” Be Positive ” അത്ര പോസിറ്റീവല്ല !

‘Be happy’ ‘Stay positive’ എന്നിങ്ങനെ  ഉത്തേജക വാക്യങ്ങളുടെ അതിപ്രസരം പലപ്പോഴും അരോചകമായി തുടങ്ങിയിട്ടുണ്ട്. തത്വവും പ്രായോഗികതയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ സജീവമാവുമ്പോൾ ഇവയെല്ലാം കേവലവാചോടോപങ്ങളായി പരിണമിക്കുന്നു.

എങ്ങനെ ജീവിക്കാം എന്ന മനുഷ്യന്റെ ആത്യന്തികമായ ചോദ്യത്തിന് അവനോളം തന്നെ പഴക്കമുണ്ട്. മതങ്ങളും തത്വശാസ്ത്രങ്ങളും പൂർവ്വകാലങ്ങളിൽ ഈ ചോദ്യത്തിന് മറുപടി നൽകിവന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ഈ ചോദ്യത്തിന് ജനങ്ങൾ ആശ്രയിക്കുന്നത് സൈക്കോളജിയെയാണ്. ഡിജിറ്റൽ ഇറ പുസ്തക ലോകത്ത് പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു എന്ന് നാം വിശ്വസിക്കുമ്പോഴും സെൽഫ് ഹെല്പ് പുസ്തകങ്ങളുടെ അമിത സ്വീകാര്യത മാറ്റങ്ങൾക്ക് വിധേയമാകാത്തത് അത്ഭുതമാണ്. ജീവിതത്തിലെ സന്നിഗ്ദ ഘട്ടങ്ങളിൽ  ചിലവു കുറഞ്ഞ ഒരു ഗൈഡ് ആയി സെൽഫ് ഹെൽപ്പ് പുസ്തകങ്ങളെ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു.

പുസ്തക വിപണിയിലെ ഗോൾഡ് മൈൻ എന്നാണ് ഈ വിഭാഗത്തെ വിലയിരുത്തപ്പെടുന്നത്. 563 മില്യൺ ഡോളറാണ് അമേരിക്കൻ ജനത ഇതിന് വേണ്ടി ചെലവാക്കുന്നത്. കോവിഡ് പ്രതിസന്ധി പുസ്തക വിപണി ഒട്ടാകെ പ്രതിസന്ധിയിലാക്കിയപ്പോഴും സെൽഫ് ഹെൽപ്പുകളുടെ വിപണി ഇന്ത്യയിലും സജീവമാണ്.ഏകദേശം 180 കോടിയുടെ വില്പനയാണ് 2015  ൽ നടന്നതെന്ന് കണക്കുകൾ പറയുന്നു.ആമസോൺ മാത്രം 95 ലക്ഷം രൂപയുടെ വില്പനയാണ് നടത്തുന്നത്. മാനസിക സംഘർഷങ്ങളെ പരസ്യപ്പെടുത്തുന്നതിലെ

വിമുഖതയാണ് ഇവിടെയും കാര്യമായി വർക്ക് ചെയ്യുന്നതെന്ന് പഠനങ്ങൾ പറയുന്നു. സാമൂഹിക പ്രതികരണം ഭയന്ന്  കൺസൾട്ടൻസിൽ നിന്നും അകലം പാലിക്കുന്ന മനുഷ്യർ അഭയം പ്രാപിക്കുന്നത് ഇത്തരം വായനകളെയാണ്. മനുഷ്യ ജീവിതത്തിന്റെ സ്വാഭാവികമായ നിസ്സഹായതയെയും അനിശ്ചിതത്വത്തെയുമാണ്  സൂക്ഷ്മമായി മാർക്കറ്റ് ചെയ്യപ്പെടുന്നത്.

അലക്സാണ്ടർ ചക്രവർത്തിയുടെ ഒരു കഥ പറയാറുണ്ട്. അദ്ദേഹത്തിന് മുമ്പിൽ വലിയ ഒരു വരം വാഗ്ദാനം ചെയ്യപ്പെട്ടു, അതിനു പകരമായി അദ്ദേഹം ചെയ്യേണ്ടത് വളരെ നിസ്സാരമായ ഒരു സംഗതിയും. മുതലയുടെ വലത് കണ്ണ് ഓർക്കാതിരിക്കുക എന്നതായിരുന്നു അത്. നിസ്സാരം എന്ന് തോന്നിയ സംഗതി ചെയ്യാൻ ചക്രവർത്തി നന്നേ പ്രയാസപ്പെട്ടു. നിരോധിത ചിന്തയോട് മനസ്സിന് ശക്തമായ പ്രേരണ ഉണ്ടാവും. സൈക്കോളജിയിൽ ഇതിന് White bear problem എന്ന് പറയുന്നു.

മനുഷ്യമനസ്സ് സങ്കീർണമാണ്, ഇത്തരം പുസ്തകങ്ങളോടുള്ള അപക്വമായ സമീപനം നിരർത്ഥകമായ ഫലമാണ് ഉണ്ടാക്കുക. പലപ്പോഴും എഴുത്തുകാർ പ്രബുദ്ധരോ ലൈഫ് ട്രെയിനർ എന്ന നിലയിൽ പ്രാഗല്ഭ്യം ഉള്ളവരോ ആവണമെന്നില്ല. മാത്രമല്ല, വിവിധ ജീവിത പശ്ചാത്തലങ്ങളുള്ള വായനക്കാരുടെ ആവശ്യങ്ങളും ആപേക്ഷികമായിരിക്കും. “One Size fits for all”ഒരേ അളവിലുള്ള വസ്ത്രം എല്ലാവർക്കും അപ്രാപ്യമാണല്ലോ. ആത്യന്തികമായ   പരിഹാരവും അന്യമാണ്, എല്ലാ മനുഷ്യർക്കും ശുഭാപ്തി വിശ്വാസത്തിൽ അടിസ്ഥാനമായ രീതി അവലംബിക്കൽ അനുചിതമാണ്. ചിലപ്പോൾ പ്രതിരോധാത്മക രീതി (defensive pessimism) അവലംബിക്കേണ്ടതായി വരും.രോഗത്തിന്റെ മർമ്മമറിഞ്ഞുള്ള ചികിത്സയാണല്ലോ അനിവാര്യം. അല്ലാത്തപക്ഷം ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാം.

വൈദ്യശാസ്ത്രത്തിലെന്ന പോലെ പുസ്തകങ്ങളിലും അപായങ്ങൾ പതിയിരിപ്പുണ്ട്. ഗൊയ്തേയുടെ  “Die Leiden des jungen Werther” (The Sorrows of Young Werther) എന്ന പുസ്തകത്തിൻറെ ഒരുപാട് വായനക്കാർ വെർതർ എന്ന കഥാ നായികയുടെ വേഷം അനുകരിച്ച് ആത്മഹത്യ ചെയ്യുകയുണ്ടായി. ആളെക്കൊല്ലികളായ പുസ്തകങ്ങളുമുണ്ടെന്നർത്ഥം! സെൽഫ് ഹെല്പ് വായനക്കാർക്കിടയിൽ നടന്ന ഗവേഷണങ്ങൾ മനഃശാസ്ത്രപരമായ പല യാഥാർത്ഥ്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നു.സൈക്കോളജിയിൽ NCBI (National centre for biotech information) സെൽഫ് ഹെൽപ് വായനക്കാരെയും അല്ലാത്തവരെയും തമ്മിൽ നടത്തിയ താരതമ്യപഠനത്തിൽ ആദ്യ വിഭാഗത്തിനിടയിൽ മറ്റുള്ളവരേക്കാൾ Stress ( Reactive salivary cortisol level ) കൂടുതലായി കണ്ടെത്തി.

Happiness paradox

തിരഞ്ഞെടുപ്പുകളുടെ ആധിക്യം ഉണ്ടാക്കിയിട്ടുള്ള അനിശ്ചിതത്വത്തെയും സമൂഹത്തിൽ നിലനിൽക്കുന്ന വിരോധാഭാസത്തെയും ബാരി ഷ്വാർട്ട്സ് അദ്ദേഹത്തിൻറെ Paradox of choice എന്ന ഗ്രന്ഥത്തിൽ ഒരു  ഉപഭോക്താവിന്റെ അനാലജിയിലൂടെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സർവ്വ വ്യവഹാരങ്ങളിലും ആധുനിക മനുഷ്യന് മുമ്പിൽ ചോയ്സുകൾ  പ്രഹേളികയായി മാറുന്നു. ഇത്തരം ചോയിസുകളോടുള്ള  സമീപനത്തെ ഷോട്ട്സ് മൂന്നായി തരംതിരിക്കുന്നു.

Satisficer (സാറ്റിസ്ഫൈസർ): “മതി” എന്ന് തോന്നുന്നത് തിരഞ്ഞെടുക്കുന്നയാൾ. ഇവർക്ക് സ്വന്തമായി നിലവാരങ്ങളുണ്ട്, അത് കണ്ടെത്തിയാൽ കൂടുതൽ അന്വേഷിക്കില്ല. Maximizer  എപ്പോഴും “ഏറ്റവും മികച്ചത്” മാത്രം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നയാൾ. എല്ലാ സാധ്യതകളും പരിശോധിക്കാൻ ഇവർ ധാരാളം സമയമെടുക്കും.

Perfectionist  ഉയർന്ന നിലവാരം ആഗ്രഹിക്കുന്നയാൾ, പക്ഷേ അത് പൂർണ്ണമായി നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കാത്തയാൾ. ചോയ്സുകൾ അധികരിക്കുന്നത് സന്തോഷത്തിന്റെ മാനദണ്ഡമായി കണക്കാക്കാൻ ആവില്ലെന്ന് അമേരിക്കൻ സമൂഹത്തെ ഉദാഹരിച്ചു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

സന്തോഷത്തിന്റെ മാനദണ്ഡങ്ങൾ ആപേക്ഷികമാണ്.പണം മനുഷ്യനെ സന്തോഷം നൽകുമോ എന്നത് തർക്കവിധേയമായ ചോദ്യമാണ്. ആത്യന്തികമായ സ്വാതന്ത്രത്തിന് മനുഷ്യന് സന്തോഷം നൽകാൻ കഴിയുമോ? വ്യക്തി സ്വാതന്ത്രിനും മാനദണ്ഡങ്ങൾ വേണമെന്നാണ് പ്രമുഖ തത്വചിന്തകൻ അമർത്യ സെൻ അഭിപ്രായപ്പെടുന്നത്. വ്യക്തിയെ പരിപോഷിപ്പിക്കുന്നതും ചലനാത്മകമാക്കുന്നതും സാമൂഹിക ഇടപെടലുകൾക്ക് തടസ്സം നിൽക്കാത്തതുമാവണം സ്വാതന്ത്ര്യം. എത്ര ആനന്ദദായകമായ വ്യവഹാരവും പുതുമ നഷ്ടപ്പെടുമ്പോൾ  അതിനെ അവമതിക്കുന്നതും മനസ്സിൻറെ പ്രത്യേകതയാണ് ( Hedonic treadmill).

അതുകൊണ്ടുതന്നെ, നൈമഷിക ആനന്ദങ്ങൾക്ക് ( Instant gratification ) പ്രാധാന്യം നൽകുന്നത് ഒട്ടും അഭികാമ്യമല്ല. പണം, അധികാരം എന്നിവയെക്കാൾ ബന്ധങ്ങൾ സന്തോഷത്തിനു നിദാനമാകുമെന്ന് ബാരി ഷ്വാർട്ടസ്വിലയിരുത്തുന്നു. ബന്ധങ്ങൾ മനുഷ്യൻ്റെ ശാരീരിക മാനസിക ആരോഗ്യത്തിന് അത്യന്തം പ്രധാനമാണെന്ന് Grand Study of Harvard ഉം പറയുന്നുണ്ട്. ചുരുക്കത്തിൽ സന്തോഷം പദാർത്ഥ മാത്രമായ സംഗതിയല്ല എന്ന് മനസ്സിലാക്കാം.

Toxic Positivity

എപ്പോഴും പോസിറ്റീവായി നിലകൊള്ളുക എന്നത് അസാധ്യമാണ് എന്നതിൽ തർക്കമില്ല.ശുഭാപ്തി വിശ്വാസത്തെ ആത്യന്തികമായി കാണുന്നതിനെ പല മനശാസ്ത്രജ്ഞന്മാരും പ്രശ്നവല്‍ക്കരിക്കുന്നുണ്ട്.

പെനിസിൽവാനിയൻ സൈക്കോളജിസ്റ്റായ Dr Jaime Zuckerman ജീവിത യാഥാർത്യങ്ങളെ അവഗണിച്ചു   (Avoiding mechanism) കൊണ്ടുള്ള ശുഭാപ്തിവിശ്വാസം ദുരിതത്തെ ഇരട്ടിയാക്കും എന്ന അഭിപ്രായക്കാരനാണ്. അനീതിയുടെയും അക്രമത്തിന്റെയും പശ്ചാത്തലങ്ങളിൽ ശുഭാപ്തി വിശ്വാസം മൂലമുണ്ടാകുന്ന നിശബ്ദത എത്ര ഭയാനകരമായിരിക്കും.പ്രശ്നങ്ങളെ അവഗണിക്കലല്ല മറിച്ച്, Integration of pleasant and unpleasant എന്ന നയമാണ് സ്വീകരിക്കേണ്ടത്.

References :

The paradox of choice, Bary shwarts

https://pmc.ncbi.nlm.nih.gov/articles/PMC4709678/

https://theprint.in/opinion/self-help-books-are-a-scam-its-time-to-break-free-from-their-illusion/2246928/

https://www.afr.com/life-and-luxury/health-and-wellness/do-self-help-books-really-help-20230929-p5e8pm

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading