പ്രശസ്തനായ അഭിഭാഷകൻ, നിയമ വിദഗ്ധൻ, നിപുണനായ എഴുത്തുകാരൻ, സഞ്ചരിക്കുന്ന ചരിത്ര പുസ്തകം, മതേതരത്വത്തിന്റെ കാവലാളായി നിലകൊണ്ട മാധ്യമപ്രവർത്തകൻ തുടങ്ങിയ വിശേഷണങ്ങൾക്കെല്ലാം ഒരുപോലെ അർഹനാണ് അബ്ദുൽ ഗഫൂർ മജീദ് നൂറാനി എന്ന എ. ജി. നൂറാനി.
1930 സെപ്റ്റംബർ 16-ന് ബോംബെയിൽ ജനിച്ച നൂറാനി 1953-ല്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം നിയമത്തിൽ ബിരുദം നേടുന്നത്. ഭരണഘടനാനിയമങ്ങളിലെ അഗാധ പാണ്ഡിത്യവും, രാഷ്ട്രീയ നിരീക്ഷണങ്ങളും, സാമൂഹിക നീതിക്ക് വേണ്ടി നടത്തിയ അതുല്യ പ്രവർത്തനങ്ങളും അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി.
ചെറിയ പ്രായത്തിൽ തന്നെ പ്രമാദമായ പല കേസുകളിലും പ്രത്യക്ഷപ്പെടാൻ ലഭിച്ച അവസരങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തെ ഗുണാത്മകമായി ബാധിച്ചു. നാഷണൽ കോൺഫറൻസ് സ്ഥാപകനും കാശ്മീർ പ്രധാനമന്ത്രിയും ആയിരുന്ന ശൈഖ് അബ്ദുള്ളയെ നെഹ്റു സർക്കാർ തടവിലാക്കിയ സന്ദർഭത്തിൽ വിക്രം സാരാഭായിയുടെ സഹോദരി ശകുന്തള സാരാഭായിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹാജറായത് നൂറാനി ആയിരുന്നു. അപ്പോൾ അദ്ദേഹത്തിൻറെ പ്രായം 30-ൽ താഴെ മാത്രമായിരുന്നു. ബോംബെ ഹൈക്കോടതിയിൽ ജയലളിതയുമായി ബന്ധപ്പെട്ട കേസിൽ ഡിഎംകെ നേതാവ് കെ കരുണാനിധിക്ക് വേണ്ടിയും അദ്ദേഹം വാദിച്ചു.
ഷെയ്ഖ് അബ്ദുല്ലയുടെ കേസ് പഠിക്കുന്ന സന്ദർഭത്തിലാണ് കാശ്മീരിനെക്കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും നൂറാനി കൂടുതൽ അറിയുന്നത്. പിന്നീട് കാശ്മീരിന്റെ സമാധാനത്തിനുവേണ്ടി നിരന്തരം പ്രവർത്തിക്കുന്ന നൂറാനിയെയാണ് ഇന്ത്യ കണ്ടത് . ആത്മാർത്ഥമായ ആ പഠനങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രതിഫലനമാണ് ‘ദി കശ്മീർ ഡിസ്പ്യൂട്ട് 1947-2012’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം. കാശ്മീർ വിഷയം ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന ഈ ഗ്രന്ഥം കാശ്മീർ വിഷയത്തിലെ ഒന്നാമത്തെ അവലംബമാണ്. 2023-ലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന കേസിൽ അനുബന്ധ വായനക്കായി സുപ്രീംകോടതിയിൽ ഹാജരാക്കിയിരുന്നത് ഈ ഗ്രന്ഥമായിരുന്നു. വിഭജനകാലത്ത് ജീവിച്ച നിർഭാഗ്യവാന്മാരിൽ പെട്ട അദ്ദേഹം വിഭജനം വിതച്ച വിപത്തുകളെ കൃത്യമായി പഠിച്ച ശേഷം, “മനുഷ്യ ചരിത്രത്തിലെ 10 വലിയ ദുരന്തങ്ങളിലൊന്ന്” എന്നാണ് ഇന്ത്യാവിഭജനത്തെ വിശേഷിപ്പിച്ചത്.
തന്റെ നിലപാടുകളും നിരീക്ഷണങ്ങളും പൊതുജനത്തെ അദ്ദേഹം അറിയിച്ചത് എഴുത്തുകളിലൂടെയായിരുന്നു. എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, ഹിന്ദുസ്ഥാൻ ടൈംസ്, ദി സ്റ്റേറ്റ്സ്മാൻ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം നിരന്തരം എഴുതിയിരുന്നു. 1980-കളിൽ ഫ്രണ്ട്ലൈൻ മാസികയിൽ എഴുതിത്തുടങ്ങിയതിനുശേഷമാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ വിശാലമായ പ്രേക്ഷകരിലേക്കെത്തുന്നത്. മൂന്ന് പതിറ്റാണ്ട് കാലം നീണ്ടുനിന്ന ഫ്രണ്ട്ലൈൻ മാഗസിനിലെ ‘ഭരണഘടനാപരമായ ചോദ്യങ്ങൾ (constitutional Questions)’ എന്ന അദ്ദേഹത്തിന്റെ കോളം സങ്കീർണമായ നിയമ വിഷയങ്ങളിലെ സൂക്ഷ്മ ഗവേഷണത്താലും സന്തുലിത വിശകലനത്താലും ഏറെ പ്രശസ്തമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ നിരന്തരമായി വന്നിരുന്നതിനാൽ പ്രമുഖരായ പല മാധ്യമപ്രവർത്തകരും നൂറാനി ഔദ്യോഗികമായി മാധ്യമപ്രവർത്തനം നടത്തുന്ന ഒരു ജേണലിസ്റ്റാണെന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്ന് അനുഭവം പങ്കുവെക്കുന്നത് കാണാം.
എഴുത്തുകാരൻ എന്ന നിലയിൽ ഭരണഘടന, ചരിത്രം, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. കാശ്മീർ ക്വസ്റ്റ്യൻസ്, മിനിസ്റ്റേഴ്സ് മിസ്കണ്ടക്ട്, കോൺസ്റ്റിറ്റ്യൂഷണൽ ക്വസ്റ്റ്യൻസ് ആൻഡ് സിറ്റിസൺസ് റൈറ്റ്, ദ ആർ എസ് എസ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ.
നരേറ്റീവ് ജേണൽ രംഗത്തെ മുന്നണി പോരാളികളിൽ ഒരാളായിരുന്നു എ. ജി. നൂറാനി. വസ്തുതകളുടെ വിശാലമായ ആഖ്യാനങ്ങൾ അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകളിൽ തെറ്റ് കണ്ടെത്തൽ അസാധ്യമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ അഭിപ്രായപ്പെടുന്നു. ചരിത്ര വസ്തുതകളുടെ വലിയ പിന്തുണ അദ്ദേഹത്തിന്റെ എഴുത്തുകൾക്കുണ്ടായിരുന്നു.
മതേതരത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടിയ അദ്ദേഹം ഹിന്ദുത്വത്തോട് നിരന്തരം കലഹിച്ചു. ബിജെപി സർക്കാർ അധികാരത്തിലേറുന്നതിന് എത്രയോ മുമ്പ് തന്നെ അവരുടെ ആദർശങ്ങളെയും അവർ മുഖ്യധാരയിൽ വന്നാൽ, ഇന്ത്യൻ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും നേരിടാൻ പോകുന്ന പ്രതിസന്ധികളെയും അദ്ദേഹം തുറന്നെഴുതി. ദി ആർഎസ്എസ് ആൻഡ് ബിജെപി എഡിഷൻ ഓഫ് ലേബർ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് രണ്ടായിരത്തിലായിരുന്നു. അദ്ദേഹത്തിന്റെ മരണസമയത്ത് ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹമെന്ന് പറയപ്പെടുന്നു. വാർദ്ധക്യം തന്നെ ക്ഷീണിപ്പിച്ച് കഴിഞ്ഞിട്ടും സത്യങ്ങൾ തുറന്നു എഴുതാനുള്ള അഭിനിവേശം ഒട്ടും കുറഞ്ഞിരുന്നില്ല.
തന്റെ പ്രഭാഷണങ്ങളിൽ മതപണ്ഡിതർ വേദഗ്രന്ഥങ്ങൾ ഉദ്ധരിക്കുന്നതുപോലെ അദ്ദേഹം ഇന്ത്യൻ ഭരണഘടനയെ ഉദ്ധരിക്കുമായിരുന്നു. മാത്രമല്ല, മറ്റു രാജ്യങ്ങളിലെ സമാന വിഷയങ്ങളിലെ നിയമങ്ങളും ചേർത്തുപറയാൻ കഴിയും വിധം നിയമജ്ഞാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
സി എച്ച് മുഹമ്മദ് കോയ അവാർഡ് സ്വീകരിക്കാൻ കോഴിക്കോട് എത്തിയ അദ്ദേഹം താജ് ഹോട്ടലിലെ മുറിയിൽ ഇരുന്നു ഫ്രണ്ട്ലൈനിലേക്കുള്ള ലേഖനം മണിക്കൂറുകൾ കൊണ്ട് എഴുതി പോസ്റ്റ് ചെയ്യാൻ തന്നെ ഏൽപ്പിച്ചത് ഡോക്ടർ എം. കെ. മുനീർ അത്ഭുതത്തോടെ അദ്ദേഹത്തെ അനുസ്മരിക്കുന്ന വേളയിൽ ഓർക്കുന്നുണ്ട്.
കമ്പ്യൂട്ടർ പരിജ്ഞാനം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. റൈറ്റർ ഉപയോഗവും കൃത്യമായി അറിയുമായിരുന്നില്ല. തന്റെ എഴുത്തുകൾ എല്ലാം നിർവഹിച്ചത് പേനകൊണ്ട് കടലാസുകളിൽ ആയിരുന്നു. ഇന്റർനെറ്റ് മുഖത്തിലും അവലംബമായി സ്വീകരിച്ചത് പത്രങ്ങളിൽ നിന്ന് വെട്ടിയെടുത്ത കഷ്ണങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ഈ റഫറൻസുകൾ ഒരു നിധിശേഖരം തന്നെയാണ്. തന്റെ മരണശേഷം അവയെല്ലാം നെഹ്റു മ്യൂസിയം ആൻഡ് ലൈബ്രറി എന്ന സ്ഥാപനത്തിന് നൽകാനായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നത്. എന്നാൽ ഹിന്ദുത്വവാദികൾ ഈ സ്ഥാപനത്തെയും കീഴ്പ്പെടുത്തിയപ്പോൾ അത് വേണ്ടെന്നുവച്ചു. സംരക്ഷിക്കപ്പെടേണ്ട നിധിശേഖരം തന്നെയാണ് അദ്ദേഹത്തിന്റെ റഫറൻസുകൾ.
“എഴുത്തിനെ ധീരതയോടും സത്യസന്ധതയോടും കൂടി മാത്രമേ അദ്ദേഹം സമീപിച്ചിട്ടുള്ളൂ. ആ ധാർമികതയുടെ തത്വങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടനീളം കാണാൻ സാധിക്കും”. നൂറാനിയെ കുറിച്ച് മുതിർന്ന അഭിഭാഷകൻ യൂസഫ് മുച്ചാലയുടെ അഭിപ്രായം ഇങ്ങനെയാണ്.
നൂറാനി വലിയ ഭക്ഷണപ്രിയനായിരുന്നു എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവരെല്ലാം ഒരുപോലെ പറയുന്നു. വിവിധയിടങ്ങളിലെ ചായ, സമൂസ, ബിരിയാണി എന്നിവ താൻ അദ്ദേഹത്തിന് നിർദ്ദേശിക്കാറുണ്ടായിരുന്നുവെന്ന് ഹൈദരാബാദ് എം. പി. അസദ്ദീൻ ഉവൈസി പറയുന്നു. എങ്കിലും മറ്റുള്ളവരെ ജ്ഞാനം ഭക്ഷിപ്പിക്കുന്നതിനോടും അക്ഷരങ്ങളോടുമുള്ള പ്രിയം ഒരുപടി മുമ്പിൽ തന്നെയായിരുന്നു എന്നതിൽ തർക്കമില്ല.
നവ ജേണലിസ്റ്റുകൾക്കും അഭിഭാഷകർക്കും ഉത്തമ മാതൃക തന്നെയാണ് നൂറാനി. അദ്ദേഹം ജനിച്ചതും ജീവിച്ചതും ഇന്ത്യയിൽ അല്ലായിരുന്നുവെങ്കിൽ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടി വരുമായിരുന്നുവെന്ന്, അർഹിച്ച ബഹുമതി നൽകാത്ത ഇന്ത്യയിൽ നിന്നുകൊണ്ട് ഖേദത്തോടെ നാം മനസ്സിലാക്കണം. രാജ്യത്തിന്റെ നിധിയായി പ്രഖ്യാപിക്കാൻ പാകത്തിന് കഴിവുകൾ സമന്വയിച്ച ഇതിഹാസമായിരുന്നു അബ്ദുൽ ഗഫൂർ മജീദ് നൂറാനി.
