മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബൂത്വി: ജീവിതം,സംഭാവനകള്‍

ആധുനിക കാലഘട്ടത്തിലെ അറബ് സുന്നി സമൂഹത്തില്‍ ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ച ഈ മഹാ പണ്ഡിതന്‍ ശഹീദുല്‍ മിഹ്റാബ് എന്ന പേരില്‍ അറിയപ്പെടുന്നു. ഇസ്ലാമിനെതിരെയുള്ള സൈദ്ധാന്തിക, രാഷ്ട്രീയ ആക്രമങ്ങളെ വൈജ്ഞാനികമായി നേരിട്ട ബൂത്വി കാലത്തിന്റെ ഗസ്സാലി എന്നും വിളിക്കപ്പെടാറുണ്ട്. അഹ്ലുസ്സുന്നയുടെ ശക്തനായ വക്താവായ ബൂത്വി 1929-ല്‍ തുര്‍ക്കിയിലെ ജുലൈക്കയിലാണ് ജനിച്ചത്. പ്രശസ്ത സിറിയന്‍ ഇസ്ലാമിക പണ്ഡിതന്‍, ദൈവശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, നിയമശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രശസ്തനാണ് ബൂത്വി. മുല്ല റമദാന്‍ അല്‍ ബൂത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. അദ്ദേഹം ഹദാബാനി കുര്‍ദിഷ് ഗോത്രത്തില്‍ നിന്നുള്ളവരാണ്. നാലാം വയസ്സില്‍ അത്താതുര്‍ക്കിന്റെ മതേതരവല്‍ക്കരണത്തിനെ തുടര്‍ന്ന് അദ്ദേഹം പിതാവിനോടൊപ്പം ദമസ്കസിലേക്ക് പലായനം ചെയ്തു. പിന്നീട് പണ്ഡിതനായ പിതാവില്‍ നിന്ന് തന്നെയാണ് പ്രാഥമിക മതപഠനം പൂര്‍ത്തിയാക്കിയത്. ഏഴാമത്തെ വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ശേഷം ദമസ്കസിലെ മത വിദ്യാലയങ്ങളില്‍ നിന്ന് മതപഠനം നടത്തി. പിന്നീട് ഉപരി പഠനങ്ങള്‍ക്കായി ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് പോയി. അവിടെ പഠനം നടത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു. മത-ഭൗതിക വിഷയങ്ങളില്‍ അഗാധ ജ്ഞാനമുള്ള ബൂത്വി, മത ഭൗതിക സംവാദങ്ങളില്‍ കൃത്യവും സുതാര്യവുമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായി. ഇസ്ലാമിക ശരീഅത്തിനെതിരെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ നല്‍കിക്കൊണ്ട് സലഫി ആശയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ഒരേസമയം മതപണ്ഡിതന്‍ ആണെങ്കിലും ഭരണരംഗത്തെ അക്രമ ഭരണരീതികളെ വിമര്‍ശിച്ചും നല്ല വശങ്ങളെ അഭിനന്ദിച്ചും തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഭയരഹിതമായി ബൂത്വി വ്യക്തമാക്കിയിരുന്നു. സാഹിത്യം, തത്വചിന്ത, സാമൂഹികശാസ്ത്രം, സാംസ്കാരിക പഠനങ്ങള്‍, ഇസ്ലാമിക വിഷയങ്ങള്‍ എന്നിവയില്‍ ഗഹനമായ അറുപതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1965ല്‍ പി എച്ച് ഡി പൂര്‍ത്തിയാക്കിയ ബൂത്വി ദമസ്കസ് സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ജോലി ചെയ്തു. 2004 ലെ ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പുരസ്കാരം നേടി. ആധുനികകാലത്തെ പ്രശസ്ത പണ്ഡിതന്മാരില്‍ ഒരാളായ ബൂത്വി തന്റെ പാണ്ഡിത്യത്തിന്‍റെ ആഴം കൊണ്ടും നിലപാടുകളുടെ കാര്‍ക്കശ്യം കൊണ്ടും ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ബൂത്വിയന്‍ ചിന്തകളും സംഭാവനകളും
ആധുനികകാലത്ത് അറബ് ലോകം സംഭാവന നല്‍കിയ തുല്യതയില്ലാത്ത പ്രതിഭാധനയായ പണ്ഡിതനാണ് മുഹമ്മദ് സഈദ് റമദാന്‍ അല്‍ – ബൂത്വി. പ്രാഥമിക മത ഭൗതിക പഠനത്തിനുശേഷം അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പഠിക്കുകയും പി. എച്ച്.ഡി നേടുകയും ചെയ്തു. മത മീംമ്സ, സാഹിത്യം, തത്വചിന്ത,സാമൂഹ്യശാസ്ത്രം, സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ തന്റെതായ കൈയ്യൊപ്പുകള്‍ ചാര്‍ത്തിയിട്ടുണ്ട്. രചനയോടൊപ്പം തന്നെ ബൂത്വിയുടെ സംവാദങ്ങളും നിലപാടുകളും അദ്ദേഹത്തിന്റെ ചിന്താ വൈപുല്യത്തെ വ്യക്തമാക്കുന്നതാണ്. കര്‍മ്മശാസ്ത്രം ആയിരുന്നു ബൂത്വിയുടെ ഏറ്റവും ഇഷ്ടപ്പെട്ട പഠനശാഖ. അദ്ദേഹത്തിന്റെ ‘നിദാന ശാസ്ത്രത്തെ പരിഷ്കരിക്കുന്നതിലെ പ്രശ്നങ്ങള്‍’ എന്ന കൃതി ഇസ്ലാമിക ഫിഖ്ഹിനെ കാലത്തിനനുസരിച്ച് പുനര്‍ വ്യാഖ്യാനിക്കണമെന്ന് വാദിക്കുന്നവര്‍ക്കെതിരായുള്ള ഖണ്ഡനമാണ്. ഇസ്ലാമിക ശരീഅത്തിനെ അതിന്റെ തനിമയില്‍ തന്നെ നിലനിര്‍ത്തുന്നതില്‍ അതീവ ഗൗരവം കാണിച്ച ബൂത്വി, മതകീയ പ്രമാണങ്ങളെ കാലത്തിനനുസരിച്ച് നവ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കണമെന്ന സലഫി പാരമ്പര്യത്തിനെതിരെയുള്ള കാഴ്ചപ്പാടുകൾ ഭയസങ്കുജമില്ലാതെ എതിര്‍ത്തു. കര്‍മ്മ ശാസ്ത്രരംഗത്ത് തന്‍റേതായ ഇടപെടല്‍ കൊണ്ട് ബൂത്വി എന്നും ശ്രദ്ധേയനായിരുന്നു. തന്‍റെ സംസാരശൈലി കൊണ്ടും ചിന്തയുടെ വലിപ്പം കൊണ്ടും ബൂത്വി ജനസ്വാധീനം നേടിയിരുന്നു. ഹിംസാത്മക മതവിമര്‍ശനങ്ങള്‍ക്ക് നേതൃത്വം നല്‍കി നിര്‍മിത ഉത്തരങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുമായി നിരന്തരം ദൈവത്തെക്കുറിച്ച് കലഹിക്കുന്ന ഇസ്ലാമിക ശരീഅത്തിനും അഖീദക്കും എതിരെയുള്ള നവനാസ്തികര്‍ക്ക് അക്കമിട്ട് മറുപടി പറയുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു ബൂത്വി. തന്റെ കൃതികളുടെയും സംവാദങ്ങളുടെയും യൂറോ-സുന്നി കേന്ദ്രീകൃത ധാരണകളെയും വാര്‍പ്പ് രീതികളെയും ഇവാലുവേഷന്‍ തിയറിയെയും, ഡാര്‍വിനിസം, ലാമാര്‍ക്കിയന്‍ സിദ്ധാന്തം, നവനാസ്തികത എന്നിങ്ങനെ ആധുനിക വിഷയങ്ങളെ പ്രതിപാദിച്ചുകൊണ്ട് ബൂത്വി 84 വയസ്സു വരെയുള്ള ജീവിതത്തില്‍ അറുപതോളം വരുന്ന ഗഹനമായ രചനകള്‍ നടത്തി. വ്യത്യസ്ത വിഷയങ്ങള്‍, ചിന്തകള്‍, ആശയങ്ങള്‍ എന്നിങ്ങനെ സമ്പന്നമായിരുന്നു ആ ജീവിതം. ഗ്രന്ഥരചനങ്ങള്‍ നടത്തുമ്പോള്‍ തന്നെ അദ്ദേഹം പല വിഷയങ്ങളെയും ഗ്രന്ഥങ്ങളെയും ആശയങ്ങളെയും കര്‍ശന വിചാരണയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

യുക്തിവാദം, ഭൗതികവാദം, കമ്മ്യൂണിസം എന്നിവക്കെതിരെ തൂലികചലിപ്പിച്ചും നിലപാടുകള്‍ കടുപ്പിച്ചും ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. വിശ്വാസ ശാസ്ത്രത്തിന്റെ കെട്ടുറപ്പിനെ വിശകലനം ചെയ്യുന്ന കുബ്റല്‍ യഖീനാതുല്‍ കൗനിയ്യ, വികലമാക്കപ്പെട്ടുകൊണ്ടിരുന്ന നബി ചരിത്രത്തിന്റെ ശരിയായ വായന സാധ്യമാക്കാന്‍ ഫിഖ്ഹുസ്സീറ, മദ്ഹബ് നിഷേധത്തിനെതിരെ ലാ മദ്ഹബിയ്യ അഖ്തറു ബിദ്അ തുടങ്ങി വിലപ്പെട്ട രചനകള്‍ ബൂത്വിയുടേതാണ്. ആധ്യാത്മിക രംഗത്തെ അതുല്യ ഗ്രന്ഥമായ ഇബ്നു അതാഹ് (റ)ന്റെ ഹികമിന് ബൃഹത്തായ വ്യഖ്യാനവും ബൂത്വി നടത്തിയിട്ടുണ്ട്. മാര്‍ക്സിസത്തിന്റെ സൈദ്ധാന്തിക വീക്ഷണത്തെ ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ നിന്ന് ബൗദ്ധികമായി ഖണ്ഡിക്കുന്ന കൃതിയാണ് ‘ഔഹാമുല്‍ മാദ്ദിയ അല്‍ ജദലിയ്യ’. മാര്‍ക്സിയന്‍ സാമ്പത്തിക വ്യവസ്ഥയെയും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെയും താരതമ്യം ചെയ്തുള്ള രചനയും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ മികച്ച ഉദാഹരണമാണ്. ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ മികച്ച ഒരു പണ്ഡിത പ്രതിഭയാണ് ശൈഖ് ബൂത്വി. അതുപോലെ തന്നെ അദ്ദേഹത്തിന്റെ രചനകളിൽപെട്ട മറ്റു ഗ്രന്ഥങ്ങള്‍ ഇപ്രകരമാണ്

نقض أوهام المادية الجدلية
(വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മിഥ്യാധാരണകൾ )
المذاهب التوحيدية والفلسفات المعاصرة
ഏകദൈവശാസ്ത്ര വഴികളും സമകാലിക തത്ത്വചിന്തകളും.
كبرى اليقينيات الكونية :وجود الخالق و وظيفة المخلوق സാർവ്വ ലൗകിക സത്യങ്ങൾ : സൃഷ്ടാവിൻ്റെ അസ്തിത്വവും സൃഷ്ടിയുടെ പ്രവർത്തനവും

أوربة من التقنية إلى الروحانية – مشكلة الجسر المقطوع യൂറോപ്പ് സാങ്കേതികവിദ്യയിൽ നിന്ന് ആത്മീയ ജീവിതത്തിലേക്ക് -തകർന്ന പാലത്തിൻ്റെ പ്രശ്നം


حوار حول مشكلات حضارية നാഗരികതയെക്കുറിച്ചുള്ള സംവാദം
فقه السيرة النبوية مع موجز لتاريخ الخلافة الراشدة പ്രവാചക ജീവചരിത്രത്തിൻ്റെ നിയമശാസ്ത്രവും ഖിലാഫത്തിന്റെ ഹ്രസ്വ ചരിത്രവും

ഗ്രന്ഥരചന പോലെ തന്നെ നിരവധി ടെലിവിഷൻ പരിപാടികളും അദ്ദേഹം ചെയ്തിട്ടുണ്ട്. هذاهو الجهاد (al azhar TV channel). الجديد في إعجاز القرآن الكريم (iqra TV). مشاهد وعبر (al rosala satlight TV). എന്നിങ്ങനെ നിരവധി ടെലിവിഷൻ പരിപാടികളിലും ബൂത്വി പങ്കെടുത്തിട്ടുണ്ട്.

1961ല്‍ ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ പിഎച്ച്ഡി നേടാന്‍ വേണ്ടി സഈദ് റമളാന്‍ അല്‍ അസ്ഹറില്‍ തിരികെയെത്തി. നാലുവര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഡോക്ടറേറ്റ് നേടി സിറിയയില്‍ തിരികെയെത്തിയ റമളാന്‍ 1965ല്‍ സിറിയയിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഡമസ്കസ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി നിയമിതനായി. നിദാനശാസ്ത്രം, വിശ്വാസ ശാസ്ത്രം, ശാഫിഈ മദ്ഹബ് പ്രകാരമുള്ള കര്‍മ്മ ശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു പ്രധാനമായും അദ്ദേഹത്തിന്‍റെ ക്ലാസുകള്‍. വൈജ്ഞാനിക ആഴവും പെരുമാറ്റത്തിലെ ലാളിത്യവും കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അധ്യാപകനായിരുന്നു റമളാന്‍. 1977 മുതല്‍ 1983 വരെ ഡമസ്കസ് യൂണിവേഴ്സിറ്റിയിലെ ശരീഅ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തലവനായിരുന്നു അദ്ദേഹം.കഴിഞ്ഞ മുപ്പതുവര്‍ഷമായി സിറിയന്‍ മുസ്ലിംകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പണ്ഡിതനായിരുന്നു സഈദ് റമളാന്‍. രാഷ്ട്രീയവും സാംസ്കാരികവുമായ ഏത് പ്രശ്നങ്ങളിലും അദ്ദേഹം ഇടപെടുകയും തന്‍റെ നിലപാട് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആധുനിക മുസ്ലിം അക്കാദമിക് ചിന്തകരില്‍ നിന്ന് വ്യത്യസ്തമായി. കര്‍മ്മശാസ്ത്രത്തിലായിരുന്ന അദ്ദേഹത്തിന്‍റെ പ്രധാന ശ്രദ്ധയും ഊന്നലും. ശാഫിഈ കര്‍മ്മശാസ്ത്രത്തില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ആഴമുള്ള അറിവും മറ്റു മദ്ഹബുകളെക്കുറിച്ച് വിപുലമായ ബോധ്യവും റമദാനുണ്ടായിരുന്നു. ഇസ്ലാമിക ചരിത്രത്തിന് ആധ്യാത്മികവും ധൈഷണികവുമായ വൈജ്ഞാനിക സംഭാവനകള്‍ നല്‍കിയ ഇബ്നു അറബി, ഇമാം ഗസ്സാലി, ഇമാം ശാഫിഈ, ഇമാം നവവി എന്നീ പണ്ഡിതരോട് പ്രത്യേകമായൊരു ആഭിമുഖ്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

ബൂത്വി: സാമൂഹിക ജീവിതം, രാഷ്ട്രീയം
ഒരു ഇസ്ലാമിക പണ്ഡിതനായിരുന്നെങ്കില്‍ പോലും മതകീയ വിഷയങ്ങളില്‍ ഗഹനമായ പാണ്ഡിത്യവും ധാരണയും നിലനില്‍ക്ക തന്നെ പൊതുമണ്ഡലത്തില്‍ പ്രത്യേകിച്ച് രാഷ്ട്രീയ മേഖലയില്‍ നടക്കുന്ന അക്രമങ്ങളെ അനീതികളെ മുച്ചൂടും വിമര്‍ശിക്കുകയും നീതിക്കായി നിലകൊള്ളുകയും ചെയ്തിരുന്നു ബൂത്വി. അതോടൊപ്പം തന്നെ രാഷ്ട്രീയകാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ശക്തമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മൂലമാണ് ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത്. സിറിയയില്‍ നടക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ ചോദ്യം ചെയ്യപ്പെട്ടതായിരുന്നു. അദ്ദേഹം ഭരണകൂടത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഭരണകൂടത്തിനെതിരായ സായുധകാലാപം വിദേശക്തികള്‍ക്ക് കടന്നുവരാനുള്ള അവസരമൊരുക്കുമെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന വിപ്ലവങ്ങള്‍ ഇസ്ലാമികമാവില്ലെന്നുമായിരുന്നു സിറിയന്‍ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട്.

എന്നാല്‍ അദ്ദേഹത്തിന്റെ ഈ നിലപാടിനോട് തീര്‍ത്തും എതിര്‍പ്പിലായിരുന്നു പാന്‍ ഇസ്ലാമിസ്റ്റുകള്‍. കര്‍മശാസ്ത്രമനുസരിച്ച് കൊണ്ടുള്ള നിലപാടായിരുന്നു അദ്ദേഹത്തിൻ്റേത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അനീതികള്‍ക്കെതിരായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. ഭരണപക്ഷത്തെയും നിലപാടുകള്‍ കൊണ്ട് വിമര്‍ശിക്കുന്നതില്‍ യാതൊരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല. അതിനുദാഹരണമാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ 100 കണക്കിന് വനിതാ അധ്യാപികമാരെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബൂത്വി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും തല്‍ഫലമായി പ്രസിഡന്‍റ് അസദ് തീരുമാനം പിന്‍വലിക്കുകയും ചെയ്തത്. ഇത്തരത്തില്‍ അനീതിപരമായ കാര്യങ്ങളെ ചോദ്യം ചെയ്തും വിമര്‍ശിച്ചും നീതിയുക്തമായ നിലപാടുകള്‍ കൊണ്ട് അര്‍ത്ഥ സമ്പൂര്‍ണമായിരുന്നു ആ ധന്യജീവിതം.

നിരവധി രചനളാലും സംവാദങ്ങളാലും ലോകപ്രശസ്തനായ ബൂത്വി എല്ലാ സമയത്തും തന്റെ ആദര്‍ശത്തെ ചേര്‍ത്ത് വെച്ചാണ് ജീവിച്ചത്. സമൂഹത്തെ ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ നൈതികതയുടെ പക്ഷത്തു നിന്നുകൊണ്ടാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ഒരിക്കലും അനീതിയും അക്രമവും പിന്താങ്ങുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മതകീയ കാര്യങ്ങളായാലും രാഷ്ട്രീയ കാര്യങ്ങളായാലും അതില്‍ നൈതികമായ നിലപാടില്‍ നിലകൊള്ളുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത സന്ദേശം. സിറിയയില്‍ നടന്നുകൊണ്ടിരുന്ന കലാപങ്ങളില്‍ ഭരണാനുകൂല നിലപാട് സ്വീകരിച്ചതിന്റെ തല്‍ഫലമായി അദ്ദേഹത്തിന് പകരം നല്‍കേണ്ടി വന്നത് തന്റെ ജീവിതമായിരുന്നു. 2013 മാര്‍ച്ച് 21 ന് ദമസ്കസിലെ സെന്‍ട്രല്‍ ഉസ്ര ജില്ലയിലെ അല്‍ ഇമാന്‍ പള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപനം നടത്തിക്കൊണ്ടിരിക്കെ ചാവേറാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അതിശയമായിരുന്നു ആ ജീവിതം, മൂന്ന് പതിറ്റാണ്ട് സിറിയന്‍ ജനത ഏറ്റവുമധികം ആദരിച്ച പണ്ഡിതന്‍. പരമ്പരാഗതമായി ഭരണകൂടവും പൊതുജനങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തപ്പോഴൊക്കെ സഹിഷ്ണതയെക്കുറിച്ച് സംസാരിച്ച മിതവാദി. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധമായ അറിവും ആധുനിക ജ്ഞാനധാരകളെക്കുറിച്ച് കൃത്യമായ ബോധ്യവും ഉണ്ടായിരുന്ന ബൂത്വി, പശ്ചിമേഷ്യയിലെ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനികവും സാമൂഹികവുമായ ജീവിതത്തെക്കുറിച്ച് അനേകം അക്കാദമിക് അന്വേഷണങ്ങള്‍ നടത്തിയ ആന്‍ഡ്രൂസ് ക്രിസ്റ്റ്മാന്‍ സഈദ് ബൂത്വിയെ വിശേഷിപ്പിച്ചത് ഉറച്ച പാരമ്പര്യ വിശ്വാസി എന്നായിരുന്നു.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading