പനിയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർമാരെല്ലാം സമരത്തിലാണെന്നറിഞ്ഞത്. കാരണമന്വേഷിച്ചപ്പോൾ വേദനിപ്പിക്കുന്ന മറ്റൊരു സ്ത്രീപീഡന കേസ് കൂടെ അറിയാനിടയായി. അതിക്രൂരവും മൃഗീയവുമായ മറ്റൊരു സംഭവം കൂടെ. എന്ത് കൊണ്ട് സ്ത്രീകൾ ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു? എന്ത് കൊണ്ടാണ് നമുക്കത് തടയാൻ സാധിക്കാതെ വരുന്നത്? ഒരു വശത്ത് സ്ത്രീ-പുരുഷ തുല്ല്യതാവാദങ്ങളുയർത്തി ഫെമിനിസ്റ്റുകളും മറു വശത്ത് അവളുടെ ശാക്തീകരണത്തിനായി ഓടിനടക്കുന്ന വനിത കമ്മീഷനുകളും ഗവൺമെന്റുകളും, കാലങ്ങളായി തുടരുന്ന സ്ത്രീ സുരക്ഷാ ക്യാമ്പയിനുകൾ, ഇവയെല്ലാമുണ്ടായിട്ടും സ്ത്രീകൾ അക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. എന്താണിതിനൊരു പരിഹാരം?
സ്ത്രീ- പുരുഷ സമത്വവും പറഞ്ഞ് സ്ത്രീകളെ തെരുവിലിറക്കി കച്ചവട വസ്തുവായി കണക്കാക്കുന്ന ആധുനിക സംസ്കാരം എന്തുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നില്ല? എല്ലാ സ്വാതന്ത്ര്യവും നൽകി പരസ്യപ്പലകകളിലും പൊതു ഇടങ്ങളിലും അവളെ പ്രദർശന വസ്തുവാക്കിയത് ആധുനിക സംസ്കാരമായിരുന്നില്ലേ. വസ്ത്രത്തിന്റെ അളവ് കുറയുന്നത് ഫാഷനും സൗന്ദര്യവുമാക്കിയത് ദുരുദ്ദേശപരമാണെന്ന് നാം സംശയിക്കാത്തതെന്തുകൊണ്ടാണ്? അവളുടെ സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ആധുനികത ഒരുക്കിവെച്ചത്, തിരിച്ചടിക്കുന്നതല്ലേ ദിവസേന മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്?
സംസ്കാരിക നായകന്മാരെന്ന് അഭിമാനിച്ചവരും മേനിനടിച്ചവരും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട വാർത്തകൾ കേരളത്തെ ലജ്ജിപ്പിക്കുന്നതായിരുന്നു. അരങ്ങിലെ അഭിനേതാക്കൾ അണിയറയിലും ജീവിതത്തിലും അഭിനയിക്കുകയായിരുന്നുവെന്ന വസ്തുത തീർത്തും ലജ്ജാകരമാണ്.
ഇവരാണോ സ്ത്രീക്ക് സുരക്ഷ ഒരുക്കാൻ പോകുന്നത്? തുല്ല്യതയിലൂടെ സുരക്ഷയാണോ സാധ്യമാകുന്നത്?എന്താണ് ഈ വിഷയത്തിൽ ഇസ്ലാമിക അധ്യാപനങ്ങൾ? നമുക്ക് പരിശോധിക്കാം.
ഇസ്ലാമിക പാഠങ്ങൾ
ഇസ്ലാം എന്നും സ്ത്രീയെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. وليس الذكر كالأنثى (സ്ത്രീയും പുരുഷനും സമന്മാരല്ല) എന്ന ഖുർആനിക വചനത്തിലൂടെ സ്ത്രീയെ സ്ത്രീയായിട്ട് കാണാൻ പഠിപ്പിക്കുകയും خياركم خياركم لنسائهم (നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണ്) എന്ന നബി വചനത്തിലൂടെ സ്ത്രീയെ ആദരിക്കുവാൻ പഠിപ്പിക്കുന്നതായും നമുക്ക് കാണാൻ സാധിക്കും. സ്ത്രീകളുടെ സുരക്ഷക്കായി ഇസ്‌ലാം എന്ത് രീതിശാസ്ത്രമാണ് മുന്നോട്ടു വെച്ചിട്ടുള്ളതെന്ന് പരിശോധിക്കാം. ഏതൊരു വസ്തുവിനെയും സുരക്ഷിതമാക്കുന്നത് അതിനെ അരക്ഷിതമാക്കുന്ന എല്ലാ വഴികളും കാരണങ്ങളും അടച്ചിട്ടാണ്. അതിനുള്ള സാഹചര്യങ്ങൾ കൂടെ ഇല്ലാതാക്കുമ്പോഴേ അത് പൂർണ്ണമാകുന്നുള്ളൂ. ഈ മാർഗം തന്നെയായാണ് സമൂഹത്തിൽ എക്കാലത്തും തുടർന്ന് പോരുന്ന സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെയും ഇസ്‌ലാം പ്രയോഗവത്കരിച്ചിട്ടുള്ളത്.
ഖുർആൻ പറയുന്നത് കാണുക:
يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاءِ ۚ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا (32) وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا(33)-سورة الأحزاب
[പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.]
അനാവശ്യമായോ മതനിയമങ്ങൾക്കെതിരായോ സ്ത്രീകൾ പുറത്തിറങ്ങരുതെന്നു പറയുന്നതിലൂടെയും, അവരുടെ സാമ്പത്തിക കാര്യങ്ങളെ പുരുഷന്മാർക്ക് ബാധ്യതയാക്കുകയും വഴി സ്ത്രീകളുടെ സുരക്ഷയെയാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. ഇനി ആവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുകയാണെങ്കിൽ തന്നെ, ഒരു പ്രദർശന വസ്തുവായല്ല, അന്യരിൽ വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന രൂപത്തിലുമല്ല, അവയെല്ലാം മറയുന്ന വിധം മാന്യമായ വസ്ത്രധാരണം നടത്തിയായിരിക്കണം. എന്ത് സുന്ദരമായാണ് ഇസ്‌ലാം ഈ വിഷയം അവതരിപ്പിക്കുന്നത്. പുരുഷൻമാരിൽ ജീവശാസ്ത്രപരമായി തന്നെ നിലകൊള്ളുന്ന ദൃശ്യാത്മകമായ വൈകാരിക ഉദ്ധീപനങ്ങളെ ഇസ്‌ലാം കൃത്യമായി പരിഗണിക്കുകയും അതിനാൽ തന്നെ സ്ത്രീകളെ പ്രദർശനവസ്തുക്കളാക്കുന്നതിനെ ശക്തമായി വിലക്കുകയും ചെയ്യുന്നു.
ഹദീസിൽ ഇങ്ങനെ കാണാം:
وعن ابن عباس رضي الله عنهما أنه سمع النبي صلى الله عليه وسلم يقول: ”لا يخلون رجل بامرأة إلا ومعها ذو محرم، ولا تسافر المرأة إلا مع ذي محرم” ((متفق عليه)).
സ്ത്രീ യാത്ര ചെയ്യേണ്ടത് അവളുടെ പിതാവോ സഹോദരനോ ഭർത്താവോ അതല്ലെങ്കിൽ വിശ്വസ്തരായ സ്ത്രീകളുടെ കൂടെയോ ആയിരിക്കണമെന്ന ഇസ്‌ലാമിന്റെ അനുശാസനം സമകാലിക സംഭാവങ്ങളുമായി യോജിപ്പിക്കുമ്പോൾ അന്വർത്ഥമാകുന്നത് കാണാം. അന്യ സ്ത്രീ-പുരുഷന്മാർ ഒറ്റക്കാകുന്ന സന്ദർഭങ്ങളിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് സാഹചര്യങ്ങളെ കൂടെ സുരക്ഷിതമാകുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഇനി അവൾ അന്യപുരുഷന്മാരുമായി സംസാരിക്കേണ്ടിവന്നാൽ, മുകളിലെ ആയത്ത് സൂചിപ്പിക്കുന്നത് പോലെ സംസാരത്തിൽ അനുനയമോ വശീകരണമോ വിധേയപ്പെടലോ കൂടാതെയായിരിക്കണമെന്ന അനുശാസനം സ്ത്രീയെ സ്വയം പ്രതിരോധവും ബോൾഡ്‌നെസ്സും പഠിപ്പിക്കാൻ മത്സരിക്കുന്ന ആധുനിക സ്ത്രീസുരക്ഷ പദ്ധതികളിലേക്ക് ചേർത്ത് വായിക്കുമ്പോഴാണ് അവയുടെ പ്രാധാന്യവും ഔചിത്യവും ബോധ്യപ്പെടുക.
ഇങ്ങനെ പടിപടിയായി അക്രമണങ്ങൾക്കുള്ള എല്ലാ കവാടങ്ങളുമടച്ചു ഇസ്‌ലാം അവളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നു. എന്നാൽ ഇവയൊന്നും സ്ത്രീയുടെ ആസ്വാദനങ്ങളെയോ സഞ്ചാര സ്വാതന്ത്ര്യത്തയോ ഹനിക്കുന്നതാണെന്ന് മനസ്സിലാക്കേണ്ടതില്ല. മറിച്ച്, അനുവദനീയമായ ആസ്വാദനങ്ങളും അനിവാര്യമായ ആവശ്യങ്ങളും ആവാം. പ്രവാചകർ(സ്വ) മഹതിയായ ആയിഷ(റ) യോടൊപ്പം വിനോദങ്ങളിലേർപ്പെട്ടിരുന്നതായി ചരിത്രങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അവ സുരക്ഷിത മാർഗത്തിലായിരിക്കണമെന്നാണ് മുകളിൽ പറഞ്ഞതിന്റെ ചുരുക്കം. ആരെയും ഭയപ്പെടാതെ ഓരോ സ്ത്രീയും തനിച്ചു അങ്ങ് ദൂരെ ഇറാഖിലെ ഹൈറായിൽ നിന്ന് മസ്ജിദുൽ ഹറമിലേക്കെത്തി ത്വവാഫ് ചെയ്യുന്ന കാലം വരുമെന്ന പ്രവാചക വചനത്തിൽ മുകളിൽ സൂചിപ്പിച്ച ഇസ്ലാമിക പാഠങ്ങളുടെ ലക്ഷ്യവും പ്രതീക്ഷയും പ്രതിഫലിക്കുന്നത് കാണാം. ഇസ്‌ലാം എല്ലാ ചൂഷണങ്ങളെയും അതിക്രമങ്ങളെയും വിലക്കുന്ന നന്മയുടെ മതമാണ്, സുന്ദരവുമാണ്.
തുല്യതയും സ്വാതന്ത്ര്യവും
ഇസ്ലാമിന്റെ ആധ്യാപനങ്ങൾ ഏകപക്ഷീയമാണെന്നും സ്ത്രീവിരുദ്ധമാണെന്നും സ്വാതന്ത്ര്യത്തെ നിഷേധിക്കലാണെന്നും വിമർശനങ്ങളുയരുമ്പോൾ അമിത സ്വാതന്ത്ര്യത്തിന്റെയും തുല്യതാവാദങ്ങളുടെയും അനന്തരഫലങ്ങളെ കൂടെ പരാമർശിക്കേണ്ടതുണ്ട്.
ആധുനികതയുടെ മതമെന്ന് അവകാശപ്പെടുന്ന ലിബറലിസത്തിന്റെ അടിസ്ഥാന സ്തംബങ്ങളിലൊന്നാണ് വ്യക്തിമാത്രവാദം. എല്ലാത്തിന്റെയും അടിസ്ഥാനം വ്യക്തികേന്ദ്രീകൃതമാണെന്നും അവന് പരമാവധി സ്വാതന്ത്ര്യം നൽകണമെന്നും ഈ സിദ്ധാന്തം അഭിപ്രായപ്പെടുന്നു. എന്നാൽ ഓരോ രാഷ്ട്രവും അതിലെ വ്യക്തികളുടെ വിഷയങ്ങളിൽ ഒരു പരിധിവരെ മാത്രമേ ഇടപെടാവൂ എന്ന് പറയുന്നത് ആ പരിധി അനിവാര്യാമായതിനാൽ തന്നെയാണ്. സ്വാതന്ത്ര്യം നിയന്ത്രിതമാണ്, അങ്ങനെ ആയേ പറ്റൂ. പരിധിയില്ലാത്ത സ്വാതന്ത്ര്യം അരാജകത്വമാണ്. അത് പ്രായോഗികമല്ല. ഇസ്‌ലാം ഈ പരിധി വെച്ചതും സമൂഹത്തിന്റെ സ്ഥിരതക്കാണ്, സന്തുലിതത്തിനുമാണ്.
ലിംഗസമത്വ വാദങ്ങളെ വായിക്കുമ്പോഴും ഈ അയുക്തികത മുഴച്ചു നിൽക്കുന്നതായി കാണാം. സ്ത്രീ- പുരുഷ ദ്വന്ദങ്ങളെ വ്യത്യസ്ത ശാരീരിക, മാനസിക സ്വഭാവഗുണങ്ങളോടെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത വാദങ്ങൾക്കായി തള്ളിക്കളയാമെങ്കിലും യാഥാർത്ഥ്യം അതല്ലാതാകുന്നില്ലല്ലോ. അവരിരുവരുടെയും സാമൂഹിക ധർമ്മങ്ങളെ നിശ്ചയിക്കുമ്പോഴും ഈ സ്വഭാവ ഗുണങ്ങളെ പരിഗണിക്കുന്ന വിധത്തിലാണ് ഇസ്‌ലാം നിയമ നിർമ്മാണം നടത്തുന്നത്. അവ പരിഗണിക്കാതെ വരുമ്പോൾ പ്രശ്നപരിഹാരത്തിന് പകരം കൂടുതൽ കുഴപ്പിക്കുകയാണുണ്ടാവുക. ആധുനികലോകം സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പേരിൽ ആഘോഷിക്കുന്ന കരിയർ സങ്കൽപ്പങ്ങളിലെ വിഡ്ഢിത്തരങ്ങൾ അവയുടെ പ്രയോഗവത്കരണങ്ങളെ പരിശോധിച്ചാൽ ബോധ്യപ്പെടും. ജോലിക്ക് പോകുന്ന സ്ത്രീകൾ അതിനു മുമ്പും ജോലി കഴിഞ്ഞും വീട്ടുജോലികൾ കൂടെ ചെയ്ത്കൊണ്ടിരിക്കുന്നത് നിത്യകാഴ്ചയാണ്. അഥവാ, അവരുടെ ജോലിഭാരം ഇരട്ടിയായത് മിച്ചം. തുല്യതാവാദമുയർത്തി പുരുഷധർമ്മങ്ങളെ ഉത്തമമാക്കി സ്ത്രീയെ പുരുഷതലത്തിലേക്ക് മാറ്റി നിശ്ചയിക്കുന്നത് സ്ത്രീത്വത്തോടുള്ള അനീതിയല്ലേ. നേരത്തെ സൂചിപ്പിച്ച ജൈവശാസ്ത്രപരമായ സവിശേഷഗുണങ്ങളോടുള്ള വിരുദ്ധ സമീപനമല്ലേ.
ഇവക്കെതിരെയെല്ലാം വാളെടുത്തു പുറപ്പെടുകയല്ല മറിച്ച് അവയിലെ അയുക്തികതയെ തുറന്നുകാണിക്കുകയാണ് ഇവിടെ ഉദ്ദേശം. വിവേചനങ്ങളെ, ചൂഷണങ്ങളെ എതിർക്കുന്നതിൽ, കുറക്കുന്നതിൽ സമത്വവാദങ്ങളുടെ പങ്ക് ചെറുതായിക്കാണുന്നില്ല. ചൂഷണങ്ങൾക്കെതിരെ എന്നും പോരാടണം, ഇസ്‌ലാം ചൂഷണങ്ങളെ ശക്തമായി തന്നെ എതിർക്കുന്നത് കാണാം. എന്നാൽ അതൊരിക്കലും സമത്വവാദങ്ങളിലൂടെയല്ല, ഇരുവരുടെയും വ്യക്തിത്വത്തെ ബഹുമാനിച്ചും അവരുടെ സവിശേഷഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയുമാണ് സാധ്യമാക്കേണ്ടത്.
സ്ത്രീവിരുദ്ധമാണ് ഈ അധ്യാപനങ്ങളെന്നും ഏകപക്ഷീയമാണെന്നുമുള്ള വാദങ്ങൾ വസ്തുതാപരമല്ല. ഇവിടെ സ്ത്രീ മാത്രമല്ല വിലക്കുകൾ നേരിടുന്നത്, പുരുഷനും പൂർണ്ണസ്വാതന്ത്ര്യം അനുവദിക്കുന്നതായി കാണാനാവില്ല. കുടുംബത്തിന്റെ സാമ്പത്തിക ചുമതലകളെല്ലാം അവന്റെ ചുമലിലായിരിക്കത്തന്നെ അവളുടെ പൂർണ്ണ ഉത്തരവാദിത്തവും അവനിൽ നിക്ഷിപ്തമാണ്. ഇവ ഒരിക്കലും അവൾക്കുള്ള ഔദാര്യമല്ല, മറിച്ച് അവകാശമാണ്. സ്ത്രീസുരക്ഷയുടെ മറ്റൊരു വശം കൂടെ ഈ അധ്യാപനങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. അന്യസ്ത്രീ സാന്നിദ്ധ്യവും അവളുടെ നഗ്നതയും സംസാരവും അവനിൽ ജൈവശാസ്ത്രപരമായ മാറ്റങ്ങൾ ഉളവാക്കുന്നതിനാൽതന്നെ അവയിൽ നിന്നെല്ലാം അവന് വിലക്കേർപ്പെടുത്തിയതായി കാണാം.
പുരുഷന് സഞ്ചാരസ്വാതന്ത്ര്യം നൽകുന്നത് പോലെ സ്ത്രീക്കും നൽകുന്നുണ്ട്, അതിനുള്ള മാനദണ്ഡം അനുവദനീയമാകണം. പുരുഷന് അവന്റെ ധർമ്മങ്ങൾ പൂർത്തീകരിക്കാനാവശ്യമായ അളവിൽ അനുവാദം ലഭിക്കുമ്പോൾ സ്ത്രീക്കും അതേ മാനദണ്ഡങ്ങളിൽ ലഭ്യമാകുന്നു. അനുവദനീയമായതിൽ നിന്ന് സ്ത്രീയെ മാറ്റിനിർത്തുന്നത് ശരിയല്ല, അത് ഇസ്ലാമികവുമല്ല. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ സ്വാതന്ത്ര്യം നിയന്ത്രിതമാണ്, അവയിൽ ലിംഗ വിവേചനങ്ങളില്ല. പുരുഷന് കൂടുതൽ സ്വാതന്ത്ര്യമില്ല, ഏകപക്ഷീയവുമല്ല, ഇരുവർക്കും വ്യത്യസ്ത ധർമ്മങ്ങൾ, ചിലത് ഇരുവർക്കും തുല്യപങ്കാളിത്തമുള്ളപ്പോൾ ചിലത് പ്രത്യേകമായതുമാണ്.
തുല്യതയും ആത്മീയതയും
മനുഷ്യന്റെ ജൈവശാസ്ത്രപരമായ വ്യത്യാസങ്ങൾക്കനുസൃതമായി അവന്റെ സാമൂഹിക ധർമ്മങ്ങളിലും പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകുമ്പോഴും ആത്മീയമായി ആ ധർമ്മങ്ങളുടെ സ്ഥാനം തുല്യമാണ്. ദൈവത്തിങ്കൽ നിങ്ങളിൽ ഏറ്റവും ആദരണീയർ ഏറ്റവും ഭയഭക്തിയുള്ളവരാണെന്ന് പറയുമ്പോൾ ലിംഗ- വർഗ്ഗ- ഗോത്ര ഭേദങ്ങളൊന്നുമില്ലാതെ എല്ലാവരും അല്ലാഹുവിന്റെ പക്കൽ തുല്യമാണെന്ന (അടിസ്ഥാനപരമായി) വസ്തുത ബോധ്യപ്പെടും. ശരീഅത്തിന്റെ മൂന്നിലൊന്ന് നിലകൊള്ളുന്ന അനേകം ഹദീഥുകൾ റിപ്പോർട്ട് ചെയ്ത മഹതി ആയിഷ (റ)യും സ്ത്രീകളിൽ തന്നെ ഏറ്റവും ഉത്തമരെന്ന് ഖുർആൻ വിശേഷിപ്പിച്ച ആസിയ (റ), മറിയം (റ) എന്നിവരും ആത്മീയത ഔന്നിത്യങ്ങൾ കരഗതമായവരിൽ ചിലരാണ്. പ്രവർത്തനങ്ങളെ ശ്രേഷ്ട്ടമാക്കുന്നത് ഉദ്ദേശശുദ്ധിയും ആത്മാർത്ഥതയും ഭയഭക്തിയുമാണെന്നുള്ളതു പോലെ, യുദ്ധത്തിന്റെ ശ്രേഷ്ഠമായ കൂലി ആഗ്രഹിച്ചു അനുമതി തേടി പ്രവാചകരെ (സ) സമീപിച്ച സ്ത്രീകളോട് ഭവനങ്ങളിൽ നിലകൊള്ളുന്നത് യുദ്ധത്തിന് തുല്യമായ പ്രതിഫലമാണെന്ന നബി വചനവും സംയോജിപ്പിക്കുന്നതിലൂടെ വിവിധ സാമൂഹിക ധർമ്മങ്ങൾ തുല്യപ്രാധാന്യമുള്ളതാണെന്നും അവയുടെ പ്രതിഫലങ്ങൾ അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്നും നമുക്ക് ബോധ്യപ്പെടും.
ഇസ്‌ലാം ലളിതവും സുന്ദരവും കാലികവുമാണ്. ഖുർആനിക വചനം സൂചിപ്പിക്കുന്നത് പോലെ അണക്കാൻ ശ്രമിക്കും തോറും അത് കൂടുതൽ ജ്വലിക്കുകയാണെന്ന സത്യമാണ് ഓരോ സമകാലിക സംഭവങ്ങളും സൂചിപ്പിക്കുന്നത്.
