സ്ത്രീ വിരുദ്ധ നിലപാടുകളുടെ താലിബാൻ മുഖം

ആധുനിക സംവാദ പരിസരങ്ങളിലും ചരിത്രങ്ങളിലെ സംഘർഷങ്ങളുടെ രേഖപ്പെടുത്തലുകളിലും സ്ത്രീകളെയും അവരുടെ അവകാശങ്ങളെയും ചൊല്ലിയുള്ള നിരന്തര ചർച്ചകൾ മനുഷ്യസഹജമായ അസ്തിത്വത്തെ കുറിച്ചുള്ള ആശങ്കയുടെ  ഉത്പന്നമായി കണക്കാക്കാം. ചരിത്രത്തിലും ആധുനിക സമൂഹത്തിലും ഉള്ള സാമ്യത സ്ത്രീ ഒബ്ജക്റ്റിഫൈ (Objectify) ചെയ്യപ്പെടുന്നു എന്നതാണ്. സ്ത്രീകൾ പുരുഷ വികാര ശമനത്തിൽ നിന്ന് സിനിമകളിലെയും പരസ്യങ്ങളിലെയും അഡ്വർടൈസിംഗ് ടൂൾ ആയി മാറി എന്ന് മാത്രം. അതുകൊണ്ടാണ് ഇപ്പോഴും  അപഹരിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യവും  അവകാശനിഷേധങ്ങളും സെമിനാർ വിഷയാവതരണങ്ങളായി നിലനിൽക്കുന്നതും.  ഓസ്കാർ അവാർഡ് ജേതാവായ മെറിൽ സ്ട്രീപ്പ് യു.എൻ ജനറൽ അസംബ്ലിയിൽ അഫ്ഗാനിലെ സ്ത്രീ സമൂഹത്തെ കുറിച്ച് നടത്തിയ പരാമർശമാണ് ഈ വിഷയം വീണ്ടും  ലോകശ്രദ്ധ നേടാൻ കാരണം. താലിബാൻ നിയന്ത്രണങ്ങളിൽ വലയുന്ന അഫ്ഗാനിലെ സ്ത്രീകളേക്കാൾ അവിടുത്തെ പൂച്ചകൾ സ്വതന്ത്രരാണെന്ന് പറഞ്ഞ അമേരിക്കൻ അഭിനയത്രി, “അവിടുത്തെ അണ്ണാൻമാർ പോലും സ്വതന്ത്രരായി പാടി നടക്കുമ്പോൾ അഫ്ഗാൻ സ്ത്രീകളുടെ വാ മൂടി കെട്ടി നിശബ്ദമാക്കപ്പെട്ടിരിക്കുന്നു” എന്ന് അഫ്ഗാനിലെ സാമൂഹ്യ സാഹചര്യങ്ങളെ വിമർശിച്ചുകൊണ്ട് സംസാരിച്ചത്. 2021 ൽ നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം അധികാരം പിടിച്ചെടുത്ത താലിബാൻ ഗവൺമെന്റ് കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് സ്ത്രീകളുടെ പ്രാഥമിക അവകാശങ്ങൾക്ക് പോലും കൂച്ചു വിലങ്ങിടുന്ന നിയമങ്ങൾ പ്രഖ്യാപിക്കുന്നത്.   ഇസ്ലാമിക ശരീഅത്ത് നിയമങ്ങളാണ് നടപ്പാക്കുന്നതെന്ന ഷുഗർ കോട്ടഡ് വാദത്തിലൂടെ സ്ത്രീകളുടെ അടിസ്ഥാന അവകാശമായ വിദ്യാഭ്യാസം, വസ്ത്ര സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിൽ അനാവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. വ്യക്തമായ മനുഷ്യവകാശ ലംഘനമാണ് താലിബാന്റെ ഭാഗത്ത് നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇവയ്ക്കു പുറമേ പൊതുമേഖലാ ഇടപെടലുകൾ, രാഷ്ട്രീയം, തൊഴിൽ മേഖല തുടങ്ങി എല്ലായിടത്തും നിയന്ത്രണങ്ങളുടെ ഒരു ജയിലറയായി അഫ്ഗാനിസ്ഥാൻ മാറിക്കൊണ്ടിരിക്കുന്നു.

1919 ലാണ് അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭ്യമാകുന്നത്. തൊട്ടടുത്ത വർഷം പെൺകുട്ടികൾക്കായുള്ള ആദ്യ സ്കൂൾ അഫ്ഗാനിസ്ഥാനിൽ സ്ഥാപിതമായി.  1970 ആയപ്പോഴേക്കും സ്ത്രീ സ്വാതന്ത്ര്യത്തിൽ  പശ്ചാത്യ രാജ്യങ്ങൾക്ക് സമാനമായ സാമൂഹ്യ സാഹചര്യം അഫ്ഗാനിസ്ഥാനിൽ രൂപപ്പെട്ടിരുന്നു . 18 ൽ നിന്ന് 21 ലേക്ക് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയും, പോളിഗമി നിരോധിച്ചും, നിർബന്ധിത വിദ്യാഭ്യാസം നടപ്പിൽ വരുത്താൻ ആഹ്വാനം ചെയ്തും അഫ്ഗാൻ മാറ്റങ്ങളെ ദ്യോതിപ്പിക്കുന്ന രീതിയിൽ ലോകത്തിനു മുമ്പിൽ മുഖച്ഛായ സൃഷ്ടിച്ചു. പക്ഷേ 1980 ലെ കലുഷിതമായ രാഷ്ട്രീയ അരക്ഷിതാവസ്ഥയും സോവിയറ്റ് യൂണിയൻ പതനാനന്തരം നിലവിൽ വന്ന മുജാഹിദീൻ-താലിബാൻ ഭരണങ്ങളും സ്ത്രീകളുടെ അവകാശങ്ങൾക്കുമേൽ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2000 ത്തിൽ നാറ്റോ അധിനിവേശം നടക്കുന്ന സമയത്ത് ചെറുതോതിൽ എങ്കിലും ആക്ടിവിസ്റ്റുകൾക്ക്‌ ഈ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ സാധിച്ചിരുന്നു. എങ്കിലും 2021 ലെ താലിബാന്റെ രണ്ടാം അധികാരാരോഹണം നിലവിലുള്ള അവകാശ ലംഘനങ്ങൾ കൂടുതൽ തീവ്രമാക്കുകയാണ് ചെയ്തത്.

2021 ൽ അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതോടെയാണ് താലിബാന് ഭരണം ലഭ്യമാവുന്ന സാഹചര്യം ഉണ്ടായിത്തീരുന്നത്. സ്ത്രീയുടെ അവകാശലംഘനങ്ങളിലേക്ക് നയിക്കുന്ന എഴുപതോളം നിയമങ്ങളാണ് ഭരണം നേടിയത് മുതൽ താലിബാൻ നടപ്പാക്കിയത്. യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും വീർപ്പുമുട്ടിച്ച അഫ്ഗാന്റെ സാമ്പത്തിക സ്ഥിതി, അതിദയനീയമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ പൗരന്മാർക്ക് ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും സമാധാനപൂർണമായ ഒരു ജീവിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പകരം  അന്താരാഷ്ട്ര മനുഷ്യാവകാശ നയങ്ങൾക്ക് വിരുദ്ധമായി സാമ്പത്തിക പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിൽ ലക്ഷ്യം വെച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഭിന്നമായി സ്ത്രീ വിഷയങ്ങളിൽ നടപ്പിലാക്കുന്ന പ്രതിലോമകരമായ പദ്ധതികൾ ഇനിയും അഫ്ഗാൻ സാമ്പത്തിക അവസ്ഥയെ പിന്നോട്ടാണ് നയിക്കുക.വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ 2023-ലെ റിപ്പോർട്ടനുസരിച്ച് അഫ്ഗാൻ ജനതയുടെ മൂന്നിൽ രണ്ടു വിഭാഗവും ജീവിതം തള്ളിനീക്കുന്നത് ഹ്യൂമാനിറ്റേറിയൻ സഹായങ്ങളിലൂടെയാണ്.അതും 2021-നേക്കാൾ മൂന്നിരട്ടി.സെക്കൻഡറി,യൂണിവേഴ്സിറ്റി വിദ്യാഭ്യാസങ്ങളിൽ നിന്ന് സ്ത്രീകൾ നേരിടുന്ന വിലക്കാണ് അതിഗുരുതരമായത്. ഒപ്പം തൊഴിലിടങ്ങളിൽ നിന്നും പാർക്ക്, പൊതുയിടങ്ങൾ, ജിം, സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങിയ സ്ഥലങ്ങളിലും സ്ത്രീ സാന്നിധ്യം അഫ്ഗാൻ നിരുത്സാഹപ്പെടുത്തുന്നുണ്ട്.

77 കിലോമീറ്ററിലധികം സ്ത്രീകൾക്ക് സഞ്ചരിക്കണമെങ്കിൽ കുടുംബത്തിലെ പുരുഷന്റെ സാമീപ്യം നിർബന്ധമാക്കിയിരിക്കയാണ് താലിബാൻ. മാത്രമല്ല, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ സ്ത്രീകൾ പുറത്തിറങ്ങാൻ പാടുള്ളൂ എന്നതടക്കം താലിബാൻ നിയമങ്ങൾ അനവധിയാണ്. ഈ സാഹചര്യത്തിൽ വിധവകളായ സ്ത്രീകൾ, ഒറ്റക്ക് താമസിക്കുന്നവർ, മക്കളില്ലാത്തവർ ഇവർക്കെല്ലാം വലിയ വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്. ഒറ്റക്ക് പുറത്തിറങ്ങി ഭക്ഷണസാമഗ്രികൾ പോലും വാങ്ങാനാകാത്തതിന്റെ ബുദ്ധിമുട്ടുകളിൽ നിന്നാണ് അഫ്ഗാനിൽ ഇതിനെതിരെ സ്ത്രീ ശബ്ദങ്ങൾ ഉയർന്നിരിക്കുന്നത്.

ഘട്ടം ഘട്ടമായാണ് താലിബാൻ വിദ്യാഭ്യാസ നയങ്ങളിൽ മാറ്റം കൊണ്ടുവന്നത്. 2022 മാർച്ചിൽ പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിൽ നിന്ന് വിലക്കിയുള്ള ഉത്തരവ് ആദ്യം പുറത്തുവന്നു. ഇതേ വർഷം ഡിസംബറിൽ കോളേജ് വിദ്യാഭ്യാസവും സ്ത്രീകൾക്ക് അന്യമാക്കി. 2023 ജനുവരിയിൽ കോളേജുകളിലേക്കുള്ള എൻട്രൻസ് എക്സാം നിർത്തലാക്കിയതോടുകൂടി ആ വാതിൽ പൂർണ്ണമായും താലിബാൻ കൊട്ടിയടച്ചു. ഇത് വലിയ പ്രത്യാഘാതങ്ങളിലേക്കാണ് ഭാവിയിൽ അഫ്ഗാൻ ജനതയെ നയിക്കുക. അതിന്റെ ചെറിയ അനുരണനങ്ങൾ ഇപ്പോഴേ അഫ്ഗാനിൽ കണ്ടു തുടങ്ങിയിട്ടുണ്ട്. 2023 ഏപ്രിലിലെ കണക്കുകൾ പ്രകാരം 80 ശതമാനം വരുന്ന പെൺകുട്ടികൾ പഠന മേഖലയിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു. ഒരു മില്യൺ പെൺകുട്ടികൾ സെക്കൻഡറി വിദ്യാഭ്യാസത്തിൽ നിന്ന് തഴയപ്പെട്ടപ്പോൾ പ്രൈമറി വിദ്യാഭ്യാസം നിലനിൽക്കെ 30% വരുന്ന പെൺകുട്ടികൾ ഇതുവരെ പ്രൈമറി വിദ്യാഭ്യാസം പോലും ആരംഭിച്ചിട്ടില്ല. വിദ്യാഭ്യാസത്തിൽ നിന്ന് അകറ്റിനിർത്തപ്പെടുന്നതോടൊപ്പം ശൈശവ വിവാഹവും ലൈംഗികാതിക്രമങ്ങളും പെൺകുട്ടികൾ നേരിടുന്നതിന്റെ, വേദനയുള്ള സത്യങ്ങളും അഫ്ഗാന്റെ നിലവിലെ ചിത്രമാണ്.പെൺകുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് മാതാപിതാക്കൾ ശൈശവ വിവാഹങ്ങൾക്ക് മുതിരുന്നത്. ഇത് പ്രസവ സംബന്ധമായ (നേരത്തെ ഗർഭിണിയാവുന്നതിലൂടെ) അസുഖങ്ങൾക്കും തുടർന്ന് മരണങ്ങൾക്കും ഹേതുവാകുന്നു. അനാലിസിസ് പ്രകാരം 2026 ആകുമ്പോഴേക്കും 50 ശതമാനത്തോളം പേർ ഇതിന് ഇരകളായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ സ്ഥിതി തുടർന്നാൽ 2066-ൽ 9.6 ബില്യൺ യുഎസ് ഡോളറിന്റെ ജിഡിപി നഷ്ടം അഫ്ഗാൻ നേരിടും എന്നാണ് കണക്കുകൾ. സ്ത്രീ വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ രാജ്യത്തിന്റെ വരുംകാല സാമ്പത്തിക ദൗർബല്യങ്ങൾക്കുള്ള ആദ്യ ആണിയടിയാണ് താലിബാൻ നടത്തുന്നത്.


മാനസിക വിഷമങ്ങൾ അഫ്ഗാനിലെ സ്ത്രീകളിൽ ഉടലെടുക്കുന്നതായി പഠനങ്ങളുണ്ട്. പലരും വിഷാദരോഗികളായി മാറിയിരിക്കുന്നു. ആത്മഹത്യാശ്രമങ്ങളും ആത്മഹത്യകളും വർധിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. എങ്കിലും ധീരോദാത്തമായി ഈ സാഹചര്യവും നേരിടുന്ന അഫ്ഖാൻ പെൺകുട്ടികൾ അവരുടെ വിദ്യാഭ്യാസം വിവിധ മാർഗങ്ങളിലൂടെ തുടരാൻ ശ്രമിക്കുന്നുണ്ട്. വിവിധ സംഘടനകളുടെ സഹായത്തിൽ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ ഓൺലൈനായും അല്ലാതെയും പഠനം തുടരുന്നവരുണ്ട്. തുർക്കി, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പിലെ ചില രാജ്യങ്ങൾ ഇവയിലെല്ലാം അവർ പഠനം നടത്തുന്നുവെന്നത് പ്രതീക്ഷാനിർഭരമാണ്. എങ്കിലും ഇന്റർനെറ്റ് സൗകര്യങ്ങളുടെ പരിമിതിയും സാമ്പത്തിക ബുദ്ധിമുട്ടുകളും അത്തരം മാർഗങ്ങളിലെ പ്രധാന വില്ലനാണ്.

തൊഴിലിടങ്ങളിലും ഭീകരമായി അഫ്ഗാൻ സ്ത്രീകൾ വിലക്കപ്പെട്ടു. 2022 ഡിസംബറിൽ നാഷണൽ, ഇന്റർനാഷണൽ എൻ.ജി.ഒ. കളിൽ ജോലി ചെയ്യുന്നത് ബാൻ ചെയ്ത് താലിബാൻ ഉത്തരവിടുന്നതോടെയാണ് ഇതിന്റെ തുടക്കം. യു എൻ സംഘടനകളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും ഇത് ബാധകമായിരുന്നു. ബ്യൂട്ടി സലൂണുകൾ, കമ്പനികൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ 2023 ജൂലൈ ആയപ്പോഴേക്കും ഗണ്യമായി കുറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പരിമിതമായ മേഖലകളിൽ കുറച്ചുപേർ മാത്രമാണ് ഇപ്പോൾ തുടരുന്നത്. ഇതോടെ സ്ഥാപനങ്ങളെല്ലാം പുരുഷന്മാരെ ഹയർ ചെയ്യുന്നതിലേക്കാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പൊതു നിരത്തുകളിലെ വസ്ത്രധാരണം സംബന്ധിയായാണ് അടുത്ത നിയന്ത്രണങ്ങൾ. ഇസ്ലാമിന്റെ നിയമങ്ങൾ നടപ്പാക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ എക്സ്ട്രീമിസ്റ്റ് നിലപാടിലൂടെ കണ്ണുകളുടെ മുകളിൽ വലയടക്കം നിർബന്ധമാക്കിയിരിക്കുകയാണ് താലിബാനിപ്പോൾ. സ്ത്രീകളിൽ മാത്രമല്ല വസ്ത്രധാരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുന്നത്. ഉദാഹരണത്തിന്, പുരുഷന്മാർ പാശ്ചാത്യ വസ്ത്രമായ സ്യൂട്ട് ധരിക്കുന്നത് വിലക്കുകയും പാരമ്പര്യ അഫ്ഗാൻ വസ്ത്രങ്ങൾ ധരിക്കാൻ നിർദ്ദേശിക്കുകയും ഒപ്പം താടി ഡ്രിം ചെയ്യാനോ വടിക്കാനോ പാടില്ലെന്നും താലിബാൻ കൽപ്പിക്കുന്നു. രാഷ്ട്രീയപരമോ കലാപരമോ ആയ സംഭാവനകളും നൽകാൻ താലിബാൻ കാർക്കശ്യം സ്ത്രീകളെ അനുവദിക്കുന്നില്ല.


അഫ്ഗാനിലെ വിദ്യാഭ്യാസ മന്ത്രാലയം മുൻ ഡയറക്ടർ ഇബ്രാഹിം ശിൻവാരി പറയുന്നത്, പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പഴയ ഗവൺമെന്റ് ഇസ്ലാമിക നിയമങ്ങളെല്ലാം പാലിച്ച് നല്ല രീതിയിൽ തന്നെ എല്ലാ മേഖലകളിലും സ്ത്രീ പുരുഷ പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നുവെന്നാണ്. പക്ഷേ കാർക്കശ്യത്തിന്റെ ആൾരൂപമായ താലിബാൻ മുൻപ് സൂചിപ്പിച്ചതുപോലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ പരിഹരിക്കാതെ ഇത്തരം അനാവശ്യ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് എല്ലാ അർത്ഥത്തിലും അഫ്ഗാൻ സമൂഹത്തിന്റെ വളർച്ചയെ ബാധിക്കും എന്നതിൽ സംശയമില്ല.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading