മനുഷ്യന്‍റെ ‘പ്രതിരോധ’ ശ്രമങ്ങള്‍ക്ക് അവന്‍റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. തന്‍റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന എന്തിനേയും ചെറുത്തു തോല്‍പിക്കാനുള്ള ഒരു ചോദന അവന്‍റെ മനസ്സില്‍ അന്തര്‍ലീനമായി കിടക്കുന്നുണ്ട്. ആശയ സംവേദനത്തിന്‍റെ ഉപാധിയായി ഭാഷകള്‍ രൂപപ്പെട്ടത് മുതല്‍ തന്നെ പ്രതിരോധ സമര മാധ്യമമായി അവകൾ ഉപയോഗപ്പെടുത്തപ്പെട്ടിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. സാംസ്കാരിക പുരോഗതിയുടെ ഭാഗമായി കാലക്രമേണ അത് കവിതയായും കഥയായും മറ്റും പുതിയ രൂപവും ഭാവവും പ്രാപിക്കുകയും ചെയ്തു.
മനുഷ്യന്‍റെ പുരോഗതിയില്‍ ഇത്തരം സര്‍ഗ്ഗാവിഷ്ക്കാരങ്ങള്‍ക്ക് അനിഷേധ്യമായ പങ്കുണ്ട്. ഇത്തരത്തില്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ചലനങ്ങളോട് ആരോഗ്യകരമായി സംവദിക്കുകയും കലഹിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്ത സാഹിത്യ ശാഖയാണ് പ്രതിരോധ സാഹിത്യം. ലോക ഭാഷാ ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമലങ്കരിക്കുന്ന സെമിറ്റിക് ഭാഷയായ അറബിയിലും പ്രതിരോധവും സമരവും വിപ്ലവവും ദേശ സ്നേഹവുമെല്ലാം പ്രമേയമായി ധാരാളം സാഹിത്യ സൃഷ്ടികളുണ്ട്. ഇത്തരം വിപ്ലവ സ്വരങ്ങളെ ഏറ്റവും തീക്ഷ്ണമായും കാല്പനികമായും ആവിഷ്കരിക്കപ്പെട്ടത് അറബി കവിതകളില്‍ തന്നെയാണ്.
അറബ് പ്രതിരോധ കാവ്യങ്ങള്‍: ഉത്ഭവവും വികാസവും
അറബ് പ്രതിരോധ കാവ്യങ്ങളുടെ ഉത്ഭവത്തെ കുറിച്ച് ഭാഷാ നിരൂപകര്‍ക്കിടയില്‍ വ്യത്യസ്ത ആഖ്യാനങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇസ്ലാമിന്‍റെ ആഗമനത്തിന് മുമ്പ് സാര്‍വത്രികമായിരുന്ന ഗോത്ര സംസ്കാരത്തില്‍ നിന്നാണ് പ്രതിരോധ കാവ്യങ്ങളുടെ പ്രഥമ ശൈലികൾ രൂപം കൊള്ളുന്നത്. ഗോത്രങ്ങള്‍ പ്രത്യേക ആചാര അനുഷ്ഠാനങ്ങളും നിലപാടുകളുമെല്ലാം പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ സ്വത്വമായിരുന്നു എന്നതു കൊണ്ടു തന്നെ തങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി അവര്‍ കവികളെ ഉപയോഗപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇസ്ലാമിന്‍റെ പ്രാരംഭ കാലത്താണ് ഇത്തരം കവിതകള്‍ പിറവിയെടുത്തത് എന്നതാണ് മറ്റൊരു വാദം. പ്രവാചക അനുചരരില്‍ പെട്ട ഹസാനു ബ്നു സാബിത്ത്, കഅ്ബ് ബ്നു മാലിക്, അബ്ദുല്ലാഹ് ബിന്‍ റവാഹ തുടങ്ങിയ കവികള്‍ സത്യ മതത്തെ സംരക്ഷിക്കാന്‍ വേണ്ടി ശത്രുക്കള്‍ക്കെതിരെ കവിതകള്‍ ആലപിച്ചിരുന്നു. ഒരു വേള ശത്രുക്കള്‍ കവിതകൾ കൊണ്ട് നബി തങ്ങളെ ആക്ഷേപ വര്‍ഷം നടത്തിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ഹസാന്‍ (റ) വിന് വേണ്ടി നബി തങ്ങൾ പ്രാര്‍ത്ഥിക്കുന്നതും ചരിത്രത്തില്‍ കാണാം. ബനൂ അബ്ദില്‍ മുത്വലിബും ബനൂ ഉമയ്യയും തമ്മിലുള്ള കലഹങ്ങളാണ് ഇത്തരം കവിതകളുടെ തുടക്കം എന്നതാണ് മറ്റൊരു വായന.
ഇങ്ങനെ രൂപപ്പെട്ട പ്രതിരോധ കാവ്യങ്ങള്‍ അലി (റ) വിന്‍റെ കാലത്താണ് പിന്നീട് സജീവമാകുന്നത്. സ്വിഫീന്‍ യുദ്ധം, ഖവാരിജുകള്‍-ശിയാക്കള്‍ എന്നിവരുടെ രംഗപ്രവേശം തുടങ്ങിയ രാഷ്ട്രീയ അസ്വസ്ഥതകള്‍ ഉടലെടുക്കുകയും പലപ്പോഴും ഓരോ വിഭാഗവും തങ്ങള്‍ക്ക് അനുകൂലമായ കവിതകള്‍ ആലപിക്കുകയും പ്രവാചക വചനങ്ങള്‍ ചമച്ചുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അമവി കാലഘട്ടമാവുമ്പോഴേക്ക് ഇത്തരം രാഷ്ട്രീയ സ്വഭാവമുള്ള കവിതകള്‍ക്ക് അടിസ്ഥാന ശിലകള്‍ രൂപപ്പെട്ടിരുന്നു.
തുടര്‍ന്ന് അധികാരവും ഭരണവും മാറി മാറി വന്നപ്പോഴും അധികാര മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്ന രാജാക്കന്മാര്‍ പരസ്പരം കവിതകളിലൂടെ പോരടിച്ചിരുന്നു. പ്രതിയോഗിയോടുള്ള ആക്ഷേപം, പരിഹാസം, രാജപ്രശംസ തുടങ്ങിയവയായിരുന്നു മിക്കതിലേയും പ്രമേയം.
ആധുനിക അറബ് പ്രതിരോധ കാവ്യങ്ങള്‍
കാലങ്ങളായി പല മട്ടിലുള്ള രാഷ്ട്രീയ സ്വത്വ പ്രതിരോധങ്ങള്‍ക്ക് വേണ്ടി കവിതകള്‍ രൂപപ്പെട്ടുവെങ്കിലും വലിയ അര്‍ത്ഥത്തില്‍ സ്വാധീനമുള്ള ജനകീയവും സ്വതന്ത്രവുമായ ഒരു സാഹിത്യ ശാഖയായി പ്രതിരോധ കാവ്യങ്ങള്‍
പരിണമിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടു കൂടിയാണ്. ബ്രിട്ടീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ അധിനിവേശങ്ങള്‍ അറബ് ലോകത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചു. ലോക യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അന്തരീക്ഷത്തില്‍ അറേബ്യ കലാപഭൂമിയായി തീര്‍ന്നതോടെ അറബ് കവിതയ്ക്കും പ്രതിരോധ സ്വഭാവം കൈവന്നു. കവിതകള്‍ നെറികെട്ട ഭരണകൂടത്തിനെതിരെ കലഹിക്കുകയും, കവികള്‍ ഒലീവ് ഇലകളുയര്‍ത്തി സമാധാനത്തെ സ്വപ്നം കാണുകയും ചെയ്തു. 1948-ല്‍ ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തോടെ പ്രതിരോധ കാവ്യങ്ങള്‍ സജീവമാവുകയും ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.
വൈദേശികാധിപത്യത്തിന്‍റെ കെടുതികളില്‍ നിന്നും പിറന്ന നാടിനു വേണ്ടിയുള്ള പോരാളികളുടെ വിമോചന സമരങ്ങള്‍ക്ക് ഇത്തരം കാവ്യങ്ങള്‍ സമരവീര്യം പകര്‍ന്നു. പ്രതിരോധ കവികള്‍ യുദ്ധഭൂമിയുടെ ദാരുണ ചിത്രങ്ങള്‍ സത്യസന്ധമായി ആവിഷ്കരിച്ചു. ഭാവനയും ക്രിയാത്മകതയും ശുദ്ധമായ ഭാഷയും ഉള്ളുലക്കുന്ന ഈണവും ചേര്‍ന്നപ്പോള്‍ കവിത അത്യധികം പ്രഹര ശേഷിയുള്ള ആയുധമായി പരിണമിച്ചു.
ഫലസ്തീന്‍ പ്രതിരോധ കാവ്യങ്ങള്‍
ഫലസ്തീന്‍ പ്രതിരോധ കാവ്യങ്ങള്‍ക്ക് ഇതര അറബ് നാടുകളിലേതില്‍ നിന്നും വ്യതിരിക്തമായി ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അറബ് പ്രതിരോധ കാവ്യങ്ങളുടെ വലിയൊരു ഭാഗം ഫലസ്തീന്‍ കവികളുടെ സംഭാവനയാണ്. ഇതിന്‍റെ പ്രധാന കാരണം ബൈത്തുല്‍ മുഖദ്ദസ് ഉള്‍ക്കൊള്ളുന്ന പ്രസ്തുത ഭൂപ്രദേശത്തിന്‍റെ മതപരമായ പ്രാധാന്യമാണ്. സയണിസ്റ്റ് അധിനിവേശത്തിന്‍റെ ദുരിതം പേറുന്ന ഫലസ്തീന്‍ ജനത ഇന്നും ലോക മനസ്സാക്ഷിയുടെ ഉണങ്ങാത്ത മുറിവാണ്. ഇബ്രാഹിം തൗഖാന്‍, സഹോദരി ഫദ്വ തൗഖാന്‍, മഹ്മൂദ് ദര്‍വീഷ്, സമീഹ് ഖാസിം, തൗഫീഖ് സയാത്ത്, അബ്ദുല്‍ കരീം കര്‍മി തുടങ്ങിയവര്‍ ഇത്തരം പ്രതിരോധ വിപ്ലവ കാവ്യങ്ങള്‍ രചിച്ചവരില്‍ പ്രധാനികളാണ്. ഫലസ്തീന്‍ പ്രതിരോധ കാവ്യങ്ങളുടെ വികാസം പരസ്പര ബന്ധിതമായ രണ്ട് ഘട്ടങ്ങളായി തരം തിരിക്കാം.
1.സ്വത്വാന്വേഷണ ഘട്ടം
ഇസ്രയേല്‍ അധിനിവേശാനന്തരം ജന്മനാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട് പലയിടങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്ന ഫലസ്തീൻ പൗരന്മാരുടെ വ്യക്തിത്വത്തെ കുറിച്ചായിരുന്നു ഈ ഘട്ടത്തില്‍ കവിതകള്‍ സംസാരിച്ചത്. തുടരെയുള്ള ദുരന്തങ്ങള്‍ അവരുടെ സ്വത്വാന്വേഷണത്തിന്‍റെ പ്രാധാന്യം വിളിച്ചോതി. ജന്മനാടിനോടുള്ള അനുകമ്പ, പലസ്തീനികള്‍ അനുഭവിക്കേണ്ടിവന്ന കൂട്ടക്കുരുതികളുടെ വിശദീകരണം, തിരിച്ചുവരവിന്‍റെ പ്രതീക്ഷ, വിപ്ലവാഹ്വാനം എന്നിവയെല്ലാമായിരുന്നു ഈ ഘട്ടത്തില്‍ പ്രതിരോധ കാവ്യങ്ങളുടെ പ്രമേയം. കയ്പേറിയ യാഥാര്‍ത്ഥ്യങ്ങളെ വൈകാരിക തീക്ഷ്ണതയോടെ ആവിഷ്കരിച്ച ഇത്തരം കവിതകൾ വായനക്കാരോട് നേര്‍ക്കുനേര്‍ സംവദിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരുന്നത്. അധിനിവേശാനന്തരം ഫലസ്തീന്‍ ജനത അനുഭവിക്കേണ്ടി വന്ന കഷ്ടതകളെ പ്രസിദ്ധ കവി മഹമൂദ് ദര്‍വേശ് മനോഹരമായി ആവിഷ്കരിച്ചത് ഇതിന്‍റെ ഉത്തമ ഉദാഹരണമാണ്:
ماذا جَنَيْنَا نَحْنُ يَا أُمَّاهُ
حَتَّى نَموتَ مَرَّتَيْنِ؟ فَمَرَّةً تَمُوتُ فِي الحَياةُ ! وَمَرَّةً تَمُوتُ عِنْدَ الْمَوْتُ
يا غابَةَ الصَّفْصَافِ هَلْ سَتَذْكُرين أَنَّ الَّذِي رَمَوْهُ تَحْتَ ظِلْكِ الْحَزِينُ
كَأَيِّ شَيْءٍ مَيِّتِ إِنْسَانُ؟
هَلْ تَذْكُرِينَ أَنَّنِي إِنْسَانُ
وَتَحْفَظِينَ مُتَّتِي مِنْ سَطْوَةِ الغِرْبانُ؟
وأنت يا أماه
ووالدي وَإِخْوَتِي وَالْأَهْلُ وَالرِّفَاقُ
لعلكم أَحْيَاءٌ
لَعَلَّكُمْ أَمْواتُ
لَعَلَّكُمْ مِثْلِي بِلا عُنْوانُ
ما قيمةُ الإِنْسانُ
بلا وطن
بلا عَلَمٌ
ودونَما عُنْوانٌ ؟
ما قيمةُ الإِنْسانُ؟
2.സ്വത്വാവിഷ്കാര ഘട്ടം
1936-ല്‍ ഫലസ്തീന്‍ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതോടു കൂടെയാണ് ഈ ഘട്ടം ആരംഭിക്കുന്നത്. കലാപഭൂമിയില്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ ഫലസ്തീന്‍ ജനതയില്‍ വ്യക്തമായ കാഴ്ച്ചപ്പാടും കൃത്യമായ ലക്ഷ്യബോധവും രൂപപ്പെടുത്തിയിരുന്നു. പിറന്ന മണ്ണിന്‍റെ സ്വാതന്ത്ര്യം സാക്ഷാത്കരിക്കാനും സമാധാനപൂര്‍ണ്ണമായ ഭാവിയെ കുറിച്ച് പ്രത്യാശിക്കാനും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളോട് സന്ധിയില്ലാ സമരം അനിവാര്യമാണെന്ന ബോധം അവരില്‍ രൂഢമൂലമായിരുന്നു. ഫലസ്തീന്‍ കവി അബ്ദുറഹീം മഹ്മൂദിന്‍റെ കാവ്യ ശകലങ്ങളില്‍ ഇക്കാര്യം പ്രകടമാണ്:
سَأَحْمِلُ روحي على راحتي … وَأُلْقِي بها
في مهاوي الردى
فَإِما حَيَاةٌ تَسُرُّ الصَّدِيقَ … وَإِمَّا مَمَاتٌ
يَغِيظُ العدى
وَنَفْسُ الشَّريف لها غايتان … ورود المنايا
…وَنَيْلُ المنى
وما العَيْشُ؟ لا عِشْتُ إِنْ لَمْ أَكُن
مخوفَ الجَنابِ حَرامَ الحِمى
ഫലസ്തീന്‍ വിമോചനത്തെ ചുറ്റിപ്പറ്റിയുള്ള പ്രതിരോധ കാവ്യങ്ങള്‍ ഫലസ്തീന്‍ കവികളുടെ മാത്രം കുത്തകയായിരുന്നില്ല. അറബ് ഇസ്ലാമിക ലോകത്തെ പ്രമുഖ കവികള്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഈ സര്‍ഗ്ഗ പ്രതിരോധത്തില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തു. അഖ്തല്‍ സഗീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ലെബനാന്‍ കവി ബിശാറത്ത് അല്‍ ഖൗരി ഈ ആശയം തന്‍റെ കവിതയിലൂടെ ആവിഷ്കരിക്കുന്നത് കാണാം:
ييا جهادًا صَفَّقَ المَجْدُ لَهُ … لَبِسَ الغَارُ عَلَيْهِ
الْأَرْجُوانا
شَرَفٌ بِاهَتْ فَلَسْطِينُ بِهِ … وبناء للمعالي
لا يداني
إِنَّ جُرْحًا سَالَ مِنْ جَبْهَتِها … لَثمتْهُ
بخشوع شفتانا
وأنينا باحَتِ النَّجْوَى بِهِ … عَرَبِيًّا رَشَفَتْهُ
مُقْلَتَانَا
ഇതര അറബ് നാടുകളിലെ പ്രതിരോധ കാവ്യങ്ങള്‍
പ്രധാന സവിശേഷതകള്‍:
1.അധിനിവേശ വിരുദ്ധ സമര വികാരം ഉണര്‍ത്തുക.
അധിനിവേശ ശക്തികള്‍ക്കെതിരെ നിലകൊള്ളാനും അവരുടെ അനീതിക്കും അക്രമത്തിനും അറുതി വരുത്താനും അറബ് സമൂഹത്തിന് കരുത്ത് പകരുക എന്ന ദൗത്യമാണ് പ്രധിരോധ കാവ്യങ്ങള്‍ നിര്‍വ്വഹിച്ചത്. ടുനീഷ്യന്‍ കവി അബ്ദുല്‍ ഖാസിം അശ്ശാബിയുടെ വരികളില്‍ ഈ ആശയം പ്രകടമാണ്:
إذا الشَّعْبُ يوماً أراد الحياة…
فلا بُدَّ أنْ يَسْتَجِيبَ القدر
ولا بُدَّ للَّيْلِ أنْ ينجلي…
ولا بُدَّ للقيد أن يَنْكَسِرْ
ومن لم يعانقُهُ شَوْقُ الحياة…
تَبَخَّرَ فِي جَوِّها واندَثَرْ
فويلٌ لَمَنْ لم تَشُقْهُ الحياة…
من صَفْعَةِ العَدَمِ المنتصر
كذلك قالت لي الكائنات…
وحدثني روحها المُستَتِرْ
അല്‍ ജസാഇര്‍ വിപ്ലവ പശ്ചാത്തലത്തില്‍ പ്രസിദ്ധ സിറിയന്‍ കവി സുലൈമാന്‍ അല്‍ ഈസ എഴുതിയ വരികള്‍ സമാന ശ്രേണിയില്‍ ഉള്‍പ്പെടുന്നു:
2.സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ മഹത്വവല്‍കരണം
ഏതൊരു സമുദായത്തിന്‍റെയും സ്വാതന്ത്ര്യത്തിനും അഭിമാനകരമായ അസ്തിത്വത്തിനും വേണ്ടിയുള്ള അഭിനിവേശം അളക്കപ്പെടുന്നത് ആ ദിശയില്‍ അവരുടെ ത്യാഗങ്ങളും സമര്‍പ്പണങ്ങളും അടിസ്ഥാനപ്പെടുത്തിയാണ്. സ്വാതന്ത്ര്യലബ്ധിക്ക് വേണ്ടിയുള്ള സമരവീഥിയില്‍ ഇത്തരം ത്യാഗോജ്ജ്വല സ്മരണകള്‍ ലക്ഷ്യ സഫലീകരണത്തില്‍ വലിയ പങ്ക് വഹിച്ചു. ഇറ്റാലിയന്‍ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ ധീരോദാത്തം പോരാടി വീരമൃത്യു വരിച്ച ലിബിയന്‍ വിപ്ലവനായകന്‍ ഉമര്‍ മുഖ്താറിനെ അനുശോചിച്ച് ‘അമീറുശ്ശുഅറാഅ്’ എന്നറിയപ്പെടുന്ന പ്രസിദ്ധ കവി അഹ്മദ് ശൗഖി എഴുതിയ വരികള്‍ ഇവിടെ പ്രസ്താവ്യമാണ്:
ركزوا رفاتَكَ فِي الرِّمالِ لواء.. يَسْتَنْهضُ
الوادي صَباحَ مَساءً
يا أَيُّها السَّيْفُ المجرد بالفلا.. يكسو
السيوفَ عَلَى الزَّمَانِ مَض
تلك الصحاري غِمْدُ كُلِّ مُهَنَّدِ.. أَبْلَى
فَأَحْسَنَ فِي العَدُوِّ بَلاء
خُيِّرْتَ فَاخْتَرْتَ المَبِيتَ عَلَى الطُّوى.. لَمْ تَيْنِ
جَاهَا أَوْ تَكُم تَراءَ
أفريقيا مَهْدُ الأُسودِ وَلَحْدُها.. ضَجَّتْ عَلَيْكَ
أَرَاجِلًا وَنِسَاءَ
ഇത്തരത്തില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി സമുദായം വരിച്ച ത്യാഗങ്ങളെ പ്രകീര്‍ത്തിച്ച് ധാരാളം കവിതകള്‍ രചിക്കപ്പെട്ടു. 1956 ലെ സൂയസ് കനാല്‍ യുദ്ധ സമയത്ത് ബ്രിട്ടിഷ്, ഫ്രഞ്ച്, ഇസ്രയേല്‍ ശക്തികള്‍ക്കെതിരെ ഈജിപ്ഷ്യന്‍ ജനത കാണിച്ച ധീരമായ ചെറുത്തു നില്‍പ്പിനെ അധികരിച്ച് വിശ്രുത ലെബനാന്‍ കവി ഫൗസി ഖലീല്‍ അത്വവി എഴുതിയ വരികള്‍ ശ്രദ്ധേയമാണ്:
حَدِّثُ فَتَاكَ عَنِ الوحوش الضارية
یا شاهِدًا مَأْسَاةً مِصْرَ الدامية
حَدِّثُ عَنِ الْأَطْفَالِ يَوْمَ تَمَرَّدُوا .. كَيْفَ
افْتَدَوْهَا بِالدِّمَاءِ الفَانِيَةُ
وعن الأيامي واليتامى حينَمَا.. ذَرَفَتْ
وَتَسَهَّدَتْ أَجْفَانُهُمْ فَبَدَتْ لَهُمْ.. عَيْنٌ مُؤَرَّقَةٌ
عُيُونُهُمُ الدُّمُوعَ القَانِيَةُ
وَعَيْنٌ بِاكِيَةً
3.പ്രതിരോധ-സമര ഭൂമിയിലെ കാഴ്ചകളുടെ വര്‍ണ്ണന:
തുടരെയുള്ള ആക്രമണങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചില്ല. വലിയ സംഭവ വികാസങ്ങളും യുദ്ധക്കെടുതികളും അരങ്ങേറിയപ്പോള്‍ പ്രതിരോധ കവികള്‍ മത്സരിച്ച് കവിതകള്‍ രചിക്കുകയും സമുദായത്തിന് ഊര്‍ജ്ജം പകരുകയും ചെയ്തു. ഫ്രഞ്ച് അധിനിവേശത്തിന്‍റെ കെടുതികള്‍ അനുഭവിച്ച ദമസ്കസിന്‍റെ ദാരുണ ചിത്രങ്ങളെ അഹ്മദ് ശൗഖി ആവിഷ്കരിക്കുന്നത് കാണാം:
بليل للقذائف والمنايا.. وَرَاءَ سَمَائِهِ خَطْفٌ
وَصَعْقُ
إِذا عَصَفَ الحَدِيدُ احْمَرٍ أَفْقُ.. عَلَى جَنَبَاتِهِ
وَاسْوَدَّ أُفْقُ
دَمُ الثَّوارِ تَعْرِفُهُ فَرَنْسا.. وَتَعْلَمُ أَنَّهُ نورٌ
وَحَقُّ
بلاد ماتَ فِتْيَتُها لِتَحْيا.. وزالوا دونَ قَوْمِهِمْ
ليبقوا
وَلِلحُرِّيَّة الحَمْراءِ باب.. بِكُلِّ يَدٍ مُضَرْجَةٍ
يُدَقُ
4.അറബ് ദേശീയതയുടെ ആശയ സംവേദനം:
അധിനിവേശ ശക്തികള്‍ക്കെതിരെ സംഘടിക്കാനും അനീതി, അക്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ അരുതായ്മകളെ ക്രിയാത്മകമായി ചെറുക്കാനും അറബ് ലോകം ആശയപരമായി സംഘടിക്കേണ്ടത് അനിവാര്യമായിരുന്നു. ഭാഷാപരവും സാംസ്കാരികവും ചരിത്രപരവുമായ സാമ്യതകള്‍ നിലനിര്‍ത്തുന്ന അറബ് നാടുകളുടെ ഐക്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുമെന്ന തിരിച്ചറിവാണ് ഇതിന് പ്രേരണയായത്. ഈ ദൗത്യമാണ് പ്രതിരോധ കവികള്‍ ഏറ്റെടുത്തത്. ആധുനിക അറബ് കവികളില്‍ പ്രധാനിയായ ഇറാഖി കവി മുഹമ്മദ് മഹ്ദി അല്‍ ജവാഹിരി തന്‍റെ ‘സൗറത്തുല്‍ ഇറാഖ്’ എന്ന കവിതയില്‍ പ്രതിരോധ മാര്‍ഗ്ഗത്തില്‍ അറബ് ലോകം ഒന്നിച്ച് അണി ചേരണമന്ന ആശയം പങ്ക് വെക്കുന്നത് കാണാം:
لَعَلَّ الَّذِي وَلَى مِنَ الدَّهْرِ رَاجِعُ.. فَلَا عَيْشَ
إِنْ لَمْ تَبْقَ إِلَّا الْمَطَامِعُ
تُحَدِّثُ أَوْضَاعُ العِرَاقِ بِنَهْضَةٍ.. تُرَدِّدُها
أَسْوَاقُهُ وَالشَّوَارِعُ
وَقَدْ خَبَّرُونِي أَنَّ فِي الشَّرْقِ وَحْدَةً.. كَنَائِسُهُ
تَدْعُو فَتَبكي الجَوامِعُ
وَقَدْ خَبَّرُونِي أَنَّ لِلعُرْبِ نَهْضَةً.. بَشَائِرُ قَدْ
لاحَتْ لَهَا وَطَلَائِعُ
…هَبُوا أَنَّ هذا الشَّرْقَ كَانَ وَدِيعَةً
فَلَا بُدَّ يَوْمًا أَنْ تُرَدَّ الوَدَائِعُ
ചുരുക്കത്തില്‍, അറബ് പ്രതിരോധ കാവ്യങ്ങള്‍ അധിനിവേശ വിരുദ്ധ സമര പോരാട്ടങ്ങളില്‍ അനിഷേധ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പല ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് പിറവിയെടുത്ത ഇത്തരം കവിതകള്‍ പ്രാദേശികമായി ഒതുങ്ങിപ്പോകുമായിരുന്ന പല സംഭവ വികാസങ്ങളെയും ആഗോള തലത്തില്‍ അവതരിപ്പിക്കുന്നതില്‍ വലിയ അളവില്‍ വിജയം കണ്ടുവെന്നത് യാഥാര്‍ഥ്യമാണ്.
