വെടിനിർത്തൽ : അജണ്ടകളിലെ പുകമറകൾ

ഫലസ്തീനിലെ നാമാവശേഷമായ തെരുവുകളിൽ നിന്നും ഉയരുന്ന കൂട്ടക്കരച്ചിലുകൾക്ക് പരിസമാപ്തി പ്രതീക്ഷിച്ചുകൊണ്ട് അമേരിക്കയുടെ ട്രംപ് ഭരണകൂടം അവതരിപ്പിച്ച സമാധാന പദ്ധതി നിലവിൽ വന്നു. വെടിനിർത്തൽ, ബന്ദിമോചനം, തകർന്ന നഗരങ്ങളുടെ പുനർനിർമ്മാണം തുടങ്ങിയ കരാറുകളാണ് ഇരു രാജ്യങ്ങളും വ്യവസ്ഥകളോടെ അംഗീകരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം ഔദോഗികമായി സ്ഥിരീകരിച്ചതോടെ ഗാസയിലെ മറ്റു പ്രധാനനഗരങ്ങളിലും അരങ്ങേറിയ ആഹ്ലാദ പ്രകടനങ്ങൾ ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങി. ഫലസ്തീൻ വെടിനിർത്തൽ കരാറിൽ പൂർണ്ണസമാധാനം പുലരുമോ എന്ന ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ. മുമ്പ് നിലവിൽ വന്നതും റദ്ദാക്കപ്പെട്ടതുമായ സമാധാനപദ്ധതികളുടെ മോശം മുന്മാതൃകകൾ തുടർന്നും ആവർത്തിക്കുമോ എന്നതാണ് ഏവരുടെയും ആശങ്ക.

ഫലസ്തീനിൽ അരങ്ങേറുന്ന ഇസ്‌റാഈൽവംശഹത്യയ്ക്ക് സർവ്വ പിന്തുണയും രേഖപ്പെടുത്തിയ ഡൊണാൾഡ് ട്രംപ്, അന്താരാഷ്‌ട്ര സമ്മർദ്ദങ്ങളും സമാധാന നൊബേൽ മോഹവും കാരണം വെടിനിർത്തൽ വ്യവസ്ഥ നിർമിക്കുകയായിരുന്നു. ഒടുവിൽ, ശാശ്വതമായ സമാധാനത്തിനായി ഇരുരാജ്യങ്ങളും കൈകോർക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ബന്ദികളെ പരസ്പരം കൈമാറണമെന്നും നിർദ്ദേശിച്ച ട്രംപ്, “സമാധാനമുണ്ടാക്കുന്നവർ അനുഗ്രഹീതരായിരിക്കുന്നു” എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രഖ്യാപിക്കുകയും ചെയ്തു. സമാധാനപദ്ധതികൾ ഇസ്രാഈലിലെ പ്രതിപക്ഷ പാർട്ടികളും ലോക മനുഷ്യാവകാശ സംഘടനകളും ശരിവെച്ചതോടെയാണ് സമാധാനനീക്കങ്ങൾക്ക് പ്രതീക്ഷയേറിയത്.

ഗാസാനഗരം ഒരു ആഗോള വിനോദകേന്ദ്രമായി പുനരാവിഷ്കരിക്കുമെന്ന് പലകുറി പ്രസ്താവനയിറക്കിയ ട്രംപിന്റെ പെട്ടെന്നുള്ള സമാധാനനീക്കങ്ങൾക്കു പിന്നിൽ സ്വന്തം താല്പര്യങ്ങൾ ലക്ഷീകരിക്കുന്ന രാഷ്ട്രീയം സംശയിക്കപ്പെടുന്നുണ്ട്.ലോകത്തുള്ള പല പ്രമുഖ രാഷ്ട്രങ്ങളും യു.എൻ അടക്കമുള്ള മുഖ്യധാരാ മനുഷ്യാവകാശ സംഘടനകളും ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ നായകവേഷമണിഞ്ഞ് വെടിനിർത്തൽ വ്യവസ്ഥ ആവിഷ്കരിച്ച ട്രംപിന്റെ നടപടികളും ആഗോളതലത്തിൽ വിഷയീഭവിക്കുന്നു.

1910കളിൽ ആർതർ ബാൽഫ്രഡും ലോർഡ് ക്രോമറും ചേർന്ന് നടത്തിയ കോളനിവത്കരണ നീക്കങ്ങൾ പ്രധാനമായും ലക്ഷീകരിച്ചത് ഫലസ്തീനിലെ സാംസ്കാരിക സമ്പന്നതയും വിദ്യാഭ്യാസ സംവിധാനങ്ങളുമാണ്. ഒരു രാഷ്ട്രത്തെ പരിപൂർണ്ണമായി അധീനപ്പെടുത്താൻ അവയുടെ സംസ്കാരത്തെയും വിദ്യാഭ്യാസവ്യവസ്ഥയെയും തകർത്തുകളയുകയെന്ന ബാൽഫറിന്റെ ആശയധാര ആധുനിക കോളനിവത്കരണമെന്ന രീതിയിൽ അരങ്ങേറുന്ന വംശഹത്യകളിലൂടെ ഇനിയും തുടർച്ച സ്വീകരിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. കൃത്യമായ ആശയവിനിമയ സംവിധാനങ്ങളുടെയും ഇന്റർനെറ്റിന്റെയും അഭാവം കാരണം,വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന സന്തോഷവാർത്ത മാധ്യമപ്രവർത്തകരുടെ പ്രത്യേകം സജ്ജീകരിച്ച ഉച്ചഭാഷിണികളിലൂടെ മാത്രം കേട്ടറിയുന്ന സാഹചര്യമാണ് ഗാസയിലേത്. അത്തരത്തിൽ അടിസ്ഥാനസൗകര്യങ്ങളുടെ വലിയ ദൗർലബ്യം നേരിടുന്ന ഫലസ്തീൻ ജനതയ്ക്ക് തങ്ങളുടെ ഭാവി നിർണയിക്കാനുള്ള ചെറിയ കാലയളവ് പോലും നൽകാതെ യുദ്ധം പുനരാരംഭിക്കാനുള്ള രാഷ്ട്രീയസാഹചര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്.

സമാധാനപദ്ധതിയുടെ ആദ്യഘട്ടം നിലവിൽ വന്ന ശേഷം, ഈജിപ്തിലെ ഷറം അൽ ഷെയ്ഖ് നടന്ന ചർച്ചകളിൽ പങ്കെടുത്ത അറബ് രാഷ്ട്രങ്ങളോട് നന്ദി പ്രകടിപ്പിച്ച ഡൊണാൾഡ് ട്രംപ്, വരും ദിവസങ്ങളിൽ ഗാസാനഗരം സന്ദർശിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, വെടിനിർത്തലിന് ശേഷം അമേരിക്കയുടെ മിലിറ്ററി യൂണിറ്റിലെ പ്രത്യേകപരിശീലനം നേടിയ ഇരുനൂറിലധികം സൈനികരെ മധ്യപൂർവ്വേഷ്യയിലേക്ക് അയച്ച നടപടിയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ. വെടിനിർത്തൽ കരാർ കൃത്യമായ രീതിയിൽ പാലിക്കപ്പെടുന്നുണ്ടോ എന്ന ഉറപ്പുവരുത്താനാണെന്ന അമേരിക്ക ഭരണകൂടത്തിന്റെ മറുപടി ആശ്ചര്യമുളവാക്കുന്നതാണ്. ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം അംഗീകരിക്കാത്ത അമേരിക്ക, ഇസ്‌റാഈലിന്റെ സൈനികർ ‘അനുയോജ്യമായ’ ഒരിടത്തേക്ക് പിന്മാറണമെന്നടക്കമുള്ള നിലവിലെ സമാധാനനീക്കങ്ങൾക്ക് വാശിപിടിക്കുന്ന സാഹചര്യം തീർത്തും വൈരുധ്യാത്മകമാണ്.

അന്താരാഷ്ട്ര സമ്മർദ്ദങ്ങളാണ് വെടിനിർത്തൽ കരാർ ആവിഷ്കരിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത് പ്രധാനഘടകം. അപ്രതീക്ഷിതമായി അരങ്ങേറിയ ഖത്തർ ആക്രമണവും, കഴിഞ്ഞ ദിവസങ്ങളിലായി പല പ്രമുഖ രാഷ്ട്രങ്ങൾ കൂടി ഫലസ്തീൻ അനുകൂലപക്ഷം ചേർന്നതും കൂടുതൽ സമ്മർദ്ദം ചെലുത്തി എന്നതാണ് വസ്തുത. എന്നാൽ, ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തിയതിന്റെ പേരിൽ പലരാജ്യങ്ങളിലും ഭരണകൂട വിരുദ്ധ പ്രകടനങ്ങൾ തുടരുന്ന സന്ദർഭത്തിൽ ആഗോളരാഷ്ട്രീയം വളരെ വേഗം മാറിമറിയാനുള്ള സാധ്യതകളും കൂടുതലാണ്. മുമ്പ് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ കാലയളവിൽ ഇറാൻ അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ ഉയർന്നുവന്നത് പോലെ, പുതിയ കക്ഷികളുമായി രാഷ്ട്രീയ സംഘട്ടനം ഏകീകരിക്കാനുള്ള ഇസ്‌റാഈൽ നീക്കങ്ങൾക്കും സാധ്യതകളേറെയാണ്.

ബന്ദിമോചന വ്യവസ്ഥ പുതിയ സമാധാന ഫോർമുലയിലെ പ്രധാന കരാറുകളിലൊന്നാണ്. എന്നാൽ, ആനുപാതികമായ രീതിയിൽ ഇരുരാജ്യങ്ങളും തങ്ങളുടെ കൈവശമുള്ള മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടായാൽ, നിലവിൽ ഇസ്‌റാഈലിൽ അരങ്ങേറുന്ന രാജ്യവ്യാപകമായ ഭരണവിരുദ്ധ മുന്നേറ്റങ്ങളിൽ ഗണ്യമായ കുറവുവരുമെന്നതിൽ തർക്കമില്ല. അപ്രകാരം, യുദ്ധം തൽസ്ഥിതി പ്രാപിക്കാനുള്ള പാതകൾ തുറക്കപ്പെട്ടേക്കാം. അതിനാൽ, നിലവിലെ ഒട്ടുമിക്ക വ്യവസ്ഥകളും ഹ്രസ്വകാല വാഗ്‌ദാനങ്ങളായി വിലയിരുത്തപ്പെടേണ്ടതാണ്.

യുദ്ധം പൂർണമായി അവസാനിച്ച സമാധാനം പുനഃസ്ഥാപിക്കപ്പെടുന്ന സന്ദർഭമുണ്ടായാലും പലചോദ്യങ്ങളും അന്താരാഷ്‌ട്ര തലത്തിൽ അവശേഷിക്കുന്നുണ്ട്.യുദ്ധത്തിൽ കലാശിച്ച ഒന്നരലക്ഷത്തോളം ജീവനുകളുടെയും തകർന്നടിഞ്ഞ നിരവധി കെട്ടിടങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജീവിതസാഹചര്യങ്ങളുടെയും ഉത്തരവാദിത്തം ആർ ഏറ്റെടുക്കും എന്ന തരത്തിലുള്ള ചോദ്യങ്ങൾ വലിയ രീതിയിൽ ഉയർന്നു വരുന്നു. അന്താരാഷ്ട്ര നിരീക്ഷകരും സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകരും ചിന്തകരും ഇത്തരം ആശങ്കകൾ പതിവായി മുന്നോട്ടുവെക്കുന്നുണ്ട്. ഫലസ്തീനിലെ പ്രമുഖ എഴുത്തുകാരി അലീഖദ തന്റെ സാമൂഹ്യമാധ്യമ പേജുകളിലൂടെ പുറത്തുവിടുന്ന വിമർശനാത്മകമായ കുറിപ്പുകൾ അവയുടെ പുതിയ ഉദാഹരണങ്ങളായെടുക്കാം. പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ട ഇരുപതിനായിരത്തോളം കുഞ്ഞുജീവനുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാകാത്ത അനിശ്ചിതാവസ്ഥയാണ് നിലനിൽക്കുന്നത്. ആദരം ചോദ്യങ്ങൾ അഭിമുഖീകരിക്കാതെയുള്ള സമാധാനനീക്കങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിച്ചേരുക ഏറെ പ്രയാസമാണ്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading