മലബാറിൽ ഇസ്‌ലാമിന്റെ ആഗമനം; ചരിത്രപരമായ സംവാദങ്ങളിലെ നിരീക്ഷണങ്ങളും വൈരുദ്ധ്യങ്ങളും

മലബാറും അറബികളും തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രം അതി പുരാതനമാണ്. ഈജിപ്ത്, അറേബ്യ, ഫലസ്തീന്‍, ഗ്രീക്ക്, റോമ എന്നീ രാജ്യങ്ങള്‍ ആദ്യകാലം മുതല്‍ക്കുതന്നെ മലബാറിലെ രാജാക്കന്മാരുമായും പ്രധാന തുറമുഖ പട്ടണങ്ങളുമായും വാണിജ്യപരവും സാംസ്കാരികവുമായ സമ്പര്‍ക്കം പുലര്‍ത്തിപോന്നിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഊര്‍, നിപ്പൂര്‍ തുടങ്ങിയ സുമേറിയന്‍ നഗരാവിശിഷ്ടങ്ങളില്‍ നടത്തിയ പര്യവേഷണത്തില്‍ നിന്നും നദീതട സംസ്കാരങ്ങളുടെ കാലം മുതല്‍ക്ക് തന്നെ കേരളവും പുറം രാജ്യങ്ങളുമായുണ്ടായിരുന്ന ബന്ധങ്ങള്‍ സുതാര്യമായിരുന്നു എന്ന് കാണാം. മോസസ് (മൂസനബി)യുടെ കാലം മുതല്‍ക്ക് തന്നെ കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ യഹൂദ മത ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്നതായി മതഗ്രന്ഥങ്ങളിലുള്ള തെളിവുകളെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. സോളമന്‍ (സുലൈമാന്‍ നബി, ബി.സി 1000) തന്‍റെ സത്രങ്ങളെയും കൊട്ടാരങ്ങളെയും പ്രൗഢീകരിക്കുന്നതിന് മലബാറില്‍ നിന്നും തേക്കിന്‍ തടികളും ആനക്കൊമ്പുകളും കൊണ്ടുപോയതായി ഷാല്‍ഡിയന്‍ ശിലാ ലിഖിതങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതായി റോബര്‍ട്ട് സിവെല്‍ തയ്യാറാക്കിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. സി. കെ കരീം പ്രസ്താവിക്കുന്നു.

മലബാറിന്‍റെ മണ്ണില്‍ ഇസ്‌ലാം ആവിര്‍ഭവിച്ചതിനെ കുറിച്ച് കൃത്യമായ ചരിത്ര രേഖകള്‍ നിലവില്‍ ലഭ്യമല്ല. ഹിജ്റ രണ്ടാം നൂറ്റാണ്ടിന് ശേഷമായിരിക്കാം അത് സംഭവിച്ചിരിക്കുകയെന്നാണ് ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം അദ്ദേഹത്തിന്‍റെ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ചേരമാന്‍ പെരുമാള്‍മാരുടെ കാലനിര്‍ണയം നടത്തിയ ഡോ. എം. ജി. എസ് നാരായണന്‍ പറയുന്നത് അതിനും പല നൂറ്റാണ്ടുകള്‍ക്ക് ശേഷമായിരിക്കാം ഇസ്‌ലാമിന്റെ  ആഗമനമെന്നാണ്. പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാം ഇവിടെ പ്രചരിച്ചിരുന്നുവെന്ന ഐതിഹ്യം തലമുറകളായി വിശ്വസിക്കപ്പെടുന്നതാണെങ്കിലും ചരിത്രപരമായി തെളിയിക്കപ്പെട്ടതല്ലെന്നര്‍ത്ഥം. ചേര രാജാക്കന്മാരില്‍ ഒരാള്‍ പ്രവാചകനെ കാണാന്‍ പോയിട്ടുണ്ട് എന്നതില്‍ പല ചരിത്ര ആഖ്യാനങ്ങളും ലഭ്യമാണ്. എന്നാല്‍, ചേരമാന്‍ പെരുമാക്കന്മാരില്‍ ആരാണ് പോയത് എന്നതിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരിക്കെയാണ്, ഈ സംഭവത്തെ ആധാരമാക്കി എം. ജി. എസ് അടക്കമുള്ള പല ചരിത്രകാരന്മാരും ഇസ്‌ലാമിന്റെ ആഗമനം ആദ്യകാലത്തുതന്നെ സംഭവിച്ചിട്ടില്ല എന്ന് വാദിക്കുന്നത്. എങ്കിലും സാഹചര്യ തെളിവുകളുടെയും ശിലാ ലിഖിതങ്ങളെയും അടിസ്ഥാനപ്പെടുത്തി പഠിച്ച ചരിത്രകാരന്മാര്‍ പ്രവാചകന്‍റെ കാലത്ത് തന്നെ മലബാറില്‍ ഇസ്‌ലാമിന്റെ ആഗമനം ഉണ്ടായതായി തെളിയിക്കുന്നു.

റോമ, പേര്‍ഷ്യന്‍ രാജ്യങ്ങളുടെ തകര്‍ച്ചയും ഇസ്‌ലാമിക ഭരണത്തിന്‍റെ വ്യാപനവും അറബിക്കടലിന്‍റെ ആധിപത്യം അറബികളുടെ കൈകളിലേക്ക് കൊണ്ടെത്തിച്ചു. അതോടുകൂടി സമുദ്രയാന യാത്രകളിലെ പ്രധാനികളായി അറബികള്‍ മാറുകയും, കിഴക്കന്‍ ആഫ്രിക്ക, മലബാറിലെ തുറമുഖ തീര പ്രദേശങ്ങള്‍, തെക്ക് കിഴക്കന്‍ തുറമുഖങ്ങള്‍ (മാലായി ദ്വീപുകള്‍), ഇന്ത്യന്‍ മഹാസമുദ്രങ്ങളോട് ചേര്‍ന്നു കിടക്കുന്ന തീരപ്രദേശങ്ങളെല്ലാം അറബികളിലെ വന്‍കിട വ്യാപാരികളുടെ കുത്തകയായി മാറുകയും ചെയ്തു. അതിലൂടെ പല തുറമുഖ പട്ടണങ്ങളുടെയും തീരപ്രദേശങ്ങളുടെയും സാംസ്കാരിക ഭൗതിക വ്യവസ്ഥകളില്‍ മാറ്റം സംഭവിച്ചു. അറബികളാല്‍ വലിയ തോതില്‍ വികാസം പ്രാപിച്ച മലബാറില്‍ ഇസ്‌ലാം മതപ്രചാരണവുമായി ഏഴാം നൂറ്റാണ്ടില്‍ തന്നെ പ്രബോധകര്‍ കടന്നു വന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

മാലിക് ബിനു ദീനാറും സംഘവും ഇസ്ലാമിക പ്രചരണാര്‍ത്ഥം മലബാറില്‍ വരുന്നതിനു മുമ്പ് തന്നെ വ്യാപാരികളിലൂടെ പ്രാദേശിക രാജാക്കന്മാര്‍ ഇസ്‌ലാമിനെ കുറിച്ച് അറിഞ്ഞിരുന്നതായി ‘ഖിസ്സതു ശകറവര്‍തി ഫര്‍മാദ്’ എന്ന ഗ്രന്ഥത്തെ ഉദ്ധരിച്ച് ‘താരീഖു ളുഹൂരില്‍ ഇസ്‌ലാം ഫി ദിയാരില്‍ മലയ്ബാര്‍’ എന്ന ഗ്രന്ഥത്തില്‍ പറയന്നു. പതിനാറാം നൂറ്റാണ്ടില്‍ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ രചിക്കപ്പെട്ടത് പതിമൂന്നാം നൂറ്റാണ്ടിലോ മറ്റോ എഴുതപ്പെട്ടു എന്ന് കരുതുന്ന ഈ പുസ്തകത്തെ അവലംബമാക്കിയിട്ടാണെന്ന് വൈ. ഫ്രിഡ്മാന്‍ അനുമാനിക്കുന്നു.

ഈ വിഷയത്തില്‍ കേരളത്തിലെ ചരിത്രകാരന്മാര്‍ അഭിപ്രായം രൂപീകരിച്ചത് മറ്റു പഠനങ്ങളെ അവലംബമാക്കിയാണ്. നിലവില്‍ ലഭ്യമായ സ്രോതസ്സുകളുടെ സ്വഭാവം, ചരിത്രപരമായ വസ്തുതകള്‍ക്ക് വിഭിന്നവും ഇവ്വിഷയകമായി ചരിത്രകാരന്മാര്‍ക്കിടയില്‍ സംവാദാത്മകമായ പ്രശ്നങ്ങള്‍ നിര്‍ലോഭം നിലകൊള്ളുന്നതുകൊണ്ടും സത്യസന്ധതാപരമായ പരിഹാരത്തിനുള്ള സാധ്യതകള്‍ വളരെ വിദൂരമാണ്. ആധുനിക ചരിത്രകാരന്മാര്‍ ഏകകണ്ഠമായി നിരസിച്ചതും എന്നാല്‍ മലബാറിലെ മുസ്‌ലിംങ്ങള്‍ക്കിടയില്‍ പ്രചാരമുള്ളതുമായ ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണ് ‘ഖിസ്സതു ശകര്‍വര്‍തി ഫര്‍മാദ്’. മലബാറിലെ ഇസ്‌ലാമിന്‍റെ ആഗമനവുമായി ബന്ധപ്പെട്ട ലഭ്യമായ ചരിത്ര ആഖ്യാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ ഗ്രന്ഥം. ഇതിനെ അടിസ്ഥാനമാക്കിക്കൊണ്ട് ഇസ്രയേല്‍ ഗവേഷകന്‍ വൈ. ഫ്രിഡ്മാന്‍ നടത്തിയ പഠനത്തില്‍ ഖിസ്സതു ശകര്‍വര്‍തി ഫര്‍മാദിലെ ഗണ്യമായ ഭാഗവും മലബാറിലെ ഇസ്‌ലാമിക പ്രചരണവുമായി വന്ന ദൗത്യ സംഘത്തെയും പ്രവാചകന്‍ ചന്ദ്രന്‍ പിളര്‍ത്തിയ അത്ഭുതം കണ്ട് പ്രവാചകന്‍റെ അടുക്കലേക്ക് പോയ ബാണബ പെരുമാളിനെ കുറിച്ചുമുള്ള വിവരണങ്ങളാണ്. ഈ സന്ദര്‍ഭങ്ങളെല്ലാം രൂപപ്പെട്ടതിന്‍റെ കൃത്യമായ തീയതികളെ അടയാളപ്പെടുത്താന്‍ രചയിതാവ് ശ്രമിച്ചതായി കാണാന്‍ കഴിയും.

മാലിക് ബിനു ദിനാറും ദൗത്യ സംഘവും മലബാറില്‍ നടത്തിയ മിഷനറി പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ മലബാറിലെ തന്നെ പല പ്രദേശങ്ങളിലുമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പത്തോളം പള്ളികളുടെ വിവരണങ്ങളും നിര്‍മ്മാണ തീയതികളും ഓരോ പള്ളിയിലേക്കും നിശ്ചയിക്കപ്പെട്ട ഖാളിമാരുടെ നാമങ്ങളും വളരെ കൃത്യമായിട്ട് ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് വളരെ ശ്രദ്ധേയമാണ്. പറയപ്പെട്ട ചരിത്ര രേഖകളിലൊന്നും കൃത്യമായ വര്‍ഷത്തെ അടയാളപ്പെടുത്തുന്നില്ലെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വര്‍ഷത്തെ നമുക്ക് അനുമാനിക്കാവുന്നതാണ്.

എങ്കിലും ഒരു ചരിത്ര ഗവേഷകന്‍ ഈ വിഷയത്തിലുള്ള ചരിത്ര ആഖ്യാനങ്ങളുടെ സത്യസന്ധതയെ കൃത്യമായ രേഖകളെ ആധാരമാക്കിക്കൊണ്ട് സമീപിക്കേണ്ടതുണ്ട്. മലബാറിലേക്ക് വന്ന ദൗത്യ സംഘത്തെ കുറിച്ചുള്ള മിത്തുകള്‍ എത്രത്തോളം സത്യസന്ധമാണ് എന്നത് പുരാവസ്തു ഗവേഷണങ്ങളിലൂടെയും ലിഖിത ഗവേഷണങ്ങളിലൂടെയും ഇനിയും തെളിയിക്കപ്പെടേണ്ടതാണ്.

തുഹ്ഫതുല്‍ മുജാഹിദീനില്‍ പറയുന്ന ചേരരാജാവ് രണ്ടാം ചേര രാജാവാണെന്നും ഒന്നാം ചേര രാജാവ് പ്രവാചകന്‍റെ കാലത്ത് മക്കയില്‍ പോയതായി തുഹ്ഫതുല്‍ മുജാഹിദീന് മുമ്പ് എഴുതപ്പെട്ട പല ഗ്രന്ഥങ്ങളിലും സാഹചര്യ തെളിവുകളെ മുന്‍നിര്‍ത്തി വിശദീകരിക്കുന്നതായി കാണാം. പതിനേഴാം നൂറ്റാണ്ടിലെഴുതപ്പെട്ട കേരളോല്പത്തിയില്‍ ‘അശുവിന്’ പോയി എന്ന പ്രയോഗം ഹജ്ജിനു പോയി എന്നതിനെ സൂചിപ്പിക്കുന്നു. ഇത് ഒന്നാം ചേരമാനെ കുറിച്ചാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ട് മാലിക് ബിനു ദീനാറും ദൗത്യ സംഘവും മലബാറില്‍ എത്തുന്നതിനു മുമ്പ് തന്നെ ഇസ്‌ലാം കേരളത്തില്‍ പ്രചരിച്ചതായി പല ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നുണ്ട്. ശൈഖ് സഹറുദ്ദീന്‍ ബിന്‍ തഖിയുദ്ധീനടങ്ങുന്ന ഒരു പണ്ഡിതസംഘം സെമിറ്റിക് മതങ്ങള്‍ ഒരുപോലെ അംഗീകരിക്കുന്ന സിലോണിലെ ആദം മല സന്ദര്‍ശിക്കാന്‍ മലബാര്‍ തീരങ്ങള്‍ വഴി സഞ്ചരിക്കുമ്പോള്‍ വിശ്രമത്തിന് വേണ്ടി അക്കാലത്തെ വലിയ തുറമുഖ പട്ടണമായിരുന്ന ‘മുസിരിസ്’ എന്ന കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങുകയും ഏതാനും നാള്‍ വിശ്രമിക്കുകയും ചെയ്തതായി ഡോ. സി.കെ കരീമിന്‍റെ പ്രസ്താവനകളില്‍ കാണാം. ഈ വിവരം അന്നത്തെ ചേര രാജാവ് അറിയുകയും യാത്ര സംഘത്തെ കൊട്ടാരത്തിലേക്ക് വിളിക്കുകയും അവരുടെ നാടിനെ കുറിച്ചും പ്രവാചകനെ കുറിച്ചും അന്വേഷിക്കുകയുമുണ്ടായി. പ്രവാചകനെക്കുറിച്ച് മലബാറില്‍ ജീവിക്കുന്ന ചേര രാജാവ് ശൈഖ് സഹറുദ്ദീനും സംഘവും മലബാറില്‍ എത്തുന്നതിനു മുമ്പ് തന്നെ അറിഞ്ഞിരുന്നതായി ഈ ചരിത്ര ആഖ്യാനത്തില്‍ നിന്നും വ്യക്തമാണ്.

പ്രവാചകന്‍റെ കാലത്ത് ചൈനയിലേക്ക് മത പ്രബോധനത്തിനായി യാത്രക്കിറങ്ങിയ ഒരു മുസ്‌ലിം പണ്ഡിതസംഘത്തെ കുറിച്ച് ചൈനയിലെ ‘മിങ്’ ചക്രവര്‍ത്തിമാരുടെ കാലത്ത് രചിച്ച ‘മിന്‍ഷു’ എന്ന ചൈനീസ് ഗ്രന്ഥത്തില്‍ പ്രതിപാദിച്ചതായി കാണാം. ഇവര്‍ ചൈനയില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയതിനെ കുറിച്ചും, അവരിലെ ഓരോരുത്തരുടെയും ശവകുടീരങ്ങളെ സംബന്ധിച്ചും വിശദമായി പ്രസ്താവിച്ചിട്ടുള്ളതായി കേസരി എ. ബാലകൃഷ്ണപിള്ളയുടെ ‘ഇസ്‌ലാം മലബാറില്‍’ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ചൈനയിലേക്ക് പുറപ്പെട്ട ദൗത്യസംഘം കൊടുങ്ങല്ലൂരിലും വന്നിരിക്കാമെന്നും അവരില്‍ നിന്നും പ്രവാചകനെ കുറിച്ച് ചേര രാജാവ് അറിയുകയും മക്കയിലേക്ക് പോകാന്‍ താല്പര്യപ്പെടുകയും ചെയ്തിട്ടുണ്ടാകുമെന്ന് ബാലകൃഷ്ണപിള്ളയും മുകളില്‍ പറയപ്പെട്ട പ്രസ്താവനയെ ആധാരമാക്കി കൊണ്ട് സി.കെ കരീമും അനുമാനിക്കുന്നു. ഈ അനുമാനത്തിനു പിന്‍ബലമായിട്ടുള്ള അക്കാലത്തെ സമുദ്രയാത്ര രീതികളെയും പരിശോധിക്കേണ്ടതുണ്ട്.

അക്കാലത്ത് പ്രധാനമായും സമുദ്ര യാത്രകള്‍ തീരങ്ങളോട് ചേര്‍ന്നുള്ള സഞ്ചാരമായിരുന്നു. ഇബ്നു ബത്തൂത്തയെ പോലെയുള്ള ലോക സഞ്ചാരികളുടെ യാത്ര വിവരണങ്ങളില്‍ അവരുടെ സഞ്ചാരപഥങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ബത്തൂത്ത മലബാറില്‍ നിന്നും ചൈനയിലേക്ക് പോയ സഞ്ചാരപഥം രേഖപ്പെടുത്തിയത് സി.കെ കരീമിന്‍റെ അനുമാനത്തിന് പിന്‍ബലം കൊടുക്കുന്നു.

ഏകദേശം എഡി 628 നും 629 നും ഇടയ്ക്കുള്ള വര്‍ഷങ്ങളില്‍ (ഹി.6,7) ആഫ്രിക്കയിലേക്കും മറ്റു അറിയപ്പെട്ട രാജാക്കന്മാര്‍ക്കും ഇസ്‌ലാമിനെ പരിചയപ്പെടുത്തികൊണ്ടും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടും പ്രവാചകന്‍ കത്തുകളയച്ചിരുന്നു. ഈ സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കി അനുമാനിക്കുകയാണെങ്കില്‍ അറബ് നാടുകളില്‍ സുപരിചിതമായ, വ്യവസ്ഥാപിതമായ വ്യാപാരബന്ധം നിലനിന്നിരുന്ന മലബാറിലേക്കും പ്രവാചകന്‍ സന്ദേശം അയച്ചിട്ടുണ്ടാകണം.

പ്രവാചകന്‍റെ കാലത്ത് തന്നെ മലബാറിലെ രാജാക്കന്മാരുമായി അറബികള്‍ക്ക് ബന്ധമുണ്ട് എന്നതിന്‍റെ തെളിവായി ഇമാം ഹാക്കിം(റ) ന്‍റെ ‘മുസ്തദ്റഖ്’ എന്ന ഗ്രന്ഥത്തില്‍ അബൂ സഈദ് ഖുദ്രി റിപ്പോര്‍ട്ട് ചെയ്തതായി രേഖപ്പെടുത്തിയ ഹദീസ് പരിഗണിക്കാറുണ്ട്. ‘ഒരു ഇന്ത്യന്‍ രാജാവ് നബി (സ്വ) തങ്ങളെ കണ്ടുവെന്നും നബി (സ്വ)ക്ക് അദ്ദേഹം ഇഞ്ചിനിറച്ച ഭരണി നല്‍കി എന്നും പ്രവാചകന് അതു വീതിച്ചപ്പോള്‍ എനിക്ക് ലഭിച്ചുവെന്നും’ പറയുന്നതായി കാണാം. അത് ഒന്നാം ചേരമാന്‍ പെരുമാളാണെന്ന് അഭിപ്രായമുണ്ട്. പ്രവാചകന്‍ അയച്ച കത്തുകളുടെ കാലഘട്ടത്തെ മുന്‍നിര്‍ത്തികൊണ്ട് എഡി 628 ല്‍ പ്രവാചകന്‍റെ 57 മത്തെ വയസ്സില്‍ ചേരമാന്‍ പെരുമാള്‍ നബിയുമായി അഭിമുഖം നടത്തിയെന്നും ഇസ്‌ലാം മത അനുയായി മാറിയെന്നും ‘താജുദ്ദീന്‍’ എന്ന പേര് സ്വീകരിച്ചുവെന്നും ഖിസ്സതു ശക്റവര്‍തി ഫര്‍മാദില്‍ രേഖപ്പെടുത്തിയതായി വൈ. ഫ്രിഡ്മാന്‍ പ്രസ്താവിക്കുന്നു.

ചേരമാന്‍ പെരുമാള്‍ പ്രവാചകനുമായിട്ട് അഭിമുഖ സംഭാഷണം നടത്തുന്നത് പ്രവാചകന്‍റെ 57 മത്തെ വയസ്സിലാണെന്നിരിക്കെ, ചേരമാന്‍ പെരുമാളുടെ മരണം സംഭവിച്ചതായി പ്രസ്താവിക്കുന്ന ഭാഗത്ത് മക്കയില്‍ നിന്നും മദീനയിലേക്കുള്ള പ്രവാചകന്‍റെയും അനുചരവൃന്ധത്തിന്‍റെയും ഹിജ്റ സമയത്തായിരുന്നു എന്ന് രേഖപ്പെടുത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഹിജ്റ സംഭവിക്കുന്നത് പ്രവാചകന്‍റെ 53 മത്തെ വയസ്സിലാണെന്നിരിക്കെ ഇങ്ങനെയൊരു പ്രസ്താവനയില്‍ വൈരുദ്ധ്യത നിലനില്‍ക്കുന്നുണ്ട്. വൈ. ഫ്രീഡ്മാന്‍റെ പഠനത്തിനുശേഷം ഇസ്‌ലാമിക ഗവേഷകനായ സ്കോട്ട് കുഗ്ലെ ഈ കിതാബിനെ അടിസ്ഥാനപ്പെടുത്തി മറ്റൊരു ഗവേഷണം കൂടി അവതരിപ്പിക്കുന്നുണ്ട്. അതിലും ഈ പരാമര്‍ശം കാണുന്നുണ്ട്. ചന്ദ്രന്‍ പിളര്‍ത്തിയ സമയവും, ചേരമാന്‍ പെരുമാള്‍ പ്രവാചകനെ കണ്ടു എന്ന് പറയപ്പെട്ട സമയവും, പ്രവാചകന്‍റെ ഹിജ്റ സംഭവിച്ച സമയവുമായി ബന്ധപ്പെട്ട ചരിത്ര ആഖ്യാനങ്ങളെ പരിശോധിക്കുമ്പോള്‍ ചില അവ്യക്തതകള്‍ ഇത്തരം പരിഭാഷപ്പെടുത്തലുകളില്‍ കാണാന്‍ സാധ്യമാകുന്നുണ്ട്. യഥാര്‍ത്ഥ പുസ്തകത്തെ പരിഭാഷപ്പെടുത്തിയപ്പോള്‍ സംഭവിച്ച പോരായ്മയായി പലരും ഇതിനെ ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്കിലും, ഈ ഖിത്താബിന്‍റെ ആധികാരികതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലബാറിലെ തന്നെ പല പണ്ഡിതന്മാരും സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ചാലിയത്തിലെ ഗ്രന്ഥശേഖരത്തില്‍ നിന്നും ലഭ്യമായ ഈ ഖിതാബിന്‍റെ കോപ്പിയുടെ മുന്‍ഭാഗത്ത് അഹ്മദ് കോയ ശാലിയാത്തി എഴുതിവെച്ചത് ‘ഖിസ്സതു മൗളൂഅത്തുന്‍ മക്സൂബ’ എന്നാകുന്നു. ഈ കിതാബ് ആരാണ് രചിക്കപ്പെട്ടത് എന്നതില്‍ യാതൊരു അറിവുമില്ല. അതോടൊപ്പം ഇതിലെ പല വാക്യങ്ങളിലും, വര്‍ഷ കണക്കുകളിലും, ചില സംഭവങ്ങളിലും വൈരുദ്ധ്യങ്ങള്‍ ജനിപ്പിക്കുന്നതുകൊണ്ട് പലപ്പോഴും ഇതിന്‍റെ ആധികാരികത ചോദ്യ ചെയ്യപ്പെടാറുണ്ട്.

മലബാറില്‍ ഇസ്‌ലാമിന്‍റെ ആഗമനവുമായി ബന്ധപ്പെട്ട് ഇബ്നു ഖാസിമിന്‍റെ സിന്ദാക്രമണത്തെ മുന്‍നിര്‍ത്തി ചില ചരിത്രകാരന്മാര്‍ നിരീക്ഷണം നടത്താറുണ്ട്. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും സിലോണിലേക്ക് കച്ചവടവുമായി എത്തിയ സംഘത്തില്‍പ്പെട്ടവര്‍ അവിടെ മരിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. അവരുടെ മടക്കയാത്രയില്‍ ഗുജറാത്തിന്‍റെ തീരപ്രദേശത്ത് എത്തിയപ്പോള്‍ കപ്പല്‍ കൊള്ളയടിക്കപ്പെടുകയും അതിലുള്ള അറബികളെ ബന്ധനസ്ഥരാക്കുകയും ചെയ്തു. ഇത് നടന്നത് ഹിജ്റ എണ്‍പതിലാണെന്ന് ചരിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ വിവരം ഹജ്ജാജ് ബിന്‍ യൂസഫിന്‍റെ സൈനാധിപനായിരുന്ന ഇബ്നു ഖാസിം അറിയുകയും കൊള്ള സംഘത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഹിന്ദിലേക്ക് പുറപ്പെടുകയും ചെയ്തു. ആ യുദ്ധത്തില്‍ കൊള്ള സംഘത്തെ ഇബ്നു ഖാസിം പരാജയപ്പെടുത്തി. അക്കാലത്ത് തന്നെ സിലോണിലും മറ്റും ഇസ്‌ലാം പ്രചരിച്ചുവെന്നതിനുള്ള സൂചനയാണ് ഈ ചരിത്ര സംഭവം. ഇത് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബലാദൂര്‍ രേഖപ്പെടുത്തിയ ചരിത്രമാണ്.

ഇളംകുളം കുഞ്ഞന്‍പിള്ളയും അദ്ദേഹത്തെ അവലംബമാക്കി ഡോ എം. ജി. എസും മലബാറിലേക്കുള്ള ഇസ്‌ലാമിന്‍റെ ആഗമനത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇസ്‌ലാം മത പ്രചരണം നടന്നത് എ. ഡി ഒമ്പതാം നൂറ്റാണ്ട് അവസാന പകുതിക്ക് ശേഷമായിരിക്കണം എന്നാണ് ഇവര്‍ വാദിക്കുന്നത്. അതിനാധാരമായി ഇളംകുളം കുഞ്ഞന്‍പിള്ളയെ പോലുള്ളവര്‍ എടുത്തുകാട്ടുന്നത് എ. ഡി 851 ല്‍ കേരളം സന്ദര്‍ശിച്ചു എന്നു പറയപ്പെടുന്ന സുലൈമാന്‍ താജിര്‍ എന്ന അറബി സഞ്ചാരിയുടെ ‘അറബി സംസാരിക്കുന്നവരോ ഇസ്‌ലാം മതം സ്വീകരിച്ചവരോ ആയ ചൈനക്കാരെയോ ഇന്ത്യക്കാരെയോ താന്‍ കണ്ടില്ല’ എന്ന പ്രസ്താവനയാണ്.

സുലൈമാന്‍ താജിറിന്‍റെ പേരില്‍ എ. ഡി 851 ല്‍ പ്രസിദ്ധീകൃതമായ ‘അക്ബര്‍ അസ്സിന്ധ് വല്‍ ഹിന്ദ്’ എന്ന അദ്ദേഹത്തിന്‍റെ സഞ്ചാര ഡയറി കുറിപ്പിലെ ഈ വാചകം ലോഗന്‍ തന്‍റെ മലബാര്‍ മാന്വലില്‍ എടുത്തുദ്ധരിച്ചിട്ടുണ്ട്. ഈ വാചകം മാത്രം കൈമുതലാക്കിക്കൊണ്ടാണ് മറ്റനേകം തെളിവുകളേയും, അടിയുറച്ച വിശ്വാസങ്ങളേയും, സാമാന്യബുദ്ധിയേയും മറികടന്നു കൊണ്ട് ഇസ്‌ലാം മത പ്രചാരണം നടന്നത് സുലൈമാന്‍റെ കാലത്തിന് ശേഷമായിരിക്കാമെന്ന് ഇവര്‍ വാദിക്കുന്നത്. ഈ ഗ്രന്ഥത്തെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത റെയ്നോഡ്, സുലൈമാന്‍റെ നിരീക്ഷണം ശരിയല്ലെന്നും ഗുജറാത്തിലും സിന്ധിലും മറ്റു പ്രദേശങ്ങളിലും തകൃതിയായി കച്ചവടം നടത്തിയിരുന്ന അറബി, ജൂത, ക്രിസ്ത്യാനികളെ കുറിച്ചും അദ്ദേഹം കൃത്യമായി അറിഞ്ഞിരുന്നില്ല എന്നും നിരീക്ഷണം നടത്തുന്നുണ്ട്. ‘അറബ് ഭൂമിശാസ്ത്രജ്ഞന്‍മാരുടെ ഇന്ത്യയെ കുറിച്ചുള്ള അറിവ്’ എന്ന ഗവേഷണ ഗ്രന്ഥത്തില്‍ സുലൈമാന്‍റേതെന്ന് പറയപ്പെടുന്ന ഗ്രന്ഥം അദ്ദേഹത്തിന്‍റേത് അല്ലെന്നും അതിനുമുമ്പ് ഇവിടെ വന്നതായ അറബികള്‍ രേഖപ്പെടുത്തിയതിനെ അദ്ദേഹം എടുത്തു ക്രോഡീകരിക്കുകയായിരുന്നു എന്നും ഹുസൈന്‍ നയനാര്‍ സംശയാതീതമാവെണ്ണം വിവരിക്കുന്നുണ്ട്. പിന്നീട് വന്ന ചരിത്രകാരന്മാര്‍ സുലൈമാന്‍ താജിറിന്‍റെ ഗ്രന്ഥത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാഹചര്യങ്ങളെയും സ്ഥലങ്ങളെയും കൃത്യമായി തിരിച്ചറിയുകയും ചെയ്തപ്പോള്‍ അദ്ദേഹം പരാമര്‍ശിക്കുന്ന ‘സെഞ്ചിയാലൂസ്/ലെഞ്ചിയാലൂസ്’ എന്നറിയപ്പെടുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളാണെന്നും അവിടെ ജീവിക്കുന്ന ചില ഗോത്രവര്‍ഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പരാമര്‍ശം നടത്തിയതെന്നും നിരീക്ഷണം നടത്തുന്നു.

മലബാറിലെ ഇസ്‌ലാമിന്‍റെ ആഗമന ചരിത്രത്തില്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചരിത്രാവശിഷ്ടങ്ങള്‍ ലഭിക്കുന്നതും, ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതുമായ ഒരു പ്രദേശമാണ് മാടായി. മാടായി പള്ളിയുമായി ബന്ധപ്പെടുത്തി മലബാറിലേക്കുള്ള ഇസ്‌ലാമിന്‍റെ ആഗമനത്തെ കൃത്യമായ ഗവേഷണ സ്വഭാവത്തോടെ സമീപിച്ച പഠനമാണ് അബ്ദുല്ല അഞ്ചിലത്ത് രചിച്ച ‘മലബാറിലെ ഇസ്‌ലാമിന്‍റെ ആധുനിക പൂര്‍വ്വ ചരിത്രം’ എന്ന കൃതി. ഡോ. ജി. പ്രേംകുമാറിന്‍റെ കണ്ണൂര്‍ ജില്ലയിലെ മുസ്‌ലിം പുരാവസ്തു അവശിഷ്ടങ്ങളിലെ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തിലും മാടായി പള്ളിയെ പരാമര്‍ശിക്കുന്നതായി കാണാം. മാടായി പള്ളിയുമായി ബന്ധപ്പെട്ട് ചരിത്രകാരന്മാര്‍ക്കിടയില്‍ തന്നെ അതിന്‍റെ നിര്‍മ്മിതിയെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാടായി പള്ളി മാലിക് ബിനു ദീനാറും സഹോദരന്‍ മാലിക് ബിനു ഹബീബും കൂടി എ.ഡി 1124 (ഹിജ്റ 518)ലാണ് നിര്‍മ്മിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

മാലിക് ബിനു ദീനാറും സംഘവും ആദ്യമായി കൊടുങ്ങല്ലൂര് പള്ളി നിര്‍മ്മിച്ചെന്നും പിന്നീട് കൊല്ലത്തും മാടായിയിലും നിര്‍മ്മാണം നടത്തി എന്നും പ്രേംകുമാര്‍ അടക്കമുള്ള ചില ഗവേഷകര്‍ അവരുടെ പഠനങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്. മാടായി പള്ളിയിലെ ലിഖിതവുമായി ബന്ധപ്പെട്ട് കൃത്യമായി പഠിച്ച അബ്ദുള്ള അഞ്ചിലത്തിന്‍റെ പഠനത്തിലും ഈ അഭിപ്രായം കാണാം. എങ്കിലും മാടായി പള്ളിയിലെ ലിഖിതവുമായി ബന്ധപ്പെട്ട് എം .ജി .എസ്സിനെയും ഒമ്പതാം നൂറ്റാണ്ടിലാണ് ഇസ്‌ലാമിന്‍റെ ആഗമനമമെന്ന് പ്രസ്താവിച്ച മറ്റു ചരിത്രകാരന്മാരെയും എതിര്‍ത്തുകൊണ്ട് അബ്ദുള്ള അഞ്ചിലത്ത് ലിഖിതത്തെ വിസങ്കേതനം ചെയ്തു പ്രസ്താവന നടത്തുന്നത് ശ്രദ്ധേയമാണ്. ഹിജ്റ അഞ്ചാം വര്‍ഷം റബീഉല്‍ ആഖിര്‍ ആദ്യ വെള്ളിയാഴ്ചയാണ് (എ.ഡി 627) പള്ളി നിര്‍മ്മിച്ചതെന്നും ഇസ്‌ലാമിന്റെ ആഗമനം പ്രവാചകന്‍റെ കാലത്ത് ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം തെളിയിക്കുന്നു. അഥവാ മാലിക് ബിനു ദീനാറും സംഘവും മലബാറില്‍ എത്തുന്നതിനു മുമ്പ് തന്നെ മാടായി പള്ളി നിര്‍മ്മിച്ചതായി പറയപ്പെട്ട ശിലാലിഖിതത്തില്‍ നിന്നും അനുമാനിക്കാവുന്നതാണ്. പിന്നീട് അതിനെ പുനരുദ്ധീകരിക്കുക മാത്രമാണ് മാലിക് ബിനു ദിനാറും സംഘവും ചെയ്തതെന്നും ഇതില്‍ നിന്നും മനസ്സിലാവും.

ഈ അറബി ലിഖിതം എഴുതപ്പെട്ട പ്രതലത്തെ ചൊല്ലി ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെമ്പിനാലുള്ള പ്രതലത്തിലാണെന്നുള്ള എം .ജി .എസിന്‍റെ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് അബ്ദുള്ള അഞ്ചിലത്ത് അത് രേഖപ്പെടുത്തിയത് കറുത്ത മരപ്പലകയിലാണെന്ന് വാദിക്കുന്നു. തന്‍റെ വാദത്തിന് പിന്‍ബലമായി 1953-54 വര്‍ഷങ്ങളില്‍ നടന്ന എപ്പിഗ്രഫി നിരീക്ഷണത്തില്‍ ആനുവല്‍ റിപ്പോര്‍ട്ട് ഓഫ് ഇന്ത്യന്‍ എപ്പിഗ്രഫിയുടെ നിരീക്ഷണത്തെ അദ്ദേഹം എടുത്ത് ഉദ്ധരിക്കുന്നുണ്ട്. അബ്ദുള്ള അഞ്ചിലത്ത് പ്രസ്താവിക്കുന്നത് പ്രകാരം, യഥാര്‍ത്ഥത്തില്‍ ചരിത്രകാരന്മാര്‍ മലബാറില്‍ ഇസ്‌ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ ഉദ്ധരണികളെയാണ് അവലംബമാക്കിയത്. കാരണം ലിഖിത വിസങ്കേതനം ചെയ്തുകൊണ്ട് നിരീക്ഷണം നടത്താന്‍ അവര്‍ക്കതില്‍ പരിജ്ഞാനം ഇല്ലായിരുന്നു.

മലബാറിലേക്കുള്ള ഇസ്‌ലാമിന്‍റെ ആഗമനവുമായി ബന്ധപ്പെട്ട് സാഹചര്യ തെളിവുകള്‍ക്കപ്പുറം ഒരു പ്രബലമായ തെളിവുദ്ധരിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. പലരും മറ്റുള്ളവരുടെ അഭിപ്രായത്തെ അവലംബമാക്കികൊണ്ട് രേഖപ്പെടുത്തി വെക്കുന്നു. ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം കൈക്കൊള്ളേണ്ട പ്രധാന ഗവേഷണ രീതി എപിഗ്രിഫിക്കല്‍ ഗവേഷണവും, പുരാവസ്തു ഉത്ഖനനവുമാണ്. പ്രശസ്ത ചരിത്രകാരനായ ഡോ. മഹ്മൂദ് കൂരിയ അഭിപ്രായപ്പെടുന്നത് പ്രകാരം കിഴക്കന്‍ ആഫ്രിക്കയിലും മറ്റും നടന്ന മാതൃകയില്‍ പ്രവാചകന്‍റെ കാലത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട് മലബാറിലെ പ്രധാന പ്രദേശങ്ങളില്‍ ഉത്ഖനനം നടത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ അറബികള്‍ക്കിടയില്‍ പ്രചാരമുള്ള അറബി ഭാഷയെയും അതില്‍ എഴുതപ്പെട്ട ലിഖിതങ്ങളെയും വളരെ കൃത്യമായിട്ട് വിസങ്കേതനം ചെയ്യേണ്ടതുമുണ്ട്. പല ചരിത്രകാരന്മാരുടെയും പ്രസ്താവനകളില്‍ വര്‍ഷങ്ങളുടെ കണക്ക് വ്യത്യാസപ്പെടുന്നത് മറ്റുള്ളവരെ അവലംബമാക്കി കൊണ്ടുള്ള ഉദ്ധരണികള്‍ രേഖപ്പെടുത്താന്‍ ശ്രമിച്ചതുകൊണ്ടാണന്ന് അദ്ദേഹം നിരീക്ഷണം നടത്തുന്നു. ശക്തമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി മലബാറിലെ ഇസ്‌ലാമിന്‍റെ ആവിര്‍ഭാവത്തെ കുറിച്ച് ധാരാളം പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്.

References
Y. Friedman; “Qissat shakarwati farmad, A tradition concerning the introduction of Islam to Malabar”
N. A. M Abdul Kader (Editors); Thuhfat ul Mujahideen, Translation,pg: 27
Dr. C.K Kareem; Kerala Muslim History Directory Part-2
Abdulla Anjillath ; Socio-cultural crossings through Indian ocean: Evidence fr om Madayi inscription
Dr. G. Premkumar; A perspective on the Muslim Archaeological remains in Kannur district
Dr. KT Jaleel: മലബാർ കലാപം, pg: 24

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading