ഹാസ്യ സിദ്ധാന്തങ്ങൾ:ചിരിയും ചിരിയിലെ യുക്തിയും

മുഹമ്മദ്‌ ഉവൈസ് പാറക്കണ്ണി

പ്രാചീന ഗ്രീക്ക് ശരീരശാസ്ത്ര തത്ത്വമായ ഹ്യൂമറിസം എന്നതിൽ നിന്നാണ് ഹ്യൂമർ അഥവാ ഹാസ്യം എന്ന വാക്ക് രൂപപ്പെട്ടത്. അതേസമയം മലയാളത്തിൽ ഈ സങ്കല്പം ‘ഹാസം’ എന്ന സംസ്കൃത മൂലപദത്തിൽ നിന്നും ഉരിത്തിരിഞ്ഞതാണ്. ചിരി, വിനോദം, പരിഹാസം, ഫലിതം എന്നൊക്കെയാണ് ഈ സംജ്ഞ കൊണ്ടുള്ള വിവക്ഷ. ഹാസ്യത്തെ കുറിച്ചും അതിലെ സാഹിതീയമായ പ്രായോഗികതയെക്കുറിച്ചും വിശദമായി പ്രതിപാദിക്കുമ്പോൾ, പൗരസ്ത്യവും പാശ്ചാത്യവുമായ രണ്ടു ചിന്താധാരകളിലും തനതായ സിദ്ധാന്തങ്ങളും സമീപനങ്ങളും ഹാസ്യത്തിന് അവലംബമായി ദർശിക്കാനാവും. പാശ്ചാത്യ സാഹിത്യത്തിലെ നിരൂപണ സംഹിതകളിൽ ഹാസ്യത്തെ പരിഗണിക്കുമ്പോൾ സുപ്പീരിയോറിറ്റി സിദ്ധാന്തം, വൈരുദ്ധ്യാത്മക സിദ്ധാന്തം, വിരേചന സിദ്ധാന്തം, എന്ന ഹാസ്യ സിദ്ധാന്ത ത്രയമാണ് അടിസ്ഥാനം. പൗരസ്ത്യം അഥവാ ഭാരതീയ സാഹിത്യ മീമാംസ ഹാസ്യത്തെ സമീപിക്കുന്നത് ഭരതമുനിയുടെ രസ സങ്കല്പത്തിലൂടെയാണ്. രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജുഗുപ്സ, വിസ്മയം, എന്നിവ നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന നവരസങ്ങളുടെ സ്ഥായിഭാവങ്ങളാണ്. ഇതിൽ ഹാസം എന്ന സ്ഥായിഭാവത്തിന്റെ രസ രൂപമായി ഹാസ്യം എന്ന സംജ്ഞയെ ഭരതമുനി പരിചയപ്പെടുത്തുന്നു.

സുപ്പീരിയോറിറ്റി സിദ്ധാന്തം

പാശ്ചാത്യ സാഹിത്യദർശനത്തിൽ ഹാസ്യത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമേറിയ സിദ്ധാന്തമാണ് സുപ്പീരിയോറിറ്റി സിദ്ധാന്തം. പ്ലാറ്റോ, അരിസ്റ്റോട്ടിൽ, എന്നിവരിലൂടെ അവതീർണമായ ഈ ഹാസ്യ പദ്ധതി തോമസ് ഹോബ്സിലൂടെയാണ് കൂടുതൽ പ്രചാരം നേടിയത്. അന്യനെ നിന്ദിക്കുന്നതിലൂടെ ഉല്പാദിപ്പിക്കുന്ന ചിരിയാണ് സുപ്പീരിയോറിറ്റി സിദ്ധാന്തത്തിന്റെ കാതൽ. സ്വന്തത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന  ഒരു  വ്യക്തിയെയോ സാഹചര്യത്തെയോ വിലകുറച്ചു കാണുകയും അന്യരുടെ വീഴ്ചകളിലും കുറവുകളിലും പുച്ഛവും ആനന്ദവും കണ്ടെത്തുന്നതിലൂടെ ഉരിത്തിരിയുന്ന ആത്മപ്രശംസയും ആത്മാഭിമാനവും ചിരി പടർത്തുന്നത്തിലൂടെ ഹാസ്യം രൂപപ്പെടുന്നു. അരിസ്റ്റോട്ടിലിന്റെ പ്രധാന കാവ്യശാസ്ത്ര ഗ്രന്ഥമായ പോയറ്റിക്സിൽ ഈ ആശയം ഉൾക്കൊള്ളിച്ചിട്ടുണ്ട്. “വേദനയില്ലാത്തതോ, ഉപദ്രവമില്ലാത്തതോ ആയ വൈരൂപ്യങ്ങളെ കണ്ടുള്ള ചിരിയാണ് ഹാസ്യം.” ട്രാജഡിയെയും  കോമഡിയെയും വിശകലനം ചെയ്യുമ്പോഴാണ് പ്രസ്തുത ആശയം അദ്ദേഹം മുൻപോട്ട് വെക്കുന്നത്.

ഈ വാദത്തെ വിശാലാർത്ഥത്തിൽ സമീപിക്കുമ്പോൾ ഹാസ്യം എന്നത് ദുരിതമുണ്ടാക്കാത്തതോ, വേദനയില്ലാത്തതോ ആയ ഒരുതരം കുറവോ, വിരൂപതയോ ഒരാളിൽ കാണുമ്പോൾ ഉണ്ടാകുന്നതാണ്. അതായത്, നമ്മളേക്കാൾ താഴെ നിൽക്കുന്നതോ, അയോഗ്യമായതോ ആയ ഒന്നിനെ കാണുമ്പോൾ ഉണ്ടാകുന്ന മേന്മബോധം ചിരിക്ക് കാരണമാകുന്നു.​​ തോമസ് ഹോബ്സിന്റെ സഡൻ ഗ്ലോറിവാദം അഥവാ, പെട്ടെന്നുണ്ടാകുന്ന വിജയത്തിൻ്റെ ആഹ്ലാദമാണ് ചിരി എന്ന സങ്കല്പം സുപ്പീരിയോറിറ്റി സിദ്ധാന്തത്തിൽ അധിഷ്ഠിതമാണ്. ഹോബ്സിന്റെ  തത്ത്വശാസ്ത്ര ഗ്രന്ഥമായ ലെവിയാത്തൻ എന്ന കൃതിയിലാണ് ഈ ആശയം അദ്ദേഹം അവതരിപ്പിച്ചത്. മനുഷ്യൻ്റെ വികാരങ്ങളെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിൻ്റെ മികച്ചൊരു പഠനമായിരുന്നു ഈ രചന. മറ്റൊരാളുടെ കുറവോ, പരാജയമോ, അല്ലെങ്കിൽ മുമ്പ് സ്വന്തമായി ഉണ്ടായിരുന്ന കുറവ് ഇപ്പോൾ ഇല്ലാതായെന്ന തോന്നലോ ഉണ്ടാകുമ്പോൾ, താൻ അവരെക്കാളോ, പഴയ തന്നേക്കാളോ മികച്ചവനാണ് എന്ന വിചാരത്തിൽ നിന്നും രൂപപ്പെടുന്ന ആഹ്ലാദമാണ് ചിരിക്ക് കാരണമാവുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

അരിസ്റ്റോട്ടിലിന്റെയും ഹോബ്സിന്റെയും വാദങ്ങളുമായി പ്ലാറ്റോയെ ചേർത്തു വായിക്കുന്നതിൻ്റെ കാരണം, അദ്ദേഹമാണ് മേന്മബോധ സിദ്ധാന്തത്തിന്റെ ശില്പി. പ്ലാറ്റോ തൻ്റെ റിപ്പബ്ലിക്, ഫിലെബസ് എന്നീ ഗ്രന്ഥങ്ങളിൽ ഹാസ്യത്തെക്കുറിച്ചും ചിരിയെക്കുറിച്ചും പ്രസ്താവന നടത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, ചിരി എന്നത് സുഹൃത്തുക്കളുടെയോ ശത്രുക്കളുടെയോ അറിവില്ലായ്മയും ദുർബലതയും സ്വയം വഞ്ചനയും ഒരാൾ അനുഭവിക്കുമ്പോൾ രൂപപ്പെടുന്ന ഒന്നാണ്. ​പ്രത്യേകിച്ച്, അധികാരം ഇല്ലാത്തവരിൽ ഈ കുറവ് കാണുമ്പോൾ ഉണ്ടാകുന്ന ഈ ചിരി സങ്കല്പം, ഒരുതരം ദുഷിച്ച സന്തോഷമാണ് എന്നുകൂടി അദ്ദേഹം നിരീക്ഷിക്കുന്നു. പ്ലാറ്റോ സ്ഥാപിച്ച ഈ ‘മേന്മബോധം’ എന്ന അടിസ്ഥാന ആശയം വികസിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്തവരാണ് അദ്ദേഹത്തിൻ്റെ ശിഷ്യനായ അരിസ്റ്റോട്ടിലും, പിൽക്കാല ചിന്തകനായ ഹോബ്സും. അതിനാൽ, ഈ വാദങ്ങളുടെ ചരിത്രപരമായ തുടർച്ച മനസിലാക്കാൻ പ്ലാറ്റോയുടെ ചിന്ത കൂടി ചേർത്ത് വായിക്കേണ്ടത് അനിവാര്യമാണ്.

വൈരുദ്ധ്യ സിദ്ധാന്തം

ഹാസ്യത്തിൻ്റെ ഉത്ഭവത്തെയും സ്വഭാവത്തെയും സ്വീകരിക്കുമ്പോൾ അക്കാദമികതലത്തിൽ ഏറെ സ്വീകാര്യമായ സിദ്ധാന്തമാണ് വൈരുദ്ധ്യ സിദ്ധാന്തം. ഒരു വ്യക്തി പ്രതീക്ഷിക്കുന്ന കാര്യങ്ങളും യഥാർത്ഥത്തിൽ സംഭവിക്കുന്ന കാര്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് ചിരിക്ക് കാരണമാകുന്നത് എന്ന് ഈ വാദം സിദ്ധാന്തിക്കുന്നു. വൈരുദ്ധ്യ സിദ്ധാന്തമനുസരിച്ച്, ഹാസ്യം എന്നത് ബുദ്ധിപരമായ ഒരു പ്രതികരണമാണ്.  മനുഷ്യമനസ്സ് ഒരു പ്രത്യേക സാഹചര്യത്തെക്കുറിച്ചോ സംഭാഷണത്തെക്കുറിച്ചോ  യുക്തിപരമായ ക്രമം രൂപപ്പെടുത്തി എടുക്കുമ്പോൾ, ആ ക്രമം പെട്ടെന്ന് ലംഘിക്കപ്പെടുകയോ തെറ്റിക്കപ്പെടുകയോ ചെയ്യുന്നതിലൂടെയാണ് ചിരി ഉണ്ടാകുന്നത്. ഒരു പ്രത്യേക വിഷയത്തെ ഒരേ തുടർച്ചയിൽ പ്രതീക്ഷിക്കുകയും, അതിൻ്റെ ഫലം അല്ലെങ്കിൽ അവസാനം പ്രതീക്ഷിച്ചതിൽ നിന്നും പൂർണ്ണമായും വിഭിന്നമാവുകയും ചെയ്യുമ്പോൾ, ഈ വൈരുദ്ധ്യം ഹാസ്യമായി അനുഭവപ്പെടുന്നു. ഈ പൊരുത്തക്കേടിനെ താൽക്കാലികമായി പരിഹരിക്കാൻ  മനസ്സ് നടത്തുന്ന പെട്ടെന്നുള്ള ശ്രമമാണ് ചിരിയായി പുറത്തുവരുന്നത്.

​വൈരുദ്ധ്യ സിദ്ധാന്തത്തിന് അടിത്തറ പാകിയതും അതിനെ വികസിപ്പിച്ചെടുത്തതുമായ ദാർശനിക ചിന്തകനാണ്ഇമ്മാനുവൽ കാന്റ്. തൻ്റെ ക്രിട്ടിക് ഓഫ് ജഡ്ജ്മെന്റ്-1790 എന്ന രചനയിലൂടെയാണ് അദ്ദേഹം ഈ ആശയം അവതരിപ്പിച്ചത്. “ഒരു വലിയ പ്രതീക്ഷ പെട്ടെന്ന് ഒന്നുമില്ലാതാകുമ്പോൾ ചിരി ഉണ്ടാകുന്നു.” എന്ന് ഹാസ്യത്തെ അദ്ദേഹം നിർവചിച്ചു. വളരെ ഗൗരവത്തോടെ തുടങ്ങി, നിസ്സാരമായ ആശയത്തിൽ പെട്ടെന്ന് അവസാനിക്കുന്ന ഫലിതങ്ങളെയാണ് ഇവിടെ ഉദാഹരണമായി കാൻ്റ് കൊണ്ടുവന്നത്. ചുരുക്കത്തിൽ ഗൗരവമായ ഒരു ഫലം പ്രതീക്ഷിക്കുമ്പോയും, അതിനുപകരം നിസ്സാരമായ ഒരു ഒന്നുമില്ലായ്മ ലഭിക്കുമ്പോൾ യുക്തിക്ക് വരുന്ന തടസ്സമാണ് ചിരിയായി മാറുന്നത് ഇന്ന് അദ്ദേഹം സാധൂകരിക്കുന്നു.

കാൻ്റിൻ്റെ വാദത്തിൽ ആകർഷണീയനായ ആർതർ ഷോപ്പൻഹോവർ, തന്റെ വേൾഡ് ആസ് വിൽ ആൻഡ് റെപ്രസന്റേഷൻ-1819 എന്ന രചനയിൽ വൈരുദ്ധ്യ സിദ്ധാന്തത്തെ വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. “ഒരു ആശയവും ആ ആശയത്തിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്ന യഥാർത്ഥ വസ്തുതയും തമ്മിലുള്ള പൊരുത്തക്കേടാണ് ഹാസ്യം.” എന്ന് അദ്ദേഹം സമർത്ഥിച്ചു. അഥവാ, മനസ്സ് വസ്തുക്കളെ വർഗ്ഗീകരിക്കുന്ന രീതിയും, ആ വർഗ്ഗീകരണത്തിൽ ഒതുങ്ങാത്ത യഥാർത്ഥ വസ്തുതയും തമ്മിലുള്ള സംഘർഷമാണ് ഹാസ്യം. ഈ ആശയധാരയുടെ തുടർച്ചയിൽ ജോർജ്ജ് കാർളിൻഹോഫ് വൈരുദ്ധ്യം, അത്ഭുതം, ആശയക്കുഴപ്പം തുടങ്ങിയ ഘടകങ്ങൾ ഹാസ്യത്തിൽ വഹിക്കുന്ന പങ്ക് വിശദീകരിക്കുന്നു. ജെയിംസ് ബെയ്റ്റി -1776 ഹാസ്യ ദർശനത്തിൽ വൈരുദ്ധ്യ സിദ്ധാന്തം ഉയർത്തിയ മറ്റൊരു പ്രശസ്ത പണ്ഡിതനാണ്. ഫലിതം, വിരോധാഭാസം, അസംബന്ധം, പാരഡി തുടങ്ങിയ യാഥാർത്ഥ്യത്തിൽ നിന്നും പ്രതീക്ഷയിൽ നിന്നും തെറിച്ചു നിൽക്കുന്ന തുടർച്ചകളുടെ രൂപ വൈവിധ്യങ്ങളെയാണ് വൈരുദ്ധ്യ സിദ്ധാന്തം ഹാസ്യത്തിന്റെ മൂലഘടകമായി പരിഗണിക്കുന്നത്.

​റിലീഫ് സിദ്ധാന്തം

സിഗ്മണ്ട് ഫ്രോയിഡ്, ​ഹെർബർട്ട് സ്പെൻസർ എന്നിവരാണ് ​റിലീഫ് സിദ്ധാന്തത്തിന് ശാസ്ത്രീയമായ വിശദീകരണം നൽകിയ പ്രധാനികൾ. ശരീരത്തിലോ മനസ്സിലോ അടിഞ്ഞുകൂടിയ സമ്മർദ്ദങ്ങളോ നിരോധനങ്ങളോ പെട്ടെന്ന് പുറത്തേക്ക് പോകുമ്പോൾ ഉണ്ടാകുന്ന ആശ്വാസമാണ് ചിരിക്ക് കാരണമെന്ന ആശയമാണ് ​ പ്രസ്തുത സിദ്ധാന്തത്തിന്റെ ഉദ്ദേശ്യം. അഥവാ, ചിരിയെന്നത് മനസ്സിൽ കെട്ടിക്കിടക്കുന്ന സമ്മർദ്ദരൂപങ്ങളായ  പിരിമുറുക്കങ്ങളെയും അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ഒഴിവാക്കി വിടാനുള്ള വഴിയാണ്. ശരീരത്തിന്റെ ഹോമിയോസ്റ്റാറ്റിക് സംവിധാനം പോലെ, അമിതമായ നാഡീ ഊർജ്ജത്തെ പുറത്തുവിട്ട് മാനസികമായ ആശ്വാസം പകരാൻ  ചിരി സഹായിക്കുന്നു. ​സാഹിത്യത്തിലെ പ്രയോഗം ഇരുണ്ട ഹാസ്യം അഥവാ ഡാർക്ക് കോമഡി ഈ സിദ്ധാന്തത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

റിലീഫ് സിദ്ധാന്തത്തിന് കാതൽ പകർന്നത് പ്രശസ്ത മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡായിരുന്നു. അദ്ദേഹത്തിന്റെ ജോക്സ് ആൻഡ് ദയർ റിലേഷൻ ടു ദി അൺകോൺഷ്യസ് -1905 എന്ന ഗ്രന്ഥത്തിൽ പ്രസ്തുത സിദ്ധാന്തം ആഴത്തിൽ തന്നെ പരാമർശിക്കുന്നുണ്ട്. ഫ്രോയിഡിനെ ഉദ്ധരിക്കുമ്പോൾ, സാമൂഹികമായ വിലക്കുകൾ കാരണം ബോധപൂർവം അടിച്ചമർത്തുന്ന ലൈംഗികമായതോ, ആക്രമണോത്സുകമായതോ അല്ലെങ്കിൽ നിരോധിക്കപ്പെട്ടതോ ആയ ചിന്തകളും ആഗ്രഹങ്ങളുമാണ് തമാശകളിലൂടെ പുറത്തുവരുന്നത് എന്ന് സമർത്ഥിക്കാനവും. വ്യക്തിജീവിതത്തിൽ സമ്മർദ്ദപൂർണ്ണ മായ വികാരങ്ങൾ അടിച്ചമർത്താൻ മനസ്സ് ഊർജ്ജം സംഭരിക്കുന്നു. എന്നാൽ, ഒരു തമാശ കേൾക്കുമ്പോൾ, പിരിമുറുക്കം താൽക്കാലികമായി ഒഴിവാക്കുകയാണ്. അതോടെ സമ്മർദ്ദത്തിന്റെ പേരിൽ സംഭരിച്ച ഊർജ്ജം താൽക്കാലികമായി ഉപയോഗശൂന്യമാവുകയും തുടർന്നത് പുറന്തള്ളേണ്ടി വരുകയാണ്. ഈ ഊർജ്ജപ്രവാഹമാണ് ചിരിയായി മാറുന്നത്. എന്നാൽ ഏറെ സാധാരണമായ ഹാസ്യവിചാരത്തെ തുടർന്നുള്ള ചിരി പ്രസ്തുത സിദ്ധാന്തത്തിൽ ഉൾക്കൊള്ളുന്നില്ല എന്നത് ഫ്രോയിഡിന് എതിരെ ഉയർന്ന വാദമുഖമായി ഇന്നും നിലനിൽക്കുന്നു.

ഹാസ്യത്തിൻ്റെ സാമൂഹിക ധർമ്മം

​പ്രമുഖ ചിന്തകനായ ഹെൻറി ബെർഗ്സൺ തന്റെ ലോഫ്റ്റർ ആൻ എസ്സേ ഓൺ ദി മീനിങ് ഓഫ് ദി കോമിക് എന്ന പ്രസിദ്ധമായ രചനയിൽ ഹാസ്യത്തിന് ഒരു സാമൂഹിക ഉത്തരവാദിത്വത്തെ സമർപ്പിക്കുന്നുണ്ട്. ജീവിതത്തിൽ സ്ഥിരതയോ, യാന്ത്രികതയോ, വഴക്കമില്ലായ്മയോ വരുമ്പോളാണ് നമുക്ക് ചിരി വരുന്നത്. യാന്ത്രികമായി പ്രവർത്തിക്കുന്ന വ്യക്തിയെ കണ്ട് സമൂഹം ചിരിക്കുകയും അതുവഴി അവരെ തിരുത്താൻ പ്രേരിതമാവുകയും ചെയ്യുന്നു. അതോടൊപ്പം ഹാസ്യം ഒരു സാമൂഹിക വിമർശന ഉപാധിയായി വർത്തിക്കുന്നുണ്ട്. ഇവിടെ സമൂഹം അംഗീകരിച്ച നിയമങ്ങളിൽ നിന്ന് വ്യതിചലിക്കുന്നവരെ ചിരിയിലൂടെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു തിരുത്തൽ പ്രക്രിയയായി ഹാസ്യം പ്രവർത്തിക്കുന്നു. ഹാസ്യം അങ്ങനെ കേവല വിനോദത്തിനപ്പുറം, സാമൂഹിക വിമർശനത്തിനും ദാർശനികമായ ഉൾക്കാഴ്ചകൾക്കും ഒരു ശക്തമായ മാധ്യമമായി മാറുന്നു എന്നിടത്താണ്, ഒരല്പം പോലും ചോര പൊടിയാതെ, വാക്കുകൾകൊണ്ടും ഉപമകൾകൊണ്ടും അനീതിയെയും അരാജകത്വത്തെയും കീറിമുറിക്കുന്ന വാചാലതയുടെ മൂർച്ച ഉൾക്കൊള്ളാനാവുക.

നാട്യശാസ്ത്രവും രസസിദ്ധാന്തവും

ഭാരതീയ ദർശനത്തിൽ, ഹാസ്യത്തെക്കുറിച്ചുള്ള ഏറ്റവും അടിസ്ഥാനപരവും ആഴത്തിലുള്ളതുമായ വിശകലനം കാണപ്പെടുന്നത് ബി.സി. രണ്ടാം നൂറ്റാണ്ടിനും എ.ഡി. രണ്ടാം നൂറ്റാണ്ടിനുമിടയിൽ രചിക്കപ്പെട്ടുവെന്ന് കരുതുന്ന ഭരതമുനിയുടെ നാട്യശാസ്ത്രത്തിലാണ്. രസ സങ്കല്പത്തെ വിശദീകരിച്ചുകൊണ്ടാണ് ഭരതമുനി ഹാസ്യത്തെ സമീപിച്ചത്.  ഹാസ്യരസത്തിന്റെ അടിസ്ഥാന ഭാവം ഹാസം അഥവാ ചിരിയാകുന്നു. ഹാസ്യരസം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ശാരീരിക സൂചനകങ്ങളായ വക്രമായി കണ്ണിറുക്കൽ, മൂക്ക് വിറപ്പിക്കൽ, ​മുഖം ചീർത്തുള്ള സംസാരം, പാർശ്വഭാഗങ്ങളിൽ പിടിച്ചുള്ള ചിരി തുടങ്ങിയവയെല്ലാം കേവലമായൊരു മാനസികാവസ്ഥയ്ക്ക് അപ്പുറം ഹാസ്യരസത്തിന്റെ ഭാവ ഭേദങ്ങളെയാണ്  സൂചിപ്പിക്കുന്നത്.

​നാട്യശാസ്ത്രം ഹാസ്യത്തെ അതിന്റെ തീവ്രതയുടെയും ആഴത്തിന്റെയും അടിസ്ഥാനത്തിൽ ആറു തരങ്ങളായി വേർതിരിച്ചു പരാമർശിക്കുന്നുണ്ട്. സ്മിതം,​ ഹസിതം, ​വിഹസിതം, ​ഉപഹസിതം, ​അപഹസിതം, ​അതിഹസിതം എന്നീ വേർതിരിവുകളിലൂടെ സാമൂഹിക ഇടപെടലുകളിലെ ഹാസ്യത്തിന്റെ സൂക്ഷ്മമായ പ്രയോഗങ്ങളെ സാമൂഹിക ശ്രേണിയിലെ വർഗ്ഗ ഭേദ സങ്കല്പങ്ങളോടൊപ്പം തന്നെ ലളിതവും മനോഹരവുമായി വിശദീകരിക്കാൻ ഗ്രന്ഥകാരന് സാധ്യമാകുന്നു. ആറു ചിരിഭാവങ്ങളിൽ ഏറ്റവും ഉൽകൃഷ്ടമായ ചിരിയാണ് സ്മിതം. ഏറെ ഒതുങ്ങിയതും മനോഹരമായതുമായ ചിരി. കവിളുകൾ മാത്രം വിടരുന്ന ഈ ചിരിയിൽ പല്ലുകൾ പുറത്ത് കാണില്ല. ഉത്തമ വിഭാഗക്കാരായ ദൈവങ്ങൾ, രാജാക്കന്മാർ, മഹത്തുക്കൾ,  തുടങ്ങിയ സാമൂഹിക ശ്രേഷ്ഠരാണ് ഇതിന്റെ വക്താക്കൾ. എന്നാൽ, കുറച്ചുകൂടി പ്രകടമായ ചിരിയാണ് ഹസിതം. ഇവിടെ പല്ലുകൾ ചെറുതായി കാണും, കവിളുകളും കണ്ണുകളും വിടരും. ഇതും ഉത്തമ വിഭാഗക്കാരുടേതാണ്.

നേരിയ ശബ്ദത്തോടൊപ്പം ​മിതമായ ചിരിരൂപമാണ് വിഹസിതം.  സന്ദർഭത്തിന് അനുയോജ്യമായതും സാമാന്യ മധ്യമ വിഭാഗക്കാരുടെ ചിരിയുമാണിത്. തുടർന്നുവരുന്ന  ഉപഹസിതം തീർത്തും പരിഹാസചിരിയാകുന്നു. മറ്റൊരാളുടെ ന്യൂനതകൾ കണ്ടുള്ള ചിരി. പുരികങ്ങൾ ചുളിയും, ശബ്ദമുണ്ടാകുംചെയ്യും. സാമൂഹിക ശ്രേണിയിൽ മധ്യമ വിഭാഗക്കാരാണ് ഉപഹസിതത്തിന്റെകൂട്ടര്. കുറച്ചുകൂടെ നിലവാരം കുറഞ്ഞ അസ്ഥാനത്തുള്ള ചിരിയാണ് അപഹസിതം. അഥവാ, അർത്ഥമില്ലാത്തതോ, സമയം തെറ്റിയതോ ആയ അനിയന്ത്രിതമായ ചിരി. ഈ ചിരിയിൽ  കണ്ണീരൊലിപ്പിക്കാൻ പോലും സാധ്യതയുണ്ട്. ഇത് അധമ വിഭാഗക്കാരുടെ ലക്ഷണമായി ഭരതമുനി വിലയിരുത്തുന്നുണ്ട്. ഇതിൽ നിന്നെല്ലാം വിഭിന്നമായി സർവ്വം മറന്നു കൊണ്ടുള്ള അതിരുവിട്ട ചിരിയാണ് അതിഹസിതം. അധമ വിഭാഗക്കാരുടേതായി വിലയിരുത്തുന്ന ഈ ചിരി ഉറക്കെ, കൈകൾ വീശിയുള്ള, നിലത്ത് വീഴാൻ സാധ്യതയുള്ള, അനിയന്ത്രിതമായ രസപ്രകടനമാണ്.

ഹാസ്യരസത്തിന്റെ ധാർമ്മിക മാനദണ്ഡം കൂടി നാട്യശാസ്ത്രത്തിലെ ഈ വർഗ്ഗീകരണം വ്യക്തമാക്കുന്നുണ്ട്. ഭാരതീയ ദർശനത്തിലെ ഹാസ്യത്തിന്റെ ഉന്നതവും ധാർമ്മികവുമായ സാമൂഹിക വീക്ഷണങ്ങളാണ്  ഇവിടെ വ്യക്തമാവുന്നത്. ചിരിയെപ്പോലും നിയന്ത്രിതമായി, സൗന്ദര്യശാസ്ത്രപരമായി അവതരിപ്പിക്കേണ്ട ഒന്നായി കണ്ടു എന്നിടത്ത്, ഭാരതീയ സൗന്ദര്യ ദർശനം എത്രമാത്രം വ്യാപ്തിയുള്ളതാണെന്ന് മനസ്സിലാക്കാം. ഈ സങ്കല്പത്താൽ  “സ്മിതവും ഹസിതവും” ആണ് ഉത്തമം. കാരണം, ഹാസ്യ സ്പർശത്താൽ ചിരിതൂകുന്ന വ്യക്തിയിൽ നിന്ന് വികാരത്തെ മറികടന്ന്, ഒരുതരം ആത്മീയമായ ലാളിത്യവും വിനയവും ഇവിടെ പ്രകടമാക്കുന്നു. അതോടൊപ്പം തന്നെ ചിരിയുടെ രൂപം വ്യക്തിയുടെ സംസ്കാരത്തെയും പദവിയെയും കൂടി പ്രതിഫലിപ്പിച്ചു. അതിലൂടെ അനിയന്ത്രിതമായ ചിരി അതിഹസിതം, സംസ്കാരമില്ലായ്മയായി കണക്കാക്കപ്പെട്ടു. ഹാസ്യരസം മറ്റ് രസങ്ങളായ ശൃംഗാരം, വീരം, കരുണം തുടങ്ങിയവയുമൊത്ത് സന്തുലിതമായി അവതരിപ്പിക്കുമ്പോൾ മാത്രമേ സമ്പൂർണ്ണമായ ഒരു കാവ്യമോ നാടകമോ രൂപപ്പെടുകയുള്ളൂ എന്ന് സമർത്ഥിക്കുകയാണ് ഭരതമുനി തന്നെ നാട്യശാസ്ത്രത്തിലൂടെ.

പാശ്ചാത്യ സിദ്ധാന്തങ്ങളെ അപേക്ഷിച്ച് പൗരസ്ത്യ വായന ഹാസ്യത്തെ അന്തസ്സുറ്റതും, കലയിലെ മനോഹാരിതയുടെ പ്രകടന മാർഗ്ഗമായും കാണുന്നു. അതിലേറെ ഗൗരവത്തോടെ ഭാരതീയ ദർശനത്തിലുടനീളം സാമൂഹിക ശ്രേണിയിലെ വർഗ്ഗ ഭേദത്തിനും വ്യക്തി പതനത്തിന്റെയും ഉന്നതിയുടെ വേർതിരിവുകൾക്കും മാനദണ്ഡമായി ഹാസ്യ കലയെയും ചിരി സങ്കല്പത്തെയും  പ്രയോജനപ്പെടുത്തി എന്നുള്ളതാണ്. പാശ്ചാത്യർ ഹാസ്യത്തെ അതിന്റെ പ്രവർത്തന തത്വത്തിൽ മാത്രം ശ്രദ്ധിക്കുമ്പോൾ, ഭാരതീയർ അതിന്റെ സൗന്ദര്യശാസ്ത്രപരമായ പ്രയോഗത്തിലും ധാർമ്മികമായ ആഴത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading