ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയുടെ വളർച്ചയിൽ ഏറ്റവും വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അഥവാ നിർമ്മിത ബുദ്ധി. മനുഷ്യനെപ്പോലെ ചിന്തിക്കാനും പഠിക്കാനും തീരുമാനങ്ങളെടുക്കാനും കഴിവുള്ള സാങ്കേതികവിദ്യകൾ ഇന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. Google അവരുടെ AI മോഡലായ Gemini പതിപ്പുകൾ ഏതാനും മാസങ്ങൾ കൂടുമ്പോൾ പുറത്തിറക്കുന്നുണ്ട്, ഇന്ന് അത് എല്ലാവർക്കും സുപരിചിതമായ നാനോ ബനാനയിൽ എത്തിനിൽക്കുന്നു.
ഗൂഗിളിന്റെ എഐ സംവിധാനങ്ങൾ കൈവരിച്ച വളർച്ചയെക്കുറിച്ച് സിഇഒ സുന്ദർ പിച്ചൈ പറയുന്നത് ഇങ്ങനെയാണ്: “നിലവിൽ, Google-ന്റെ അടിസ്ഥാന സൗകര്യങ്ങളിലുടനീളം പ്രോസസ്സ് ചെയ്യുന്ന ടോക്കണുകളുടെ എണ്ണം 480 ട്രില്യൺ ആണ്, ഇത് കഴിഞ്ഞ വർഷത്തെ IO-യിൽ 9.7 ട്രില്യൺ മാത്രമായിരുന്നു. (Google എല്ലാ വർഷവും നടത്തുന്ന ഡെവലപ്പർമാർക്കായുള്ള കോൺഫറൻസാണ് Google I/O.) AI ഓവർവ്യൂകൾ ഓരോ മാസവും 1.5 ബില്യൺ ആളുകൾ ഉപയോഗിക്കുന്നു”. 2025-ൽ Google-ൻ്റെ CapEx (മൂലധന നിക്ഷേപം) 75 ബില്യൺ ഡോളറാണ്, ഈ നിക്ഷേപം AI ഉൾപ്പെടെയുള്ള സേവനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
ഈ വളർച്ച പല തൊഴിൽ മേഖലകളിലും വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന ചർച്ചകൾ സജീവമാണ്. അവയിൽ ഏറ്റവും കൂടുതൽ ആശങ്ക ഉയരുന്നത് സാങ്കേതികവിദ്യയുടെ കാതലായ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് രംഗത്താണ്. കോഡുകൾ എഴുതുകയും സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കുകയും ചെയ്യുന്ന എഞ്ചിനീയർമാരുടെ ജോലികൾ നിർമ്മിത ബുദ്ധിക്ക് ചെയ്യാൻ സാധിക്കുമോ? ഭാവിയിൽ ഈ തൊഴിൽ മേഖല അപ്രസക്തമാകുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അത്ര ലളിതമല്ല. നിർമ്മിത ബുദ്ധി സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് രംഗത്തെ മാറ്റിമറിക്കുമെന്ന കാര്യത്തിൽ സംശയമില്ല, എന്നാൽ അത് പൂർണ്ണമായ ഒരു പകരം വെക്കലാകില്ല, മറിച്ച് ഒരു സഹകരണത്തിൻ്റെയും പരിണാമത്തിൻ്റെയും പുതിയ അധ്യായമായിരിക്കും എന്ന് ആമുഖമായി വിലയിരുത്താൻ കഴിയും.
സോഫ്റ്റ്‌വെയർ നിർമ്മാണ രംഗത്ത് നിർമ്മിത ബുദ്ധിയുടെ സ്വാധീനം ഇതിനകം തന്നെ പ്രകടമാണ്. മുൻപ് മണിക്കൂറുകളെടുത്ത് ചെയ്തിരുന്ന പല ജോലികളും ഇന്ന് AI ടൂളുകൾ ഉപയോഗിച്ച് നിമിഷനേരം കൊണ്ട് ചെയ്യാൻ സാധിക്കുന്നു. ഇതിന് മികച്ച ഉദാഹരണങ്ങളാണ് ഗിറ്റ്ഹബ് കോപൈലറ്റ് (GitHub Copilot), ആമസോൺ കോഡ് വിസ്പറർ (Amazon CodeWhisperer), ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി (ChatGPT) പോലുള്ള സംവിധാനങ്ങൾ. ഒരു ആശയമോ നിർദ്ദേശമോ നൽകിയാൽ, അതിനനുസരിച്ചുള്ള കോഡുകൾ എഴുതാൻ ഇവയ്ക്ക് കഴിയും. സാധാരണയായി എഴുതേണ്ടി വരുന്ന അടിസ്ഥാന കോഡുകൾ (Boilerplate code), അൽഗോരിതങ്ങൾ എന്നിവയെല്ലാം AI-ക്ക് വേഗത്തിൽ നിർമ്മിക്കാൻ സാധിക്കും.
Insight Data-യുടെ ‘Current State of AI in Software Development (2024–2025 Data)’ എന്ന റിപ്പോർട്ട് പ്രകാരം, 2025-ൽ 3,000 ഡെവലപ്പർമാർക്കിടയിൽ നടത്തിയ സർവേയിൽ പകുതിയോളം പേരും ആശ്രയിക്കുന്നത് GitHub Copilot-നെയാണ്. അതോടൊപ്പം തന്നെ Tabnine, Replit Ghostwriter, Codeium, Cursor തുടങ്ങിയ AI ടൂളുകളും സുലഭമാണ്. ഈ ടൂളുകൾ ഉപയോഗിച്ച് കോഡ് ചെയ്യുന്ന രീതിയെയാണ് ‘എഐ പെയർ പ്രോഗ്രാമിംഗ്’ (AI Pair Programming) എന്ന് വിളിക്കുന്നത്. ഇതു കൂടാതെ, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ഡീബഗ്ഗിംഗ് (Debugging) തുടങ്ങിയ മേഖലകളിലും AI വലിയൊരു സഹായമാണ്. കോഡുകളിലെ പിഴവുകൾ കണ്ടെത്താനും അവ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകാനും AI സംവിധാനങ്ങൾക്ക് കഴിയുന്നു. ഇത് സോഫ്റ്റ്‌വെയർ നിർമ്മാണത്തിൻ്റെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നു. കോഡിൻ്റെ ഗുണമേന്മ വർദ്ധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങൾ നൽകാനും ഇന്ന് AI ടൂളുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്.
ഈ കഴിവുകൾ കാണുമ്പോൾ, ഭാവിയിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ആവശ്യം തന്നെ ഇല്ലാതായേക്കുമോ എന്ന് സ്വാഭാവികമായും സംശയം തോന്നാം. പ്രധാന വെല്ലുവിളികൾ
സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ AI പൂർണ്ണമായും പകരം വെക്കുമെന്ന് വാദിക്കുന്നവർ പ്രധാനമായും ചില കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമതായി, ഓട്ടോമേഷൻ്റെ (Automation) സാധ്യതകളാണ്. Insight Data-യുടെ റിപ്പോർട്ട് പ്രകാരം, AI സഹായത്തോടെയുള്ള കോഡിംഗ് ടൂളുകൾ ഉപയോഗിക്കുന്ന ഡെവലപ്പർമാർക്ക് ദൈന്യംദിന ജോലികളിൽ 35–50% വരെ വേഗത വർദ്ധിപ്പിക്കാൻ സാധിക്കും.
ഇന്ന് ജൂനിയർ ഡെവലപ്പർമാർ ചെയ്യുന്ന പല ജോലികളും, അതായത് ലളിതമായ കോഡിംഗ്, ടെസ്റ്റിംഗ്, ഡോക്യുമെൻ്റേഷൻ തയ്യാറാക്കൽ എന്നിവയെല്ലാം ഭാവിയിൽ പൂർണ്ണമായും AI-ക്ക് ഏറ്റെടുക്കാൻ കഴിഞ്ഞേക്കും. ഇത് കമ്പനികളെ സംബന്ധിച്ചിടത്തോളം ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും.
രണ്ടാമതായി, മനുഷ്യ സഹജമായ തെറ്റുകൾ ഒഴിവാക്കാൻ AI-ക്ക് കഴിയും. ക്ഷീണമോ അശ്രദ്ധയോ കാരണം മനുഷ്യർക്ക് സംഭവിക്കാവുന്ന പിഴവുകൾ AI-യുടെ കാര്യത്തിൽ ഉണ്ടാകില്ല. ഇത് കൂടുതൽ വിശ്വസനീയവും സുരക്ഷിതവുമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കാൻ സഹായിക്കും. മൂന്നാമതായി, ‘നോ-കോഡ്’ (No-Code), ‘ലോ-കോഡ്’ (Low-Code) പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയാണ്.
കോഡിംഗിൽ വലിയ അറിവില്ലാത്തവർക്ക് പോലും ലളിതമായ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സഹായിക്കുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് പിന്നിലും AI-യുടെ വലിയ സ്വാധീനമുണ്ട്. ഇത് പരമ്പരാഗത സോഫ്റ്റ്‌വെയർ ഡെവലപ്പർമാരുടെ ആവശ്യം കുറയ്ക്കുമെന്നും വാദിക്കുന്നവരുണ്ട്. നിർമ്മിത ബുദ്ധിയുടെ സ്വാധീനം സോഫ്റ്റ്‌വെയർ രംഗത്ത് എത്രത്തോളം വലുതാണെന്ന് ലോകത്തെ പ്രമുഖ ടെക് കമ്പനികളും അവയുടെ മേധാവികളും പങ്കുവെക്കുന്ന കണക്കുകളും നിരീക്ഷണങ്ങളും വ്യക്തമാക്കുന്നു. അവയിൽ ചിലത് താഴെ നൽകുന്നു.
1. സുന്ദർ പിച്ചൈ (സിഇഒ, ഗൂഗിൾ): ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ വാക്കുകൾ പ്രകാരം, കമ്പനിയുടെ മൊത്തം കോഡിന്റെ 25 ശതമാനവും ഇപ്പോൾ നിർമ്മിക്കുന്നത് എഐ ഉപയോഗിച്ചാണ്. കഴിഞ്ഞ വർഷത്തെ ആൽഫബെറ്റിന്റെ ക്വാർട്ടർലി ഏണിംഗ്സ് റിപ്പോർട്ടിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
2. മാർക്ക് സക്കർബർഗ് (സിഇഒ, മെറ്റ): മെറ്റാ സിഇഒ, മാർക്ക് സക്കർബർഗ് പ്രവചിക്കുന്നത്, 2025-ഓടെ മെറ്റയിലെ ഇടത്തരം എഞ്ചിനീയറിംഗ് ജോലികൾ (mid-level engineering jobs) ഇല്ലാതാകുമെന്നാണ്. ഇത് എഐ ഓട്ടോമേഷൻ എത്ര വേഗത്തിലാണ് ജോലികളെ ബാധിക്കാൻ പോകുന്നതെന്നതിന്റെ സൂചനയാണ്.
3. മൈക്രോസോഫ്റ്റ്: മൈക്രോസോഫ്റ്റ് അവരുടെ ഡെവലപ്പർമാർക്കായി ഗിറ്റ്ഹബ് കോപൈലറ്റ് വ്യാപകമാക്കിയതിന് ശേഷം ഉത്പാദനക്ഷമതയിൽ (productivity) 30% വർദ്ധനവുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് ആനുപാതികമായ തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ കമ്പനിയിൽ ഉണ്ടാകുന്നുണ്ടെന്നും സൂചനകളുണ്ട്. നിലവിൽ 77,000-ത്തിലധികം സ്ഥാപനങ്ങൾ പ്രോഗ്രാമിംഗിനായി ഗിറ്റ്ഹബ് കോപൈലറ്റ് ഉപയോഗിക്കുന്നുണ്ട്.
4. ഡാരിയോ അമോദെയ് (സിഇഒ, ആന്ത്രോപിക്): ചാറ്റ്ജിപിടിയുടെ പ്രധാന എതിരാളിയായ ‘ക്ലോഡ്’ (Claude) നിർമ്മിച്ച ആന്ത്രോപിക്കിന്റെ സിഇഒയും ഓപ്പൺഎഐയുടെ മുൻ വൈസ് പ്രസിഡന്റുമായ ഡാരിയോ അമോദെയ് കൂടുതൽ ഗൗരവമേറിയ ഒരു പ്രവചനമാണ് നടത്തുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, അടുത്ത ആറു മാസത്തിനുള്ളിൽ കോഡർമാർ ചെയ്യുന്ന 90% ജോലികളും എഐക്ക് ചെയ്യാൻ സാധിക്കും. ഒരു വർഷത്തിനുള്ളിൽ ഇത് ഏതാണ്ട് പൂർണ്ണമാവുമെന്നും അദ്ദേഹം പറയുന്നു.
5. ജെൻസൻ ഹുവാങ് (സിഇഒ, എൻവിഡിയ): എൻവിഡിയ സിഇഒ ‘ജെൻസൻ ഹുവാങ്ങിന്റെ’ കാഴ്ചപ്പാടിൽ, ഭാവിയിൽ കോഡർമാരുടെ ആവശ്യം തന്നെ ഇല്ലാതായേക്കാം. “മനുഷ്യന്റെ ഭാഷ കമ്പ്യൂട്ടറുകൾക്ക് മനസ്സിലാക്കുക എന്നതാണ് സാങ്കേതികവിദ്യയുടെ ആത്യന്തികമായ ലക്ഷ്യം. മുൻപ് അതിന് കഴിയാതിരുന്നതുകൊണ്ടാണ് നമുക്ക് കോഡിംഗ് ഭാഷകൾ ആവശ്യമായി വന്നത്. എന്നാൽ, എഐ ആ പ്രശ്നം പരിഹരിക്കുന്നതോടെ കോഡിംഗിന്റെ ആവശ്യം ഇല്ലാതാകും” എന്ന് അദ്ദേഹം വാദിക്കുന്നു.
എന്തുകൊണ്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ അപ്രസക്തരാകുന്നില്ല?
മുകളിൽ പറഞ്ഞ വാദങ്ങളിൽ കഴമ്പുണ്ടെങ്കിലും, ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ജോലി കേവലം കോഡ് എഴുതുന്നതിൽ ഒതുങ്ങുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അവിടെയാണ് മനുഷ്യൻ്റെ കഴിവും നിർമ്മിത ബുദ്ധിയുടെ പരിമിതികളും വ്യക്തമാകുന്നത്. എഐ ഒരു പകരക്കാരനല്ല, മറിച്ച് ഡെവലപ്പർമാരുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമായി മാത്രമേ അതിനെ പരിഗണിക്കാൻ സാധിക്കുകയുള്ളൂ. കോഡ് ജനറേഷൻ, ടെസ്റ്റ് എഴുതൽ തുടങ്ങിയ വിരസമായ ജോലികൾ എഐ ഏറ്റെടുക്കുമ്പോൾ, എഞ്ചിനീയർമാർക്ക് problem solving, creative design , Architecture Design തുടങ്ങിയ ഉയർന്ന തലത്തിലുള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നു.
എഐക്ക് അതിവേഗം കോഡ് എഴുതാൻ കഴിഞ്ഞേക്കാം, എന്നാൽ എന്ത് കോഡാണ് എഴുതേണ്ടത്, എന്തിനാണ് എഴുതേണ്ടത് എന്ന് തീരുമാനിക്കുന്നത് എഞ്ചിനീയർമാർ തന്നെയാണ്. സോഫ്റ്റ്‌വെയർ പ്രോജക്റ്റുകളിലെ അവ്യക്തതകൾ മനസ്സിലാക്കാനും, മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകൾക്കനുസരിച്ച് മികച്ച ഡിസൈൻ തീരുമാനങ്ങൾ എടുക്കാനും, ദീർഘകാലത്തേക്ക് നിലനിൽക്കുന്ന ഒരു ആർക്കിടെക്ചർ രൂപപ്പെടുത്താനുമുള്ള കഴിവ് മനുഷ്യന്റെ മാത്രം സവിശേഷതയാണ്. ചുരുക്കത്തിൽ AI-ക്ക് അതിൻ്റെ പരിമിതമായ പരിശീലന ഡാറ്റയിൽ നിന്ന് അതിന് സമാനമായ മാതൃകകൾ മാത്രം പുനഃക്രമീകരിക്കാൻ (remix) കഴിയും; എന്നാൽ പുതിയ ആശയങ്ങളോ യഥാർത്ഥ ഇന്നൊവേഷനോ സൃഷ്ടിക്കാൻ കഴിയില്ല.
നിലവിലെ എഐ മോഡലുകൾക്ക് ഗുരുതരമായ പരിമിതികളുണ്ട്. GitHub Copilot ജനറേറ്റ് ചെയ്ത 36% കോഡിലും സുരക്ഷാ പിഴവുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗവേഷണങ്ങൾ ചൂണ്ടികാണിക്കുന്നു. അത്പോലെ AI-ക്ക് തെറ്റുകൾ സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നതിനാൽ മെഡിക്കൽ രേഖകൾ വിശകലനം ചെയ്യുക, സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുക, വിമാനങ്ങൾ നിയന്ത്രക്കുക തുടങ്ങിയ അത്യധികം പ്രാധാന്യമുള്ള (high-stakes) ഡൊമെയ്‌നുകളിൽ മനുഷ്യൻ്റെ മേൽനോട്ടമില്ലാതെ AI-യെ പൂർണ്ണമായി വിശ്വസിക്കാൻ സമൂഹം തയ്യാറല്ല. ഇത്തത്തിൽ തെറ്റായ കോഡ് നൽകാനുള്ള പ്രവണത (Hallucinations), സുരക്ഷാ വീഴ്ചകൾ, ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കഴിവില്ലായ്മ എന്നിവയെല്ലാം മനുഷ്യൻ്റെ സൂക്ഷ്മപരിശോധന അനിവാര്യമാക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും നിർമ്മിത ബുദ്ധിയുടെ വളർച്ച സോഫ്റ്റ്‌വെയർ ഇൻഡസ്ട്രിയിൽ, പ്രത്യേകിച്ച് എൻട്രി-ലെവൽ റോളുകളിൽ ജോലി ചെയ്യുന്ന ജൂനിയർ ഡെവലപ്പർമാരെ എത്രത്തോളം ബാധിക്കുമെന്ന് നിരീക്ഷിക്കെണ്ടതുണ്ട്. പരമ്പരാഗതമായി ജൂനിയർ ഡെവലപ്പർമാർ ചെയ്തിരുന്ന ആവർത്തന ജോലികളുടെ ഓട്ടോമേഷൻ മൂലം വരുന്ന ആഘാതം പ്രമുഖ ടെക് കമ്പനികളുടെ നിലപാടുകളിൽ വ്യക്തമാണ്. സമാനമായി, എഐ നൽകുന്ന ഉത്പാദനക്ഷമതയിലെ വർദ്ധനവ് കാരണം Salesforce പോലുള്ള കമ്പനികൾ പുതിയ നിയമനങ്ങൾ നിർത്തിവെച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതിന്റെ ഫലമായി കോഡിംഗ് മേഖലയിൽ ജൂനിയർ ഡെവലപ്പർമാരുടെ നിയമനത്തിൽ വലിയൊരു മരവിപ്പ് തന്നെ സംഭവിച്ചിട്ടുണ്ട്. 2024-ൽ ഇന്ത്യയിലെ ഐടി ഇൻഡസ്ട്രിയിൽ 50,000-ത്തിലധികം തൊഴിലുകൾ നഷ്ടമായെന്ന റിപ്പോർട്ടുകൾ ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
ചുരുക്കത്തിൽ, കേവലം കോഡ് എഴുതുന്ന “കോഡ് മങ്കി” യുഗം അവസാനിക്കുകയും സോഫ്റ്റ്‌വെയർ ജോലികളിലേക്കുള്ള പ്രവേശന തടസ്സം (Entry Barrier) വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, ഇത് ജൂനിയർ ഡെവലപ്പർമാരുടെ അവസാനമല്ല, മറിച്ച് അവരുടെ തൊഴിൽപരമായ രൂപാന്തരീകരണത്തിന്റെ തുടക്കമാണ്. ഇന്ന് ജൂനിയർമാരെ നിയമിക്കാതിരിക്കുന്നത് 5-10 വർഷത്തിനുള്ളിൽ അനുഭവസമ്പന്നരായ സീനിയർ ആർക്കിടെക്റ്റുകളുടെ ഒരു വലിയ കുറവിന് കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ പുതിയ സാഹചര്യത്തെ അതിജീവിക്കാൻ ഒരു ജൂനിയർ ഡെവലപ്പർക്ക് ചില നിർണ്ണായകമായ കഴിവുകൾ ആവശ്യമാണ്. ഒന്നാമതായി, ശക്തമായ കോഡിംഗ് അടിസ്ഥാന തത്വങ്ങൾ (Coding Fundamentals) കൂടിയേ തീരൂ.
എഐ എഴുതുന്ന കോഡിനെ വിമർശനാത്മകമായി അവലോകനം ചെയ്യാനും അതിലെ പിഴവുകൾ കണ്ടെത്താനും ഈ അടിസ്ഥാന അറിവ് സഹായിക്കും. രണ്ടാമതായി, എഐയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള കഴിവാണ്. കൃത്യമായ നിർദ്ദേശങ്ങൾ നൽകാനുള്ള പ്രോംപ്റ്റ് എഞ്ചിനീയറിംഗ് (Prompt Engineering) വൈദഗ്ദ്ധ്യം ഇതിൽ പ്രധാനമാണ്. അവസാനമായി, കേവലം കോഡ് എഴുതുന്നതിൽ നിന്ന് മാറി, പ്രശ്‌നപരിഹാരം (Problem Solving), സിസ്റ്റം ആർക്കിടെക്ചർ, ക്രിയേറ്റീവായ ഡിസൈൻ തുടങ്ങിയ ഉയർന്ന തലത്തിലുള്ള കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിനാൽ, കോഡിംഗ് പഠിക്കുന്നത് ഇപ്പോഴും മൂല്യവത്താണ്; കാരണം അത് യുക്തിപരമായി ചിന്തിക്കാനുള്ള കഴിവാണ് നൽകുന്നത്.
എഐയെ ഒരു ഉപകരണമായി കണ്ട് ഈ പുതിയ കഴിവുകൾ ആർജ്ജിക്കുന്നവർക്ക് നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ കൂടുതൽ ശോഭിക്കാൻ സാധിക്കും.
എഐയുടെ വളർച്ചയോടെ, സോഫ്റ്റ്‌വയർ എഞ്ചിനീയർമാർക്ക് ഇന്ന് കൂടുതൽ ആവശ്യക്കാരുള്ളതും പ്രചാരം നേടുന്നതുമായ ചില പ്രധാന കഴിവുകൾ താഴെ ചോർക്കുന്നു.
• Applying and deploying application programming interfaces (APIs)
• Prompt engineering
• Machine learning
• Deep learning
• Cloud platforms
• Natural language processing (NPL)
• AI ethics
ചുരുക്കത്തിൽ, നിർമ്മിത ബുദ്ധി സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ ജോലികൾ പൂർണ്ണമായും ഇല്ലാതാക്കാൻ സാധ്യതയില്ല. അത് അവരുടെ ജോലിയുടെ സ്വഭാവത്തെ മാറ്റും. കോഡ് എഴുതുന്ന ഒരാൾ എന്നതിലുപരി, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന, തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്ന, സർഗ്ഗാത്മകമായി ചിന്തിക്കുന്ന ഒരു “പ്രോബ്ലം സോൾവർ” ആയിരിക്കും ഭാവിയുടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. നിർമ്മിത ബുദ്ധി ഒരു മികച്ച സഹായിയും സഹപ്രവർത്തകനുമായിരിക്കും. ഈ മാറ്റത്തെ ഉൾക്കൊള്ളുകയും പുതിയ കഴിവുകൾ ആർജ്ജിക്കുകയും ചെയ്യുന്നവർക്ക് ഈ രംഗത്ത് എക്കാലത്തും പ്രസക്തിയുണ്ടാകും. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിൽ മനുഷ്യൻ്റെ സ്ഥാനമെന്താണെന്ന ചോദ്യത്തിന്, യന്ത്രത്തെ നിയന്ത്രിക്കുന്നതും അതിന് ദിശാബോധം നൽകുന്നതും എപ്പോഴും മനുഷ്യൻ്റെ ബുദ്ധിയും വിവേകവുമായിരിക്കും എന്ന ഉത്തരമാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൻ്റെ ഭാവിയും നമുക്ക് നൽകുന്നത്.
References:
1. Why do people say AI will replace programmers, but not mathematcians and such? – Reddit.
2. Will AI Replace Programmers? Breaking Down the Future of Coding – Netcorp
3. Banglore Days കഴിഞ്ഞു! ഇനി കോഡിങ് പഠിച്ചിട്ട് കാര്യമുണ്ടോ? CAREER TRENDS 2025 https://youtu.be/B23cxCnsvSc?si=YY6z5zto662TwNaJ
4. I asked the Google CEO if AI is taking our jobs https://youtu.be/Pqb19IaWwOE?si=S8zgfs14CL5xFObU
5. Impact of Artificial Intelligence (AI) on Software Job Landscape – DiVA portal
6. How AI Is Changing the Role of Software Engineers | by Saurabh Sharma
7. Will AI Replace Programmers and Software Engineers? – Coursera
8. Alphabet CEO Sundar Pichai on Future of AI, Antitrust, and Privacy https://youtu.be/RsAKKF2-_Kg?si=03-21wZRCvR_9Iyq
9. What is AI Pair Programming – GeeksforGeeks
