മുസ്ലിംകൾക്ക് ഒരു കാലത്ത് ആത്മീയവും രാഷ്ട്രീയവുമായി നേതൃത്വം നൽകിയവരാണ് ഹള്റമി സാദാത്തീങ്ങൾ. അവരിൽ പ്രഥമസ്ഥാനീയരാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകനായ മമ്പുറം സയ്യിദ് ഫള്ൽ തങ്ങൾ. മലബാറിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് പിന്നിലെ പ്രധാന പ്രേരകശക്തി ഫള്ൽ തങ്ങൾ ആണെന്ന് കണ്ടെത്തുകയും 1852-ൽ ഫള്ൽ തങ്ങളെയും കുടുംബത്തെയും മലബാറിൽ നിന്ന് നാടുകടത്താൻ ബ്രിട്ടീഷുകാർ തീരുമാനിക്കുകയും ചെയ്തു. 1849-ൽ മക്കയിൽ നിന്ന് പഠനം പൂർത്തിയാക്കി മലബാറിൽ എത്തിയ ഫള്ൽ തങ്ങൾ, കേവലം മൂന്നു വർഷത്തിനുള്ളിൽ ആണ് മലബാറിലെ മാപ്പിളമാരുടെ പ്രധാന നേതാവായി മാറുന്നതും ബ്രിട്ടീഷുകാർക്ക് തലവേദന സൃഷ്ടിക്കുന്നതും. എന്നാൽ ഫള്ൽ തങ്ങളെ നാടുകടത്തുന്നത് മാപ്പിളമാരെ പ്രകോപിപ്പിക്കുന്നതിനും മലബാർ കൂടുതൽ പ്രശ്ന കലുഷിതമാകാനും കാരണമാകുമെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കിയിരുന്നു. അത് കൊണ്ടു തന്നെ ബ്രിട്ടീഷുകാർ മറ്റൊരു കുതന്ത്രം പ്രയോഗിച്ചു. തങ്ങൾ മലബാറിൽ നിന്ന് മാറി നിന്നില്ലെങ്കിൽ കലാപങ്ങൾ ഉണ്ടാകുമെന്നും ആയിരക്കണക്കിന് മാപ്പിളമാർ കൊല്ലപ്പെടാനും നാടിന്റെ ക്രമസമാധാന നില തകരാനും സാധ്യതയുണ്ടെന്നും പറഞ്ഞ് ഫള്ൽ തങ്ങളെ തെറ്റിദ്ധരിപ്പിച്ചു. കൂടാതെ കലാപങ്ങൾ അവസാനിച്ച ശേഷം ജന്മനാട്ടിലേക്ക് മടങ്ങി വരാമെന്ന ഉറപ്പും ബ്രിട്ടീഷുകാർ തങ്ങൾക്ക് നൽകിയിരുന്നു.
അങ്ങനെയാണ് ഒരു ഹജ്ജ് യാത്ര എന്നുള്ള ആശയം തങ്ങളുടെ മനസ്സിൽ ഉടലെടുക്കുന്നത്. എന്നാൽ ബ്രിട്ടീഷ് പ്രേരണ മൂലമാണ് തങ്ങൾ നാടു വിട്ടതെന്ന സത്യം മലബാറിലെ മാപ്പിളമാർ വർഷങ്ങൾ കഴിഞ്ഞാണ് അറിഞ്ഞത്. ഇതിൽ പ്രകോപിതരായ മാപ്പിളമാർ 1855 സപ്തംബർ 11 -ന് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ കലക്ടർ ബംഗ്ലാവ് ആക്രമിച്ച് മലബാർ കലക്ടർ കനോലിയെ കൊലപ്പെടുത്തി. മലബാറിൽ നിന്ന് യാത്രതിരിച്ച ഫള്ൽ തങ്ങളും കുടുംബവും പിതാവിന്റെ നാടായ യമനിലെ ഹളർ മൗത്തിലേക്കാണ് പോയത്. അവിടെ കുറച്ചുകാലം താമസിച്ച ശേഷം 1853-ൽ മക്കയിലെത്തി. താൻ 1844 മുതൽ 1849 വരെയുള്ള അഞ്ച് വർഷക്കാലം മക്കയിൽ വിദ്യാഭ്യാസം നേടിയതിനാൽ ആ പ്രദേശത്ത് അദ്ദേഹത്തിന് ഒരുപാട് പരിചയങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ മക്ക ഗവർണർ അബ്ദുല്ലാഹ് ബിൻ മുഹമ്മദ് ബിൻ ഔൻ തങ്ങൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.
മക്കയിൽ കഴിഞ്ഞ കാലത്ത് പ്രഗദ്ഭ പണ്ഡിതനും മുഫ്തിയുമായ ശൈഖ് അഹ്മദ് ദഹ്ലാൻ, അഹമ്മദ് ബിന് ഹസൻ അൽ അത്താസ് തുടങ്ങിയ നിരവധി പണ്ഡിതരുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചു. വൈകാതെ തന്നെ തന്റെ ജന്മനാടായ മലബാറിലേക്ക് തിരിച്ചു പോകാൻ കഴിയും എന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം മക്കയിൽ ജീവിച്ചത്. എന്നാൽ തങ്ങളുടെ ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങളിലേക്ക് ഫള്ൽ തങ്ങളും കുടുംബവും പ്രവേശിക്കുന്നതിന് ബ്രിട്ടീഷുകാർ വിലക്ക് ഏർപ്പെടുത്തി. അപ്പോഴാണ് തന്നെ നാടുകടത്തിയതാണെന്നും ഇനിയൊരിക്കലും ജന്മദേശത്തേക്ക് തിരിച്ചു പോകാൻ സാധിക്കില്ലെന്നും ഫള്ൽ തങ്ങൾക്ക് തിരിച്ചറിയുന്നത്. ഇന്ത്യയിലേക്ക് തിരിച്ചു പോകുന്നതിനായി ഓട്ടോമൻ സുൽത്താന്റെ പിന്തുണ തേടി തങ്ങൾ മക്കയിൽ നിന്നും ഇസ്താംബൂളിലേക്ക് പോയി. യാത്രാമധ്യേ ഈജിപ്തിലെത്തിയ തങ്ങളെ ഗവർണർ അബ്ബാസ് പാഷ സ്വീകരിച്ചു. ഈജിപ്തിൽ താമസമാക്കാനുള്ള അബ്ബാസ് പാഷയുടെ ക്ഷണം നിരസിച്ച ഫള്ൽ തങ്ങൾ തുർക്കിയിലേക്കുള്ള യാത്ര തുടർന്നു. തുർക്കിയിൽ എത്തിയ ഫള്ൽ തങ്ങളെ ഒട്ടോമൻ സുൽത്താൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു.
ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നതിനായി ഓട്ടോമൻമാരുടെയും ബ്രിട്ടീഷ് അംബാസിഡർ ലോഡ് സ്റ്റാർഫോർഡ് റെഡ്ക്ലിഫിന്റെയും കത്തുകളുമായാണ് ഫള്ൽ തങ്ങൾ ഇസ്താംബൂളിൽ നിന്ന് തിരിച്ചെത്തിയത്. ബ്രിട്ടീഷ് അംബാസിഡറായ ലോഡ് സ്റ്റാർഫോർഡ് റെഡ്ക്ലിഫ് ബോംബെ ഗവർണർക്ക് അയച്ച കത്തിൽ ഫള്ൽ തങ്ങൾക്ക് ഇന്ത്യയിലേക്ക് വരാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഫലമുണ്ടായില്ല. ഇന്ത്യയിലേക്ക് തിരിച്ചു പോകാനുള്ള ഫള്ൽ തങ്ങളുടെ ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. ജിദ്ദയും ഏഡനുമെല്ലാം ഈ ആവശ്യാർത്ഥം അദ്ദേഹം സന്ദർശിച്ചു. അതിനിടയിൽ ഫള്ൽ തങ്ങൾ മലബാറിലേക്ക് വൈകാതെ എത്തുമെന്ന വിവരം ജില്ലാ കലക്ടറുടെ ചെവിയിലെത്തി. അദ്ദേഹം ഉടൻ മദ്രാസ് പ്രവിശ്യയുടെ ചീഫ് സെക്രട്ടറി പൈക്രോഫ്റ്റുമായും ബോംബെ ഗവർണർ എ. മാലറ്റുമായും ബന്ധപ്പെട്ട് ഫള്ൽ തങ്ങളെ ഒരിക്കലും മടങ്ങിവരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. സയ്യിദ് ഫള്ലിനെ കുറിച്ചുള്ള ഗവൺമെന്റ് നിലപാടിൽ മാറ്റം വന്നിട്ടില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ജിദ്ദയിലെ കോൺസുലേറ്റിനെ അറിയിച്ചു. ഇന്ത്യയിലെ എല്ലാ തുറമുഖ അധികാരികൾക്കും ജാഗരൂകരായി ഇരിക്കാൻ നിർദ്ദേശം നൽകി. യാതൊരുവിധേനെയും ഇന്ത്യയിലെ ഒരു തുറമുഖത്തും തങ്ങളെ ഇറങ്ങാൻ അനുവദിക്കരുതെന്ന ഉദ്ദേശ്യം ആയിരുന്നു ഇതിനുപിന്നിൽ. ഈ മുൻകരുതലുകൾ ഒക്കെ അതിജീവിച്ച് ഫള്ൽ തങ്ങൾ മദ്രാസ് പ്രവിശ്യയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്ത് തടവിലാക്കാനും ബ്രിട്ടീഷുകാർ തീരുമാനിച്ചു.
അറേബ്യയിലെ സ്വീകാര്യത
1855-ൽ മക്കയിൽ തിരിച്ചെത്തിയ ഫള്ൽ തങ്ങൾക്ക് സുൽത്താൻ അബ്ദുൽ മസദ് വാർഷിക പെൻഷനായി 1000 ഡോളർ സമ്മാനിച്ചിരുന്നു. ‘ശ്രദ്ധേയനായ അറബ് വ്യക്തിത്വം’ എന്ന ബഹുമതിയും പാഷ സ്ഥാനവും തുർക്കി യാത്രയിലൂടെ ലഭിച്ചിരുന്നു. നീണ്ട പതിനെട്ടു വർഷക്കാലം മക്കയിൽ ജീവിച്ച തങ്ങൾ പ്രശസ്ത പണ്ഡിതൻ സയ്യിദ് ഷാഫി ഹബ്ഷിയുടെ പുത്രിയെ വിവാഹം ചെയ്തു. അക്കാലയളവിൽ മക്ക നിരവധി അലവി സൂഫി പണ്ഡിതരുടെ കേന്ദ്രമായിരുന്നു. ഹിജാസിലെ ഹള്റമി കുടുംബങ്ങളുമായി തങ്ങൾ ബന്ധം സ്ഥാപിച്ചിരുന്നു. മക്കയിൽ അലവി സരണിയിൽ നിന്നും അല്ലാതെയും നിരവധി ശിഷ്യ ഗണങ്ങളെ അദ്ദേഹത്തിന് ലഭിച്ചു. അഗാധമായ പാണ്ഡിത്വം, അനുപമ വ്യക്തിത്വം,സാംസ്കാരിക ബന്ധങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഫള്ൽ തങ്ങൾ അറേബ്യൻ ഉപദ്വീപിൽ സ്വീകാര്യനായി തീർന്നു.
മക്കയിൽ അദ്ദേഹം മികച്ച പണ്ഡിതൻ എന്ന നിലയിൽ വിശ്രുതനായി. മറ്റു പണ്ഡിതന്മാരുമായി ഇടപഴകി തന്റെ വൈജ്ഞാനിക കഴിവുകൾ വികസിപ്പിച്ചുകൊണ്ടിരുന്നു. വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന ഹാജിമാർക്ക് ഉപദേശ നിർദേശങ്ങൾ നൽകി. വിവിധ ഹജ്ജ് ഗ്രൂപ്പുകൾക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമീപിക്കാവുന്ന വ്യക്തിത്വമായും ഫള്ൽ മാറി. മധ്യമ നിലപാടുകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന അദ്ദേഹത്തിന്റെ ഖ്യാതി അറബ് ലോകം മുഴുക്കെ പരന്നു.
നാടുകടത്തിയതിന് ശേഷവും ഫള്ൽ തങ്ങളുടെ ഓരോ ചലനവും ബ്രിട്ടീഷുകാർ നിരീക്ഷിച്ചിരുന്നു. ഫള്ൽ തങ്ങൾ അറേബ്യയിൽ ഒരു സ്വാധീനശക്തിയായി മാറുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ട് 1856-ൽ കെയ്റോവിൽ നിന്ന് മലബാറിലേക്ക് ലഭിച്ചിരുന്നു. മലബാറിൽ നിന്ന് ഹജ്ജിന് വന്നിരുന്നവർ ഫള്ൽ തങ്ങളെ സന്ദർശിക്കുകയും ധർമം നൽകുകയും ചെയ്തു പോന്നു. 1856-ൽ ഏഡനിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ നൽകിയ കണക്കുപ്രകാരം വർഷംതോറും മലബാറിൽ നിന്ന് മക്കയിലെത്തുന്ന രണ്ടായിരത്തോളം തീർഥാടകരിൽ മിക്കവരും തങ്ങളെ സന്ദർശിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ ആശീർവാദങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഹജ്ജ് കഴിഞ്ഞു തിരിച്ചു വരുന്ന മാപ്പിളമാർ നാട്ടിൽ പ്രശ്നങ്ങൾക്ക് തിരികൊളുത്തുമോ എന്നായിരുന്നു അവരുടെ ഭയം. അതിനാൽ തങ്ങളെ അറേബ്യയിൽ നിന്ന് ഡമസ്കസിലേക്കോ അനാറ്റോളിയയിലേക്കോ ബർസയിലേക്കോ നാടുകടത്തണമെന്നും അങ്ങനെ സയ്യിദ് ഫള്ലിന്റെ സ്വാധീനം കുറക്കാമെന്നും ഡബ്ല്യു റോബിൻസൺ ബ്രിട്ടീഷ് ഗവണ്മെന്റിനെ അറിയിച്ചു. 1858-ൽ ജിദ്ദയിൽ 22 യൂറോപ്യന്മാർ കൊല്ലപ്പെട്ട കലാപത്തിൽ ഫള്ൽ തങ്ങൾക്ക് പങ്കുള്ളതായി ബ്രിട്ടീഷുകാർ വിശ്വസിച്ചു.
അറേബ്യയിലെ ബ്രിട്ടീഷ് താത്പര്യ ങ്ങൾക്ക് തങ്ങൾ ഒരു ഭീഷണിയായി മാറി. 1869-ൽ ഈജിപ്തിലെ സൂയസ് കനാൽ ഗതാഗതത്തിനായി തുറന്നു കൊടുത്തത് ഈ ഉപഭൂഖണ്ഡത്തിന്റെ വാണിജ്യ പ്രാധാന്യം വർദ്ധിപ്പിച്ചു. താമസിയാതെ ഈ മേഖല സാമ്രാജ്യത്വ ശക്തികളുടെ കിടമത്സരങ്ങളുടെയും രാഷ്ട്രീയ പരമാധികാരത്തിന്റെ അന്തർ സംഘർഷങ്ങളുടെയും കേന്ദ്രമായി മാറി. അപ്പോഴേക്കും അറേബ്യൻ ഉപദ്വീപിലെ നിർണായക സ്വാധീന ശക്തിയായി ഫള്ൽ തങ്ങൾ ഉയർന്നുവന്നു. അറേബ്യയുടെ രാഷ്ട്രീയ ധൈഷണിക മേഖലകളിൽ വ്യക്തമായ കാഴ്ചപ്പാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു പോകാനുള്ള അനുമതിക്കായി ഇസ്താംബൂളിലേക്ക് പോയ തങ്ങളുടെ ആദ്യ യാത്രയിൽ തന്നെ സുൽത്താൻ അറേബ്വൻ ഉപദ്വീപിലെ അപകടകരമായ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 1871 ലെ മൂന്നാമത്തെ സുൽത്താൻ അബ്ദുൽ അസീസിസുമായും തൻസീമത് പരിഷ്കരണ സമിതി തലവൻ വസീർ അലി പാഷയുമായും ഫള്ൽ തങ്ങൾ കൂടിക്കാഴ്ച നടത്തി. ഹിജാസിന്റെ വികസനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും സുൽത്താൻ അബ്ദുൽ അസീസിൽ മതിപ്പുളവാക്കി. മദീനയിൽ നിന്ന് ഡമസ്കസിലേക്കുള്ള ഒരു റെയിൽവേ പദ്ധതി തങ്ങളുടെ നിർദേശങ്ങളിൽ ഉണ്ടായിരുന്നു.
ഒമാൻ ഭരിച്ച മലയാളി
ആധുനിക ഒമാന്റെ തെക്കേ അറ്റത്തുള്ള പ്രദേശമാണ് ദോഫാർ. സയ്യിദ് ഫള്ൽ തങ്ങളുടെ പൂർവികരായ നിരവധി ഹള്റമി സാദാത്തുക്കളുടെയും സൂഫി പണ്ഡിതന്മാരുടെയും നാടായിരുന്നു ദോഫാർ. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രഗദ്ഭ അലവി സൂഫി പണ്ഡിതനും നിരവധി ഹള്റമി സയ്യിദ് പരമ്പരകളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന മുഹമ്മദ് ബിൻ സാഹിബ് മീർബാത് എന്നിവരുടെ നാട് കൂടിയായിരുന്നു ഈ പ്രദേശം. ആഭ്യന്തര ഗോത്രകലാപങ്ങളിൽ കലുഷിതമായ ദോഫാറിൽ കഴിയുന്ന ഹള്റമി സാദാത്തുക്കളെ പ്രാദേശിക ഗോത്രങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്നും ഏഡൻ മേഖലയിൽ ദോഫാർ ആസ്ഥാനമാക്കി ഓട്ടോമൻ ഭരണത്തിന് കീഴിലായി ഒരു സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കണമെന്നും ഫള്ൽ തങ്ങൾ ആഗ്രഹിച്ചിരുന്നു.
1871-ൽ മക്കയിൽ ഹജ്ജിനെത്തിയ ദോഫാർ ഗോത്രനേതാക്കൾ ഫള്ൽ തങ്ങളെ കാണുകയും ദോഫാറിലെ ഭരണാധികാരിയാകാൻ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ഓട്ടോമൻ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ അദ്ദേഹം ദോഫാറിലേക്ക് പോയില്ല. ദോഫാറിൽ ഭരണം നടത്തുന്നതിനായുള്ള അനുമതി തേടി ഫള്ൽ തങ്ങൾ ഇസ്താംബൂളിൽ എത്തി. ഹിജാസിലെ ഗവർണറും മക്ക അമീറും എതിരഭിപ്രായം അറിയിച്ചതോടെ ഫള്ൽ തങ്ങളുടെ ആവശ്യം നിരസിക്കപ്പെട്ടു.
ദോഫാറിലേക്ക് പോകുന്നതിനുള്ള അനുമതി കാത്ത് ഫള്ൽ തങ്ങൾ മക്കയിൽ കഴിഞ്ഞു. യമനിലെ ഓട്ടോമൻ സൈന്യത്തിന്റെ കമാൻഡറായ അഹമ്മദ് മുഫ്താർ പാഷയോട് സൈനിക സഹായം തേടിയെങ്കിലും കാര്യമുണ്ടായില്ല. 1874-ൽ ദോഫാറിലെ ഗോത്രങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾ വർധിച്ചപ്പോൾ മക്കയിലെ അമീറായ അബ്ദുള്ള പാഷയോട് ഗോത്ര നേതാക്കൾ സൈന്യത്തെ അയച്ചുതരാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.1875-ൽ ദോഫാറിലെ ഭരണം ഏറ്റെടുക്കാൻ ഗോത്രനേതാക്കൾ ഫള്ൽ തങ്ങളോട് ആവശ്യപ്പെട്ടു. അതോടെ 1876-ൽ അദ്ദേഹം ദോഫാറിൽ എത്തുകയും ഒട്ടോമൻ ഭരണകൂടത്തിന് പിന്തുണയുള്ള ഗവർണറായി സ്വയം പ്രഖ്യാപനം നടത്തുകയും ചെയ്തു.
തന്റെ രാഷ്ട്രീയ നയതന്ത്ര പാടവും സയ്യിദ് സൂഫി ആത്മീയ വ്യക്തിപ്രഭാവവും ഉപയോഗിച്ച് ഫള്ൽ തങ്ങൾ ദോഫാറിലെ ഗോത്രസമൂഹങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് സ്വീകാര്വത നേടുകയും അവർക്കിടയിലെ പ്രശ്നങ്ങൾ പരിഹാരകൻ ആകുകയും ചെയ്തു. 3500 അംഗങ്ങൾ ഉണ്ടായിരുന്ന അൽഗും ഗോത്രവും രണ്ടായിരത്തോളം വരുന്ന അൽകത്തിരി ഗോത്രവും അദ്ദേഹത്തിന്റെ ഭരണത്തെ അംഗീകരിച്ചു. എന്നാൽ ബദുക്കൾ അദ്ദേഹത്തെ അംഗീകരിച്ചില്ല. ഒട്ടോമൻ ഭരണകൂടത്തോട് ഫള്ൽ തങ്ങൾ സൈനിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ദോഫാറിൽ ഭരണം ഏറ്റെടുത്തത് അംഗീകരിക്കപ്പെടാത്തതായിരുന്നു ഇതിന് കാരണം. ദക്ഷിണ അറേബ്യയിലെ ബ്രിട്ടീഷ് താല്പര്യങ്ങൾക്ക് ഫള്ൽ തങ്ങൾ വിലങ്ങുതടി ആയതിനാൽ അദ്ദേഹത്തിനെതിരിൽ നിലപാട് സ്വീകരിക്കുന്നതിൽ ബ്രിട്ടീഷുകാർ ഓട്ടോമൻ ഭരണകൂടത്തിനു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
സലാല ആസ്ഥാനമാക്കി ഫള്ൽ തങ്ങൾ പ്രതീകാത്മക ഭരണം സ്ഥാപിക്കുകയും അൽഗും, അൽകത്തിരി എന്നീ ഗോത്രങ്ങളിൽ നിന്ന് സൈനിക റിക്രൂട്ട്മെന്റ് നടത്തുകയും ചെയ്തു. സകാത് ശേഖരിക്കാൻ ആളുകളെ നിയോഗിച്ചു. ഇറക്കുമതിക്കും കയറ്റുമതിക്കും നികുതി ഏർപ്പെടുത്തി. ദോഫാറിന് വലിയ കാർഷിക സാധ്യതകളുണ്ടായിരുന്നു. ഈ പ്രദേശത്ത് ചക്ക, കുന്തിരിക്കം, മൈലാഞ്ചി, കറ്റാർ, പരുത്തി എന്നിവ ഉത്പാദിപ്പിച്ചു. കുന്തിരിക്കത്തിന്റെ വാർഷിക ഉത്പാദന മൂല്യം 30,000 ഡോളർ ആയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഗോതമ്പ്, ബജി, ജോവാരി, പയറുവർഗ്ഗങ്ങൾ എന്നിവയും ഉത്പാദിപ്പിച്ചു. ദോഫാറിലെ കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്താൻ തന്റെ ട്രാൻസ് ഏഷ്യൻ കോൺടാക്റ്റുകൾ തങ്ങൾ ഉപയോഗപ്പെടുത്തി. രാജ്യത്ത് ധാരാളം റബ്ബർ മരങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽ നിന്ന് എങ്ങനെയാണ് ഉത്പാദനം നടത്തുക എന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. ഫള്ൽ തങ്ങൾ തന്റെ വസീറായ സയ്യിദ് അബ്ദുറഹ്മാൻ ബിൻ ഹുസൈൻ ബിൻ സഹലിനോട് ബ്രിട്ടീഷ് ഇന്ത്യയിലേക്ക് പോയി റബ്ബർ ഉത്പാദനത്തിൽ പ്രാവീണ്യം നേടിയ ആളുകളെ ദോഫാറിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. മലബാറിലെ വ്യാവസായിക വിഭവങ്ങളും നാളികേര ഉത്പന്നങ്ങളും ഫള്ൽ തങ്ങൾ ദോഫാറിലേക്ക് എത്തിച്ചു. തന്റെ ജന്മദേശമായ മലബാറിലെ വിഭവങ്ങളെ ഉത്പാദകർക്ക് ഗുണകരമായ രീതിയിൽ വികസിപ്പിക്കുന്നതിനുള്ള ആലോചനകൾ ഈ കാലഘട്ടത്തിൽ ഫള്ൽ തങ്ങൾ നടത്തിയിരുന്നതായി മദ്രാസ് ഗവൺമെന്റ് സിക്രട്ടറി കാർ മൈക്കിൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വികസന പ്രവർത്തനങ്ങളിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ സന്തുഷ്ടരായിരുന്നു.
ദോഫാറിലെ ഭരണമികവിന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസക്ക് ഫള്ൽ തങ്ങൾ അർഹനായി. ഫള്ൽ പൂക്കോയ തങ്ങൾ ഒരു കലഹപ്രിയനാണെന്നായിരുന്നു അവർ ധരിച്ചിരുന്നത്. എന്നാൽ ദോഫാറിലെ ഭരണത്തിലൂടെ തങ്ങൾ പ്രതിഭാശാലിയായ പരിഷ്കർത്താവും സമാധാന തൽപരനുമാണെന്ന് രാജ്ഞിക്കും ഗവൺമെന്റിനും ബോധ്യപ്പെട്ടു. മാണിയും വെൺനും അദ്ദേഹത്തിന്റെ മഹനീയ സേവനങ്ങളിൽ സന്തോഷിക്കുകയും രാജ്ഞിയുടെ അഭിവാദ്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
1877-ൽ കന്നുകാലികളിൽ മാരകമായ രോഗം പടർന്ന് വരൾച്ചയും വിലക്കയറ്റവും രൂക്ഷമായപ്പോൾ ഖുർആനിലെ വ്യവസ്ഥകൾ അനുസരിച്ച് രണ്ടര ശതമാനം സകാത്ത് നൽകിയിരുന്നെങ്കിൽ ഈ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. അദ്ദേഹത്തെ പിന്തുണച്ചിരുന്ന അൽഗും ഗോത്രക്കാരിൽ ചിലരെ സിഹ്ർ ചെയ്തതിന്റെ പേരിൽ ശിക്ഷിച്ചത് ഗോത്രങ്ങൾക്കിടയിൽ ഫള്ൽ തങ്ങൾക്കെതിരെ പ്രതിഷേധമുണ്ടാക്കി. പൊതുഖജനാവിലേക്ക് പിരിച്ചെടുത്തിരുന്ന സകാത്ത് നൽകാൻ ചില ഗോത്രങ്ങൾ വിസമ്മതിച്ചതോടെ ദോഫാർ വീണ്ടും കലാപ ഭൂമിയായി. പ്രാകൃത ഗോത്ര സംസ്കാരങ്ങളിൽ വളർന്നവർക്ക് ഫള്ൽ തങ്ങളുടെ ഭരണ പരിഷ്കാരങ്ങളും നയങ്ങളും അംഗീകരിക്കാൻ കഴിഞ്ഞില്ലായിരുന്നു. ദോഫാർ മസ്കറ്റിന്റെ ഭാഗമാണെന്നും ഒട്ടോമൻ ഗവൺമെന്റിന് അവിടെ അവകാശമില്ലെന്നും ഫള്ൽ തങ്ങളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് അൽകത്തിരി ഗോത്രത്തലവൻ മസ്കത്ത് ഭരണാധികാരി സയ്യിദ് തുർക്കിക്ക് കത്തെഴുതി. ദോഫാറിലെ ചില ഗോത്രങ്ങൾ മസ്കറ്റ് സുൽത്താനോട് കൂറുപുലർത്തുന്നവരായിരുന്നു. ബ്രിട്ടീഷുകാർ ഫള്ൽ തങ്ങളുടെ നീക്കങ്ങൾ വളരെ ശ്രദ്ധാപൂർവ്വമാണ് വീക്ഷിച്ചിരുന്നത്. തങ്ങളുടെ ഭരണം ദക്ഷിണ അറേബ്യയിലെ ബ്രിട്ടീഷ് താല്പര്യങ്ങൾക്ക് ഭീഷണിയാകുമെന്നവർ ഭയപ്പെട്ടിരുന്നു. ഫള്ൽ തങ്ങളെ ഭരണത്തിൽ നിന്ന് നീക്കം ചെയ്യാൻ ഓട്ടോമൻ ഗവണ്മെന്റിനോട് അവർ പലതവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫള്ൽ തങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളെ മസ്കറ്റ് സുൽത്താനും ബ്രിട്ടീഷുകാരും അവസരമായി കണ്ടു. ദോഫാറിലേക്കുള്ള സയ്യിദ് തുർക്കിയുടെ സൈനിക നീക്കങ്ങൾക്ക് ബ്രിട്ടീഷ് പിന്തുണയുണ്ടായിരുന്നു.
ഫള്ൽ തങ്ങളുടെ 1879ലെ ഇസ്താംബൂൾ യാത്രാസമയം മുതലെടുത്ത് ദോഫാറിലെ ഗോത്രമേധാവികൾ സുൽത്താനോട് ദോഫാറിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. ഫള്ൽ തങ്ങൾക്ക് സൈനിക ബലം കുറവായിരുന്നു. താൻ കാരണം ഒരു രക്തച്ചൊരിച്ചിലുണ്ടാകുന്നത് ആഗ്രഹിക്കാത്ത അദ്ദേഹം സ്വയം അധികാരം ഒഴിയാൻ തീരുമാനിച്ചു.
ഓട്ടോമൻ മന്ത്രിസഭയിൽ
1879 ഫള്ൽ തങ്ങൾ ദോഫാർ വിട്ട് ജിദ്ദയിൽ എത്തിയെങ്കിലും പിന്നീട് ഈജിപ്ത് വഴി ഇസ്താംബൂളിലേക്ക് പോയി. തുർക്കിയിലേക്കുള്ള ഫള്ൽ തങ്ങളുടെ വരവ് നേരത്തെ തന്നെ സുൽത്താൻ അറിയുകയും അദ്ദേഹത്തിന് എല്ലാവിധ സജ്ജീകരണങ്ങൾ തയ്യാറാക്കുകയും ചെയ്തു. നിസാൻ തമ്പി ജില്ലയിൽ ഫള്ൽ തങ്ങൾക്കായി പ്രത്യേക വസതി ഒരുക്കി. തങ്ങളുടെ സംഘം തുറമുഖത്ത് എത്തിയപ്പോൾ അവരെ സ്വീകരിക്കുവാൻ മുഹമ്മദ് ബേയുടെ നേതൃത്വത്തിലുള്ള പ്രത്യേക പ്രതിനിധി സംഘത്തെ അയച്ചു. ഒട്ടോമൻ കൊട്ടാരത്തിൽ സുൽത്താൻ അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ ഫള്ൽ തങ്ങളെ സ്വീകരിച്ചു. കൊട്ടാരത്തിലെ കാര്യസ്ഥനായ ഉസ്മാൻ ബേയെ ഫള്ൽ തങ്ങൾക്കായി പ്രത്യേകം നിയോഗിക്കുകയും ചെയ്തു.
ഫള്ൽ തങ്ങൾ ഇസ്തംബൂളിലേക്ക് എത്തിയത് വ്യക്തമായ ചില ഉദ്ദേശ്യങ്ങളോടെ തന്നെയായിരുന്നു. സൈനിക നീക്കത്തിലൂടെ ദോഫാർ തിരിച്ചുപിടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ദോഫാർ ഒരു ഒട്ടോമൻ ഭരണ പ്രദേശമായി മാറ്റുന്നതിനുള്ള ഒരു പ്രൊപ്പോസൽ സുൽത്താന് മുമ്പിൽ തങ്ങൾ സമർപ്പിച്ചു. അതിന്റെ തന്ത്രപരവും സാമ്പത്തികവുമായ പ്രാധാന്യം അതിൽ വിശദമാക്കിയിരുന്നു. അതിൽ ദോഫാർ ഒട്ടോമൻ ഭരണത്തിന് കീഴിൽ ഒരു സംസ്ഥാനമാക്കുക, ഫള്ലിനെ അവിടെ ഗവർണർ ആയി തുടരാൻ അനുവദിക്കുക, ദോഫാറിലെ ആഭ്യന്തര വരുമാനം കേന്ദ്ര ഭരണത്തിലേക്ക് കൈമാറുക, സാമ്പത്തിക സഹായങ്ങൾ കേന്ദ്രം അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ആയിരുന്നു ഫള്ൽ തങ്ങൾ മുന്നോട്ട് വെച്ചത്. ഫള്ൽ തങ്ങളുടെ പ്രൊപ്പോസലിന് മേൽ സുൽത്താൻ അബ്ദുൽ ഹമീദ് പോർട്ടിന്റെ അഭിപ്രായം തേടി. ദോഫാറിലെ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയാത്തതുകൊണ്ട് തീരുമാനം എടുക്കാൻ കഴിയില്ലെന്നും മക്കയിലെയും ഹിജാസിലെയും അമീറുമാരോട് അഭിപ്രായം തേടിയതിനു ശേഷം അറിയിക്കാമെന്ന് സുൽത്താനോട് പോർട്ട് പറഞ്ഞു. ഫള്ൽ തങ്ങളുടെ നിരന്തര അഭ്യർത്ഥന മാനിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പ്രൊപ്പോസൽ നിരസിക്കാൻ സുൽത്താന് കഴിയുമായിരുന്നില്ല. ഒടുവിൽ 1879 ഒക്ടോബറിൽ ഫള്ൽ തങ്ങളുടെ നിർദേശങ്ങൾ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് തള്ളി. ദോഫാർ പിടിച്ചെടുക്കാൻ കൂടുതൽ സൈന്യം വേണ്ടിവരുമെന്നും നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് അത് ഗവൺമെന്റിന് ബുദ്ധിമുട്ടാകുമെന്നും അവർ അനുമാനിച്ചു. മാത്രമല്ല ദോഫാറിൽ നിന്ന് ലഭിക്കുന്ന വരുമാനം അവിടുത്തെ ഭരണ ചെലവിന് പോലും മതിയാകില്ലെന്നും, മസ്കറ്റ് സുൽത്താന്റെ സാമീപ്യം ബ്രിട്ടീഷുകാരുമായുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും പോർട്ട് നിരീക്ഷിച്ചു. ദോഫാറിലെ ബദുക്കൾ ഫള്ൽ തങ്ങളുടെ മേധാവിത്വം അംഗീകരിക്കില്ലെന്ന് മക്കാ അമീർ ഹുസൈൻ പാഷ ഗവൺമെന്റിനെ അറിയിച്ചു.
ദോഫാറിലേക്ക് മടങ്ങാനുള്ള ഫള്ൽ തങ്ങളുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. 1880 മാർച്ച് മാസത്തിൽ രണ്ടാമതും ചില നിർദ്ദേശങ്ങൾ കൂടി ദോഫാർ വിഷയത്തിൽ സയ്യിദ് ഫള്ൽ സമർപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാവശ്യമായ ധനസഹായവും, ഏറ്റവും പ്രാഥമികമായ ആയുധ സജ്ജീകരണങ്ങളുമാണ് ഈ ഘട്ടത്തിൽ അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ ഇതെല്ലാം കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് തള്ളുകയാണ് ഉണ്ടായത്. ബ്രിട്ടീഷുകാരുടെ ശക്തമായ സമ്മർദമാണ് പോർട്ടിന്റെ എതിർപ്പിന് കാരണം എന്ന് ഫള്ൽ തങ്ങൾ മനസ്സിലാക്കി. ഈ സമയത്താണ് ഫള്ൽ തങ്ങളെ ദോഫാറിലെ ഒട്ടോമൻ അമീറാക്കുന്നതിനായി മക്കയിലെ പുതിയ ഓട്ടോമൻ ഭരണാധികാരി അബ്ദുൽ മുത്തലിബ് എഫെന്റി സുൽത്താനോട് ആവശ്യപ്പെടുന്നത്. മസ്കറ്റ് ഭരണാധികാരിയുടെ കടന്നുകയറ്റം ഓട്ടോമൻ ആധിപത്യത്തിന് ഭീഷണിയാണെന്നും അതിനാൽ ദോഫാറിലെ അമീറായി ഫള്ൽ പാഷയെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മക്കാ അമീറിന്റെ ഈ നിർദേശങ്ങൾ ബ്രിട്ടീഷ് കേന്ദ്രങ്ങൾ വളരെ ഗൗരവത്തോടെയാണ് കണ്ടത്. മക്കയിലെ അമീറായി ഫള്ൽ പാഷയെ നിയമിക്കുമെന്ന അഭ്യൂഹവും അതിനിടെ പ്രചരിച്ചിരുന്നു. അറേബ്യയിലേക്കുള്ള ഫള്ൽ തങ്ങളുടെ അധികാരാരോഹണം വീണ്ടും തങ്ങൾക്ക് ഭീക്ഷണിയാകുമെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കിയിരുന്നു. അത്കൊണ്ട് തന്നെ ദോഫാറിലേക്കുള്ള തിരിച്ചുവരവ് ബ്രിട്ടീഷുകാർ പലരീതിയിൽ തടസ്സപ്പെടുത്തികൊണ്ടിരുന്നു.
1880 ആഗസ്തിൽ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ ഫള്ലിനെ അദ്ദേഹത്തിന്റെ ഉപദേശകൻ ആക്കി നിയമിക്കുകയും മന്ത്രി പദവി നൽകുകയും ചെയ്തു. സിറിയയിൽ നിന്നുള്ള ശൈഖ് അബുൽ ഹുദാ, മദീനയിലെ ശൈഖ് ആസാദ്, ശൈഖ് സാഫിർ അൽ മിബി എന്നിവർക്കൊപ്പം സുൽത്താന്റെ മതകാര്യ ഉപദേഷ്ടാവായി അദ്ദേഹം പ്രവർത്തിച്ചു.
ഫള്ൽ തങ്ങളെ ഇസ്താംബൂളിൽ നിർത്തിയതിലൂടെ തെക്കനറേബ്യൻ മേഖലയിലെ ഫള്ൽ തങ്ങളുടെ വിശാലമായ കാഴ്ചപ്പാടുകളും അറിവുകളും സുൽത്താൻ അബ്ദുൽ ഹമീദ് പ്രയോജനപ്പെടുത്തി. ചെങ്കടൽ മേഖലയിലേക്കും തെക്കനറേബ്യൻ മേഖലയിലേക്കുമുള്ള ഓട്ടോമൻ വ്യാപനത്തെത്തെയും അറേബ്യൻ ഉപദ്വീപിലെ വിപുലീകരണത്തെയും സംബന്ധിച്ച് 1880 മുതൽ ഫള്ൽ തങ്ങൾ സുൽത്താന് മുന്നിൽ നിരവധി പദ്ധതികൾ അവതരിപ്പിച്ചു.
ഹിജാസ് റെയിൽവേ പദ്ധതിയുടെ പ്രധാന ആസൂത്രകരിൽ ഒരാളായിരുന്നു ഫള്ൽ തങ്ങൾ. ഡമസ്കസിൽ നിന്ന് മദീനയിലേക്കുള്ള റെയിൽപാതയുടെ ആവശ്യകത സുൽത്താനെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ ബ്രിട്ടീഷുകാർ റെയിൽവേ സംവിധാനത്തിലൂടെ നേടിയെടുത്ത സാമ്പത്തിക, വാണിജ്യ, സൈനിക നേട്ടങ്ങൾ മനസ്സിലാക്കിയാണ് ഫള്ൽ തങ്ങൾ ഹിജാസ് റെയിൽവേ എന്ന ആശയം മുന്നോട്ട് വെച്ചത്. ഹിജാസ് റെയിൽവേ മ്യൂസിയത്തിൽ ഫള്ൽ തങ്ങൾ ഈ പദ്ധതി തയ്യാറാക്കുന്നതിനായി ചെയ്ത സംഭാവനകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ജന്മനാടായ മലബാറിലേക്കോ ഇഷ്ടദേശമായ ദോഫാറിലേക്കോ മടങ്ങിവരണമെന്ന ആഗ്രഹം സഫലമാകാതെ 1900 ഒക്ടോബർ 25ന് (ഹിജ്‌റ വർഷം 1318 റജബ് 4) എഴുപത്തിയാറാം വയസ്സിൽ സയ്യിദ് ഫള്ൽ പൂക്കോയ ഇസ്താംബൂളിൽ വെച്ച് മരണപ്പെട്ടു.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലായി തന്റെ രാഷ്ട്രീയ ധൈഷണിക ഇടപെടലുകളിലൂടെ പ്രസിദ്ധനായ ആഗോള മലയാളിയാണ് ഫള്ൽ തങ്ങൾ. മലബാറിലെ ഒരു സൂഫി കുടുംബത്തിൽ ജനിച്ച് സാമ്രാജ്യത്വ ശക്തികളുടെയും ഓട്ടോമൻ ഭരണത്തിനും ഇടയിൽ നിന്ന് കൊണ്ടാണ് അദ്ദേഹം അറേബ്യൻ ഉപദ്വീപിലെ നിർണായക രാഷ്ട്രീയ സ്വാധീന ശക്തിയായി മാറുന്നത്. നാട് കടത്തിയതിന് ശേഷവും ഫള്ൽ തങ്ങൾ ബ്രിട്ടീഷ് വിരുദ്ധതയിൽ നിന്ന് പിന്മാറിയില്ല.
ഏഡൻ റെസിഡൻസിയും ഇന്ത്യൻ ഗവൺമെന്റിന്റെ വിദേശകാര്യ വകുപ്പും പരസ്പരം കൈമാറിയ സയ്യിദ് ഫള്ലിനെക്കുറിച്ചുള്ള ടെലിഗ്രാഫുകളുടെ പരമ്പര അദ്ദേഹത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നു. ഫള്ൽ തങ്ങളുടെ ജീവിതത്തിലെ അവസാന വർഷങ്ങൾ വരെ ലണ്ടൻ, ഇസ്താംബുൾ, കെയ്റോ, ബോംബെ, മദ്രാസ് എന്നിവിടങ്ങളിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് മടങ്ങാനുള്ള ഫള്ൽ തങ്ങളുടെ ശ്രമങ്ങളെ കുറിച്ചും ബ്രിട്ടീഷ് താല്പര്യങ്ങൾക്ക് ഉയർത്തുന്ന അപകടസാധ്യതകളെ കുറിച്ചും കത്തുകൾ കൈമാറിക്കൊണ്ടിരുന്നു. ഒരു കാലത്ത് മലബാറിലെ മതഭ്രാന്തൻ മാപ്പിള എന്ന് മുദ്രകുത്തപ്പെട്ട തങ്ങൾ തന്നെയാണ് പിൽകാലത്ത് ബ്രിട്ടീഷുകാരും ഓട്ടോമൻ സാമ്രാജ്യവും തമ്മിലുള്ള നയതന്ത്രങ്ങളിൽ പ്രധാന ഇടനിലക്കാരനായി മാറുന്നത്. സാമ്രാജ്യത്വശക്തികളുടെ അന്തർദേശീയ ബന്ധങ്ങളിൽ അദ്ദേഹം ഇടപെടലുകൾ നടത്തുകയും തന്റെ മതപരമായ ആദരണീയതയും പദവികളും സമർഥമായി ഉപയോഗിക്കുകയും ചെയ്തു. എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു നേതാവിന്റെ മഹിമയിലേക്ക് ഉയരുന്നതിൽ അദ്ദേഹത്തിന്റെ സയ്യിദ് പദവിയെന്ന സ്വീകാര്യതയും സഹായമായി.
മലബാറിലെ ഫള്ൽ പൂക്കോയ തങ്ങൾ, അറേബ്യയിലെ ഫള്ല്ബ്നു അലവി, ഓട്ടോമൻ ഭരണകൂടത്തിലെ ഫള്ൽ പാഷ എന്നിങ്ങനെ ബഹുമുഖങ്ങളുള്ള ചരിത്രത്തിലെ അതുല്യനായ ഫള്ൽ തങ്ങളെ മുഖ്യധാരാ വായനകളിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.
