മാപ്പിളപ്പാട്ട്: അറബിമലയാളത്തിന്റെ കാവ്യപഥം, കേരളീയ സംസ്കൃതിയുടെ ജീവതാളം

മലയാള സഹിത്യഭൂപടത്തിലെ തിളക്കമുള്ള ഒരധ്യായമാണ് മാപ്പിളപ്പാട്ട് സാഹിത്യം.
നൂറ്റാണ്ടുകളായി മലബാറിലെ മുസ്ലീം ജനതയുടെ (മാപ്പിളമാർ) ജീവിതം, സ്വപ്‌നങ്ങൾ, വിശ്വാസം, പ്രതിരോധം എന്നിവയുടെയെല്ലാം നേർചിത്രമായി ഈ കാവ്യധാര ഒഴുകുന്നു. കേവലമായ പാടി പറയലിനപ്പുറം, ജീവിതഗന്ധിയായി നിലകൊള്ളുന്ന മാപ്പിളപ്പാട്ട്, ഒരു ജനതയുടെ തന്നെ സന്ദേശവാഹകമായിമാറി. സാമുദായിക സമുദ്ധാരണത്തിനും ആത്മീയ കെട്ടുറപ്പിനും സാമൂഹിക സാംസ്കാരിക ഐക്യത്തിനും സുരക്ഷിതത്വത്തിനും വേണ്ട സംവിധാനങ്ങളെ എങ്ങനെയെല്ലാം ഒരുക്കി തയ്യാറാക്കാം എന്നതിന്റെ ആലോചനയായി  മാപ്പിളമാരുടെ പാട്ടെഴുത്തിനെയും പാട്ടാലാപനത്തെയും വായിച്ചെടുക്കാനാവും.

മതം പഠിക്കാനും പഠിപ്പിക്കാനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് സമുദായത്തെ സജ്ജമാക്കാനും അവർക്ക് ധാർമിക ആവേശം നൽകാനും പൂര്‍വ്വികരുടെ പ്രധാന സാഹിത്യവഴി പാട്ടായിരുന്നു. പതിറ്റാണ്ടുകള്‍ക്കപ്പുറം മാപ്പിളയുടെ കര്‍മവും ചിന്തയും ഉടലേകിയ  അറബി-മലയാള ലിപി അതിന്റെ മാധ്യമവുമായി നിലകൊള്ളുകയും ചെയ്തു. കണ്ടെത്തിയതിൽ വച്ച് ആദ്യ മാപ്പിളരചനയായി വിലയിരുത്തുന്ന മുഹിയിദ്ദീന്‍ മാല മുതല്‍ തുടങ്ങുന്നു അതിന്റെ നാൾ വഴികൾ. കൊളോണിയല്‍ കാലത്തെ മുസ്ലിം ഉമ്മത്തിന്റെ അസ്ഥിത്വപ്രതിസന്ധിയെ നേരിടാന്‍ ആത്മീയ ചാരുതയിൽ ചാലിച്ചെഴുതിയ ഖാളി മുഹമ്മദിന്റെ മുഹിയിദ്ദീന്‍മാലക്കു ശേഷം നൂറ്റിമുപ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞുവന്ന അറബി മലയാള കൃതികളും കാവ്യ രൂപങ്ങളിൽ തന്നെ രചയിതമായി.

കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കപ്പപ്പാട്ട്. ഖാളി മുഹമ്മദിനെ പോലെ വ്യത്യസ്ത ശൈഖന്മാരുടെ മുരീദന്മാരും തങ്ങളുടെ ശൈഖിനെ പ്രകീര്‍ത്തിച്ച് കാവ്യങ്ങളെഴുതിയിരുന്നു രിഫാഈ മാല, ശാദുലി മാല, ശാഹുല്‍ ഹമീദ് മാല, സുഹ്‌റവര്‍ദി മാല, മമ്പുറം മാല, ജിഫ്രി മാല, മഖ്ദൂം മാല എന്നിവയൊക്കെ ആത്മീയതയുടെ അനശ്വരമായ ഉള്‍ക്കരുത്തുകൊണ്ട് രൂപാന്തരം പ്രാപിച്ച വിസ്മയങ്ങളായിരുന്നു. അതുപോലെ, ഒട്ടേറെ കത്തു പാട്ടുകളും  ഖിസ്സ പാട്ടുകളും മാപ്പിള മദ്ഹ് ഗാനങ്ങളും സമുദായിക സാഹിത്യവാസനകളിൽ നിന്ന് പിറവി കൊണ്ടു. ദീനിനെ നന്നായി അറിയുകയും ജീവിതാനുഭവമാക്കുകയും ചെയ്തിരുന്ന ദാര്‍ശനികരായ സ്വാതികരായിരുന്നു മാപ്പിള മലയാളത്തിന്റെ പുതിയ പരിസരങ്ങളിൽ സാഹിത്യ സൗരഭ്യങ്ങൾ നിറച്ചിരിക്കുന്നത്.

പാട്ടെഴുത്തിലെ മുസ്‌ലിയാര്‍ സാന്നിധ്യം തന്നെ അക്കാലത്തെ പാട്ടിന്റെ മതകീയ പൈതൃകങ്ങളെ ഓര്‍മപ്പെടുത്തുന്നു. ഓത്തു പള്ളികളിലിരുന്നും ദര്‍സ് കിതാബുകൾ ഓതി കൊടുക്കുന്നതിന്റെ  ഒഴിവു സമയങ്ങളിലുമാണ്  പൂര്‍വ്വികര്‍ പേനയെടുത്തത്. ജനസമ്പര്‍ക്കമുള്ള പള്ളിപ്പരിസരങ്ങളില്‍ ആശയാദർശ കൃത്യതയുടെ വിസ്മയം പകര്‍ത്തിവെച്ച് നവോത്ഥാന – സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു തുരുത്തുകൂടി അവര്‍ കാണിച്ചുതന്നു. മമ്പുറം തങ്ങള്‍(റ) ഔക്കോയ മുസ്‌ലിയാരോട് കവിത പള്ളി മിഹ്‌റാബില്‍ കുറിച്ചുവെക്കാന്‍ പറഞ്ഞതും നല്ലളം ബീരാന്‍ കവിത ഹൗളിന്റെയടുത്ത് എഴുതിവെച്ചതും ഏതുകാലത്തെ ജനതയുടെ ബോധത്തിലും തങ്ങളുടെ സന്ദേശവാക്യം ഉണ്ടാവണേ എന്ന ഹൃദയസ്പർശമായ പ്രാര്‍ത്ഥനയായിരുന്നു.

കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത കടമേരി പ്രദേശത്ത് ഒരു പള്ളിയുണ്ട്. അതിന്റെ ഇരുപുറം ചുമരും നിറയെ കവിത എഴുതിവെച്ചതായികാണാം. മസ്ജിദുല്‍ അബിയാത് (പാട്ടുകളുടെ പള്ളി) എന്നാണ് അതിന്റെ പേരുതന്നെ. പ്രാര്‍ത്ഥനകളും ദര്‍ശനങ്ങളും ചരിത്രകൗതുകങ്ങളും നിറഞ്ഞതായിരുന്നു അവയിലെ വരികള്‍. ദാര്‍ശിക ജീര്‍ണതകള്‍ക്ക് എതിരായും ചുറ്റുപാടിന്റെ അരുതായ്മകള്‍ക്ക് എതിരായും അക്ഷരങ്ങളുടെ വിപ്ലവ ഭൂമിക തീർക്കുകയായിരുന്നു അവര്‍. കാവ്യാരംഭത്തിലും അവസാനത്തിലും ദുആകള്‍ എഴുതിവെച്ച് തങ്ങളുടെ ജീവിതനിര്‍വ്വഹണം ഏതു നിമിഷവും ദൈവിക അര്‍പ്പണബോധത്തിലായിരിക്കണമെന്ന വിശുദ്ധമനസ്സും അവർ കാത്തു സൂക്ഷിച്ചു.

മാപ്പിളപ്പാട്ട് സാഹിത്യം: പിറവിയിലെ എഴുത്തിടങ്ങൾ

മാപ്പിള സാഹിത്യം മലയാള സാഹിത്യ ശാഖകളിലെ സവിശേഷമായൊരു ഭാഗമാണ്. വ്യത്യസ്തങ്ങളായ രൂപങ്ങളിൽ അത് നിലനിൽക്കുന്നു. മാപ്പിള സാഹിത്യ കൃതികളില്‍ ഇന്ന് കണ്ടു കിട്ടിയതില്‍ ഏറ്റവും പഴക്കം ചെന്ന കൃതി  മുഹ്‌യിദ്ദീന്‍ മാലയാണ്. കോഴിക്കോട്  ഖാളി മുഹമ്മദ് , ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ അത്ഭുത സിദ്ധികളെ പ്രകീര്‍ത്തിച്ചുകൊണ്ട് രചിച്ച സാഹിത്യവരികള്‍ക്ക് 375 വര്‍ഷത്തോളം പഴക്കമുണ്ട്. കൊല്ലവര്‍ഷം 782 ലാണ് അത് രചിക്കപ്പെട്ടിട്ടുള്ളത് എന്ന് ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നു. ഹി:1025 റബീഉല്‍ അവ്വല്‍ 5 ന് ബുധനാഴ്ചയാണ് ഖാളി മുഹമ്മദ് ഇഹലോകവാസം വെടിഞ്ഞത്.

പ്രസിദ്ധമായ മുഹ്‌യിദ്ദീന്‍ മാലക്കു ശേഷം  രചിക്കപ്പെട്ട രണ്ടാമത്തെ കൃതി കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍ മാലയാണ്. റസൂല്‍ തിരുമേനിയോടുള്ള ഭക്തിയാദരങ്ങളെ കാവ്യ രൂപത്തിലായി പ്രതിപാദിക്കുന്ന കീര്‍ത്തനങ്ങളാണിത്. പ്രസ്തുത രചന ഹി: 1151 ലാണ്. അതായത് മുഹ്‌യിദ്ദീന്‍ മാലക്കും നൂല്‍മാലക്കും ഇടയില്‍ 130 വര്‍ഷത്തെ പഴക്കമുണ്ട്. ഈ കാലയളവില്‍  മറ്റു കാവ്യ രചനകൾ വിരചിതമായിട്ടില്ല എന്നതിനേക്കാള്‍ അത് നമ്മുടെ അറിവില്‍ വന്നില്ല എന്നതാണ് കൂടുതല്‍ യുക്തിസഹം.

കുളങ്ങര വീട്ടില്‍ മൊയ്തുട്ടി മുസ്‌ലിയാരുടെ ‘സഫലമാലയും’ ആധ്യാത്മിക കൃതികളുടെ കൂട്ടത്തില്‍ എടുത്തു  പറയാവുന്നതാണ്. അതില്‍ ലോകോല്‍പത്തി മുതല്‍ നടന്ന പല സംഭവങ്ങളും പ്രതിപാദിക്കുന്നുമുണ്ട്. മാപ്പിള കവികളില്‍ പ്രഥമ സ്ഥാനിയന്‍ മഹാകവി  മോയിന്‍കുട്ടി വൈദ്യര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ബദര്‍ പടപ്പാട്ട്, ഉഹ്ദ് പടപ്പാട്ട്, ഹിജ്‌റ, ബദറുല്‍മുനീര്‍ – ഹുസ്‌നുല്‍ ജമാല്‍, മതനിധി മാല തുടങ്ങിയ കൃതികള്‍ ഇന്നും മാപ്പിള സമുദായ സിരകളിൽ ആവേശം കൊള്ളിക്കുന്നതാണ്, കൊല്ലവര്‍ഷം 1066 ല്‍ തന്റെ 39 -ാം വയസ്സില്‍ ആ കാവ്യവചസ്സ് കാലഗതിയടഞ്ഞു.

പാട്ട് വഴിയിലെ അതികായന്മാർ

പ്രസിദ്ധരായ ധാരാളം മാപ്പിള കവികള്‍  സുവർണ്ണ ലിപികളിലായി സഹൃദയരിലെ പാട്ടോർമകളിൽ ഇന്നും നിലകൊള്ളുന്നു.
ഖാളി മുഹമ്മദ്, അഞ്ച് നൂറ്റാണ്ട് മുമ്പ് കേരളത്തില്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടുകയും യുദ്ധകാവ്യം കൊണ്ട് സാമ്രാജ്യത്വ വിരുദ്ധ സമര മുഖങ്ങളെ  പ്രചോദിപ്പിക്കുകയും
ആവേശം പകരുകയും ചെയ്ത സര്‍ഗധനനായ പോരാളിയാണ് കോഴിക്കോടുകാരനായ ഖാളി മുഹമ്മദ്.

ഹിന്ദു – മുസ്‌ലിം ഐക്യ സന്ദേശം വിളിച്ചോതുന്ന ചാലിയം യുദ്ധത്തെപ്പറ്റിയും അതിലെ സാമൂതിരി പക്ഷത്തിന്റെ വിജയത്തെപ്പറ്റിയും ഖാളി  മുഹമ്മദിന്റെ ‘ഫത്ത്ഹുല്‍ മുബീനില്‍ നിന്നും വായിച്ചെടുക്കാം. കൊളോണിയല്‍ വിരുദ്ധ പോരാട്ട രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ മഹത്തരവും സുപ്രധാനവുമായ സംഭാവന ഈ യുദ്ധകാവ്യമാണ്. സാമൂതിരി രാജാവും മുസ്‌ലിംകളും ചേര്‍ന്നു മലബാര്‍ തീരത്തെ പോര്‍ച്ചുഗീസുകാരുടെ തന്ത്രപ്രധാനമായ  കേന്ദ്രമായ ചാലിയം കോട്ട ജയിച്ചടക്കിയ സമാനതകളില്ലാത്ത  ഐതിഹാസിക ചരിത്ര സംഭവത്തിന്റെ സാഹിത്യ വിവരണമാണ് 517 വരികളുള്ള ഈ അറബി കാവ്യത്തിന്റെ ഉള്ളടക്കം

കൂടാതെ, വ്യാപാരത്തിലൂടെ കേരളത്തില്‍ രാഷ്ട്രീയ മേല്‍ക്കോയ്മ സ്ഥാപിചെടുത്ത പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ സാമ്പത്തിക – സാംസ്‌കാരിക പ്രത്യാഘാതങ്ങളിലേക്കും അത് വെളിച്ചം വീശുന്നുണ്ട്. അതുപോലെത്തന്നെ സാമ്രാജ്യത്വത്തിന്റെയും കുത്തകവത്കരണത്തിന്റെയും പ്രത്യാഘാതങ്ങളും അതിനു ശേഷം വിവരിക്കുന്നു. നിര്‍ണ്ണായകമായ ഒരു യുദ്ധത്തില്‍ മുസ്‌ലിംകളുടെ കൂടെ അവസാനം വരെ ഉറച്ചു നിന്ന സാമൂതിരിയുടെ നിലപാട് മുസ്‌ലിം നാടുകളില്‍ പ്രചരിപ്പിക്കുകയും അധിനിവേശ ശക്തികള്‍ക്കെതിരെ കേരളത്തിലെ രണ്ടു പ്രബല മത സമുദായങ്ങൾക്ക് ഇടയിൽ ഐക്യപ്പെട്ടതിന്റെയും ഒരുമയുടെയും അന്നുവരെ കാണാത്ത  സദ്ഫലം ഇന്ത്യക്ക് അകത്തും പുറത്തും ഉള്ളവരെ ബോധ്യപ്പെടുത്താനുമാണ് മുഹമ്മദ് ഇതിലൂടെ ലക്ഷ്യമിട്ടത്.

ഫത്ഹുല്‍ മുബീന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഒരു ശ്രദ്ധേയ രചന അറബിമലയാളത്തിലെഴുതിയ മുഹ്‌യിദ്ദീന്‍ മാലയാണ്. പ്രമുഖ സൂഫി വര്യനായ ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ മഹത്വങ്ങൾ വാഴ്ത്തി പാടുന്ന ഈ കാവ്യം അറബിമലയാളത്തിലെ ആദ്യ രചനയാണെന്നാണ് പറയപ്പെടുന്നത്. 
തുഞ്ചത്ത് എഴുത്തച്ഛന്‍ സംസ്‌കൃതവും മലയാളവും ഉചിതമായി തന്റെ കൃതികളില്‍ സംയോജിപ്പിച്ച് കേരളത്തിന്റെ ഭാഷാ സംസ്‌കാരത്തിന്റെ പരിപോഷണ  കാലത്തു തന്നെയാണ് ഖാളി മുഹമ്മദ് അറബിയും മലയാളവും സുന്ദരമായി സമന്വയിപ്പിച്ച് പ്രശസ്തമായ മുഹ്‌യിദ്ദീന്‍ മാല രചിച്ചത്.

സാഹിത്യം നിറഞ്ഞു കവിയുന്ന സാഹിത്യ ധാരയാണ് മുഹ്‌യിദ്ദീന്‍ മാല. മുഹ്‌യിദ്ദീന്‍ മാല കേവലം ഒരു കൃതി എന്നതിനപ്പുറത്ത് അടിസ്ഥാന പ്രമാണമായി തിരഞ്ഞെടുത്ത ഒരു സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ അടിയാധാരമായ തൗഹീദിന് കോട്ടം തട്ടും എന്ന് ഭയപ്പെട്ടാണ്  ചില പരിഷ്‌കര്‍ത്താക്കള്‍ മാലക്കെതിരെ ശബ്ദിച്ചതെന്ന് പറയപ്പെടുന്നു. പക്ഷേ ഖാളി മുഹമ്മദിന്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ ഇതൊരു തടസ്സമാകേണ്ടതില്ല. ഹിജ്‌റ 1025 ( ക്രി:1616) ല്‍ ഖാദി മുഹമ്മദ് ഇഹലോക വാസം വെടിഞ്ഞ് അല്ലാഹുവിലേക്ക് യാത്രയായി. കോഴിക്കോട് മിശ്കാല്‍ പള്ളിക്കു സമീപമുള്ള ഖബര്‍സ്ഥാനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

കുഞ്ഞായിന്‍ മുസ്‌ലിയാര്‍, മർമ്മത്തിൽ നര്‍മ്മം ചാലിച്ച  രസികനും ഫലിത പ്രിയനുമായ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പ്രതിഭാധനനായ മഹാകവിയും പണ്ഡിത വര്യനുമായിരുന്നു. ഏകദേശം മൂന്നു നൂറ്റാണ്ട് മുമ്പാണ് ഇദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ജനന പ്രദേശത്തെ കുറിച്ചും സമയത്തെ  കുറിച്ചും ചില ഭിന്നാഭിപ്രായങ്ങള് നിലനിൽക്കുന്നുവെങ്കിലും തലശ്ശേരി നഗരത്തില്‍ സൈദാര്‍ പള്ളിക്കടുത്തുള്ള മക്കറയില്‍ എന്ന വീട്ടിലാണദ്ദേഹം ജനിച്ചതെന്നും അത് എ.ഡി 1700 ലോ അതിനല്‍പ്പം മുമ്പോ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. അക്കാലത്തെ ഉന്നത വിദ്യാപീഠമായിരുന്ന പൊന്നാനിയിൽ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

കവി സാമ്രാട്ടായ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പഠന കാലത്തുതന്നെ സുന്ദരമായ കവിതകള്‍ അറബിയിലും അറബിമലയാളത്തിലും അദ്ദേഹം രചിക്കുമായിരുന്നു. മലയാള ഭാഷ വികാസം കൊള്ളുന്നതിന് എത്രയോ മുമ്പാണ് കുഞ്ഞായിന്‍ മുസ്‌ലിയാര്‍ തന്റെ കാവ്യ പ്രപഞ്ചം കൊണ്ട് കേരളത്തെ ആകമാനം കോരിത്തരിപ്പിച്ചത് എന്ന് ഓർക്കപ്പെടേണ്ട വസ്തുതയാണ് ഖാസി മുഹമ്മദ് സാഹിബിന്റെ മുഹ്‌യിദ്ദീന്‍ മാല പ്രചാരത്തില്‍ വന്നതിനു ശേഷം ഒന്നേകാല്‍ നൂറ്റാണ്ട് കാലത്തേക്ക് നമ്മുടെ പണ്ഡിതന്മാരുടേയോ കവികളുടേയോ ഭാവന കലാ സമ്പത്ത് വികസിതമായി കാണാൻ സാധിക്കുന്നതല്ല.

ഈ കാലയളവില്‍ ആയിരുന്നുവല്ലോ പറങ്കികളുമായുള്ള മലബാര്‍ മാപ്പിളമാരുടെ സായുധ സമരങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരുന്നത്. തല്‍ഫലമായി താളിയോല ഗ്രന്ഥങ്ങളും കൈയ്യെഴുത്ത് പ്രതികളും വൻതോതിൽ നഷ്ടപ്പെടുവാന്‍ ഇത് കാരണമായിട്ടുണ്ട്. മുഹ്‌യിദ്ദീന്‍ മാലക്കു ശേഷം 13 വര്‍ഷം കഴിഞ്ഞാണ് മുസ്‌ലിയാരുടെ നൂല്‍മാല എന്ന മഹാ കാവ്യം പ്രചാരത്തില്‍ വരുന്നു എന്നാണ് നൂല്‍മാലയിലെ പ്രസ്താവത്തില്‍ നിന്നും മനസ്സിലാവുന്നത്. ഹിജ്‌റ 1151 ലാണ് ഈ കൃതി രചിച്ചിട്ടുള്ളത് എന്നാണ് ചരിത്രപ്രകരമായ വസ്തുതകളെ വിലയിരുത്തുമ്പോൾ മനസ്സിലാക്കാനാവുക.

പ്രവാചകന്‍ തിരുമേനിയുടെ ഗുണഗണങ്ങളെ പ്രകീര്‍ത്തിക്കുകയും തനിക്ക് പ്രവാചകനോടുള്ള അടങ്ങാത്ത സ്നേഹത്തെ  പ്രഘോഷണം നടത്തുകയും ചെയ്യുകയാണ് മുസ്ലിയാര്‍ ഈ കൃതിയിലൂടെ ചെയ്യുന്നത് നൂല്‍മാലയിലൂടെ. 16 ഇശലുകളായി തിരിച്ചിട്ടുള്ള ഈ ഭക്തി കാവ്യത്തില്‍ 666 വരികളാണുള്ളത്. ഒരു കാലത്ത് കേരളക്കരയിൽ എമ്പാടും ഭക്തി നിര്‍ഭരമായ നൂല്‍മാല കഥാപ്രസംഗ രീതിയില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. മുഹ്‌യിദ്ദീന്‍ മാലക്കു ശേഷം മുസ്ലിംകള്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധി ലഭിച്ച കൃതിയാണ് നൂല്‍മാല എന്നതിൽ ആർക്കും തർക്കങ്ങൾ ഇല്ല.

കുഞ്ഞായിന്‍ മുസ്‌ലിയാരുടെ മറ്റൊരു പ്രസിദ്ധ മിസ്റ്റിക് കൃതിയാണ് കപ്പപ്പാട്ട്. സഫീനപ്പാട്ട് എന്ന മാപ്പിളപ്പാട്ടിന്റെ മുന്നോടി കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കപ്പപ്പാട്ടാണെന്ന് ഒ. അബുസാഹിബ് തന്റെ അറബി മലയാള സാഹിത്യ ചരിത്രം എന്ന കൃതിയില്‍ പറയുന്നു. മനുഷ്യ ശരീരത്തെ ഒരു പായക്കപ്പലോടും ജീവിതത്തെ കപ്പല്‍ യാത്രയോടും ഉപമിച്ച് കൊണ്ടും മുസ്‌ലിയാര്‍ മനോഹരമായ ഒരു  മൂല്യ ദര്‍ശനം കാഴ്ച്ചവെക്കുന്നത്. കാറ്റും കോളും അതിജീവിച്ചും സമുദ്രയാത്രയിലെ പ്രതിബന്ധങ്ങളെയെല്ലാം പരിശോധിച്ചും മനുഷ്യാത്മാവിനെ പരലോകത്തിന്റെ ശാശ്വതരീരത്തേക്ക് എത്തിക്കുന്ന  കപ്പലായിട്ടാണ് ജീവിതത്തെ കവി പ്രതിരൂപാത്മകമായി പ്രതിപാദിക്കുന്നത്.

ശരീര ശാസ്ത്രത്തിന്റെ മൂല ഘടകങ്ങള്‍ നിഷ്‌കൃഷ്ടമായി ഗ്രഹിക്കുകയും അവയെ താത്വിക ദര്‍ശനത്തിന്റെ അച്ചില്‍ ഉരുക്കി ആദ്ധ്യാത്മിക നിര്‍വൃതിയുടെ രൂപശില്‍പ്പം നടത്തുകയുമാണ് കവി ഈ കൃതിയിലൂടെ ചെയ്യുന്നത്. ഈ കൃതിയിലെ മനോഹരമായ ഏതാനും വരികള്‍ അടുത്തറിയുന്നതിലൂടെ, കവിയുടെ സർഗാത്മകതയും കാവ്യത്തിന്റെ അർത്ഥ വ്യാപ്തിയും വേഗത്തിൽ ഉൾക്കൊള്ളാനാകുന്നു. ഉദാഹരണത്തിന്,

“കണ്ടിട്ടറിവാനോ കണ്ണില്ലേ പൊട്ടാ”
“കാരുണോര്‍ ചൊന്നെ ചൊല്‍ കേട്ടില്ലേ പൊട്ടാ”
“പണ്ടുള്ളോര്‍ ചൊല്ലില് പതിരുണ്ടോ പൊട്ടാ”
“പൈ തന്ന പാലില് കയ്പുണ്ടോ പൊട്ടാ”
” പട്ടം പൊളിഞ്ഞാല്‍ പറക്കാമോ പൊട്ടാ”
“പാലം മുറിഞ്ഞാല്‍ കടക്കാമോ പൊട്ടാ”
“പുണ്ണിയം ചൊല്ലാമകേകുമോ പൊട്ടാ”
“വേട്ടാളര്‍ കാതില് കൂടിട്ടൊ പൊട്ടാ”

കപ്പപ്പാട്ടിനു ശേഷം രൂപപ്പെട്ട മാപ്പിളപ്പാട്ടുകളെല്ലാം സഫീനപ്പാട്ടുകളായാണ് അറിയപ്പെടുന്നത്. 600 വരികളില്‍ ഒതുക്കി നിര്‍ത്തിയിട്ടുള്ള കപ്പപാട്ട് എന്ന മനോഹരമായ ഈ  കാവ്യം ജീവിതമാകുന്ന കപ്പല്‍ സുരക്ഷിതമായി ലക്ഷ്യത്തില്‍ എത്തിച്ചേരണമെങ്കില്‍ എല്ലാവിധ ദുര്‍ഗുണങ്ങളില്‍ നിന്നും മോചനം നേടിയാല്‍ മാത്രമേ സാധ്യമാകൂ എന്ന് ഗുണദോഷിക്കുന്നുണ്ട്. സാമൂഹിക ഐക്യത്തിനും സാമുദായിക മൈത്രിക്കും മത സൗഹാര്‍ദത്തിനും
മുസ്‌ലിം പണ്ഡിതനായ ഈ കവി ശ്രേഷ്ഠന്‍ നടത്തിയ ശ്രമങ്ങള്‍ ആര്‍ക്കും അനുകരണീയമായിട്ടുള്ളതാണ്. വാര്‍ധക്യ സഹജമായ അസുഖം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മരണ ഹേതു. തലശ്ശേരി പഴയ ജുമാഅത്ത് പള്ളിക്കടുത്ത ഖബര്‍ സ്ഥാനില്‍ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു.

മഹാകവി ചേറ്റുവായ് പരീക്കുട്ടി,1848 ല്‍ ജനിക്കുകയും 1886 ല്‍ മാരകമായ വസൂരി ബാധയാല്‍ മരിക്കുകയും ചെയ്ത ചേറ്റുവായ് പരീക്കുട്ടി സാഹിബ് തനിക്ക് ലഭിച്ച ഹ്രസ്വമായ 38 വർഷത്തെ ജീവിതനൗകയിൽ നല്‍കിയ ബഹുമുഖ സംഭാവനകള്‍ ബൃഹത്നമാണ്  അദ്ദേഹത്തിന്റെ പിതാവ് പോക്കാക്കില്ലത്ത് ചിന്നക്കല്‍ കുഞ്ഞഹമ്മദ് സാഹിബും മാതാവ് മനാത്ത് പറമ്പില്‍ കുഞ്ഞിപ്പാത്തുമ്മയുമായിരുന്നു. പിതാവ് തന്റെ ശൈശവത്തില്‍ തന്നെ മരണ പെട്ടിരുന്നുവെങ്കിലും മാതാവിന്റെ പരിലാളനയില്‍ വളര്‍ന്ന കൊച്ചു പരീക്കുട്ടിയില്‍ അസാധാരണമായ പ്രതിഭാസമ്പന്നത നിയലിച്ചിരുന്നു.

മത വിദ്യാഭ്യാസത്തോടൊപ്പം തന്നെ സമന്വയിപ്പിച്ച്  ബൗദ്ധിക  വിജ്ഞാന സമ്പാദനത്തിനുള്ള വഴികളും ആ മഹതി തന്റെ പുത്രന് നിര്‍ലോഭം തുറന്നു നല്‍കി.
സംസ്‌കൃതത്തിനു പുറമെ തമിഴ്, അറബി, മലയാളം എന്നീ ഭാഷകളില്‍ ശാസ്ത്രീയ പരിജ്ഞാനവും പാണ്ഡിത്യവും ആ കാവ്യവചസ്സ് നേടിയെടുത്തു . ഈ ഭാഷകളിലുണ്ടായിരുന്ന വ്യാകരണ ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ച് ഭാഷാ ശാസ്ത്രവും സാങ്കേതിക സംജ്ഞകളും വശമാക്കിയ അദ്ദേഹം അക്കാലത്ത് തന്നെ ശ്രദ്ധേയനായ കവിയും ഗാനരചയിതാവും ഗായകനുമായി.

27-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ഫുത്തുഹുശ്ശാം എന്ന സമര മഹാകാവ്യം മലയാള സാഹിത്യ മനസ്സുകളിൽ തന്റേതായ മുദ്ര പതിപ്പിക്കുന്നത് . ഈ പടപ്പാട്ടിന്റെ ഇതിവൃത്തം തയ്യാറാക്കുവാന്‍ അദ്ദേഹത്തെ സഹായിച്ചത് പുതിയ കടപ്പുറം സ്വദേശിയും പണ്ഡിതനുമായിരുന്ന സയ്യിദ് അഹമ്മദ് ഹുസൈന്‍ കുഞ്ഞിക്കോയമ്മ തങ്ങളായിരുന്നു. അബൂബക്കര്‍ സിദ്ദീഖ് (റ), ഉമര്‍ ഫാറൂഖ് (റ) എന്നിവരുടെ കാലത്തു നടന്നിട്ടുള്ള യുദ്ധങ്ങളുടെ സമര ചരിത്രമാണ് ഇതിലെ പ്രതിപാദ്യ  വിഷയങ്ങളാകുന്നത്.

1876 ലാണ്‘ഈ കൃതിയുടെ രചന പൂര്‍ത്തിയായത്. രചനാ ചാതുരിയിലും ശാലീനതയിലും ആവിഷ്‌ക്കാര നൈപുണിയിലും മുന്‍പന്തിയില്‍ നിന്ന ഈ കാവ്യം സാമൂഹിക പരിസരങ്ങൾ ഏറ്റെടുത്തതോടുകൂടി ചേറ്റുവായ് പരീക്കുട്ടി സാഹിബിന്റെ കീർത്തി എല്ലായിടങ്ങളിലും പരന്നു. ആ കാലഘട്ടത്തിൽ പണ്ഡിത സമൂഹം ഒരു കൃതി അംഗീകരിക്കണമെങ്കില്‍ അതേത് കൃതിയുമാവട്ടെ  സംസ്‌കൃതവും തമിഴും സുലഭമായി ഉപയോഗിക്കണമെന്നത് ഒരു അഗീകൃത നയം നിലനിന്നിരുന്നു.

എന്നാല്‍ ഫുത്തുഹുശ്ശാം അദ്ദേഹത്തിന്റെ രചന ഈ പൊതു നിയമത്തിന് വിപരീതമായിരുന്നു. കഴിവതും മലയാളത്തില്‍ കോര്‍ത്തിണക്കിയ ഈ കൃതി സുന്ദരവും ലളിതവും അതിലേറെ മനോഹരവുമായിരുന്നു അതുകൊണ്ടുതന്നെ സാധാരണ ജനഹൃദയങ്ങളെ ഒരുപാട് ആകര്‍ഷിക്കാന്‍ ഈ കൃതിക്ക് സാധിച്ചു. ഫുത്തുഹുശ്ശാമിലെ ഏതാനും ചില വരികള്‍ താഴെ ചേര്‍ക്കുന്നു. ചരിത്ര സംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യം. ഉദാഹരണമെന്നോണം വായിക്കുകയാണെങ്കിൽ,

“യെത്തി അമീറന്‍മാര്‍ അടുത്താനേ”
“യെങ്കള്‍ അബൂബക്കര്‍ തിരുമുഖം നളര്‍ത്താന”
“സത്തൂരം സുആലേറ്റി തൊടുത്താനേ”
“ശൂരര്ഖൈസ്ബ്‌നു ഹുബൈറതെണ്ടവര്‍താനേ”

ഇത്തരത്തിൽ ഫുത്തുഹുശാമിനെതിരെ രംഗത്തുവന്ന വിമർശകർക്ക് എതിരെ  മറുപടിയെന്നോണം മിന്‍അത്തുല്‍ബാരി എന്ന കാവ്യ സമാഹാരം അദ്ദേഹം രൂപം നൽകി. അറിയപ്പെടുന്ന ദീനി പ്രവർത്തകനായ  സയ്യിദ് മുഹമ്മദ് മൗലയുടെ ആവേശഭരിതമായ ജീവചരിത്രത്തെ ആധാരമാക്കി രചിച്ചതാണീ  വിശ്വ കൃതി.  ഇഹത്തിലെ സന്തോഷ സന്താപങ്ങൾക്ക് പുറത്തേക്കപ്പുറത്ത്  നിത്യശാശ്വത സാമാധാനം കാത്തിരിക്കുന്ന പരലോകം പ്രാപിക്കുവാനുള്ള ഇലാഹി ജീവിതശലയിൽ രൂപപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ്   മനുഷ്യ ജീവിതമെന്ന് അദ്ദേഹം തന്റെ കാവ്യ കലയിലൂടെ നിരന്തരം ഉൽബോധിപ്പിച്ചുകൊണ്ടിരുന്നു.

ഹവാസത്തിന് അവസാനം കുറിക്കുന്നതിനു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്  ആദി അഹദാന എന്ന ഒപ്പന ഗാനം അദ്ദേഹം രചിച്ചത്. ഗായക കവിയായിരുന്ന പരീക്കുട്ടി സാഹിബ് നര്‍മ്മ  സര്‍ഗ്ഗസിദ്ധികൾ സമന്വയിപ്പിച്ച  ഒരു നിമിഷ കവി കൂടിയായിരുന്നു. താന്‍ രൂപം നൽകുന്ന   ഗാനങ്ങളും കവിതകളും മറ്റു സാഹിത്യ രചനകളും സഹൃദയങ്ങൾക്ക് മുമ്പില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹം കാണിച്ചിരുന്ന ആവേശം ഉല്‍ക്കടമായിരുന്നു. 

അപ്രതീക്ഷിതമായി തന്റെ കാഴ്ച്ച ശക്തിക്ക് പരിമിതികൾ സംഭവിച്ചുവെങ്കിലും തന്റെ കാവ്യവാസനക്ക് ഒരു കോട്ടവും തട്ടാന്‍ അനുവദിച്ചില്ല.  ഹൃദയങ്ങളെ ആവാഹിക്കുന്ന അദ്ദേഹത്തിന്റെ ഗാനങ്ങള്‍, നവ യുവ രീതികള്‍, വ്യത്യസ്ത മായ പ്രമേയങ്ങള്‍, ഇവ പരീക്കുട്ടി സാഹിബിന്റെ കാവ്യ കലയുടെ  സവിശേഷമായാ സുവിശേഷങ്ങളായിരുന്നു. കേരളത്തിന്റെ മാപ്പിള മഹാ കവി പരീക്കുട്ടി സാഹിബ് 1886 ഏപ്രില്‍ 8 ന് നിര്യാതനായി. ചേറ്റുവ വലിയ ജുമാഅത്ത് പള്ളിയിലാണ്  അദ്ദേഹം ഉണരാതെ ഉറങ്ങുന്നത്.

മച്ചിങ്ങലകത്ത് മൊയ്തീന്‍ മൊല്ല, മനോഹരമായ ശൈലിയും വെതിരിക്തമായ ആശയാവിഷ്‌കാര പാടവവും സ്വായത്തമാക്കിയിരുന്ന വാസനാ സമ്പന്നനായ മഹാകവിയാണ് മച്ചിങ്ങലകത്ത് മൊയ്തീന്‍ മൊല്ല. കാവ്യ കവന കലാ പ്രതിഭയായ  മൊയ്തീന്‍ മൊല്ല ജനിച്ചതും മരിച്ചതുമായ ശരിയായ ജനന മരണ സമയങ്ങളിൽ കൃത്യത ഇല്ല. അദ്ദേഹം താനൂര്‍ സ്വദേശിയായിരുന്നുവെന്നും ബാപ്പയുടെ പേര് മുഹമ്മദ് മുല്ലയാണെന്നത്തിന് മാത്രമേ തെളിവുകൾ നിലനിൽക്കുന്നുള്ളു.

അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ ഗസ്‌വത്ത് ഫത്തഹ് മക്ക (മക്കാവിജയം) എന്ന മഹാ കാവ്യം അദ്ദേഹം രചന നടത്തുന്നത് ഹിജ്‌റ 1280 ല്‍ അതായത് എ.ഡി 1859 ല്‍ ആണെന്ന് ഇതിൽ നിന്നും അനുമാനിക്കാം. 20 വര്‍ഷത്തിനു ശേഷം ഹിജ്‌റ 1801 ല്‍ വളപ്പിച്ചി കണ്ടി കുഞ്ഞിമൂസാ സാഹിബ് തലശ്ശേരിയില്‍ നിന്നും ഇത് പ്രസിദ്ധീകരണം നടത്തിയിട്ടുണ്ട് പില്‍കാലത്ത് ഇതിന്റെ ശൈലിയും രീതിയും അനുധാവനം ചെയ്യാൻ പല മാപ്പിള കവികളും ശ്രമിച്ചിട്ടുള്ളതായി കാണാം.

പ്രവാചകനും ആനുചരരും മക്കയിലേക്ക്  യാത്ര തിരിച്ചതറിയാൻ   മക്കാ മുഷിരിക്കീങ്ങൾ (എതിരാളികൾ) ആദ്യമേ ശ്രമം നടത്തിയിരുന്നു. ഈ സന്ദേശവുമായി  പോയവരില്‍ നിന്ന് ആ കത്ത് പിടിച്ചെടുത്ത് പ്രവാചകൻ സമക്ഷം കൊണ്ടു വന്ന സംഭവമാണ് ഈ മഹാകാവ്യത്തിലെ ഇതിവൃത്തം. പ്രവാചകാനുരാഗത്തിന്റെയും സ്വഹാബാനുഭൂതിയുടെയും നിറഞ്ഞു കവിയുന്ന കവീ മാനസത്തിന്റ അനന്തമായ സ്നേഹമാണ് ഇതിലെ ഓരോ ശകലങ്ങളും. സ്വഹാബികളുടെ സൈനിക പാടവത്തേയും സമരമുറകളേയും ഉത്തേജകമാം വിധം ആവിഷ്‌കരിക്കുന്ന രചനാ പാടവമാണ് അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹത്തിന്റേതായി അറബിയിലും അറബിമലയാളത്തിലും രചിക്കപ്പെട്ടിട്ടുള്ള ഒട്ടനവധി  കവിതകളും കാവ്യ ശകലങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും അപ്രസിദ്ധമായിരിക്കുകയാണ്.

കാഞ്ഞിരാല കുഞ്ഞിരായിന്‍ കുട്ടി, പ്രസിദ്ധരായ മാപ്പിള കവികളുടെ കൂട്ടത്തിൽ വിസ്മിത്തപ്പെടാൻ കഴിയാത്ത ഒരു അധ്യായമാണ് കാഞ്ഞിരാല കുഞ്ഞിരായീന്‍ കുട്ടി സാഹിബ്. മലപ്പുറം ജില്ലയിലെ മമ്പാട് ജനിച്ച അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് സാഹിബ് ആണ്. മലയാളത്തിനു പുറമെ തമിഴും സംസ്‌കൃതവും രാവിലെ നിങ്ങൾ നടത്തുവാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. സമ്പന്ന കുടുംബത്തില്‍ പിറന്ന സാഹിബിന് ജീവിത ചിലവിനുവേണ്ടി അലഞ്ഞുതിരിയേണ്ടി വന്നില്ല. ദേഹാധ്വാനം ചെയ്യാന്‍ തന്റെ മുടന്തുകാല്‍ സമ്മതിച്ചതുമില്ല. തന്മൂലം നൈസര്‍ഗികമായ തന്റെ കവിതാവാസനയെ പരിപോഷിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

ശാന്തമനസ്കനും ഫലിത പ്രിയനുമായിരുന്ന കുഞ്ഞിരായിന്‍ കുട്ടി സാഹിബ്.നിമിഷകവി എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്ന ഒരു സാഹിത്യകാരനായിരുന്നു. മാലപ്പാട്ട്,  മദ്ഹ്പാട്ട്,  മഹാകാവ്യം, പ്രേമകാവ്യം എന്നിവ  അദ്ദേഹത്തിന്റെ കൃതികളിൽ ആസ്വാദന ഹൃദയങ്ങളെ ഏറെ സ്വാധീനിച്ചിരുന്ന രചനാ മേഖലകളായിരുന്നു. ശൃംഗാരപ്രദമായ ആദ്യകാല കവിതകള്‍ സാധാരണക്കാരെ ഏറെ ആകര്‍ഷിച്ചിരുന്നവയാണ്. ഖണ്ഡകാവ്യ വിഭാഗത്തില്‍ മഹാരത്‌നമാല എന്ന സമാഹാരം 24 ഖണ്ഡകാവ്യങ്ങളുള്‍ക്കൊള്ളുന്ന വലിയൊരു സമാഹാര കൃതിയാണ്.ചോദ്യോത്തര ശൈലിയില്‍ രചിച്ച ഈ കൃതി ആ കാലഘട്ടത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു പ്രധാന കൃതിയാണ്. മറ്റൊരു പ്രധാനപ്പെട്ട ഖണ്ഡകാവ്യ സമാഹാരമാണ് ‘മദ്ഹുല്‍കരീം’. ഖണ്ഡകാവ്യ സാഹിത്യങ്ങളിൽ വിസ്മരിക്കപ്പെടാൻ കഴിയാത്ത ബഹുമുഖ സ്ഥാനം  ഈ കൃതിക്കുണ്ട്.

മറ്റൊരു പ്രസിദ്ധമായ സംഭാവനയാണ് ആയിശത്തുമാലയെന്ന മഹാകാവ്യം. ഇവക്കൊക്കെ പണ്ഡിതോചിതമായ വ്യാഖ്യാനങ്ങളും വിശകലനങ്ങളും  പലരും എഴുതിയിരുന്നു എന്നതില്‍ നിന്നു മനസ്സിലാക്കാവുന്നത് അവക്ക് അനശ്വരമായൊരു മഹത്വം ഉണ്ടായിരുന്നു എന്നാണല്ലോ. എണ്ണമറ്റ പ്രേമകാവ്യങ്ങളുടെ കര്‍ത്താവായിരുന്ന സാഹിബ് പ്രായമായതോടു കൂടി പരിപക്വമതിയായി  മാറി.അദ്ദേഹത്തിന്റെ തന്നെയായ മിസ്ബാഹുല്‍ ഫുആദ്മാല എന്ന ചരിത്രകാവ്യം ഏറെ ജനസ്വാധീനം ഏറ്റുവാങ്ങിയ ഒരു കൃതിയാണ്.

ഫസല്‍ പൂക്കോയ തങ്ങളുടെ മലബാറില്‍ നിന്നുള്ള തിരോധാനവും അതിനിടയാക്കിയ സാഹചര്യവും തുര്‍ക്കിയിലും അറേബ്യയിലും അദ്ദേഹം ചെയ്ത സേവനങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ മനോഹരമായി കാവ്യകല്‍പ്പനയിലൂടെ  ആവിഷ്കരിക്കപ്പെടുന്ന  ആധ്യാത്മിക പ്രാധ്യാനമുള്ള കൃതിയാണ് ഇത്. 1879ലാണ് ഈ കൃതി പുറത്തു വന്നത്. അതോടുകൂടി മലബാറിലാകമാനം ഇതിന് മുമ്പൊന്നും ഇല്ലാത്ത വിധം  അസാധാരണമായ പ്രചാരണം ലഭിച്ചു.‘ബദര്‍മാല, ചാക്കീരി മംഗലം,‘നാസിക ചൂര്‍ണ്ണപ്പാട്ട് തുടങ്ങിയവ ഇദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികളാണ്. കൃതികളാണ്.ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബിന്റെയും മോയിന്‍കുട്ടി വൈദ്യരുടേയും ഉറ്റ സുഹൃത്തായിരുന്ന കുഞ്ഞിരായിന്‍ കുട്ടി സാഹിബ് ഹിജ്‌റ 1319-ല്‍ നിര്യാതനായി.  

മുസ്‌ലിയാരകത്ത് അഹമ്മദുകുട്ടി മുസ്‌ലിയാര്‍, ഒരുപാട് ഖണ്ഡകാവ്യങ്ങളും മഹാകാവ്യങ്ങളും എഴുതി മാപ്പിള മനസ്സുകളിൽ  പിടിച്ചു പറ്റിയ സുപ്രസിദ്ധ മാപ്പിള കവിയായിരുന്നു മുസ്‌ലിയാരകത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാര്‍. അറബിമലയാള ഭാഷയില്‍ എഴുതുകയും  ഇസ്‌ലാമിക ചരിത്ര സംഭവങ്ങള്‍ ഇതിവൃത്തമാക്കുകയും ചെയ്തുകൊണ്ടാണ് മാപ്പിള കവികള്‍ അധികവും തങ്ങളുടെ കവിതാ രചന നടത്തിയത്. ഭവന ചാരുതയും കാവ്യാലങ്കാരങ്ങളും ശില്‍പ്പഭഗിയും രൂപഭംഗിയും ഒത്തിണങ്ങിയ അത്തരം അതിമനോഹരമായ മഹാകാവ്യങ്ങളില്‍ ഒന്നാണ് അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ഹിജ്‌റപ്പാട്ട്.

ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് തിരൂരങ്ങാടിയിലെ  മഫാത്തിഉല്‍ ഉലൂം പ്രസ്സില്‍ നിന്നും അച്ചടിച്ചിറക്കിയ ഈ കൃതി പ്രവാചകന്റെ ജനനം മുതല്‍ ഹിജ്‌റവരെയുള്ള കാലത്തെ ചരിത്രാവിഷ്‌കാരം മനോഹരമായ ആവിഷ്കരണം ചെയ്യുന്ന കൃതിയാണ്. ഈ  ഒറ്റകൃതി കൊണ്ടു തന്നെ ഉന്നതന്മാരായ കവികളുടെ വിഹായുസ്സിൽ തന്റേതായ മുദ്ര പതിപ്പിക്കാൻ മുസ്ലിയാർക്ക്  പ്രയാസമുണ്ടായില്ല. അദ്ദേഹത്തിന്റെ സാഹിത്യസേവനം വളരെ ബൃഹത്തും വിപുലവുമായിരുന്നു.

ഈടുറ്റ എത്രയോ കൃതികൾ കൊണ്ട് ആ ജീവിതം ഏറെ സമ്പന്നമാണ്. അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളില്‍ മദാഇന്‍മാല, സദൂംപാട്ട്, റദ്ദൂശി എന്ന ഒഫാത്ത് ഫാത്വിമ എന്നിവ അംഗീകൃതങ്ങളായ കാവ്യ  സമാഹാരങ്ങളാണ്.അദ്ദേഹത്തിന്റെ ആദ്യകാല കൃതികളില്‍ പെട്ടവയാണ് മലപ്പുറം നേര്‍ച്ചപ്പാട്ടും, ഒരു റാത്തീബും. മുസ്‌ലിയാരകത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കൊണ്ടോട്ടിയിലാണ് ജനിച്ചത്.

തക്കിയക്കല്‍ വാസി കുഞ്ഞഹമ്മദ് കുട്ടിയാണ് പിതാവ്. പല ദര്‍സുകളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിതാവിന്റെ മരണാനന്തരം പിതാവ് ജോലി ചെയ്തിരുന്ന പള്ളിയില്‍ തന്നെ ഖാദിയായും മുദരിസ്സായും സേവനമനുഷ്ഠിച്ചു. മഹാകവി മോയിന്‍കുട്ടി വൈദ്യരുമായി ഉറ്റ സമ്പര്‍ക്കമുണ്ടായിരുന്നു മുസ്‌ലിയാര്‍ക്ക്.ഹിജ്‌റ 1330ല്‍ സാഹിത്യ ലോകത്തോട് വിടപറഞ്ഞു .കൊണ്ടോട്ടി തക്കിയക്കല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വിശ്രമം കൊള്ളുന്നു.

പുലിക്കോട്ടില്‍ ഹൈദര്‍, ചെടങ്ങാംകുളം ദേശത്ത് പൂലത്ത് ഐത്തു അധികാരിയുടേയും തൈതോട്ടില്‍ ഹൈദര്‍ മുസ് ലിയാരുടെ മകള്‍ ഉമ്മാദി ഉമ്മയുടേയും രണ്ടാമത്തെ മകനായിട്ടാണ് 1879 ല്‍ പൂലത്ത് പുലിക്കോട്ടില്‍ ഹൈദര്‍ സാഹിബ് ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസം അദ്ദേഹത്തിന് കൂടുതലായൊന്നും നേടിയെടുക്കാൻ സാധിച്ചിട്ടില്ല . എന്നാലും എഴുതാനും വായിക്കാനുമുള്ള കഴിവ് അദ്ദേഹം സ്വായത്തമാക്കിയിരുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യരും കാഞ്ഞിരാല കുഞ്ഞിരായിനും അദ്ദേഹത്തിന്റെ  നിത്യ സൗഹൃദങ്ങളായിരുന്നു  അവര്‍ സാഹിബില്‍ സ്വാധീനം ചെറുതല്ലാത്ത ചെലുത്തി.

പൂക്കോയ കമ്മുട്ടി മരക്കാര്‍, മമ്പാട്ടുകാരന്‍ ഉണ്ണിപ്പ എന്നിവരായിരുന്നു ഗുരൂനാഥന്‍മാര്‍. ജീവിതത്തിലെ എല്ലാ വ്യവഹാര കാര്യങ്ങളും പാട്ടാക്കിപ്പറയുന്ന പൊതു സമ്പ്രദായം ഹൈദര്‍ സാഹിബ് ജീവിച്ച കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. പൊതുകാര്യ പ്രസക്തനും ഏറെ ജനസമ്പര്‍ക്കമുള്ള വ്യക്തിയുമായിരുന്ന ഹൈദര്‍ സാഹിബിനും ഈ പൊതു സമ്പ്രദായത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ സാധിക്കുമായിരുന്നില്ല. മാത്രവുമല്ല നൈസര്‍ഗികമായ തന്റെ രചനാ സിദ്ധി പുഷ്‌കലമാക്കുവാന്‍ അദ്ദേഹം പ്രയത്നിച്ചുകൊണ്ടിരുന്നു. നാടന്‍ ശൈലിയില്‍ അദ്ദേഹം രചിച്ചിരുന്ന പാട്ടുകള്‍ക്ക് അസാധാരണമായ പ്രചാരം ലഭിച്ചു.

തന്റെ കണ്‍മുമ്പില്‍ കണ്ടിരുന്ന ആനുകാലികങ്ങളായ എല്ലാ പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ തൂലികയിലെ മഷിയായിരുന്നു അത് ഗാനങ്ങളായി രൂപാന്തരപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഏറനാടന്‍ ശൈലിയിലും ഭാഷയിലും കോര്‍ത്തെടുത്തതായിരുന്നു. ജനങ്ങളുടെ ഭാഷയില്‍ അവരുടെ വിചാര വികാരങ്ങളുടേയും ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടേയും യഥാര്‍ത്ഥമായ ദൃക്‌സാക്ഷി വിവരണം പോലെയാണ് അദ്ദേഹത്തിന്റെ ഓരോ കൃതിയും. ത്വാതിക ദര്‍ശനങ്ങളോ ഗാംഭീര്യ വിഷയങ്ങളോ അദ്ദേഹത്തിന്റെ കൃതികളില്‍ കണ്ടില്ലെന്നു വരാം. എന്നാല്‍ ഒരു കാലഘട്ടത്തിന്റെ ജനജീവിതം അതില്‍ അടയാളപ്പെടുത്തിയിരുന്നു.

2000ല്‍ കൂടുതല്‍ പാട്ടുകള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്. അദ്ദേഹത്തിന്റെ പെറ്റ് ഞാനൊന്ന് എന്ന് തുടങ്ങുന്ന പാട്ട് കേരളത്തില്‍ ആകമാനം പ്രസിദ്ധിയാര്‍ജിച്ചതായിരുന്നു. ഹൈദര്‍ സാഹിബിന്റെ കൃതികളില്‍ ബഹുഭൂരിപക്ഷവും വിസ്മതിക്കപ്പെട്ടുbപോയവയാണ്. അദ്ദേഹത്തിന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് പാട്ടുകള്‍ പലസ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച് പുലിക്കോട്ടില്‍ കൃതികള്‍ എന്നൊരു ഗ്രന്ഥം എം. എന്‍. കാരശ്ശേരി എഡിറ്ററായി 1979ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതങ്ങളായ സമാഹാരങ്ങള്‍ കലിയുഗം പരിഷ്‌കാര മാല, പ്രേമ, കലൈ, കേരള ചരിത്രം രസകരമായൊരു സര്‍ക്കീട്ട്, കോലാര്‍ യാത്ര, നരിനായാട്ട് തുടങ്ങിയവയാണ്.

മാപ്പിള കവികളുടെ കൂട്ടത്തില്‍ ഇത്രയധികം പാട്ടുകള്‍ എഴുതിയിട്ടുള്ള കവികള്‍ വേറെയുണ്ടോ എന്നതിൽ സംശയമാണ്. എന്നതുകൊണ്ടായിരിക്കാം ഒരു പക്ഷേ ഗാനരചയിതാക്കളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രസിദ്ധനായിത്തീര്‍ന്നത്. അദ്ദേഹത്തിന്റെ ഏതെങ്കിലും രണ്ടുവരി പാടിയിട്ടില്ലാത്തവര്‍ അക്കാലത്ത് വളരെ വിരളമായിരുന്നു

സമുദായത്തില്‍ ആദരിച്ചു പോന്നിരുന്ന അനാചാരങ്ങളെ മുഴുവനായും എതിര്‍ക്കുവാന്‍ അദ്ദേഹം തന്റെ കവനശേഷി പ്രയോജനപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ദുരാചാര മാല, കലിയുഗം, കാതുകുത്ത് മാല, സ്ത്രീമര്‍ദ്ദി മാല, മാരന്മാരുടെ തകരാറ് തുടങ്ങിയ കൃതികളെല്ലാം നവീകരണ ഉദ്ദേശ്യത്തോടുകൂടി രചിച്ചിട്ടുള്ളവയാണ്. പാലക്കോട്ട മോയിന്‍ സാഹിബിന്റെ മകള്‍ പാത്തുമ്മക്കുട്ടി ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഇവര്‍ക്ക് 7 സന്താനങ്ങളുണ്ട്. തന്റെ 96-ാം വയസ്സിലാണ് (1975) അദ്ദേഹം നിര്യാതനായത്. 

പി.കെ ഹലീമ, ബാല്യകാലം മുതൽക്കേ  മാപ്പിളപ്പാട്ടുകള്‍  കേട്ട് അതിലേക്ക് ആകൃഷ്ടയായിരുന്ന ഹലീമ അതിമനോഹരമായി പാട്ടുകള്‍ പാടുകയും സുന്ദരമായി ഗാനാവിഷ്‌കരണം നടത്തുകയും ചെയ്തിരുന്ന കവയത്രിയാണ്. കല്ല്യാണപ്പാട്ടുകളും കത്ത്പാട്ടുകളുമായി തന്റെ കാവ്യ രചനാ ചാരുത പ്രകടമാക്കിയ അവര്‍ പ്രശസ്തമായ കാവ്യ മനോഹാരിതക്ക് നിറം പകരുന്നവയാണ് . മാപ്പിള സ്ത്രീകള്‍ക്കിടയില്‍ അവരുടെ പാട്ടുകള്‍ക്കും കവിതകള്‍ക്കും വളരെയധികം പ്രചാരമുണ്ടായിരുന്നു.

ഭാവനാ സമ്പന്നയായ ഈ കവയിത്രി അറബിമലയാളത്തോടൊപ്പം മലയാളവും നല്ലവണ്ണം പരിശീലിച്ചിരുന്നതുകൊണ്ട് ശാലീനമായ ഭാഷാ ശൈലിയില്‍ തന്റെ ഗാന തല്ലജങ്ങള്‍ നെയ്‌തെടുത്തു. ഉദാഹരണാർത്ഥം വായിക്കുകയാണെങ്കിൽ,

“സുരര്‍മേഘക്കുടൈ ചൂടും മണവാളരാം”
“സുകമിലവരും നൂറോരാം ഇറൈതിരുമഹ്ബൂബരാം”
“പൂരണ കാരുണ പുണ്യനബിക്ക്”

ഈ രീതിയിൽ ആരംഭിക്കുന്ന  വരികള്‍ പ്രവാചകർ (സ) യുടേയും പ്രിയ പത്നി  ഖദീജ ബീവിയുടേയും വിവാഹാഘോഷത്തെ സംബന്ധിച്ച് കനത്തുകൾ കൊണ്ട് മനോഹരമാക്കിയ ഗാനമാണ്. ബദറുല്‍ മുനീര്‍ ഒപ്പനപ്പാട്ട്, ചന്ദിര സുന്ദരി, പൊരുത്തം, ബീ ആയിശ, രാജമംഗലം മുതലായ അവരുടെ കൃതികള്‍ മാപ്പിള കാവ്യ ലോകത്ത് അനുസ്മരിക്കപ്പെടുന്ന നല്ല കൃതികളാണ്. 1909 ല്‍ ജനിച്ച ഈ കവയിത്രി തന്റെ 50-ാം വയസ്സില്‍ 1959 ല്‍ നിര്യാതയായി.

പുത്തൂര് ആമിന, മംഗലപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും കൊണ്ട് മലയാള ആസ്വാദക ഹൃദയങ്ങളെ വളരെയധികം സ്വാധീനിച്ച  സാഹിത്യകാരിയാണ് പുത്തൂര് ആമിന.   കുഞ്ഞഹമ്മദ് സാഹിബിന്റെ മകളായിട്ടായിരുന്നു ജനനം. ചെറുപ്പം മുതല്‍ മാപ്പിളപ്പാട്ടിന്റെ മാസ്മരിക സൗന്ദര്യത്തില്‍ ആകർഷയായ പുത്തൂര് ആമിന ഒട്ടനവധി മനോഹരമായ  ഖിസ്സപ്പാട്ടുകളും കത്തുപാട്ടുകളും മംഗലപ്പാട്ടുകളും എഴുതിട്ടുണ്ട്. അതിനാൽ തന്നെ യുവ കവയിത്രി എന്ന നിലയില്‍ വലിയ രീതിയിലുള്ള അംഗീകാരവും   ബഹുമതികളും അവരെ തേടിയെത്തി.

ശാലീനതയും ഓജസ്സും തേജസും  നിറഞ്ഞ ലളിത ശൈലിയില്‍ അവര്‍ കോര്‍ത്തുകെട്ടിയ കവിതാമാല്യം  അനുവാചക ഹൃദയങ്ങളിൽ  ആസ്വാദക സൗരഭ്യം പകരുന്നവയായിരുന്നു. ആമിനയും അഹമ്മദ് എന്ന യുവാവും തമ്മില്‍ കൈമാറിയ കത്തുപാട്ടുകള്‍ ഏറെ പ്രസിദ്ധങ്ങളായി തീര്‍ന്നു. ഖിലാഫത്ത് ലഹളയില്‍ പങ്കെടുത്തതിന്റെ പേരില്‍ ശിക്ഷയനുസരിച്ച് ബെല്ലാരി ജയിലില്‍ കഴിഞ്ഞിരുന്ന തന്റെ പിതാവിനോടൊപ്പം ശിക്ഷിക്കപ്പെട്ട ആളായിരുന്നു അഹമ്മദ്. ബാപ്പയും മകളും അന്യോന്യം കത്തുപാട്ടുകള്‍ നടത്തിയിരുന്നു. ഇവ അയച്ചിരുന്നത് പദ്യ രൂപത്തിലായിരുന്നു.

ആമിനയുടെ മനോഹരമായ  ആവിഷ്‌കാര  ശൈലിയും ഭംഗിയും അഹമ്മദിന് ആമിനയില്‍ ആരാധനയും അനുരാഗവും വളര്‍ത്തി. ജയില്‍ മോചിതനായി അദ്ദേഹം പ്രണയാഭ്യര്‍ത്ഥനയുമായി മാപ്പിളപ്പാട്ടില്‍ പല കത്തുകളും അയച്ചു. അവസാനം അത് ഭീഷണിയോളം എത്തിയപ്പോള്‍ ആമിന കൊടുത്ത കടുത്ത  മറുപടിപ്പാട്ട് സമകാലികരുടെയൊക്കെ പ്രശംസക്ക് നിതാന്തമായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ആമിന ജനിച്ചത്. വിവാഹത്തിന്റെ മറവില്‍ സ്ത്രീയെ വെറും ഉപഭോഗവസ്തുവായി ഗണിക്കുന്ന അന്ന് നിലനിന്നിരുന്ന സാമൂഹിക അധമന്മാര്‍ക്കെതിരെ അവരുടെ  തൂലിക  ഇപ്രകാരം പ്രതികരിച്ചു.

“നാലുഭാഗവും വന്നിതാ പറയുന്നു പെങ്കെട്ടു ഉമതിലും”
“നല്ല മാരരെ കിട്ടുവാന്‍ എനിക്കില്ലൊരു മുട്ട്”
“മട്ടില്‍ കിട്ടുവരേക്കും മാനേതേനേ വിളിക്കും”
“മറ്റുലോഗിയം ഉറ്റിടും പലേ ചക്കരവാക്കും ഒരുപടി”
“മക്കളങ്ങ് കളക്കിലായാല്‍ അടുക്കളേലാക്കും”
“പൊട്ടിപ്പൊരിഞ്ഞന്തനാളം പൊരിവെയിലത്താകും ഓളം”
“പോയി മറ്റൊരു തോപ്പു കണ്ടുപിടിക്കും”
“അയ്യാളാ-പുരുഷരെ”
“പൂതി പത്‌നിമാര്‍ക്കു തീരും ഇതെന്തൊരു കോളാ”

മാപ്പിളപ്പാട്ട് കേരള മുസ്ലിം സമൂഹത്തിന്റെ മതബോധനത്തിന് മാത്രമല്ല, സാമൂഹിക ഐക്യത്തിനും സാംസ്കാരിക തിരിച്ചറിയലിനും സംഭാവന നൽകി. ഇവ ജനകീയമായതിനാൽ സമൂഹത്തിലെ എല്ലാ വർഗ്ഗങ്ങളിലേക്കും സന്ദേശം എത്തിക്കാനായി. മതപരമായും സാംസ്കാരികമായും കേരളത്തിന്റെ സമഗ്ര സാഹിത്യചരിത്രത്തിൽ ഇവ അനിവാര്യമായ പങ്കുവഹിച്ചു. മാത്രമല്ല മതസാഹിത്യത്തിന്റെ പരിധി കടന്ന് ജീവിതദർശനവുമായി ചേർന്ന ഒരു ജനകീയകലാരൂപമായി വളർന്നു. മനുഷ്യജീവിതത്തിന്റെ വിശാലമായ മേഖലകളെ സ്പർശിക്കുന്ന ഈ പാട്ടുകൾ കേരള സാഹിത്യചരിത്രത്തിൽ അമൂല്യമായ സംഭാവനയായി തുടരുന്നു. ഇന്ന് ഗവേഷണാധിഷ്ഠിത പഠനങ്ങൾ വഴിയും കലാപരമായ പുനർജീവനങ്ങൾ വഴിയും മാപ്പിളപ്പാട്ടിന്റെ പ്രസക്തി വർധിച്ചുകൊണ്ടിരിക്കുന്നു.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading