മതപഠനവും അപകോളനീകരണ സിദ്ധാന്തവും: തലാൽ അസദിന്റെ വിമർശനാത്മക സമീപനങ്ങൾ

പാശ്ചാത്യ ജ്ഞാനശാസ്ത്രം മതത്തെ കുറിച്ചുള്ള പഠനങ്ങളിൽ തീർത്ത ആധുനിക/കൊളോണിയൽ നിർമ്മിതികളെ ഉത്തരാധുനിക കാലത്ത് (Post Colonial Period) ചോദ്യം ചെയ്യുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്ന പ്രതീതിയെ അക്കാദമിക ലോകത്ത് അപകോളനീകരണ സിദ്ധാന്തങ്ങളായി മനസ്സിലാക്കുന്നു. പ്രശസ്‌ത നരവംശ ശാസ്ത്രജ്ഞനും ഉത്തരാധുനിക കാലത്തെ അപകോളനീകരണ സൈദ്ധാന്തികനുമായ തലാൽ അസദിന്റെ സിദ്ധാന്തങ്ങൾ ആധുനിക മതപഠനത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതിനെക്കുറിച്ചാണ് ഈ പ്രബന്ധം പരിശോധിക്കുന്നത്. പാശ്ചാത്യ കൊളോണിയൽ അധിനിവേശത്തിൽ നിന്നും പൂർണ്ണമായി മോചനം നേടിയെന്ന് വിശ്വസിച്ചിരുന്ന സമൂഹം കൊളോണിയൽ അധിനിവേശം അവസാനിച്ചിട്ടും തുടർന്നുപോരുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വൈജ്ഞാനിക മേഖലയിലെ യൂറോകേന്ദ്രീകരണത്തെ അപകോളനികരണ സിദ്ധാന്തം തിരിച്ചറിയുകയും അവയോട് സംഘർഷപ്പെടുകയും ചെയ്യുന്നു. പ്രത്യേകിച്ച് ആധുനികതയിലെ മതപഠനങ്ങളിൽ പാശ്ചാത്യ സങ്കല്പങ്ങൾ തീർത്ത മിത്തുകൾക്കുള്ള ഒളിയ കൊളോണിയൽ സ്വഭാവരീതിയെ ചോദ്യം ചെയ്യുകയാണ് ഉത്തരാധുനിക അപകോളനികരണ സിദ്ധാന്തങ്ങൾ. തലാൽ അസദിന്റെ അക്കാദമിക് സംഭാവനകൾ ഉത്തരാധുനികതയിൽ മതപഠന രംഗത്തെ ഒരു വഴിത്തിരിവെന്നോണം കണക്കാക്കപ്പെടുന്നതായി പ്രസ്‌തുത പ്രബന്ധം വിശദീകരിക്കാൻ ശ്രമിക്കുന്നു.

തലാൽ അസദിന്റെ അക്കാദമിക ലോകം

ആഗോള രാഷ്ട്രീയ ചലനങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത് കൊണ്ട് അക്കാദമിക ലോകത്ത് പ്രത്യേക ഇടം നേടിയ പ്രശസ്ത നരവംശ ശാസ്ത്രജ്ഞനും ഗവേഷകനുമാണ് തലാൽ അസദ്. ഇസ്ലാമിന്റെയും പടിഞ്ഞാറൻ ആധുനികതയുടെയും സമന്വയത്തിനകത്ത് മത മതേതരത്വ സംഘർഷങ്ങൾ രൂപപ്പെടുന്നതെങ്ങനെയെന്ന ചിന്തയെ മുൻനിർത്തി അദ്ദേഹം നിരന്തരം ആധുനികതയെ പ്രശ്ന‌വൽക്കരിക്കാൻ ശ്രമിക്കുന്നു.

അസദിന്റെ എണ്ണപ്പെടുന്ന വർക്കുകളിൽ വളരെ പ്രധാനപ്പെട്ടതാണ് ജീനിയോളജീസ് ഓഫ് റിലീജിയൻ: ഡിസിപ്ലിൻ ആന്‍റ് റിസൻ ഓഫ് പവർ ഇൻ ക്രിസ്റ്റ്യാനിറ്റി ആന്‍റ് ഇസ്‌ലാം (1993). ഈ കൃതിയിൽ ‘മതം’ (Religion) എന്ന സങ്കല്പ്‌പത്തിന്റെ നിർമ്മിതിയേയും, അധികാരവുമായുള്ള (Power) അതിന്റെ ബന്ധവും അസദ് അന്വേഷിക്കുന്നുണ്ട്. മതത്തെക്കുറിച്ച് നടന്ന നിരവധി നരവംശശാസ്ത്ര പഠനങ്ങളോടുള്ള പ്രതികരണങ്ങളാണ് ഈ പുസ്‌തകത്തിലെ മിക്ക അധ്യായങ്ങളും. അദ്ദേഹത്തിന്റെ “ദി ഐഡിയ ഓഫ് ആൻ അന്ത്രോപോളജി ഓഫ് ഇസ്ലാം (1986) എന്ന അക്കാദമിക ലേഖനത്തിൽ ഇസ്ലാമിനെ മനസ്സിലാക്കിയിരുന്ന ആന്ത്രോപോളജിസ്റ്റുകളുടെ രീതിശാസ്ത്രത്തെ വിമർശിക്കുകയും ‘വ്യവഹാരിക പാരമ്പര്യം’ (Discursive Tradition) എന്ന ആശയത്തെ മുൻനിർത്തി ഇസ്ലാമിനെ നരവംശശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് സമീപിക്കേണ്ട ചെയ്യുന്നുണ്ട്. രീതിയെ പരിചയപ്പെടുത്തുകയും

മതേതരത്വത്തെയും അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും അവലോകനം ചെയ്ത് മത തത്വങ്ങളിലൂന്നി നിന്ന് വിമർശനങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്ന തലാൽ അസദിന്റെ മറ്റൊരു കൃതിയാണ് ‘ഫോർമേഷൻസ് ഓഫ് ദി സെക്കുലർ : ക്രിസ്‌ത്യനിറ്റി, ഇസ്ലാം ആന്റ് മോഡേണിറ്റി(2003). ഈ പുസ്‌തകത്തിൽ അസദ് മതേതരത്വത്തിന്റെ ആശയം പര്യവേക്ഷണം ചെയ്യുന്നു. ഇത് ഒരു നിഷ്‌പക്ഷമോ സാർവത്രികമോ ആയ വിഭാഗമല്ല, മറിച്ച് പാശ്ചാത്യ ക്രിസ്ത്യൻ ചരിത്രത്തിന്റെ ഒരു ഉൽപ്പന്നമാണെന്ന് അസദ് വാദിക്കുന്നു.

തലാൽ അസദിൻറെ പ്രധാനപ്പെട്ട കൃതികൾ നരവംശശാസ്ത്രം, രാഷ്ട്രീയം മതം, ചരിത്രം, കൊളോണിയൽ പഠനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മതേതരത്വത്തെയും, “മതം” എന്ന ആശയത്തെയും കുറിച്ചുള്ള വിമർശനാത്മക പഠനങ്ങൾക്ക് പുതിയ ജീവൻ നൽകി.

അസദിന്റെ വിമർശനാത്മക സമീപനങ്ങളും സ്വാധീനങ്ങളും

അസദിന്റെ കൃതികളുടെ വിമർശനാത്മക സമീപനം അക്കാദമിക ലോകത്ത് ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഉത്തരാധുനിക മതപഠനങ്ങളുടെ സമീപന മേഖലയിൽ അദ്ദേഹത്തിൻറെ വിമർശനാത്മക സമീപനം മതേതരത്വത്തിൻറെ അടിസ്ഥാന അനുമാനങ്ങളെയും മതപഠനങ്ങളിൽ ദീർഘകാലം ആധിപത്യം പുലർത്തുന്ന പാശ്ചാത്യ കേന്ദ്രികൃത വിക്ഷണങ്ങളെയും വെല്ലുവിളിക്കുന്നു.

മതപഠനങ്ങളിലെ വിമർശനാത്മക സമീപനം:

മതപഠനത്തിലെ പാശ്ചാത്യ അധീശത്വവൽക്കരണത്തെ ചോദ്യം ചെയ്യുന്നതിലൂടെ അസദ് മുന്നോട്ടുവക്കുന്നത് ആധുനികതയിലെ മത സങ്കല്പ‌ നിർമ്മിതിയിലെ പോരായ്‌മകളെയാണ്. പ്രാധാന്യമില്ലാത്തതോ പൊതുവിൽ സാമൂഹിക ജീവിതത്തിന്റെ ഭീഷണിയായിട്ടോ ആണ് ‘മതത്തെ’ പാശ്ചാത്യ മതപഠനങ്ങൾ നോക്കി കണ്ടത്. കൃത്യമായി പറഞ്ഞാൽ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ വിഘാതം നിൽക്കുന്നത് ‘മതമാണ്’ എന്നതാണ് ആധുനിക വായന. ‘മതം’ വെറുമൊരു സാമൂഹിക നിർമ്മിതിയുടെ ഭാഗമായി രൂപപ്പെട്ടതാണെന്നുള്ള ദുർഖേമിന്റെ (Durkheim) വാദവും ഇതിനോട് ചേർത്തി വായിക്കേണ്ടതാണ്. മതം ഒരു സാർവത്രികമാണെന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള അസദിൻറെ വിമർശനം, പാശ്ചാത്യ ഇതര മതങ്ങളിൽ പലപ്പോഴും പാശ്ചാത്യ കേന്ദ്രീകൃത നിർവചനങ്ങളും ധാരണകളും അടിച്ചേൽപ്പിക്കുന്ന അധീശത്വ രീതിയെ ചോദ്യം ചെയ്യാൻ പണ്ഡിതന്മാരെ പ്രേരിപ്പിച്ചു.

ഇസ്ലാമിനെ കുറിച്ച് പഠിക്കപ്പെട്ട ആദ്യത്തെ സുപ്രധാന നരവംശ ശാസ്ത്ര പഠനം എന്ന നിലക്ക് ക്ലിഫോഡ് ഗീർട്‌സ് (Clifford Geertz) ന്റെ ഇസ്ലാം ഒബ്‌സെർവ്‌ട് എന്ന പഠനത്തെ അസദ് വിമർശനാത്മകമായി സമീപിക്കുന്നുണ്ട്. അപ്രകാരം ‘ദി ഇന്റർപ്രേറ്റേഷൻ ഓഫ് കൾച്ചർ (1973) എന്ന വർക്കിൽ ഗീർട്‌സ് ‘മതത്തെ’ ‘സിസ്റ്റം ഓഫ് സിംബൽ എന്ന രീതിയിൽ നിരീക്ഷിക്കുന്നതിനെ അസദ് വിമർശിക്കുകയും അതിന്റെ പോരായ്മ‌കളെ വളരെ കൃത്യമായി തന്റെ ‘ജിനിയോളജി ഓഫ് റിലിജിയൻ’ എന്ന പഠനത്തിലെ ആദ്യ ഭാഗത്ത് വിവരിക്കുന്നുമുണ്ട്. സിമ്പലിന് ഒരു സാമൂഹിക ബന്ധങ്ങൾ കൂടാതെ (Social Relation) നിലനിൽക്കാൻ സാധ്യമാണോ? ചോദ്യത്തെ നിരീക്ഷിക്കുന്നതിലൂടെയാണ് അസദിന്റെ മത പഠനം അക്കാദമിക ലോകത്ത് പുതിയ വഴിത്തിരിവാകുന്നത്. മനുഷ്യരിൽ സിമ്പൽ നിർമ്മിക്കുന്ന മാനസികാവസ്ഥയും പ്രചോദനവും ഒരു ശക്തിയുടെ (Power) ഇടപെടൽ കൂടാതെ സാധ്യമല്ല എന്ന് നിരീക്ഷിക്കുന്ന അസദ് സിമ്പൽ ഏകപക്ഷീയമല്ലെന്നും, അതിന് അർത്ഥം (Meaning) കൈവരുന്നതിൽ സിമ്പൽസ് അല്ലാത്ത മറ്റു സാമൂഹിക ഘടകങ്ങൾക്കും ബന്ധമുണ്ടെന്നുമുള്ള നിഗമനത്തിലൂടെ ഗീർട്‌സിന്റെ വാദത്തെ അസദ് തള്ളിക്കളയുന്നു. അപ്രകാരം മതത്തെ അനുഭവമായും (Experience) പാരമ്പര്യമായും (Tradition) രണ്ടായി വർഗ്ഗീകരിക്കുന്ന ഗീർട്‌സിന്റെ രീതിയെയും അസദ് വിമർശിക്കുന്നുണ്ട്. അനുഭവവും പാരമ്പര്യവും പരസ്പ്‌പരം ബന്ധപ്പെട്ടിരിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു എന്നും, അവയെ പ്രത്യേകം വേർതിരിക്കാൻ സാധ്യമല്ലെന്നും വാദിക്കുന്നതിലൂടെ അസദ് തന്റെ വ്യവഹാര പാരമ്പര്യത്തെ (Discursive Tradition) ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്നു. ഗീർട്‌സിന്റെ മറ്റൊരു തെറ്റായ ഒരു നിരീക്ഷണമാണ് വ്യവഹാരവും (Practice) സിദ്ധാന്തവും (Theory) തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയം. യഥാർത്ഥത്തിൽ വ്യവഹാരവും സിദ്ധാന്തവും സ്വാഭാവികമായും ബന്ധമില്ല എന്നും ആധികാരിക പ്രക്രിയയിലൂടെയോ മറ്റോ ഉണ്ടാക്കിയെടുത്തതെന്നുമാണ് മധ്യകാല ക്രിസ്ത്യാനികളുടെ ചരിത്രം ഉദാഹരിച്ചുകൊണ്ട് അസദ് വ്യക്തമാക്കുന്നത്. പ്രാദേശിക വ്യവഹാരവും സിദ്ധാന്തവും തമ്മിൽ പലപ്പോഴും സംഘർഷത്തിൽ ഏര്പ്പെടാറുണ്ട്. ഈ ഒരു ആശയത്തിൽ നിന്നാണ് മതത്തെ കുറിച്ചുള്ള പാശ്ചാത്യ സങ്കല്‌പങ്ങൾ എങ്ങനെ സാധ്യമാകുന്നു എന്നതിനെ അസദ് അന്വേഷിക്കുന്നത്.

‘മതം’ എന്ന ആശയം പാശ്ചാത്യമായതുകൊണ്ടോ സാർവത്രികമായതുകൊണ്ടോ മാത്രമല്ല വിമർശിക്കപ്പെടുന്നത്, മറിച്ച് അത് ക്രിസ്‌തുമത ചരിത്രത്തിലെ മാറ്റത്തിന്റെ ഭാഗമായാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. ആദ്യകാലത്ത് ഇസ്ലാം, ജൂത മതങ്ങളെ ഒഴിച്ചു നിർത്തിയാൽ ക്രിസ്തു‌മതത്തിന് മറ്റ് മതങ്ങളെക്കുറിച്ചോ സംസ്കാരങ്ങളെ കുറിച്ചോ കൃത്യമായ ധാരണകളൊന്നും ലഭ്യമായിരുന്നില്ല. യാത്രകളിലൂടെയും പിന്നീടുള്ള പാലായനങ്ങളിലൂടെയും വ്യത്യസ്‌ത മതങ്ങളെ കുറിച്ചും സംസ്കാരങ്ങളെ കുറിച്ചും അറിയുകയും അവയുമായി ഏറ്റുമുട്ടലുകളുണ്ടാവുകയും ചെയ്‌തതോടെയാണ് മതങ്ങളെ കുറിച്ച്‌ അവർ ചിന്തിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നത്. ഇവിടെ നിന്നാണ് സ്വാഭാവിക മതം (Natural Religion) എന്ന ആശയം രൂപപ്പെടുന്നത്. മനുഷ്യപ്രകൃതിയുടെ സാർവത്രികവും സഹജവുമായ വശമാണെന്നും, മാത്രവുമല്ല മതത്തെ വിശ്വാസങ്ങളിൽ മാത്രമായി ചുരുക്കി കാണുകയും ചെയ്‌തു.

അസദ് ‘സ്വാഭാവിക മതം’ (Natural Religion) എന്ന ആശയത്തെ വിമർശിക്കുകയും, അതിന്റെ തുടർച്ചയായിരുന്നു പാശ്ചാത്യ സങ്കല്പത്തിലുള്ള ‘മതം’ എന്ന ആശയമെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. അപ്രകാരം ഗീർട്‌സിന്റെ മതം ഒരു സിമ്പൽ മാത്രമാണെന്ന ആശയത്തെ വിമർശിച്ചുകൊണ്ട് മതത്തിനെ യഥാർത്ഥ ഭൗതിക ജീവിതവുമായി വേർപ്പെടുത്താൻ സാധ്യമല്ല എന്നും വളരെ ഗൗരവതരമായി അസദ് ചർച്ച ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ ഗീർട്‌സിന്റെ മത സങ്കല്പം നിലനിൽക്കുന്നതല്ല എന്നും, വിവിധ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ‘മതം’ എന്ന ആശയം ഒരു ‘മതം’ എന്ന വർഗ്ഗത്തിനുള്ളിൽ മാത്രമായി നിർവചിക്കാൻ കഴിയില്ലെന്നും, അതിനാൽ ‘മതം’ എന്നുള്ള ആശയം പാശ്ചാത്യ രാഷ്ട്രീയ സങ്കല്പങ്ങൾക്കധിഷ്‌ഠിതമാണെന്നും അസദ് ചൂണ്ടിക്കാണിക്കുന്നു.

സെക്യൂലറിസത്തെക്കുറിച്ചുള്ള വിമർശനം

മതം അല്ലെങ്കിൽ മതേതരത്വം ഏതെങ്കിലും ഒന്ന് മറ്റൊന്നിനേക്കാൾ നല്ലത് ഒന്ന് മോശം എന്ന് പറയുന്നതിനേക്കാൾ ചരിത്രപരമായി ഇവ തമ്മിൽ നിലനിൽക്കുന്ന സവിശേഷ അധികാര ബന്ധങ്ങളെ അടയാളപ്പെടുത്താനുള്ള അസദിന്റെ ശ്രമം അപനിർമ്മാണാത്മക ശൈലിയെയാണ് മുന്നോട്ടുവക്കുന്നത്. മതേതരത്വത്തിന്റെ വംശവലിയെ മധ്യകാല ക്രൈസ്‌തവ യൂറോപ്പിൽ നിന്ന് കണ്ടെടുക്കുന്ന തലാൽ അസദ് തന്റെ ജിനിയോളജി ഓഫ് ഇസ്ലാം എന്ന പഠനത്തിലൂടെ ഇസ്ലാമിനെ സ്ഥാനപ്പെടുത്താൻ ശ്രമിക്കുന്നു.

മതത്തെ അന്വേഷിക്കുന്നതിൽ അസദ് പ്രധാനമായും മനസ്സിലാക്കാൻ ശ്രമിക്കുന്നത് സെക്കുലറിസത്തെയാണ്. സെക്കുലറിസത്തെ കുറിച്ചുള്ള ആധുനിക ചർച്ചകളിൽ സെക്കുലറിസം മതത്തിന്റെ ബാക്കിയാണോ? അല്ലെങ്കിൽ മതത്തെ സ്വകാര്യവൽക്കരിക്കുകയാണോ അതോ മതത്തെ ഇല്ലാതാക്കാനുള്ള ഒരു ഉപാധിയാണോ? എന്നതൊക്കെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. എന്നാൽ മൂല കാരണം ഇതെല്ലാ എന്നും മതം എന്ന ആശയമാണെന്നും അസദ് വാദിക്കുന്നു.

പാശ്ചാത്യ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് ‘സെക്കുലറിസം’ രൂപപ്പെടുന്നത്. സെക്കുലറിസത്തിന്റെ പോരായ്‌മകളെയും ഗുണങ്ങളെയും ചർച്ച ചെയ്യുന്നതിനപ്പുറത്ത് ആ സങ്കല്പ‌ത്തെയും അത് രൂപപ്പെട്ടതിന്റെയും അതിൽനിന്നും രൂപം കൊണ്ട ശാസ്ത്രത്തെയും കൃത്യമായി പഠിക്കുകയാണ് അസദ് തന്റെ പ്രധാന കൃതിയായ ‘ഫോർമേഷൻ ഓഫ് സെക്യൂലറിസത്തിലൂടെ നടത്തുന്നത്. ഉത്തരാധുനിക കാലത്ത് എന്ന ചോദ്യം പോലും നിരീക്ഷിക്കണമെങ്കിൽ സെക്കുലർ ജ്ഞാന ശാസ്ത്രത്തിനെ മനസ്സിലാക്കൽ അനിവാര്യമാണെന്ന് അസദ് ചൂണ്ടിക്കാണിക്കുന്നു. മതത്തെ കുറിച്ചുള്ള ആശയം തന്നെ രൂപപ്പെടുന്നത് ഒരു ജീവിതരീതിയിൽ (Form of Life) നിന്നാണെന്ന് അസദ് വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ സെക്കുലറിസം ചെയ്യുന്നത് പുതിയ ആശയങ്ങളെ നിർമ്മിക്കുകയും, അതിൽ മനുഷ്യരെ പരിശീലിപ്പിക്കുകയും ഒരു സംവേദനക്ഷമത സൃഷ്ടിക്കുകയുമാണ്. ഈയൊരു മനസിലാക്കലിലൂടെയാണ് മതത്തെക്കുറിച്ച് പഠിക്കാൻ അസദ് ജിനിയോളജി എന്ന രീതിശാസ്ത്രം തന്റെ പഠനത്തിൽ സ്വീകരിച്ചത് എന്ന് മനസ്സിലാകും.

ഉപസംഹാരം

മതപഠനത്തിലെ അപകോളനീകരണ സിദ്ധാന്തത്തെ കുറിച്ചു പരിശോധിക്കുമ്പോൾ, തലാൽ അസദിന്റെ വിമർശനാത്മക സമീപനങ്ങൾ മതപഠനത്തെ ആധികാരികമായി രൂപപ്പെടുത്തുന്ന പാശ്ചാത്യ ചിന്താഗതികളിലെ ആഴത്തിലുള്ള മുൻവിധികളും അനുമാനങ്ങളും വെളിപ്പെടുത്തുന്നതാണ്. മതേതരത്വം ഒരു നിഷ്‌പക്ഷവും സാർവത്രികവുമായ അവസ്ഥയല്ലെന്നും പ്രത്യേക ചരിത്രപരവും രാഷ്ട്രീയവുമായ സന്ദർഭങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണെന്നും അദ്ദേഹം വാദിക്കുന്നു. ഈ വീക്ഷണം വിവിധ സമൂഹങ്ങളിൽ മതേതരത്വം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മതപരമായ ആചാരങ്ങളിലും സ്വത്വങ്ങളിലും അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടുതൽ സൂക്ഷ്‌മമായ ധാരണയിലേക്ക് നയിച്ചു. അസദിൻ്റെ സ്വാധീനം മതപഠനത്തിനപ്പുറം നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രീയ സിദ്ധാന്തം തുടങ്ങിയ വിശാലമായ മേഖലകളിലേക്ക് വ്യാപിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഇന്റർ ഡിസിപ്ലിനറി സമീപനം, സമൂഹത്തിൽ മതത്തിന്റെ പങ്കിനെക്കുറിച്ച് കൂടുതൽ സമഗ്രമായ ധാരണ നൽകുന്നതിനും വിവിധ വിഷയങ്ങളിൽ നിന്നുള്ള ഉൾക്കാഴ്‌ചകൾ സമന്വയിപ്പിച്ചുകൊണ്ട് ഒന്നിലധികം വീക്ഷണങ്ങളിൽ നിന്ന് മതപഠനങ്ങളിൽ ഏർപ്പെടാനും പണ്ഡിതന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

Reference:

Talal Asad, The Idea of an Anthropology of Islam”, Duke University Press (1986).

Talal Asad, Genealogies of Religion: Discipline and Reasons of Power in Christianity and Islam,

Johns Hopkins University Press (1993).

Talal Asad, Formations of the Secular: Christianity, Islam, Modernity”, Stanford University Press (2003).

Kwok Pui Lan, Religion and Peacebuilding: A Postcolonial Perspective (Contending modernity Decoloniality, and the Study of Religion, 2019).

Garrett Fitzgerald, introduction to Decoloniality and the Study of Religion, (Contending modernity Decoloniality, and the Study of Religion, 2019).

An Yountae, A Decolonial Theory of Religion (Contending modernity Decoloniality, and the Study of Religion, 2019).

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading