ഇസ്ലാം, ക്രിസ്ത്യാനിറ്റി: കൊളോണിയൽ വിമോചന ദൈവശാസ്ത്രത്തെ വായിക്കുമ്പോൾ

മുഹമ്മദ് തഖിയുദ്ധീൻ എൽ

തദ്ദേശീയതയുടെ പ്രാദേശിക പ്രത്യയശാസ്ത്രങ്ങളെ തദ്ദേശീയമായോ അല്ലാതെയോ ഭരണകൂടം ശിഥിലീകരിക്കാനുള്ള കൊളോണിയൽ അധിനിവേശങ്ങളുടെ അനന്തരഫലമായാണ് വിമോചനപോരാട്ടങ്ങൾ പരിണമിച്ചത്. വൈദേശികം, പ്രാദേശികം ഇവ പ്രത്യക്ഷത്തിൽ സ്ഥിരവും പൊതുവായതും പൊതുസമ്മതമുള്ളതുമായ മൂല്യഘടനയുടെ ഭാഗമാണെങ്കിലും ഇവയിലുണ്ടാകുന്ന വാദ-പ്രതിവാദങ്ങൾ കൊളോണിയൽ അധിനിവേശ ശക്തികൾ പാർശ്വവത്കരിച്ച് തങ്ങൾക്കതീതമായ മൂർത്തഭാവങ്ങൾ കെട്ടിപ്പടുക്കുന്നത് ഇന്നും തുടരുന്നു.

യൂറോപ്യൻ കൊളോണിയലിസത്തിനെതിരായ പ്രതികരണങ്ങളുടെയും തങ്ങൾക്കകത്തുള്ള കൊളോണിയൽ വിരുദ്ധ ദേശീയ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുമായി നിലനിൽക്കുന്ന സംവാദാത്മക ബന്ധങ്ങളുടെയും ഫലമായാണ് വിമോചന ദൈവശാസ്ത്രങ്ങൾ മതകീയ അടിസ്ഥാനത്തിൽ ഉടലെടുക്കുന്നത്. ഇസ്ലാമും ക്രിസ്ത്യാനിറ്റിയും അടിസ്ഥാനപരതയിൽ തങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ മുഖേന, കൊളോണിയൽ വിരുദ്ധ സമീപനങ്ങൾ ഈ രീതിയിൽ കൈവരിക്കുന്നുണ്ടെങ്കിലും പ്രത്യയശാസ്ത്രപരമായി നേരിടേണ്ടി വന്ന ചില തത്വങ്ങൾ വിലങ്ങുതടിയാവുകയും ചെയ്യുന്നു.

യൂറോപ്യൻ കൊളോണിയലിസം, അമേരിക്കൻ സ്വേച്ഛാധിപത്യം എന്നിവയ്ക്കെതിരെയുള്ള പോരാട്ടം എന്ന തത്വം എല്ലാ മതവിമോചന പോരാട്ടങ്ങളുടെയും പൊതുസാമീപ്യമാണ്. അമേരിക്കയുടെ രാഷ്ട്രീയ നയത്തിൽ ജൂതമതത്തെ കൂടി വായിക്കുമ്പോൾ ഇസ്ലാമിക പോരാട്ടങ്ങളുടെ പ്രസക്തി പൂർണ്ണമാകുന്നു. പതിനാറാം നൂറ്റാണ്ടിൽ ഫാദർ ബർത്തലോമിയോ ഡി ലാസ് കാസാസ് ആണ് ലിബറേഷൻ തിയോളജി (മതകീയ പോരാട്ടങ്ങളുടെ പൊതുവ്യവഹാരങ്ങൾ ഈ രൂപത്തിലാണ് അടയാളപ്പെടുത്തപ്പെടുന്നത്) പ്രായോഗികവത്കരിക്കുന്നത്. അതിനെ താത്വികമായി A Theology of liberation: history, politics and salvation ലൂടെ ഗുസ്താവോ ഗുട്ടിയെറെസ് (1928-2024) പത്തൊമ്പതാം നൂറ്റാണ്ടിൽ അവലോകനം ചെയ്യുകയുണ്ടായി. 1950-ന് ശേഷമാണ് പ്രധാനമായും ഇസ്ലാമിക വിമോചന പോരാട്ടങ്ങൾ ചൂടുപിടിക്കുന്നത്. ഷിയാ പ്രത്യയശാസ്ത്രങ്ങളും തെക്കൻ ഏഷ്യയിലെ പണ്ഡിത പോരാട്ടങ്ങളും ഇതിൽ പ്രധാനമാണ്.

ഇവയുടെ പ്രായോഗിക തത്വങ്ങളിലുണ്ടായ ആദർശപരമായ സ്വത്വ വ്യാഖ്യാനങ്ങളും യൂറോപ്യൻ കൊളോണിയലിസം ഉൾക്കൊള്ളിച്ച ആധുനിക നാഗരികതയുടെ (modern civilization) വ്യാഖ്യാനങ്ങളും ഇസ്ലാമിക പ്രത്യയശാസ്ത്രങ്ങളുടെ ആന്തരിക ഭാവത്തെ ആഴത്തിൽ സ്വാധീനിക്കുന്നതായി കാണാം. സാമുവൽ ഹണ്ടിങ്ടണും ബെർണാർഡ് ലൂയിസും ജോൺ എസ്പോസിറ്റോയും നെയ്തെടുത്ത അമേരിക്കൻ നിർമിത താത്വിക വിശകലനങ്ങൾ കൂടി ഇതിനോട് ചേർത്ത് വായിക്കണം.

കാപിറ്റലിസത്തെ താത്വികമായി ദുരുപയോഗം ചെയ്യുകയും സോഷ്യലിസത്തിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രത്തെ ആഗോളമാക്കുകയും ചെയ്ത കൊളോണിയലിസം ആന്തരികമായി മതങ്ങളെ ചൂഷണം ചെയ്തു. ഇന്ത്യയിൽ നടപ്പിലാക്കിയ വിഭജിച്ച് ഭരിക്കുക എന്ന തത്വം (divide and rule) ഇവയിലൊന്ന് മാത്രം. ഇതുമൂലം ആന്തരികതയിലുണ്ടായ ആദർശപരമായ വ്യതിയാനങ്ങളെ ദുർഗ്രഹമായ രീതിയിൽ തിരിച്ചറിയാൻ കഴിയാത്തവരിൽ അറബികളും ഉണ്ടായിരുന്നു. ധാർമികതയുടെ വേരുകളെ ആഗോളവ്യവഹാരത്തിൽ നിന്ന് അമേരിക്ക നിരർഥമാക്കിയപ്പോൾ തന്നെ ജൂതമതവും ക്രിസ്ത്യാനിറ്റിയും മതവിദ്വേഷം വിളമ്പി. കെവിൻ ഫിലിപ്‌സിന്റെ The peril and politics of radical religion, oil and borrowed money in 21st century അമേരിക്ക ക്രിസ്തീയ സാമ്രാജ്യമായി മാറിയെന്നും ജൂതമതത്തെ തങ്ങൾക്കതീതമാക്കിയത് എന്തിനെന്നും പറഞ്ഞുവെക്കുന്നു.

ക്രിസ്ത്യൻ ദൈവശാസ്ത്രങ്ങൾ പൊതുവേ കാറൽ മാർക്സിന്റെ സിദ്ധാന്തങ്ങളെ ക്ഷണികമായെങ്കിലും വിമർശിക്കുന്നതായി കാണാം. ഈ വിഷയത്തിൽ അലി ശരീഅത്തിയും ഗുസ്താവോ ഗുട്ടിയെറെസും താത്വികമായി യോജിക്കുന്നു. ഫാദർ ബർത്തലോമിയോ ഡി ലാസ് കാസാസിന്റെ വിമോചന തത്വങ്ങളുടെ പ്രായോഗിക താത്വികതയ്ക്ക് മതപരമായ വത്തിക്കാന്റെ ഉൾകളി വല്ലാതെ കോട്ടം തട്ടിച്ചു. സംക്ഷിപ്ത ഭാവത്തിൽ പ്രായോഗികവത്കരണത്തിനായി ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. വത്തിക്കാന്റെ ഈ രീതിശാസ്ത്രവും കർശന നിയന്ത്രണങ്ങളും കൊളോണിയലിസം ക്രിസ്തുമതത്തിന്റെ തന്നെ പങ്കാളിത്തമുള്ള കാര്യമായിരുന്നു എന്ന് തെളിയിക്കുന്നു. ഉൾവിശ്വാസപരമായ തർക്കശാസ്ത്രങ്ങൾ ക്രിസ്തുമതത്തിന്റെ ആന്തരികാദർശത്തെ മുമ്പേ തകർത്തിരുന്നു.

ലാറ്റിനമേരിക്കയിൽ വിമോചന പോരാട്ടത്തിന് തുടക്കം കുറിച്ച ഫാദർ ബർത്തലോമിയോ ഡി ലാസ് കാസാസിനെ എതിർത്തത് യുവാൻ ഗിനെസ് ഡി സെപൽവേദ തന്നെയായിരുന്നു. (ലാറ്റിൻ അമേരിക്കയിലെ ക്രിസ്ത്യൻ ഫിലോസഫറാണ് ഇദ്ദേഹം). ഇവിടെ കാസാസും യുവാനും ഒരേ മതക്കാരായിരുന്നുവെന്നും ചേർത്തു വായിക്കണം. പിന്നീട് വിമോചന ദൈവശാസ്ത്രത്തെ മുന്നണിയിലേക്കെത്തിക്കുന്നത് തന്നെ ചെഗുവേരയും ജോസെ മാർട്ടിനും സൈമൺ ബോളിവർമാണു.

രാഷ്ട്രീയപരമായ ഉൾവലികളിലുള്ള യോജിപ്പ് പ്രകടമായി തന്നെ പുലർത്തുന്നതിനാൽ തിയോഡോർ ഹെർസലും യുവാനും തമ്മിൽ പ്രയോഗത്തിലും പ്രായോഗികതയിലും ആനുഷംഗികമായെങ്കിലും സംയോജിക്കുന്നു. പടിഞ്ഞാറൻ സ്വേച്ഛാധിപത്യത്തെ ന്യായീകരിച്ച ലെവി-സ്ട്രോസും യൂറോപ്യൻ കൊളോണിയലിസത്തെ ന്യായീകരിച്ച കാൾ ഷ്മിറ്റും നടത്തിയ വിപ്ലവാത്മകമായ അവലോകനങ്ങളെ എല്ലാം സ്വീകരിക്കുന്ന അനുവാചകനെപ്പോലെ വത്തിക്കാൻ ഏറ്റെടുത്തു. ദൈവ നിശ്ചയത്തെ ആധികാരികമാക്കി രാഷ്ട്രീയതയുടെ നിർണായക നിമിഷം പൗരാധിപത്യമല്ലെന്നും ശത്രുതയാണെന്നും വാദിച്ച് തങ്ങൾ വിശ്വസിക്കുന്നതിന് വേണ്ടി പരസ്പരം കൊല്ലാനായി യുദ്ധത്തിന് പുറപ്പെടുകയാണ് ദൈവികതയും ധാർമികതയുമെന്ന് കാൾ ഷ്മിറ്റ് പടച്ചുവിട്ടു. ഒന്നിനും വേണ്ടിയല്ലാതെ എന്തിനെയും പോരാടാൻ അനുവദിക്കുന്ന ധാർമിക-അധീശ വ്യവഹാരമായിരുന്നു കാൾ ഷ്മിറ്റിന്റേതെന്ന് വ്യക്തം. ഓരോ പത്തുവർഷം കൂടുമ്പോഴും ഏതെങ്കിലും നിസാരമായ കൊച്ചുരാജ്യത്തെ പിടികൂടുകയും അതിനെ തലോടുകയും ചെയ്ത് അധീനപ്പെടുത്തി അടിമയാക്കണം എന്ന ലെനിൻ സിദ്ധാന്തവും കത്തോലിക്കയുടെ ഫിലോസഫികളിൽ പ്രധാനമായിരുന്നു. ജൂതമതം സയണിസവുമായി കലർന്ന് അക്രമാസക്തമായപ്പോൾ സിദ്ധാന്തങ്ങളുടെ പ്രായോഗികതയ്ക്ക് വേഗത വീണ്ടും വർധിച്ചു.

രാഷ്ട്രീയ തത്വങ്ങളെയും മത പ്രത്യയശാസ്ത്രങ്ങളെയും അമേരിക്കൻ സ്വേച്ഛാധിപത്യനയങ്ങൾ ചകിതമാക്കിയിരുന്നു. അനുകരണപരമായ താത്വിക അവലോകനങ്ങളിലൂടെ ജൂതമതവും ക്രിസ്ത്യാനിറ്റിയും അമേരിക്കയോട് കൂറ് പുലർത്തിയപ്പോൾ ഇസ്ലാമിക സംബന്ധമായ വക്രീകരണങ്ങളുടെ ഉദയം കൂടിയായിരുന്നു അവതരിച്ചത്. പരിഷ്കരണം കൈവരിച്ച മതങ്ങൾ, അപരിഷ്കരണം കൈവരിച്ച മതങ്ങൾ എന്ന യൂറോ കേന്ദ്രീകൃത സുഷുപ്തി തന്നെ വക്രീകരണ മനോഭാവങ്ങൾ ആരിലേക്ക് കേന്ദ്രീകരിച്ചാണ് എന്ന് വ്യക്തമാക്കുന്നു. ഇറാൻ വിപ്ലവാനന്തരമുണ്ടായ ഷിയാ മുന്നേറ്റങ്ങളെ ആദർശപരമായി -മതത്തിന് അകത്തും പുറത്തും- വ്യാഖ്യാനിക്കുന്നിടത്താണ് ഇസ്ലാമിക വിമോചന തത്വം പരാജയപ്പെട്ടത്. തെക്കേ ഏഷ്യയിലടക്കം പണ്ഡിത തലമുറകളുടെ കീഴിൽ ഒറ്റകെട്ടായതിനാൽ ഈ തരത്തിലുള്ള വ്യതിയാനങ്ങൾക്കുള്ള സന്ദർഭങ്ങൾ തന്നെ വിരളമായിരുന്നു. കൂടാതെ മതമൈത്രിയും ചേർത്ത് വായിക്കുമ്പോൾ ഈ തത്വത്തിന്റെ പ്രായോഗികത പൂർണ്ണമാകുന്നു. ഖാജറുകൾ ബ്രിട്ടീഷുകാർക്കനുവദിച്ച കൊളോണിയൽ ആനുകൂല്യങ്ങൾ സ്വത്വബോധം നിലനിർത്തേണ്ടയിടത്ത് നിന്ന് ഷിയാഇസത്തെയും ഇറാനെയും പിഴുതെറിഞ്ഞു. ഇറാന്റെ ആക്രമണോത്സുകമായ ആധുനീകരണം പ്രത്യയശാസ്ത്രതത്വങ്ങളുടെ പര്യവസാനത്തിലേക്കാണ് കൊണ്ടെത്തിച്ചത്. 1891-92 ലെ പുകയില കലാപങ്ങളിൽ നിന്നും ഷിയാഇസം പുറത്തുവന്നെങ്കിലും പ്രായോഗികതയ്ക്കുമേൽ അമേരിക്ക ആധിപത്യം ചെലുത്തിക്കഴിഞ്ഞിരുന്നു. ഇറാന്റെ സ്വത്വമായ സാമ്പത്തിക ശൈലിയെ തങ്ങൾക്കനുകൂലമാക്കി മാറ്റാനും മതപരമായി അവരെ ആഗോള തലത്തിൽ വക്രീകരിക്കാനും അമേരിക്കക്ക് കഴിഞ്ഞിരുന്നു (പിന്നീട് ഈ ആക്രമണം ഇസ്ലാമിക ലോകത്തെ മുഴുവനായി തരംതാഴ്ത്താനും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ മുസ്ലിങ്ങളെ നേരിട്ട് നേരിടാൻ സഹായകമാകുകയും ചെയ്തു).

ചുരുക്കത്തിൽ പരിഷ്കരണ ഭാവവും സാമ്രാജ്യത്വ തത്വങ്ങളും ആന്തരിക ആദർശ വ്യതിയാനങ്ങളും ഒരു സെകുലർ സ്റ്റേറ്റിൽ ഇസ്ലാമിന്റെ നിലനിൽപ്പിനുള്ള തത്വങ്ങളുടെ പ്രായോഗികശൈലിയും തമ്മിൽ സംഗമിച്ചപ്പോഴാണ് വിമോചന പോരാട്ടങ്ങളുടെ മതകീയത വക്രീകരിക്കപ്പെടാൻ തന്നെ തുടങ്ങിയത്. കൊളോണിയലിസത്തിന് അടിമപ്പെട്ട ക്രിസ്ത്യാനിറ്റി തങ്ങൾക്ക് കൈവന്ന പരിഷ്കരണ ഭാവങ്ങൾ ഇസ്ലാമിനും വേണമെന്ന് പിന്നീട് വാദിക്കുന്നതായിട്ടും കാണാം. ഈ വാദം പൊതുമണ്ഡലത്തിൽ അധിനിവേശങ്ങൾക്ക് ശേഷം പ്രകടമായപ്പോൾ തന്നെ ഇസ്ലാമിനെ സംബന്ധിച്ച ആദർശപരമായ കാര്യങ്ങൾ പൊതുമണ്ഡലത്തിൽ വീണ്ടും സജീവമായി. പിന്നീട് വന്ന വിവിധ ജ്ഞാനോദയങ്ങളുടെയും അടിത്തറ ഇസ്ലാമിക നിയമങ്ങളെ കുറിച്ച് മാത്രമായിരുന്നു. ഈ വസ്തുതയെ ഇസ്താംബൂളിൽ ഓർഹാൻ പാമുക്കും വിവക്ഷിക്കുന്നു. ഇത്തരത്തിൽ അധിനിവേശ വിരുദ്ധതയുടെ താത്വിക വശങ്ങൾ ചികയുമ്പോൾ തന്നെ എവിടെയാണ് പരിഷ്കരണം? ആർക്കാണ് പരിഷ്കരണം? തുടങ്ങി ചോദ്യങ്ങളുടെ സൂചിക സാമ്രാജ്യത്വ വശത്തേക്ക് ഇസ്ലാമിക ഭാഗത്ത് നിന്ന് നീങ്ങുന്നതിൽ സംശയമില്ല.

നവലോക രാഷ്ട്രീയം സന്ദിഗ്ധതകളിലൂടെ വിരലോടിക്കുമ്പോൾ പ്രത്യയശാസ്ത്രങ്ങളുടെ വീണ്ടെടുപ്പിന്റെ അനിവാര്യത മതത്തിന്റെ അടിത്തറയിലേക്ക് ആവിർഭവിക്കുന്നതായി കാണാം. വിമോചനം കൊളോണിയലിസത്തിന്റെ ഭാഗം മാത്രമാണെന്ന പൊതുബോധവും അതിലുണ്ടായ വിമോചന ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങളുടെ മൂല്യം ശോഷണം ചെയ്യപ്പെടുന്ന നിജസ്ഥിതിയും ഇസങ്ങൾക്കപ്പുറത്ത് അവ മനുഷ്യ-ധാർമിക ധാരയ്ക്ക് പോലും ഭീഷണിയാകുമ്പോൾ പ്രത്യയശാസ്ത്രങ്ങളുടെ വീണ്ടെടുപ്പിന്റെ അനിവാര്യതയെ പ്രായോഗികവത്കരിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല എന്നത് തീർച്ച.

References:

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading