ഖുർആൻ വ്യാഖ്യാനശാസ്ത്രം: ഉത്ഭവം വികാസം

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പാരായണം ചെയ്യുകയും പിന്തുടരുകയും ഹൃദിസ്ഥമാക്കുന്നതുമായ ഗ്രന്ഥങ്ങളിലൊന്നാണ് ഖുര്‍ആന്‍. അസംഖ്യം മനുഷ്യരെ നന്മയിലേക്ക് നയിക്കാന്‍ ഖുര്‍ആന്‍ ഹേതുവായിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആനിന് ഒരുപാട് പ്രത്യേകതകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഖുര്‍ആനിന്റെ സവിശേഷ ഭാഷ. ദൈവികവും കാലികവുമായ ഖുര്‍ആനിന് വിവിധ ഭാഷകളിലുള്ള പരിഭാഷകളും വ്യാഖ്യാനങ്ങളും ഒട്ടനവധിയുണ്ട്. ക്രിസ്തുമതത്തിന്‍റെ ആധികാരിക ഗ്രന്ഥമായ ബൈബിളിന് പരിഭാഷയും വ്യാഖ്യാനങ്ങളും വളരെ പരിമിതമാണ്. മാത്രമല്ല ഇതിനെക്കുറിച്ചുള്ള പഠന ഗവേഷണങ്ങളും വളരെ കുറവാണ്. ഹിന്ദുമതത്തിലെ ഗ്രന്ഥങ്ങളും ഇതില്‍നിന്ന് വിഭിന്നമല്ല. കാലഘട്ടത്തിന്‍റെ പുരോഗതിക്കും വ്യത്യാസങ്ങള്‍ക്കുമനുസരിച്ച് കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കും മറ്റിതര ഗവേഷണ വ്യാഖ്യാനങ്ങള്‍ക്കും സാധ്യതയുള്ള ഏക മതഗ്രന്ഥവും ഖുര്‍ആനാകുന്നു.

ഖുര്‍ആന്‍റെ ആദ്യത്തെതും ആധികാരികവുമായ വ്യാഖ്യാതാവ് പ്രവാചകന്‍ മുഹമ്മദ് (സ്വ)യാണ്. റസൂലിന്‍റെ വാക്കും പ്രവര്‍ത്തിയും ജീവിതവുമെല്ലാം ഖുര്‍ആനിന്‍റെ വ്യാഖ്യാനമാണ്. ഒരിക്കല്‍ പ്രവാചക പത്നി ആയിഷ ബീവിയോട് പ്രവാചകാനുചരന്മാര്‍ നബി തങ്ങളുടെ സ്വഭാവത്തെപ്പറ്റി ചോദിച്ചപ്പോള്‍ പത്നി ആയിഷ ബീവി പറഞ്ഞത് പ്രവാചകന്‍റെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു എന്നായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ട രീതികളെക്കുറിച്ച് വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്നു കസീര്‍(റ) അദ്ദേഹത്തിന്‍റെ സുപ്രസിദ്ധ വ്യാഖ്യാന ഗ്രന്ഥത്തില്‍ നല്കിയ വിശദീകരണത്തിന്റെ സംഗ്രഹം ഇപ്രകാരമാണ്: “ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിന്റെ ശരിയായ മാര്‍ഗം ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടുതന്നെ വ്യാഖ്യാനിക്കലാണ്. ഒരിടത്ത് ചുരുക്കിപ്പറഞ്ഞ വിഷയം ഖുര്‍ആനില്‍ തന്നെ മറ്റൊരിടത്ത് വിശദീകരിച്ച് പറഞ്ഞിരിക്കും. ഇനി അതിന് സാധിക്കാതെ വന്നാല്‍ സുന്നത്തിനെ ആശ്രയിക്കണം. അത് ഖുര്‍ആന്‍ വിവരിച്ചുതരുന്നതാണ്.” നബി (സ) പറയുന്നു: “എനിക്ക് ഖുര്‍ആനും അതിനോടൊപ്പം അത്രതന്നെ വേറെയും നല്‍കപ്പെട്ടിട്ടുണ്ട്” (അബൂദാവൂദ്). നബി(സ) യുടെ സുന്നത്താണ് ഇവിടെ ഉദ്ദേശ്യം. ഖുര്‍ആന്‍ പോലെ തന്നെ സുന്നത്തും നബിക്ക് വഹ്യ് മുഖേനെ ലഭിക്കുന്നതാണ്. പക്ഷേ, ഖുര്‍ആന്‍ വേദമെന്ന നിലയിലും സുന്നത്തുകൾ അനുഷ്ഠാനങ്ങൾക്കുള്ള മാർഗദർശനമായും പരിഗണിക്കപ്പെടുന്നു.

ആകയാല്‍ ഖുര്‍ആൻ വ്യാഖ്യാനത്തിന് ഒന്നാം അവലംബമായി ഖുര്‍ആന്‍ തന്നെയും അതില്‍ നിന്ന് ലഭിക്കാത്ത പക്ഷം സുന്നത്തും പരിഗണിക്കണം. ഇനി, ഖുര്‍ആനിൽ നിന്നും സുന്നത്തിൽ നിന്നും പൂർണ്ണാർഥത്തിലുള്ള വ്യാഖ്യാനം ലഭിക്കാതിരുന്നാൽ സ്വഹാബത്തിന്റെ വാക്കുകളാണ് പരിഗണിക്കേണ്ടത്. മറ്റാര്‍ക്കും കൈവന്നിട്ടില്ലാത്ത അവസരങ്ങളും സന്ദര്‍ഭങ്ങളും അവര്‍ക്ക് ലഭിച്ചിരിക്കയാല്‍ അവരാണതേറ്റവും അറിയുന്നവര്‍. തികഞ്ഞ ഗ്രഹണ ശക്തിയും ശരിയായ വിജ്ഞാനവും സല്‍കര്‍മ തല്‍പരതയും അവര്‍ക്ക്, പ്രത്യേകിച്ച് മഹാന്മാരും പണ്ഡിതന്മാരുമായുള്ളവര്‍ക്ക് നല്‍കപ്പെട്ടിട്ടുമുണ്ട്. ഇബ്നുമസ്ഊദ്(റ) പറയുകയാണ്: ‘ഞങ്ങളില്‍ (സ്വഹാബികളില്‍) ഒരാള്‍ പത്ത് ആയത്തുകള്‍ പഠിച്ചാല്‍ അവയുടെ സാരങ്ങളും അതനുസരിച്ചുള്ള പ്രവര്‍ത്തിയും മനസ്സിലാക്കാതെ അതിനപ്പുറം കടക്കാറില്ലായിരുന്നു. നബിയോട് സഹവസിച്ച നാല് ഖലീഫമാരും, ഇബ്നു അബ്ബാസ്, ഇബ്നു മസ്ഊദ്, ഉബൈയ്യുബ്നു കഅബ്, സൈദ് ബിനു സാബിത്ത്, അബൂ മൂസല്‍ അഷ്അരി, അബ്ദുല്ലാഹിബിന് സുബൈര്‍ തുടങ്ങിയവര്‍ മുഫസ്സിറുകളില്‍ പ്രധാനികളാണ്.

പല വിധങ്ങളിലുള്ള തഫ്സീറുകള്‍

തഫ്സീറുകളില്‍ പല വിധങ്ങളിലുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് രചന നടത്തിയവരുടെ വീക്ഷണഗതികളും വ്യാഖ്യാനരീതികളും അനുസരിച്ച് തഫ്സീറുകളെ പല ശാഖകളായി തിരിക്കാന്‍ സാധിക്കും.

നിവേദനാത്മക തഫ്സീറുകള്‍: ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് ചരിത്രം, ഭാഷ, കര്‍മശാസ്ത്രം എന്നിവ അടിസ്ഥാനമാക്കി വിരചിതമായിട്ടുള്ള വ്യാഖ്യാനങ്ങളാണിവ. ഖുര്‍ആനിലെ ചില ആയത്തുകള്‍ മറ്റ് ആയത്തുകള്‍ക്ക് നല്‍കുന്ന വ്യാഖ്യാനം സ്വഹാബിമാര്‍, പിന്‍ഗാമികളായ മഹത്തുക്കള്‍ നല്‍കുന്ന വ്യാഖ്യാനം എന്നിവ ഇത്തരം തഫ്സീറുകളില്‍ കാണാം. അബ്ബാസി കാലത്തെ പ്രസിദ്ധ ചരിത്രകാരനായ ഇബ്നു ജരീര്‍ ത്വബരി രചിച്ച ജാമിഉല്‍ ബയാന്‍ ഫീ തഫ്സീരില്‍ ഖുര്‍ആന്‍ എന്ന മുപ്പത് വാള്യങ്ങളുള്ള തഫ്സീറാണ് ഈ ഗണത്തില്‍ പ്രഥമവും പ്രധാനവുമായിട്ടുള്ളത്.

ഗവേഷണാത്മക തഫ്സീറുകള്‍: അറബി ഭാഷയിലും ഖുര്‍ആനിക വിജ്ഞാനീയങ്ങളിലും അവഗാഹം നേടിയതിന് ശേഷം അവയുടെ അടിസ്ഥാനത്തില്‍ ഗവേഷണാത്മക സമീപന രീതി ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കിയ തഫ്സീറുകളാണ് ഈ ഇനത്തില്‍പെടുന്നത്. ഇത്തരം വ്യാഖ്യാനങ്ങളില്‍ സ്വന്തം അഭിപ്രായങ്ങളും വീക്ഷണങ്ങളും പ്രകടിപ്പിക്കുകയും അവയെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കാറുള്ളത്. ഇത് സംബന്ധമായി പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എട്ട് വാള്യങ്ങളുള്ള ഇമാം റാസിയുടെ മഫാതീഹുല്‍ ഗൈബ്, ബൈളാവിയുടെ അന്‍വാറുത്തന്‍സീല്‍, ഖാസിനിന്‍റെ ലുബാബുത്തഅ്വീല്‍ ഫീ മആനി ത്തന്‍സീല്‍, ജലാലുദ്ദീന്‍ മഹല്ലിയും ജലാലുദ്ദീന്‍ സുയൂത്വിയും ചേര്‍ന്ന് തയ്യാറാക്കിയ പ്രസിദ്ധമായ തഫ്സീറുല്‍ ജലാലൈനി, ആലൂസിയുടെ റൂഹുല്‍ മആനി മുതലായവ ഈ ഗണത്തില്‍പെട്ട പ്രമുഖ തഫ്സീറുകളാണ്.

വിശകലനാത്മക തഫ്സീറുകള്‍: ഈ ഇനത്തില്‍പെട്ട തഫ്സീറുകള്‍ ഭാഷാപരമായ വിശകലനങ്ങള്‍ അപഗ്രഥനങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്നു. അലങ്കാരശാസ്ത്രം, പദങ്ങളുടെ നിഷ്പത്തി, പരിണാമം മുതലായവക്ക് ഇത്തരം തഫ്സീറുകള്‍ ഊന്നല്‍ നല്‍കുന്നു. സമഖ്ശരിയുടെ അല്‍കശ്ശാഫ്, അബൂഹയ്യാനിയുടെ അല്‍ബഹറുല്‍ മുഹീത്വ, വനിതകളില്‍പെട്ട പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ആഇശ ബിന്‍ത് ശാത്വിഇന്‍റെ അത്തഫ്സീറുല്‍ ഖുര്‍ആന്‍ ലില്‍ ഖുര്‍ആനില്‍ കീരം എന്നിവ വിശകലനാത്മക തഫ്സീറുകളില്‍പെടുന്നു. കര്‍മശാസ്ത്ര തഫ്സീറുകള്‍ ഈ തഫ്സീറുകള്‍ ഫിഖ്ഹുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. കര്‍മ്മശാസ്ത്ര സംബന്ധമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ആയത്തുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ വിഷയസംബന്ധമായ വ്യത്യസ്ത കര്‍മ്മശാസ്ത്ര വീക്ഷണങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യുക, അവയില്‍ ഗ്രന്ഥകാരന്‍റെ കര്‍മ്മശാസ്ത്ര സരണിയുടെ പ്രസക്തിയും ന്യായവും സ്ഥാപിക്കുക എന്ന രീതിയാണ് ഇത്തരം തഫ്സീറുകള്‍ പിന്തുടരുന്നത്. അല്‍ജസ്വാസിന്‍റെ അഹ്കാമുല്‍ ഖുര്‍ആന്‍ എന്ന തഫ്സീര്‍ ഹനഫി സരണിയെ പിന്തുണക്കുന്നതും ആ മദ്ഹബിന്‍റെ അഭിപ്രായങ്ങളും വീക്ഷണഗതികളും വിശദീകരിക്കുന്നതും അവക്ക് മുന്‍തൂക്കം നല്‍കുന്നതുമാണ്. ശാഫിഈ മദ്ഹബിന്‍റെ അഭിപ്രായങ്ങള്‍ വിശകലനം ചെയ്യുകയും പ്രബലപ്പെടുത്തുകയും ചെയ്യുന്ന തഫ്സീറാണ് കയാല്‍ ഹറാസിയുടെ അഹ്കാമുല്‍ ഖുര്‍ആന്‍. ഇബ്നു അറബിയുടെ അഹ്കാമുല്‍ ഖുര്‍ആന്‍, ഇമാം ഖുര്‍തുബിയുടെ അല്‍ജാമിഹു ലി അഹ്കാമില്‍ ഖുര്‍ആന്‍ എന്നിവ മാലികി മദ്ഹബിന്‍റെ വീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ഇബ്നു ജൗസിയുടെ സാദുല്‍ മസ്വീര്‍, ഹമ്പലി മദ്ഹബിനെ അധികരിച്ച് രചിക്കപ്പെട്ട തഫ്സീറാണ്.

സൂഫി തഫ്സീറുകള്‍: തസവ്വുഫിന് പ്രാധാന്യം നല്‍കി രചിക്കപ്പെട്ട തഫ്സീറുകളാണിവ. ഖുര്‍ആന്‍ സൂക്തങ്ങളുടെ ആത്മീയ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയും തസവ്വുഫിന്‍റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനങ്ങള്‍ നിര്‍വ്വഹിക്കുകുയം ചെയ്യുകയാണ് ഇത്തരം തഫ്സീറുകളുടെ രീതിശാസ്ത്രം. സഹ്ലുബ്നു അബ്ദുല്ല അല്‍തുസ്തരിയുടെ തഫ്സീറുല്‍ ഖുര്‍ആനില്‍ അളീം, അബൂ അബ്ദുറഹ്മാന്‍ അസ്സുല്ലമ്മിയുടെ ഹഖാഇഖുത്തഫ്സീര്‍, അബൂ മുഹമ്മദ് ശീറാസിയുടെ അറാഇസുല്‍ ബയാന്‍, അബുല്‍ ഖാസിം അല്‍ ഖുശൈരിയുടെ ലത്വാഇഫുല്‍ ഇര്‍ഷാദ മുതലായ തഫ്സീറുകള്‍ സൂഫി ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കി രചിക്കപ്പെട്ട തഫ്സീറുകളാണ്.

നൂതനാശയക്കാരുടെ തഫ്സീറുകള്‍: അഹ്ലുസുന്നത്തി വല്‍ജമാഅത്തിന്‍റെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ളതും സ്വന്തം പ്രസ്ഥാനത്തിന്‍റെ നിലനില്‍പിനും അബദ്ധവിശ്വാസങ്ങളുടെയും ആശയങ്ങളുടെയും ന്യായീകരിക്കുന്നതിന് വേണ്ടി രചിക്കപ്പെട്ടതുമായ തഫ്സീറുകളാണ് ഈ ഗണത്തില്‍പെടുന്നത്. സ്വന്തം വിശ്വാസങ്ങള്‍ക്ക് എതിരായാല്‍ സ്വഹീഹായ ഹദീസുകള്‍പോലും തള്ളിപ്പറയുകയും ഖുര്‍ആനിക സൂക്തങ്ങളുടെ ബാഹ്യാര്‍ത്ഥത്തിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതുമായ കാര്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം തഫ്സീറുകളുടെ രീതി. ഇസ്ലാമിക വിരുദ്ധമായ വിശ്വാസങ്ങളും അഭിപ്രായങ്ങളും കുത്തിനിറച്ചതിനാല്‍ ഇത്തരം തഫ്സീറുകള്‍ സ്വീകാര്യമല്ല. ആക്ഷേപകരമായതും ശറഇല്‍ അനുവദനീയമല്ലാത്തതുമായ അഭിപ്രായപ്രകടനങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വ്യാഖാനമെന്ന പേരില്‍ നടത്തിയതിനാലാണത്.

ആധുനിക തഫ്സീറുകള്‍: പൗരാണിക തഫ്സീറുകളില്‍നിന്ന് തികച്ചും വ്യത്യസ്തമായ അവതരണ രീതിയും വ്യാഖ്യാന ശൈലിയുമാണ് ആധുനിക തഫ്സീറുകള്‍ സ്വീകരിച്ചത്. പഴയ തഫ്സീറുകള്‍ ഊന്നല്‍ നല്‍കിയിരുന്ന ഭാഷ, വ്യാകരണം, അലങ്കാരം, കര്‍മ്മശാസ്ത്ര സംബന്ധമായ ചര്‍ച്ചകള്‍, മദ്ഹബുകള്‍ക്കനുസരിച്ചുള്ള വ്യാഖ്യാനം തസവ്വുഫുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ ഇവക്കൊന്നും ആധുനിക തഫ്സീറുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ കാര്യമായ പ്രാധാന്യം നല്‍കിയില്ല. ഖുര്‍ആന്‍ വ്യാഖ്യാന വിഷയത്തില്‍ പൗരാണിക മുഫസ്സിറുകളുടെ പാതയില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചതിനാല്‍ സുന്നത്ത് ജമാഅത്തിനു വിരുദ്ധമായ പല ആശയങ്ങളും മോഡേണ്‍ ചിന്തകളും ഇത്തരം വ്യാഖ്യാനങ്ങളില്‍ കടന്ന് കൂടി. ആവശ്യമില്ലാത്ത ചര്‍ച്ചകളില്‍ നിന്നും തഫ്സീറുകളെ മുക്തമാക്കുക, ഇസ്രാഈലി കഥകളില്‍നിന്ന് ശുദ്ധീകരിക്കുക, നിര്‍മ്മിതവും ദുര്‍ബലവുമായ ഹദീസുകളെ ഒഴിവാക്കുക, മുതലായവയാണ് ഇത്തരം ആധുനിക മുഫസ്സിറുകള്‍ പിന്തുടര്‍ന്ന രീതി. ഖുര്‍ആൻ ഏത് കാലഘട്ടത്തെയും അതിജീവിക്കാന്‍ കഴിയുന്ന കാലികവും ദൈവികവുമായ ഗ്രന്ഥമാണെന്ന് സ്ഥാപിക്കാനും ഖുര്‍ആനിന്‍റെ മഹത്വം വെളിപ്പെടുത്തുന്നതിന് തഫ്സീറുകള്‍ക്ക് സാമൂഹികവും സാഹിത്യപരവുമായ നിറം നല്‍കാനും അവര്‍ ശ്രമിച്ചു. ആധുനിക ശാസ്ത്രീയ വീക്ഷണങ്ങളെയും ഖുര്‍ആനിന്‍റെ ആശയങ്ങളെയും യോജിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ ഏത് ശാസ്ത്രീയ പുരോഗതിയെയും കണ്ട് പിടിത്തങ്ങളെയും അതിജീവിക്കുകയും മറികടക്കുകയും ചെയ്യുമെന്നും തെളിയിക്കാന്‍ അവരുടെ തഫ്സീറുകളിലൂടെ ചെറിയതോതില്‍ കഴിഞ്ഞുവെങ്കിലും മുഹമ്മദ് അബ്ദു, റശീദ് രിളാ മുതലായവരുടെ പിഴച്ച ആശയങ്ങളും ചിന്തകളും സ്വാധീനിച്ച ഇത്തരം ആധുനിക തഫ്സീറുകളില്‍ പലതിലും ഇസ്ലാമിക വിരുദ്ധാശയങ്ങള്‍ കടന്ന് കൂടിയിട്ടുണ്ടെന്നതാണ് വാസ്തവം.

വനിതകള്‍ രചിച്ച തഫ്സീറുകള്‍: ബിന്‍തുശ്ശാത്വിഅ് എന്ന പേരില്‍ പ്രസിദ്ധയായ ഡോ. ആഇശ അബ്ദുറഹ്മാന്‍ അറബി സാഹിത്യത്തിലും സാമൂഹ്യ ചിന്തയിലും മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള വനിതയാണ്. കൈറോയിലെ ആര്‍ട്സ് കോളേജിലും, അവിടെത്തന്നെയുള്ള വിമന്‍സ് കോളേജിലും ഇവര്‍ സേവനം ചെയ്തിട്ടുണ്ട്. അറബി ഭാഷക്ക് ഇവര്‍ ചെയ്ത സേവനങ്ങളും ഇവരുടെ പഠനങ്ങളും ചിന്തകളും മുന്‍നിര്‍ത്തി ഇവർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി പി. എച്ച്.ഡി. അവാര്‍ഡ് ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് രചന നടത്തിയ ആദ്യത്തെ സ്ത്രീയാണ് സൈനബുല്‍ ഗസാലി. താന്‍ ജയിലിലടക്കപ്പെട സന്ദര്‍ഭത്തിലാണ് തഫ്സീറിന്‍റെ രചന തുടങ്ങിയത്. തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് അവലംബമായി പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളായ റാസി, ഇബ്നു കസീര്‍, തഫ്സീറു അബീസുഊദ് മുതലായവ തഫ്സീറുകളാണ് അവര്‍ ഉപയോഗിച്ചത്. ഖുര്‍ആന്‍ അദ്ധ്യായങ്ങളുടെ അര്‍ത്ഥവും അവതരണകാരണവും വിവരിക്കുന്നതോടൊപ്പം ഖുര്‍ആനിന്‍റെ സാഹിത്യ ഭംഗിയും ഇഅ്ജാസും അവര്‍ പ്രത്യേകം ചര്‍ച്ചക്ക് വിധേയമാക്കുന്നു. ഖുര്‍ആനികാശയങ്ങളും നിയമങ്ങളും ആധുനി കാലഘട്ടത്തിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തുന്ന വ്യാഖ്യാന രീതിയാണ് അവര്‍ സ്വീകരിച്ചത്. ഈജിപ്തിലെ മുഹമ്മദുല്‍ ഗസ്സാലി എന്ന പണ്ഡിതനാണ് ഈ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ആമുഖമെഴുതിയത്. തന്റെ എഴുപതാമത്തെ വയസ്സില്‍ സൈനബുല്‍ ഗസാലി രചിച്ച ഈ തഫ്സീറിന്‍റെ പേര് മഅ കിതാബില്ലാഹ് എന്നാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാം നിഷേധിക്കുന്നു എന്ന ശത്രുക്കളുടെ വാദത്തിന് അവര്‍ തന്‍റെ തഫ്സീറില്‍ അക്കമിട്ട് മറുപടി പറയുന്നുണ്ട്.ഇങ്ങനെ ഒട്ടനവധി വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ഖുർആൻ വ്യാഖ്യാന ശാസ്ത്രം. ഓരോന്നിനും അതിന്റെതായ ലക്ഷ്യങ്ങളും വിജ്ഞാന സംഭാവനകളും ഉണ്ട്. അതത്രയും മനസ്സിലാക്കി എടുക്കുക ക്ഷിപ്രസാധ്യമല്ല.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading