ഉസൂലുൽ ഫിഖ്ഹ്: വിജ്ഞാന ചരിത്രവും വികാസവും

റബീഹ് ചേളാരി

ഇസ്ലാമിക നിയമശാസ്ത്രത്തിൻ്റെ അടിസ്ഥാനങ്ങളെയും നിയമവിധികൾ രൂപപ്പെടുത്തുന്നതിൽ മാർഗരേഖകളെയും ഉൾക്കൊള്ളുന്ന കർമ്മശാസ്ത്ര ശാഖയാണ് ഉസൂൽ അൽ ഫിഖ്ഹ്. അഥവാ, ശരീഅത്തിൻ്റെ ഉറവിടങ്ങളിൽ നിന്ന് ഇസ്ലാമിക ജീവിത ദർശനത്തിലെ സമസ്ത മേഖലയിലും നിയമവിധികൾ കണ്ടെത്താനുള്ള അടിസ്ഥാന ശാസ്ത്രമായി ഉസൂൽ അൽ ഫിഖ്ഹ് ശ്രദ്ധേയമാകുന്നു. പ്രസ്തുത  വിജ്ഞാനത്തിന്റെ അടിവേരുകൾ അന്വേഷിക്കുമ്പോൾ പ്രവാചകരുടെ(സ്വ) അനുചരരോളം എത്തിനിൽക്കുന്ന ചരിത്ര ആഴം ദർശിക്കാൻ കഴിയും.  സ്വഹാബാക്കളുടെ കാലഘട്ടത്തിൽ ഖുർആനെയും സുന്നത്തിനെയും നേരിട്ട് ആശ്രയിച്ചാണ് നിയമവിധികൾ കണ്ടുപിടിച്ചിരുന്നത്.

എന്നാൽ, കാലക്രമത്തിൽ പ്രശ്നങ്ങൾ വർദ്ധിക്കുകയും ഇസ്ലാമിന്റെ വ്യാപ്തി വ്യാപിക്കുകയും ചെയ്‌തപ്പോൾ നിയമാന്വേഷ ണത്തിനുള്ള ആവശ്യം മുന്നോട്ട് വന്നു. ഇതിൻ്റെ ഭാഗമായി ഇമാം ശാഫിഈ (റ) തന്റെ പ്രശസ്‌ത ഗ്രന്ഥമായ “അൽ റിസാല” യിൽ ഉസൂൽ-അൽ-ഫിഖ്ഹിൻ്റെ സുസംഘടിതമായ ഒരു രൂപം അവതരിപ്പിച്ചു. ഉസൂൽ-അൽ ഫിഖ്ഹിൽ പണ്ഡിതന്മാർ പ്രധാന തെളിവുകളായി നിർദ്ദേശിച്ചിട്ടുള്ളത് ഖുർആൻ, സുന്നത്ത്, ഇജ്‌മാഅ്, ഖിയാസ് എന്നിവയാണ്. കൂടാതെ ഇസ്‌തിഹ്‌സാൻ, മസ്ലഹത്തുൽ മുർസല, ഉർഫ്, ശറഉ മൻകബ്ലനാ, ഖൗലുസ്സഹാബി, ഇസ്‌തിസ്ഹാബ് തുടങ്ങിയ മറ്റു തെളിവുകളെയും ചില മദ്ഹബുകൾ അംഗീകരിക്കുന്നുണ്ട്. ഇവയെല്ലാം ചേർന്നതാണ് ഉസൂൽ അൽ ഫിഖ്ഹിലെ പ്രധാന അദില്ലത്തുകൾ (തെളിവുകൾ).

ഈ അദില്ലത്തുകളെ സ്വീകരിക്കുന്നതിലും അവയുടെ പ്രാമാണികത ഉറപ്പുവരുത്തുന്നതിലും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി ഹനഫികൾ ഇസ്‌തിഹ്സാനെ തെളിവായി സ്വീകരിക്കുമ്പോൾ, ഇമാം ശാഫിഈ അതിനെ വിമർശിച്ചു. മാലികികൾ മസ്ലഹത്തുൽ മുർസലയും അമലു അഹ്ലിൽ മദീനയെയും തെളിവായി എടുത്തപ്പോൾ, മറ്റ് ചില മദ്ഹബുകൾ അതിനെ പരിമിതമായി മാത്രം ഉപയോഗിച്ചു.

ഉസൂൽ ഫിഖ്ഹ് വിവക്ഷ

ശരീഅത്ത് നിയമങ്ങൾ എങ്ങനെ രൂപീകൃതമാകുന്നു എന്നും ഏതെല്ലാം സ്രോതസ്സുകൾ ആശ്രയിക്കാം എന്നും അതിൻ്റെ മാനദണ്ഡങ്ങൾ എന്താണെന്നും പുതുതായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ഇസ്ലാമികപരമായ നിയമങ്ങൾ രൂപീകരിക്കുന്നത് എങ്ങനെ ആണെന്നും പഠിപ്പിക്കുന്ന അടിസ്ഥാന ശാഖയാണ് ഉസൂൽ ഫിഖ്ഹ്.

വിജ്ഞാന രൂപീകരണം

ഇസ്ലാം ഒരു സമ്പൂർണ ജീവിത വ്യവസ്ഥയെ ലോകത്തിന്ന് സമ്മാനിച്ച മതമായത്കൊണ്ട്  തന്നെ മനുഷ്യജീവിതത്തിലെ എല്ലാ മേഖലകൾക്കും ശരീഅത്ത് മുഖേന ഇസ്ലാം മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ട്. എന്നാൽ ആ നിയമങ്ങളുടെ എല്ലാ അടിസ്ഥാനങ്ങളുമാണ് ഉസൂലുൽ ഫിഖ്ഹ് ആയി കണക്കാക്കുന്നത്. ആദ്യ കാലഘട്ടങ്ങളിൽ ഒരു പഠന ശാഖയായി രൂപപ്പെട്ടിട്ടില്ലായിരുന്നുവെങ്കിലും കാലക്രമേണ അതിൻ്റെ ആവശ്യകത മനസ്സിലാക്കി പണ്ഡിതന്മാർ ഉസൂലുൽ ഫിഖ്ഹിനെ ഇസ്ലാമിക നിയമനിർമ്മാണത്തിൻ്റെ അടിസ്ഥാനപരമായ ശാഖയാക്കി രൂപീകരിച്ചു.

ഉസൂൽ ഫിഖ്ഹിലെ വിജ്ഞാന സ്വാംശീകരണം

ഉസുൽ ഫിഖ്ഹ് ഫിഖ്ഹിനോടൊപ്പം തന്നെ രൂപികൃതമായ ഒരു ശാഖയാണ്. നിയമങ്ങൾ ഉണ്ടാവുമ്പോൾ അതിന് അടിസ്ഥാനങ്ങൾ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണല്ലോ. എന്നാൽ, ചരിത്ര പരമായി നോക്കുമ്പോൾ ഇസ്ലാമിക ശരീരത്തിന്റെ വികാസത്തിനു ശേഷമാണ് ഉസൂൽ അൽ ഫിഖ്ഹ് ഒരു പഠനശാഖയായി ക്രോഡീകരിക്കപ്പെട്ടത്.

പ്രവാചകന്റെ കാലത്തെ ഉസുൽ ഫിഖ്ഹ്

ഇസ്‌ലാമിക നിയമനിർമ്മാണത്തിൻ്റെ ആദ്യഘട്ടം പ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെ കാലഘട്ടം തന്നെയാണ്. ഈ ഘട്ടത്തിൽ ശരീഅത്ത് നിയമങ്ങളുടെ പ്രാഥമിക സ്രോതസ്സുകൾക്ക് പുറമേ നബിയുണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുസ്ലിം സമൂഹത്തിന് ആവശ്യമായ മിക്ക നിയമങ്ങളും നേരിട്ട് വഹിയിലൂടെ വന്നിരുന്നു. പ്രവാചകൻ (സ) ജീവിച്ചിരുന്നതുകൊണ്ട്, പുതിയ പ്രശ്നങ്ങൾ ഉയർന്നു വന്നാൽ അല്ലാഹുവിൻ്റെ വഹിയ് മുഖേന തന്നെ മറുപടി ലഭിക്കുമായിരുന്നു.

പ്രവാചകൻ നബി (സ) തൻ്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നിയമങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. സഹാബികൾക്ക് നിയമം മനസ്സിലാക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടെങ്കിൽ, അവർക്ക് നേരിട്ട് തന്നെ പ്രവാചകനോട് ചോദിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട്തന്നെ അക്കാലത്ത് ഉസൂൽ ഫിഖ്ഹ് ക്രോഡീകരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. കാരണം, വഹിയിനെ അടിസ്ഥാനമാക്കി പ്രവാചകൻ നേരിട്ടുള്ള മാർഗ്ഗനിർദ്ദേശം നൽകി വന്നിരുന്നു.

നബിയുടെ കാലത്തും ഖുർആനും ഹദീസും തന്നെ ആയിരുന്നു ശരീഅത്തിന്റെ അടിസ്ഥാനം. ഖുർആനിലും ഹദീസിലും ഇല്ലാത്ത കാര്യങ്ങൾ നബിയുടെ കാലത്ത് തന്നെ ഇജ്‌തിഹാദിലൂടെ കണ്ടെത്തിയിരുന്നു. അതിൻ്റെ ഉദാഹരണമാണ് മുആദ് (റ) വിനെ യമനിലേക്ക് അയച്ച സംഭവം.

لما أرسله رسول الله صلى الله عليه وسلم إلى اليمن فقال له : (بم تقضي إذا عرض لك قضاء؟)، قال معاذ: أقضي بكتاب الله ، قال : فإن لم تجد ؟، قال : أقضي بسنة رسول الله ، قال : فإن لم تجد؟)، قال: أجتهد رأيي ولا ألو .

فقال (ص): الحمد لله الذي وفق رسول رسول الله لما يرضى الله ورسوله)

ഖുർആനിലും ഹദീസിലും ഇല്ലാത്തതിനെ ഇജ്‌തിഹാദിലൂടെ കണ്ടെത്തുന്നതിനെ സ്ഥിരീകരിക്കുന്നതും നബിയുടെ കാലത്ത് തന്നെ ഇജ്‌തിഹാദ് നടന്നിരുന്നു എന്നതിനും ഇത് തെളിവാണ്.

സ്വാഹബത്തിന്റെ കാലം

നബി(സ്വ)യുടെ വഫാതിന്നു ശേഷം വഹിയ്  അവസാനിച്ചതോടെ മുസ്ലിം സമൂഹം വിവിധ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക സാഹചര്യങ്ങളെ നേരിട്ടേണ്ടി വന്നിട്ടുണ്ട്. പുതിയ സംഭവങ്ങളും പ്രശ്‌നങ്ങളും ദിനേന ഉയർന്നുവന്നപ്പോൾ അവയ്ക്കുള്ള പരിഹാരം കണ്ടെത്താൻ സഹാബികൾ ഖുർആനും സുന്നത്തും പ്രാഥമിക മാർഗ്ഗദർശനമാക്കി. പക്ഷേ പലപ്പോഴും നേരിട്ട് ആയത്തുകളോ തെളിവുകളോ ലഭിക്കാതിരുന്നപ്പോൾ അവർ ഇജ്‌മാഅ്, ഖിയാസ്, മസ്ലഹത്ത് തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ട് സ്വതന്ത്രമായി ഇജ്‌തിഹാദ് നടത്തിയിട്ടുണ്ട്.

അബൂബക്കർ (റ) സകാത്ത് കൊടുക്കാൻ വിസമ്മതിച്ച ഗോത്രങ്ങളോട് യുദ്ധം ചെയ്യാൻ തീരുമാനിച്ചത് ഖുർആനിൻ്റെയും സുന്നത്തിൻ്റെയും സമഗ്രമായ ധാരണയിൽ നിന്നാണ്. ഉമർ(റ) ക്ഷാമകാലത്ത് മോഷ്ടാവിന്റെ കൈവെട്ടൽ നിർത്തിവച്ചത് മഖാസിദ് പരിഗണിച്ചുള്ള ഒരു മഹത്തായ ഇജ്തിഹാദിന്റെ ഉദാഹരണമാണ്. ഉസ്‌മാൻ (റ) മുസ്‌ഹഫ് ക്രോഡീകരിച്ചത് മുസ്ലിം സമുഹത്തിൻ്റെ ഐക്യം സംരക്ഷിക്കുന്നതിനായുള്ള ഒരു വലിയ നിയമ നടപടിയായിട്ടായിരുന്നു.

ഇതെല്ലാം സൂചിപ്പിക്കുന്നത് സ്വഹാബികൾ നബി (സ)യുടെ കൂടെയുള്ള സഹവാസത്തിൽ നിന്നും ലഭിച്ച ദീർഘമായ പരിചയവും ആത്മീയമായ ചൈതന്യവും അടിസ്ഥാനമാക്കി, കാലഘട്ടത്തിലെ പുതിയ വെല്ലുവിളി കൾക്ക് അനുയോജ്യമായ വിധികൾ കണ്ടെത്തിയിരുന്നു എന്നതാണ്. അതു കൊണ്ടുതന്നെ ഈ കാലഘട്ടം ഉസൂലുൽ ഫിഖിൻ്റെ അടിത്തറ രൂപപ്പെട്ട കാലഘട്ടം എന്ന് വിശേഷിപ്പിക്കാം.

ഉസൂലുല് ഫിഖ്ഹ് ക്രോഡീകരണം

ഇമാം ഷാഫിഈ (റ) ആണ് ആദ്യമായി ഉസൂലുൽ ഫിഖ്ഹ് എന്ന വിജ്ഞാന ശാഖയിൽ ഗ്രന്ഥം രചിക്കുന്നത്. തൻ്റെ ജ്ഞാനശേഷിയും വൈഭവവും ഉസൂലുൽ ഫിഖ്ഹിലുള്ള തന്റെ സമർത്ഥനശേഷിയും അറിവിൻ്റെ ആഴവും എല്ലാം ബോധ്യപ്പെട്ട അന്നത്തെ സുപ്രധാന മുഹദ്ദിസ് ആയിരുന്ന അബ്ദുറഹ്മാനുബ്നു മഹ്‌ദി (റ) ഉസൂലുല് ഫിഖ്ഹിൽ ഒരു ഗ്രന്ഥം എഴുതാൻ ഷാഫിഈ ഇമാമിനോട്‌ ആവശ്യപ്പെടുകയും, ഈ ആവശ്യത്തെ തുടർന്നാണ് ഇമാം ഷാഫിഈ (റ)ഫിഖ്ഹ് നിദാന ശാസ്ത്രത്തിൽ ആദ്യമായി ഗ്രന്ഥം രചിക്കുന്നതും. അതിന് അൽ-രിസാല (الرسالة) എന്ന പേര് വെക്കുകയും ചെയ്‌തു.  പ്രസ്തുത രചനയ്ക്ക് ശേഷം ഹാരിസു ബ്നു ജുറൈജ് എന്ന ശിഷ്യൻ മുഖേനെയാണ് ഗ്രന്ഥം അബ്ദുറഹ്മാനുബിന് മഹദി തങ്ങളിലേക്ക് കൊടുത്തയച്ചത്.

അതുകൊണ്ടാണ് ഈ രചനക്ക് കൊടുത്തയക്കപ്പെട്ടത് എന്ന അർത്ഥം വരുന്ന രിസാല എന്ന പേരുവെക്കപ്പെട്ടത്. ഈ ഗ്രന്ഥത്തിൽ ഖിയാസിൻ്റെ നിയമങ്ങളും, നാസിഖ് മൻസൂഖ്, മുഖയ്യദ് തുടങ്ങിയ എല്ലാ ചർച്ചകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഖബർ വാഹിദ് ഹുജ്ജത്ത് ആണ് എന്നും, ഖിയാസ് തെളിവാണ് എന്നും, ഇജ്‌മാഹ് ഹുജ്ജത്ത് ആണ് തുടങ്ങി എല്ലാ ചർച്ചകളും ഉൾക്കൊള്ളിച്ച പ്രശസ്‌ത ഉസൂലുൽ ഫിഖ്ഹ് ഗ്രന്ഥമാണ് ഇത്. രിസാല കൈയിൽ കിട്ടിയ ഉടനെ മഹ്ദി എന്നവർ ഇങ്ങനെ പറയുകയുണ്ടായി:(ما ظننت أن الله تعالى خلق مثل هذا الرجل) പിന്നീട് ഈ ഗ്രന്ഥത്തിന് ഒരുപാട് വ്യാഖ്യാനങ്ങൾ എഴുതപ്പെടുകയും ഒരുപാട്  മുഖ്‌തസറുകൾ (ചുരുക്കിയ രൂപങ്ങൾ) ഉണ്ടാകുകയും ചെയ്‌തു. ശേഷം ഈ രചനകൾ രണ്ടായി വിഭജിക്കപ്പെട്ടു.

1. ത്വരീഖുൽ മുതഖല്ലിമീൻ: ഇതിൽ പ്രധാനമായും ഇമാം ഷാഫിഇ (റ)യും പ്രധാന പണ്ഡിതന്മാരും അഥവാ ശാഫിഈ മദ്ഹബിൽ രചിക്കപ്പെടുന്ന ഗ്രന്ഥങ്ങളും ഉൾപ്പെടുന്നു.

2. ത്വരീഖുൽ ഫുഖഹാഅ: ഇതിൽ കൂടുതലും ഹനഫി മദ്ഹബിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്, അഥവാ പ്രധാനമായും ഹനഫി ഇമാമും പ്രധാന പണ്ഡിതന്മാരും ഉൾപ്പെടുന്നു.

രിസാലയും അതിൻ്റെ വ്യാഖ്യാനങ്ങളും അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട പ്രധാനപ്പെട്ട മൂന്നു ഗ്രന്ഥങ്ങൾ:

1. ഇമാം ഹറമൈനിയുടെ അൽ ബുർഹാൻ  (البرهان للامام الحرمين)

2. ഇമാം ഗസ്സാലിയുടെ അൽ മുസ്തസ്ഫ (المستصفى للامام الغزالي)

3. ഇമാം അബൂ ഹുസൈൻ  അൽബസരിയുടെ അൽ മുഅതമദ് (المعتمد للامام ابي حسين البصري)

ഈ മൂന്നു ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കി പിന്നീട് വീണ്ടും രചനകൾ നടന്നു. അതിൽ പ്രധാനപ്പെട്ടതാണ്,

1. ഇമാം റാസിയുടെ അൽ മഹ്സൂൽ (المحصول للمام الرازي) 

2. ഇമാം ഖാമിദിയുടെ അൽ ഹുക്കാം (الحكام اللغامدي)

ഇമാം റാസി(റ) യുടെ മഹ്സൂലിനെ ഖാളി താജുദ്ദീൻ അർമഈ അൽ- ഹാസ്വിലിലേക്കും(الحاصل) പിന്നീട് മഹ്മൂദ് അർമഈ അൽ-തഹ്സ്വീലിലേക്കും (التحصيل) ഇഖ്തിസാർ ചെയ്യുകയും  ചെയ്തു. പിന്നീട് അൽഹാസിലിൽ(الحاصل) നിന്ന് ഇമാം ബൈയ്ളാവി (റ) എന്നവർ (منهاج الوصول إلى علم الأصول ) എന്ന ഗ്രന്ഥം രചിച്ചു. പിന്നീട് ഇതിന് ധാരാളമായി വ്യാഖ്യാനങ്ങൾ വന്നു. അതിൽ പ്രധാനപ്പെട്ടതാണ് ഇമാം താജുദ്ദീൻ അൽ സുബുക്കിയുടെ വ്യാഖ്യാനമായ (جمع الجوامع).

പിന്നീട് ഇമാം ഖാമിനിയുടെ അൽ ഹികമിനെ ഇബ്നു ഹാജിബ് (റ) الوصول) والمال في علمي الأول و الجدول منتهي ) എന്ന ഗ്രന്ഥത്തിലേക്ക് ചുരുക്കുകയും ചെയ്തു. ഇത്( مختصر الكبير) എന്നറിയപ്പെടുന്നു . അദ്ദേഹത്തിൻ്റെ മറ്റൊരു ഗ്രന്ഥമാണ് ( مختصر المنتهي )എന്നത്. ഇത്തരത്തിൽ വിശാലമാണ്  ഉസൂൽ ഫിഖ്ഹിൻ്റെ ആവിർഭാവവും വികാസവും സംബന്ധിച്ച ചർച്ചകൾ, പരിപൂർണ്ണമല്ലാത്ത ഈ പഠനത്തിനെ തുടർന്ന് ഇനിയും ആഴത്തിൽ ഗവേഷണം നടത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading