അപ്പോളോ സാഹിത്യപ്രസ്ഥാനം: അറബ് കവിതയിലെ കാല്പനിക വസന്തം

ജാഹിലീ കാലഘട്ടത്തിനു മുമ്പേ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രചാരത്തിലിരുന്ന ഭാഷയായിരുന്നു അറബിയുടെ പ്രാക്തന രൂപം. ജാഹിലിയ കാലഘട്ടത്തിലെത്തുമ്പോള്‍ പദസമ്പത്ത് കൊണ്ടും ആശയകൈമാറ്റം കൊണ്ടും അറബി ഭാഷ സമ്പന്നമായിരുന്നു. ഉത്കൃഷ്ടമായ ഒരുപാട് സാഹിത്യ കൃതികളും സാഹിത്യകാരന്മാരും അക്കാലത്ത് രംഗപ്രവേശം ചെയ്തു. ഓരോ സാഹിത്യകാരന്മാരും സ്വന്തം ഗോത്രഭാഷയിലാണ് ആശയ വിനിമയം നടത്തിയിരുന്നതെങ്കിലും സാഹിത്യ രചനകള്‍ പൊതുഭാഷയിലാണ് നിര്‍വഹിച്ചത്. മറ്റു ഗോത്രഭാഷകളെ അപേക്ഷിച്ച് മികവും തികവുമൊത്ത ഭാഷയായ ഖുറൈശികളുടെ അറബിയെയാണ് പൊതുഭാഷയായി പരിഗണിച്ചത്. ഈ ഖുറൈശി ഭാഷയിലൂടെയാണ് പ്രവാചകരുടെ കാലത്ത് അറബി സാഹിത്യത്തിന് സുവര്‍ണ്ണ മുഖം നല്‍കിക്കൊണ്ട് ഖുര്‍ആന്‍ കടന്നുവരുന്നത്. പ്രവാചകകാലത്തും ശേഷം വന്ന ഖിലാഫത്തുകളുടെ കാലത്തും ഇസ്ലാം പ്രചരിക്കുന്നിടത്തെല്ലാം ഖുര്‍ആനിലൂടെ അറബി ഭാഷയും കടന്നു ചെന്നു. അറബി ഭാഷയുടെ ഭാഷാശാസ്ത്രവും അലങ്കാര ശാസ്ത്രവും രൂപം പ്രാപിച്ച, അബ്ബാസികളുടെ പതനം വരെയുള്ള ഈ കാലഘട്ടം അറബി ഭാഷയുടെ സുവര്‍ണ കാലഘട്ടമായി കണക്കാക്കുന്നു.

ബാഗ്ദാദിന്‍റെ തകര്‍ച്ച അറബി ഭാഷയെയും തകര്‍ച്ചയിലേക്ക് വഴി നടത്തിയെങ്കിലും ഇസ്ലാമിക സമൂഹത്തിന് വിശുദ്ധ ഖുര്‍ആനുമായുള്ള ബന്ധം അറബി ഭാഷയുടെ പ്രൗഢിയും പ്രതാപവും ജനമനസ്സുകളില്‍ നിലനിര്‍ത്തി. പിന്നീട് അറബി ഭാഷയിലും സാഹിത്യത്തിലും ഉയര്‍ത്തെഴുന്നേല്‍പ്പ് ദൃശ്യമാകുന്നത് 1798-ല്‍ ഫ്രഞ്ച് സൈന്യം ഈജിപ്ത് കീഴടക്കിയതോടെയാണ്. പാശ്ചാത്യന്‍ നാഗരികതയും ജ്ഞാനോദയവും അറബ് ലോകത്ത് നവോത്ഥാനത്തിന് (نهضة) കളമൊരുക്കി. നെപ്പോളിയനൊപ്പം ഈജിപ്തിലെത്തിയ പണ്ഡിതന്മാരായിരുന്നു ഈ സാംസ്കാരിക സമ്പര്‍ക്കത്തിന് വിത്ത് പാകിയത്. ഇരുദേശങ്ങള്‍ തമ്മിലുള്ള വൈജ്ഞാനിക കൈമാറ്റങ്ങള്‍ അറബ് സാഹിത്യത്തിന് പുത്തനുണര്‍വ്വ് നല്‍കി. ഫ്രഞ്ചുകാര്‍ മടങ്ങിയ ശേഷവും മുഹമ്മദ് അലി പാഷയുടെ (1769-1849) നേതൃത്വത്തില്‍ ഈജിപ്തില്‍ ആധുനികവല്‍ക്കരണം നടന്നു കൊണ്ടേയിരുന്നു. ഇക്കാലത്ത് സിറിയ, ലബനാന്‍ തുടങ്ങിയ ദേശങ്ങളില്‍ നിന്നും സാഹിത്യകാരന്മാര്‍ ഈജിപ്തിലേക്ക് കുടിയേറി. സാഹിത്യരചനക്ക് പുറമെ അച്ചടിശാല, പ്രസിദ്ധീകരണ ശാലകൾ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും ഈജിപ്തില്‍ വ്യാപകമായി. അറബി സാഹിത്യത്തില്‍ അന്ന് വരെ നിലനിന്നിരുന്ന കാവ്യരചനകള്‍ക്ക് പുറമെ നാടകം, നോവല്‍, ചെറുകഥ തുടങ്ങിയവയും ഇക്കാലത്ത് വിരചിതമായി. വൈദേശിക സ്വാധീനത്തിന്‍റെ അനന്തര ഫലമായി, അറബി സാഹിത്യത്തിന്‍റെ നവോത്ഥാന പ്രക്രിയയില്‍ വ്യക്തമായ രണ്ട് മുഖ്യധാരാ സാഹിത്യ സംഘങ്ങള്‍ രൂപം കൊണ്ടു. അറബി ഭാഷയുടെ യഥാര്‍ഥ രൂപം നിലനിര്‍ത്തണമെന്ന് വാദിക്കുകയും ആ രൂപത്തില്‍ രചനകള്‍ നിര്‍വഹിക്കുകയും ചെയ്തു. യാഥാസ്ഥിതിക വിഭാഗമായിരുന്നു (മുഹാഫിളൂന്‍) ഒരു കൂട്ടര്‍. രണ്ടാമത്തെ വിഭാഗമാകട്ടെ, യൂറോപ്യന്‍ സംസ്കാരത്തിന്‍റെ ഉള്‍ച്ചേരലിനെയാണ് പ്രോത്സാഹിപ്പിച്ചത്.

യാഥാസ്ഥിതികരും കാല്പനികതയും

പാശ്ചാത്യ വാദവും പാരമ്പര്യ വാദവും ഇരുപക്ഷങ്ങളിലായി നിലയുറപ്പിച്ച കാലത്ത് ഒരു കൂട്ടം അറബി കവികള്‍ തങ്ങളുടെ കാവ്യ സൃഷ്ടികള്‍ക്ക് അബ്ബാസി കാലഘട്ടത്തിലെ സാഹിത്യ സൃഷ്ടികളെ മാതൃകയാക്കുകയും അതിനെ ഉള്‍ക്കൊള്ളുകയും ചെയ്തു. കാവ്യ ശൈലിയില്‍ ക്ലാസിക് രചനകളെ അനുകരിക്കുമ്പോള്‍ തന്നെ സമകാലിക സാമൂഹിക-രാഷ്ട്രീയ സംഭവ വികാസങ്ങളെ കവിതകളിലൂടെ ആവിഷ്കരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. പാരമ്പര്യ ശൈലി നിലനിര്‍ത്താന്‍ ആശയങ്ങളെ വരെ ബലികഴിക്കാന്‍ തയ്യാറായ ഇത്തരം സാഹിത്യകാരന്മാരുടെ കൃതികളില്‍ ആത്മാവിഷ്കാരവും ഭാവനയും കുറവായിരുന്നു. അറബി സാഹിത്യത്തിലെ പ്രമുഖരായ അഹ്മദ് ശൗഖി, ഹാഫിള് ഇബ്രാഹിം എന്നീ ഈജിപ്ഷ്യന്‍ കവികളും ജമീല്‍ സിദ്ഖി അസ്സഹാവി, മഅറൂഫ് റുസാഫി, മുഹമ്മദ് മഹ്ദില്‍ ജവാഹിരി തുടങ്ങിയ ഇറാഖി കവികളും ഈ ധാരയില്‍ പെട്ടവരായിരുന്നു. പില്‍ക്കാല സാഹിത്യ നിരൂപകന്മാര്‍ ഈ കവികളെ യാഥാസ്ഥിതികരെന്ന് (മുഹാഫിളൂന്‍) വിളിച്ചു. ഭാഷാശുദ്ധി, സംഗീതാത്മകത എന്നിവ നിറഞ്ഞതും, സമകാലിക രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതുമായ ഇത്തരം യാഥാസ്ഥിതിക കവിതകള്‍ ഇന്നും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ഫ്രഞ്ച് കവിതകള്‍ ധാരാളമായി വായിച്ചിരുന്ന ഖലീല്‍ മുത്റാനാണ് അറബി സാഹിത്യത്തില്‍ പാശ്ചാത്യ സാഹിത്യത്തിലേതിന് സമാനമായ കാല്പനിക ഭാവങ്ങള്‍ കൊണ്ടുവന്നത്. ആശയ തലത്തില്‍ കാല്‍പനിക ഭാവങ്ങള്‍ കൊണ്ടുവരുമ്പോഴും ഭാഷയില്‍ യാഥാസ്ഥിതിക ശൈലി ഒഴിവാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന് ശേഷം വന്ന ഇബ്രാഹിം അബ്ദുല്‍ ഖാദര്‍ അല്‍ മാസിനി, അബ്ദുറഹ്മാന്‍ ശുക്റി, അബ്ബാസ് മഹ്മൂദ് അല്‍ അഖാദ് എന്നിവരടങ്ങുന്ന കവിത്രയമാണ് ഖലീല്‍ മുത്റാന്‍റെ ആശയങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കിയത്. ഇംഗ്ലീഷ് സാഹിത്യത്തിലും റൊമാന്‍റിക് കവിതകളിലും ആകൃഷ്ടരായ ഇവര്‍ ശൗഖിയുടെയും മറ്റു ക്ലാസിക്കല്‍ രചയിതാക്കളുടെയും കവിതകളെ വിമര്‍ശിച്ചു. കവികള്‍ പ്രശംസാ കവിതകളും നിസ്സാരമായ സാമൂഹിക സന്ദര്‍ഭങ്ങളുടെ വര്‍ണ്ണനകളും രചിച്ച് കാവ്യകലയെ വ്യഭിചരിക്കുകയാണെന്ന് ഇക്കൂട്ടര്‍ വാദിച്ചു.

ഈ വീക്ഷണങ്ങള്‍, ഇബ്രാഹിം അബ്ദുൽ ഖാദർ  മാസിനി, അബ്ബാസ് മഹ്മൂദ് അഖാദ് എന്നിവർ സംയുക്തമായി രചിച്ച ‘അദ്ദീവാന്‍ ഫിന്നഖ്ദി വല്‍ അദബ്’ എന്ന സാഹിത്യ വിമര്‍ശന ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ചത് കൊണ്ട് തന്നെ ഇവര്‍ ‘ദീവാനികള്‍’ എന്ന പേരില്‍ അറിയപ്പെട്ടു. കവിതകളില്‍ കാല്പനിക ഭാവങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കിലും അബ്ബാസി കവികളുടെ ഭാഷാപ്രയോഗ രീതിയില്‍ നിന്നും രചനാ ശൈലിയില്‍ നിന്നും മുക്തമാവാന്‍ ഇവര്‍ക്കും കഴിഞ്ഞിരുന്നില്ല.

തര്‍ക്കം തുടക്കങ്ങള്‍ക്ക് വഴിമാറുന്നു

1940 ആകുമ്പോഴേക്കും യാഥാസ്ഥിതികരും ദീവാനികളും തമ്മിലുള്ള സാഹിത്യ സംഘട്ടനം മുറുകുകയുണ്ടായി. ഇതിന് പുറമേ കവിത്രയങ്ങള്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ശുക്റി, മാസിനി, അഖാദ് എന്നിവര്‍ക്കിടയിലും അഭിപ്രായ ഭിന്നതകള്‍ പ്രകടമായി. അബ്ദുറഹ്മാന്‍ ശുക്റി, അബ്ദുല്‍ ഖാദർ അൽ മാസിനിയുടെ കവിതകള്‍ ഇംഗ്ലീഷ് സാഹിത്യരചനകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് വാദിച്ചതോടെയാണ് ദീവാന്‍ സംഘത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. മാസിനിയുടെ കവിതകള്‍ ജര്‍മ്മന്‍ കവി ഹെന്‍റിച്ച് ഹെയ്ലിന്‍റെയും ബ്രിട്ടീഷ് കവി ഷെല്ലിയുടെയും രചനകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും അതു മൗലികമല്ലെന്നും ശുക്റി വാദിച്ചു. പ്രശ്നം രൂക്ഷമാവുകയും ദീവാന്‍ സംഘത്തിന്‍റെ സാഹിത്യ മുന്നേറ്റം നിലക്കുകയും ചെയ്തു. മൂന്നാമനായിരുന്ന അബ്ബാസ് മഹ്മൂദ് അഖാദ് മുഹമ്മദ് മാസിനിയുടെ പക്ഷം ചേര്‍ന്നതോടെ ഒറ്റപ്പെട്ട ശുക്റി, തന്‍റെ ഏഴാം കവിത സമാഹാരം പുറത്തിറക്കിക്കൊണ്ട് കാവ്യജീവിതം അവസാനിപ്പിച്ചു. മാസിനിയും കവിതാ രചനയില്‍ നിന്ന് മാറിനിന്നു. അദ്ദേഹം ശിഷ്ട കാലം കഥാരചനയിലും മാധ്യമ പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അവശേഷിച്ച അഖാദ്, വിലാപ കാവ്യങ്ങളിലൂടെയും പ്രശംസാകാവ്യങ്ങളിലൂടെയും കവിതയില്‍ തന്നെ തുടര്‍ന്നെങ്കിലും തന്‍റെ കവിതകളെ യാഥാസ്ഥിതികതയില്‍ നിന്ന് മുക്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അറേബ്യന്‍ സാഹിത്യത്തില്‍ പ്രതിഫലിച്ചു തുടങ്ങിയിരുന്ന കാല്പനികത മാഞ്ഞു തുടങ്ങിയ ഈ സാഹചര്യത്തിലാണ് പുതിയൊരു സാഹിത്യ സംഘത്തിന്‍റെ ഉദയത്തിന് നിലമൊരുങ്ങുന്നത്. തുടര്‍ന്ന് യാഥാസ്ഥിതികരുടെ നവോത്ഥാന പുരോഗമന രചനകളും ദീവാന്‍ സംഘത്തിന്‍റെ ബൗദ്ധിക രചനകളും ആവശ്യാനുസരണം പരിഗണിച്ചുകൊണ്ട് അപ്പോളോ പ്രസ്ഥാനം രൂപംകൊണ്ടു.

മുഹാഫിളൂന്‍, ദീവാന്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മാത്രമല്ല അപ്പോളോയുടെ വളര്‍ച്ചയ്ക്ക് നിദാനമായത്. അക്കാലത്ത് ഈജിപ്തില്‍ നിന്ന് ഫ്രാന്‍സിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പോയി പഠിച്ചിരുന്നവര്‍ പാശ്ചാത്യ സാഹിത്യത്തിലേതിന് സമാനമായ കാല്പനിക കവിതകള്‍ അറബിയില്‍ രചിച്ചിരുന്നു. മാതൃരാജ്യത്തിനായി കൊതിക്കുകയും നാടുവിട്ട വേദന പങ്കുവെക്കുകയും ചെയ്യുന്ന കുടിയേറ്റ കവിതകളും അറബികളെ ആകര്‍ഷിച്ചിരുന്നു. ഈ രണ്ടു പുതിയ കവിതാ രീതികളോടുള്ള അഭിനിവേശവും അപ്പോളോ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചുവെന്ന് പറയാം.

അപ്പോളോ സാഹിത്യ പ്രസ്ഥാനം: ഉത്ഭവവും വളര്‍ച്ചയും

പാശ്ചാത്യ സാഹിത്യത്തിന്‍റെ സ്വാധീനത്തിന് വിധേയനായിരുന്ന അഹ്മദ് സക്കി അബൂ ശാദിയുടെ നേതൃത്വത്തില്‍ 1932 സെപ്റ്റംബറിലാണ് അപ്പോളോ പ്രസ്ഥാനം (മദ്റസത്തു അപ്പോളോ) നിലവില്‍ വന്നത്. അപ്പോളോ എന്ന പേരിന് പിന്നിലും പാശ്ചാത്യ സ്വാധീനമുണ്ടായിരുന്നു. കവിതയുടെയും കലയുടെയും ദേവനായി ഗ്രീക്കുകാര്‍ കരുതുന്ന അപ്പോളോ ദേവന്‍റെ പേരാണ് ഈ സംഘത്തിന് നല്‍കപ്പെട്ടത്. മുഹാഫിളൂന്‍, ദീവാന്‍ എന്നീ രണ്ടു വിഭാഗങ്ങളിലെയും കവികള്‍ ഈ സംഘത്തിലുണ്ടായിരുന്നു. അറബി സാഹിത്യത്തെ പാശ്ചാത്യ സാഹിത്യത്തോടടുപ്പിക്കാനും അറബി സാഹിത്യത്തിന്‍റെ പാശ്ചാത്യവത്കരണത്തിന് പ്രചോദനമാവാനുമാണ് ഈ സംഘം രൂപം കൊണ്ടത്. പ്രശസ്ത കവി അഹ്മദ് ശൗഖിയുടെ
അധ്യക്ഷതയില്‍ അപ്പോളോയുടെ പ്രഥമ യോഗം 1932-ല്‍ ചേര്‍ന്നു. അധികം വൈകാതെ ശൗഖി മരണപ്പെടുകയും, ഖലീല്‍ മുത്റാന്‍ പ്രസ്ഥാനത്തിന്‍റെ അധ്യക്ഷനാവുകയും അബൂ ശാദി സെക്രട്ടറി പദവി അലങ്കരിക്കുകയും ചെയ്തു.

ഒരു പ്രത്യേക കവിക്കോ സാഹിത്യകാരനോ വേണ്ടി പക്ഷം ചേരുന്നതിനെ എതിര്‍ക്കുക, സാഹിത്യകാരന്മാര്‍ക്കിടയിലുള്ള വടംവലി അവസാനിപ്പിച്ചു രമ്യതയിലെത്തുക, അറബി കവിതയുടെ വികാസത്തിനും കവികളുടെ ശരിയായ മാര്‍ഗദര്‍ശനത്തിനും ശ്രമിക്കുക, സാഹിത്യ-സാമൂഹിക മേഖലകളില്‍ കവികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, കവിതാ ലോകത്തിന്‍റെ നവോത്ഥാനത്തിന് പ്രോത്സാഹനമാവുക തുടങ്ങിയവയായിരുന്നു പ്രസ്ഥാനത്തിന്‍റെ മുഖ്യ ലക്ഷ്യങ്ങള്‍.
ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സാഹിത്യകാരന്മാര്‍ കാര്യമായി പ്രവര്‍ത്തിച്ചെങ്കിലും മൂന്നുവര്‍ഷം മാത്രമേ അപ്പോളോ സജീവമായി നിലനിന്നിരുന്നുള്ളൂ. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ അറബി സാഹിത്യ ചരിത്രത്തില്‍ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഈ സംഘത്തിന് കഴിഞ്ഞിരുന്നു.

ശൈലീമാറ്റം, കാല്പനിക പ്രതിഫലനം

അപ്പോളോ പ്രസ്ഥാനം നിലവില്‍ വന്നതോടെ കവിതയുടെ ശൈലികളിലും വര്‍ണ്ണനകളിലും മാറ്റം വരാന്‍ തുടങ്ങി. വലിച്ചു നീട്ടിയ വാക്യങ്ങളിലൂടെ സങ്കീര്‍ണ്ണമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം ചുരുങ്ങിയ വാക്കുകളില്‍ വിശാലമായ അര്‍ത്ഥം ദ്യോതിപ്പിക്കുന്ന കവിതകള്‍ രചിക്കപ്പെട്ടു തുടങ്ങി. മറ്റെല്ലാ കവിതകളേക്കാളും കാല്പനിക കവിതകള്‍ക്ക് പ്രചാരം ലഭിച്ചു തുടങ്ങി. കാരണം അത്തരം കവിതകള്‍ ആളുകള്‍ക്ക് കൂടുതല്‍ മനസ്സമാധാനവും ആശ്വാസവും പ്രദാനം ചെയ്യുന്നവയായിരുന്നു.

ജാഹിലിയ്യ കാലം മുതലുള്ള രചനകളില്‍, ഒരേ കവിതയില്‍ തന്നെ വ്യത്യസ്ത സംഭവങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളിക്കുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. അവ പരസ്പര ബന്ധിതമായിരുന്നില്ല. എന്നാല്‍ അപ്പോളോ പ്രസ്ഥാനം മുന്നോട്ടുവെച്ച രചനാശാസ്ത്ര പ്രകാരം കവിതയിലെ വിഷയങ്ങള്‍ പരസ്പര ബന്ധിതമായിരിക്കണം. കവിത രചിക്കുമ്പോള്‍ പാലിക്കേണ്ട പല രീതിശാസ്ത്രങ്ങളും (ഇല്‍മുല്‍ അറൂള് ) അന്ന് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇത്തരം രീതിശാസ്ത്രങ്ങള്‍ക്ക് പുറത്ത് നിന്ന് കൊണ്ട് തന്റെ ഭാവനകളെ സ്വന്തം അച്ചുകളില്‍ വാര്‍ത്ത് കവിതകള്‍ സൃഷ്ടിക്കുന്ന ‘സ്വതന്ത്ര കവിത’ എന്ന രചനാ രീതിക്ക് അക്കാലത്ത് വലിയ സ്വാധീനമുണ്ടായിരുന്നു. ആളുകള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തില്‍ കവിതയുടെ ആശയം ഒന്നോ രണ്ടോ വരികളിൽ അവതരിപ്പിക്കപ്പെടുന്ന ശൈലിയാണിത്. അപ്പോളോ പ്രസ്ഥാനം, പൊതു നിയമങ്ങള്‍ മുന്‍നിര്‍ത്തിയെഴുതുന്ന കവിതകളെ (ശിഅറു മുര്‍സല്‍) സംരക്ഷിക്കുന്നതോടൊപ്പം തന്നെ ഇത്തരം സ്വതന്ത്ര രചനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

അപ്പോളോ കവിതകളുടെ പ്രമേയ വിഷയങ്ങളും വ്യത്യസ്തമായിരുന്നു. അറബി സാഹിത്യത്തില്‍ അന്ന് വ്യാപകമായി കവിതകള്‍ രചിക്കപ്പെട്ടിരുന്നത് പ്രശംസ (മദ്ഹ്), വിലാപം (റസാഅ്), ആക്ഷേപം (ഹിജാഅ്) എന്നീ ഭാവങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. അപ്പോളോ പ്രസ്ഥാനം നിലവില്‍ വന്നതോടെ കവികള്‍ സ്വന്തം അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ മാനസികാവസ്ഥകളിലൂടെയും വിഷയങ്ങളെ സമീപിക്കാന്‍ തുടങ്ങി. പ്രകൃതിസൗന്ദര്യം, ദേശസ്നേഹം, പ്രണയം, സാമൂഹിക പ്രശ്നങ്ങള്‍, മോഹങ്ങള്‍, ജീവിതപഥങ്ങള്‍ എന്നിവ കവിതകളുടെ ചര്‍ച്ചാവിഷയമായി മാറി. സമകാലിക സംഭവങ്ങളെ സമീപിക്കാനും പൊതുസമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനും അക്കാലത്തെ കവിതക്ക് സാധിച്ചിരുന്നു.

അപ്പോളോ കവിതകളുടെ ഭാഷ മാന്യമായിരുന്നു. ആളുകളുടെ ചിന്തകളെ പ്രചോദിപ്പിക്കുന്ന വരികളും വര്‍ണ്ണനകളും കവിതകളില്‍ കോര്‍ത്തിണക്കപ്പെട്ടിരുന്നു. വരികള്‍ക്ക് താളം നല്‍കുന്ന അവതരണ തലങ്ങള്‍, വസ്തുക്കളോട് സഹാനുഭൂതി പ്രകടമാക്കുന്ന അര്‍ത്ഥ തലങ്ങള്‍, നിര്‍ജീവ വസ്തുക്കള്‍ക്ക് ജീവന്‍ നല്‍കുന്ന ഭാവനാതലങ്ങള്‍ എന്നിങ്ങനെ ഭാഷയെ ഏറ്റവും നന്നായി ഉപയോഗിക്കുക എന്ന തത്വമായിരുന്നു അപ്പോളോ കവികള്‍ സ്വീകരിച്ചിരുന്നത്.

അപ്പോളോ: ശില്‍പികളും വക്താക്കളും

താരതമ്യേന സമൂഹത്തില്‍ അംഗീകാരം ലഭിക്കാതിരുന്ന യുവകവികളെയും സാഹിത്യകാരന്മാരെയും തങ്ങളിലേക്ക് ആകര്‍ഷിച്ചാണ് അപ്പോളോ പ്രസ്ഥാനം വളര്‍ന്നത്. അപ്പോളോയുടെ വക്താക്കളായി ഖലീല്‍ മുത്റാന്‍, അഹ്മദ് സകി അബൂ ശാദി, അബുല്‍ ഖാസിം അശ്ശാബി എന്നീ മുഖ്യധാര കവികള്‍ തന്നെയുണ്ടായിരുന്നു. ഡോ. ഇബ്രാഹിം നാജി, അലി മഹ്മൂദ് ത്വാഹ, അഹ്മദ് ശായിബ് എന്നിങ്ങനെ അപ്പോളോ സംഘത്തെ സജീവമാക്കി നിലനിര്‍ത്തിയ മറ്റു സാഹിത്യകാരന്മാരുമുണ്ട്. നാജിയുടെ ‘വറാല്‍ ഗമാം’, മഹ്മൂദ് അബുല്‍ വഫായുടെ ‘അല്‍ അന്‍ഫാസുല്‍ മുഹ്തരിഖ’, അബൂ ശാദിയുടെ ‘ശുഅ്ല’ എന്നീ രചനകളില്‍ അപ്പോളോ പ്രസ്ഥാനത്തിന്‍റെ സ്വാധീനം തെളിഞ്ഞു കാണാം.

അപ്പോളോ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചത് അപ്പോളോ മാസികയാണ്. 1932-ല്‍ അബൂശാദിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരണമാരംഭിച്ച ഈ മാസിക അറബി ഭാഷയില്‍ കവിതയും അതിന്‍റെ പഠന-നിരൂപണങ്ങളും മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് പ്രകാശിതമായ ആദ്യ മാസികയാണ്. മാസികയില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന പല നിരൂപണങ്ങളും അറബ് ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അപ്പോളോ പ്രസ്ഥാനം നിര്‍ജ്ജീവമായതോടെ മാസികയും പ്രസാധനം അവസാനിപ്പിച്ചു.

പാശ്ചാത്യ സാഹിത്യത്തില്‍ നിന്നും മാതൃകകളെ ഉള്‍ക്കൊണ്ട് അറബി സാഹിത്യത്തില്‍ കവിതക്കും കവിതാ നിരൂപണത്തിനും പുതിയൊരു തലം തന്നെ സൃഷ്ടിച്ചു എന്നതാണ് അപ്പോളോ സാഹിത്യ പ്രസ്ഥാനത്തിന്‍റെ ഏറ്റവും വലിയ സംഭാവന. അറബി ഭാഷ മാതൃഭാഷയല്ലാത്തവരുടെ ഹൃദയങ്ങളില്‍ പോലും അറബി സാഹിത്യത്തോടും കവിതകളോടുമുള്ള അഭിലാഷം ജനിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അപ്പോളോ സാഹിത്യകാരന്മാരും നിരൂപകരും നടത്തിയ വിമര്‍ശനങ്ങളും പഠനങ്ങളും പുതുതലമുറക്ക് ആശ്രയിക്കാവുന്ന ഒരു വലിയ വിജ്ഞാന സ്രോതസ്സാണ്. അറബി ഭാഷയും സാഹിത്യവും ചര്‍ച്ച ചെയ്യുന്നിടത്തോളം കാലം അപ്പോളോ പ്രസ്ഥാനത്തിന്‍റെ അടയാളപ്പെടുത്തലുകളും സ്മരിക്കപ്പെട്ടുകൊണ്ടിരിക്കും.

References
-ഇസ്ലാമിക വിജ്ഞാനകോശം (IPH Books, Kozhikode)
-An Introduction to the History of Modern Arabic Literature in Egytpt- J.Brugman (Brill Publishers, Netherlands)
-Role of Abbas Mahmud al-Aqqad In Diwan Movement (www.ljcrt.org)
-Modern Arabic Literature- Reuven Snir (www.academia.edu)

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading