ഉസ്മാൻ ഡാൻഫോഡിയോ: പാരമ്പര്യത്തിൽ വേരൂന്നിയ ദാർശനികത

“ഇന്ന് നാം നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തീകരിച്ചു തന്നിരിക്കുന്നു” എന്ന ദൈവിക വചനം അവതീർണ്ണമായ ദിനം മുതൽ ഇന്നുവരെ ഈ മതവും അത് പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രവും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദ്യ മനുഷ്യൻ ആദം നബി മുതൽ പ്രവാചകന്മാർ മാറിമാറി വന്നുകൊണ്ടിരുന്നു. ഏതു ദുർഘടമായ സാഹചര്യത്തിലും അവർ ഇസ്ലാം എന്ന പ്രകാശത്തെ ലോകത്ത് നിന്നും അണയാതെ കാത്തു സൂക്ഷിക്കുകയും ചെയ്തു. അന്ത്യപ്രവാചകൻ മുഹമ്മദ് നബി യുടെ വഫാത്തോടെ വഹ്‌യ് എന്ന ദൈവീക ബന്ധം മുറിഞ്ഞു പോയെങ്കിലും പല പണ്ഡിതന്മാരുടെയും പ്രാർത്ഥനയും പ്രയത്നവും കൊണ്ട് ഈ വിശുദ്ധ മതം അതിൻ്റെ പ്രയാണം തുടരുന്നു. പണ്ഡിതന്മാർ പ്രവാചകരുടെ പിന്തുടർച്ചക്കാരാണ് എന്ന പ്രവാചക വചനത്തിന്റെ സാക്ഷാത്കാരമാണ് അതിന് വഴിയൊരുക്കിയത്. തങ്ങളുടെ ജീവിതം മുഴുവനും ഇസ്ലാമിനും അതിൻ്റെ പ്രചരണത്തിനായി മാറ്റിവെച്ച പണ്ഡിതന്മാരെയാണ് ദശാബ്ദങ്ങളിലേക്കും നൂറ്റാണ്ടുകളിലേക്കും പതിറ്റാണ്ടുകളിലേക്കും ചേർത്തുനിർത്തി മുജദ്ധിദുകൾ എന്ന് വിളിക്കാറുള്ളത്. പല കാലങ്ങളിലായി അല്ലാഹു എല്ലാ ദേശങ്ങളിലും ഇത്തരം സാത്വികരായ മനുഷ്യരെക്കൊണ്ട് അനുഗ്രഹിച്ചിട്ടുണ്ട്. ഇസ്ലാമിൻ്റെ തിരുവെളിച്ചം തെളിഞ്ഞ എല്ലാ ചക്രവാളസീമകളിലും ഈ മതത്തിൻ്റെ മൂല്യാധിഷ്ഠിത അധ്യാപനങ്ങൾ അല്ലാഹു പകർന്ന് നൽകിയത് അവരിലൂടെയായിരുന്നു. ഇസ്ലാം എന്ന വൈദ്യം ഉപയോഗിച്ച് ഓരോ ജനതയുടെയും ആത്മബോധത്തെ ശുദ്ധീകരിക്കുന്നതോടൊപ്പം സാംസ്കാരിക സാമൂഹിക തലങ്ങളിലും അവർ കൃത്യമായ പരിഷ്കരണങ്ങൾ നടപ്പിലാക്കി.

ഈ രീതിയിൽ ഏറെ അനുഗ്രഹിക്കപ്പെട്ട ഒരു സമൂഹമാണ് ഉത്തര നൈജീരിയയിലെ ഹോസ പ്രദേശവാസികൾ. കേവലം ആത്മീയ നേതൃത്വത്തിനപ്പുറം ഇസ്ലാമിക നിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രീയ നേതൃത്വം അവർക്ക് നൽകപ്പെട്ടിരുന്നു. അത്തരത്തിൽ ഒരു ജനതയ്ക്ക് ആത്മീയതയിലുയർത്തിയ രാഷ്ട്ര നിർമ്മിതി വിഭാവനം ചെയ്തവരായിരുന്നു മഹാനായ ശൈഖ് ഉസ്മാൻ ഡാൻഫോഡിയോ എന്ന ഹോസാ പ്രദേശങ്ങളുടെ മേൽ പതിറ്റാണ്ടുകളോളം ഭരണം നടത്തിയ സൊക്കോട്ടോ ഭരണകൂടത്തിന്റെ സ്ഥാപകൻ.

1804-ൽ പ്രബോധനവുമായി നൈജീരിയയിൽ ജീവിതം നയിച്ച ഉസ്മാൻ ഡാൻഫോഡിയോ ആധുനിക ലോകത്ത് പ്രവാചകചര്യ പിന്തുടരാൻ ശ്രമിക്കുന്നവർക്കെല്ലാം മാതൃകയാണ്. പ്രവാചക പ്രകീർത്തനം പാടുന്ന പലരുടെ പ്രയത്നങ്ങളും വെറും നാടകങ്ങളായി പര്യവസാനിക്കുന്ന കാലത്ത് പ്രവാചക ജീവിതം ഒരു ജനതയ്ക്ക് മുമ്പിൽ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകചര്യ ഒരു ആയുധമാക്കി ഉപയോഗിച്ച അദ്ദേഹം തന്റെ ജനതയിൽ ഒരു സാംസ്കാരിക വിപ്ലവം കുറിക്കുകയും ചെയ്തു. നൈജീരിയൻ പ്രദേശങ്ങളിൽ ഷേഹു എന്നറിയപ്പെട്ട ഇദ്ദേഹം ദൈവീക നിർദ്ദേശങ്ങൾ കൃത്യമായി മനസ്സിലാക്കി തന്റെ ജീവിതം ദൈവികസേവനത്തിനായി മാറ്റിവെച്ചു. വർഷങ്ങളോളം നീണ്ട പ്രബോധന ജീവിതത്തിനിടയിൽ നാടു കടത്തൽ മുതൽ സായുധ സംഘട്ടനങ്ങൾക്ക് വരെ അദ്ദേഹം വിധേയനായിട്ടുണ്ട്.

ഇന്ന് നൈജീരിയയ്ക്കും നൈജറിനും ഇടയിൽ നിലകൊള്ളുന്ന ഹോസയിലെ തൻ്റെ സഹോദര മുസ്ലീങ്ങളുടെ ശോചനീയാവസ്ഥയായിരുന്നു അദ്ദേഹത്തിൻ്റെ യൗവ്വനത്തിലെ പ്രധാന പ്രതിസന്ധി. മതാചാരങ്ങളോടും ആരാധനകളോടും അലംഭാവം, അക്രമികളായ നാട്ടുരാജാക്കന്മാരുടെ ക്രമരഹിതവും നിഷ്ഠൂരവുമായ ഭരണം, അങ്ങനെ തുടങ്ങി തികച്ചും മതവിരുദ്ധമായിരുന്നു ഹോസയിലെ രാഷ്ട്രീയ പരിസരങ്ങൾ. മുസ്ലിം ഭരണാധികാരികളാൽ പോലും മുസ്ലിം സമൂഹം നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു. തങ്ങളുടെ വിശ്വാസത്തിന് അനുസൃതമായ വസ്ത്രധാരണത്തിനു പോലും അവർ അനുവദിക്കപ്പെട്ടിരുന്നില്ല. ഇതിനെല്ലാം ഉപരി ഇസ്ലാമിലേക്കുള്ള മതപരിവർത്തനവും മതപ്രബോധനവും ക്രിമിനൽ കുറ്റമായാണ് ഭരണകൂടങ്ങൾ പരിഗണിച്ചിരുന്നത്.

ഇത്തരമൊരു സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് മതപ്രബോധനത്തിന്റെ ദീപശിഖയുമേന്തി ശൈഖ് ഉസ്മാൻ ഡാൻഫോഡിയോ കടന്നുവരുന്നത്. വിദ്യാർത്ഥിയായപ്പോൾ തന്നെ അദ്ദേഹം ഈ വീഥിയിലേക്ക് പ്രവേശിക്കുയും നീണ്ട മൂന്നു പതിറ്റാണ്ടുകാലം പ്രബോധനത്തിലായി ജീവിതം കഴിച്ചുകൂട്ടുകയും ചെയ്തു. അദ്ദേഹം ഉയർത്തി കാട്ടിയ സന്ദേശത്തിന് പിന്നിൽ ക്രമേണ ആളുകൾ തടിച്ചു കൂടാൻ തുടങ്ങി. അത് അവിടുത്തെ രാജാക്കന്മാർക്ക് വലിയ തലവേദന സൃഷ്ടിക്കുകയും ചെയ്തു. നിരന്തരം പുറപ്പെടുവിച്ചുകൊണ്ടിരുന്ന താക്കീതുകൾ ഫലം കാണുന്നില്ല എന്ന് മനസ്സിലാക്കിയ രാജാക്കന്മാർ പിന്നീട് പതുങ്ങിയും മറഞ്ഞുമുള്ള ആക്രമങ്ങൾ ആരംഭിച്ചു. എന്നാൽ ശൈഖ് അതൊന്നും ഗൗനിക്കാതെ തന്റെ ദൗത്യവുമായി മുന്നോട്ടുപോയി. അവസാനം 1804-ൽ ഗോബിർ രാജാവ് യുൻഫ ഫ്ലിൻ്റ്ലോക്ക് പിസ്റ്റൾ ഉപയോഗിച്ച് ശൈഖിനെ വധിക്കാൻ ശ്രമിച്ചതോടെയാണ് അദ്ദേഹത്തിൻ്റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിവുണ്ടായത്. അതോടെ അദ്ദേഹം തന്റെ അണികളെയും കൂട്ടി മറ്റൊരു കേന്ദ്രം തേടി യാത്രതിരിച്ചു. എന്നാൽ ഇസ്ലാമിനെ ഏറെ ഭയത്തോടെ കണ്ട അവിടുത്തെ നാട്ടുകാർ സഖ്യം ചേർന്ന് ഇവരെ ആക്രമിച്ചുകൊണ്ടിരുന്നു. മേൽക്കോയ്മയുടെ രസം രുചിച്ചറിഞ്ഞ രാജാക്കന്മാർക്ക് അണികളെ എന്നും പീഡിത സമൂഹമായി നിലനിർത്താനായിരുന്നു താല്പര്യം. ആ താല്പര്യ നൈരന്തര്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് ഇസ്ലാം എന്ന് അവർ മുമ്പേ മനസ്സിലാക്കുകയും ചെയ്തിരുന്നു. എങ്കിലും പതിറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തൽ കാരണം പൊതുജന ബോധം മർദ്ദിത മനോഭാവത്തിൽ നിന്നും ഏറെ മാറിക്കഴിഞ്ഞിരുന്നു. പീഡനങ്ങൾ കണ്ടും സഹിച്ചും മനംമടുത്ത ജനം അവരെ സത്യത്തിന്റെ പാതയിൽ ഐക്യപ്പെടുത്താൻ പ്രാപ്തമായ ഒരു നേതൃത്വത്തിനായി വെമ്പുകയായിരുന്നു. ആ യോഗ്യത ശൈഖിൽ ദർശിച്ചതും ആ ജനത ഒന്നടങ്കം ശൈഖിൻ്റെ കീഴിൽ അണിനിരന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ അവർ ഒരു വർഗ്ഗസമരത്തിനുള്ള മുന്നൊരുക്കത്തിൽ ആയിരുന്നു. ആ വർഗ്ഗസമരത്തിന്റെ ജ്വാല മൊത്തം ഫൂലാനി മനാന്തരങ്ങളിലേക്ക് കത്തിപ്പടരുകയും ശൈഖിൻ്റെ നേതൃത്വത്തിൽ സൊക്കോട്ടോയിൽ അവർ പുതിയ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് നീണ്ട യുദ്ധങ്ങളുടെ കാലമായിരുന്നു. ഗോബിർ, കാനോ, കാത്സിന സഖ്യ ശക്തികളോട് നിരന്തരം അവർ യുദ്ധത്തിൽ ഏർപ്പെട്ടു. അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ അവിടെയും വിജയം സത്യ പക്ഷത്തിനു തന്നെയായിരുന്നു. അങ്ങനെയാണ് ആത്മീയതയുടെ അടിത്തറയിൽ ഉയർത്തപ്പെട്ട ഖിലാഫത്ത് സ്ഥാപിതമാകുന്നത്. അന്ന് വരെ ആ പ്രദേശം കണ്ട ഏറ്റവും വലിയ ഭരണകൂടമായിരുന്നു സൊക്കോട്ടോ ഖിലാഫത്ത്. ചരിത്ര പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത് ഹോസാ പ്രദേശത്തേക്ക് പതിനഞ്ചാം നൂറ്റാണ്ട് വരെ ഇസ്ലാം എത്തിയിരുന്നില്ല എന്നതാണ്. ബർബർ സ്വത്വത്തിൽ നിന്നും ഉയർന്നുവന്ന ശൈഖ് മുഹമ്മദ് അൽ മഖീലി എന്ന പണ്ഡിതനാണ് ഇസ്ലാമിക പ്രബോധനവുമായി ആദ്യം ഈ ദേശത്ത് എത്തുന്നത്. അദ്ദേഹത്തിൻ്റെ നിരന്തര പ്രയത്നങ്ങളിലൂടെ അതൊരു ഇസ്ലാമിക ഭൂമികയായി മാറുകയും ചെയ്തിരുന്നു. അദ്ദേഹമാണ് അവിടെ മാലികീ കർമ്മ ശാസ്ത്രവും ഖാദിരി സൂഫി സരണിയും വ്യാപിപ്പിച്ചത്.

പിന്നീട് കാലചക്രത്തിന്റെ ചംക്രമണത്തിൽ നല്ലൊരു നേതൃത്വത്തിന്റെ അഭാവത്താലും പൈശാചിക ദുർബോധനങ്ങളാലും ഇസ്ലാമിക ബോധം ചോർന്നൊരു സമൂഹമായി പരിണമിക്കുകയായിരുന്നു. ആ ബിന്ദുവിൽ നിന്നാണ് സൊക്കോട്ടോ ഖിലാഫത്ത് സ്ഥാപിതമാകുന്നത്. കേവലം ആത്മീയ ഉദ്ധാരണത്തിനപ്പുറം അതൊരു വൈജ്ഞാനിക വിപ്ലവം കൂടിയായിരുന്നു. ശൈഖ് ഉസ്മാൻ ഡാൻഫോഡിയോയും അദ്ദേഹത്തിൻ്റെ കുടുംബവും തന്നെയാണ് ഈ വൈജ്ഞാനിക സരണിയിൽ ഏറെ സംഭാവനകൾ അർപ്പിച്ചത്. ശൈഖിനെയും അദ്ദേഹത്തിൻ്റെ സഹോദരൻ അഹ്മദ് ബെല്ലോ, മകൻ അബ്ദുല്ല, മകൾ നാനാ അസ്മാഉ എന്നിവരെ മൊത്തത്തിൽ സൂചിപ്പിക്കാൻ ഫുദൈവ എന്നാണ് ഉപയോഗിച്ചിരുന്നത്. ഇസ്ലാമിക കർമ്മശാസ്ത്രം, ചരിത്രം, ദൈവശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ ഇസ്ലാമിക വൈജ്ഞാനിക ശാഖകളിൽ ഗഹനമായ ഗ്രന്ഥങ്ങൾ രചിക്കുന്ന പണ്ഡിത സപര്യക്കാണ് ഫുദൈവ എന്ന് ഉപയോഗിക്കാറുള്ളത്. ആ സ്ഥാനത്തിന് യോഗ്യമാംവിധം സാഹിത്യ വൈജ്ഞാനിക-ഗ്രന്ഥങ്ങൾ ആ കുടുംബത്തിൽ നിന്നും പിറന്നിരുന്നു. സൊക്കോട്ടോ ഖിലാഫത്ത് ഇസ്ലാമിക ശരീഅത്തിന്റെ വിഷയത്തിൽ കണിശമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഖിലാഫത്തിന്റെ ഉത്ഭവത്തോടെ ഖാദിരി ത്വരീഖത്തിനോടൊപ്പം തീജാനി സരണിയും വ്യാപിക്കാൻ തുടങ്ങി. ഭരണകൂടം ഗ്രന്ഥരചനക്കും സാഹിത്യസൃഷ്ടികൾക്കും വലിയ പ്രോത്സാഹനങ്ങൾ നൽകിയതുമൂലം ഒട്ടനേകം കൃതികൾ അന്നവിടെ വിരചിതമാവുകയും ചെയ്തു.

ആത്മീയ വൈജ്ഞാനിക അടിത്തറ നൽകി സ്ഥാപിതമായ ഭരണകൂടം പിന്നീട് അതിൻ്റെ രാഷ്ട്രീയ സാഹചര്യം പരിപോഷിപ്പിച്ചു. ഹോസ ഭൂപ്രദേശങ്ങൾ ഒരു അഖണ്ഡ ഭരണകൂടത്തിന് കീഴിൽ കൊണ്ടുവന്നതിനോടൊപ്പം ഇലോറിൻ, അഡോമാസ പ്രവേശ്യകൾ കൂടി കീഴടക്കിയതോടെ ഖിലാഫത്തിന് സാമ്പത്തിക ഭദ്രത കൂടി കരസ്ഥമായി. അങ്ങനെ ഘട്ടം ഘട്ടമായി സൊക്കോട്ടോ ഖിലാഫത്ത് വികസിക്കുകയും ഒരുപാട് വൈദേശിക കച്ചവടക്കാർ തങ്ങളുടെ വാണിജ്യ കേന്ദ്രമായി അതിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഒടുവിൽ തിമ്പുക്തുവിനും ബോർനുവിനും ശേഷം സൊക്കോട്ടോ വെസ്റ്റ് ആഫ്രിക്കയിലെ ഇസ്ലാമിക ധൈഷണികതയുടെ ഈറ്റില്ലമായിത്തീരുകയും, പതിറ്റാണ്ടുകളോളം ഇസ്ലാമിക ധാർമികതയിലധിഷ്ഠിതമായി ഡാൻഫോഡിയോ കുടുംബം ഭരണം നടത്തുകയും ചെയ്തു.

ഇന്നും അതെ ഫുലാനി കുടുംബാംഗങ്ങൾ തന്നെയാണ് നൈജീരിയയിലെ രാഷ്ട്രീയ നേതൃത്വം. അത്തരത്തിൽ, അരക്ഷിതമായ ഒരു ജീവിത പരിസരത്തിൽ നിന്നും ഒരു ജനതയെ ഒന്നടങ്കം പുനരുദ്ധരിച്ച ഉസ്മാൻ ഡാൻഫോഡിയോ ഇന്നും നൈജീരിയയിലെ മുസ്ലിം സമൂഹത്തിൻ്റെ ആത്മീയ ഗുരുവായി ആഘോഷിക്കപ്പെടുന്നു. “നിങ്ങൾക്ക് ദൈവ ദൂതനിൽ നല്ലൊരു ചര്യയുണ്ട്” എന്ന ദൈവിക വചനം ഹൃദയത്തിലേന്തി , പ്രവാചക ജീവിതം അനുധാവനം ചെയ്ത് ക്രിയാത്മകമായി ഒരു സമൂഹത്തിൽ പ്രതിഫലിപ്പിച്ചു. അതിലൂടെ മദീനയിൽ പ്രവാചകൻ ഉണ്ടാക്കിയ സന്മാർഗ തരംഗങ്ങൾ നൈജീരിയയുടെ വായൂ തരംഗങ്ങളുമായി കൂട്ടിയിണക്കി, ഒരു പണ്ഡിതൻ എന്ന നിലക്ക് തൻ്റെ മേൽ നിക്ഷിപ്തമായ ദൗത്യം നിർവഹിക്കുകയും ചെയ്തു.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading