വൈവിധ്യമാർന്ന സംസ്‌കാരങ്ങളെകൊണ്ടും വിപുലമായ സമുദ്രവ്യാപാര ശൃംഖലകളെകൊണ്ടും വിവിധ സമൂഹങ്ങൾ തമ്മിലുള്ള ഇടപെടലുകളാൽ സവിശേഷമായ ലോകമാണ് ഇന്ത്യൻ മഹാസമുദ്രവും അതിനോട് ചുറ്റപ്പെട്ട പ്രദേശങ്ങളും. ഇന്ത്യൻ മഹാസമുദ്ര പഠനം എന്ന വിശാലമായ പഠനശാഖയുടെ ഭാഗമായി “ചെറിയ മക്കകൾ ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രധാന ഇസ്‌ലാമിക കേന്ദ്ര പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ള പഠനമാണ് ഈ ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം ഇസ്‌ലാമിക കേന്ദ്രങ്ങൾ രൂപപ്പെടുന്നതിൽ ഇന്ത്യൻ മഹാസമുദ്രം വഹിച്ച പങ്ക് പ്രധാന പഠന വിഷയമാക്കേണ്ടതാണ്. ഇന്ത്യൻ മഹാസമുദ്ര പഠന ഗവേഷകനായ സെബാസ്റ്റ്യൻ ആർ പ്രാങ്കിന്റെ പഠനങ്ങളിൽ പൗരസ്ത്യ രാജ്യങ്ങളെയും തെക്കു കിഴക്കൻ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ വഹിച്ച പങ്ക് വിശദമാക്കുന്നുണ്ട്. പ്രത്യേകിച്ച് പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം ഇന്ത്യൻ മഹാ സമുദ്ര തീര പ്രദേശങ്ങളിൽ ഹദ്റമി സയ്യിദന്മാരുടെ പ്രധാന വൈജ്ഞാനിക കേന്ദ്രമായി പ്രവർത്തിച്ചിരുന്നത് മലബാർ ആണെന്ന് എങ്സെങ് ഹോയുടെ ഗവേഷണങ്ങളിൽ നിരീക്ഷിക്കുന്നു. ഇന്ത്യൻ മഹാസമുദ്രം വഴി ഇസ്ലാമിക നിയമങ്ങളുടെ വ്യാപനത്തെക്കുറിച്ച് പഠിച്ച മഹമൂദ് കൂരിയയുടെ നിരീക്ഷണത്തിൽ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രൂപപ്പെട്ട ഇസ്ലാമിക കേന്ദ്രങ്ങൾ ‘ചെറിയ മക്ക’ എന്നോ മക്കയെ ബന്ധപ്പെടുത്തികൊണ്ടുള്ള മറ്റൊരു പേരിലോ അറിയപ്പെടുന്നതായിട്ട് രേഖപ്പെടുത്തുന്നുണ്ട്. ഇത്തരം പ്രദേശങ്ങൾ ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിൽ മതപരവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ വികസനത്തിൽ ചെലുത്തുന്ന സ്വാധീനം അടുത്ത കാലങ്ങളിലായി വലിയ തോതിൽ തന്നെ അക്കാദമിക് തലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു.
ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ രൂപപ്പെട്ടു വന്ന ഇസ്ലാമിക കേന്ദ്രങ്ങളിൽ പ്രധാനമായും ‘ചെറിയ മക്ക’ എന്ന വിളിപേരിലറിയപ്പെട്ട മലബാറിലെ പൊന്നാനിയും, ‘മക്കയിലേക്കുള്ള കവാടം’ എന്ന വിളിപേരിലറിയപ്പെട്ട ഗുജറാത്തിലെ സൂറത്തും, ‘സെറാമ്പി മക്ക, മക്കയുടെ വരാന്ത’ എന്ന വിളിപ്പരിലറിയപ്പെട്ട ഇന്തോനേഷ്യയിലെ ആച്ചെ എന്നീ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തി യഥാർഥ മക്കയുമായുള്ള ബന്ധത്തിന്റെ താരതമ്യ വിശകലന പഠനമാണ് ഈ ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. മതപരവും സാംസ്കാരികവും വാണിജ്യപരവുമായ വിനിമയ കേന്ദ്രങ്ങൾ എന്ന നിലയിൽ ഈ നഗരങ്ങൾ വഹിച്ച പങ്കും ഈ ഗവേഷണം ചർച്ചചെയ്യാൻ ശ്രമിക്കുന്നു.
ഒരു കാലത്ത് അറേബ്യൻ ഉപദ്വീപിൽ മാത്രം ഒതുങ്ങിയിരുന്ന ഇസ്‌ലാം, വിവിധ സമുദായങ്ങളുടെ സ്വാധീനത്താൽ ലോകമെമ്പാടും വ്യാപിക്കുകയും, അതിനെ തുടർന്ന് ഇന്ത്യൻ മഹാസമുദ്രം വഴി യമനിൽ നിന്നോ മറ്റോ ഹദ്റമി സാദാത്തീങ്ങളിലൂടേയുമുള്ള ഇസ്ലാം മത പ്രചരണം മലബാർ ഉൾപ്പടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിലും മാലായി ദ്വീപുകളിലും എത്തുകയുണ്ടായി. ഇന്ത്യൻ മഹാസമുദ്രം വഴി ഇസ്ലാമിക പ്രചരണാർത്ഥമോ വ്യാപാരാർത്ഥമോ വരുന്ന പ്രബോധക സംഘങ്ങളോ കുടുംബങ്ങളോ കടലിനോട് ചേർന്നുള്ള തീര പ്രദേശങ്ങളിലായിരുന്നു അധികവും താമസിച്ചിരുന്നത്. ഇത്തരം സൂഫി പണ്ഡിതന്മാർ ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിൽ മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അതിലൂടെ പുതിയ ഇസ്ലാമിക കേന്ദ്രങ്ങളെ പടുത്തുയർത്തുകയോ, സ്ഥാപിതമായതോ നേരത്തെ നിലനിന്നതോ ആയ ഇസ്ലാമിക കേന്ദ്രങ്ങളെ വികസിപ്പിക്കുകയോ ചെയ്തു. ഇതുപോലെയുള്ള ഇസ്ലാമിക കേന്ദ്രങ്ങൾ രൂപപ്പെട്ടു വരുന്നതിൽ ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ഘടകങ്ങളും സ്വാധീനിക്കപ്പെട്ടിട്ടുള്ളതായി ഈ പഠനം നിരീക്ഷിക്കുന്നു.
മക്ക; മുസ്ലിം ലോകത്തിന്റെ പ്രഭവ കേന്ദ്രം
മുസ്ലിം മത സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന പ്രദേശവും പുണ്യ ഭൂമിയുമാണ് മക്ക. വാർഷിക ഹജ്ജ് തീർഥാടന കേന്ദ്രം എന്നതിലുപരി ഒരു സാങ്കൽപ്പിക മാതൃഭൂമിയും, വ്യാപാര വിനിമയങ്ങളുടെയും പണ്ഡിത ജ്ഞാന ഉൽപാദനത്തിന്റെയും മതകീയ ആശയധാരകളുടെയും വ്യത്യസ്ത ചിന്ത കൈമാറ്റത്തിന്റെ കേന്ദ്രം കൂടിയായി ചരിത്രത്തിൽ മക്ക പ്രധാന പങ്കു വഹിക്കുന്നു. “ഇത് നിർഭയത്വത്തിന്റെ നാടാണെന്ന” വിശുദ്ധമായ ഖുർആനിലെ വചന വ്യാഖ്യാനങ്ങളിൽ മക്കയെയാണ് ഉദ്ദേശ്യമെന്ന് പ്രധാന ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തുന്നു. ഇസ്ലാമിന്റെ ഉത്ഭവസ്ഥാനം എന്ന നിലക്ക് മക്കയെ ലോകത്തിന്റെ പ്രധാന കേന്ദ്രമായി ഇസ്ലാം മത വിശ്വാസികൾ കണക്കാക്കുന്നു. മക്കയെ കുറിച്ചുള്ള പഠനങ്ങളിൽ രാഷ്ട്രീയ വായനയും പ്രധാനമർഹിക്കുന്നുണ്ട്. മംലൂക്ക് ഭരണകാലഘട്ടത്തിലെയും ഓട്ടോമൻ ഭരണകാലഘട്ടത്തിലെയും ചരിത്ര സംഭവങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ മക്കയിലെ വൈജ്ഞാനിക മേഖലയിൽ ഉണ്ടായ ഊർജ്ജവും, രാഷ്ട്രീയ വികാസത്തിലൂടെ ആഗോളതലത്തിൽ ഉണ്ടാക്കിയ സ്വാധീനങ്ങളെയും വിലയിരുത്താൻ സാധ്യമാകും.
