മലബാറിലെ സമരസാഹിത്യങ്ങൾ: തഹരീള് മുതല്‍ ബത്താര്‍ വരെ;

അമേരിക്കന്‍ സംഗീതജ്ഞയായ ടൈലര്‍ സ്വിഫ്റ്റിന്റെ കണ്‍സേര്‍ട്ടുകളില്‍ അവസാനമായി നടന്നതില്‍ ആടിത്തിമര്‍ത്തതിന്റെ തീവ്രത രേഖപ്പെടുത്തിയത് 2.3 മാഗ്നിറ്റ്യൂഡ് ആയിരുന്നു. സകല നാഡീഞരമ്പുകളെയും ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള കലാസമ്പന്നതയാണ് ടൈലറിന്റെ സംഗീത നിശകളെ ശ്രദ്ധേയമാക്കുന്നത്. കൊറിയന്‍ പോപ്പ് സംഗീതങ്ങള്‍, റോക്ക് ആല്‍ബങ്ങള്‍ തുടങ്ങി സംഗീതരംഗത്ത് ഇന്ന് നിത്യസാന്നിധ്യമായി നിരവധി കലാരൂപങ്ങള്‍ നിലകൊള്ളുന്നു. ഇവയ്ക്ക് മുന്നോടിയായി എത്തിയ മൈക്കല്‍ ജാക്സണും ബോബ് ഡിലനും മറ്റ് പോപ്പ്-റോക്ക് സംഗീത ബാന്‍ഡുകളും ആഗോളമായ ആഘോഷത്തിന്റെയും സ്വാധീനത്തിന്റെയും പ്രതീകങ്ങളായി മാറിയിരുന്നു. കലയും അതിന്റെ വ്യത്യസ്തഭാവങ്ങളുമാണ് ലോകക്രമത്തില്‍ നടന്ന സമൂലമായ മാറ്റങ്ങള്‍ക്ക് ശക്തമായ അടിസ്ഥാനം ഒരുക്കിയത്.

മനുഷ്യന്‍റെ സ്ഥായിയായ വികാരവിചാരങ്ങളിൽ സ്വാധീനം ചെലുത്താന്‍ ഗാനങ്ങളായും പ്രഭാഷണങ്ങളായും എഴുത്തുകളായും അവതരിച്ച ഇനങ്ങൾ അസംഖ്യമാണ്. ലോകത്തെ ഫാസിസ്റ്റ് നേതാക്കളായ ഹിറ്റ്ലറും മുസ്സോളിനിയും മറ്റനേകം പേരും തങ്ങളുടെ അനുയായികളെ നിലയ്ക്കു നിര്‍ത്തിയ ആയുധപ്രയോഗങ്ങള്‍ അവരുടെ വാക് ചാരുതയായിരുന്നു. ഇതേ ധർമ്മത്തോടൊപ്പം അധിനിവേശ,കൊളോണിയലിസ്റ്റ് ശക്തികള്‍ക്കെതിരെ വീറോടെ പോരാടാനുള്ള ഊര്‍ജ്ജപ്രവാഹത്തിന്‍റെ ഏറിയ പങ്കും നല്‍കുന്നതില്‍ കലാരൂപങ്ങള്‍ എന്നും മുന്നില്‍ നിന്നിരുന്നു. ഇത്തരം പരിശ്രമങ്ങളിൽ, ചരിത്രവും ചരിത്രകാരന്മാരും ബോധപൂര്‍വ്വം മറവിയിലേക്ക് തള്ളിവിട്ടതാണ് മധ്യകാലകട്ടത്തിലെ പോര്‍ച്ചുഗീസ് അധിനിവേശത്തിന്‍റെയും തുടര്‍ന്ന് ബ്രിട്ടീഷ് സേനക്കെതിരെയും വിരചിതമായ സമരസാഹിത്യങ്ങള്‍.

മലബാറില്‍
അധിനിവേശത്തിനായി മുതിരുന്ന ഏതൊരു കൊളോണിയല്‍ ശക്തിക്കെതിരെയും തദ്ദേശീയര്‍ എതിര്‍ത്ത് നിന്നതാണ് സമരസാഹിത്യത്തിൻ്റെ പ്രാദേശിക ചരിത്രഭാഷ്യം. പ്രാദേശികമായ ഭാഷ,സംസ്കാരം,മതം തുടങ്ങിയവയെല്ലാം അധിനിവേശ ധ്വംസനത്തിനിട്ടു കൊടുക്കുന്നതില്‍ മടിച്ച ഇക്കൂട്ടര്‍ അവര്‍ക്കെതിരെ വാളെടുത്തു, ആ വാളിന് വീര്യം പകരാന്‍ അക്കാലത്തെ മത ഭൗതിക തത്വചിന്ത മേഖലയിലെ നിപുണരെല്ലാം പരിശ്രമിച്ചു. അത്തരത്തിൽ രൂപം പ്രാപിച്ച നിരവധി രചനകളുടെ സ്വാധീനം നിസ്തുലമായിരുന്നു. പക്ഷേ, കാലക്രമത്തില്‍ ആ വെളിച്ചം വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു എന്നതാണ് നമുക്ക് മുമ്പിൽ സമസ്യയായി തീരുന്നത്.

മധ്യകാലഘട്ടത്തില്‍ നിരന്തരം യാത്രകള്‍ നടത്തിയ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലാദ്യമെത്തിയത് മലബാര്‍ തീരത്തായിരുന്നു. അവരുടെ മതവും ഭാഷയും അധികാരവും മലബാര്‍ ഭാഗങ്ങളില്‍ നടപ്പില്‍ വരുത്തലായിരുന്നു കച്ചവട താല്‍പ്പര്യങ്ങളിലൂടെ ഒളിച്ചു കടത്തിയ ലക്ഷ്യം. മുസ്ലിം ജനതയോടുള്ള വിദ്വേഷവും കുരിശു യുദ്ധങ്ങളുടെ പുനരാവര്‍ത്തനവും അവരുടെ ഒളിയജണ്ടകളായിരുന്നു. എന്നാല്‍ അന്നത്തെ മലബാർ ഭരണാധികാരിയായിരുന്ന സാമൂതിരി രാജാവ്
മുസ്ലിം സമൂഹത്തെ സഹോദര സ്ഥാനത്താണ് കണ്ടിരുന്നത്. വിദേശികൾക്കായി സാമൂതിരി രാജാവ് കോട്ട അനുവദിച്ചെങ്കിലും തുടര്‍ന്ന് തന്‍റെ അധികാരപരിധിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ച ഗാമയോട് അദ്ദേഹം എതിരിട്ടു. യുദ്ധം ചെയ്ത് പരാജിതരായപ്പോൾ അയൽ രാജ്യമായ കൊച്ചിയില്‍ അഭയം പ്രാപിച്ച ഗാമ പതിയെ കൊച്ചിയില്‍ സ്വാധീനമുറപ്പിച്ചു.മുസ്ലീങ്ങളും സാമൂതിരിയുടെ നായര്‍ സേനയും ഒരുമിച്ചാണ് പറങ്കികള്‍ക്കെതിരെ അന്ന് പോരാടിയിരുന്നത്. ചാലിയം കോട്ട പിടിച്ചെടുത്ത യുദ്ധത്തിലും മറ്റു യുദ്ധങ്ങളിലും മുസ്ലിം പങ്കാളിത്തം രാജാവ് ഉറപ്പാക്കിയിരുന്നു. ഈ യുദ്ധങ്ങളിലെല്ലാം സജീവമാകാൻ മുസ്ലിങ്ങൾക്ക് ശക്തി പകർന്നത് അന്ന് വിരചിതമായ സാഹിത്യരചനകളായിരുന്നു.

സമരസാഹിത്യത്തിലെ കൂടുതൽ സൃഷ്ടികളും ഉത്ഭവിച്ചത് പോര്‍ച്ചുഗീസ് അധിനിവേശ സമയത്താണ്. ഈ ഴോണറിൽ പ്രഥമ കൃതിയായി പരിഗണിക്കുന്ന ‘തഹ് രീളു അഹ്ലിൽ ഈമാൻ’ രചിച്ചത് അബൂ യഹിയ സൈനുദ്ദീന്‍ ഒന്നാമനാണ്. സാഹിത്യ മൂല്യത്തിനേക്കാൾ ഉപരി ഈ കവിതാ സമാഹാരത്തിൻ്റെ ധർമ ചരിത്രപരമായ അനിവാര്യതയായിരുന്നു. ഹദീസ്, ഫിഖ്ഹ് ചരിത്രം തുടങ്ങിയ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇദ്ദേഹം 135 ബൈത്തുകളായാണ് ഈ കൃതിയെ ക്രമീകരിച്ചത്. 1500 കളില്‍ ജീവിച്ച മഖ്ദൂം, കവിതയുടെ ആദ്യഭാഗങ്ങളില്‍ മാപ്പിള മുസ്ലീങ്ങളുടെ ദയനീയ അവസ്ഥകളെ വിവരിക്കുകയും തുടര്‍ന്ന് പോര്‍ച്ചുഗീസ് സേനക്കെതിരെ നിര്‍ബന്ധമായും പോരാടണമെന്നും മുസ്ലിം എന്ന നിലയില്‍ അത് തന്‍റെ കര്‍ത്തവ്യമാണെന്നും ആസ്വാദകരെ ഉണർത്തുന്നു.തുടർന്ന്, കൃതി മലബാറിലെ വിവിധ മഹല്ലുകളിലേക്ക് അയക്കുകയും മഹല്ലുകളിലെ നേതൃനിരയോട് കവിത വിവര്‍ത്തനം ചെയ്ത് മലയാളത്തില്‍ അവതരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മലബാറിലെ സമര സാഹിത്യകൃതികളിൽ പ്രശസ്തമായ മറ്റൊരു ഗ്രന്ഥമാണ് ‘തുഹ്ഫ്തല്‍ മുജാഹിദീന്‍’. സൈനുദ്ദീന്‍ മഖ്ദൂം മൂന്നാമന്‍ അതായത് ഒന്നാമന്‍റെ പേരമകനാണ് ഈ ചരിത്ര ഗ്രന്ഥത്തിന്‍റെ രചയിതാവ്. മധ്യകാല കേരള ചരിത്രത്തെ സമഗ്രമായി പ്രതിപാദിച്ച ആദ്യ ഗ്രന്ഥമാണ് “തുഹ്ഫ്തല്‍ മുജാഹിദീന്‍” . അറബി ഭാഷയില്‍ ലിസ്ബണില്‍ നിന്നായിരുന്നു ഈ കൃതി പ്രസിദ്ധീകരിച്ചത്.അറബി മൂല ഭാഷയായ ഈ ഗ്രന്ഥം പിന്നീട് മലയാളത്തിലേക്കടക്കം പതിനഞ്ചോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കൃതി ബീജാപൂര്‍ രാജാവായിരുന്ന അലി ആദില്‍ ഷാ എന്നവർക്കാണ് മഖ്ദൂം സമർപ്പിച്ചത്.പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ശക്തിയുക്തം പോരാട്ടം നയിച്ച പ്രധാനിയാണ് അലി ആദില്‍ ഷാ. പോര്‍ച്ചുഗീസ് സേന മുസ്ലിം പീഡനങ്ങൾ തുടങ്ങി എട്ടാം ആണ്ടോടടുത്തപ്പോഴാണ് ഈ പുസ്തക രചന നടന്നത്.
ഒരു വര്‍ഷം നീണ്ടുനിന്ന ചാലിയം കോട്ട പിടിച്ചടക്കലിൻ്റെ ചരിത്രം വിശദമായി വിവരിക്കുന്നതോടൊപ്പം യുദ്ധം ഓരോ മുസ്ലിമിന്‍റെയും നിർബന്ധ ബാധ്യതയായ സമയമാണിതെന്നും ഏതൊരാളും ആരുടെയും സമ്മതത്തിനോ അനുവാദത്തിനോ കാത്തുനില്‍ക്കാതെ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ച് ഒന്നുകില്‍ വിജയിച്ചു മടങ്ങുകയോ അല്ലെങ്കില്‍ രക്തസാക്ഷിത്വം വരിച്ച് വീര ചരമമടയുകയോ ചെയ്യണമെന്നും ഈ രചന ഉദ്ഘോഷിക്കുന്നുണ്ട്

ഖാസി മുഹമ്മദിന്‍റെ’ ഫത്ഹുല്‍ മുബീനാണ്’ അടുത്ത പ്രധാന കൃതി. മുഹിയുദ്ദീന്‍ മാല വിരചിതമായ അതേ കരങ്ങള്‍ കൊണ്ടാണ് ‘ഫത്ഹുല്‍ മുബീനും’ രചിക്കപ്പെട്ടത്. കവിതാസമാഹാരങ്ങള്‍,ലേഖനങ്ങള്‍ അടക്കം 500 – ഓളം കൃതികള്‍ പോര്‍ച്ചുഗീസുകാലത്തെ മാപ്പിള മുസ്ലിമിന്‍റെ സാംസ്കാരിക സാമൂഹിക ചുറ്റുപാടുകള്‍ ആധാരമാക്കി നിര്‍മ്മിച്ചെടുത്ത് സംഭാവന നൽകിയതും ഇദ്ദേഹമാണ്. ഒരേസമയം ചരിത്രമൂല്യവും സാഹിത്യശുദ്ധിയും കൈവന്ന അപൂര്‍വ്വ കൃതിയാണ് ‘ഫതഹുല്‍ മുബീന്‍’. പേരിലെ പോലെ 1571ല്‍ നടന്ന ചാലിയം യുദ്ധത്തിലെ സാമൂതിരിപ്പടയുടെ വിജയാഹ്ലാദ ചരിത്ര മുഹൂര്‍ത്തങ്ങളാണ് ഇതില്‍ കോര്‍ത്തു വെച്ചിട്ടുള്ളത്. തുഹ്ഫത്തുല്‍ മുജാഹിദിനോട് കിടപിടിക്കുന്ന രൂപത്തില്‍ 537 അറബി വരികളിലാണ് ഈ കൃതി ക്രമീകരിച്ചിരിക്കുന്നത്. സാമൂതിരി രാജാവിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കഥ കൂടി ഉള്‍ക്കൊണ്ട ‘ഫത്ഹുല്‍ മുബീനില്‍’ അദ്ദേഹത്തിനു വേണ്ടി കൂട്ട പ്രാര്‍ത്ഥന നടത്താന്‍ പോലും ഖാസി മുഹമ്മദ് ആഹ്വാനം ചെയ്തത് മധ്യകാല മലബാറിലെ ഹിന്ദു മുസ്ലിം മത മൈത്രിയുടെ ഉദാഹരണം കൂടിയാണ്. ചാലിയം വിജയത്തോടൊപ്പം മലബാറിലേക്കുള്ള പോര്‍ച്ചുഗീസ് ആഗമനവും അവരുടെ നിഷ്കരുണമായ നീക്കങ്ങളും പക്ഷപാതരഹിതമായി ഈ കൃതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കവിതയുടെ മറ്റൊരു ഭാഗം മുഴുവനായും മുസ്ലിം നായര്‍ സൈന്യത്തിനുള്ള പ്രശംസ വാചകങ്ങളും ഊര്‍ജ മന്ത്രങ്ങളുമായി വകയിരുത്തിയതും സമ്പൂര്‍ണത എന്ന വിശേഷണത്തിലേക്ക് ഫത്ഹുല്‍ മുബീനെ നയിച്ചു എന്നുവേണം അനുമാനിക്കാന്‍.

‘അല്‍ഖുതുബത്തുല്‍ ജിഹാദിയ്യ ‘എന്ന ഖാസി മുഹമ്മദിന്‍റെ തന്നെ പ്രസംഗ സമാഹരണം ചാലിയത്തെ പോരാളികള്‍ക്കുള്ള ഉപദേശ,നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു. ആദ്യഘട്ടത്തിൽ പിന്നോട്ട് മാറി നിന്ന ചാലിയം യുദ്ധത്തിലെ പടയാളികളെ അരമുറുക്കി തിരിച്ചുവരാന്‍ പ്രേരിപ്പിച്ച ഈ പ്രസംഗങ്ങളില്‍ ജിഹാദിനെ മഹത്വവല്‍ക്കരിക്കുന്ന ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും ഉദ്ധരണികളെ ആവോളം പരാമര്‍ശിച്ചിട്ടുണ്ട് . ഖാസി മുഹമ്മദ് തന്നെ’ അല്‍ ഖസീദത്തുല്‍ ജിഹാദിയ ‘എന്ന മറ്റൊരു കവിത സമാഹാരവും തയ്യാറാക്കി ചാലിയത്തേക്ക് അയച്ചതും ചരിത്രസാക്ഷ്യമാണ്. ഇത്തരത്തിൽ വൈവിധ്യമാർന്ന സംഭാവനകൾ സമരസാഹിത്യത്തിൽ അദ്ദേഹത്തെ മുന്‍നിരയിൽ പ്രതിഷ്ഠിച്ചു.

കാലാന്തരം പോര്‍ച്ചുഗീസുകാരുടെ അധികാരക്ഷയവും ബ്രിട്ടീഷ് അധിനിവേശാരംഭവും മലബാര്‍ തീരത്തെ വീണ്ടും ചൊടിപ്പിച്ചു. ബ്രിട്ടീഷ് ശക്തിയെ എതിരിടാന്‍ പൂര്‍വികരുടെ അതേ പാരമ്പര്യത്തോടെ യുദ്ധത്തിന് ഇറങ്ങിയ മാപ്പിള മുസ്ലിങ്ങള്‍ക്ക് ആവേശമായി മമ്പുറം തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് അലവി തങ്ങളുടെ ‘സൈഫുല്‍ ബത്താര്‍ അലാമന്‍ യുവാലില്‍ കുഫ്ഫാര്‍ ‘എന്ന കാവ്യ ഗ്രന്ഥവും കാലത്തിന്‍റെ ആവശ്യമെന്നോളം പുനരവതരിച്ചു. ഹിന്ദു മുസ്ലിം ഐക്യം തകര്‍ക്കുന്ന ബ്രിട്ടീഷ് സേനയുടെ യഥാര്‍ത്ഥ ലക്ഷ്യവും അവരുടെ കര്‍മങ്ങളും കവിതയിൽ പ്രമേയമായി. ജന്മിത്ത ദുര്‍നടപ്പുകളെയുംചോദ്യം ചെയ്ത പ്രസ്തുത കൃതിക്ക് കാലാതിവര്‍ത്തിയായ സര്‍വാംഗീകാരം കൈവന്നു. ‘സൈഫുല്‍ ബത്താറ് ‘വിരചിതമായ പശ്ചാത്തലം കൂതൂഹലങ്ങളുടേതായിരുന്നു.

ഹിന്ദു മുസ്ലിം ഐക്യം തകര്‍ക്കാനായി തിരൂരങ്ങാടിക്കടുത്തുള്ള മുട്ടിയരയില്‍ ബ്രിട്ടീഷ് സേനയുടെ അറിവോടെ ജന്മികള്‍ മാപ്പിള മുസ്ലീങ്ങളുമായി പോരാടി. ഇതിലെ പങ്കാളികള്‍ മുട്ടിയര പള്ളിയില്‍ അഭയം പ്രാപിച്ച സമയം, തക്കംപാര്‍ത്ത് പള്ളിയില്‍ കയറിയ ബ്രിട്ടീഷ് പട പൗരപ്രമുഖരെ അടക്കം നിരവധി ആളുകളെ വെടിവെച്ചു കൊലപ്പെടുത്തി. ഇവരാണ് മുട്ടിയര ശുഹദാക്കള്‍ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്. ഈ സമയത്ത് പ്രസിദ്ധീകരിക്കപെട്ട സൈഫുല്‍ ബത്താര്‍ മുസ്ലിമീങ്ങള്‍ക്കിടയില്‍ ആവേശം ജനിപ്പിച്ച് യുദ്ധസജ്ജരാക്കി മാറ്റി. ഇതിന്‍റെ അപകടം തിരിച്ചറിഞ്ഞ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ച ‘ സൈഫുല്‍ ബത്താര്‍’ പിന്നെ മമ്പുറം തങ്ങളുടെ മകന്‍ സയ്യിദ് ഫദ്ല്‍ തങ്ങളാണ് ഇസ്താംബൂളില്‍ നിന്ന് അച്ചടി പുനരാരംഭിക്കുന്നത്. 1843 ല്‍ നടന്ന ഐതിഹാസികമായ ചേരൂര്‍ പടയടക്കം മറ്റനേകം പോരാട്ടങ്ങള്‍ക്ക് ബീജാവാപം നല്‍കിയത് ‘സൈഫുല്‍ ബത്താറിന്‍റെ ‘വരികളായിരുന്നു. 11 പേജുകളിലായി ധാർമിക രോഷത്തിൽ നിന്ന് ഉരുത്തിയിരുന്ന ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും കവിതയാക്കിയപ്പോൾ, മാപ്പിള സമുദായം അനുഭവിക്കുന്ന പീഡനങ്ങളുടെ ആഴവും വിഷയത്തിലെ ശരീഅഃത്തിൻ്റെ നിലപാടും തുറന്ന് കാണിക്കാൻ കഴിഞ്ഞു.

മമ്പുറം തങ്ങള്‍ തുടങ്ങി പെച്ച ദൗത്യം മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ഏറ്റെടുത്തു. ‘ഉദ്ധത്തുല്‍ ഉമറ’ രചിച്ച ഫസല്‍ തങ്ങളെ അനന്തരം ബ്രിട്ടീഷുകാര്‍ അറേബ്യയിലേക്ക് നാടുകടത്തി. 24 പേജുകളുള്ള ഈ കൃതി അറേബ്യയില്‍ അച്ചടിച്ച് രഹസ്യാത്മക സ്വഭാവത്തോടെ മഹല്ലുകളില്‍ വിതരണം നടത്തുകയാണ് ഉണ്ടായത്. മുസ്ലിം ഭരണാധികാരികളോട് ബ്രിട്ടീഷ് ജന്മി ശക്തികള്‍ക്കെതിരെ ഉറച്ചുനില്‍ക്കാന്‍ നിര്‍ദ്ദേശിച്ചുള്ള ചെറുതെങ്കിലും വലുപ്പമേറിയ ഉദ്ധത്തുല്‍ ഉമറ മുന്‍ പരാമര്‍ശിച്ച രചനകളുടെ അതേ ഉത്തരവാദിത്തമാണ് നിര്‍വഹിച്ചത്. എന്നാല്‍ മറ്റു രചനകളില്‍ നിന്ന് വ്യത്യസ്തമായി മതപ്രബോധനം, സാക്ഷരത എന്നീ ഘടകങ്ങളും ഈ കൃതി ഉൾക്കൊള്ളിക്കുന്നുണ്ട്. അജ്ഞത യഥാര്‍ത്ഥ മരണത്തിനു മുമ്പുള്ള മരണമാണെന്നും അജ്ഞത പേറുന്ന ശരീരം മൃതദേഹത്തിന് തുല്യമാണെന്നും കൃതിയില്‍ വിശദീകരിക്കുന്നതോടെ മലബാര്‍ മുസ്ലിം വിദ്യാഭ്യാസ നവോത്ഥാന പ്രക്രിയയുടെ ആദ്യകിരണങ്ങള്‍ ഫസല്‍ പൂക്കോയ തങ്ങളില്‍ നിന്നാണ് ആവിര്‍ഭവിച്ചുവെന്ന് അനുമാനിക്കാം. ഫസൽ പൂക്കോയ തങ്ങളുടെ തന്നെ പ്രസംഗ രൂപത്തിലുള്ള മറ്റൊരു കൃതിയാണ് ‘തന്‍ബീഹുല്‍ ഗാഫിലീന്‍’. ഖുര്‍ആന്‍ ആയത്തുകളും ഇഖ്തിബാസ് സങ്കേതവും ഉപയോഗപ്പെടുത്തി തയ്യാറാക്കിയ കൃതിയിൽ ബ്രിട്ടീഷ് എന്ന പദപ്രയോഗത്തിന് ബദലായി ‘കാഫിറുകള്‍ ‘എന്ന് ഉപയോഗിച്ചത് ശ്രദ്ധേയമാണ് . ഇതു വഴി ഫസല്‍ പൂക്കോയ തങ്ങള്‍ ലക്ഷ്യം വെച്ച മതകിയ പരിപ്രേക്ഷ്യ നിര്‍മാണം സഫലമായി എന്നതിന്‍റെ അനന്തരഫലങ്ങളാണ് 1921ലെ മലബാര്‍ കലാപം വരെയുള്ള ചെറുതും വലുതുമായ അധിനിവേശത്തിനെതിരെയുള്ള ചെറുത്തു നിൽപ്പുകൾ.

അറബി ഭാഷ ആയിരുന്നിട്ടുപോലും സാധാരണക്കാരില്‍ ഊറ്റം സൃഷ്ടിച്ചത് ഇവയുടെ കാവ്യാത്മകതയും സര്‍ഗാത്മകശേഷിയുമാണ്. അതോടൊപ്പം സരളമായ വിവര്‍ത്തനത്തിലൂടെ ജനങ്ങളെ ഉദ്ബുദ്ധരാക്കിയ പ്രാദേശിക പണ്ഡിതന്മാരുടെ ദൗത്യവും സ്മരണീയമാണ്. മുകളില്‍ പരാമര്‍ശിച്ചതും അല്ലാത്തതുമായ (അറബി മലയാളത്തില്‍ രചിക്കപ്പെട്ട പടപ്പാട്ടുകള്‍,ചേറൂര്‍ പടപ്പാട്ട്) സമരസാഹിത്യത്തിന്‍റെ തിളക്കമുള്ള കൃതികള്‍ വേണ്ടത്ര ചരിത്ര ശ്രദ്ധ ലഭിക്കാതെ തഴയപ്പെട്ടിട്ടുണ്ട്. ചരിത്ര യാഥാർത്ഥ്യങ്ങള്‍ നിസ്സംശയം പ്രസ്താവിക്കുന്ന, സാഹചര്യങ്ങളാലോ മറ്റോ തിരസ്കരിക്കപ്പെടുന്ന ഇത്തരം അമൂല്യ സാഹിത്യകൃതികളുടെയെല്ലാം പുനരവതരണത്തിന്‍റെ ചുമതല വഹിക്കേണ്ടത് കേരളത്തിലെ സകല സമൂഹങ്ങളുടെയും കൂട്ടുത്തരവാദിത്വമാണെന്ന സത്യം അവിതര്‍ക്കിതമാണ്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading