മുഹമ്മദ് അൽഫാസ്
മനുഷ്യ ജീവിതത്തിലെ സമസ്ത വ്യവഹാരങ്ങളെയും അഭിസംബോധനം ചെയ്ത മതം എന്ന നിലയ്ക്ക് ഇസ്ലാം സമഗ്രമാണ്. അതേസമയം ആധുനികത ഉയർത്തുന്ന സന്നിഗ്ധ ഘട്ടങ്ങളും അധികരിച്ചു വരികയാണ്. അവക്കെല്ലാം മറുപടി നൽകാൻ പര്യാപ്തവുമാണ് ഇസ്ലാമിക കർമശാസ്ത്രം.
പൂർവ്വസൂരികളായ പണ്ഡിതന്മാരുടെ പാരമ്പര്യവും അതുതന്നെയായിരുന്നു.ഗ്രന്ഥ രചനയുടെ കാലഘട്ടത്തിൽ വിദൂരമായ സാധ്യതകളെ പോലും പരിഗണിച്ച് മസ്അലകൾ ചർച്ചചെയ്യാൻ അവർ സന്നദ്ധരായിരുന്നു.
മനുഷ്യന്റെ സാമൂഹിക ഇടപാടുകളിൽ കൃത്യമായ ഇടപെടലുകൾ ഇസ്ലാം നിർദ്ദേശിക്കുന്നുണ്ട്.ഖുർആനിലെ ഏറ്റവും ദീർഘമേറിയ ആയത്ത് മനുഷ്യർ തമ്മിലുള്ള ഇടപാടിനെ കുറിച്ചുള്ളതാണ് എന്നത് ഇതിൻറെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്നു.നൂതന സാങ്കേതിക വിദ്യകളും സങ്കീർണമായ ഇടപാടുകളും സജീവമായ ഈ കാലഘട്ടത്തിൽ സമാന്തരമായി കർമശാസ്ത്ര വിശകലനങ്ങളും സജീവമാകേണ്ടതുണ്ട്.
ഇഎംഐ എന്നാൽ തുല്യമായ പ്രതിമാസ ഇൻസ്റ്റാൾമെന്റ്. വായ്പക്കാരൻ വായ്പ നൽകുന്നയാൾക്കോ വായ്പ നൽകുന്ന സ്ഥാപനത്തിനോ എല്ലാ മാസവും അടയ്ക്കുന്ന ഒരു നിശ്ചിത തുകയാണ് ഇത്. പ്രധാന തുകയും പലിശയും ചേർത്ത് ഈ തുക മൊത്തം കാലാവധി കൊണ്ട് ഹരിച്ചാണ് ഇഎംഐ കണക്കാക്കുന്നത്, അതായത് വായ്പ എടുത്ത മാസങ്ങളുടെ എണ്ണം.
ചുരുക്കത്തിൽ, വലിയ വിലയുള്ള സാധനങ്ങളോ സേവനങ്ങളോ വാങ്ങാൻ EMI-കൾ വ്യക്തികളെ സഹായിക്കുന്നു. വലിയ തുകകളെ കൈകാര്യം ചെയ്യാൻ കഴിയുന്ന ചെറിയ പ്രതിമാസ തവണകളായി വിഭജിക്കുന്നതിലൂടെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനോടൊപ്പം സാമ്പത്തിക സ്ഥിരത നിലനിർത്താനും വ്യക്തികൾക്ക് സാധിക്കുന്നു.
അതികരിച്ച ഉപഭോഗ സംസ്കാരം പ്രസ്തുത ഇടപാടിൻ്റെ സ്വീകാര്യത വർധിപ്പിച്ചതായി വിലയിരുത്താനാവും. EMI യുടെ വ്യാപനം മൂലം ഉണ്ടായിട്ടുള്ള ഉപഭോക്ത മനോഭാവത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇത് അടിവരയിടുന്നു. ഇവിടെ സാമ്പത്തിക ശേഷിയിൽ ഉപഭോക്താക്കൾക്കിടയിലുള്ള അന്തരം ഇല്ലാതാവുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇസ്ലാമിൻ്റെ ഉപഭോഗ സംസ്കാരത്തിന് കടകവിരുദ്ധമാണിത്.
ഉൽപ്പന്നങ്ങൾ റൊക്കമായി വിൽക്കലും അവധിക്ക് വിൽക്കുന്നതും ഇസ്ലാം അനുവദിക്കുന്ന ഇടപാടാണ്. ഒരു വസ്തു വാങ്ങിക്കുകയും അതിന്‍റെ പണം പിന്നീട് നല്‍കുകയും ചെയ്യുക എന്നുള്ളത് അനുവദിക്കപ്പെട്ട കാര്യമാണ്.
قال الله تعالى : “يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَدَايَنتُم بِدَيْنٍ إِلَىٰٓ أَجَلٍۢ مُّسَمًّۭى فَٱكْتُبُوهُ”وقال الله:
“إِلَّا أَنْ تَكُونَ تِجَارَةً عَنْ تَرَاضٍ مِنْكُمْ”
ആഇശ (റ) ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا:” أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اشْتَرَى طَعَامًا مِنْ يَهُودِيٍّ إِلَى أَجَلٍ، وَرَهَنَهُ دِرْعًا من حَدِيد
ആഇശ (റ) യില്‍ നിന്നും നിവേദനം: “നബി(ﷺ) ഒരു ജൂതന്റെ കയ്യില്‍ നിന്നും അവധി പറഞ്ഞുകൊണ്ട് ഭക്ഷണം വാങ്ങിക്കുകയും, തന്‍റെ ഇരുമ്പുകൊണ്ടുള്ള പടയങ്കി അയാള്‍ക്ക് ഈടായി നല്‍കുകയും ചെയ്തു”. – [ബുഖാരി: 2068, മുസ്‌ലിം: 1603].
അതുകൊണ്ടുതന്നെ വില നല്‍കാന്‍ അവധി പറയുക എന്നതില്‍ തെറ്റില്ല. ഇനി അത് ഘടുക്കളായി നല്‍കുന്നതിലും തെറ്റില്ല. കാരണം ആഇശ (റ) ബരീറ (റ) യെ മോചിപ്പിച്ച സമയത്ത് ഒമ്പത് ഊഖിയ (അതായത് നാല്പത് വെള്ളിനാണയം അടങ്ങിയ ഒന്‍പത് കിഴികള്‍) വിലയായി നിശ്ചയിച്ചുകൊണ്ട്, ഓരോ വര്‍ഷവും ഒരു ഊഖിയ നല്‍കാമെന്ന വ്യവസ്ഥയോടെ അവരെ വാങ്ങിയതായി കാണാന്‍ സാധിക്കും [ബുഖാരി: 2168].
ഇസ്‌ലാമികമായി ഇന്‍സ്റ്റാള്‍മെന്‍റ് സെയില്‍ അനുവദിപ്പെടാന്‍ ചില നിബന്ധനകളുണ്ട്:
കച്ചവടം തീര്‍പ്പാകുന്നതിന് മുന്‍പ് വിലയും കാലപരിധിയും നിശ്ചയിക്കപ്പെടണം.
കച്ചവടം നടന്നു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും കടബാധ്യത വര്‍ദ്ധിക്കുകയില്ല.
അവധി നിഷിദ്ധമാക്കപ്പെട്ട കച്ചവടങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്‍റ് പാടില്ല,
ഹലാലായ വസ്തു ആയിരിക്കണം, ഉടമസ്ഥതയിലുള്ള വസ്തു ആയിരിക്കണം, കച്ചവടത്തിലേര്‍പ്പെടുന്നവര്‍ ശറഇയ്യായി ക്രയവിക്രയം നടത്താന്‍ യോഗ്യതയുള്ളവരായിരിക്കണം തുടങ്ങി സാധാരണ നിലക്ക് കച്ചവടത്തിന് ബാധകമാകുന്ന എല്ലാ നിബന്ധനകളും ഇന്‍സ്റ്റാള്‍മെന്‍റ് സെയിലിനും ബാധകമാണ്.അവധിക്ക് കച്ചവടം ചെയ്യുകയാണെങ്കിൽ അതിൽ ഉൽപ്പന്നത്തിന്റെ വില വർധിപ്പിക്കാൻ പറ്റുമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ട്.
അവധി കച്ചവടത്തിൽ ഉൽപ്പന്നത്തിന്റെ വില വർദ്ധിപ്പിക്കാമെന്ന് വാദിക്കുന്നവരുടെ തെളിവുകൾ :
നബി(ﷺ) അംറുബ്നുല്‍ ആസ് (റ) വിനോട് യുദ്ധസന്നാഹങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. ആവശ്യത്തിനുള്ള ഒട്ടകങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ ഇപ്പോള്‍ ഒരൊട്ടകം നല്‍കുന്നവര്‍ക്ക് ബൈതുല്‍മാലിലെ ഒട്ടകങ്ങള്‍ വന്നാല്‍ രണ്ടൊട്ടകം നല്‍കാം എന്ന തോതില്‍ ആളുകളില്‍ നിന്ന് ഒട്ടകത്തെ വാങ്ങാന്‍ നബി(ﷺ) അദ്ദേഹത്തോട് കല്പിച്ചു. വില പിന്നീടാണ് നല്‍കുന്നത് എന്നതുകൊണ്ട് തന്നെ രണ്ട് ഒട്ടകങ്ങള്‍ അവര്‍ക്ക് നല്‍കുന്നതായി ഈ ഹദീസില്‍ കാണാന്‍ സാധിക്കും. അതത് സമയത്ത് റൊക്കം പണം നല്‍കി വാങ്ങുകയാണ് എങ്കില്‍ ഒരിക്കലും ഒരൊട്ടകത്തിന് രണ്ടൊട്ടകത്തിന്‍റെ വില വരികയില്ലല്ലോ. അപ്പോള്‍ അവിടെ പണം പിന്നീട് നല്‍കുന്നത് കൊണ്ട് കുറച്ചധികം നബി(ﷺ) നല്‍കാന്‍ തയ്യറായി എന്നത് വ്യക്തമാണ്. ആ ഹദീസ് വ്യത്യസ്ഥ സനദുകളിലൂടെ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.
عن ابن جريج أن عمرو بن شعيب أخبره عن أبيه عن عبد الله بن عمرو بن العاص : ” أن رسول الله صلى الله عليه وسلم أمره أن يجهز جيشا قال عبد الله بن عمرو : وليس عندنا ظهر قال : فأمره النبي صلى الله عليه وسلم أن يبتاع ظهرا إلى خروج المصدق فابتاع عبد الله بن عمرو البعير بالبعيرين وبأبعرة إلى خروج المصدق بأمر رسول الله صلى الله عليه وسلم ” – أخرجه
البيهقي والدارقطني (287,288/5)
കച്ചവടം ഉറപ്പിക്കുന്നതിന് മുന്‍പ് വില്‍ക്കുന്നയാള്‍ക്കും, വാങ്ങിക്കുന്നയാള്‍ക്കും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നബി(ﷺ) നല്‍കിയിട്ടുണ്ട്:
عن حكيم بن حزام رضي الله عنه، عن النبي صلى الله عليه وسلم قال: “البيِّعانِ بالخيار ما لم يتفرَّقا، فإن صدقا وبيَّنا بورك لهما في بيعهما، وإن كذبا وكتما محقت بركة بيعهما”. – متفق عليه.
ഹകീം ബിന്‍ ഹിസാം (റ) നിവേദനം: നബി(ﷺ) പറഞ്ഞു: “വില്‍ക്കുന്നവനും വാങ്ങുന്നവനും (കച്ചവടമുറപ്പിച്ച്) വേര്‍പ്പിരിയുന്നതിന് മുന്‍പ് തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട് “.
ഒരാള്‍ക്ക് കച്ചവടം നടക്കുന്നതിന് മുന്‍പ് അയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്‍റെ വില നിശ്ചയിക്കാനുള്ള അധികാരമുണ്ട്. അത് അവധി നല്‍കിക്കൊണ്ടോ അല്ലാതെയോ ആവാം. കച്ചവടം ഉറപ്പിച്ച് പിരിയുന്നതു വരെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം രണ്ടുപേര്‍ക്കും നബി(ﷺ) നല്‍കിയിട്ടുണ്ട്.
ചുരുക്കത്തിൽ അവധി കച്ചവടം ചെയ്യുമ്പോൾ മുൻകൂട്ടി വില നിശ്ചയിക്കുകയും അത് റൊക്കം നൽകുന്ന വിലയേക്കാൾ കൂടാവുന്നതുമാണ്. എന്നാൽ നിശ്ചയിച്ച വില പിന്നീട് കൂട്ടാൻ പറ്റുന്നതല്ല. കാരണം കച്ചവടം ചെയ്യലോടുകൂടി ഉൽപ്പന്നം വാങ്ങിയവന്റെ ഉടമസ്ഥതയിലായി. പിന്നീട് പറയുന്ന അധിക സംഖ്യ പലിശയായി വരും.
അവധി കച്ചവടത്തിൽ ഉൽപ്പന്നത്തിന്റെ വില വർദ്ധിപ്പിക്കൽ പലിശയുടെ ഗണത്തിൽപ്പെടുന്നു എന്ന് പറയുന്നവരുടെ വാദങ്ങൾ :
വിലയിലെ വർധനവ് സമയം നീട്ടിക്കൊടുക്കുന്നതിന് പകരമുള്ളതാണെങ്കിൽ, അത് കടത്തിലെ വർധനവിന് തുല്യമാണ്. കടത്തിലെ ഈ വർധനവ് പലിശയായി കണക്കാക്കപ്പെടുന്നതുപോലെ, ആദ്യത്തേതും പലിശയായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ, അത്തരം വർധനവ് പലിശയെ നിരോധിക്കുന്ന വിശുദ്ധ ഖുർആനിലെ വചനങ്ങളിൽ ഉൾപ്പെടുന്നു. കാരണം, ഈ രണ്ട് സാഹചര്യങ്ങളിലും സമയം നീട്ടിക്കൊടുക്കുന്നതിന് പകരമായി സാമ്പത്തിക ഇടപാട് നടത്തുന്നു. ഇത് പലിശയാണ്.
نهي النبي عن صفقتين في صفقة
ഈ ഹദീസിന്റെ നിവേദകൻ സമ്മാക് (റ) വിശദീകരിച്ചുകൊണ്ട് പറയുന്നു: ഒരാൾ ഒരു സാധനം വിൽക്കുമ്പോൾ ഇങ്ങനെ പറയുകയാണ്: “നിങ്ങൾ പിന്നീട് പണം തരികയാണെങ്കിൽ വില ഇത്രയാണ്, ഇപ്പോൾ പണം നൽകുകയാണെങ്കിൽ വില ഇത്രയാണ്.”ഇത് നബി (സ) നിരോധിച്ച കച്ചവടമാണ്. കാരണം ഇതിൽ രണ്ട് കച്ചവടം ഒരു കച്ചവടത്തിൽ ഉൾപ്പെടുന്നുണ്ട്.
وعن عبد االله بن مسعود (ر) قال: صفقتان في صفقة ربا, ان يقول الرجل إن كان بنقد فبكذا، وإن كان بنسيئة فبكذا
സഹാബിയായ ഇബ്നു മസ്ഊദ് (റ) പറയുന്നു : ഒരു കച്ചവടത്തിൽ രണ്ട് ഇടപാടുകൾ ഉണ്ടാകുന്നത് പലിശയാണ്. അതായത്, ഒരാൾ ‘ഇപ്പോൾ പണം നൽകിയാൽ വില ഇത്രയാണ്, പിന്നീട് നൽകിയാൽ വില ഇത്രയാണ്’ എന്ന് പറയുന്നത്.
ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവധി കച്ചവടത്തിൽ വില വർദ്ധിപ്പിക്കാം എന്ന അഭിപ്രായത്തിനാണ് മുൻഗണന, ഭൂരിഭാഗം പണ്ഡിതന്മാരും കർമ്മ ശാസ്ത്രസമിതിയും ആ അഭിപ്രായത്തെയാണ് പിന്തുണക്കുന്നത്. ഇസ്ലാമിക കർമ്മശാസ്ത്ര സമിതിയുടെ ആറാം സമ്മേളനത്തിൽ കൈക്കൊണ്ട തീരുമാനം ഇപ്രകാരമാണ്:
ഒരു സാധനത്തിൻ്റെ വില പിന്നീട് അടയ്ക്കുമ്പോൾ അതിൻ്റെ വില കൂട്ടി നിശ്ചയിക്കുന്നതിന് അനുവാദമുണ്ട്.സാധനത്തിൻ്റെ ഇപ്പോഴത്തെ വിലയും, ഒരു നിശ്ചിത കാലയളവിനുള്ളിൽ തവണകളായി അടയ്ക്കുമ്പോൾ ഉള്ള വിലയും പറയാം.എങ്കിലും, കച്ചവടം ഉറപ്പിക്കുന്ന സമയത്ത് ഇപ്പോൾ പണം നൽകണോ അതോ പിന്നീട് നൽകണോ എന്ന് വ്യക്തമായി തീരുമാനിക്കണം. ഇപ്പോൾ പണം നൽകുന്നതിനോ അതോ പിന്നീട് നൽകുന്നതിനോ ഇടയിൽ ആശയക്കുഴപ്പമുണ്ടാവുകയാണെങ്കിൽ, അതായത് ഒരു വിലയിൽ ഉറച്ച ഒരു ധാരണയിൽ എത്തിയിട്ടില്ലെങ്കിൽ, ആ കച്ചവടം ശരീഅത്ത് പ്രകാരം അനുവദനീയമല്ല.
ഇതേ അഭിപ്രായം തന്നെയാണ് കുവൈത്തിലെ മതകാര്യ വകുപ്പും നൽകിയിരിക്കുന്നത്. അവരുടെ ഫത്വയിൽ പറയുന്നത് ഇങ്ങനെയാണ്:
البيع بالأجل وبسعر أعلى من السعرالأول على شرط ثبوت السعر جائز شرعـًا بدون أي شك لدينا
ക്രഡിറ്റ് കാർഡ് :
ശറഇന്റെ പരിധികൾ ലംഘിക്കുന്ന നിബന്ധനകളില്ലെങ്കിൽ ക്രഡിറ്റ് കാർഡ് അനുവദനീയമാകും. എന്നാൽ ഇന്ന് കാണുന്ന മിക്ക ക്രഡിറ്റു കാർഡുകളുമുപയോഗിച്ച് ഇടപാട് നടത്തിയാൽ ആ തുക കൃത്യ സമയത്ത് തന്നെ തിരിച്ചടച്ചിട്ടില്ലെങ്കിൽ ആ സംഖ്യയുടെ ഒരു നിശ്ചിത ശതമാനം പലിശ ബാങ്കിന് കൊടുക്കൽ നിർബ്ബന്ധമാണ്. ഈ പലിശയുടെ തോത് തിരച്ചടവ് വൈകുന്നതിനനുസരിച്ച് വർദ്ധിക്കും. സാധാരണ ഗതിയിൽ ബാങ്ക് ഇത് ചാർജജ് ചെയ്യുകയും കാർഡ് ഹോൾഡർ ഈ പലിശയോ പലിശ സഹിതം ചെലവായ പൈസയോ അടക്കുന്നു. പലിശ കുറഞ്ഞ അളവിലാണെങ്കിലും പണം അടക്കാൻ വൈകിയതിന്റെ പേരിലായാലും ഏത് രൂപത്തിലായാലും അത് നിഷിദ്ധിമാണെന്ന് വിശുദ്ധ ഖുർആനും (സൂറത്തുൽ ബഖറഃ) തിരു ഹദീസും (ബുഖാരി, മുസ്ലിം) ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.അതു പോലെ ക്രഡിറ്റ് കാർഡ് സേവനത്തിനുള്ള കൂലിയെന്നോണം ഒരു നിശ്ചിത സംഖ്യ ബാങ്കിന് നിശ്ചയിക്കാം. അത് ഈടാക്കകുയും ചെയ്യാം. എന്നാൽ ചില ക്രെഡിറ്റ് കാർഡുകളുപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ഇടപാടിനനുസരിച്ച് ഒരു നിശ്ചിത ശതമാമാനം തുക ചാർജ്ജ് ചെയ്യാറുണ്ട്. അതെത്ര ചെറിയ തുകയാണെങ്കിലും നിഷിദ്ധമാണ്. കാരണം ക്രഡിറ്റ് കാർഡ് സേവനത്തിന് ഇരു കൂട്ടരും പൊരുത്തപ്പെട്ട ഒരു നിശ്ചിത സംഖ്യ മാത്രമേ ഈടാക്കാവൂ. ചുരുക്കുത്തിൽ ഇത്തരം നിഷിദ്ധമായ നിബന്ധനകളൊന്നുമില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പറ്റും, ഉണ്ടെങ്കിൽ പറ്റില്ല.
പുതിയ കാലത്ത് വിശ്വാസി അനുഭവിക്കുന്ന ഇത്തരം ആശങ്കകളെ കർമ്മശാസ്ത്രത്തിൻ്റെ ആഴവും പരപ്പും ഉപയോഗപ്പെടുത്തി കൂടുതൽ ഗവേശണങ്ങൾ ഉണ്ടാവൽ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. ശറഹ് നിശ്ചയിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുകയും അതേ സമയം ആധുനികതയിൽ സമാശ്വാസത്തോടെ അനുവദനീയമായ ഇടപാടുകളിൽ ഏർപെടാനും സാധിക്കേണ്ടതുണ്ട്.
ഇ.എം.ഐ ; കർമ്മശാസ്ത്ര വിശകലനം
