അൻഷിദ് കാളികാവ്
കാലമെത്ര കടന്നുപോയാലും, നാടിനോടും സമൂഹത്തോടുമുള്ള ചിലരുടെ സമർപ്പിത ജീവിതങ്ങളും ആത്മാർത്ഥ സേവനങ്ങളും തലമുറകളെ എന്നെന്നും പ്രകാശിപ്പിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു ചരിത്രത്തിൻ്റെ പ്രതിചിത്രമാണ് അടക്കാക്കുണ്ടിൽ അക്കരപ്പീടിക ബാപ്പു ഹാജി. സ്വന്തം ജീവിതവും സമ്പാദ്യവും സമൂഹത്തിനായി ത്യജിച്ച ഹാജി, ജനസേവനത്തെ ജീവിതധർമമായി ഏറ്റെടുത്ത വ്യക്തിത്വമായിരുന്നു. സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയുകയും, അവ നിറവേറ്റാൻ ആവശ്യമായ പരിശ്രമങ്ങളെല്ലാം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രവർത്തനശൈലി, ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. മുസ്ലിം സംഘശക്തി രാഷ്ട്രീയത്തിനൊപ്പം അദ്ദേഹം നടത്തിയ യാത്രകൾ, നാട്ടിൽ മത-സാമൂഹിക-വിദ്യാഭ്യാസ പുരോഗതിക്കായി വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി. ഹാജിയുടെ ഇടപെടലുകൾ സാധാരണ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ച, മത-സാമൂഹിക പ്രവർത്തനങ്ങൾ, ജനസേവന മിഷനുകൾ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം ആത്മാർത്ഥമായ സംഭാവനകൾ നൽകി. ഏറ്റെടുത്ത കാര്യം പൂർത്തിയാക്കാൻ ഏതറ്റം വരെയും പോകാനുള്ള ഹാജിയുടെ മനസ്സുറപ്പ് നാട്ടുകാരുടെ കണ്ണിൽ അദ്ദേഹത്തെ വിശ്വസ്തനും ജനസമ്മതനുമാക്കി.
ബാല്യകാല ജീവിതം
കുലമഹിമയും തറവാടിത്തവും ഒത്തിണങ്ങിയ അക്കരപ്പീടിക വീട്ടിൽ ഹൈദറുവിൻ്റെയും പൊറ്റയിൽ ഫാത്തിമയുടെയും മകനായി 1932 ജൂലൈ 5 ന് ആമപ്പൊയിലിലാണ് ബാപ്പു ഹാജി ജനിക്കുന്നത്. കലാപത്തിന്റെ മുറിവുണങ്ങാത്ത ഓർമ്മകളിലേക്കായിരുന്നു ആ ജനനം. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞുനിൽക്കുന്ന ആ കാലത്തിന്റെ കയ്പ്പുനീർ ഹാജി അനുഭവിച്ചറിഞ്ഞു.
തന്റെ 12-ാം വയസുവരെ ഹാജി ആമപ്പൊയിലിലുള്ള ഉമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസവും അവിടെ തന്നെയായിരുന്നു. 1937 ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിൽ നിന്നും പഠനമാരംഭിച്ചു. അന്ന് സ്കൂളുകളിൽ രാവിലെ കുറച്ചു സമയം മതപഠനത്തിനും അവസരം ഉണ്ടായിരുന്നു. ‘അലിഫ് അച്ചടി’ എന്ന പുസ്തകമായിരുന്നു അന്ന് അറബി അക്ഷരങ്ങളും പദങ്ങളും പഠിക്കാൻ നിലവിലുണ്ടായിരുന്നത്. ചെറുപ്പം മുതലേ പഠന കാര്യത്തിൽ ഹാജി സമർഥനായിരുന്നു. കാര്യങ്ങൾ എളുപ്പം ഗ്രഹിക്കുന്ന ബുദ്ധിവൈഭവം ഹാജിയുടെ പ്രത്യേകതയായി അദ്ദേഹത്തിൻ്റെ സമകാലികർ സാക്ഷ്യപ്പെടുത്തുന്നു.
പള്ളിക്കുളം ഓത്തുപള്ളിയിലായിരുന്നു പ്രധാനമായും മതപഠനം. പള്ളിയിലെ പ്രധാന അധ്യാപകനായിരുന്ന ചോലശ്ശേരി കുഞ്ഞാലൻകുട്ടിയിൽ നിന്ന് അക്ഷരങ്ങൾ പഠിച്ചു കൊണ്ടാണ് മത വിദ്യാഭ്യാസം ഹാജി തുടങ്ങുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ഓത്തുപള്ളി അവധിയായതിനാൽ എല്ലാ വ്യാഴാഴ്ചയും അടക്കാകുണ്ടിലെ ഉപ്പയുടെ തറവാട് വീട്ടിലേക്ക് വിരുന്നു പോകുന്ന പതിവുണ്ടായിരുന്നു. വല്ലിപ്പയുടെ സന്തത സഹചാരിയായിരുന്ന അലവി എന്നവരോടൊപ്പമാണ് തറവാട് വീട്ടിലേക്ക് ഹാജി പോന്നിരുന്നത്. ഈ യാത്രകളെല്ലാം ഭീതിപ്പെടുത്തുന്നതായിരുന്നു. പഴയകാലത്ത് അടക്കാക്കുണ്ട് റോഡ് വെറും നടപ്പാതയായിരുന്നു. വൈകുന്നേരം നാലുമണിക്ക് ശേഷം ഇതുവഴി കാളികാവിൽ നിന്ന് ഒരാളും ഒറ്റയ്ക്ക് പോകാൻ ധൈര്യപ്പെട്ടിരുന്നില്ല. ചുറ്റും മരങ്ങൾ നിറഞ്ഞുനിൽക്കുന്നതിനാൽ പെട്ടെന്ന് ഇരുട്ടുമൂടും, വന്യമൃഗങ്ങൾ ഇറങ്ങും. അതിനിടയിലുള്ള യാത്ര അൽപ്പം സാഹസം നിറഞ്ഞതാണ്. ഒരിക്കൽ ബാപ്പു ഹാജിയും അലവിക്കാക്കയും ഉപ്പയുടെ വീട്ടിലേക്ക് വരുമ്പോൾ സമയം അല്പം വൈകിയിരുന്നു.
അടക്കാക്കുണ്ടിലെ കോവിലകം തൊടിയിലെത്തിയപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. തൊട്ടുമുൻപിൽ ഒരൊറ്റയാന, തൊട്ടപ്പുറത്ത് ഒരു വന്യമൃഗവും. വിജനമായ ആ കൊടുംകാട്ടിൽ ഒരടി പോലും മുന്നോട്ടുവെക്കാൻ ആകാതെ പകച്ചു നിന്ന് ഹാജിയും അലവി കാക്കയും നിശ്ചലരായി. തൊട്ടപ്പുറത്ത് ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു മൺകുടിലിൽ നേരം പുലരുവോളം ഭയന്ന് വിറച്ച് കഴിച്ചുകൂട്ടി. നേരം പുലർന്നതിനുശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത് എന്ന ഭീതിപ്പെടുത്തുന്ന ഓർമ്മ ബാപ്പു ഹാജി തൻറെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
1944 തൻ്റെ 12-ാം വയസിലാണ് ഹാജി അടയ്ക്കാക്കുണ്ടിലെ ഉപ്പയുടെ വീട്ടിൽ സ്ഥിരതാമസമാക്കുന്നത്. തൊട്ടടുത്ത വർഷം 1945 ൽ പിതാവ് അക്കരെ പീടിക ഹൈദ്രു അസുഖം കാരണം ഈ ലോകത്തോട് വിട പറഞ്ഞതോടെ തന്റെ പൂർണസംരക്ഷണം വല്ലിപ്പയുടെ നിയന്ത്രണത്തിലായി. മകൻ്റെ മരണം വരുത്തിയ വിടവ് നികത്താൻ അഹമ്മദ് ഹാജി കാര്യമായി ശ്രദ്ധിച്ചിരുന്നു. മക്കളുടെ കാര്യത്തിൽ വളരെ കാർക്കശ്യം പുലർത്തിയ അഹമ്മദ് ഹാജിയുടെ ചില സ്വഭാവ ഗുണങ്ങൾ ബാപ്പു ഹാജിയിലും പ്രകടമായിരുന്നു. പിതാവിന്റെ മരണത്തോടെ കുട്ടിയെ വളർത്താൻ അഹമ്മദ് ഹാജി അടക്കാക്കുണ്ടിലെ വീട്ടിൽ സൗകര്യം ഒരുക്കി താമസം തുടങ്ങിയതോടെ ഹാജിയുടെ പഠനം കാളികാവിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് കാളികാവ് ബസാർ യു.പി സ്കൂൾ എന്നറിയപ്പെടുന്ന അന്നത്തെ മാപ്പിള സ്കൂളിൽ ആയിരുന്നു ഹാജി കുറഞ്ഞകാലം പഠിച്ചത്. വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള യാത്ര പ്രയാസമായിരുന്നതിനാൽ കുട്ടിയെ പഠിപ്പിക്കാൻ വല്ലിപ്പ വീട്ടിൽ തന്നെ സൗകര്യം ചെയ്തു. കണ്യാലക്കാരനായ ഒരു മൊല്ലാക്കയായിരുന്നു വീട്ടിലെ ഗുരു. അദ്ദേഹത്തിന് കീഴിൽ ഹാജി ഒരുപാട് കാര്യങ്ങൾ പഠിച്ചു. കിട്ടുന്ന ഒഴിവു സമയങ്ങളിൽ എല്ലാം ഹാജി വല്ലിപ്പയുടെ കൂടെ കൃഷിപ്പണിയിൽ സജീവമാകും.
വല്ലിപ്പ അഹമ്മദ് ഹാജി ഏക്കർ കണക്കിന് ഭൂമിയുള്ള, പകലന്തിയോളം പണിയെടുക്കുന്ന ഒരു കർഷകനായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരതക്കും ആക്രമണത്തിനും വല്ലിപ്പ അഹമ്മദ് ഹാജിയും ഇരയായിട്ടുണ്ട്. ഭൂമികൾ പിടിച്ചെടുത്തും വീടിന് തീയിട്ടും വീട്ടുപകരണങ്ങൾ മോഷ്ടിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും നെല്ല് കൊള്ളയടിച്ചും അനേകം അക്രമങ്ങൾ അവർ ഈ മണ്ണിൽ നടത്തി. തൻ്റെ വല്ലിപ്പയുടെ കൂടെ ഏക്കർ കണക്കിന് വരുന്ന പാടശേഖരങ്ങളിൽ നിലം ഉഴുത് മുറിക്കൽ, കള പറിക്കൽ, വളം ചേർക്കൽ, കറ്റ ഏറ്റൽ, കറ്റ തല്ലൽ തുടങ്ങിയ എല്ലാവിധ കൃഷിപ്പണികളിലും ബാപ്പു ഹാജി സജീവമായിരുന്നു. തൻ്റെ പതിനഞ്ചാമത്തെ വയസിലാണ് ഹാജി ഒരു മുഴുസമയ കർഷകനായും തികഞ്ഞ കന്ന് പൂട്ടുകാരനുമായി മാറുന്നത്. പത്തോളം തൊഴിലാളികളായിരുന്നു അന്ന് ഹാജിക്ക് കൂട്ടിനുണ്ടായിരുന്നത്. എല്ലാം വല്ലിപ്പയുടെ നിയന്ത്രണത്തിൽ. സുബഹിക്ക് മുമ്പെ ഏർപ്പെടുന്നത് അവരുടെ പതിവായിരുന്നു. നിസ്കാരം കഴിഞ്ഞാൽ പിന്നെ പാടത്തേക്ക്. നിസ്കാരത്തിനും ഭക്ഷണത്തിനും ഉള്ള സമയം മാറ്റി വെച്ചാൽ ബാക്കിയുള്ള മുഴുവൻ സമയവും കൃഷിപ്പണി തന്നെ. പകലന്തിയോളം കൃഷിപ്പണിയിൽ ഏർപ്പെട്ട ഹാജിക്ക് വ്യായാമവും വിനോദവും അതിനെല്ലാം ഉപരി ജീവിതോപാധിയുമായിരുന്നു.
1955 ൽ തന്റെ വല്ലിപ്പ വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഈ ലോകത്തോട് വിട പറയുകയായിരുന്നു. തൻ്റെ എല്ലാമെല്ലാമായ വല്ലിപ്പയുടെ വിയോഗം ഹാജിയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ബാപ്പു ഹാജിക്ക് ആ ഒറ്റപ്പെടലിൽ നിന്നും മുക്തനാകാൻ വർഷങ്ങൾ വേണ്ടിവന്നു. മരിക്കുന്നതിന് മുമ്പേ ഹാജിയുടെ വിവാഹം മനോഹരമായി നടത്താൻ വല്ലിപ്പ മറന്നില്ല. പൊറ്റയിൽ അഹമ്മദ് മുസ്ലിയാരുടെ മകൾ ആയിഷയെ ആയിരുന്നു ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം വേർപ്പെടുത്തി ഹാജി 1954 തൊടുക പുലത്തുള്ള പുല്ലാണി പൂങ്കുഴി മൂസക്കുട്ടി ഹാജിയുടെ മകൾ ഫാത്തിമയെ വിവാഹം ചെയ്യുകയായിരുന്നു.
ബാപ്പു ഹാജിയുടെ ഹജ്ജ് യാത്ര
ചെറുപ്പം മുതലേ ദീനീ ചിട്ടയിൽ വളർന്ന ബാപ്പു ഹാജിക്ക് ഹജ്ജ് ചെയ്യുക എന്നുള്ളത് വലിയ സ്വപ്നമായിരുന്നു. അങ്ങനെ രണ്ടുതവണ ഹജ്ജ് കർമ്മം ചെയ്യാനുള്ള ഭാഗ്യം ഹാജിക്കുണ്ടായി. 1956 തൻ്റെ 24-മത്തെ വയസ്സിൽ ആദ്യ ഹജ്ജും 1963 ൽ 31-ാ മത്തെ വയസ്സിൽ രണ്ടാമത്തെ ഹജ്ജും അദ്ദേഹം നിർവഹിച്ചു. നാട്ടുകാർക്കും കുടുംബക്കാർക്കും വലിയ വിരുന്ന് ഒരുക്കിയതിനു ശേഷമാണ് ബാപ്പു ഹാജി ഹജ്ജിന് പുറപ്പെട്ടിരുന്നത്. നാട്ടിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെല്ലാം സജീവമായിരുന്ന ഹാജിക്ക് നാട്ടുകാരും വലിയ യാത്രയയപ്പ് നടത്തിയിരുന്നു. യാത്രയിലുണ്ടായ അനുഭവങ്ങളും കാഴ്ച്ചകളുമെല്ലാം 1963 ലെ ഹാജിയുടെ ഡയറിയിൽ മധുരിക്കുന്ന ഓർമ്മകളായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. നാട്ടിലെ പൗരപ്രമുഖരായവരുടെ കൂടെയായിരുന്നു അദ്ദേഹത്തിൻ്റെ ഹജ്ജ് യാത്ര. യാത്രകൾ അദ്ദേഹത്തെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. രണ്ടുതവണ ഹജ്ജ് ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് ഏറ്റവും വലിയ സൗഭാഗ്യമായിട്ടാണ് ഹാജി വിലയിരുത്തിയത്.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ
ചെറുപ്പം മുതലേ മുസ്ലിം ലീഗിനോടുള്ള പ്രത്യേക താൽപര്യവും മമതയും ഉണ്ടായിരുന്ന ഹാജിയെ 1957 ൽ കാളികാവ് മേഖല മുസ്ലിം ലീഗ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിൻ്റെയും പൂക്കോയ തങ്ങളുടെയും സമ്മേളന നഗരികളിൽ നിന്നുള്ള വാക്കുകൾ ഹാജിയെ ഏറെ സ്വാധീനിച്ചിരുന്നു. മലയോരമേഖലയിൽ ഹരിതരാഷ്ട്രീയത്തെ വളർത്തിയെടുക്കുന്നതിൽ ബാപ്പുഹാജി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. കാളികാവിന്റെ മുക്കിലും മൂലയിലും തലയുയർത്തി നിൽക്കുന്ന മുസ്ലിം ലീഗ് ഓഫീസുകൾ നിർമ്മിക്കപ്പെട്ടത് ഹാജിയുടെ പിന്തുണയോടു കൂടിയായിരുന്നു. കാളികാവ്, ചോക്കാട്, കരിവാരക്കുണ്ട് തുടങ്ങിയ പഞ്ചായത്തുകളിലെ നാനാഭാഗത്തും മുസ്ലിം ലീഗ് പടുത്തുയർത്താൻ ബാപ്പു ഹാജി കാണിച്ച ആർജ്ജവും തന്റേടവും അപാരമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ബാപ്പു ഹാജിയുടെ വിയർപ്പിൽ നിന്നാണ് കാളികാവ് പ്രദേശം ഹരിതാഭമാർന്നത്.
1967 ലാണ് ആദ്യമായി കാളികാവ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. ബാപ്പു ഹാജി തന്നെയായിരുന്നു അന്ന് അതിൻ്റെ പ്രസിഡൻ്റ്. മുസ്ലിംലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡണ്ടായി ഹാജി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ മലപ്പുറം ജില്ല മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തകസമിതി അംഗമായി പ്രവർത്തിച്ച ഹാജിയെ ദീർഘകാലം മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലറായും തിരഞ്ഞെടുത്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 1980 ജൂലൈ 30 (റമളാൻ 17)ന് കേരളത്തിലെ പാഠശാലകളിൽ അറബി ഭാഷയെ തുടച്ചുനീക്കുന്ന നായനാർ സർക്കാരിൻ്റെ ഹീനശ്രമത്തിനെതിരെ മുസ്ലിം ലീഗ് നടത്തിയ ധീര പോരാട്ടം ചരിത്രത്തിൽ തുല്യത ഇല്ലാത്തതാണ്. ഇത് ബാപ്പു ഹാജിയുടെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നാണ്. അന്ന് മലപ്പുറത്ത് വെച്ച് നടക്കുന്ന സമ്മേളനത്തിലേക്ക് അമ്പതോളം ആളുകൾ ബാപ്പു ഹാജിയുടെ നേതൃത്വത്തിൽ കാളികാവിൽ നിന്ന് പുറപ്പെട്ടു. ഇവരുടെ യാത്രക്കായി പ്രത്യേക ബസ് ഏർപ്പെടുത്തിയതും ഹാജി ആയിരുന്നു.
മലപ്പുറത്ത് വെച്ച് നടന്ന സമരത്തിൽ പോലീസിന്റെ ക്രൂരതക്ക് മുമ്പിൽ മജീദ്, അബ്ദുറഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്ന് ചെറുപ്പക്കാർക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു. ഇതിൽ കാളികാവിൽ നിന്ന് ഹാജിയോടൊപ്പം പുറപ്പെട്ട കുഞ്ഞിപ്പ(24)യുടെ മരണം ബാപ്പു ഹാജിയെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. കുഞ്ഞിപ്പയുടെയും കുടുംബത്തിന്റെയും മറ്റും എല്ലാ കാര്യങ്ങൾക്കും ഒരു എളിയ പ്രവർത്തകനായി ഹാജി മുന്നിലുണ്ടായിരുന്നു.
1964 കേരളത്തിൽ ആദ്യമായി നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാളികാവിന്റെ പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് സഖാവ് കുഞ്ഞാലിയെ ആയിരുന്നു. വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് അഞ്ചചവിടി വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.ടി അലവിക്കുട്ടി ഹാജിയെ ആയിരുന്നു. അക്കാലത്ത് തന്നെ മലയോര മേഖലയിലെ മുസ്ലിംലീഗിന്റെ വേരോട്ടം ശക്തമായിരുന്നു. 1987 നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബാപ്പു ഹാജിയെ കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 10 വർഷത്തോളം പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ബാപ്പു ഹാജിയുടെ പ്രവർത്തനങ്ങൾ കാളികാവിന്‍റെ മുഖച്ഛായ മാറ്റിമറിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കാളികാവിന് സ്വന്തമായി ഒരു പഞ്ചായത്ത് ഓഫീസ് കെട്ടിടം, കാളികാവിലെ ടെലിഫോൺ എക്സ്ചേഞ്ച്, പൊതു ശ്മശാനം, വീടുകൾ, റോഡുകൾ, പാലങ്ങൾ, ഹോമിയോ ഡിസ്പെൻസറികൾ, ഗ്രൗണ്ടുകൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത് ബാപ്പു ഹാജി പ്രസിഡണ്ട് ആയിരിക്കുന്ന കാലത്താണ്. കാളികാവിലെ വിവിധ ഭാഗങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനും ഹാജി വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
പാണക്കാട് കൊടുപ്പനക്കൽ തറവാടുമായി വളരെ അടുത്ത ബന്ധമാണ് ഹാജി സൂക്ഷിച്ചിരുന്നത്. പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കാലം തൊട്ട് തുടങ്ങിയ ഈ ബന്ധം മരണം വരെയും ഹാജി നിലനിർത്തി. പാണക്കാട് തങ്ങളാരോട് വ്യക്തി ബന്ധം സൂക്ഷിക്കുന്നതിലും ഹാജി ഏറെ ശ്രദ്ധിച്ചിരുന്നു. 1975 സെപ്റ്റംബർ ഒന്നിന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മർഹൂം പാണക്കാട് ശിഹാബ് തങ്ങൾക്ക് ഹാജിയുടെ നേതൃത്വത്തിൽ 1976 ഏപ്രിൽ 9 കാളികാവിൽ വമ്പിച്ച സ്വീകരണം നൽകി. 1978 ഒക്ടോബർ ഒമ്പതാം തീയതി മന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബിനും കാളികാവിൽ ഹാജിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു.
അതുപോലെതന്നെ ബാഫഖി തങ്ങൾ, ചാക്കീരി അഹ്മദ് കുട്ടി, ഹസ്സൻകുട്ടി കുരുക്കൾ, ബാപ്പു കുരുക്കൾ, കെ.കെ. തങ്ങൾ, കെ.ടി. മാനു മുസ്ലിയാർ തുടങ്ങിയ അനേകം നേതാക്കളുമായി അടുത്ത വ്യക്തി ബന്ധം ഹാജി കാത്തുസൂക്ഷിച്ചിരുന്നു. സി.എച്ചിന്റെ നടക്കാവിലെ വീട്ടിലും ചന്ദ്രിക ഓഫീസിലും ഹാജി സ്ഥിരം സന്ദർശകനായിരുന്നു. കിഴക്കേ നാട്ടിലെ പ്രമുഖ പണ്ഡിതനും സമസ്ത നേതാവും ദാറുന്നജാത്ത് ഇസ്ലാമിക് സെൻ്റർ ജനറൽ സെക്രട്ടറിയുമായ കെ.ടി. മാനു മുസ്ലിയാരുമായി ചെറുപ്പം മുതലേ വിവരണാതീതമായ ബന്ധമായിരുന്നു ബാപ്പു ഹാജിക്ക് ഉണ്ടായിരുന്നത്. മലയോര മേഖലയിലെ മുക്കിലും മൂലയിലും ദീനീ സ്ഥാപനങ്ങളായ പള്ളികളും മദ്രസകളും പടുത്തുയർത്തുന്നതിൽ കെ.ടി. മാനു ഉസ്താദ് വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഉസ്താദിന് താങ്ങും തണലുമായി ഹാജി കൂടെയുണ്ടായിരുന്നു. കെ.ടി. മാനു മുസ്ലിയാർ ബാപ്പു ഹാജിയുടെ മാർഗ്ഗദർശി കൂടിയായിരുന്നു. തന്റെ കാര്യങ്ങൾ എല്ലാം ഹാജി ഉസ്താദുമായി സംസാരിക്കുകയും അഭിപ്രായം ചോദിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. ഹരിതരാഷ്ട്രീയത്തോടൊപ്പം തന്നെ ആത്മീയ നേതൃത്വം നൽകുന്ന ബഹുമാനപ്പെട്ട സമസ്തയോടും ബാപ്പു ഹാജിക്ക് അടുത്ത ബന്ധമായിരുന്നു. സമസ്തയുടെ നേതാക്കളുമായും ഹാജിക്ക് വലിയ ബന്ധം ഉണ്ടായിരുന്നു.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൂടൊരുക്കിയ ജീവിതം
സ്വന്തം ഇച്ഛാശക്തി കൊണ്ട് ഒരു നാടിനെ സാമൂഹികമായും വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും ഉയർത്തിക്കൊണ്ടുവരാൻ ബാപ്പു ഹാജിക്ക് സാധിച്ചിട്ടുണ്ട്. കിഴക്കൻ ഏറനാട്ടിലെ യാതൊരു പേരും പ്രശസ്തിയും ഇല്ലാത്ത ഒരു ഉൾപ്രദേശത്തെ വൈജ്ഞാനിക പ്രവർത്തനങ്ങളുടെ ചരിത്രങ്ങൾ രചിക്കാൻ തുണച്ചത് ഹാജിയുടെ ദീർഘദൃഷ്ടിയായിരുന്നു. ഇപ്പോഴും നേരം ഇരുട്ടിയാൽ ആനയും പുലിയും കടുവയും പന്നിയും ഇറങ്ങുന്ന ഈ സ്ഥലത്ത് അന്ന് നേരാവണ്ണം റോഡും വെളിച്ചവും എത്താത്ത ഈ പ്രദേശത്തെ അവസ്ഥ എത്രത്തോളം ഭീകരവും ഭീതിപ്പെടുത്തുന്നതും ആയിരിക്കും എന്ന് സാമാന്യം ചിന്തിക്കാവുന്നതേയുള്ളൂ. ഇങ്ങനെയുള്ള ഒരു സ്ഥലത്താണ് അടക്കാകുണ്ട് സ്കൂൾ സ്ഥാപിക്കുന്നത്. പിന്നീട് ഇത് ഹൈസ്കൂൾ ആയും ഹയർ സെക്കൻഡറി ആയും ഉയർത്തി. ഇന്ന് വണ്ടൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്നാണ് ഇത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് ഉന്നത നിലവാരം പുലർത്തുന്ന ഈ സ്കൂൾ കലാകായിക പ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
തൻറെ നാട്ടിൽ മാത്രമല്ല മലയോര മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കെല്ലാം ഹാജി സജീവമായിരുന്നു. അടക്കാക്കുണ്ട് നജ്മുൽ ഹുദാ മദ്രസ, അടക്കാക്കുണ്ട് പള്ളി, കാളികാവ് ജംഗ്ഷനിലെ യഅ്ഖൂബി മസ്ജിദ്, കെ.ടി. മാനു മുസ്ലിയാർ ഇസ്ലാമിക് സെൻ്റർ, സമന്വയ വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരം പുലർത്തുന്ന വാഫി കാമ്പസ്, അശരണർക്ക് അത്താണിയായ ഹിമ കെയർ ഹോം തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങൾ ബാപ്പു ഹാജിക്ക് പറയാനുണ്ട്.
അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് വാഫി പി.ജി. കാമ്പസ്. തൻ്റെ സമീപത്ത് ഒരു ദീനീ സ്ഥാപനം ഉണ്ടാകണമെന്നത് നീണ്ട കാലത്തെ ആഗ്രഹമായിരുന്നു. അദ്ദേഹത്തിൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സി.ഐ.സി. ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസിയും അദ്ദേഹത്തിന് പിന്തുണ നൽകി. 15 ഏക്കർ വിശാലമായ ഭൂമി ഇതിനായി അദ്ദേഹം സംഭാവന ചെയ്തു. 2016-ൽ പ്രവർത്തനം ആരംഭിച്ച ഈ കാമ്പസ് ഇന്ന് കേരളത്തിന് അകത്തും പുറത്തും നിന്നുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു. പടച്ച റബ്ബ് എല്ലാവർക്കും സമ്പത്ത് കൊടുക്കാറില്ല. എല്ലാവരെയും നേതാക്കന്മാരാക്കാറില്ല. സമ്പന്നരായവരെല്ലാം തങ്ങളുടെ സമ്പത്ത് അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ചെലവഴിക്കാറുമില്ല. എന്നാൽ പടച്ച റബ്ബ് തന്ന സമ്പത്ത് റബ്ബിന് തന്നെ തിരിച്ചു കൊടുക്കാൻ എല്ലാവർക്കും കഴിയില്ല. അതിൽ ബാപ്പു ഹാജി വിജയിച്ചിട്ടുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.
“എൻറെ റബ്ബ് എനിക്ക് സമ്പത്ത് തന്നു. ഞാൻ അത് കൊടുത്തു” എന്ന ബാപ്പു ഹാജിയുടെ ഒരു ഫിലോസഫി ഉണ്ട്. ഇതൊരു വല്ലാത്ത വാക്കാണ്. ഫിലോസഫി അനുസരിച്ച് ജീവിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളാണ് അക്കരപ്പീടിക ബാപ്പു ഹാജി. തൻ്റെ സമ്പത്ത് സമൂഹത്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കണം എന്നതിന് ഒരു ഉത്തമ മാതൃക കൂടിയായിരുന്നു അദ്ദേഹം. ഒരു നാടിൻ്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച ബാപ്പു ഹാജി, ഭാവി തലമുറകൾക്ക് വഴിവിളക്കായി എന്നെന്നും നിലകൊള്ളുന്നു.