ആ കാലഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രം വഴി രൂപപ്പെട്ടുവന്ന ആത്മീയ വൈജ്ഞാനിക രാഷ്ട്രീയ ബന്ധങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരങ്ങളെ വൈജ്ഞാനികവും രാഷ്ട്രീയവുമായ കേന്ദ്രങ്ങളായി പരിവർത്തിക്കപ്പെടുന്നതിൽ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടോടുകൂടെയാണ് മക്ക ആഗോള ചരിത്രത്തിന്റെ ഭാഗമായി മാറുന്നത്. 1517-ൽ ഒട്ടോമൻ ഭരണകൂടം സുൽത്താൻ സലീമിന്റെ (Yavuz) നേതൃത്വത്തിൽ ഈജിപ്ത് കീഴടക്കിയതോടെ കൈറോയിൽ മംലൂക്ക് ഭരണകൂടത്തിന്റെ കീഴിൽ തടവിലാക്കപ്പെട്ട പണ്ഡിതന്മാരെയും ഗുമസ്തന്മാരെയും മോചിപ്പിക്കുകയും അന്നത്തെ ഓട്ടോമൻ ഭരണകൂടത്തിന്റെ ആസ്ഥാനമായ ഇസ്താംബൂളിലേക്ക് കൊണ്ടുപോയതായി മുഹമ്മദ് അനീസിന്റെ പഠനത്തിൽ വിസ്ത്തരിക്കുന്നുണ്ട്.
മംലൂക്കുകളുടെ കാലഘട്ടത്തിൽ ഒരുപാട് ഇസ്ലാമിക വിജ്ഞാന പാഠശാലകൾ (മദ്രസകൾ) നിർമ്മിക്കപ്പെട്ടിരുന്നതായി മധ്യകാലഘട്ടത്തിലെ മക്കയിലെ മദ്രസകളെ കുറിച്ച് പഠിച്ച റിച്ചാർഡ് ടി മോർട്ടർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ആധുനിക കാലഘട്ടത്തിൽ അതിന്റെ ശേഷിപ്പുകൾ പൂർണ്ണമായും നഷ്ടപ്പെട്ടതായി അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു. മംലൂക്കുകളുടെ കാലത്ത് ആഗോളതലത്തിൽ വൈജ്ഞാനികമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ മക്കക്ക് സാധിച്ചിരുന്നില്ല. കാരണം, ആഗോളതലത്തിൽ വൈജ്ഞാനികമായി കിടപിടിക്കുന്ന അൽ അസ്ഹർ പോലെയുള്ള ഒരുപാട് ഇസ്ലാമിക പാഠശാലകൾ ഈജിപ്തിൽ ഉണ്ടായിരുന്നു. എന്നാൽ, ഓട്ടോമൻ ഭരണകൂടം ഈജിപ്ത് പിടിച്ചെടുക്കുന്നതോടെ മക്ക രാഷ്ട്രീയപരമായും വൈജ്ഞാനികമായും ആഗോള ശ്രദ്ധ നേടിയതായി മഹ്മൂദ് കൂരിയ അദ്ദേഹത്തിന്റെ പഠനങ്ങളിൽ നിരീക്ഷിക്കുന്നു. ഓട്ടോമൻ ഭരണകാലത്ത് മുസ്‌ജിദുൽ ഹറമിൽ നാല് മദ്ഹബുകൾക്കും പ്രത്യേക ഭാഗങ്ങൾ ഒരുങ്ങിയിരുന്നതായി അലി സിബാഇയുടെ ‘മക്കാ ചരിത്രത്തിൽ’ വിസ്തരിക്കുന്നുണ്ട്. അക്കാലത്ത് മക്കയിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മസ്ജിദുൽ ഹറം വിപുലീകരിക്കുന്നതിന് ഉണ്ടാക്കപ്പെട്ട പ്ലാനിന്റെ പെയിന്റിംഗ് ചിത്രത്തിൽ നാല് മദ്ഹബുകളുടെയും സ്ഥാനങ്ങൾ അടയാളപ്പെടുത്തിയതായി ഗുയ് ബ്റാക്കിന്റെ ഇസ്താംബൂളും ഗുജറാത്തും തമ്മിലുള്ള ബന്ധത്തിന്റെ പഠനത്തിൽ വ്യക്തമാകുന്നുന്നുണ്ട്. ഇന്നത്തെ ആധുനിക രീതിയിൽ കാണുന്ന മക്കയുടെ അലങ്കാര രൂപം സമ്മാനിച്ചത് ഓട്ടോമൻ ഭരണകൂടമാണ്. ഓട്ടോമൻ ഭരണകൂടത്തിന്റെ അന്ത്യകാലത്ത് നഷ്ടപ്പെട്ടുപോയ ഹിജാസിൽ നിന്നും ശേഖരിക്കപ്പെട്ട ശേഷിപ്പുകളിൽ മക്കയുമായി ബന്ധപ്പെട്ട ഒരുപാട് ശേഖരങ്ങൾ ഇന്നും തുർക്കിയിലെ ടോപ് കാപ്പിയ പാലസിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
അറബികളുടെ സമുദ്രാധിപത്യം ക്ഷയിച്ചു തുടങ്ങിയതോടെ പോർച്ചുഗീസുകാരും ഡച്ചുകാരും വലിയൊരളവോളം ഇന്ത്യൻ മഹാ സമുദ്രമടക്കമുള്ള മേഖലയിൽ സമുദ്രാധിപത്യം നേടുകയുണ്ടായി. ചെങ്കടലിനോട് ചേർന്നുള്ള തുറമുഖമാണ് മക്കയിലെ ജിദ്ദാ തുറമുഖം. കച്ചവട ആവശ്യാർത്ഥം ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്നു വരുന്നവരുടെ പ്രധാന തുറമുഖം കൂടിയായിരുന്നു ജിദ്ദാ തുറമുഖം എന്ന് അമേരിക്കയിലെ ഓട്ടോമൻ ചരിത്ര ഗവേഷകൻ ബ്രൂസ് മാസ്റ്റേഴ്സ് തന്റെ പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു. 1541-ൽ പോർച്ചുഗീസുകാരുടെ ചെങ്കടലിലേക്കുള്ള കടന്നുകയറ്റത്തിനെ ചെറുക്കാൻ ജിദ്ദാ തുറമുഖത്ത് ജിഹാദിന് വേണ്ടി ഓട്ടോമൻ സൈനികരെ സജ്ജീകരിച്ചിരുന്നതായി അൽ സിബാഇ അടക്കമുള്ള ചരിത്ര നിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്രകാരം വൈജ്ഞാനികമായും ആത്മീയമായും രാഷ്ട്രീയപരമായും സാംസ്കാരികമായും പതിനാറാം നൂറ്റാണ്ടിൽ ഓട്ടോമൻ ഭരണകൂടത്തിന്റെ കീഴിൽ മക്ക വളർന്നുവന്നു. ആഗോളവത്കരണത്തിന്റെ ഭാഗമായി ലോകത്ത് പുതിയ നഗരങ്ങളും കെട്ടിടങ്ങളും വൈജ്ഞാനിക പാഠശാലകളും വളർന്നുവന്നതോടെ ഒരുപാട് ഇസ്ലാമിക കേന്ദ്രങ്ങൾക്ക് മൂല്യച്യുതി സംഭവിച്ചെങ്കിലും ആന്ത്രപ്പോളജിയിലെ പ്രശസ്ത നിരീക്ഷകനും ഗവേഷകനുമായ സമൂലി ശില്ക്കയുടെ പഠനങ്ങളിൽ മക്ക വലിയൊരളവോളം ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്തത്.
പതിനഞ്ചാം നൂറ്റാണ്ടോടു കൂടെ ഇന്ത്യൻ മഹാസമുദ്ര തീര പ്രദേശങ്ങളിലും മറ്റു പ്രധാന ചരിത്ര പ്രദേശങ്ങളിലും ധാരാളം മുസ്ലീം കേന്ദ്രങ്ങൾ ഉയർന്നുവന്നു. അതിൽ മക്ക കേന്ദ്രീകൃതമായി വിജ്ഞാന വിപ്ലവത്താൽ പ്രബുദ്ധമായതും ‘മിനി മക്ക’ അല്ലെങ്കിൽ ‘ചെറിയ മക്ക’ എന്ന പേരിൽ അറിയപ്പെടുന്നതോ ആയ നിരവധി കേന്ദ്രങ്ങൾ ലോകത്ത് പലയിടങ്ങളിലായി രൂപപ്പെട്ടു വരികയും ചെയ്തു. അവയിൽ ഇന്ത്യൻ മഹാസമുദ്ര തീരപ്രദേശങ്ങളിലെ ‘ ചെറിയ മക്ക’ എന്ന വിശേഷണങ്ങളും വിളിപ്പേരുകളും നൽകപ്പെട്ട പ്രധാന പ്രദേശങ്ങളെ കുറിച്ചുള്ള പഠനമാണ് ഇവിടെ പഠനവിധേയമാക്കുന്നത്. സെബാസ്റ്റ്യൻ ആർ പ്രാങ്ക് അഭിപ്രായപ്പെടുന്നത് പ്രകാരം മലബാർ പ്രദേശത്തുള്ള പൊന്നാനി നഗരം ‘ചെറിയ മക്ക’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന ആച്ചെ നഗരത്തെ “സെറാൻബി മക്ക/മെക്കയുടെ വരാന്ത” എന്നീ വിളിപ്പേരുകളിൽ അറിയപ്പെ ടുന്നതായി ഇന്തോനേഷ്യൻ ഗവേഷകൻ ഡേവിഡ് ക്ലൂസിന്റെ ആച്ചെ പ്രദേശത്തെ കുറിച്ചുള്ള പഠനത്തിൽ പ്രതിപാദിക്കുന്നതായിട്ട് കാണാം. ലൈഡൻ യൂണിവേഴ്സിറ്റി ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഉമർ റ്യാദിന്റെ പഠനത്തിൽ ഗുജറാത്തിലെ സൂറത്തിനെ ‘മക്കയുടെ കവാടം, പടിഞ്ഞാറിന്റെ കവാടം’ എന്ന വിശേഷണം ഉള്ളതായി അഭിപ്രായപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്ര ഗവേഷകനായ മഹ്മൂദ് കൂരിയയും തന്റെ ഗവേഷണത്തിൽ സൂറത്തിന് ഈ വിശേഷം നൽകിയതായും കാണാം.
ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിൽ രൂപപ്പെട്ടുവന്ന ഇത്തരം ഇസ്ലാമിക കേന്ദ്രങ്ങളിൽ വൈജ്ഞാനികമായി ശ്രദ്ധ കേന്ദ്രീകരിച്ച ഇടമാണ് പൊന്നാനിയും ആച്ചെ പ്രദേശവും. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറെ തീരത്ത് പ്രധാന തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ പ്രശസ്തി ആർജിച്ച പ്രദേശമാണ് സൂറത്ത് നഗരം. ഇത്തരം പ്രദേശങ്ങൾ ഈ പ്രത്യേകതയിൽ മാത്രം പരിമിതിപ്പെടുന്നില്ല. മറിച്ചു മക്കയെക്കുറിച്ചു സൂചിപ്പിച്ചതുപോലെ വൈജ്ഞാനികമായും സാംസ്കാരികമായും രാഷ്ട്രീയപരമായും സാമ്പത്തികപരമായും വലിയൊരളവിൽ ആഗോളതലത്തിൽ സ്വാധീനം ചെലുത്തിയതായി ഗവേഷകൻ നിരീക്ഷിക്കുന്നു. പലപ്പോഴും ഗുജറാത്തിലെ സൂറത്തിനെ കുറിച്ച് പറയുന്ന ചരിത്രങ്ങളിൽ വ്യാപാരങ്ങളാലും പ്രധാന തീർത്ഥാടനം എന്ന നിലക്കും അടയാളപ്പെടുത്തുമ്പോഴും ആഗോളതലത്തിൽ വൈജ്ഞാനികമായും രാഷ്ട്രീയപരമായും സൂറത്ത് നഗരം നൽകിയ സംഭാവനകളെ കുറിച്ച് ചർച്ച ചെയ്യുന്നത് പരിമിതിപ്പെടുന്നു.
പൊന്നാനി; മലബാറിലെ മക്കയും വൈജ്ഞാനിക വിപ്ലവവും
ഒരുകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറിവുതേടി എത്തിയിരുന്നവരുടെ കേന്ദ്രമായിരുന്നു പൊന്നാനി. മത വിജ്ഞാനത്തിൻ്റെ സകല ശാഖകളും നിറഞ്ഞൊഴുകുന്ന ഇടമെന്ന നിലയിൽ ലോകത്തിന്റെ വൈജ്ഞാനിക കേന്ദ്രമായി ഏറെക്കാലം പൊന്നാനി ശ്രദ്ധയാകർഷിക്കപ്പെട്ടതായി ചരിത്രകാരനായ ഹുസൈൻ രണ്ടത്താണിയുടെ പഠനങ്ങളിൽ കാണാം. മക്ക ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നതിൽ പ്രധാന പങ്ക് ചരിത്രത്തെ പ്രതീകവൽക്കരിക്കുന്ന മുസ്‌ജിദുൽ ഹറാം പള്ളി തന്നെയാണല്ലോ. അപ്രകാരം, പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി (ആ കാലത്തെ മലബാറിലെ അൽ അസ്ഹർ) തന്നെയായിരുന്നു ഇന്ത്യൻ മഹാസമുദ്ര തീരപ്രദേശങ്ങളിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചതിൽ പ്രധാന പങ്കുവഹിച്ചത്. പ്രത്യേകിച്ച് തെക്ക് കിഴക്ക് മുസ്ലിം സമൂഹത്തിന്റെ പ്രധാന വൈജ്ഞാനിക വിസരണ കേന്ദ്രമായും പൊന്നാനി ചരിത്രത്തിൽ വായിക്കപ്പെട്ടിട്ടുണ്ട്. അറിവിന്റെ കേന്ദ്രമെന്നതായിരുന്നു ഈ പള്ളിയെ സവിശേഷമാക്കിയത്. നമസ്കരിക്കാനുള്ള ഇടമെന്നതിന് അപ്പുറത്ത് മതവിജ്ഞാനങ്ങളുടെ സർവകലാശാലയെന്ന നിലയിലാണ് വലിയപള്ളിയെ ലോകം ഗണിച്ചത്. അതുകൊണ്ടുതന്നെ മലബാറിലെ ‘ചെറിയ മക്ക’ എന്ന വിശേഷണം പൊന്നാനി നഗരത്തിന് ലഭിക്കുകയുണ്ടായി.
ക്രിസ്തുവർഷം, 1519-ലാണ് പള്ളി പണിതതെന്നാണ് നിഗമനം. പോർച്ചുഗീസുകാരുമായി നടന്ന യുദ്ധത്തിന്റെ അനന്തരഫലമായി തകർന്നു പോയ പൊന്നാനി പള്ളിയെ പുനർനിർമാണം നടത്തി കൊണ്ടുവന്നത് 1520 ലാണെന്ന് മഹ്മൂദ് കൂരിയയുടെ പ്രീമോഡേൺ മലബാറി ഇൻസ്ക്രിപ്ഷനെ അടിസ്ഥാനപ്പെടുത്തിയുള്ള ലേഖനത്തിൽ അനുമാനിക്കുന്നു. സൈനുദ്ദീൻ ഇബ്നു അലി ഇബ്നു അഹ്‌മദ് മഅ്ബരി എന്ന സൈനുദ്ദീൻ മഖ്ദൂം ഒന്നാമനാണ് പള്ളിയുടെ സ്ഥാപകൻ. തിരുമനശ്ശേരി തമ്പുരാന്റെ സഹായത്തോടെ പൊന്നാനി വലിയ ജുമുഅത്ത് പള്ളി പണിത സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ പള്ളിയിൽ വിദ്യാഭ്യാസ പ്രക്രിയകൾക്ക് തുടക്കം കുറിച്ചു. വ്യവസ്ഥാപിതമായ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കമായിരുന്നു അത്. അൽ അസ്‌ഹർ പോലുള്ള വിദേശ ഇസ്ലാമിക സർവകലാശാലകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സിലബസുകൾ ഗുരുകുല സമ്പ്രദായവുമായി സംയോജിപ്പിച്ച് വാർത്തെടുത്ത പൊന്നാനിയിലെ ദർസ്, പഠന നിലവാരത്തിൽ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയും വലിയ തോതിൽ വിദേശ വിദ്യാർഥികൾ ജ്ഞാനം നുകരാനായി പൊന്നാനിയിലേക്ക് എത്തിക്കുകയുമുണ്ടായി. ഇന്തോനേഷ്യ, മലേഷ്യ, സിലോൺ, അറേബ്യ, ഈജിപ്ത്, സിറിയ, ബഗ്ദാദ്, യമൻ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ വിദ്യാർഥികൾ പൊന്നാനി ദർസിൽ പഠിതാക്കളായി ഉണ്ടായിരുന്നു. ഏകദേശം നാനൂറോളം വിദേശ വിദ്യാർഥികൾ ഇവിടെ താമസിച്ചു പഠിച്ചിരുന്നതായി പൊന്നാനി ക്ലാസിക്കൽ ഹിസ്റ്റോറിയൻ ടി.വി അബ്ദുറഹിമാൻ തന്റെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുന്നു.
പൊന്നാനിയിലെ ഇസ്ലാമിക വിജ്ഞാനങ്ങൾ നുകരുതുന്നതിനായി വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും ദ്വീപുകളിൽ നിന്നും ആളുകൾ മലബാറിൽ എത്തിയിരുന്നതായി ചരിത്രത്തിൽ കാണാൻ കഴിയും. ‘മലബാറിലെ ചെറിയ മക്ക’ എന്ന വിളിപ്പേര് നൽകപ്പെടുന്നതിന്റെ പ്രധാന കാരണമായി സെബാസ്റ്റ്യൻ ആർ പ്രാങ്ക്ന്റെ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത് ഇവിടെ നിലനിന്നിരുന്ന വിജ്ഞാനീയ പാഠശാല എന്ന നിലക്ക് തന്നെയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ മലായി ദ്വീപുകളിൽ നിന്നും പ്രത്യേകിച്ചും ജാവ, സുമാത്ര എന്നീ പ്രദേശങ്ങളിൽ നിന്നും മാലിദ്വീപ്, സിലോൺ (ശ്രീലങ്ക) എന്നീ പ്രദേശങ്ങളിൽ നിന്നുമുള്ളവർക്ക് പൊന്നാനിയോട് പ്രത്യേകമായ ആകർഷകത്വം ഉണ്ടായിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നു. മലബാറിലെ മുസ്ലിംകൾക്ക് വൈജ്ഞാനിക സാംസ്‌കാരിക ഭൂമികയിൽ ഇടം കൊടുത്തത് പൊന്നാനി മഖ്ദൂമികളുടെ കാലത്താണ്. രാഷ്ട്രീയ സാമ്പത്തിക രംഗത്തും മുസ്ലിം അസ്ഥിത്വം സ്ഥാപിച്ചെടുത്തത് ഈ കാലത്തു തന്നെ. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിയിൽ മഖ്ദൂമുകളുടെ പേനത്തുമ്പിലെ മഷിത്തുള്ളികളും മാപ്പിളപ്പോരാളികളുടെ ചോരത്തുള്ളികളും ഒരു പോലെ പങ്കുവഹിച്ചിട്ടുണ്ട്. പ്രധാനമായും സൂഫി സരണിയും, അവരുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഇടപെടലുകളുമാണ് ഇതുപോലുള്ള വൈജ്ഞാനിക മണ്ഡലത്തിനും, ‘മലബാറിലെ ചെറിയ മക്ക’ എന്ന വിളിപ്പേരിനും കാരണമായത്.
മക്കയുടെ കവാടം എന്നറിയപ്പെടുന്ന ഗുജറാത്തിലെ സൂറത്ത് പ്രദേശവും മലബാറിലെ പൊന്നാനിയും തമ്മിലുള്ള ബന്ധങ്ങളുടെ ഒരു പഠനം ഈ ഗവേഷണത്തിന്റെ ഭാഗമായി വരുന്നു. പ്രധാനമായും, ആത്മീയമായിട്ടുള്ള ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നതിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ഈ പ്രദേശങ്ങളുടെ കെട്ടുറപ്പിനും വളർച്ചയ്ക്കും പ്രധാന കാരണം എന്ന് ഈ പഠനത്തിലൂടെ അനുമാനിക്കുന്നു. പൊന്നാനിയെ സൂറത്തുമായി ബന്ധപ്പെടുത്തി പറയുന്നതിലെ പ്രധാന കണ്ണിയാണ് ഹദ്റമികളിൽ നിന്നുമുള്ള ഹൈദ്രൂസി സാദാത്ത് കുടുംബം. ആദ്യമായി സൂറത്തിലെത്തിയ ഇവരിൽ ചിലർ മലബാറിലെ കൊയിലാണ്ടിയിൽ വന്നതിന്റെ ചരിത്രം മോയിൻ മലയമ്മയുടെ അസ്ഹരി തങ്ങളെ (ഹൈദ്രോസി ഖബീലക്കാരിൽ പെട്ട പണ്ഡിതൻ) ബന്ധപ്പെട്ടെഴുതിയ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. തരീമിൽ നിന്നും നേരിട്ട് പൊന്നാനിയിലെത്തിയ ഹൈദ്രൂസി ഖബീലയും കൊയിലാണ്ടിയിലെ ഹൈദ്രൂസി ഖബീലയും തമ്മിൽ ആത്മീയമായ ശൈഖ് മുരീദ് ബന്ധങ്ങൾ സ്ഥാപിച്ചതായി അദ്ദേഹം രേഖപ്പെടുത്തുന്നു. ഇതിലൂടെ ആത്മീയപരമായുള്ള ബന്ധം ഗുജറാത്തിലെ സൂറത്തിനും മലബാറിലെ പൊന്നാനിക്കും ഉണ്ടായിരുന്നതായി ഗവേഷകൻ അനുമാനിക്കുന്നു. ഇത്തരം അനുമാനങ്ങളുടെ സാധ്യതയെ പരിശോധിക്കുക എന്നതിലപ്പുറം വെറും ആത്മീയപരമായി ഉള്ള സംഭാവനകളിൽ മാത്രം പരിമിതപ്പെടുത്താതെ രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക മേഖലയിലെ ഇടപെടലുകളെയും അന്വേഷിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന വെല്ലുവിളിയായിരുന്നു ഡച്ചുകാരുടെയും പോർച്ചുഗീസുകാരുടെയും ആധിപത്യം എന്ന് മുന്നേ സൂചിപ്പിച്ചു. ഇവരെ ചെറുത്തുനിൽക്കുന്നതിൽ രാഷ്ട്രീയപരമായി ഇത്തരം പ്രധാന പ്രദേശങ്ങൾക്കിടയിൽ ബന്ധം നിലനിന്നതായി ഗവേഷണത്തിൽ അനുമാനിക്കുന്നു.
സൂറത്ത്; മക്കയിലേക്കുള്ള കവാടം പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ ഗതാഗതത്തിന്റെ പ്രധാന സംഗമമായ സൂറത്ത് നഗരം തുറമുഖം കൊണ്ട് സമ്പന്നമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പടിഞ്ഞാറെ തീരത്ത് നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമെന്ന നിലയിൽ ‘മക്കയുടെ കവാടം’ എന്ന വിളിപ്പേരിൽ ഈ പ്രദേശം അറിയപ്പെടുന്നതായി ഉമർ റ്യാദിന്റെ പഠനത്തിൽ സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ ‘ പടിഞ്ഞാറിന്റെ കവാടം’ എന്ന വിളിപ്പേരും സൂറത്ത് എന്ന പ്രദേശത്തിനുണ്ട്.
പൊന്നാനിക്ക് വൈജ്ഞാനികമായ ‘മലബാറിലെ ചെറിയ മക്ക’ എന്ന വിശേഷണം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഈ വൈജ്ഞാനിക രംഗത്തുള്ള മറ്റുള്ള രാഷ്ട്രങ്ങളുടെ ആകർഷകത്വം കൊണ്ടുതന്നെയാണ് എന്ന് മുൻ കഴിഞ്ഞ ഭാഗത്ത് സൂചിപ്പിച്ചിരുന്നു. അപ്രകാരം തന്നെ ഗുജറാത്തിലെ മുഗൾ ഭരണത്തിന്റെ മധ്യകാലം തൊട്ട് സൂറത്ത് എന്ന പ്രദേശം ഇന്ത്യൻ മഹാസമുദ്രത്തിലെ മക്കയിലേക്കുള്ള വലിയ തീർത്ഥാടന കേന്ദ്രം എന്ന നിലയിൽ കണക്കാക്കുന്നതായി ആഷിൻ ദാസ് ഗുപ്ത ധാരാളം ഉദാഹരണങ്ങളും തെളിവുകളും ചരിത്ര പശ്ചാത്തലങ്ങളും അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്യുന്നുണ്ട്. 1670 കളിൽ സൂറത്ത് തുറമുഖമായി ബന്ധപ്പെട്ട രേഖകളിൽ കപ്പൽ ഉടമകളിൽ മുല്ല അബ്ദുൽ ഗഫൂർ എന്ന വ്യക്തിയെ സൂചിപ്പിക്കുന്നതായി ഇദ്ദേഹത്തിന്റെ പഠനത്തിൽ കാണാം. ആ കാലഘട്ടത്തിൽ മുഗൾ ഭരണത്തിന്റെ കീഴിലായിരുന്നു സൂറത്ത് തുറമുഖം(1574-1758). മുഗൾ ഭരണത്തിന്റെ കീഴിൽ ഉണ്ടായിരുന്ന കപ്പലുകളോട് കിടപിടിക്കുന്ന വലിയ കപ്പലുകളുടെ ഉടമയായിരുന്നു മുല്ല അബ്ദുൽ ഗഫൂർ. അദ്ദേഹം വെറുമൊരു വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ല തന്റെ കപ്പലുകൾ ഉപയോഗിച്ചിരുന്നത്. അതിലുമുപരി അദ്ദേഹം പ്രാധാന്യം കൽപ്പിച്ചിരുന്നതും ലക്ഷ്യം വെച്ചിരുന്നതും മക്കയിലേക്കുള്ള തീർത്ഥാടനം തന്നെയായിരുന്നു എന്ന് ഈ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. സാധാരണയായി അദ്ദേഹത്തിന്റെ അര ഡസൻ കപ്പലെങ്കിലും ഒരു സീസണിൽ ചെങ്കടലൻ തുറമുഖത്ത് തീർത്ഥാടനത്തിനു വേണ്ടി സന്ദർശിച്ചിരിക്കും. ഇതുപോലെ സ്വകാര്യ കപ്പലുകൾ മുഗൾ ഭരണകാലത്ത് സൂറത്തിൽ ജീവിച്ചിരുന്ന ആളുകൾക്കുണ്ടായിരുന്നു. പ്രത്യേകിച്ചു ഈ നഗരത്തെ കുറിച്ചുള്ള പഠനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് ഹദ്റമി സാദാത്തിങ്ങളെ കുറിച്ച് അറിയലാണ്. പ്രമുഖരായ ഹൈദ്രൂസി തങ്ങൾമാരുടെ ഭൗതിക ആത്മീയ വ്യവഹാരങ്ങളുടെ പ്രധാന വിസരണ കേന്ദ്രമായിരുന്നു ഇന്ത്യൻ മഹാസമുദ്ര തീരത്തെ സൂറത്ത് തുറമുഖം. ഹൈദ്രൂസി തങ്ങൾമാരുടെ സാന്നിധ്യം തെക്കൻ ഇന്ത്യയിലെ മലബാറിൽ കാണാൻ സാധ്യമാണ്. വെളിയംകോട് സൂറത്ത് തങ്ങന്മാരുടെ മഖ്ബറകൾ(‘ഫഖ്റുൽ വുജൂദ്’ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്), പൊന്നാനി ഹൈദ്രൂസി കുടുംബത്തിന്റെ വൈജ്ഞാനിക വ്യവഹാരങ്ങളുടെ സാന്നിധ്യം, പ്രധാനമായും കൊയിലാണ്ടിയിലെ ഹൈദ്രൂസി ഖബീലയിൽ നിന്നുമുള്ള വലിയ സീതി കോയ തങ്ങൾ (വഹ്ത്ത് ഖബീലയിലാണ് അറിയപെടുന്നത് ) ഇദ്ദേഹത്തിന്റെ ശൈഖുമാർ സൂറത്തിലെ ഹൈദ്രൂസി തങ്ങൾമാരാണെന്ന് ‘ ഒരു മലയാളി പണ്ഡിതന്റെ ദേശാന്തര പഠന സഞ്ചാരങ്ങൾ’ എന്ന പുസ്തകത്തിൽ പ്രാദേശിക ചരിത്രകാരൻ മോയിൻ മലയമ്മ വിസ്തരിക്കുന്നു. ഹൈദ്രൂസി സാദാത്തിങ്ങളുടെ പടിഞ്ഞാറെ ഇന്ത്യയിലേക്കുള്ള വരവിന്റെ പ്രധാന കവാടം ഗുജറാത്തിലെ സൂറത്ത് തുറമുഖമാണ്. അവിടെനിന്നാണ് മലബാറിലെ കൊയിലാണ്ടിയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും ഹൈദ്രൂസി സാദാത്തിങ്ങളിൽ നിന്നുള്ള ഒഴുക്ക് ഉണ്ടായത്. പൊന്നാനിയിലേക്ക് യമനിൽ നിന്നും നേരിട്ടാണ് ഹൈദ്രൂസി തങ്ങൾ കുടുംബം വരുന്നത്. അതിന് അടിസ്ഥാനമായി ഇവരുമായുള്ള അഗാധമായ ബന്ധമാണെന്ന് ചരിത്രത്തിൽ കാണാൻ കഴിയും. കേരളത്തിലെ ഹൈദ്രൂസി തങ്ങൾ കുടുംബത്തിന്റെ ചരിത്രമെഴുതിയ ഉനൈസ് തങ്ങൾ മേൽമുറിയുടെ പഠനങ്ങളിലും മോയിൻ മലയമ്മയുടെ പഠനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രധാന തീർത്ഥാടന കേന്ദ്രം എന്ന നിലക്ക് മാത്രം സൂറത്ത് നഗരം വായിക്കപ്പെടുമ്പോൾ അവരുടെ വൈജ്ഞാനികവും രാഷ്ട്രീയപരമായുമുള്ള സംഭാവനകളെക്കുറിച്ച് ചർച്ച ചെയ്യാറില്ല. ഹജ്ജ് തീർത്ഥാടനങ്ങൾക്ക്പുറമെ വൈജ്ഞാനികമായ പ്രസരണം ഗുജറാത്തിലെ സൂറത്തിൽ നിന്നും ഉണ്ടായതായി വളരെ ചുരുക്കം ചരിത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ ആച്ചെ (സെറാമ്പി മക്ക) പ്രവിശ്യയുമായി വൈജ്ഞാനികവും രാഷ്ട്രീയപരമായ ബന്ധമുള്ളതായി കാണാം. ഗുജറാത്തിൽ നിന്നുമുള്ള ശൈഖ് മുഹമ്മദ് ജീലാനി ഇന്തോനേഷ്യയിലെ ആച്ചെ നഗരത്തിൽ അറബി സാഹിത്യവും കർമശാസ്ത്രവും പഠിപ്പിക്കാൻ വന്നതായി അമീറുൽ ഹാദിയുടെ ആച്ചെ നഗരവുമായി ബന്ധപ്പെട്ട പഠനത്തിൽ രേഖപെടുത്തുന്നുണ്ട്.
അന്താരാഷ്ട്ര തലങ്ങളിൽ ഇടപെടുന്ന ധാരാളം പണ്ഡിതന്മാരുടെ പ്രധാന പ്രദേശം കൂടിയായിരുന്നു ഗുജറാത്തിലെ സൂറത്ത്. ഇന്തോനേഷ്യൻ പ്രദേശമായ സുമാത്രയിലെ ‘മക്കയുടെ വരാന്ത’ എന്നറിയപ്പെടുന്ന അച്ചെ നഗരം പതിനാറാം നൂറ്റാണ്ടിൽ തന്നെ ഗുജറാത്തിലെ സൂറത്ത് നഗരവുമായി ബന്ധം സ്ഥാപിച്ചതായി കാണാൻ കഴിയും. ആച്ചെ ഇസ്ലാമിക് ഭരണകൂടത്തിന്റെ സൈനികവ്യൂഹത്തിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉണ്ടായിരുന്നതായി അമീറുൽ ഹാദിയുടെ രേഖപ്പെടുത്തുന്നു. അതിൽ ഗുജറാത്തിൽ നിന്നുമുള്ള ആളുകളും ഉണ്ടായിരുന്നു. അതോടൊപ്പം യമനിലേക്കോ മറ്റോ അയക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങൾ വർഷത്തിൽ ഗുജറാത്തി കപ്പലുകളിലൂടെയാണ് അയക്കപ്പെടാറുള്ളത് എന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ഗവേഷണത്തിന്റെ ഈ വിഷയത്തിലുള്ള മറ്റൊരു പ്രധാനമായ കണ്ടത്തൽ ആച്ചെൻ ഇസ്ലാമിക് ഭരണകൂടത്തിൽ സ്ത്രീകളുടെ ഭരണാധികാരത്തിനുള്ള പങ്കുമായി ബന്ധപ്പെട്ട പ്രധാന സംവാദങ്ങളിലും ചർച്ചകളിലും ഏർപ്പെട്ടിരുന്നത് സൂറത്തിൽ നിന്നും ആച്ചെയിലേക്ക് വന്ന പണ്ഡിതന്മാരാണ്. പ്രത്യേകിച്ച് നൂറുദ്ധീൻ അൽ രാൻറി, അൽ സിങ്കിൽ, സയ്ഫ് അൽ റിജാൽ തുടങ്ങിയ പണ്ഡിതന്മാർ ഗുജറാത്തിൽ ജനിക്കുകയും പ്രാഥമിക പഠനത്തിന് ശേഷം മക്കയിലേക്ക് പോയി പഠനം നടത്തുകയും തിരിച്ച് മലായി ദ്വീപിലെ സുമത്രയിലെ ആച്ചെയിലേക്ക് വരികയും അവിടുത്തെ സുൽത്താനേറ്റിന്റെ ‘ശൈഖുൽ ഇസ്ലാം’ എന്ന പദവി അലങ്കരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് അമീറുൽ ഹാദിയുടെ പഠനത്തിൽ പീറ്റർ സൗർജിയുടെ പഠനത്തിൽ ഉദ്ധരിച്ചതായികൊണ്ട് രേഖപ്പെടുത്തുന്നു. ഇതേ ചർച്ച ഡേവിഡ് ക്ലൂസിന്റെ പഠനങ്ങളിലും കാണാൻ കഴിയും. ഇത് ഗവേഷകന്റെ പഠനത്തിലെ പ്രധാന വഴിത്തിരിവായി അനുമാനിക്കുന്നു.
ഈ ഗവേഷണ പഠനത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചത് മുഹ്‌യിദ്ദീൻ ലാറി (മരണം: ഹി. 933/1526-27) പേർഷ്യൻ ഭാഷയിൽ തയ്യാറാക്കിയ ഹജ്ജ് തീർത്ഥാടന കേന്ദ്രങ്ങളുടെ കാവ്യാത്മക വിവരണമായ ഫുതൂഹ് അൽ ഹറമയ്ൻ എന്ന ഗ്രന്ഥമാണ്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മക്കയിൽ വലിയ സ്വാധീനങ്ങൾ ചെലുത്തിയവരിൽ പെട്ടവരാണ് ഗുജറാത്തി സുൽത്താനേറ്റ്. 1391 മുതൽ 1583 വരെ പടിഞ്ഞാറൻ ഇന്ത്യയിലെ ഗുജറാത്തിലെ സുൽത്താൻമാരായിരുന്നു മുസഫരിദ് രാജവംശം, അഹമ്മദാബാദ് രാജവംശം എന്ന പേരിലും അറിയപ്പെടുന്നു. ഇവർ വലിയ തോതിൽ മക്കയിൽ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. എങ്കിലും, പിന്നീട് വന്ന മുകുളന്മാരെ പോലെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല. മക്കയിലെ ഇബ്നു ഫഹദ് എന്ന ചരിത്രകാരനും പേർഷ്യക്കാരനായ മുഹിയുദ്ദീൻ ലാറി എന്ന ചരിത്രകാരനും അവരുടെ ചരിത്രഗ്രന്ഥം ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറെ അറ്റത്തെ പ്രദേശമായ ഗുജറാത്തിലെ മുസാഫരിദ് ഭരണകൂടത്തിന്റെ ഭരണാധികാരിയായിരുന്ന മുസാഫർ ഷാ രണ്ടാമന് (ഭ.1511-1526) വേണ്ടി സമർപ്പിച്ചതായി ഗുയ് ബുറാഖിന്റെ പഠനത്തിൽ രേഖപ്പെടുത്തുന്നു. ഇതേ കാര്യം തന്നെ വെനേഷ്യ പോർട്ടർ തന്റെ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്.
യൂറോപ്യന്മാരുടെ പ്രധാന നിക്ഷേപം ഈ തുറമുഖത്തോട് ചേർന്നുള്ള പ്രദേശങ്ങളിലായിരുന്നു ഉണ്ടായിരുന്നത് എന്ന് ആഷിൻ ദാസ് ഗുപ്തയുടെ പഠനങ്ങളിൽ കാണാം. അപ്രകാരം തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും പ്രത്യേകിച്ചും ഡൽഹി, ബറൂച്ച്, അഹമ്മദാബാദ് മറ്റു അറിയപ്പെട്ട പ്രദേശങ്ങളടക്കം തങ്ങളുടെ ചരക്കുകൾ മറ്റു രാജ്യകാർക്ക് പ്രത്യേകിച്ചും യൂറോപ്പ്, തുർക്കി,യമൻ, പേർഷ്യ, അർമേനിയ തുടങ്ങിയ രാജ്യങ്ങൾക്ക് വിൽക്കുന്നതിന്റെ പ്രഭവ കേന്ദ്രമായിരുന്നു സൂറത്ത് എന്നതിനാൽ ‘പടിഞ്ഞാറിന്റെ കവാടം’ എന്ന വിളിപ്പേരും ഇതിനുണ്ട്. ഒരേസമയം പോർച്ചുഗീസുകാർക്കെതിരെ ചെറുത്തുനിന്ന പ്രദേശം കൂടിയാണ് സൂറത്തും പൊന്നാനിയും എന്നത് ഗവേഷണത്തിന്റെ പ്രധാന ബന്ധങ്ങളുടെ പഠനത്തിനെ സൂചിപ്പിക്കുന്നു.
ആച്ചെ നഗരവും സെറാമ്പി മക്കയും
പുരാതന കാലം മുതൽ അറേബ്യയിൽ നിന്നും പേർഷ്യയിൽ നിന്നുമുള്ള വ്യാപാരികൾ ഇന്തോനേഷ്യയുടെ വടക്കൻ ദ്വീപ സമൂഹങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നു, ഇസ്ലാം അതിന്റെ ആവിർഭാവ കാലഘട്ടത്തിൽ തന്നെ അവിടം പ്രവേശിച്ചിരിക്കണമെന്ന് അമീറുൽ ഹാദിയുടെ പഠനത്തിൽ നിരീക്ഷിക്കുന്നു. ഇന്തോനേഷ്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനത്തിൽ ഇന്ത്യൻ വ്യാപാരികളും സൂഫി പ്രബോധകരും പ്രധാന പങ്കുവഹിച്ചുവെന്ന് ഇദ്ദേഹത്തിന്റെ പഠനങ്ങൾ തന്നെ കാണാം.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇസ്ലാം വടക്കൻ സുമാത്രയിൽ എത്തി. ഷെയ്ഖ് അബ്ദുല്ല ആരിഫ് എന്ന അറേബ്യൻ പ്രബോധകനായിരുന്നു ആദ്യമായി എത്തിയതെന്ന് ഇസ്ലാമിക വിജ്ഞാനകോശത്തിൽ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഖലീഫ ഷെയ്ഖ് ബുർഹാനുദ്ദീൻ പടിഞ്ഞാറൻ സുമാത്രയിലും ദക്ഷിണ സുമാത്രയിലും ഇസ്ലാം പ്രചരിപ്പിച്ചു. പുതു മുസ്‌ലിംകൾക്ക് ഇസ്‌ലാമിക വിജ്ഞാനങ്ങൾ പകർന്നു നൽകുന്നതിനായി അദ്ദേഹം അവിടെ ഒരു വൈജ്ഞാനിക സംരംഭവും തുടങ്ങിവച്ചു . ഈ വൈജ്ഞാനിക സംരംഭത്തിൽ നിന്ന് പരിശീലനം നേടിയ നവ മുസ്ലീങ്ങളാണ് പിന്നീട് ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാം പ്രചരിപ്പിച്ചത്. അവരുടെ പ്രയത്നത്താൽ, ‘ആച്ചെ ‘ (ഇന്തോനേഷ്യയിലെ പ്രധാന പ്രവിശ്യ) പ്രദേശം ഇസ്ലാമിന്റെ സ്വാധീനത്തിൻ കീഴിലായി. ഈ പ്രദേശം ഇസ്ലാമിക ബൗദ്ധികവും ആത്മീയവുമായ വ്യവഹാരങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി മാറി . 1205-ൽ ഇവിടെ ഒരു മുസ്ലീം ഭരണം നിലവിൽ വന്നു. എഡി 1292-ൽ ഇറ്റാലിയൻ സഞ്ചാരിയായ മാർക്കോ പോളോ അച്ചെയുടെ നഗരങ്ങളിലൂടെ കടന്നുപോകുമ്പോൾ അവിടത്തെ ജനങ്ങൾ പൂർണമായും മുസ്ലീങ്ങളായി മാറിയിരുന്നു എന്ന് അഭിപ്രായപ്പെടുന്നു. പിന്നീട് ഇസ്ലാം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ തുടങ്ങി.
14 ആം നൂറ്റാണ്ടിൽ ജാവയിൽ ഇസ്ലാമിക അധ്യാപനം വ്യാപകമായി ആരംഭിച്ചു. ഗുജറാത്ത് സ്വദേശിയായ മാലിക് ഇബ്രാഹിം എന്ന പ്രബോധകനാണ് ഇതിന് തുടക്കമിട്ടത്. ഇതുപോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പടിഞ്ഞാറൻ തീരങ്ങളിൽ നിന്നും പ്രധാനമായും ഗുജറാത്തിലെ സൂറത്തിൽ നിന്നും മലബാറിലെ പൊന്നാനിയിൽ ധാരാളം പണ്ഡിതന്മാരുടെ ഒഴുക്ക് മക്ക വഴി ആച്ചെയിലേക്ക് വന്നതായി അമീറുൽ ഹാദിയുടെയും, ഡേവിഡ് ക്ലൂസിന്റെയും, മഹ്മൂദ് കൂരിയയുടെയും പഠനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതായി നേരത്തെ ഉദ്ധരിച്ചിരുന്നു.
ഹദ്റമി സാദാത്തി കുടുംബത്തിന്റെ വരവോടുകൂടെ ഇന്ത്യനേഷ്യ സാംസ്കാരികമായും ആത്മീയപരമായും രാഷ്ട്രീയപരമായും സാമ്പത്തികമായും ഒരുപാട് പുരോഗതി കൈവരിച്ചു. പ്രത്യേകിച്ച് മലബാറിലെ മാപ്പിളമാർക്ക് പൊന്നാനി എങ്ങനെയാണോ അങ്ങനെയായിരുന്നു ഇന്ത്യനേഷ്യയിലെ പ്രധാന ഇസ്ലാമിക സാംസ്കാരിക കേന്ദ്രമായിമാറിയ ആച്ചെ പ്രദേശം. ചരിത്രത്തിൽ ആച്ചെ പ്രദേശം ഇന്ത്യനേഷ്യൻ മുസ്ലിമുകളുടെ ചെറിയമക്ക, ‘സെറാമ്പി മക്ക’ എന്ന പേരിലൊക്കെ അറിയപ്പെടുന്നു. ഈ പേര് രൂപപ്പെടുന്നതിലെ അടിസ്ഥാന കാരണങ്ങളെയും ഇതുപോലെ അറിയപ്പെടുന്ന മറ്റു പ്രദേശങ്ങളുമായുള്ള പാരിസ്പര്യബന്ധങ്ങളെയും യഥാർത്ഥ മക്കയുമായുള്ള ബന്ധങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനമണി ഈ ഭാഗത്തും ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നത്. പ്രധാനമായും യമനിൽ നിന്നുമുള്ള ഹദ്റമി സാദാത്തിങ്ങളുടെ വരവോടുകൂടെ ശാഫി ചിന്താധാരകൾ മലായി ദ്വീപുകളിലും ഇന്തോനേഷ്യൻ ദ്വീപുകളിലും പ്രചാരം ലഭിച്ചതായി മഹ്മൂദ് കൂരിയയുടെ പഠനങ്ങളിൽ കാണാം. പ്രത്യേകിച്ചും, അദ്ദേഹം നിരീക്ഷിക്കുന്നത് ഇസ്ലാമിക നിയമങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടതായതുകൊണ്ട് തന്നെ നിരവധി ശാഫി സരണിയിലായി കൊണ്ടുള്ള അന്താരാഷ്ട്ര കർമശാസ്ത്ര ഗ്രന്ഥങ്ങൾ ആച്ചെ പ്രദേശത്ത് അവരുടേതായ ഭാഷയിൽ പരിഭാഷപ്പെടുത്തിയതായിട്ട് ചില അർകേവ്സുകളുടെ സഹായത്താൽ അദ്ദേഹം വിസ്തരിക്കുന്നുണ്ട്. പതിനാറും പതിനേയും നൂറ്റാണ്ടുകളിലാണ് ഇന്ത്യൻ മഹാസമുദ്രങ്ങളിൽ ശാഫി ചിന്താധാര വ്യാപിച്ചതെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രധാനമായും നേരത്തെ ഗുജറാത്തിലെ സൂറത്തും ആച്ചെയും തമ്മിലുള്ള വൈജ്ഞാനിക ആത്മീയ ബന്ധത്തിന്റെ പ്രധാന രേഖപ്പെടുത്തലുകളെ ഉദ്ധരിച്ചിരുന്നു. അതിൽ പ്രധാനിയായിരുന്ന നൂറുദ്ദീൻ അൽ റാനിറി യെ ഇദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ആച്ചെ പ്രദേശത്തെ ശാഫി ചിന്താധാരകൾക്ക് പ്രധാനമായ വേരോട്ടം ഉണ്ടായത് ഇദ്ദേഹത്തിന്റെ സംഭാവനകളിലൂടെ ആയിരുന്നു എന്ന് കാണാം. പ്രധാനമായും ഇദ്ദേഹത്തിന്റെ ശാഫി സരണിയിലുള്ള നിയമ ഗ്രന്ഥമായ ” സിറാത്വൽ മുസ്തഖീം”. അതിനപ്പുറം, അച്ചെനീസ് ഇസ്ലാമിക് ഭരണകൂടത്തിന്റെ സ്ത്രീ ഭരണ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനപ്പെട്ട ഫത്ത്വ ഇറക്കിയിരുന്നതും ഇദ്ദേഹമായിരുന്നു. ഈ ചർച്ച അമീറുൽ ഹാദിയുടെ പഠനത്തിൽ കാണാം. ഡേവിഡ് ക്ലൂസ് ഈ ചർച്ചയെ നിരീക്ഷിച്ചുകൊണ്ട് നൂറുദ്ദീൻ അൽ റാനിറി ആച്ചെ പ്രദേശം നിർബന്ധിതയാൽ വിട്ടുപോകേണ്ടി വന്നതിന്റെ കാരണത്തെയും അനുമാനിക്കുന്നു. അദ്ദേഹത്തിന്റെ സ്ത്രീ ഭരണപങ്കാളിത്തത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ഫത്വ ഇറങ്ങിയതിനു ശേഷം മക്കയിൽ നിന്നും മുഫ്ത്തിമാരുടെ നേതൃത്വത്തിൽ ഈ ഫത്തുവയ്ക്കെതിരെയുള്ള ഫത്വ പുറപ്പെടുവിച്ചുകൊണ്ട് ആച്ചെ യിലേക്ക് ഒരു കത്ത് അയച്ചിരുന്നതായി ഡേവിഡ് ക്ലൂസ് രേഖപ്പെടുത്തുന്നു. തുടർന്ന് അദ്ദേഹം ഇതൊരു പ്രാദേശിക ചൊല്ലിന്റെ ഭാഗമായി രേഖപ്പെടുത്തിയതും കൂടിയാണെന്നും പറഞ്ഞുവെക്കുന്നുണ്ട്.
കോഴിക്കോട് ഇടിയങ്ങരയിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയ സൂഫിവര്യനും സാദാത്തുമായ ശൈഖ് അലാവുദ്ദീൻ അബുൽ വഫ ഷംസുദ്ദീൻ മുഹമ്മദ് കാലിക്കുത്തി എന്നവർ ആച്ചെ പ്രദേശവുമായി അഗാധമായ ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് എന്ന് പി. പി മമ്മദ് കോയ പരിപ്പിൽ എന്നവരുടെ പഠനത്തിൽ രേഖപ്പെടുത്തുന്നു. ഹി.950 ലാണ് അദ്ദേഹം ഇന്തോനേഷ്യ സുമാത്ര ദ്വീപ സമൂഹത്തിന് സമീപത്തുള്ള ആച്ചെ എന്ന പ്രദേശത്തേക്ക് യാത്ര പോകുന്നത്. അതിലൂടെ ആച്ചെയിലെ സുൽത്താൻ അലാവുദ്ദീനുമായി ബന്ധം സ്ഥാപിക്കുകയും അവിടെ വളർന്നുവന്നിരുന്ന നക്ശബന്തി ത്വരീഖക്കത്തിന്റെ ശൈഖന്മാരുടെ മുരിദായി ജീവിക്കുകയും ചെയ്തു. പിന്നീട് തന്റെ ഗുരുവിനോട് കൂടെ മക്ക, മദീന,ഏഡൻ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചു യമനയിൽ എത്തിച്ചേരുകയും അവിടുന്ന് മലബാറിൽ നിന്നുമുള്ള കപ്പലിൽ കയറി കോഴിക്കോട്ട് എത്തുകയും ചെയ്തു. ഈ വിവരം അറിഞ്ഞ അന്നത്തെ പൊന്നാനി മഖ്ദൂം അബ്ദുൽ അസീസ് ശൈഖിനെ പൊന്നാനിയിലേക്ക് ക്ഷണിച്ചു വരുത്തി ഏറെക്കാലം താമസിപ്പിച്ചു. പൊന്നാനിയിലെ താമസക്കാലത്ത് ഹി.974 റംസാൻ മാസത്തിൽ പോർച്ചുഗീസ് പട്ടാളം ആക്രമണം നടത്തിയപ്പോൾ ആത്മീയ പരിവേഷം നൽകി ചെറുത്തുനിന്ന് വിജയിച്ചതിൽ ഷെയ്ഖിന് വലിയൊരു പങ്ക് തന്നെയുണ്ട്. അപ്രകാരം തന്നെ, യമനി സാധാത്തി പാരമ്പര്യമുള്ള മഷ്ഹൂർ ഖബീലയിൽ നിന്നുമുള്ള അബ്ദുൽ റഹ്മാൻ അൽ സാഹിർ (d.1832-1885) എന്ന സയ്യിദ് ആച്ചെ പ്രദേശത്ത് ഡച്ചുകാരുമായി ചെറുത്തുനിൽക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയതായി ജലീൽ പി.കെ.എം, മഹ്മൂദ് കൂരിയ എന്നിവരുടെ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പഠനം മലബാറിലെ കോഴിക്കോട് പ്രദേശത്തായിരുന്നു എന്ന് അതിൽ പ്രതിപാദിക്കുന്നു. ഇത് അദ്ദേഹത്തെ കുറിച്ചുള്ള ഗവേഷകന്റെ കൂടുതൽ പഠനത്തിലേക്കുള്ള വഴി തുറക്കുകയാണ്.
പൊന്നാനിയിലും, ഗുജറാത്തിലെ സൂറത്ത് നഗരത്തും വൈജ്ഞാനികമായ സംരംഭങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകിയ ഭരണകൂടങ്ങളെ പോലെ ആച്ചെ പ്രദേശത്തും വൈജ്ഞാനിക സംരംഭങ്ങൾക്ക് പ്രധാനമായും സംഭാവന അർപ്പിച്ചിരുന്നത് ആച്ചെനീസ് ഭരണകൂടം ആയിരുന്നു എന്ന് മഹ്മൂദ് കൂരിയ രേഖപ്പെടുത്തുന്നു. മക്കയിൽ നിന്നും പഠനം നടത്തി ആച്ചെ യിലേക്ക് വന്നു വൈജ്ഞാനിക വിപ്ലവങ്ങൾ കുറിച്ച നുറുദ്ദീൻ അൽ റാനിറിയെ പോലെ ധാരാളം പണ്ഡിതന്മാർ ഉണ്ടായിരുന്നു. മുഹമ്മദ് അർഷദ് അൽ ബജാരി, അൽ സിങ്കിൽ, സയ്ഫ് അൽ റിജാൽ തുടങ്ങിയവരുടെ വൈജ്ഞാനിക മേഖലയിലുള്ള സംഭാവനകളും അമീറുൽ ഹാദിയുടെയും, മഹ്മൂദ് കൂരിയയുടെ പഠനങ്ങളിൽ കാണാം. ഇസ്ലാമിക നിയമങ്ങളുടെ പ്രായോഗികത ജനങ്ങളെ ഉണർത്തുന്നതിനു വേണ്ടി ‘ഹദീസ് മാജ’ എന്ന പേരിൽ അവരുടെ ഭാഷയിൽ ഒരു തത്വചിന്ത ആച്ചെ പ്രദേശത്ത് രൂപപ്പെടുത്തിയതായി ഡേവിഡ് ക്ലൂസിന്റെ പഠനത്തിൽ രേഖപ്പെടുത്തുന്നു.
രാഷ്ട്രീയമായി, പതിനാറാം നൂറ്റാണ്ടിൽ പൊന്നാനി ഏതുതരത്തിൽ നേതൃത്വം വഹിച്ചിരുന്നോ, അപ്രകാരം തന്നെ 1873 മുതൽ ഒരുപാട് വർഷത്തോളം ഡച്ചുകാരോട് ചെറുത്തു നിന്നുകൊണ്ട് ജിഹാദി പ്രസ്ഥാനത്തിന്റെ വേരൂന്നിയ ചരിത്രം കൂടി ആച്ചെ പ്രദേശത്തിനുള്ളതായി അമീറുൽ ഹാദിയുടെയും ഡേവിഡ് ക്ലൂസിന്റെ പഠനത്തിൽ വിസ്തരിക്കുന്നു.
