അറബി ഭാഷ: ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാള്‍വഴികള്‍

അറബി ഭാഷയുടെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ പല നിമ്നോന്നതികളിലൂടെയാണ് അത് കടന്നുവന്നതെന്ന് മനസ്സിലാക്കാം. പുരാതനകാലത്ത് തന്നെ യൗവനദശയിലെത്തിയ അറബി ഭാഷയെ സംബന്ധിച്ചിടത്തോളം ജാഹിലിയ്യ കാലഘട്ടം മികച്ച സാഹിത്യകൃതികള്‍ പിറവിയെടുത്ത സമൃദ്ധിയുടെ കാലമായിരുന്നു. എന്നാല്‍ ഇസ്ലാമിന്‍റെ വരവോടെയും ഖുര്‍ആനിന്‍റെ അവതീര്‍ണ്ണതയോടെയും അറബി ഭാഷ അന്നത്തെ പൊതു സാഹിത്യ ഭാഷയായി രൂപപ്പെടുകയും അറബി ഭാഷയുടെ സുവര്‍ണ കാലഘട്ടം ആരംഭിക്കുകയും ചെയ്തു. അബ്ബാസിയ്യ ഭരണത്തിന് തിരശ്ശീല വീഴും വരെ ഈ സുവര്‍ണ്ണ കാലഘട്ടത്തിന് ദൈര്‍ഘ്യമുണ്ടായി. അക്കാലത്ത് ബഗ്ദാദ് കേന്ദ്രമായി തത്വചിന്ത, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, തര്‍ക്കശാസ്ത്രം, ഗണിതം, ഭാഷ, സാഹിത്യം, ചരിത്രം, സംഗീതം, കൃഷി, രസതന്ത്രം, ഭൗതികശാസ്ത്രം, ജോത്സ്യം തുടങ്ങിയ അനേകം വിഷയങ്ങളില്‍ എഴുതപ്പെട്ട ഇതര ഭാഷകളിലെ ഗ്രന്ഥങ്ങള്‍ അറബി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും മറ്റു ഭാഷകളില്‍ നിന്നും അനേകായിരം പദങ്ങള്‍ അറബി ഭാഷയിലേക്ക് കൂടിച്ചേരുകയും ചെയ്തു. എന്നാല്‍ 1258-ല്‍ മംഗോള്‍ സൈന്യം ബഗ്ദാദ് ആക്രമിച്ച് അറബി ഭാഷയുടെ അടയാളങ്ങള്‍ തുടച്ചു നീക്കി. അറബി ഭാഷയില്‍ രചിക്കപ്പെട്ട വൈജ്ഞാനിക ലോകത്തെ പല പ്രധാന കൃതികളും മൃതിയടഞ്ഞു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനം വരെ അറബി ഭാഷയുടെ ഈ ഇരുണ്ട യുഗം നീണ്ടു പോയി. വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്ക, ഈജിപ്ത്, സിറിയ, ഇറാഖ്, മറ്റു ചില അറബ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ അറബി ഭാഷയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരുന്ന ഈയൊരു കാലത്താണ് നൈലിന്‍റെ തീരത്ത് പുതിയൊരു സൂര്യോദയമുണ്ടാകുന്നത്.

1898-ല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്‍റെ അധിനിവേശത്തോടെ സാംസ്കാരിക വൈജ്ഞാനിക മേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഈജിപ്ത് വേദിയായി. ഈ ഉയര്‍ത്തെഴുന്നേല്‍പ്പിനെ അറബ് സാഹിത്യത്തിന്‍റെ ‘നഹ്ള’ കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഈജിപ്തിന്‍റെ മണ്ണില്‍ വിദ്യാപീഠങ്ങളും പത്രങ്ങളും തിയേറ്ററുകളും സാഹിത്യ വേദികളും ലൈബ്രറികളും പ്രസ്സുകളും മറ്റും സ്ഥാപിച്ച് നെപ്പോളിയന്‍ അവിടം വൈജ്ഞാനിക പുരോഗതിക്ക് നാന്ദി കുറിച്ചു. പല വിദ്യാപീഠങ്ങളും സ്ഥാപിക്കപ്പെടുകയും അധ്യാപനത്തിനും രചനകള്‍ക്കുമായി ഫ്രാന്‍സിലെ തന്നെ അധ്യാപകര്‍ ഈജിപ്തിലേക്ക് വരികയും ചെയ്തു. ഈജിപ്തില്‍ നിന്നും വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിനായി ഫ്രാന്‍സിലേക്ക് യാത്ര ചെയ്തു തുടങ്ങി. 1826-ല്‍ ഈജിപ്തില്‍ പഠിച്ച് യോഗ്യത നേടി 44 പേര്‍ ഫ്രാന്‍സിലേക്ക് തുടര്‍പഠനത്തിന് പോവുകയും തുടര്‍ന്ന് അവര്‍ അധ്യാപന വിവര്‍ത്തന മേഖലകളില്‍ വ്യാപൃതരാവുകയും ചെയ്തു. ഈ ഒഴുക്ക് തുടർന്നതോടെ അത് അറബ് വൈജ്ഞാനിക മേഖലക്ക് വലിയ മുതല്‍ക്കൂട്ടായി മാറി. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് നൈലിന്റെ തീരത്ത് കൊളുത്തിയ ഈ നവോന്മേഷം വ്യാപിപ്പിക്കുന്നതില്‍ നേതൃത്വം കൊടുത്ത ആളാണ് മുഹമ്മദ് അലി (ഖുദൈവിയ). ഇദ്ദേഹത്തിന്‍റെ പാത പിന്തുടര്‍ന്ന് ലെബനാനിലെ ഭരണാധികാരി ബഷീറു ശിഹാബി അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പ്രബോധകരുടെയും മറ്റും സഹായത്താല്‍ ലെബനാനിലും പുതിയ മുന്നേറ്റത്തിന് തിരികൊളുത്തി. അങ്ങനെ ഈ രണ്ടു പ്രദേശങ്ങളും അറബി ഭാഷയുടെ പുരോഗതിക്കായി കൈകോര്‍ത്തു.

മുഹമ്മദലിക്ക് ശേഷം അബ്ബാസ്, സഈദ്, ഇസ്മാഈല്‍ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കിയത്. 1863-ല്‍ ഇസ്മാഈല്‍ ഖുദൈവിയുടെ നേതൃത്വത്തില്‍ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പുതിയ മുന്നേറ്റങ്ങള്‍ക്കായി നിരവധി കലാലയങ്ങള്‍ പിറവി കൊണ്ടു. യൂറോപ്പിലേക്ക് തുടര്‍പഠനത്തിനായി നിരവധി വിദ്യാര്‍ത്ഥികള്‍ ചെക്കേറി. അക്കാലത്ത് അയല്‍രാജ്യങ്ങളില്‍ നിന്നും ജോലിക്കും കച്ചവടത്തിനും മറ്റുമായി നിരവധി പേര്‍ ഈജിപ്തിലേക്ക് വന്നു. അവരിലെ സാഹിത്യകാരന്മാരും പണ്ഡിതന്മാരുമായുള്ള സമ്പര്‍ക്കം ഈജിപ്തുകാരുടെ ഭാഷയെയും സാഹിത്യ ജീവിതത്തെയും കൂടുതല്‍ മെച്ചപ്പെടുത്തി. അറബി ഭാഷയുടെ അപചയ കാലഘട്ടത്തിന് വിരാമമിട്ട് ആധുനികതയുടെ മുന്നേറ്റത്തിന് പ്രാരംഭം കുറിക്കുന്നതില്‍ നിരവധി ഘടകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.

വിദ്യാപീഠങ്ങള്‍

മുഹമ്മദലി നിരവധി വിദ്യാപീഠങ്ങള്‍ സ്ഥാപിക്കുകയും അവയെ പ്രൈമറി (ഇബ്തിദാഇയ്യ) പ്രിപ്പറേറ്ററി (തജ്ഹീസിയ്യ) സ്പെഷ്യലൈസേഷന്‍ (ഖാസ്സ) എന്നിങ്ങനെ തരംതിരിക്കുകയും ചെയ്തു. യൂറോപ്പുകാരായ അധ്യാപകരുടെ സേവനം ലഭ്യമാക്കുകയും അവിടേക്ക് തുടര്‍ പഠനത്തിനായി വിദ്യാര്‍ത്ഥികളെ അയക്കുകയും ചെയ്തു. വിദ്യാപീഠങ്ങള്‍ അധികരിച്ചപ്പോള്‍ 1839-ല്‍ ദീവാനുല്‍ മദാരിസ് എന്ന പേരില്‍ ഒരു ബോഡി തന്നെ നിര്‍മ്മിച്ചു. മദ്റസത്തുത്ത്വിബ്ബ്, മദ്റസതുല്‍ അല്‍സുന്‍, മദ്രസതു ദാറുല്‍ ഉലൂം എന്നിവ അന്നത്തെ പ്രധാന വിദ്യാപീഠങ്ങളായിരുന്നു. യഥാര്‍ത്ഥത്തില്‍ 1836-ല്‍ അബൂ സഈല്‍ എന്ന പ്രദേശത്ത് സൈനിക സേവനത്തിനായാണ് മദ്രസത്തുത്ത്വിബ്ബ് സ്ഥാപിക്കപ്പെടുന്നത്. ഫ്രഞ്ച് ഭാഷയിലായിരുന്നു അവിടെ ക്ലാസുകള്‍ നടന്നിരുന്നത്. ശേഷം ഈജിപ്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അത് അറബിയില്‍ പരിഭാഷപ്പെടുത്തി കൊടുക്കുകയും ചെയ്യുമായിരുന്നു. ഇത് പുതിയ പദങ്ങളും പ്രയോഗങ്ങളും പരിഭാഷപ്പെടുത്തുന്നത് അനിവാര്യമാക്കി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതര ഭാഷകളിലെ അനവധി ഗ്രന്ഥങ്ങളുടെ ആവശ്യം വന്നപ്പോള്‍ പരിഭാഷകരെ വളര്‍ത്തിയെടുക്കുന്നതിനായി മുഹമ്മദലി നിര്‍മിച്ച വിദ്യാ കേന്ദ്രമാണ് മദ്റസതുല്‍ അല്‍സുന്‍. 1871-ല്‍ ഇസ്മാഈല്‍ ഖുദൈവിയുടെ നിര്‍ദ്ദേശപ്രകാരം മര്‍ഹൂം അലി മുബാറക്ക് പാഷ നിര്‍മ്മിച്ചതാണ് മദ്രസതു ദാറുല്‍ ഉലൂം. അറബി ഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവഗാഹം നല്‍കുന്നതിനായി സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനത്തില്‍ അസ്ഹറിലെ പ്രമുഖ അധ്യാപകര്‍ അധ്യാപനം നടത്തിയിരുന്നു. അറബി ഭാഷക്കും സാഹിത്യത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ഈ വിദ്യാപീഠം ആദ്യം സ്വതന്ത്രമായാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും 1956-ല്‍ കൈറോ യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്യപ്പെട്ടു. എഡി 970-ല്‍ സ്ഥാപിക്കപ്പെട്ട ഈജിപ്തിലെ ഏറ്റവും പുരാതന കലാലയമായ അസ്ഹര്‍ യൂണിവേഴ്സിറ്റിയും 1908-ല്‍ സ്ഥാപിക്കപ്പെട്ട കൈറോ യൂണിവേഴ്സിറ്റിയും അറബി ഭാഷയുടെ മുന്നേറ്റത്തിന് വലിയ സംഭാവനകള്‍ നല്‍കി.

അച്ചടി ശാലകള്‍

1440-ല്‍ ജോഹന്നാസ് ഗുട്ടണ്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചതോടെ സാഹിത്യ സാംസ്കാരിക രംഗത്ത് അത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ആദ്യം യൂറോപ്യന്‍ അക്ഷരങ്ങള്‍ മാത്രം അച്ചടിച്ചിരുന്ന യന്ത്രങ്ങള്‍ അറബി അക്ഷരങ്ങള്‍ അച്ചടിക്കാന്‍ 1708 വരെ കാത്തിരിക്കേണ്ടി വന്നു. അറബ് ലോകത്ത് ആദ്യമായി നിര്‍മ്മിക്കപ്പെട്ട അച്ചടിയന്ത്രം ലെബനാനില്‍ ക്രിസ്ത്യന്‍ പ്രബോധകര്‍ നിര്‍മ്മിച്ചതാണ്. 1848-ല്‍ സ്ഥാപിക്കപ്പെട്ട കത്തോലിക് പ്രസ്സ് വഴി നിവേധി പുരാതന അറബ് ഗ്രന്ഥങ്ങള്‍ അച്ചടിക്കപ്പെട്ടു. 1798-ല്‍ നെപ്പോളിയന്‍റെ വരവോടെയാണ് ഈജിപ്തില്‍ ആദ്യമായി പ്രസ്സ് സ്ഥാപിക്കപ്പെടുന്നത്. അതിന്‍റെ തകര്‍ച്ചക്ക് ശേഷം മുഹമ്മദലി 1821-ല്‍ അതിനെ പുനര്‍നിര്‍മ്മിച്ചു. ഇങ്ങനെ അച്ചടി ശാലകളുടെ കടന്നുവരവ് അറബി ഭാഷയുടെ പുരോഗതിക്ക് വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അറബി ഭാഷയുടെ പുരോഗതിക്ക് കാരണമായ മറ്റൊന്ന് പത്രങ്ങളുടെ കടന്നുവരവാണ്. രിഫാഅത്ത് ബക് അത്തഹ്താവി എന്നിവരുടെ സഹായത്തോടെ 1828-ല്‍ മുഹമ്മദലി സ്ഥാപിച്ച അല്‍ വഖാല്‍ മിസ്രിയ്യ എന്ന പത്രമാണ് അറബിയിലെ ആദ്യ പത്രം. തുടക്കത്തിൽ തുര്‍ക്കി-അറബി ഭാഷകളില്‍ ഇറങ്ങിയിരുന്ന ഈ പത്രം പിന്നീട് അറബിയില്‍ മാത്രമായി. കൈറോയില്‍ നിന്നും ആഴ്ചയില്‍ മൂന്ന് പതിപ്പായാണ് ഇത് ഇറങ്ങിയിരുന്നത്. ശേഷം സിറിയയില്‍ മിര്‍ആതുല്‍ അഹ്വാല്‍ (1855), ഹദീഖതുല്‍ അഖബാര്‍ (1858), ആസ്താനയില്‍ അല്‍ ജവാബ് (1860), തുനീഷ്യയില്‍ അരീദതുറാഇദ് (1861) എന്നിവയും പ്രസിദ്ധീകരിച്ചു തുടങ്ങി. അറബിയിലെ ആദ്യ മാഗസിനായ മജല്ലതു ത്വിബ്ബിയ്യ സ്ഥാപിച്ചത് മുഹമ്മദ് അലി പാഷ അല്‍ ബസ്സിയാണ്. 1869-ല്‍ ഈജിപ്തില്‍ ‘വാദി നൈല്‍’ എന്ന പേരില്‍ രാഷ്ട്രീയ, സാഹിത്യ, ശാസ്ത്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പത്രവും പിറവിയെടുത്തു. തുടര്‍ന്ന് നസ്ഹതുല്‍ അഹാര്‍, അഹ്റാം, മുഖ്തം തുടങ്ങി പല പത്രങ്ങളും നിലവില്‍ വന്നു.

നാടകങ്ങള്‍

അറബികളില്‍ നിന്നും ഈ രംഗത്തേക്ക് ആദ്യമായി കടന്നുവന്നത് ലെബനാനികളാണ്. അവരെ അതിനു സഹായിച്ചത് വിദേശ രാജ്യങ്ങളിലെ പഠനവും ഫ്രഞ്ച് സാഹിത്യവുമായുള്ള ബന്ധവുമാണ്. 1840-ല്‍ മാറു നുഖാഷാണ് ഈ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഈജിപ്തിലെ ഭരണാധികാരി ഇസ്മാഈൽ സൂയസ് കനാല്‍ നിര്‍മ്മിച്ച ശേഷം വിദേശികളെ ക്ഷണിച്ചപ്പോള്‍ അവര്‍ക്കായി ‘ആദ’ എന്ന പേരിലുള്ള ഫ്രഞ്ച് ഭാഷയിലെ ഒരു നാടകം പ്രദര്‍ശിപ്പിച്ചു. ഈ പ്രദര്‍ശനത്തിന് പിന്നാലെ 1871-ല്‍ സലീമുന്നുഖാഷ്, ഇസ്ഹാഖ് എന്നിവരടങ്ങിയ ലബനാനിലെ ഒരു സംഘം അലക്സാണ്ട്രിയയില്‍ ചില നാടകങ്ങള്‍ അവതരിപ്പിച്ചു. ഇവരില്‍പെട്ട യൂസഫ് ഖയാത്ത് കൈറോയിലേക്ക് പോവുകയും ഇസ്മാഈലിനോട് ചേര്‍ന്ന് നാടകത്തിന് പ്രാരംഭം കുറിക്കുകയും ചെയ്തു. ആദ്യ കാലത്ത് രാജാക്കന്മാര്‍ക്കും നേതാക്കൾക്കും മാത്രം പ്രാപ്യമായിരുന്ന ഈ കലയെ പൊതുവല്‍ക്കരിച്ചത് ഇസ്കന്‍ദര്‍ ഫര്‍ഹ് എന്ന ലബനാനി നാടകകൃത്താണ്. ഇത്തരത്തിലുള്ള നാടക മേഖലയിലെ മുന്നേറ്റവും ആധുനിക അറബി മുന്നേറ്റത്തിന് വലിയ രീതിയില്‍ സഹായകരമായിട്ടുണ്ട്.

ആധുനിക അറബി കവിത

പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമായി നടന്ന ആധുനികവല്‍ക്കരണം അറബി സാഹിത്യത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തി. കവിതകളിലായിരുന്നു ഈ മാറ്റം ഏറ്റവും കൂടുതലായി പ്രതിഫലിച്ചത്. അറബി ഭാഷയുടെ ശൈലിയെ പുനര്‍ നിര്‍വചിക്കുന്ന ചിന്തകളും പ്രസ്ഥാനങ്ങളും അതിന്‍റെ ഭാഗമായി ഉടലെടുത്തതാണ്. പാരമ്പര്യ കവിതകളില്‍ നിന്ന് വിഭിന്നമായി ആധുനിക കവിതകള്‍ക്കുള്ള സവിശേഷതകള്‍ പ്രധാനമായും ഇവയാണ്.

  • പണ്ടുമുതലേ സ്വീകരിച്ചു പോന്നിരുന്ന കവിതയുടെ പ്രമേയങ്ങളായ ആക്ഷേപഹാസ്യം, കുല മഹിമ പ്രകീര്‍ത്തനം, ദുരഭിമാനം, തുടങ്ങിയവയില്‍ നിന്നും ആധുനിക കവിതകള്‍ പുതിയ പ്രമേയങ്ങള്‍ സ്വീകരിച്ചുകൊണ്ട് വ്യത്യസ്തമായി.
  • സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ കവിതകള്‍ രചിക്കപ്പെടുകയും ദേശീയതയുടെ ചൂടും ചൂരുമുള്ള വരികള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുകയും ചെയ്തു. ജനങ്ങളുടെ ദുരിതങ്ങളെ കുറിച്ചുള്ള ജീവിതഗന്ധിയായ രചനകള്‍ വ്യാപകമായി.
  • നാടക കവിതകളും വിപ്ലവ കാവ്യങ്ങളും രചിക്കപ്പെട്ടു.
  • ക്ലാസിക്കല്‍ പ്രസ്ഥാനം, കാല്പനിക പ്രസ്ഥാനം, കുടിയേറ്റ പ്രസ്ഥാനം തുടങ്ങി പുതിയ കാവ്യശാഖകളും സാഹിത്യപ്രസ്ഥാനങ്ങളും രൂപം കൊണ്ടു.
  • കവിതകളുടെ വൃത്ത നിര്‍ണയത്തിൽ കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചു തുടങ്ങി. ഒരൊറ്റ വൃത്തത്തില്‍ രചിക്കുന്നതിനു പകരം വൈവിധ്യമാര്‍ന്ന ശൈലികളിലും വൃത്തങ്ങളിലും കവിതകള്‍ രചിക്കപ്പെട്ടു.
  • കവിതകളിലെ അലങ്കാര രൂപങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. കവികള്‍ തങ്ങളുടെ കവിതകളില്‍ ബിംബങ്ങളിലും പ്രതീകങ്ങളിലും വൈവിധ്യപൂര്‍ണ്ണമായ തിരഞ്ഞെടുപ്പുകള്‍ നടത്തിത്തുടങ്ങി.

അറബി ഗദ്യം

ആധുനികതയുടെ ആഗമനത്തോടെ പദ്യത്തിലെന്നതു പോലെ അറബി ഗദ്യത്തിലും പല തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചു. അവയെ നമുക്ക് സംക്ഷിപ്തമായി ഇങ്ങനെ വായിക്കാം.

  • സാമൂഹ്യ പ്രശ്നങ്ങളെയും രാഷ്ട്രീയ സംഭവ വികാസങ്ങളെയും പ്രതിപാദിക്കുന്ന രചനകള്‍ വ്യാപകമായി.
  • പാരമ്പര്യ സാഹിത്യ രൂപങ്ങളായിരുന്ന കത്തുകള്‍, മഖാമാത്ത് എന്നിവ അന്യം നിന്നു.
  • പാശ്ചാത്യ സ്വാധീനത്തിന്‍റെ ഫലമായി കഥ, നാടകം, ഉപന്യാസം പോലെയുള്ള പുതിയ സാഹിത്യ രൂപങ്ങള്‍ ഉടലെടുത്തു.
  • വിഷയങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കാനും തലനാരിഴ കീറി വിശകലനം ചെയ്യാനും തുടങ്ങി.
  • മനശാസ്ത്രപരവും, സാമൂഹ്യശാസ്ത്രപരവുമായ പഠനങ്ങള്‍ വലിയ രീതിയില്‍ സാഹിത്യസൃഷ്ടികളില്‍ സ്വാധീനം ചെലുത്തി.
  • പ്രാസനിബദ്ധവും, ഭാഷാലങ്കാരങ്ങള്‍ നിറഞ്ഞതുമായ ശൈലി ഉപേക്ഷിക്കുകയും സ്വതന്ത്രവും ലളിതവുമായ ശൈലി സ്വീകരിക്കുകയും ചെയ്തു.

ഇങ്ങനെ അറബി സാഹിത്യത്തിലെ ഗദ്യ-പദ്യ രചനകളില്‍ ആധുനികതയുടെ സ്വാധീനം വലിയ രീതിയിലുള്ള പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. പുതിയ പല സാഹിത്യ രൂപങ്ങളും ജന്മം കൊള്ളുകയും പാരമ്പര്യമായി നിലനിന്നിരുന്ന ചില പ്രധാന സാഹിത്യ രൂപങ്ങൾ കാലയവനികക്കുള്ളിലേക്ക് മാഞ്ഞു പോവുകയും ചെയ്തു. ക്ലാസിക്കല്‍ പ്രസ്ഥാനം, കാല്പനിക പ്രസ്ഥാനം, മഹ്ജര്‍ പ്രസ്ഥാനം, അപ്പോളോ പ്രസ്ഥാനം, ദീവാന്‍ പ്രസ്ഥാനം എന്ന് തുടങ്ങി നിരവധി സാഹിത്യ പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്‍കിയ കാലം കൂടിയാണിത്. അറബി ഭാഷയുടെയും സാഹിത്യത്തിന്‍റെയും ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കിയ വിപ്ലവാത്മകമായ നവോത്ഥാനത്തിന്‍റെ കാലമായിരുന്നു ഈ നൂറ്റാണ്ടുകള്‍.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading