സുഫിയാൻ വിളക്കോട്
വൈദേശിക അടിമത്വം പേറിയ നൂറ്റാണ്ടുകൾക്കനന്തരമായി സ്വാതന്ത്ര്യ പ്രവർത്തനങ്ങൾക്ക് കാവലാളായ പുലരിക്ക് രാജ്യം സാക്ഷിയാകുമ്പോൾ മത സാമൂഹിക വൈജ്ഞാനിക മേഖലയിൽ സമുദായം അധോഗതിയിൽ നിപതിച്ചിരുന്നു. കേരള മുസ്ലിം വൈജ്ഞാനിക പുരോഗമന മുന്നേറ്റങ്ങൾക്ക് അക്ഷീണം യത്നിച്ച മഹാപണ്ഡിത മനീഷിയായിരുന്നു മൗലാന പി അബൂബക്കർ നിസാമി ഉസ്‌താദ്. മഹാരഥന്മാരായ നിഷ്കാമകർമ്മികളുടെ ശൃംഖലയിൽ പ്രകടനപരതയില്ലാത്ത ജീവിതം നയിച്ച് ഉത്തര കേരളത്തിന്റെ മുസ്ലിം വൈജ്ഞാനിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് അക്ഷീണം യത്നിച്ച മഹാപണ്ഡിത മനീഷിയായിരുന്നു മൗലാന പി അബൂബക്കർ നിസാമി ഉസ്‌താദ്. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചും മദ്രസ പ്രസ്ഥാനത്തിന് അടിവേര് പിടിപ്പിച്ചും മഹാനവർകൾ സേവനമനുഷ്ഠിച്ച മേഖലകൾ ഒട്ടനവധിയാണ്. സമസ്‌തയുടെ വൈജ്ഞാനിക പുരോഗമന പ്രവർത്തനത്തിലെ നാഴികക്കല്ലായി ജീവിച്ച മഹാനുഭാവൻ്റെ പ്രവർത്തന ഫലമാണ് ഇന്നും ഏറെ കുടുംബങ്ങൾക്ക് ആശ്വാസകരമായ മുഅല്ലിം ക്ഷേമനിധി ബോർഡ്.
മാതൃഭാഷയിൽ പോലും പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്ത ഒരു സാമാന്യ ജനതയുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് പിന്നീട് ആ സമുദായത്തിന്റെ കാവലാളായി വർത്തിച്ച മഹാനവർകൾ അവിഭക്ത കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ പഴയില്ലത്ത് മോയിൻ കുട്ടിയുടെയും ഉമ്മാച്ചൂട്ടിയുടെയും മകനായി 1919 മാർച്ച് 27ന് ജന്മം കൊണ്ടു. സഹോദരങ്ങൾ നാലുപേരും ഇന്ത്യൻ റെയിൽവേയിൽ ജീവിതോപാധി കണ്ടെത്തിയപ്പോൾ അർപ്പണ മനോഭാവവും ത്യാഗ സന്നദ്ധതയും ജീവിതത്തിലുടനീളം പ്രാവർത്തികമാക്കിയ ഉസ്‌താദ് വൈജ്ഞാനിക മേഖലയിലേക്ക് ചെറുപ്രായത്തിലെ ചുവടുവെച്ചു. സ്വാതന്ത്ര ലബ്ധിക്ക് മുമ്പ് കേരളീയ മുസ്ലീങ്ങളിൽ ആകെ ചുരുക്കം പേർ മാത്രമാണ് മതവിജ്ഞാനം നുകരുന്നതോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിന് കൂടി പ്രാധാന്യം നൽകിയത്. പിന്നീട് സമന്വയ വിദ്യാഭ്യാസ വിപ്ലവത്തിന് വഴിവച്ച പ്രസ്തുത പണ്ഡിതർക്കിടയിൽ മൗലാന അബൂബക്കർ നിസാമിയുടെ സ്ഥാനം മഹോന്നതമാണ്. ദർസ് പഠനവും ഭൗതിക വിദ്യാഭ്യാസവും ഒരുമിച്ചു കൊണ്ടുപോവാൻ ശ്രദ്ധ കാണിച്ച അദ്ദേഹം നിരക്ഷരരായ മാപ്പിള സമാജത്തിന് ആത്മീയമായും ഭൗതികമായും വഴിതെളിയിച്ച് വൈജ്ഞാനിക ജീവിതമാരംഭിച്ചു.
സ്വദേശത്ത് നിന്ന് പ്രാഥമിക വിദ്യാഭ്യാസം നുകർന്നതിനു ശേഷം പരപ്പനങ്ങാടിയിലെ പനയത്തിൽ പള്ളി ദർസിൽ ചേരുകയും വിശ്വപ്രസിദ്ധ മഹാപണ്ഡിതൻ കോമു മുസ്ലിയാരുടെ ശിക്ഷണം സ്വീകരിക്കുകയും ചെയ്‌തു. ശേഷം കൊയപ്പ കുഞ്ഞായിൻ മുസ്ലിയാരിൽ നിന്നും തേഞ്ഞിപ്പാലം അലവി മുസ്‌ലിയാരിൽ നിന്നും ഒട്ടനവധി ഗ്രന്ഥങ്ങൾ പഠിച്ചെടുത്തു. പ്രസ്‌തുത കാലത്ത് തന്നെ ഭൗതിക വിദ്യാഭ്യാസം കൂടി നേടിയെടുക്കാൻ നിസാമി ഉസ്‌താദ് ശ്രദ്ധ പുലർത്തിയിരുന്നു. പ്രസ്തുത വൈജ്ഞാനിക കേന്ദ്രങ്ങളിൽ നിന്നും ഗുരുക്കരിൽ നിന്നും പ്രാഥമിക മത ഭൗതിക വിദ്യാഭ്യാസം നേടിയെടുത്തതിനു ശേഷം ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ മതകലാലയം വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലേക്ക് ഉപരിപഠനാർത്ഥം അദ്ദേഹം യാത്ര തിരിച്ചു. ദൈവീക നിശ്ചയമെന്നോണം പ്രസ്‌തുത യാത്രയിൽ പരിചയപ്പെട്ട സഹയാത്രികരുടെ സംസാരത്തിൽ ആകൃഷ്ടനായി അദ്ദേഹം ഉറുദു ഭാഷാ പഠനം താൽപര്യപ്പെടുകയും ബാഖിയാത്തിലെ വൈജ്ഞാനിക ജീവിതമെന്ന ആഗ്രഹത്തെ ത്യജിച്ച് ഹൈദരാബാദിലെ നിസാമിയ്യ അറബിക് കോളേജിനെ ലക്ഷീകരിച്ചു.
ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയിലെ എണ്ണം പറഞ്ഞ മതകലാലയങ്ങളിൽ മുൻപന്തിയിൽ നിലകൊള്ളുന്ന ഹൈദരാബാദ് നിസാമിയ്യയിലെ പഠനകാലത്താണ് അദ്ദേഹം അറബി, ഉർദു ഭാഷകളിൽ അസാമാന്യ പ്രാവീണ്യം കരഗതമാക്കുന്നത്. മർഹും എ പി അഹ്മദ് കുട്ടി മുസ്ലിയാരും മൗലാന പി അബൂബക്കർ ഉസ്‌താദും മാത്രമാണ് അക്കാലത്ത് നിസാമിയ്യയിൽ നിന്ന് ബിരുദം സ്വീകരിച്ച മലയാളി പണ്ഡിത പ്രതിഭകൾ. നിസാമിയ്യയിലെ പഠനശേഷം നാട്ടിലേക്ക് തിരിച്ചുവന്ന് ദർസാരംഭിച്ച ഉസ്‌താദ് ഔദ്യോഗിക അധ്യാപന ജീവിതമാരംഭിച്ചു. എന്നാൽ കുറച്ചു കാലശേഷം ദർസ് നിർത്തി കച്ചവടത്തിന് ഇറങ്ങിയ മൗലാന അബൂബക്കർ നിസാമി ഉസ്‌താദിനെ മൺപാത്ര തൊഴിൽ ഉപേക്ഷിക്കാനും വീണ്ടും അധ്യാപന സേവന രംഗത്ത് സ്ഥിര സാന്നിധ്യമാവാനും താനൂരിൽ അനാഥ അഗതി മന്ദിരം നടത്തി വരികയായിരുന്ന മർഹൂം കെ പി ഉസ്‌മാൻ സാഹിബ് പ്രചോദിപ്പിച്ചു.
സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ച് മതപഠനം നടത്താൻ ബ്രിട്ടീഷ് സർക്കാർ അനുവാദം നൽകിയിരുന്നതിനാൽ അനവധി സ്ഥാപനങ്ങൾ അന്ന് നിലനിന്നിരുന്നു. പ്രസ്‌തുത കാലത്ത് കാളികാവിൽ മദ്രസ സ്ഥാപിക്കുകയും അവിടെ സ്വദർ മുഅല്ലിമായി സേവനമനുഷ്‌ഠിക്കുകയും ചെയ്തു. അനന്തരം പുലാമന്തോൾ മദ്രസയിലും മഹാനവർകൾ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം സർക്കാർ കലാലയങ്ങളിലെ മതപഠനത്തിന് വിലങ്ങു വീഴുകയും സ്വന്തമായി പുതിയ മതസ്ഥാപനങ്ങൾ നിർമ്മിച്ചില്ലെങ്കിൽ വിദ്യാഭ്യാസ ശോഷണം സമുദായത്തിൽ സമാഗതമാകുമെന്ന് തിരിച്ചറിയുകയും ഉസ്‌താദ് സമസ്‌തയുടെ ദീർഘദാർശനികരായ പണ്ഡിത മഹത്തുക്കളോടൊപ്പം മദ്രസ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.
സി എച്ച് ഹൈദറോസ് മുസ്ലിയാരുടെയും കെ പി ഉസ്‌മാൻ സാഹിബിന്റെയും കൂടെ പിന്നീട് അക്ഷീണയത്നമായിരുന്നു. കേരളത്തിൻ്റെ തെക്കേയറ്റം മുതൽ വടക്കേ അറ്റം വരെ സഞ്ചരിച്ച് മഹല്ല് മഹല്ലാന്തരം കയറിയിറങ്ങി ഉൾനാടൻ ഗ്രാമത്തിലേക്കും താഴെത്തട്ടിലുള്ള മനുഷ്യരിലേക്കും ഇറങ്ങിച്ചെന്ന് മത വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം ബോധ്യപ്പെടുത്തി. ചിറ്റുമുറിയൻ അഹ്മദ് കുട്ടി മുസ്ലിയാരും ആദ്യശ്ശേരി മുഹമ്മദ് മുസ്ലിയാരും പ്രസ്‌തുത യത്നതിന് കരുത്തേകിയപ്പോൾ ഇന്ന് കാണുന്ന പതിനായിരം കവിഞ്ഞ സമസ്‌ത മദ്രസ്സാ പ്രസ്ഥാനത്തിൻ്റെ ഐതിഹാസിക പ്രാരംഭം എളുപ്പമായി.
സ്വതസിദ്ധമായ ശൈലിയിലെ അവതരണം കൊണ്ടും അക്ഷരലോകത്തെ അസാമാന്യ പ്രാവീണ്യം കൊണ്ടും പ്രഭാഷണ ഗോഥയിൽ അന്ന് നിസാമി ഉസ്‌താദ് നിറസാന്നിധ്യമായിരുന്നു. തൻ്റെ അതിവിശ്രുത പ്രഭാഷണ സിദ്ധികൊണ്ട് മദ്രസ പ്രസ്ഥാനത്തിൻ്റെ വേരുകൾക്ക് കരുത്ത് പകരുകയും മതസ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയും ചെയ്‌തു. അറിവും ത്യാഗവും ഭക്തിയും സേവനവും കൈമുതലാക്കിയ നിസാമി ഉസ്‌താദ് തൻ്റെ വാക്കുകൾക്ക് മറ്റാരെക്കാളും വിലകൽപ്പിക്കുകയും പറയുന്നതൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കി കാണിച്ചുകൊടുക്കാൻ ഹിതപ്പെടുകയും ചെയ്തു. മത വിദ്യാഭ്യാസ ബോർഡിന്റെ പ്രാരംഭ കാലത്ത് തന്നെ നിർവാഹക സമിതി അംഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സംഘടനാ രംഗത്തേക്കുള്ള ചുവടുവെപ്പ്. പാഠപുസ്‌തക സമിതിയിലും പരീക്ഷാ ബോർഡിലും അംഗമായി പ്രവർത്തിച്ചതിനു ശേഷം പാഠപുസ്‌തക നിർമ്മാതാക്കളിൽ ഒരാളായി പ്രവർത്തിച്ചു. വീട്ടുതിണ്ണയിലും പീടിക വരാന്തകളിലും പള്ളി ചെരുവുകളിലുമായി ഒതുങ്ങിക്കിടന്ന മത വിദ്യാഭ്യാസത്തെ ഇന്നു കാണുന്ന രീതിയിൽ അടക്കും ചിട്ടയുമുള്ളതായി മാറ്റിയെടുത്ത അദ്ദേഹം മത വിദ്യാഭ്യാസ രംഗത്ത് നിസ്തുലധ്യായങ്ങൾ തുന്നി ചേർത്തു.
വടകര ബുസ്‌താനുൽ ഉലൂമിൽ വർഷങ്ങളായി പ്രധാനധ്യാപകനായി ജോലി ചെയ്യുകയും പ്രസ്‌തുത കാലയളവിൽ മഹാനവർകൾ സംഘടന പാഠങ്ങൾ കൊണ്ടും സാമൂഹിക ഇടപെടലുകൾ കൊണ്ടും ദീനി പ്രബോധന വീഥിയിൽ സജീവ സാന്നിധ്യമായി. 1959 വടകരയിൽ വെച്ച് സംഘടിപ്പിച്ച സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ഒമ്പതാം വാർഷിക സമ്മേളനം മഹാനവർകളുടെ സംഘടന ജീവിതത്തിലെ മറ്റൊരു നാഴിക കല്ലായി മാറി. സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ എന്ന നാമധേയത്തിൽ പുതിയ കീഴ് ഘടകത്തിന്റെ രൂപീകരണത്തിന് സമ്മേളനത്തിൻ്റെ രണ്ടാം ദിവസത്തെ മുഅല്ലിം മാനേജിങ് പ്രതിനിധി കൗൺസിൽ സാക്ഷിയായി. വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ പ്രസിഡൻ്റും മൗലാന പി അബൂബക്കർ നിസാമി ഉസ്‌താദ് ജനറൽ സെക്രട്ടറിയുമായി പതിനൊന്നംഗ നിർവാഹക സമിതിയെ കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. 1959ലെ പ്രസ്തുത സമ്മേളനത്തിന് ശേഷം ശ്ലാഘനീയമായ പ്രവർത്തനങ്ങൾ കൊണ്ട് അധ്യാപകരുടെ ഉന്നമനത്തിനായി മഹാനവർകൾ നിലകൊണ്ടു.
1959 മുതൽ 1977 വരെ സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറിയായും 1977ന് ശേഷം ഉപാധ്യക്ഷനായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. 1977ൽ രൂപീകരിച്ച മുഅല്ലിം ക്ഷേമനിധി ബോർഡ് രൂപകൽപ്പന ചെയ്യുന്നതിൽ നിർണായക പങ്കു വഹിക്കുകയും മുഅല്ലിം പെൻഷൻ പോലുള്ള വിപ്ലവകരമായ പദ്ധതികൾക്ക് നിറം നൽകുകയും ചെയ്‌തു. സമസ്‌ത പ്രസ്‌തുത കാലഘട്ടത്തിൽ നേടിയെടുത്ത പല വിദ്യാഭ്യാസ അധ്യാപക പുരോഗമന പ്രവർത്തനങ്ങൾക്കും മഹാനവർകൾ ഇന്ധനം പകർന്നത് ഇന്നും ഏറെ പ്രശംസനീയമാണ്. വടകര ബുസ്താനിൽ സേവനം അനുഷ്‌ഠിക്കെ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ നിർദ്ദേശപ്രകാരം 1970കളുടെ ഒടുക്കത്തിൽ ചേളാരിയിൽ വരികയും അവിടെയുള്ള സമസ്‌ത ബോർഡിങ് മദ്രസയിൽ മാനേജറായും വിദ്യാഭ്യാസ ബോർഡിൻ്റെ കാര്യാലയത്തിൽ ക്ലർക്കായും സേവനമനുഷ്‌ഠിച്ചു. നേരത്തെ പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളേജിനോട് അനുബന്ധിച്ച് നടത്തിപ്പോന്നിരുന്ന ബോർഡിങ് മദ്രസ പരാജയമായതിൻ്റെ അടിസ്ഥാനത്തിലാണ് ചേളാരിയിലേക്ക് പറിച്ച് നട്ടതും നിസാമി ഉസ്‌താദിനെ നേതൃത്വം ഏൽപ്പിക്കാൻ ബാഫഖി തങ്ങൾ നിർദ്ദേശിച്ചതും.
മേൽപ്പറഞ്ഞ ഉത്തരവാദിത്വം ഭംഗിയായി പൂർത്തീകരിച്ചതിന് ശേഷം 1973ൽ ബോർഡിങ് മദ്രസയിൽ നിന്ന് പടിയിറങ്ങിയ ഉസ്‌താദ് റെയിഞ്ച് വിസിറ്റർ പദവി ഏറ്റെടുത്തു രണ്ടു വർഷത്തിനുള്ളിൽ അന്ന് സമസ്‌തയ്ക്കുണ്ടായിരുന്ന സർവ്വ റെയിഞ്ചുകളും സന്ദർശിക്കുകയും നിർദ്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്‌തു. ശേഷം വടകര ബുസ്‌താൻ മദ്രസാ കമ്മിറ്റിയുടെ ആവശ്യാനുസരണം വീണ്ടും അവിടേക്ക് തിരിച്ചെത്തുകയും അധ്യാപന ജീവിതം തുടരുകയും ചെയ്‌തു. നാട്ടിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന ഉസ്‌താദ് പിന്നീട് പ്രവാസി മുസ്ലിങ്ങളുടെ ആത്മീയ ഉന്നമനത്തിനായി തൻ്റെ തട്ടകം യുഎഇയിലേക്ക് മാറ്റി. സുന്നി യൂത്ത് സെന്റർ നിർമ്മിക്കുകയും പ്രവാസി സുന്നികൾക്ക് അനവധി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്‌തു.
പ്രസ്തുത കാലത്ത് ക്ഷേമനിധി ഫണ്ട് പരിപോഷിപ്പിക്കാനും അബൂദാബി സുന്നി സ്റ്റുഡൻസ് സെൻ്റർ, ദുബായ് സുന്നി സെൻ്റർ എന്നിവിടങ്ങളിൽ ഫണ്ട് സമാഹരണ ഏകോപന പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്‌തു. ഒരു പതിറ്റാണ്ടുകാലം പ്രവാസ ലോകത്ത് നിസ്‌തുല സേവനമർപ്പിച്ച ശേഷം വീണ്ടും നാട്ടിൽ സ്ഥിരതാമസമാക്കി. കെ കെ അബൂബക്കർ ഹസ്രത്തിൻ്റെ വഫാത്തിന് ശേഷം ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയായി മഹാനവർകൾ വീണ്ടും നിയുക്തനായി. കെ പി ഉസ്‌മാൻ സാഹിബിന്റെ നിര്യാനാനന്തരം ‘അൽ മുഅല്ലിം’ മാസികയുടെ പബ്ലിഷറായി ചുമതലയേൽക്കുകയും പ്രസാധന മേഖലയിലെ തൻ്റെ പ്രാവീണ്യം തെളിയിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്‌തു. ‘കുരുന്നുകൾ’ ബാല മാസികയുടെയും പ്രസാധനം ഈ കാലയളവിൽ ഉസ്‌താദിൻ്റെ ഉത്തരവാദിത്തമായി മാറി. കുരുന്നുകളെ മദ്രസ വിദ്യാർത്ഥികൾക്കിടയിലും പൊതുരംഗത്തും സജീവമാക്കുന്നതിൽ പിന്നീട് മഹാനവർകൾ സ്‌തുത്യർഹമായ സേവനം ചെയ്തു. അക്ഷര ലോകത്ത് നിസാമി ഉസ്‌താദിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
പെൺകുട്ടികൾക്ക് വേണ്ടി ഒരു സ്ഥാപനം വേണമെന്നാഗ്രഹത്തിൽ പൂവണിഞ്ഞ ചെമ്മാട് ഫാത്തിമത്തുസ്സഹ്റ അറബിക് കോളേജ് ഇന്നും സ്ത്രീ വിദ്യാഭ്യാസ പുരോഗമന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിലകൊള്ളുന്നു. മരണംവരെ പ്രസ്തുത സ്ഥാപനത്തിന്റെ്റെ സെക്രട്ടറിയായി മഹാനവർകൾ കർമ്മനിരതനായി. സുന്നി പബ്ലിക്കേഷൻ സെൻ്റർ മാനേജർ, ഫാത്തിമ സഹ്റ അറബിക് കോളേജ് പ്രിൻസിപ്പൽ, ചെമ്മാട് മജ്ലിസുദ്ദഅവത്തിൽ ഇസ്ലാമിയ്യ മാനേജർ, എസ്.കെ.ഐ.എം.വി.ബി മെമ്പർ, ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി പ്രവർത്തകസമിതി അംഗം, ക്രസന്റ് ബോർഡിങ് മദ്രസ സമിതി അംഗം തുടങ്ങി അനവധി നിരവധി സ്ഥാനങ്ങൾ വഹിച്ച് സാമൂഹ്യ സേവനരംഗത്ത് വാർദ്ധക്യസഹജമായ പരാധീനതകൾക്കോ ജരനരാദികൾക്കോ ഇടം നൽകാതെ ശോഭിച്ചു നിന്നു.
യുവത്വം സ്ഫുരിക്കുന്ന ചടുലതയും കർമ്മകുശലതയും പ്രസ്‌തുത ഉത്തരവാദിത്വങ്ങൾ അതിമനോഹരമായി പൂർത്തിയാക്കാൻ അദ്ദേഹത്തെ സഹായിച്ചു. തളർച്ച ബാധിക്കാത്ത പ്രവർത്തന മികവും അത്യുഗ്ര വാഗ്മയ സിദ്ധിയും അദ്ദേഹത്തിൽ സമ്മേളിച്ചപ്പോൾ പ്രസംഗിക്കാൻ കുറച്ചുപേർ പ്രവർത്തിക്കാൻ കുറച്ചുപേർ എന്ന രൂപത്തിലുണ്ടായ സാമാന്യ സമവാക്യങ്ങൾക്ക് അദ്ദേഹം ജീവിതം കൊണ്ട് ബദലായി. പരിശുദ്ധമായ ഹജ്ജ് കർമ്മത്തിനായുള്ള പടച്ചവൻ്റെ വിളിക്ക് ഉത്തരം നൽകാൻ മഹാനവർകൾക്ക് ഭാഗ്യം ലഭിച്ചത് 10 തവണയാണ്. പഠനാർഹമായി ഹജ്ജ് ക്ലാസ് നടത്തുവാനും ഹൃദയസ്‌പർശിയായി ആത്മീയ സദസ്സുകൾ കൈകാര്യം ചെയ്യുവാനും മഹാനുഭാവന് സാധ്യമായിരുന്നു. മിഫ്‌താഹുൽ അറബിയ്യ എന്ന ഗ്രന്ഥത്തിന് ഈ കാലയളവിൽ നിറമേകുകയും ചെയ്‌തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറവിയെടുത്ത് മാസങ്ങൾക്കകം പുതിയ ഹിജറാബ്ദ പുലരിയിൽ മൗലാന അബൂബക്കർ നിസാമി ഇഹലോകവാസം വെടിയുമ്പോൾ ഒരു പുരുഷായുസ്സ് കൊണ്ട് കയ്യൊപ്പ് ചാർത്തിയത് അഖില നിഖില മേഖലകളിലായിരുന്നു. സംഘടന രംഗത്ത്, അക്ഷര ലോകത്ത്, പ്രഭാഷണ ഗോദയിൽ, നേതൃരംഗത്ത് എന്ന് തുടങ്ങി ഒട്ടനവധി മേഖലകളിൽ ഇടപെടലുകൾ നടത്തുകയും തന്റെ പ്രാവീണ്യം തെളിയിക്കുകയും ചെയ്‌തു. മഹാനുഭാവൻ മണ്മറഞ്ഞ് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോൾ സമസ്‌ത അതിൻ്റെ നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ പടിക്കലെത്തി നിൽക്കുകയാണ്. സമസ്‌തയുടെ വിദ്യാഭ്യാസ വസന്തത്തിന് വളക്കൂറുള്ള മണ്ണ് കണ്ടെത്തിയത്, അതിന് വിത്തിട്ടത് മൗലാന അബൂബക്കർ നിസാമി ഉസ്താദാണെന്നത് ഇന്ന് വിദ്യാഭ്യാസ മേഖല പുഷ്പിച്ചു പന്തലിച്ച് നിത്യ സുഗന്ധം പരത്തുന്ന പൂവാടിയാകുമ്പോൾ സ്‌മരണീയമാണ്. മഹാനവർകൾ അതിൻ്റെ പരിമളം സ്വർഗീയാരാമത്തിൽ അനുഭവിക്കുന്നുണ്ടാവാം.
നാഥൻ അവരോടൊപ്പം നമ്മെ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ, ആമീൻ.
