എ കെ കോടൂര്‍: മലബാര്‍ സമരചരിത്രത്തിന്‍റെ നെല്ലും പതിരും വേര്‍തിരിച്ച ചരിത്രകാരന്‍

ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്. അതുകൊണ്ടാണ് ഭരണകൂടങ്ങള്‍ ചരിത്രത്തെ ഭയപ്പെടുന്നത്. ചരിത്രത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്ത് അനേകം വിപ്ലവങ്ങളും അവകാശപോരാട്ടങ്ങളും നടന്നിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് യഥാര്‍ഥ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനും അവിടങ്ങളിലെല്ലാം തങ്ങളുടെ പ്രതിനിധാനങ്ങളെ പ്രതിഷ്ഠിക്കാനും വര്‍ഗീയ ഫാഷിസം എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ‘ചരിത്രം’ എന്ന വാക്കിന് രണ്ടു പ്രത്യേക അര്‍ത്ഥങ്ങളാണ് സാധാരണ കല്പിക്കപ്പെടാറുള്ളത്. ഒന്ന്, കഴിഞ്ഞുപോയകാലം അഥവാ ഭൂതകാലം. രണ്ട്, ആ കഴിഞ്ഞ കാലത്തെക്കുറിച്ച് പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും നാം ഉണ്ടാക്കിയെടുക്കുന്ന അറിവ്. ഈ ഒന്നാമത്തെ അര്‍ത്ഥത്തിലുള്ള ചരിത്രത്തെ, ഭൂതകാലത്തെ രണ്ടാമത്തെ അര്‍ത്ഥത്തിലുള്ള ചരിത്രത്തിലൂടെയല്ലാതെ തിരിച്ചറിയാനാവില്ലെന്നതാണ് വാസ്തവം.

പറഞ്ഞു വരുന്നത് ചരിത്രത്തിന്‍റെ ചരിത്രമല്ല, മറിച്ച് മലപ്പുറം ജില്ലയിലെ കോടൂരില്‍ നിന്ന് മലബാര്‍ സമരത്തിന്‍റെ സത്യാസത്യങ്ങളെ കണ്ടത്തി ഒരു തലമുറക്ക് ‘ആംഗ്ലോ -മാപ്പിള യുദ്ധ’മെന്ന ബ്രഹദ്ഗ്രന്ഥം സമ്മാനിച്ച പട്ടര്‍കടവില്‍ അലവിക്കുട്ടിയെന്ന എ കെ കോടൂരിനെ കുറിച്ചാണ്. പൂര്‍വികര്‍ നടന്നകന്ന കനല്‍ പഥങ്ങള്‍ തേടി ഒരു മനുഷ്യന്‍ തന്‍റെ ജീവിതത്തിന്‍റെ സിംഹഭാഗവും ചരിത്രവും യാഥാര്‍ഥ്യവും തേടി ഇറങ്ങുക. 29 വര്‍ഷക്കാലം കാടും മേടും നാടും കാലവും വകവെക്കാതെ സമര്‍പ്പിത ജീവിതവുമായി മുന്നോട്ടു വരാന്‍ ചെറുതല്ലാത്ത നിശ്ചയദാര്‍ഢ്യവും താല്‍പര്യവും വേണം എന്നത് തീര്‍ച്ചയാണ്.

1935-ല്‍ മലപ്പുറം ജില്ലയിലെ കോടൂരില്‍ വരിക്കോട് പട്ടര്‍കടവന്‍ കോമുവിന്‍റെയും കാവുങ്ങല്‍ കുഞ്ഞിക്കദിയുമ്മയുടെയും മകനായി ജനിച്ച എ കെ കോടൂര്‍ മാപ്പിള നാട്, മലപ്പുറം ടൈംസ്, ലീഗ് ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ പിടിഎയുടെ മലപ്പുറം റിപ്പോര്‍ട്ടറായിരുന്നു അദ്ദേഹം. കോടൂര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ 2005-2010 കാലഘട്ടത്തില്‍ മുസ്ലിം ലീഗ് മെമ്പറായി സേവനമനുഷ്ഠിച്ചു. 1921 ആംഗ്ലോ മാപ്പിള യുദ്ധം, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, കെ. എം സീതി സാഹിബ്, മുസ്ലിം ലീഗ് എന്ത്?എന്തിന്?എങ്ങനെ?’, മലപ്പുറം രക്തസാക്ഷികള്‍, മുസ്ലിം ലീഗിനെപ്പറ്റി ഒരു പ്രധാന ചോദ്യം, ജനറല്‍ നജീബും ജമാല്‍ അബ്ദുനാസറും, സുല്‍ഫിക്കര്‍ അലി ഭൂട്ടോ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. 1921-ല്‍ മലബാറില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെ വികലമായി ചിത്രീകരിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുമ്പോഴാണ് എ കെ കോടൂര്‍ എന്ന ഈ ചരിത്രകാരന്‍ ശ്രമകരമായ ദൗത്യവുമായി ഇറങ്ങിത്തിരിക്കുന്നത്. ലഭ്യമായ രേഖകള്‍ ശേഖരിച്ചും അനുഭവസ്ഥരെ കേട്ടും അദ്ദേഹം ആ ചരിത്രത്തിന്‍റെ പിറകെ നടന്നു, ഈ സംഭവത്തിന്‍റെ നിജസ്ഥിതി അറിയാന്‍ ഇദ്ദേഹം പുറപ്പെടുന്ന കാലം കേവലം സാങ്കേതിക ബുദ്ധിമുട്ടുകളോ, സാമ്പത്തിക പരാധീനതകളോ മാത്രമായിരുന്നില്ല, മൂര്‍ച്ഛിച്ച മുസ്ലിം വിരുദ്ധ ആഖ്യാനങ്ങളെയും മലബാര്‍ സമരത്തെ വര്‍ഗീയലഹളയാക്കാന്‍ എഴുതി കൂട്ടിയ നിര്‍മ്മിതികളെ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള ഒരു വിപ്ലവ മുന്നേറ്റമായിരുന്നു എ കെ കോടൂരിന്‍റെ ചരിത്രാനേഷ്വണ യുദ്ധം.

‘ആംഗ്ലോ മാപ്പിള യുദ്ധം’ എന്ന പുസ്തകത്തിലെ രണ്ടാം അധ്യായത്തില്‍ അവതരിപ്പിക്കുന്നത് കേരളത്തിലെ ജാതിവ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ വ്യഥകളാണ്. പുസ്തകത്തിലെ ഓരോ അധ്യായങ്ങളും വലിയ അന്വേഷണങ്ങളും ആഴത്തിലുള്ള ആലോചനകളും തേടുന്നുണ്ട്. ഇന്നത്തെ അത്ര സൗകര്യങ്ങളും ആശയവിനിമയ മാര്‍ഗ്ഗങ്ങളും ഇല്ലാത്ത കാലത്ത് അദ്ദേഹം ചരിത്രാന്വേഷണത്തോട് കാണിച്ച ആത്മാര്‍ത്ഥതയും താല്‍പര്യവും സ്ഥിരോത്സാഹവും പ്രശംസനീയം തന്നെ. ‘ആംഗ്ലോ മാപ്പിള യുദ്ധം’ എന്ന കൃതി പരിശോധിക്കുന്നത് മലബാര്‍ സമരത്തിന്‍റെ ബാഹ്യമായ കാര്യകാരണങ്ങള്‍ മാത്രമൊന്നുമല്ല, ആന്തരികമായ പല ഘടകങ്ങളും മുസ്ലിം സമൂഹത്തിനകത്ത് നിലനിന്നിരുന്ന പുഴുക്കുത്തുകളും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.

ഒരു ചരിത്രകാരന്‍ എന്നതിലുപരി സാമൂഹിക പരിഷ്കര്‍ത്താവെന്ന നിലയിലും എ കെ കോടൂരിന്‍റെ വൈജ്ഞാനിക സംഭാവനകളെ വായിക്കാം. തങ്ങളുടെ നാടിന്‍റെ സമരപാരമ്പര്യത്തെ പുതുതലമുറയിലെ സാധാരണക്കാര്‍ക്കു വരെ ബോധ്യപ്പെടുത്തുന്ന തരത്തിലാണ് പുസ്തത്തിന്‍റെ രചന നിര്‍വഹിച്ചിട്ടുള്ളത്. മലബാറിലെ ഉലമാ-ഉമറാ ബന്ധത്തിലൂന്നിയ വൈജ്ഞാനിക പുരോഗതിയെ കൃത്യമായി കോടൂര്‍ വരച്ചിടുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ധീര നേതാവിന്‍റെ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് എ കെ കോടൂര്‍. റമീസ് മുഹമ്മദ് എഴുതിയ ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ കൂടുതലായും അവലംബിച്ചിട്ടുള്ളത് കോടൂരിനെയാണ്. നെല്ലും പതിരും വേര്‍തിരിക്കുന്ന തരത്തിലുള്ള നിരൂപണങ്ങളാണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്. സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയും തുടങ്ങി മലബാര്‍ സമരവുമായി ബന്ധപ്പെട്ട സംജ്ഞകളെ അദ്ദേഹം കൃത്യമായി അടുക്കിയിരിക്കുന്നു. ‘ആംഗ്ലോ-മാപ്പിള യുദ്ധം’ എന്ന പുസ്തകം ഗ്രെയ്സ് ബുക്സ്സും ഐപിഎച്ചും പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading