ഇസ്‌ലാമും ക്രൈസ്തവതയും: സഹവർത്തിത്വത്തിന്റെ വായനകൾ

സയ്യിദ് അർഷദ് അഹ്മദ് കെ എസ്

ലോകജനതയുടെ വിശ്വാസധാരകളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വഴികളാണ് ഇസ്‌ലാമും ക്രൈസ്തവതയും. ചരിത്രത്തിന്റെ വലിയൊരു വിരോധാഭാസമായിട്ടാണ് ഇവരുടെ ബന്ധത്തെ പലപ്പോഴും നമുക്ക് കാണാൻ സാധിക്കുക. പ്രവാചകൻ ഇബ്രാഹിമിന്റെ മക്കളായ ഇസ്മായിലിന്റെയും ഇസ്ഹാക്കിന്റെയും പരമ്പരകളിലൂടെ ലോകമെമ്പാടും പടർന്നുപന്തലിച്ച ഈ രണ്ട് കുടുംബങ്ങൾ, ചില ആദർശ വ്യതിയാനങ്ങൾ ഒഴിച്ചാൽ, ഒരേ രേഖയിലാണ് സഞ്ചരിക്കുന്നത് എന്ന് പലപ്പോഴും തോന്നിപ്പോകും. ഏകദൈവ വിശ്വാസവും ധാർമിക മൂല്യങ്ങളും പങ്കുവെക്കുന്ന ഇവർ, ചരിത്രത്തിൽ ഒരേ ചേരിയിൽ നിലകൊള്ളേണ്ടവരായിരുന്നിട്ടും പലപ്പോഴും യുദ്ധക്കളത്തിൽ ഏറ്റുമുട്ടേണ്ടി വന്നവരാണ്. എന്നാൽ കേവലം യുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും കണക്കുകൾക്കപ്പുറം, പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും അതിലേറെ വലിയൊരു ചരിത്രം ഇവർക്കിടയിലുണ്ട്.

ഈ സാഹോദര്യത്തിന്റെ തുടക്കം ഇസ്‌ലാമിന്റെ ആരംഭകാലം മുതലേയുള്ളതാണ്. മക്കയിലെ ഖുറൈശികളുടെ കൊടിയ പീഡനങ്ങൾ സഹിക്കവയ്യാതെ, നബി(സ)യുടെ നിർദ്ദേശപ്രകാരം മുസ്‌ലിംകൾ അഭയം തേടിയെത്തിയത് അബിസീനിയയിലെ ക്രൈസ്തവ രാജാവായ നജ്ജാശിയുടെ അടുത്തേക്കായിരുന്നു. ആ ക്രൈസ്തവ ഭരണാധികാരി അവരെ ഹൃദയപൂർവ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തു. പിന്നീട് ഉമർ(റ)ന്റെ കാലത്ത് ഇസ്‌ലാമിക സാമ്രാജ്യം വികസിച്ചപ്പോഴും ഈ ബന്ധം കൂടുതൽ ദൃഢമാകുന്നത് കാണാം. അക്കാലത്ത് ബൈസന്റൈൻ ഭരണകൂടങ്ങൾ പശ്ചിമേഷ്യയിലെ തദ്ദേശീയരായ ക്രൈസ്തവ വിഭാഗങ്ങളായ നെസ്റ്റോറിയൻസ്, യാക്കോബൈറ്റ്സ്, കോപ്റ്റിക്, മാരോനൈറ്റ് എന്നിവരെ ‘ഗ്രീക്ക് വൽക്കരിക്കുന്നതിന്റെ’ (Hellenize) ഭാഗമായി ക്രൂരമായി പീഡിപ്പിച്ചിരുന്നു. കുന്നുകളിലും മലകളിലും ഒളിച്ചുതാമസിച്ചിരുന്ന മാരോനൈറ്റ് സമുദായത്തിന് സുരക്ഷിതമായി പുറത്തിറങ്ങാൻ പോലും സാധിച്ചത് ഇസ്‌ലാമിക ഭരണം വന്നതുകൊണ്ടാണ്. മുസ്‌ലിംകൾ അവരെ ‘അഹ്‌ലുൽ കിതാബ്’ (വേദക്കാർ) എന്ന നിലയിൽ ആദരിക്കുകയും മതസ്വാതന്ത്ര്യം നൽകുകയും ചെയ്തപ്പോൾ, ആ ക്രൈസ്തവ ജനത മുസ്‌ലിംകളെ വിമോചകരായി കണ്ട് ഭരണകൂടത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

ഈ രാഷ്ട്രീയ സഹകരണം പിന്നീട് വലിയൊരു കൊടുക്കൽവാങ്ങലിലേക്ക് വഴിവെച്ചു. ഇസ്‌ലാമിന്റെ സുവർണ്ണ കാലഘട്ടത്തിൽ ഗ്രീക്ക് കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അറബ് വംശജരായ സിറിയൻ യാക്കോബായക്കാരായിരുന്നു. അബ്ബാസികൾ ബാഗ്ദാദിലേക്ക് തലസ്ഥാനം മാറ്റിയപ്പോൾ കൂടെപ്പോയ നെസ്റ്റോറിയൻ ക്രൈസ്തവർ അവിടെ വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ജോർദാനിയൻ രാജകുമാരൻ ഹസൻ ബിൻ തലാൽ തന്റെ ‘ക്രിസ്ത്യാനിറ്റി ഇൻ ദി അറബ് വേൾഡ്’ എന്ന പുസ്തകത്തിൽ സൂചിപ്പിച്ചതുപോലെ, ഇസ്‌ലാമിക ഭരണകൂടങ്ങളുടെ ഈ പിന്തുണ ക്രൈസ്തവ സമുദായത്തിന്റെ ശാസ്ത്രീയവും രാഷ്ട്രീയവും സാമൂഹികവുമായ പുരോഗതിക്ക് അടിത്തറയിട്ടു. സിറിയൻ ഓർത്തഡോക്സ് സഭയിലെ പണ്ഡിതനായ ബാർ ഹെബ്രായൂസിനെപ്പോലുള്ള പുരോഹിതന്മാർ, ഇസ്‌ലാമിക ഭരണകൂടങ്ങൾ ക്രൈസ്തവ സമുദായങ്ങൾക്ക് നൽകിയ വിലയേറിയ സഹായങ്ങളെക്കുറിച്ച് നല്ല വാക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

സിറിയൻ ഓർത്തഡോക്സ് ആന്റിയോക്ക് സഭയുടെ ‘പാത്രിയർക്കൽ ജേർണലിൽ’ (Vol. 33) ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ക്രൈസ്തവ സമൂഹങ്ങളിൽ ബൈസന്റൈൻ സാമ്രാജ്യത്തെ പിന്തുണയ്ക്കുന്ന ‘മെൽക്കൈറ്റ്’ വിഭാഗം ആദ്യം ഇസ്‌ലാമിക ഭരണത്തെ താൽപ്പര്യപ്പെട്ടില്ലെങ്കിലും, പിന്നീട് അവരുടെയും മനം കവരുന്ന രീതിയിലായിരുന്നു ക്രൈസ്തവരോടുള്ള ഇസ്‌ലാമിന്റെ സമീപനം.

അഞ്ചാം കുരിശുയുദ്ധത്തിൽ പരാജയപ്പെട്ട് ഭക്ഷണവും വസ്ത്രവുമില്ലാതെ വലഞ്ഞ യൂറോപ്യൻ സൈന്യത്തിന് സുരക്ഷിതമായി മടങ്ങാൻ സഹായം നൽകിയത് അയ്യൂബി സുൽത്താനായിരുന്ന അൽ കാമിൽ ആയിരുന്നു. അതുപോലെ, ജെറൂസലേം തിരിച്ചുപിടിച്ച സലാഹുദ്ദീൻ അയ്യൂബിയോട്, താൻ അനുവാദം നൽകാത്ത തീർത്ഥാടകരെ കടത്തിവിടരുതെന്ന് ഇംഗ്ലണ്ടിലെ റിച്ചാർഡ് രാജാവ് ആവശ്യപ്പെട്ടപ്പോൾ, “മൈലുകൾ താണ്ടി വന്ന പാവപ്പെട്ട വിശ്വാസികളെ തടയാൻ ഒരു വിശ്വാസി എന്ന നിലയ്ക്ക് എനിക്ക് സാധിക്കില്ല” എന്നാണ് സലാഹുദ്ദീൻ മറുപടി നൽകിയത്. യുദ്ധത്തിന്റെ കലുഷിത സാഹചര്യങ്ങളിൽ പോലും പരസ്പരം ബഹുമാനിക്കാൻ ഇവർക്ക് സാധിച്ചിരുന്നു.

ചുരുക്കത്തിൽ, ഒരേ തറവാട് പങ്കിടുന്ന ഈ രണ്ട് സമുദായങ്ങളും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, അതിനേക്കാൾ തിളക്കമുള്ള സഹവർത്തിത്വത്തിന്റെ മാതൃകകളാണ് ചരിത്രം നമുക്ക് നൽകുന്നത്. വർത്തമാനകാലത്ത് അന്താരാഷ്ട്ര വേദികളിൽ ഫലസ്തീന് വേണ്ടി ശബ്ദമുയർത്തുന്ന സ്പെയിനും കൊളംബിയയും പോലുള്ള ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങൾ ഈ പഴയ സാഹോദര്യത്തിന്റെ പുതിയ കാലത്തെ സാക്ഷ്യങ്ങളാണ്. പരസ്പരം പോരടിച്ചും എന്നാൽ അതിലേറെ കൈകോർത്തുപിടിച്ചും ലോകചരിത്രത്തെ മുന്നോട്ട് നയിച്ചവരുടെ കഥയാണിത്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading