കേരളത്തിലെ മുസ്ലിം സമൂഹം സാംസ്കാരികവും സാമൂഹികവുമായ വളർച്ചയിൽ എത്തിയതിൽ മത വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ട്. അതിന് നൂറ്റാണ്ടുകളുടെ പാരമ്പര്യവുമുണ്ട്. വളരെ കാലം മുമ്പ് തന്നെ മതവിദ്യാഭ്യാസം പ്രാദേശികമായി, അനൗപചാരിക ഘടനയിൽ നടന്നുവന്നിരുന്നു. പള്ളികളോട് ചേർന്നുള്ള ദർസുകളും കുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന ഓത്തുപള്ളികളും ഈ വിദ്യാഭ്യാസ ശൃംഖലയുടെ ആദ്യഘട്ടമെന്ന നിലയിൽ ഉയർന്നുവന്നു. ഇതിനൊരു ഏകീകൃത സ്വഭാവമൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. എങ്കിലും മുസ്ലിം സമൂഹത്തിൽ മതപരമായ അറിവുകളുടെ തറക്കല്ലിടാനും തലമുറകളിലേക്ക് അറിവുകൾ കൈമാറാനും ഇത് സഹായിച്ചു. പതിനാറാം നൂറ്റാണ്ടിൽ പൊന്നാനി വലിയ പള്ളിയുടെയും അവിടത്തെ ദർസിന്റെയും സ്ഥാപനം, ഇസ്ലാംമത വിദ്യാഭ്യാസരംഗത്ത് വലിയ നാഴികക്കല്ലായി. അതൊരു മഹത്തായ ഇസ്ലാമിക സർവ്വകലാശാല പോലെത്തന്നെ പ്രവർത്തിച്ചു. അക്കാലത്ത് പൊന്നാനി “മദീനത്തുൽ ഉലൂം” എന്ന് പോലും അറിയപ്പെട്ടു. കേരള മുസ്ലിം പണ്ഡിതരുടെ വേരുകൾ ഇവിടെ ചെന്നെത്തുന്നത് കാണാം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ, പ്രത്യേകിച്ച് 1921-ലെ മലബാർ കലാപത്തിനുമെല്ലാം ശേഷം കേരളത്തിലെ മുസ്ലിം സമുദായം വിദ്യാഭ്യാസപരവും സാമൂഹികവുമായ വലിയ പരിവർത്തനങ്ങൾക്ക് വിധേയമായി. പല ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളും ഉയർന്നു വരികയും, പരമ്പരാഗത രീതികളെയും മറ്റു പല മൂല്യങ്ങളെയും ചോദ്യം ചെയ്യുകയും, പുത്തനാശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. പുത്തനാശയങ്ങളെ തടയുന്നതിനും സമുദായത്തിന്റെ പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പ്രസ്ഥാനം 1926-ൽ രൂപീകൃതമാകുന്നത്. പിന്നീട് ഇസ്ലാമിക വിദ്യാഭ്യാസം ഉൾപ്പെടെയുള്ളതെല്ലാം സമസ്തക്ക് കീഴിൽ ഏകീകൃതമായി.
സമസ്തയുടെ മദ്രസാ പ്രസ്ഥാനം
ഒരു നൂറ്റാണ്ടിലേറെയായി കേരള മുസ്‌ലിം സമുദായത്തിന് മതപരമായ മാർഗനിർദേശം നൽകുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമസ്തയുടെ സുപ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഒരു ഏകീകൃത മദ്രസാ വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപിച്ചുവെന്നത്. മുസ്ലിം സമുദായത്തിന്റെ മതപരമായ ഉന്നമനത്തിന് മതവിദ്യാഭ്യാസം നൽകിയേ തീരൂ എന്ന തിരിച്ചറിവിലാണ് ഇതിൻ്റെ ഉദയം.
ഒരു കേന്ദ്രീകൃത മത വിദ്യാഭ്യാസ സംവിധാനത്തിൻ്റെ ആവശ്യകത മനസ്സിലാക്കിയ സമസ്ത, ഈ ലക്ഷ്യം മുൻനിർത്തി 1951-ൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് (SKIMVB) രൂപീകരിക്കുകയായിരുന്നു. ഇത് മത വിദ്യാഭ്യാസത്തിന് ഒരു വ്യവസ്ഥാപിതമായ ഘടന നൽകി. ഏകീകൃത സിലബസ് ഉണ്ടാക്കുകയും, പാഠപുസ്തകങ്ങൾ ക്രോഡീകരിക്കുകയും , മദ്രസകൾക്ക് അംഗീകാരം നൽകുകയും ചെയ്തു. മദ്രസകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ‘മുഫത്തിശു’മാരെ നിയമിച്ചു. ശേഷം, ശ്രദ്ധേയമായ വളർച്ചയാണ് സമസ്തയുടെ മദ്രസ പ്രസ്ഥാനം കൈവരിച്ചത്. 1956-ൽ 149 മദ്രസകൾ ആയിരുന്നിടത്ത് നിലവിൽ 11,000- ത്തിലധികം മദ്രസകൾ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിന് അകത്തും പുറത്തുമായിട്ട് ഇത് വ്യാപിച്ചുകിടക്കുന്നു.
പാഠ്യപദ്ധതിയും ഘടനയും
സമസ്ത മദ്രസ സംവിധാനത്തിന്റെ സിലബസ്, മതപരമായ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നൽകുന്നതിനാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് നിലവിൽ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ഈ പാഠ്യപദ്ധതിയിൽ ഖുർആൻ, ഫിഖ്ഹ്, അഖീദ, താരീഖ്, അഖ്ലാഖ്, അറബി ഭാഷ തുടങ്ങിയ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. പുസ്തകങ്ങളുടെ ഭാഷ ഏഴ് വരെ ക്ലാസ്സുകളിൽ അറബി മലയാളവും, എട്ടു മുതൽ പന്ത്രണ്ട് വരെ അറബിയുമാണ്. യഥാക്രമം ഖുർആനിന്റെ നിയമമനുസരിച്ചുള്ള പാരായണം , ഖുർആൻ അർത്ഥം അറിയൽ , മനപ്പാഠമാക്കൽ, ഇസ്ലാമിക കർമ്മശാസ്ത്ര നിയമങ്ങൾ, ഇസ്ലാമിക വിശ്വാസപരമായ കാര്യങ്ങൾ, ഇസ്ലാമിക ചരിത്രം, സ്വഭാവസംസ്കരണം എന്നിവ മനസ്സിലാക്കൽ തുടങ്ങിയവയാണ് മേൽപ്പറഞ്ഞ വിഷയങ്ങളുടെ ഉള്ളടക്കം.
മദ്രസ പ്രസ്ഥാനം വിജയത്തിലെത്തിയതിൽ പ്രധാന ഹേതുവാണ് അതിൻ്റെ അധ്യാപക ശൃംഖല. അധ്യാപകരുടെ ഏകോപനത്തിനും സുഗമമായ ആശയവിനിമയത്തിനും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ (SKJMCC) എന്ന അധ്യാപക സംഘടന പ്രവർത്തിക്കുന്നുണ്ട്. അധ്യാപക ശില്പശാലകൾ പോലുള്ള പ്രവർത്തനങ്ങളും, അധ്യാപക ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതികളും എല്ലാം ഇതിനു കീഴിൽ നടപ്പിലാക്കപ്പെടുന്നു. മദ്രസ വിദ്യാഭ്യാസത്തിൻ്റെ നിലവാരം നിലനിർത്തുന്നതിനായി സമസ്ത രൂപീകരിച്ച ഒരു കേന്ദ്രീകൃത മൂല്യനിർണയ സംവിധാനമാണ് അഞ്ചാം ക്ലാസ്, ഏഴാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു എന്നീ തലങ്ങളിൽ നടത്തപ്പെടുന്ന പൊതു പരീക്ഷകൾ. കേന്ദ്രീകൃത മൂല്യനിർണയം നടത്തിയ ശേഷം വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു. മദ്രസകളിലെ പഠനനിലവാരവും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി എല്ലാ മദ്രസകളിലും സമയാധിഷ്ഠിതമായി ‘മുഫത്തിശു’മാർ സന്ദർശിക്കാറുണ്ട്.
കാലാനുസൃത മാറ്റങ്ങൾ
കേരളത്തിലെ മാറുന്ന സാമൂഹിക-വിദ്യാഭ്യാസ സാഹചര്യങ്ങൾ അനുസരിച്ച്, സമസ്ത അതിൻ്റെ വിദ്യാഭ്യാസ സംവിധാനത്തിൽ നിരവധി നവീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പരമ്പരാഗത രീതിശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കാതെ, ആധുനിക പഠന രീതികളെയും വിഷയങ്ങളെയും ഉൾക്കൊണ്ടും, ഉപയോഗപ്പെടുത്തിയുമുള്ള മുന്നേറ്റമാണ് ഇത് കാഴ്ചവച്ചത്. മദ്രസകളുടെ സൗകര്യങ്ങളും മറ്റും കാലാനുസൃതമായി വികസിച്ചുവെന്ന് ഉറപ്പുവരുത്തി. കൂടാതെ, പഠനരീതിയിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ മനസ്സിലാക്കിയുള്ള നവീകരണങ്ങളാണ് അടുത്തകാലത്ത് ഉൾപ്പെടുത്തിയത്. ഇതിൻ്റെ ഭാഗമായി ‘സമസ്ത ഇ-ലേണിംഗ്’ ആപ്പ് ലോഞ്ച് ചെയ്യുകയും, ഗ്ലോബൽ മദ്രസ, ഡിജിറ്റൽ മദ്രസ ക്ലാസ് റൂം എന്നിവ സ്ഥാപിക്കുകയും ചെയ്തു.
പരമ്പരാഗത മദ്രസാപഠനത്തെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചു കൊണ്ടാണ് സമസ്ത ഓൺലൈൻ ഗ്ലോബൽ മദ്രസ ആരംഭിച്ചത്. ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ ഓൺലൈൻ പഠനം ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. എങ്കിലും നിലവിൽ ഈ സംവിധാനത്തിലേക്കുള്ള അഡ്മിഷൻ, അംഗീകൃത മദ്രസകൾ ഇല്ലാത്ത പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് പരമ്പരാഗത പഠന രീതിക്കാണ് മുൻഗണന നൽകുന്നതെന്നും, “ഓൺലൈൻ പഠനം ഒരു പകരക്കാരനല്ല മറിച്ച് ഒരു സഹായ സംവിധാനമാണെ”ന്നുമുള്ള സംഘടനയുടെ നിലപാടിനെ സൂചിപ്പിക്കുന്നു. മദ്രസകളിലെ അധ്യാപനത്തെയും, പഠനത്തെയും കൂടുതൽ ആകർഷകമാക്കാൻ ടെലിവിഷനുകൾ, പ്രൊജക്ടറുകൾ, ഇൻ്ററാക്ടീവ് പാനലുകൾ തുടങ്ങിയവ ഉപയോഗിച്ച് ഡിജിറ്റൽ മദ്രസ ക്ലാസ് റൂമുകൾ നിലവിൽ വന്നിട്ടുണ്ട്. പാഠഭാഗ അവതരണങ്ങൾ, ഓഡിയോകൾ, വീഡിയോകൾ, ആനിമേഷനുകൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നവീകരണം പഠനപ്രക്രിയയെ കൂടുതൽ സുഗമമാക്കാൻ സഹായിക്കുന്നു. കൂടാതെ ‘സമസ്ത ഇ-ലേണിംഗ്’ മൊബൈൽ ആപ്ലിക്കേഷൻ വഴി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പഠന സഹായികളും ക്ലാസ്സുകളും ലഭ്യമാക്കുന്നു. ഈ നവീകരണങ്ങളിലെല്ലാം പരമ്പരാഗത രീതികളെ പൂർണമായി ഉപേക്ഷിക്കാതെ, അവയ്ക്ക് പൂരകമായി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുക എന്ന സമസ്തയുടെ സമീപനം കാണാവുന്നതാണ്.
ചുരുക്കത്തിൽ, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ കേരളത്തിലെ മുസ്ലിം സമൂഹത്തിൽ മതപരമായ പ്രകാശം പരത്തുന്നതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും അതിൻ്റെ മദ്രസ സംവിധാനവും വിജയം നേടി എന്ന് വീക്ഷിക്കാവുന്നതാണ്. ഒരു ഏകീകൃതവും വ്യവസ്ഥാപിതവുമായ മതവിദ്യാഭ്യാസ രീതി സ്ഥാപിക്കുകയും, ഓത്തുപള്ളി പോലെയുള്ള അനൗപചാരിക ഘടനയിൽ നിന്നും മാറി, പൊതുപരീക്ഷകൾ, കേന്ദ്രീകൃത സിലബസ്, അധ്യാപകർക്ക് പ്രത്യേക പരിശീലനം എന്നിവയിലൂടെ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്തു. തലമുറകളായി തുടർന്നുപോരുന്ന പാരമ്പര്യവും മൂല്യങ്ങളും മുറുകെ പിടിച്ചു കൊണ്ടുതന്നെ പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങളും ആവശ്യകതകളും തിരിച്ചറിഞ്ഞ് കാലാനുസൃതമായ നവീകരണം ഈ പ്രസ്ഥാനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. പഴയ ഓത്തുപള്ളികളിൽ നിന്ന് ആധുനിക സൗകര്യങ്ങളുള്ള മദ്രസ ക്ലാസ് മുറികളിലേക്കും, ഡിജിറ്റൽ മദ്രസകളിലേക്കും, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കും ചുവടുവെച്ചത് മത വിദ്യാഭ്യാസത്തെ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ലഭ്യമാക്കി. പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ച് കൊണ്ടുള്ള ഈ യാത്ര, സമുദായത്തെ മതവിജ്ഞാന മേഖലയിൽ ഉന്നമനത്തിലേക്ക് നയിക്കുന്നുവെന്നതിനും, വിദ്യാഭ്യാസ രംഗത്ത് മാതൃക തീർക്കുന്നുവെന്നതിനും സംശയമില്ല.
