം.’മനുഷ്യ മഹിമയും ഒരുമയും ആഘോഷിക്കാന്‍ വേണ്ടി നമ്മിലുള്ള വ്യത്യാസങ്ങളെ മറികടന്ന്, ലോകത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിലാണ് ഒളിമ്പിക്സിന്‍റെ യഥാര്‍ത്ഥമായ പൊരുളുള്ളത്.’
