മുസ്‌ലിം സ്ത്രീ എന്നത് ഒരു വലിയ ആഖ്യാനമാണ്. ഇസ്‌ലാം, സ്ത്രീ എന്നീ വാക്കുകളിൽ സങ്കീർണമായി നിലനിൽക്കുന്ന ഒരു സംജ്ഞയായി ഇതിനെ മനസ്സിലാക്കാം. വ്യത്യസ്ത ആശയധാരകളും അതിന്റെ വകഭേദങ്ങളും തങ്ങളുടെ മണ്ണിൽ വേരൂന്നുമ്പോഴും യൂറോപ്പിന്റെ കണ്ണുകൾ പൗരസ്ത്യ ദേശങ്ങളിൽ ചൂഴ്ന്നു കിടക്കുകയായിരുന്നു. അതിന്റെ ഒരു അനുരണനമായി കൊളോണിയലിസത്തെ മനസ്സിലാക്കാൻ സാധിക്കും. പടിഞ്ഞാറിന്റെ കിഴക്കിനെ കുറിച്ചുള്ള കാഴ്ചപ്പാടിനെ ഓറിയന്റലിസം എന്ന് വിളിക്കാം. ഓറിയന്റലിസം ഒരു മതകീയ കാഴ്ചപ്പാടിലൂടെയാണ് നീങ്ങിയിട്ടുള്ളത്. വിശിഷ്യാ ഇസ്‌ലാമിക പ്രമാണങ്ങൾ ചരിത്രത്തിന്റെ അവശേഷിപ്പുകൾ മാത്രമാണെന്ന ധാരണയാണ് പാശ്ചാത്യർ വെച്ചുപുലർത്തിയിട്ടുള്ളത്(1). മതങ്ങളെ ലിബറൽവത്കരിക്കരിക്കുക എന്ന തങ്ങളുടെ ആശയപ്രചാരണത്തിന് പൗരസ്ത്യ മേഖലകളെയാണ് അവർ തെരഞ്ഞെടുത്തത്. തദ്‌ഫലമായി സാമ്പ്രദായിക രീതികളെ അവജ്ഞയോടെ കാണുന്ന, ആധുനികതയിൽ പൂർണമായി അഭിരമിക്കുന്ന യൂറോപ്യൻ നിഴലുകൾ കോളനികളിൽ ഉണ്ടായിത്തീർന്നു. അതേസമയം മതകീയ പശ്ചാത്തലത്തിൽ ഉറച്ചുനിന്ന് ദൈവഭക്തിക്കും മതപാരമ്പര്യത്തിനും ഊന്നൽ നൽകി യൂറോപ്യൻ സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കുന്ന ഒരു വിഭാഗം എക്കാലത്തും ഇതിനെ പ്രതിരോധിച്ചു പോന്നു.
യൂറോപ് സൃഷ്ടിച്ചെടുത്ത മതവിരുദ്ധതയും മതേതരത്വവത്കരണവുമാണ് മുസ്‌ലിം സ്ത്രീയെ കേന്ദ്രബിന്ദുവാക്കിയുള്ള ചർച്ചകളുടെ മുഖ്യഹേതു. സ്ഥായിയായ മതമൂല്യങ്ങളോട് നിത്യമായി കലഹത്തിലേർപ്പെടുന്ന ഒരു സംസ്കാരത്തിലേക്ക് വെസ്റ്റ് മാറിയിട്ടുണ്ട്. മതമായത് കൊണ്ടും അതിന്റെ പ്രാചീനത കൊണ്ടുമാണ് പാശ്ചാത്യ ലോകത്ത് അത് വിമർശനവിധേയമാവുന്നത്. മതാശയങ്ങൾ പ്രാചീനമായത് കൊണ്ട് മാത്രം തള്ളപ്പെടുകയും പുതിയതാണ് എന്ന കാരണത്താൽ പുരോഗമനാശയങ്ങൾ നിരുപാധികം സ്വീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നു. ഒരു മതത്തിന്റെ ആശയങ്ങൾ പ്രസ്തുത മതത്തിന് പുറത്തുള്ളവർ പറയുമ്പോഴോ അകത്തുള്ളവർ പാരമ്പര്യ വിരുദ്ധമായി അവതരിപ്പിക്കുമ്പോഴോ മാത്രം സ്വീകാര്യമാകുന്ന ഓറിയന്റലിസ്റ് രീതിശാസ്ത്രം മതം ചരിത്രത്തിന്റെ അവശിഷ്ടം മാത്രമാണെന്ന തോന്നൽ സൃഷ്ടിക്കാനുള്ളതായിരുന്നു. അതിന്റെ ഭാഗമെന്നോണം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മതത്തിലേക്ക് ചാർത്തിക്കൊടുക്കുന്നു. മതവക്താക്കളിൽ ചിലർ അന്ധവിശ്വാസങ്ങളെ ഒരു വാണിജ്യോപകരണമായി ഉപയോഗിക്കുന്നത് പോലെ സ്ത്രീവിമോചനം പടിഞ്ഞാറിനും ഒരു ഒരു ഉപകരണം മാത്രമാണ്.
ആധുനിക കമ്പോളത്തിൽ സ്ത്രീ പാശ്ചാത്യരുടെ സൗന്ദര്യ-സാംസ്‌കാരിക സങ്കല്പങ്ങളെ അനുകരിപ്പിക്കാനും അനുകരിക്കാനുമുള്ള ഒരു കമ്മോഡിറ്റിയായി മാറുന്നു. സാംസ്കാരിക സാമ്രാജ്യത്വം എന്ന് ഇതിനെ വിളിക്കാം. നഗ്നതയും വെളുത്ത ശരീരവും മൂല്യമുള്ള വില്പനച്ചരക്കായി പരിഗണിക്കപ്പെടുന്നിടത്ത് ദൃഷ്ടി പതിയുക എന്നതിന് ഒരു അധികാര സ്വഭാവം കൂടി കൈവരുന്നു. ഈ സാഹചര്യത്തിൽ ശരീര പ്രദർശനത്തിന് വിലങ്ങിടുന്ന ഹിജാബ് ഒരു പീഡനോപകരണമായി ചിത്രീകരിക്കപ്പെടുന്നത് സ്വാഭാവിക പ്രതിഭാസമാണ്(2). മാധ്യമങ്ങൾ ഇത്തരം പ്രചാരണങ്ങളിൽ തങ്ങളുടേതായ ഭാഗദേയം എക്കാലത്തും നിർവഹിച്ചിട്ടുണ്ട്. മുസ്‌ലിം സ്ത്രീ, ഹിജാബ് തുടങ്ങിയ തലക്കെട്ടുകൾ സെൻസേഷണൽ ആവാനുള്ള കാരണവും അത് തന്നെയാണ്. ഈ മാർക്കറ്റിങ് അതോറിറ്റിക്ക് കീഴ്പ്പെട്ട് വിവസ്ത്രരാവുന്നവർക്കിടയിൽ ആ അധികാര വ്യവസ്ഥയെ തകിടം മറിക്കുകയാണ് യഥാർത്ഥത്തിൽ ഹിജാബ് ചെയ്യുന്നത്. അഥവാ ഇസ്‌ലാം നിഷ്കർഷിക്കുന്നു എന്നതിന് പുറമെ ആധുനികവത്കരണത്തിനെതിരെയുള്ള ശക്തമായ ഒരു പ്രതിരോധം എന്നത് കൂടി ഹിജാബ് സ്വീകരിക്കാൻ സ്ത്രീകളെ സജ്ജരാക്കുന്നു. സ്വമേധയാ ഉള്ള തിരഞ്ഞെടുപ്പ് അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പുതിയ പതിപ്പായി വേണം മനസ്സിലാക്കാൻ.(3)
പക്ഷെ പടിഞ്ഞാറിന് ഹിജാബ് അധിനിവേശം നടത്താനുള്ള ഒരു ടൂൾ മാത്രമാണ്. അഫ്‌ഗാനിസ്ഥാനിലേക്ക് സ്ത്രീ വിമോചനമെന്ന ലേബലിൽ കടന്നുകയറി അമേരിക്കൻ സൈന്യം അവിടെ എന്ത് വിമോചനമാണ് സാധ്യമാക്കിയത്? അഫ്ഗാൻ മണ്ണിൽ ഹിജാബിന്റെ മറവിൽ നടത്തിയത് അധിനിവേശകൊള്ളയല്ലാതെ മറ്റെന്താണ്? മുസ്‌ലിം സ്ത്രീജീവിതങ്ങളെ തങ്ങൾക്ക് കടന്ന് കയറാനുള്ള ഉപകരണമായി മാത്രമേ പടിഞ്ഞാറ് കാണുന്നുള്ളൂ.
മുസ്‌ലിം നാമധാരികളായ ഫെമിനിസ്റ്റുകളും മറിച്ചൊരു ആശയത്തിനല്ല ചൂട്ട് പിടിക്കുന്നത്. ഇസ്‌ലാമിക സംഹിതകളെ മുസ്‌ലിം ഐഡന്റിറ്റിയിൽ നിന്ന് കൊണ്ട് എതിർക്കുന്ന ഫെമിനിസ്റ്റുകളുടെ ‘പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിംസ്ത്രീ’ ആഖ്യാനങ്ങളും ഇത്തരം ആശയ പ്രചാരണ പുസ്തകങ്ങളും മാർക്കറ്റിംഗ് സ്ട്രാറ്റജി മാത്രമായി കരുതാനേ നിർവാഹമുള്ളൂ(4). അതൊരു മുസ്‌ലിം പ്രതിനിധാനം സൂക്ഷമമായി നിർവ്വഹിക്കുന്നില്ല. മുസ്‌ലിം സ്ത്രീ എന്ന വാക്കിന് പീഡിത എന്ന മാനം നൽകുന്ന കാലത്തോളം എഴുത്തുകാർക്കും ആക്ടിവിസ്റ്റുകൾക്കും ഇതൊരു മാർക്കറ്റിങ്/ബ്രാൻഡിംഗ് ടൂൾ മാത്രമായിരിക്കും. അത് വെസ്റ്റ് പറഞ്ഞു വെക്കുന്നതിന്റെ നേർപകർപ്പുമായിരിക്കും. ഇവരാരും തന്നെ മുഴുമുസ്‌ലിം സ്ത്രീകളുടെ പ്രതിനിധികളല്ല. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുമ്പോഴും മുസ്‌ലിം അസ്തിത്വത്തെ മുൻധാരണയോടെ മാത്രമായിരിക്കും ഇവർ സമീപിക്കുന്നത്. ആ മുൻധാരണ യാഥാർഥ്യവുമായി ബന്ധമുള്ളതാവാൻ നേരിയ സാധ്യത പോലും ഇല്ല. കാരണം ആ രീതിശാസ്ത്രം ഒബ്ജക്റ്റീവ് അല്ല. സ്ത്രീ അനുഭവങ്ങളെ മനസ്സിലാക്കിയും അവരോട് കാര്യങ്ങൾ നേരിട്ടറിഞ്ഞും മുസ്‌ലിം പരിസരങ്ങളുടെ തനതായ രൂപം പ്രതിപാദിക്കുന്നവരുമുണ്ട്, അവരെ തള്ളിക്കളയുന്നില്ല(5). ഇവിടെ പ്രശ്നവത്കരിക്കപ്പെടുന്നത് നേരത്തെ തയ്യാറാക്കിവച്ച കൺക്ലൂഷൻ സാധൂകരിക്കാൻ ശ്രമിക്കുന്ന രീതിശാസ്ത്രമാണ്.
ഇസ്‌ലാമിക ആശയസംഹിതയെ കാലങ്ങളായി വെസ്റ്റ് തങ്ങളുടെ ഇരയായാണ് കണ്ടുപോരുന്നത്. പരസ്പര ബന്ധിതമായ ഒരു ആശയത്തിൽ അവർക്കാവശ്യമുള്ളത് മാത്രം തിരഞ്ഞെടുത്ത് വിമർശിക്കുന്നതാണ് ഇവരുടെ പൊതു രീതി. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തീർച്ചയായും തള്ളിക്കളയേണ്ടത് തന്നെയാണ്. എന്നാൽ സാമൂഹ്യസ്പര്ശിയായ വിവിധ മാനങ്ങളെ മനസ്സിലാക്കാൻ സാധിക്കാതിരിക്കുമ്പോഴാണ് പലപ്പോഴും ശരീഅത്ത് വിമർശിക്കപ്പെടുന്നത്. ശരീഅത്തിനെ ശരിയായി ഉൾക്കൊള്ളുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് ഒരു ഐഡിയൽ സൊസൈറ്റി രൂപപ്പെടുന്നത്. യഥാവിധി നടപ്പിൽ വരുത്തേണ്ട ശരീഅത്തിന് പകരം നാട്ടാചാരങ്ങൾക്കല്ല സ്ഥാനം നൽകേണ്ടത്. ഘടനാപരമായി തന്നെ വ്യത്യസ്തതകളുള്ള രണ്ട് അസ്തിത്വങ്ങളാണ് സ്ത്രീയും പുരുഷനും. സ്ത്രീപുരുഷ സമത്വമെന്ന ആശയം തികച്ചും അപ്രായോഗികവും ചൂഷണാത്മകവുമാണ്. എന്നാൽ അവരോട് ഇണങ്ങുന്ന നീതിപരമായ നിയമസംഹിതകളാണ് ഇസ്‌ലാം ആവിഷ്കരിക്കുന്നത്. ഈ യാഥാർത്ഥ്യത്തെ കണ്ണടച്ചിരുട്ടാക്കാൻ ശ്രമിക്കുന്ന യൂറോപ്യൻ സങ്കൽപ്പങ്ങളോട് യോജിക്കുക സാധ്യമല്ല. സ്ത്രീകൾക്ക് ശല്യമാവാതിരിക്കാനും സംരക്ഷണത്തിനുമായി തങ്ങളുടെ കണ്ണുകൾ അടയ്ക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും പുരുഷനെ ഏൽപ്പിക്കുന്നതും പുരുഷന്മാരുടെ വൈകാരികതയെ ഉണർത്താതിരിക്കാൻ സ്ത്രീകളോട് ശരീരം മറക്കാൻ ആവശ്യപ്പെടുന്നതും ഇത്തരം വൈവിധ്യങ്ങളെ നീതിപരമായി ഉൾക്കൊള്ളുന്നതിന്റെ ഭാഗമായാണ്. മാത്രമല്ല മുസ്ലിംകൾക്കിടയിൽ സാഹോദര്യം നിലനിൽക്കുന്നു എന്നതിന്റെ വിവക്ഷ വിശ്വാസി-വിശ്വാസിനികൾ അന്യോന്യം അവരുടെ വിശ്വാസം സംരക്ഷിക്കുക എന്ന് കൂടിയാണ്(6). ആ അർത്ഥത്തിലുള്ള ഒരു ആത്മീയ ഉത്തരവാദിത്വത്തിന്റെ സ്വാഭാവിക പൂർത്തീകരണമായി തന്നെ ഇസ്ലാമിലെ സ്ത്രീ പുരുഷ വ്യത്യസ്തതകളെ ഉൾക്കൊള്ളേണ്ടതുണ്ട്. സ്ത്രീകളോടുള്ള സമീപന രീതികളിൽ പുരുഷനോടും മതം നിയന്ത്രണം കൽപ്പിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ഏകപക്ഷീയമല്ലെന്ന് സാരം. ദൈവസാമീപ്യം പരസഹായം തുടങ്ങിയ കാര്യങ്ങളിൽ എല്ലാവരും തുല്യരാണ്. മതസംഹിത മനുഷ്യർക്ക് നൽകുന്നത് വിമോചനവും പരിശുദ്ധിയുമാണ്. അത് മനുഷ്യജീവിതത്തിന്റെ നാനാ തലങ്ങളെയും സ്പർശിക്കുന്നു. ബഹുതല സ്പർശിയായ മതം യഥാർത്ഥത്തിൽ മനുഷ്യ പുരോഗതിയുടെ അടിസ്ഥാനമായി വർത്തിക്കുന്നു.
പക്ഷേ മത പരിസരം മാത്രം ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ട്. മാധ്യമങ്ങൾ മതത്തെ കേന്ദ്രീകരിച്ചുള്ള വാർത്തകൾക്ക് അമിത പ്രാധാന്യം നൽകുന്നു. മതം നിർണയിച്ച സുന്ദരവും സുരക്ഷിതവുമായ അതിർവരമ്പുകളെ പുരുഷാധിപത്യത്തിന്റെ തിട്ടൂരങ്ങളായി അവർ വ്യാഖ്യാനിക്കുന്നു. ഇസ്‌ലാമോഫോബിയയുടെയും മതവിരുദ്ധ വികാരത്തിന്റെയും അനന്തര ഫലമാണിത്. നിഷ്കപടമായ സ്ത്രീവിമോചനമാണ് ലക്ഷ്യമെങ്കിൽ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മറവിൽ അമേരിക്ക അഫ്ഗാനിൽ അധിനിവേശം നടത്തുമ്പോഴും, ഇറാഖിൽ ബോംബ് വർഷിക്കുമ്പോഴും, ഇസ്രായേൽ പട്ടാളം അമേരിക്കയുടെ സഹായത്തോടെ പലസ്തീനിലെ എണ്ണമറ്റ കുട്ടികളെയും സ്ത്രീകളെയും അതിക്രൂരമായി കൊന്നൊടുക്കുമ്പോഴും അന്തർദേശീയ സംഘടനകൾക്കും മാധ്യമങ്ങൾക്കും അത് വാർത്തയാകാതിരിക്കുന്നത് എന്തുകൊണ്ടാണ്?
പാശ്ചാത്യർ സൃഷ്ടിക്കുന്ന പുകമറകൾക്കപ്പുറത്ത് സംഭവിക്കുന്ന ചില യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടക്കുന്നതും അഭിലഷണീയമല്ല. സ്ത്രീകളുടെ സാമൂഹിക പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താനുള്ള മാർഗങ്ങൾ ഇല്ലാതിരിക്കുന്നതും പ്രശ്‌നവൽകരിക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെ പരിധിയും പരിമിതിയും പരിഹാരങ്ങളും അവകാശങ്ങളും ചോദിച്ചറിയാനുള്ള ഇടങ്ങളെ യാഥാസ്ഥിതിക പരിസരം തടഞ്ഞു വെക്കുന്നത് അപകടകരമാണ്. മതകീയ വിഷയങ്ങളെ സങ്കീർണമായി അവതരിപ്പിക്കുന്നത് പൊരുളറിഞ്ഞ് മതം സ്വീകരിക്കുന്നതിലേക്ക് നയിക്കണമെന്നില്ല. മതപഠനവും ശരീഅത്ത് സംബന്ധിയായ വിവരങ്ങളും ഏതെങ്കിലും വരേണ്യ വിഭാഗത്തിന് മാത്രമായോ മറ്റേതെങ്കിലും പ്രത്യേക വേഷധാരികളിൽ മാത്രമായോ ചുരുങ്ങേണ്ടതുമല്ല. മതം മുന്നോട്ടുവെക്കുന്നത് ഒരു കുത്തഴിഞ്ഞ ജീവിതമല്ല – സർവതല സ്പർശിയായ ജീവിത ഘടനയാണ്. അതിൽ സ്ത്രീ-പുരുഷ ഭേദമന്യേ സർവർക്കും പങ്കുണ്ട്. അവർ ഒരുമിച്ചു നിർമ്മിക്കുന്നതാണ് സമൂഹം. ഇന്ന് ഉൾക്കൊള്ളൽ മനോഭാവത്തെ ഉയർത്തിപ്പിടിച്ചു സംസാരിക്കുന്ന പുരോഗമന വാദികൾക്കിടയിൽ 1980കൾക്ക് മുൻപുള്ള കാലഘട്ടങ്ങളിൽ മതവിശ്വാസികളെയും-വേഷധാരികളെയും പുറന്തള്ളുന്ന പ്രവണതയായിരുന്നു നിലനിന്നിരുന്നത്. സ്ത്രീത്വം ചർച്ച ചെയ്യപ്പെടുന്ന ഇടങ്ങളിൽ ഹിജാബ് ധാരികൾ മാറ്റിനിർത്തപ്പെട്ടു. മതേതരത്വവൽക്കരണം എന്നാൽ മതത്തെ തന്നെ മാറ്റിനിർത്തൽ ആണ് എന്ന കാഴ്ചപ്പാട് യൂറോപ്പിൽ നിലനിന്നിരുന്നു, ചിലയിടങ്ങളിൽ ഇപ്പോഴുമതെ. പിൽക്കാലത്താണ് മതവുമായി സംവാദത്തിൽ ഏർപ്പെടാൻ അവർ തയാറാകുന്നതും വിശ്വാസികൾക്കും ഹിജാബ് ധാരികൾക്കും ഇത്തരം സംവാദങ്ങളിൽ ഒരിടം കണ്ടെത്താൻ സാധിക്കുന്നതും. അങ്ങനെ മതത്തെ കൂടി ഉൾക്കൊണ്ട ശേഷമാണ് സെക്യുലറൈസ്ഡ് ആയ ഫെമിനിസ്റ്റ് പരിസരങ്ങളിലേക്ക് ഇസ്‌ലാമിക് ഫെമിനിസവും ബിബിളിക്കൽ ഫെമിനിസവും കടന്നുവരുന്നത്(7). അതായത് ഇസ്‌ലാം എന്ന ആശയത്തെ സ്വമേധയാ തിരഞ്ഞെടുക്കുന്ന ഒരു വിഭാഗം യൂറോപ്പിലും യൂറോപ്പിന് പുറത്തും എക്കാലത്തും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ ചുറ്റുപാടുമുള്ള പ്രതിസന്ധികളുടെ ആഴം മനസ്സിലാക്കാനും മനസ്സിലാക്കി കൊടുക്കാനുള്ള ഇടങ്ങളെ സൃഷ്ടിക്കാൻ സാധിക്കുമ്പോഴാണ് സ്ത്രീ അവകാശങ്ങളെക്കുറിച്ചുള്ള ധാരണ അവർക്കും ഉണ്ടാകുന്നത്. ഒരു സാമൂഹ്യ നിർമ്മിതിയിൽ സ്ത്രീയും പുരുഷനും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ഇരുവരും ബോധവാന്മാരാവണം. സെക്യുലറിസം എന്നാൽ തുല്യതയും സ്ത്രീ സ്വാതന്ത്ര്യവും ആണെന്നും ഇസ്‌ലാം എന്നത് പാരതന്ത്ര്യം ആണെന്നുമുള്ള പൊതു ധാരണയെ മുതലെടുപ്പ് നടത്തിയാണ് പലരും മുസ്‌ലിംസ്ത്രീ എന്ന വാക്കിനെ ചൂഷണം ചെയ്തത്. അങ്ങനെ മുസ്‌ലിംസ്ത്രീ എന്നത് ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായി. പിന്നീട് അതിനെ ബ്രാൻഡ് ചെയ്യാനും മാർക്കറ്റ് ചെയ്യാനുമാണ് പല ഫെമിനിസ്റ്റുകളും മോഡേണിസ്റ്റുകളും ശ്രമിച്ചത്. പക്ഷേ അപ്പോഴും മതത്തിന്റെ വക്താക്കളായി നിന്ന് കൊണ്ടുതന്നെ ധാരാളം മുസ്ലിംസ്ത്രീകൾ രംഗത്ത് വന്നു. അവർ ആധുനികതക്കെതിരെ ആശയപരമായി പോരാടി. അവർക്ക് ഇസ്‌ലാം എന്നത് ആധുനികതയുടെ ചതിക്കുഴികൾക്കെതിരെയുള്ള ഒരു പ്രതിരോധം കൂടിയായിരുന്നു.
Reference:
Hadith Muhammad’s legacy in the medieval and modern world
മുസ്‌ലിം പെണ്ണും മുഖപടവും – കാതറിൻ ബുള്ളക്
ibid
മുസ്‌ലിം സ്ത്രീക്ക് രക്ഷകരെ ആവശ്യമുണ്ടോ? – ലൈല അബു ലുഗദ്
മുസ്‌ലിം പെണ്ണും മുഖപടവും – കാതറിൻ ബുള്ളക്
ibid
ഇസ്‌ലാമിക ഫെമിനിസം – ഉമ്മുൽ ഫായിസ
